സ്വന്തം ❣️ ഭാഗം 22

swantham

രചന: ജിഫ്‌ന നിസാർ

"എനിക്കൊന്നും വേണ്ട ഇനി അയാളെ . അങ്ങേർക്ക് അവളോട് മുടിഞ്ഞ പ്രേമമാണ്. ആ ചീതാ ലക്ഷ്മിയോട്."

ആര്യ രാജിയെ നോക്കി മുഖം ചുളിച്ചു.

"ഇങ്ങനെ പാതിയിലിട്ടിട്ട് പോവാനാണോടി നീ നിന്റെ ദിവ്യ പ്രേമവും കൊണ്ട് നടന്നത്?"
രാജിയവളുടെ തോളിൽ ഒരടി വെച്ച് കൊടുത്തു.

"ഞാനാണോ? അമ്മയല്ലേ അവന്റെ പിറകെ നടക്കാൻ എന്നോട് പറഞ്ഞോണ്ടിരുന്നത്?"

ആര്യ അടി കിട്ടിയ ദേഷ്യത്തോടെ രാജിയോട് കയർത്തു.

"അത് നിന്റെ നന്മയെ കരുതിയാണെടി പോത്തേ. കിരൺ വർമ്മയുടെ പേരിലുള്ള സ്വത്തുവിവരങ്ങളെക്കുറിച്ച് നിനക്കൊന്നുമറിയില്ല.പോരാത്തതിന് ബാംഗ്ലൂരിൽ ഡോക്ടറും."

രാജി ഇച്ഛാഭംഗത്തോടെ പറഞ്ഞു.

അമ്മയെയും പെങ്ങളെയും മാറി മാറി നോക്കി കിടക്കയിൽ ഇരിക്കുന്നുണ്ട് കാർത്തിക്ക്.

രാജിയുടെ മൂത്ത പുത്രൻ.

ആര്യയുടെ പ്രിയപ്പെട്ട ഏട്ടൻ.

പെങ്ങള് തല്ലിയിട്ട് വരാൻ പറഞ്ഞാൽ ഏട്ടൻ കൊന്നിട്ട് വരും.

അതാണ്‌ രീതി.

രണ്ടു പേർക്കും ഭ്രാന്തമായ ഒരിഷ്ടമാണ് തമ്മിൽ.

കാർത്തിയേക്കാൾ ഒരുപാട് വയസ്സിന്റെ വെത്യാസമുണ്ട് ആര്യ.
ആ കാരണം കൊണ്ട് അവന് അവളോട് വാത്സല്യം കലർന്നൊരു ഇഷ്ടമാണ്.

"ഏട്ടൻ കേൾക്കുന്നില്ലേ? അമ്മ പറഞ്ഞിട്ടാ ഏട്ടാ ഞാൻ കണ്ണേട്ടന്റെ കൂടെ നടക്കാൻ തുടങ്ങിയത്. എനിക്ക് അവനോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു എന്നത് സത്യം തന്നെ. പക്ഷേ ഇപ്പൊ അതില്ല. "

ആര്യ കാർത്തിയുടെ അരികിൽ വന്നിരുന്നു.

അവൻ അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു.

"ആ സീതാ ലക്ഷ്മിയോട് അവനുള്ള സ്നേഹം ഞാനും കണ്ടതാണ്. എന്തൊരു ആവേശത്തിലാണ് അങ്ങേര് അവൾക്ക് വേണ്ടി വാദിക്കുന്നത്. അത് നേരിട്ട് മനസ്സിലായിട്ടും അവനൊപ്പം ഒരു ജീവിതം മോഹിക്കുന്നത് തെറ്റല്ലേ ഏട്ടാ. കണ്ണേട്ടൻ ആ പെണ്ണിനെ ഒരിക്കലും മറക്കാനൊന്നും പോവുന്നില്ല. എനിക്കുറപ്പുണ്ട്. പിന്നെ എന്തിനാണ് ഞാനെന്റെ ജീവിതം വെറുതെ കളയുന്നത്?"

ആര്യ കാർത്തിയുടെ തോളിൽ മുഖം ചേർത്ത് വെച്ചു.

"അപ്പൊ അവനല്ല.. അവളാണ് പ്രശ്നം. അല്ലേ മോളെ?"

കാർത്തിയുടെ സ്വരം മുറുകി.

ആര്യ അവനെ മുഖമുയർത്തി നോക്കി.

"ദേ... കാർത്തി. നീ എടുത്തുച്ചാടി ഒന്നും ചെയ്യരുത്. നീ വിചാരിച്ചു വെച്ചത് പോലെയത്ര നിസ്സാരകാരനല്ല കിരൺ വർമ്മ "

രാജി അവനരികിൽ വന്നു നിന്നിട്ട് പറഞ്ഞു.

"അമ്മ മിണ്ടാതിരി. ഇത് ഞാനും എന്റെ മോളും തമ്മിലുള്ള എഗ്രിമെന്റ് ആണ്."

കാർത്തിക്ക് കൈയ്യുയർത്തി രാജിയെ തടഞ്ഞു.

രാജിയുടെ മുഖം വീർത്തു കെട്ടി.

പക്ഷേ ഒന്നും മിണ്ടിയില്ല.

മിണ്ടിയിട്ടും കാര്യമില്ല. അവള് പറയുന്നതേ അവൻ ചെയ്യൂ.

"നീ പറ.. അവനെ നിനക്ക് വേണോ?"
കാർത്തിക്ക് ആര്യയുടെ നേരെ നോക്കി.

ഏട്ടാ.. "

അവനൊരുത്തരം കൊടുക്കാൻ ആര്യക്ക് കഴിഞ്ഞില്ല.

"ധൈര്യമായിട്ട് പറഞ്ഞോ. ഏട്ടനോടല്ലേ? നിനക്കവനെ വേണമെങ്കിൽ.. നീ അവന്റെ കൂടെ അവന്റെ പെണ്ണായി ജീവിക്കും. വേണോ? "

അത് കേട്ടപ്പോൾ രാജിയുടെ മുഖം വിടർന്നു.

ആര്യയപ്പോഴും ഏതോ ചിന്തയിൽ കുരുങ്ങി പോയിരുന്നു.

ഒരുത്തരം പറയാനാവാതെ!
                       ❣️❣️❣️❣️

"കണ്ണേട്ടൻ എന്നോട് ക്ഷമിക്കണം. എനിക്കൊരിക്കലും നിങ്ങളുടെ സ്നേഹം സ്വീകരിക്കാനാവില്ല "

അവനിൽ നിന്നും അകന്ന് മാറിക്കൊണ്ട് സീത പറഞ്ഞു.

"എന്ത്ക്കൊണ്ട്? അതിനുള്ള ഉത്തരം കൂടി നീയെനിക് പറഞ്ഞു തരണം സീതാ ലക്ഷ്മി. എങ്കിൽ നീ പറയുന്നത് ഞാനും അംഗീകരിക്കും. എന്ത്ക്കൊണ്ടാണ് നിനക്കെന്റെ സ്നേഹം സ്വീകരിക്കാൻ കഴിയാത്തത്?"

യാതൊരു ടെൻഷനുമില്ലാത്ത കണ്ണന്റെ ചോദ്യം.

സീതയവനെ നോക്കിയില്ല.

"എനിക്ക്.. ഞാൻ... എനിക്ക് വേറൊരിഷ്ടമുണ്ട് "

എങ്ങനെയൊക്കെയോ അത് പറഞ്ഞൊപ്പിക്കുമ്പോൾ അവൾക്കുള്ളിലെ മുറിവിൽ നിന്നും വീണ്ടും ചോരയൊലിച്ചു തുടങ്ങി.

"ആരോട്? ആരോടാണ് നിന്റെയിഷ്ടം? "

തിരിഞ്ഞു നിൽക്കുന്ന സീതയുടെ കൈ പിടിച്ചിട്ട് കണ്ണൻ അവളെ അവന് നേരെ തിരിച്ചു നിർത്തി.

ചോദ്യം നല്ല വ്യക്തമായി കേട്ടിട്ടും അവൾ മുഖമുയർത്തുകയോ അവനുത്തരം നൽക്കുകയോ ചെയ്തില്ല.

"പറഞ്ഞു താ സീതാ ലക്ഷ്മി. ആരോടാണ് നിന്റെ പ്രണയം. ആരെയാണ് നീ സ്നേഹിക്കുന്നത് "

അവന്റെ സ്വരത്തിന് പോലും യാതൊരു മാറ്റവുമില്ലെന്ന് സീത മനസ്സിലാക്കി.

"അവനാണോ..?ഹരി പ്രസാദ്."

സീത ഞെട്ടലോടെ കണ്ണനെ നോക്കി.

"ആണോ? ധൈര്യമായിട്ട് പറഞ്ഞോ.?"

അപ്പോഴും കണ്ണന് യാതൊരു മാറ്റവുമില്ല.

'ഈ സ്നേഹത്തിന്റെ ചക്രവ്യൂഹത്തിൽ നിന്നും രക്ഷപെട്ടു പോകാൻ ഇവിടൊരു പേര് പറഞ്ഞേ പറ്റൂ. സീതയുടെ ഹൃദയം കവർന്നവനൊരു മുഖം കൊടുത്തേ മതിയാവൂ. എന്ത് കൊണ്ടും അതിന് യോഗ്യത ഹരിക്ക് തന്നെ ആയിക്കോട്ടെ. പിന്നീട് അവനോട് ഇത് പറയുമ്പോൾ ഒരുപാട് കളിയാക്കി ചിരിക്കുമായിരിക്കും '

സീത മനസ്സ് കൊണ്ട് ഹരിയുടെ കൂടെയായിരുന്നു.

"അതേ.. ഹരിയോടാണ് എന്റെ ഇഷ്ടം."

വാക്കുകൾക്ക് യാതൊരു ഉലച്ചിലും വരാതെ  സീത പറഞ്ഞു.

"അവനറിയാമോ?"

"ഇല്ല.. ഞാൻ പറഞ്ഞിട്ടില്ല "

ഉള്ളിൽ നിന്നും തലപൊക്കി നോക്കുന്ന കുറ്റബോധത്തെ സീത പാടെ അവഗണിച്ചു.

"അതെന്താ പറയാത്തത്?"

കണ്ണന്റെ സ്വരത്തിലപ്പോഴും കുസൃതിയാണെന്നത് സീതയുടെ അസ്വസ്ത്ഥത കൂട്ടി.

"പറയണം"

സീത വീണ്ടും തിരിഞ്ഞു നിന്നു.

"അവൻ... നിന്റെ ഹരി റിജകട് ചെയ്താലോ നിന്റെയിഷ്ടം?അങ്ങനെയും സംഭവിക്കാമല്ലോ?"

"അവനങ്ങനെയൊന്നും ചെയ്യില്ല"

"ഇഷ്ടം പിടിച്ചു പറിച്ചു വാങ്ങാനാവില്ല സീതാ ലക്ഷ്മി "

കണ്ണൻ ഓർമിപ്പിച്ചു.

"എനിക്കറിയാം"

"ഒക്കെ. സമ്മതിച്ചു. ഒരൊറ്റ ചോദ്യം കൂടി.. ആദ്യം നീ എന്നെയൊന്നു നോക്കടോ. ഇതെന്താണ് ഒരുമാതിരി കള്ളിയെ പോലെ."

കണ്ണൻ വീണ്ടും അവളുടെ കൈ പിടിച്ചു.

ആ കൈ കുടഞ്ഞു മാറ്റിയിട്ട് സീതയവനെ നോക്കി.

"എന്നെ സ്നേഹിക്കാൻ നിനക്ക് മുന്നിൽ ഒരായിരം തടസ്സങ്ങളെ നീ നിരത്തി വെച്ചിരുന്നു. ഹരി പ്രസാദിന്റെ കാര്യത്തിൽ ഇതൊന്നുമില്ലേ?"

ഹൃദയം തുളച്ചു കയറുന്ന ചോദ്യം.

സീതയുടെ മുഖം വീണ്ടും താഴ്ന്നു.

"പറയ് സീത ലക്ഷ്മി. എനിക്കറിഞ്ഞേ തീരൂ "

കണ്ണന് വാശിയാണ്.

"അവനെന്നെ നന്നായി അറിയാം. എന്റെ സാഹചര്യങ്ങളെയും ഹരിക്കറിയാം "

"ഒരാളുടെ സാഹചര്യങ്ങളെ മനസ്സിലാക്കുക എന്നതാണോടോ സ്നേഹിക്കാനുള്ള മാനദണ്ഡം? "

"എനിക്ക് ഹരിയെ ഇഷ്ടമാണ്.. അതിന് കിണ്ണനെന്തിനാ ദേഷ്യപ്പെടുന്നത്?"

കണ്ണൻ ചിരിച്ചു കൊണ്ട് അലമാരയുടെ മുന്നിൽ പോയി നിന്നു..

"ഞാൻ നിന്നോട് ദേഷ്യപ്പെട്ടോ? നിനക്കല്ലേ ഇപ്പൊ ദേഷ്യം വരുന്നതും?"

തികച്ചും ശാന്തമാണ് ചോദ്യം.

അവന്റെ മുഖത്തോ പ്രവർത്തിയിലോ യാതൊരു വിധ ദേഷ്യവുമില്ലെന്ന് സീതയ്ക്ക് നന്നായി അറിയാം.

പക്ഷേ അവളൊന്നും മിണ്ടിയില്ല.

കണ്ണൻ പാറി പറന്ന മുടിയിഴകൾ ഹെയർ ക്രീം തേച്ചു കൈ കൊണ്ട് കോതി ഒതുക്കി.

"സീതാ ലക്ഷ്മി ഉത്തരം പറഞ്ഞില്ല "

കണ്ണൻ അലമാരയുടെ ഗ്ലാസ്സിൽ കൂടി അവളെ നോക്കി ചോദിച്ചു.

"എനിക്കിനി ഇയാളോട് ഒന്നും പറയാനില്ല. ഹരിയെ എനിക്കിഷ്ടമാണ്.അത്ര തന്നെ "

അവന്റെ സ്നേഹം തുളുമ്പുന്ന നോട്ടം അവളിൽ പതർച്ച നൽകുന്നുണ്ട്.

എത്രയും പെട്ടന്ന് അവിടെ നിന്നിറങ്ങി പോവാൻ മനസ്സ് വെപ്രാളപ്പെടുന്നു.

ഏതു നിമിഷവും പൊട്ടി പോയേക്കാവുന്ന നുണയുടെ നേർത്തൊരു കുമിളയാണ് കണ്ണന് നേരെ വച്ചു നീട്ടിയിരിക്കുന്നത്.

അവനൊന്നുക്കൂടി ചേർത്ത് പിടിച്ചാൽ തീരാവുന്ന ആയുസ്സെ അതിനുണ്ടാവൂ.

"നിന്റെ ഹരിക്ക് നിന്നെയും ഒരുപാടിഷ്ടമാണ് സീതാ ലക്ഷ്മി "

കണ്ണൻ സ്പ്രേ എടുത്തടിക്കുന്നതിനിടെ പറഞ്ഞു.

അത് കേട്ടപ്പോൾ സീതയുടെ മുഖം ചുളിഞ്ഞു.

"അത് തനിക്കെങ്ങനെ അറിയാം "

അവളുടെ വാക്കുകൾ കടുത്തു.

"ഹരിയെ ഒരിക്കൽ ഞാനും മീറ്റ് ചെയ്തിട്ടുണ്ടല്ലോ?"

കണ്ണന് അപ്പോഴും ചിരിയാണ്.

"ഒറ്റ പ്രാവശ്യം കാണുമ്പോൾ അതൊക്കെ അറിയാൻ ഇയാൾ ജ്യോത്സൻ ഒന്നുമല്ലല്ലോ. ഒരു പരട്ട ഡോക്ടറല്ലേ?"

സീത ദേഷ്യത്തോടെ പറയുന്നത് കേട്ടിട്ട് കണ്ണൻ ഉറക്കെ ചിരിച്ചു പോയി.

സീതയവനെ കൂർപ്പിച്ചു നോക്കി.

ഇത്രയൊക്കെ പറയുമ്പോൾ നിരാശ കേറി ഇവനങ്ങ് വാടി പോകും എന്നാണ് കരുതിയത്.

ആ ടെൻഷനും നല്ലത് പോലെ ഉണ്ടായിരുന്നു മനസ്സിൽ.

തനിക് വേണ്ടി കണ്ണൻ വേദനിക്കുമ്പോൾ അതിനേക്കാൾ ആഴത്തിൽ നോവുന്നൊരു മനസ്സും സീത ലക്ഷ്മിയെ തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയേക്കുവാ.

അവൾ സ്വയം ഞൊടിഞ്ഞു.

"എനിക്കെന്താ സങ്കടമില്ലാത്തത് എന്നല്ലേ ദുർഗാ ലക്ഷ്മി നീയിപ്പോ ഓർക്കുന്നത്. മ്മ് "
വീണ്ടും കണ്ണൻ അവൾക്കരികിൽ വന്നു നിന്നു.

അവനരികിൽ നിന്നും സീത കുറച്ചു നീങ്ങി നിന്നു.

അതിനനുസരിച്ച് അവനും അവൾക്കരികിലേക്ക് നീങ്ങി.

ഒടുവിൽ അവൾ മേശയിൽ തട്ടി നിന്ന് പോയി.

"ഉത്തരം പറഞ്ഞു തരട്ടെ ഞാൻ?"

വീണ്ടും അവന്റെ ആർദ്രത നിറഞ്ഞ ചോദ്യം.

സീത ദുർബലയായി തുടങ്ങി.

അവന്റെ വാക്കുകൾക്ക് സ്നേഹത്തിന്റെ ഗാന്ധമാണ്.

"ഞാൻ സീതാ ലക്ഷ്മിയെ പ്രണയിക്കുന്നുവെന്ന് നിന്റെ ഹരി എനിക്ക് മുന്നിൽ വന്നു നിന്ന് പറയുന്ന നിമിഷം വരെയും നിന്നെ ഞാൻ സ്നേഹിക്കും.ഹരി പ്രസാദ് അവന്റെ പ്രണയത്തിന്റെ സമ്മാനം നിന്റെ കഴുത്തിൽ ചേർക്കുന്ന നിമിഷം തൊട്ട് കിരൺവർമ്മ എന്ന ഈ ഞാൻ നിന്നെ മറന്നും തുടങ്ങും. അത് വരെയും നീ എന്റെയാണ് സീതാ ലക്ഷ്മി."

വിരൽതുമ്പ് കൊണ്ട് സീത ചുരിദാറിനുള്ളിൽ ഒളിപ്പിച്ചുപ്പിടിച്ചിരുന്ന മാല കണ്ണൻ ഉയർത്തി പുറത്തിട്ടു.

സീത വിറച്ചു പോയിരുന്നു അവന്റെയാ പ്രവർത്തിയിൽ.

അവന്റെ മുഖത്തെ ഭാവത്തിൽ മറ്റെല്ലാം അവൾ വീണ്ടും മറന്നു പോയി.

"അങ്ങനെയൊന്ന് നിന്റെ ജീവിതത്തിൽ സംഭവിക്കാതിരിക്കുന്നിടത്തോളം കാലം നിന്നെ ഞാൻ സ്നേഹിക്കും സീതാ ലക്ഷ്മി "

അവൻ കുറച്ചുക്കൂടി അവളിലെക്കടുത്തു.

"ഇല്ല... ഞാനത് സമ്മതിച്ചു തരില്ല "

അവളും വാശി പോലെ പറഞ്ഞു.

"അതിനെനിക്ക് നിന്റെ സമ്മതം വേണ്ടല്ലോ? അതറിയില്ലേ എന്റെ ദുർഗാ ലക്ഷ്മിക്ക്?"

കണ്ണൻ കള്ളച്ചിരിയോടെ അവളെ നോക്കി.

"ഒരാളെ മനസ്സ് കൊണ്ട് സ്നേഹിക്കാൻ.. അയാളുടെ സമ്മതം വേണ്ടാന്നുള്ളതാണ് ഈ ലോകത്തിൽ വെച്ചേറ്റവും മനോഹരമായ അവകാശം "

സീതയവനെ പകച്ചുനോക്കി.

"എന്നെ നീ പേടിക്കണ്ട. ഞാനും എന്റെ സ്നേഹവും നിനക്കൊരിക്കലും ഒരു ബാധ്യതയാവില്ല. അത് പേടിച്ചുക്കൊണ്ട് നീ നട്ടാൽ മുളക്കാത്ത നുണയെന്നോട് പറയുകയും വേണ്ട. മനസ്സിലായോ?"

കണ്ണൻ അവളുടെ മൂക്കിൽ തുമ്പിൽ ഒരു തട്ട് കൊടുത്തു.

"എനിക്കിഷ്ടമല്ല "

വീണ്ടും സീത ദുർബലമായി പറഞ്ഞു.

"വേണ്ടന്നേ... പക്ഷേ എനിക്കിഷ്ടമാണ്. ഈ ലോകത്തിലെ മറ്റെന്തിനെക്കാളും എനിക്കീ സീതാ ലക്ഷ്മിയെ ഇഷ്ടമാണ്. എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതീ സീതാ ലക്ഷ്മിയെ മോഹിച്ചുകൊണ്ടാണ്.."

നേർത്തൊരു ചിരിയോടെ.. സീതയുടെ മുടി ഇഴകൾ വിരൽ തൊട്ടുഴിഞ്ഞു കൊണ്ടാണ് കണ്ണൻ പറയുന്നത്.

"ഹരി വരും "

സീത വെല്ലുവിളി പോലെ പറഞ്ഞു.

"വരട്ടെ.."

അവന്റെ ചിരി മായുന്നില്ല.

"അവൻ നിന്നെ ശരിയാക്കും "

"നിനക്ക് വേണ്ടിയല്ലേ? ഞാൻ സഹിക്കും. അല്ലേലും ഞാൻ കുറച്ചുക്കൂടി ശരിയാവാനുണ്ട്."

"കിണ്ണന് ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ?"

സീത പരവേശത്തോടെ ചോദിച്ചു.

"പിന്നെ.... യ് "

കണ്ണൻ ചിരിക്കുകയാണ്.

"ഞാൻ കിണ്ണനെ സ്നേഹിക്കുന്നില്ല. എനിക്കിഷ്ടം ഹരിയേയാണ്. പിന്നെന്തിനാ എന്നോടിങ്ങനെ ചെയ്യുന്നേ "

സീത വേദനയോടെ ചോദിച്ചു.

"എനിക്ക് മുന്നിൽ നീ വേദനിക്കരുത് സീതാ ലക്ഷ്മി. അതെനിക്ക് സങ്കടമാണ്. പ്ലീസ് "

അവളുടെ സ്വരത്തിലെ വേദനയറിഞ്ഞ കണ്ണൻ വേഗം അകന്ന് മാറി.

സീത വേഗം തിരിഞ്ഞു നിന്നു.

സീത ലക്ഷ്മി സ്ട്രോങ്ങ്‌ അല്ലേ?

നിറഞ്ഞ കണ്ണുകൾ അവൻ കാണരുതെന്ന് അവൾക്ക് വാശിയുണ്ടായിരുന്നു.

"എനിക്ക് പോണം "

ഇത്തിരി കഴിഞ്ഞു സീത പറഞ്ഞു.

"മ്മ്.. ഞാൻ ആദിയെ വിളിക്കാം "
കണ്ണൻ ഫോൺ എടുത്തു.

ആദിയോട് വേഗം വരാൻ പറഞ്ഞിട്ട് കണ്ണൻ വേഗം തന്നെ ഫോൺ കട്ട് ചെയ്തു.

"അവൻ വന്നു കൊണ്ടിരിക്കുകയാണ്.നിനക്ക് വീട്ടിലേക്ക് വിളിച്ചു പറയണോ?"

ചോദ്യത്തോടൊപ്പം തന്നെ കണ്ണൻ ഫോൺ അവൾക്ക് നേരെ നീട്ടി.

സമയം എട്ടുമണി ആയിട്ടുണ്ട്.

ഇനിയും വിളിച്ചില്ലെങ്കിൽ തീർച്ചയായും അവര് പേടിക്കും.

അർജുൻ പറഞ്ഞു തീർത്ത ഓരോ വാക്കുകളും ഓർക്കവേ,അറിയാതെ തന്നെ സീതയുടെ കൈകൾ ഫോൺ സ്വീകരിച്ചു.

വീട്ടിൽ ഒരു സാധാരണ നോക്കിയഫോണുണ്ട്.

അതിന്റെ നമ്പർ ഞെക്കാൻ വേണ്ടി സീത ഫോൺ ഓൺ ചെയ്തു.

"ലോക്ക് ആണ്.."
അവൾ  കണ്ണനെ നോക്കി.

"പാസ്‌വേർഡ്‌ പറഞ്ഞു തരാം "
അവളെ തന്നെ നോക്കി കണ്ണൻ പറഞ്ഞു.

സീത ഒന്ന് മൂളി.

"ഫുൾ ക്യാപ്പിറ്റൽ ലെറ്റർ... S E E T H A"

മനസ്സിലെ ടെൻഷൻ കൊണ്ടായിരിക്കാം അവൻ പറഞ്ഞു കൊടുത്ത അക്ഷരങ്ങളോ,അത് പറഞ്ഞു കൊടുക്കുമ്പോൾ അവനുള്ള കള്ളത്തരമോ സീത അറിഞ്ഞതേയില്ലായിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story