സ്വന്തം ❣️ ഭാഗം 21

swantham

രചന: ജിഫ്‌ന നിസാർ

"താനെന്താടോ ഈ കാണിക്കുന്നത്?"

കണ്ണന്റെ ചോദ്യം കേട്ടാണ് സീത മുഖമുയർത്തി നോക്കിയത്.

അവളുടെ മനസ്സിൽ വല്ലാത്തൊരാശ്വാസം നിറഞ്ഞു.

വളരെ ആയാസപെട്ടാണ് കണ്ണൻ എഴുന്നേറ്റത്.
സീത കയ്യിലുള്ള ടവ്വൽ മേശയിൽ വെച്ചിട്ട് അവന്റെ നെറ്റിയിൽ കൈ ചേർത്ത് നോക്കി.
അവളുടെ കയ്യിന്റെ തണുപ്പിൽ കണ്ണന് ഉടലാകെയൊരു കുളിര് അനുഭവപ്പെട്ടു.

പനി നല്ലതുപ്പോലെ കുറഞ്ഞിട്ടുണ്ട്.

അതിന്റെയാ ആശ്വാസം അവളുടെ മുഖത്തുമുണ്ട്.

"വെള്ളം വേണോ?"
അവളെ തന്നെ നോക്കിയിരിക്കുന്ന കണ്ണനോട് സീത അലിവോടെ ചോദിച്ചു.

വേണമെന്നവൻ തലയാട്ടി.

  ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് വെള്ളമെടുത്ത് അവന്റെ കയ്യിൽ കൊടുത്തു.

"ആശ്വാസം തോന്നുന്നുണ്ടോ?"
അവൻ നീട്ടിയ ഗ്ലാസ്‌ തിരികെ വാങ്ങുമ്പോൾ സീത ചോദിച്ചു.

കണ്ണൻ അതേയെന്ന് തലകുലുക്കി.

അവളുടെ പ്രവൃത്തി അത്രമേലവന്റെ ഹൃദയത്തിൽ കൊളുത്തിപ്പിടിച്ചു പോയിരുന്നു.

അന്ന് വരെയും ഉള്ളിലുണ്ടായിരുന്ന ഒറ്റപ്പെടലിന്റെ നോവുകൾക്ക് മേൽ സീത മരുന്ന് പുരട്ടിയിരിക്കുന്നു.

സ്നേഹമെന്നല്ലാതെ അതിനെന്ത് പേര് കൊടുക്കാനാണ്?

"നല്ല പനിയുണ്ടായിരുന്നു "

സീത അവനരികിൽ വന്നു നിന്നിട്ട് പറഞ്ഞു.

"തനിക്കത് ബുദ്ധിമുട്ടായല്ലേ? റിയലി സോറി. എനിക്കൊരു ജലദോഷം വന്നാലും ഇങ്ങനാണ്. പനി അതിന്റെ എക്സ്ട്രീം ലെവലിലെത്തും.എന്റമ്മ എപ്പോഴും പറയാറുണ്ട്."

കണ്ണൻ ക്ഷമാപണം പോലെ പറഞ്ഞത് കേട്ട് സീതയുടെ മുഖം കൂർത്തു.

"എനിക്ക് ബുദ്ധിമുട്ടായെന്ന് ഞാൻ എപ്പഴാ കിണ്ണനോട് പറഞ്ഞത്?"

അവളിലെ കുറുമ്പുകാരി ലഹളക്കൊരുങ്ങി.

"വീട്ടിൽ പോവാഞ്ഞതെന്തേ?"
കണ്ണൻ ചിരിച്ചുക്കൊണ്ട് ചോദിച്ചു.

"സമയമായില്ലല്ലോ?  ഇനിയിപ്പോ പോവാം. കിണ്ണൻ എഴുന്നേൽക്കാൻ കാത്ത് നിന്നതാ "

സീതയത് പറയുമ്പോൾ കണ്ണന്റെ കണ്ണുകൾ ചുവരിലെ ക്ളോക്കിലേക്ക് നീണ്ടു.

അവന്റെ നോട്ടം കണ്ടിട്ട് സീതയുടെ കണ്ണുകളും അതിനെ പിന്തുടർന്നു.

അയ്യോ.. "

അവളെറിയാതെ ശബ്ദമുയർന്നു.

കണ്ണൻ ചിരിച്ചു കൊണ്ടവളെ നോക്കി.

സമയം ഏഴ് മണി കഴിഞ്ഞിരിക്കുന്നു.
ഇത്രേം സമയം താനകത്തിരുന്നോ?
അവൾക്ക് തന്നെ അതിശയം തോന്നി.

സീത ജനലിലൂടെ പുറത്തേക്ക് നോക്കി.
ഇരുട്ട് നന്നായി കനം തൂങ്ങിയിരിക്കുന്നു.

കണ്ണന്റെ അവശത നിറഞ്ഞ കണ്ണുകളിൽ കുസൃതി.

സീതയവനെ തുറിച്ചു നോക്കി.

"ഇനിയെന്നെ നോക്കി പേടിപ്പിച്ചിട്ട് എന്താ കാര്യം ദുർഗാലക്ഷ്മി. ഞാൻ പിടിച്ചുവെച്ചതൊന്നുമല്ലല്ലോ.?"

കണ്ണനവന്റെ നിരപരാധിത്തം വെളിപ്പെടുത്തി.

സീതയവനിൽ നിന്നും നോട്ടം മാറ്റി.

"ഇയാൾക്ക് തീരെ വയ്യായിരുന്നു. ആ അവസ്ഥയിലിട്ടിട്ട് പോവാൻ തോന്നിയില്ല "

സീത പതിയെ പറഞ്ഞു.

"അതെന്താടോ അങ്ങനെ? എന്നെ വിട്ടിട്ട് പോകുമ്പോൾ തനിക്ക് മാത്രം വേദനിക്കുന്നത്?"

അത് വരെയും പനിച്ചു വിറച്ചു കിടന്നതിന്റെ അവശതപോലുമില്ലാതെ കണ്ണൻ ചോദിച്ചു.

ഏറെ കൊതിച്ചതെന്തോ കേൾക്കാനുള്ള ആകാംഷയോടെ.. പ്രതീക്ഷയോടെയിരിക്കുന്നവന്റെ നേരെ നോക്കാൻ അവൾക്കൊരു പ്രയാസം തോന്നി.

"ഒന്നെഴുന്നേറ്റ് മേലുക്കഴുകി വന്നോളൂ. കുറച്ചുക്കൂടി ആശ്വാസം കിട്ടും "

സീത പതിയെ പറഞ്ഞു.

"അതൊക്കെ ഞാൻ ചെയ്‌തോളാം.ഇപ്പോൾ ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറയെടോ?ഇത്രയും ആത്മാർത്ഥയോടെ എന്നെ ശ്രുശ്രുഷിക്കാൻ സീതാലക്ഷ്മിക്കാരാണ് കിരൺ വർമ്മ?"

വിടാനുള്ള ഭാവമില്ലായിരുന്നു കണ്ണനും.

സീത പതറികൊണ്ടവനെ നോക്കി.

"എന്റെ സ്വന്തക്കാർക്ക് പോലും തോന്നാത്ത എന്ത് സ്നേഹമാണ് തനിക്കെന്നോട്? ഒന്ന് പറഞ്ഞു താടോ "

ഉത്തരം കേൾക്കാൻ അവനുള്ളിൽ വല്ലാത്തൊരു കൊതിയുള്ളത് പോലെ.

"ഞാനൊരിക്കലും മറക്കാത്ത.. അപമാനത്തിന്റെ നീറ്റലിൽ നിന്നും രണ്ടു തവണ ഇയാളെന്നെ രക്ഷിച്ചിട്ടുണ്ട്. മരണം കൊണ്ടല്ലാതെ ഞാനത് മറക്കില്ല."

തന്റെ മറുപടിയവനെ വേദനിപ്പിക്കുമോ എന്ന സീതയുടെ ആശങ്കയെപോലും തോൽപ്പിക്കാൻ പാകത്തിന് മനോഹരമായൊരു ചിരി കണ്ണനിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു.

കാരണം സ്നേഹമെന്നാൽ പരിഗണനക്കൂടിയാണെന്ന് അവനറിയാം.

"ദയവായി മറ്റൊരർത്ഥത്തിൽ അതിനെ ചേർത്ത് വെക്കരുത് "
അപേക്ഷയാണ് എന്ന പോലെ സീതയവനെ നോക്കി.

"താനിനിയെങ്ങനെ പോകും ദുർഗാലക്ഷ്മി? ഇരുട്ടായി "ആ പറഞ്ഞത് ശ്രദ്ധിക്കാത്തത് പോലെ കണ്ണൻ വീണ്ടും ചോദിച്ചു.

"അതൊന്നും സാരമില്ല. ഞാൻ ഒറ്റയ്ക്ക് പോവാറുണ്ട് "
അവൾ നിസ്സാരമാക്കാൻ ശ്രമിച്ചു.

"ഈ നേരത്തോ? അത് ശരിയാവില്ല."

അവൻ ഗൗരവത്തോടെ പറഞ്ഞു.

"കുഴപ്പമില്ലെന്ന്. ഞാനൊറ്റയ്ക്ക് പോവാറുണ്ട് "

"അത് മുന്നേയല്ലേ? ഇപ്പോൾ അങ്ങനെയാണോ?"

"ഇപ്പോഴെന്താ? എനിക്ക് കൊമ്പുണ്ടോ?"

വീണ്ടും അവൾക്ക് ദേഷ്യം വന്നിരുന്നു.

"കൊമ്പ് മാത്രമല്ലല്ലോ? ഈ ദുർഗാലക്ഷ്മിക്ക് ഒരു കുന്തത്തിന്റെ കുറവുക്കൂടിയുണ്ട് "

"താൻ ഒരു അഞ്ചു മിനിറ്റ് കാത്ത് നിൽക്ക്. ഞാൻ കൊണ്ട് വിട്ടോളാം. "

കണ്ണൻ കിടക്കയിൽ നിന്നും എഴുന്നേറ്റു.

"ദേ.. എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്. ചെറിയൊരു മഴചാറ്റല് കൊണ്ടതിന് ഇത്ര നന്നായി പനിച്ചു ബിൽഡപ്പ് കൊടുക്കേണ്ട യാതൊരു ആവിശ്യവുമില്ലായിരുന്നു, ഡോക്ടർ കിരൺ വർമ്മ."

സീതയവനെ കളിയാക്കി.
അവന്റെ മുഖത്തൊരു കള്ളച്ചിരിയാണ്.

"എന്തൊക്കെയായിരുന്നു ഇതിനകത്തെ ബഹളം.എനിക്കാരുമില്ലേ... എനിക്കമ്മയെ മിസ് ചെയ്യുന്നേ... സീതാ ലക്ഷ്മി നീ ഒന്നെന്റെ അരികിലിരിക്കുമോ..."

അവൻ പറഞ്ഞത് പോലെ ഭാവാഭിനയത്തോടെയാണ് അവളുടെ പറച്ചിലും.

"ആ പറഞ്ഞതൊക്കെ സത്യമാണല്ലോ?  എനിക്കാരുമില്ലാത്തത് കൊണ്ടല്ലേ അത്രയും നേരം ഞാൻ ഇതിനകത്ത് പനിച്ചു വിറച്ച് കിടന്നിട്ടും ആരും അന്വേഷിച്ചു വരാഞ്ഞത്."

അവനതേ ചിരിയോടെ തന്നെ പറഞ്ഞിട്ടും സീതയുടെ മുഖം വലിഞ്ഞു മുറുകി.

"ഒപ്പം നിന്നിട്ട് ചതിക്കുന്നവർ സ്നേഹം കാണിച്ചു വരുമെന്ന് കരുതാൻ മാത്രം വിഡ്ഢിയാണോ ഈ കിണ്ണൻ "

"അതിലെനിക്ക് പരാതിയുണ്ടെന്ന് ഞാനും പറഞ്ഞില്ലല്ലോ സീതാ ലക്ഷ്മി. ആരും തേടി വരേണ്ട എന്നെ. നീ വന്നല്ലോ? അത് മതി. അത് മാത്രം മതി."

വീണ്ടും അവന്റെ കണ്ണുകളിൽ പ്രണയം പൂത്തു.

അവളത് മനഃപൂർവ്വം അവഗണിച്ചു.

"എന്റെ മനസ്സിൽ....."
സീത പറഞ്ഞു തുടങ്ങും മുന്നേ കണ്ണൻ കൈ ഉയർത്തി അവളെ തടഞ്ഞു.

"നിന്റെ മനസ്സിലെന്താണെന്ന് തത്കാലം എനിക്കറിയണ്ട സീതാലക്ഷ്മി. എന്റെ മനസിലുള്ളതെന്താണെന്ന് തനിക്ക് വ്യക്തമാക്കുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്. എനിക്കറിയാം തനിക്കത് മനസ്സിലായിട്ടുമുണ്ടെന്ന്. പിന്നെന്തിനാണ് ഈ ഒഴിഞ്ഞു മാറുന്നത്?"

പരിഭവമോ പരാതിയോ അല്ലായിരുന്നു.

ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന തുറന്നു പറച്ചിലാണ്.

സീത പിടച്ചിലോടെ അവനെ നോക്കി.

ആ കണ്ണിൽ പൂത്തുനിൽക്കുന്ന വസന്തമത്രയും അവന്റെ പ്രണയം പൂവിട്ടതാണ്.

ഒരാൾക്കും അവഗണിക്കാൻ സാധിക്കാത്തത്രയും സ്നേഹമാണവൻ വച്ചു നീട്ടുന്നതും.

അവൻ പറഞ്ഞത് പോലെ,ആ സ്നേഹവും കരുതലും അറിയാനായിട്ടുണ്ട്.

അത് മനസ്സിനെ പിടിച്ചുലച്ചു കളഞ്ഞിട്ടുമുണ്ട്.

മുത്തശ്ശിയുടെ കിണ്ണനോട്.. മറ്റാരോടും തോന്നാത്തൊരിഷ്ടം സീതാ ലക്ഷ്മിയിൽ മുള പൊട്ടിയിരിക്കുന്നു.

വേനലിൽ കരിഞ്ഞുണങ്ങി പോയ പ്രതീക്ഷകൾക്ക് മേൽ തണലാവാം എന്നൊരുത്തൻ,സ്നേഹം വച്ചു നീട്ടി കൊതിപ്പിച്ചിട്ട്‌ വാക്തനം ചെയ്യുന്നു.

ധന്യമായേക്കാവുന്ന ജീവിതസന്ദർഭം!

പക്ഷേ സീതാ ലക്ഷ്മിക്കൊരിക്കലുമത് സ്വീകരിക്കാനാവില്ലല്ലോ?

അവൾക്ക് മുന്നിലെ ജീവിതം കുറേ കൂടി മെച്ചപ്പെടാനുണ്ട്, അവനെ പോലൊരാളെ മോഹിക്കണമെങ്കിൽ.

അത് സ്വയം തിരിച്ചറിയാനാവും എന്നത് തന്നെയാണ് സീതാ ലക്ഷ്മിയുടെ ഏറ്റവും വലിയൊരു യോഗ്യതയും.

"താനെന്താടോ മിണ്ടാത്തെ?"

അവളുടെ മൗനം അസഹ്യമായപ്പോഴാണ് കണ്ണൻ വീണ്ടും ചോദിച്ചത്.

"മുത്തശ്ശിയുടെ കിണ്ണന് എന്നെക്കുറിച്ച് ഒന്നുമറിയില്ല. അതുക്കൊണ്ടാണ് ഇത് പോലുള്ള ബാലിശമായ ആഗ്രഹങ്ങളെയും കൂട്ടിപ്പിടിച്ചു ജീവിക്കുന്നത് "

സീതയവനെ നോക്കി ചിരിച്ചു.

"നിനക്കെന്നെയോ എനിക്ക് നിന്നെയോ പൂർണ്ണമായും അറിയില്ലായിരിക്കും സീതാ ലക്ഷ്മി. അല്ലെങ്കിലും ആർക്കാണ് ഒരാളെക്കുറിച്ച് എല്ലാം അറിയാവുന്നത്.?"

അവൻ അവളെ നോക്കി.

"അങ്ങനെ എല്ലാവരുടെയും കാര്യമെനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. മനസ്സിൽ എന്തെങ്കിലും വേണ്ടാത്ത ആഗ്രഹമുണ്ടെങ്കിൽ അതെടുത്തു കളഞ്ഞേക്കണം. ഒരുപാട് മോഹിച്ചിട്ട് ഒടുവിൽ അതിന്റെ പഴി കൂടി എനിക്ക് ഏറ്റെടുക്കാൻ വയ്യാഞ്ഞിട്ടാ. ഇപ്പൊ തന്നെ ആഗ്രഹിക്കാത്ത പല പേരുകളുടെയും ഭാരവും പേറിയാണ് എന്റെ യാത്ര."

നേരിയ ഒരു ചിരിയോടെയാണ് അവളത് പറയുന്നുവെങ്കിലും അതിനുള്ളിൽ ഒളിപ്പിച്ചുപ്പിടിച്ച നോവിന്റെ മുള്ളുകളത്രയും അവനുള്ളിലാണ് തറച്ചു കയറിയത്.

"എന്നും ഒരാൾ ഒരേ അവസ്ഥയിൽ ആയിരിക്കുമെന്ന് വിചാരിക്കല്ലേ ടോ. ഇതെല്ലാം മാറും. സന്തോഷം നിറഞ്ഞൊരു ജീവിതം തനിക്കുമുണ്ടാവും സീതാ ലക്ഷ്മി "

സീതയൊരു നിമിഷം അവന്റെ നേരെ നോക്കി.
ഹൃദ്യമായൊരു ചിരിയുണ്ട് അവനിൽ.

അവൾക്കുള്ളിലെ മുറിവിൽ നിന്നും വീണ്ടും ചോര കിനിഞ്ഞു.

വേണ്ട...

സീതാ ലക്ഷ്മിക്ക്  ഇത്തരം വില കുറഞ്ഞ വികാരപ്രകടനങ്ങളൊന്നും തന്നെ വേണ്ട.

സീതാ ലക്ഷ്മി സ്ട്രോങ്ങല്ലേ?
അവൾക്ക് ചിരിച്ചു നിൽക്കാൻ കഴിയുന്നുവെങ്കിൽ.. പിടിച്ചു നിൽക്കാനുമാവും.

അങ്ങനെ ഈ കിണ്ണന്റെ സ്നേഹത്തിന് മുന്നിൽ തോറ്റുക്കൊടുക്കാൻ തത്കാലമെനിക്ക് മനസ്സില്ല.

സീത ,അവൾക്ക് തന്നെ മോട്ടീവേഷൻ കൊടുക്കുന്ന തിരക്കിലാണ്.

ആ മുഖത്ത് നിമിഷങ്ങൾ കൊണ്ട് മിന്നി മായുന്ന ഭാവങ്ങളിലാണ് കണ്ണന്റെ ശ്രദ്ധ മുഴുവനും.

"കിണ്ണൻ എഴുന്നേറ്റു മേല് കഴുകി വരുന്നുണ്ടോ? എനിക്ക് പോവണം "

ഇടയിൽ എപ്പഴോ അവനുമായി നോട്ടമിടഞ്ഞപ്പോൾ സീത വെറുതെ ദേഷ്യം കാണിച്ചു.

"സീതാ ലക്ഷ്മി വീണ്ടും ദുർഗാ ലക്ഷ്മിയായല്ലോ "

അവൻ കുസൃതിയോടെ അവളെ നോക്കി.

അവളൊന്നും മിണ്ടാതെ നിന്നു.

"കുളിച്ചിട്ട് വരാം "

കണ്ണൻ ബാത്റൂമിന്റെ നേരെ ചെന്നു.

"തല കുളിക്കേണ്ട. പനി പോയിട്ടൊന്നുമില്ല. "

പിന്നിൽ നിന്നും സീത വിളിച്ചു പറഞ്ഞു.

"വോക്കെ."

അവൾക്ക് നേരെ കൈ വിരൽ ഉയർത്തി കാണിച്ചു കൊണ്ട് അവൻ അകത്തു കയറി വാതിലടച്ചു.

പത്തു മിനിറ്റ് കൊണ്ട് അവൻ മേൽ കഴുകിയിറങ്ങിയപ്പോഴേക്കും കിടക്ക വിരിയെല്ലാം മാറ്റി സീത അവിടെ വൃത്തിയാക്കിയിരുന്നു.

അവന്റെ മുഖം വിടർന്നു.

"ഇനി ഞാൻ പോവാണ് "

അവനെ കാത്താണ് നിന്നതെന്ന പോലെ വാതിൽ തുറന്നു കണ്ണൻനിറങ്ങിയതും സീത പറഞ്ഞു.

"നിൽക്ക്.. ആദിയോ സിദ്ധുവോ വരും. അവരോടൊപ്പം പോയാൽ മതി. എനിക്ക് മാത്രമല്ല, തനിക്കുമിപ്പോ ധാരാളം ശത്രുക്കളുണ്ട്. അത് മറക്കണ്ട. എന്നെ കെണിയിൽ പെടുത്താൻ നിന്നെ ഇല്ലാതാക്കാനും മടിക്കില്ല അവരാരും "

അവന്റെ മുഖം ഗൗരവത്തിലാണ് അത് പറയുമ്പോൾ.
ആലോചിച്ചപ്പോൾ ആ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി സീതയ്ക്ക്.

സ്വന്തം ജീവനിൽ അത്ര കൊതിയൊന്നുമില്ല. പക്ഷേ അത് കാരണം കണ്ണനൊരു ദോഷവും വരരുത്.

"നിന്റെയാ ഫ്രണ്ട് ഇല്ലേ. അയാളെ വിളിച്ചാലോ?"

കണ്ണൻ സീതയെ നോക്കി.

"ഹരി ഇന്ന് വെളുപ്പിന് പോയി. അവന് തിരുവനന്തപുരത്താണ് ജോലി. ആഴ്ചയിൽ ഒരിക്കലാണ് വരാറുള്ളത് "

നിറഞ്ഞ ചിരിയോടെ സീത പറഞ്ഞു.

കണ്ണനും അത് പറയുമ്പോൾ അവളിലുള്ള സന്തോഷത്തെ നോക്കി കാണുകയാണ്.

"വീട്ടിലേക്ക് വിളിച്ചു പറഞ്ഞോ? വൈകുമെന്ന് "

"ഇല്ല.. എന്റെ ഫോൺ.."
ബാക്കി പറയാതെ സീതയത് വിഴുങ്ങി.

ഇല്ലായ്മകൾ ആരെയും അറിയിക്കുന്നത് അവൾക്കിഷ്ടമായിരുന്നില്ല.

കണ്ണൻ അതിന് മറുപടി പറയാതെ അലമാരയുടെ നേരെ തിരിഞ്ഞു.

ഇട്ടിരുന്ന ഷർട്ട് ഊരി മാറ്റി വേറൊന്ന് വലിച്ചെടുത്തു.

സീത വേഗം തിരിഞ്ഞു നിന്നു.

"ഇയാൾക്കൊരു നാണമില്ലേ? "അവൾ അൽപ്പം ദേഷ്യത്തോടെ പറഞ്ഞത് കണ്ണനും കേട്ടു.

അവൻ ബട്ടൺ ഇട്ട് കൊണ്ടവളുടെ അരികിൽ വന്നു നിന്നു.

"എനിക്കൊരു സംശയമുണ്ട്. ചോദിക്കട്ടെ?"

കുസൃതിയാണ് ആ മുഖം നിറയെ.
സീത അമ്പരപ്പോടെ തലക്കുലുക്കി.

"നീ എന്തിനാ എന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചിരുന്നേ? ഞാൻ ബാത്റൂമിൽ വെച്ചാണ് അത് ശ്രദ്ധിച്ചത് "
അവന് നേരെ സീതയുടെ കണ്ണുകൾ കൂർത്തു.

"സത്യം പറഞ്ഞോ ദുർഗാലക്ഷ്മി. നീ എന്നെ എന്താണ് ചെയ്തത്?"

ഗൗരവത്തോടെയുള്ള അവന്റെയാ ചോദ്യം കേട്ട് അവൾ പകച്ചുപോയി.

"ഞാൻ... ഞാൻ നനച്ചു തുടക്കാൻ വേണ്ടി.."

സൂക്ഷിച്ചു നോക്കി നിൽക്കുന്ന കണ്ണന് മുന്നിൽ അവളുടെ വാക്കുകൾ പതറി.

"അതിലെനിക്ക് നല്ല സംശയമുണ്ട്. ഞാനും നീയും മാത്രം ഈ മുറിയിൽ. ഞാനാണേൽ ബോധം കെട്ടത് പോലെ പനിച്ചു കിടക്കുന്നു. നിനക്കെന്നെ എന്തെല്ലാം ചെയ്യാം. അയ്യോ.. എനിക്കിനി ആര് പെണ്ണ് തരും. ഈ സീത ലക്ഷ്മിയെന്നെ നശിപ്പിച്ചെന്ന് ഞാനാരോട് പോയി പരാതി പറയും "

സീതക്കവന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുക്കാനാണ് തോന്നിയത്.

അമ്മാതിരി ആക്ട്.

"വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ.. അടിച്ചു പല്ല് ഞാൻ കൊഴിക്കും. കിണ്ണന് അറിയില്ല എന്നെ. ഒന്ന് പനി പിടിച്ചപ്പോഴേക്കും ബോധം പോവാൻ ആദ്യം അങ്ങനൊരു സാധനം ഇയാൾക്കുണ്ടോ?"

അവന് നേരെ സീതയുടെ വിരലുകൾ നീണ്ടു.

അവനാ വിരലിൽ പിടിച്ചു ഒറ്റ വലിയാണ്.

സീതയവന്റെ നെഞ്ചിൽ തട്ടി നിന്നു.

രണ്ടു കയ്യും കൊണ്ട് കണ്ണനവളെ ലോക്ക് ചെയ്തു.

"എന്തായീ കാണിക്കുന്നേ?"

സീതയവന്റെ നെഞ്ചിൽ പിടിച്ചു തള്ളി.

അവൻ അൽപ്പം പോലും പിടി അയച്ചില്ല. പകരം കൈകൾ ഒന്നുക്കൂടി മുറുക്കി.

"കണ്ണേട്ടാ...വിട്ടേ.. മാറിക്കേ.."

അവൾ വെപ്രാളത്തോടെ പിടഞ്ഞു.

ആ വിളിയിവന്റെ മുഖം കൂടുതൽ തിളങ്ങി.

"അടങ്ങി നിൽക്കെന്റെ സീതാ ലക്ഷ്മി. ഞാനൊന്നും ചെയ്യില്ല."

അവന്റെ ഹസ്കി വോയിസ്.വളരെ പതിയെ.

സീതയുടെ കൈകൾ ദുർബലമായി.
മുഖം ഉയർത്തി കൊണ്ടവൾ അവനെ നോക്കി.

പ്രണയം പൂത്ത ആ കണ്ണുകൾ അത്രമേൽ അടുത്താണ്.

അവളുടെ മുഖം നിറയെ വിയർപ്പ് പൊടിഞ്ഞു.

കുറച്ചു നേരം ഒന്നും മിണ്ടാതെ കണ്ണൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

"എന്റെയാണ് " അവൻ മന്ത്രിച്ചു.

പ്രണയ തുടിക്കുന്ന വാക്കുകൾ.

"നേരിൽ കാണുന്നതിനും എത്രയോ മുന്നേ ഈ കിരൺ വർമ്മയുടെ നെഞ്ചിൽ പതിഞ്ഞു പോയതാണീ സീതാ ലക്ഷ്മി.തിരിച്ചിറങ്ങി പോവണമെന്ന് നീയെത്ര ആഗ്രഹിച്ചാലും എന്റെ മരണം കൊണ്ടല്ലാതെ നിനക്കതിന് കഴിയില്ല ടോ.. കാരണം... ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഈ ദുർഗാ ലക്ഷ്മിയുടെ കൂടെ ഒരു ജീവിതം മോഹിക്കുന്നു "

അവന്റെയാ വെളിപ്പെടുത്തലിന് മുന്നിൽ സീത തീർത്തും തളർന്നു പോയി.

"ഇനി പറ... എന്റെ മരണം നീ കൊതിക്കുന്നുണ്ടോ? നിനക്കിനി ഇറങ്ങി പോവണോ? നിന്നെ സ്നേഹിച്ചു പോയി എന്നൊരു കുറ്റത്തിന് അത്രയും വലിയൊരു ശിക്ഷ തരണോ എനിക്ക്? മ്മ്."

കണ്ണൻ അവളെ മുറുക്കി പിടിച്ച കൈകൾ പതിയെ അയച്ചു.

എന്നിട്ടും പിടഞ്ഞു മാറാൻ ആവാത്തപോലെ സീതയവന്റെ നെഞ്ചിൽ തളർന്നു തൂങ്ങി.

അവന്റെ കണ്ണിലേക്ക് നോക്കാനാവുന്നില്ല അവൾക്ക്.

അതിൽ തുടിക്കുന്ന പ്രണയം ഇടനെഞ്ചിലേക്കാണ് ആഴ്ന്നിറങ്ങുന്നത്.

സീതാ ലക്ഷ്മി കൂട്ടി വെച്ച പ്രതിരോധമൊന്നും പോരാതെ വരും, അതിന് മുന്നിൽ പിടിച്ചു നിൽക്കാൻ.

"എനിക്കൊരു ഉത്തരം താ സീതാ ലക്ഷ്മി .. എത്ര നാളായിട്ട് കാത്തിരിക്കുന്നതാ ഞാനെന്നറിയോ?"

വിരൽ തുമ്പ് കൊണ്ടവളുടെ മുഖമുയർത്തി, കണ്ണൻ ആർദ്രമായി പറഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story