സ്വന്തം ❣️ ഭാഗം 23

swantham

രചന: ജിഫ്‌ന നിസാർ

"എന്നെ കെട്ടിപിടിച്ചു കിടന്നപ്പോ തന്നെ നിന്നോട് ഞാൻ പറഞ്ഞതല്ലെടാ, പനി പകരും ന്ന്. കേട്ടോ നീ? "

കണ്ണന്റെ ചെവിയിൽ പിടിച്ച് മുത്തശ്ശി ചോദിച്ചു.

സീതയുടെ ചുണ്ടിലും ചിരിയുണ്ട് അവരുടെ നേരെ നോക്കുമ്പോൾ.

"അതിനെന്റെ പനി മാറിയല്ലോ മുത്തശ്ശി."

കണ്ണൻ ആ കൈ പിടിയിൽ നിന്നും വിട്ട് മാറിക്കൊണ്ട് പറഞ്ഞു.

"മാറിയിട്ടൊന്നുമില്ല. ഒന്ന് അയഞ്ഞു. അത്രേം ഒള്ളു "
തിരിഞ്ഞു നിന്ന് പോവാനുള്ള ബാഗ് എടുക്കുന്നതിനിടെ സീത കടുപ്പത്തിൽ പറഞ്ഞു.

കണ്ണനും മുത്തശ്ശിയും പരസ്പരം നോക്കി ചിരിയമർത്തി.

"ഓ.. അല്ലേലും ഈ പനിയങ്ങനെ പെട്ടന്ന് പോണം ന്ന് എനിക്കൊരു നിർബന്ധവുമില്ല. കേട്ടോ മുത്തശ്ശി "

വീണ്ടും കണ്ണന് കുറുമ്പ് തന്നെ.

സീത അവനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു.

"അതെന്താടാ മോനെ അങ്ങനെ?"

എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലുള്ള മുത്തശ്ശിയുടെ ചോദ്യം കൂടി ആയപ്പോൾ പിന്നൊന്നും പറയാനില്ലാത്തത് പോലെ സീത തിരിഞ്ഞു നിന്നു.

"അതങ്ങനെയാണ് മുത്തശ്ശി. നമ്മൾ ആസ്വദിക്കുന്നതൊന്ന് പെട്ടന്ന് തീർന്നു പോകുന്നത് സങ്കടമല്ലേ.?"

"ആണോ?"

"മുത്തശ്ശിയും കൊച്ചുമോനും ഒടുക്കത്തെ അഭിനയമാണല്ലോ. കാണിച്ചു തരാം ഞാൻ രണ്ടിനേം. ഒറ്റയ്ക്ക് എനിക്ക് മുന്നിൽ കിട്ടട്ടെ. ഹും "

സീത ബാഗിന്റെ വള്ളിയിൽ വിരലിട്ട് ചുഴറ്റി  പിറുപിറുത്തു.

"അതേ.. ന്ന്. ഞാനിപ്പോ ഈ പനി ആസ്വദിക്കുവാ.. ഒന്ന് പനിച്ചു കിടന്നത് കൊണ്ട് ചില കള്ളികളെ നേരിൽ കാണാനായി "

വീണ്ടും കണ്ണന്റെ കുസൃതി നിറഞ്ഞ വാക്കുകൾ.

തിരിഞ്ഞു നോക്കല്ലെന്ന് എത്രയൊക്കെ മനസ്സ് പിടിച്ചു വെച്ചിട്ടും സീതയുടെ കണ്ണുകൾ അവന് നേരെ പാഞ്ഞു.

അതറിഞ്ഞു കൊണ്ട് തന്നെ കണ്ണൻ അവളെ നോക്കിയതേയില്ല.

"ആരാണപ്പാ.. അങ്ങനൊരു കള്ളി?"

മുത്തശ്ശി വീണ്ടും ആകാംഷയോടെ കണ്ണനെ നോക്കിയിരിക്കുന്നു.

"അതങ്ങനെ പേര് പറയാനൊന്നും പറ്റില്ല. പഠിച്ച കള്ളിയാണ് മുത്തശ്ശി. പക്ഷേ എനിക്ക് മുന്നിൽ അതൊന്നും ഏൽക്കൂലാ ന്ന് ആ പാവം കള്ളിക്ക് അറിയില്ല "

കണ്ണനും അതേ ഭാവത്തിലാണ്.

വീണ്ടും അവരെന്തെങ്കിലും പറയും മുന്നേ ആദി അങ്ങോട്ട്‌ വന്നു.

സീതയ്ക്ക് ആശ്വാസം തോന്നി.

"പോയാലോ?"

വന്നയുടൻ ആദി സീതയെ നോക്കി ചോദിച്ചു.

അവൾ തലയാട്ടി കൊണ്ട് ബാഗ് എടുത്തു തോളിൽ തൂക്കി.

"പനി കുറഞ്ഞോ മുത്തശ്ശി?"
അവൻ മുത്തശ്ശിയുടെ നെറ്റിയിൽ കൈ ചേർത്ത് വെച്ച് കൊണ്ട് ചോദിച്ചു.

"അതെല്ലാം പോയെടാ മോനെ "

മുത്തശ്ശിയവന്റെ കവിളിൽ തലോടി.

"ഈ സാധനം കൊണ്ട് കൊടുത്തിട്ട് വരാം."
അവൻ ചിരിച്ചു കൊണ്ട് സീതയെ ചൂണ്ടി കാണിച്ചു പറഞ്ഞു.
സീതയവനെ കൂർപ്പിച്ചു നോക്കി.

ആദി ഒന്ന് ഇളിച്ചു കാണിച്ചു.

കണ്ണന്റെ കണ്ണുകൾ സീതയിൽ തന്നെയാണ്.

"ഇനി മതിയെടാ. ബാക്കി നാളെ അവള് വന്നിട്ട് നോക്കാം."
ആദി കണ്ണന് മാത്രം കേൾക്കാവുന്ന സ്വരത്തിൽ പറഞ്ഞു.

അവനൊന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു.

"പോട്ടെ.. മരുന്ന് കഴിക്കാൻ മറക്കരുത് ട്ടോ "

സീത വന്നിട്ട് മുത്തശ്ശിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

"പോയിട്ട് വാ മോളെ "

മുത്തശ്ശി അവളെയും ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.

ആദി പുറത്തേക്കിറങ്ങി.

അവന് പിറകെ കണ്ണനും.

സീത നടന്ന് ഒപ്പം എത്തുന്നത് വരെയും കണ്ണൻ പതിയെയാണ് നടന്നത്.

"എനിക്കും പനിയാണ് സീതാ ലക്ഷ്മി "

അവൻ അവളോടൊപ്പം നടക്കുന്നതിനിടെ പറഞ്ഞു.

"അതിന്.."

നടത്തതിനിടെ തന്നെ സീതയുടെ ചോദ്യം അവന് നേരെ കൂർത്തു.

"ഞാനും മരുന്ന് കഴിക്കണ്ടേ?"

"വേണേൽ കഴിച്ചോ"

സീത തീർത്തും പുച്ഛത്തോടെയാണ്.

"കഴിക്കാം.. പക്ഷേ മുത്തശ്ശിയോടെ പറഞ്ഞത് പോലെ നീ എന്നോടും പറഞ്ഞ ഞാനും കഴിക്കും "

കണ്ണൻ കള്ളച്ചിരിയോടെ അവളെ നോക്കി.

"അയ്യോ... കിണ്ണൻ മരുന്ന് കഴിക്കണമെന്ന് എനിക്കൊരു നിർബന്ധവുമില്ല. ഇയാൾക്കു വേണമെങ്കിൽ കഴിച്ചാ മതി. മരുന്ന് കഴിക്കാതെ നാളെയും നന്നായി ആക്ട് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ.. റിയലി സോറി. എനിക്ക് വേറെ പണിയുണ്ട്. ഞാനാ പരിസരത്ത് വരില്ല. അവിടെ കിടക്കേണ്ടി വരും. അത് മറക്കണ്ട. "

അവന് നേരെ തിരിഞ്ഞു നിന്നിട്ട് സീത പറഞ്ഞു.

കണ്ണൻ ചിരിച്ചു കൊണ്ട് അവളുടെ കുറുമ്പുകളെ ആസ്വദിക്കുകയാണ്.

"പോട്ടെ.."

അവൾ വീണ്ടും നടന്നു.

"ഞാൻ സത്യമായും കഴിക്കില്ല ട്ടോ "

കണ്ണൻ വീണ്ടും അവൾക്കൊപ്പമെത്തി പറഞ്ഞു.

"വേണ്ട.. ന്നേ "

അവളും തിരിഞ്ഞു നോക്കാതെ പറഞ്ഞു.

പിന്നെയവൻ എന്തെങ്കിലും പറയും മുന്നേ സീത നടത്തം കുറേ കൂടി വേഗത്തിലാക്കി.

ഉമ്മറത്ത് ആരുമില്ലെന്ന് കണ്ടതും അവളിൽ ഒരു ആശ്വാസം നിറഞ്ഞു.

അവിടെയുള്ളത് ആരായാലും തന്നെ കണ്ടാൽ ഒന്ന് ചൊറിയും. അവരെയൊന്നു തിരിച്ചു മാന്തി പൊളിക്കാതെ വിട്ടാൽ തനിക്കിന്ന് ഉറങ്ങാനുമാവില്ല.

അതൊഴിഞ്ഞു കിട്ടിയല്ലോ!

അവളൊന്ന് ശ്വാസം വിട്ടു.

"വണ്ടിയെടുത്തോ ആദി. ഇനി ഈ നേരത്ത് ആ വരമ്പിലൂടെ പോവണ്ട "

അവൾക്ക് പിറകെ വന്നിരുന്ന കണ്ണൻ വിളിച്ചു പറഞ്ഞു.

ആദി തലയാട്ടി  ബൈക്ക് എടുക്കാൻ പോർച്ചിലേക്ക് പോയി.

"നാളെ നേരത്തെ വരണേ."

കണ്ണൻ വീണ്ടും സീതയുടെ തൊട്ടരികിൽ വന്നു നിന്നിട്ട് പറഞ്ഞു.

"എന്നും വരുന്ന നേരത്ത് വരും "
യാതൊരു അയവുമില്ലാത്ത സീതയുടെ ഉത്തരം കേട്ടിട്ട് അവന് ചിരി വന്നു.

"നീ ഒട്ടും റൊമാന്റിക് അല്ലല്ലോ എന്റെ സീതാ ലക്ഷ്മി "

"അതൊക്കെ ഞാൻ ആവേണ്ടവരോട് ആയിക്കൊള്ളും. കിണ്ണൻ അതൊന്നും അറിയേണ്ട കാര്യമില്ലല്ലോ?"

"അതിനെന്തിനാ ഇത്രേം ദേഷ്യം?"

അവളുടെ ചുവന്നു തുടങ്ങിയ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കണ്ണൻ വീണ്ടും ചോദിച്ചു.

സീത അതിന് ഉത്തരമൊന്നും പറയാതെ സ്റ്റെപ്പിറങ്ങി മുറ്റത്തേക്ക് ഇറങ്ങി നിന്നു.

ആദി ബൈക്ക് കൊണ്ട് വന്നിട്ട് അവൾക് മുന്നിൽ നിർത്തി.

"സൂക്ഷിച്ചു പോണേ ടാ. "

സീത കയറും മുന്നേ കണ്ണൻ വിളിച്ചു പറഞ്ഞു.

ഓ.. ആദിയുടെ മുഖത്തെ കള്ളച്ചിരി സീത ശെരിക്കും കണ്ടിരുന്നു.

"സൂക്ഷിച്ചു കയറൂ ഏടത്തിയമ്മേ "

അതേ ചിരിയോടെ അവൻ സീതയെ നോക്കി പറഞ്ഞു.

കണ്ണനും അവന്റെ പറച്ചിൽ കേട്ടിട്ട് ചിരിച്ചു പോയി.

"ഓ.. ഇവനെ മടുത്തിട്ട് ഇവളിപ്പോ നിന്റെ കൂടെ കൂടിയോ ടാ.?"

പിന്നിൽ നിന്നും സാവിത്രിയുടെ കൂർത്ത സ്വരം.

മൂന്നു പേരും ഒരുപോലെ തിരിഞ്ഞു നോക്കി.
നിനക്കിത് തന്നെയാണോടി പണി.

"അതെങ്ങനെ.. പഠിച്ചു വെച്ചതല്ലേ പാടൂ. പക്ഷേ എന്റെ മോന്റെ തലയിൽ തൂങ്ങാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ നീയത് ഏട്ടായി മടക്കിക്കോ. അതാണ്‌ നല്ലത് "

സാവിത്രി വീണ്ടും ഉറഞ്ഞു തുള്ളുവാണ്.

"സീത ഇന്ന് ഇറങ്ങാൻ ഇത്തിരി വൈകി അമ്മേ. ഈ നേരത്ത് എങ്ങനാ ഒറ്റയ്ക്ക് വിടുന്നത്? ഞാൻ കൊണ്ട് വിട്ടിട്ട് വരാം "

നന്നായി ദേഷ്യം വന്നിരുന്നുവെങ്കിലും പരമാവധി മയത്തിലാണ് ആദി സാവിത്രിയോടത് പറഞ്ഞത്.

ബൈക്കിൽ കയറാൻ വേണ്ടി നിന്ന സീത പിന്നോട്ട് നീങ്ങി.

"അമ്മ പറഞ്ഞത് കാര്യമാക്കേണ്ട. കയറ്. ഞാൻ കൊണ്ട് വിടാം "

ആദി അവളെ നോക്കി പറഞ്ഞു.

അവൾ നിഷേധർത്ഥത്തിൽ തലയാട്ടി പിന്നോട്ട് നീങ്ങി നിന്നു.

കണ്ണന്റെ വലിഞ്ഞു മുറുകിയ മുഖത്തേക്ക് ആദി നിസ്സഹായതയോടെ നോക്കി.

"അമ്മയോന്ന് മിണ്ടാതെ നിൽക്കുമോ? ഈ നേരത്ത് എങ്ങനാ ഇവളെ ഒറ്റയ്ക്ക് വിടുന്നത്. എനിക്കും ഒരു പെങ്ങളല്ലേ അമ്മേ? "

ആദിയുടെ സ്വരം ഉയർന്നു.

"മിണ്ടാതെ കയറി പോടാ അകത്ത്. അവൻ അവളുടെ വക്കാലത്തു കൊണ്ട് വന്നിരിക്കുന്നു. ഇനിയും ആരൊക്കെയാണാവോ ഇവളുടെ വലയിൽ വീഴാനുള്ളത്? നാശം പിടിച്ചവള്.. "

സാവിത്രി സീതയെ നോക്കി പകയോടെ മുരണ്ടു.

അതിനുത്തരം പറയാൻ ആദി ഒരുങ്ങും മുൻപ് സീതയവന്റെ കയ്യിൽ പിടിച്ചു.

"പ്ലീസ്.. അവന് മാത്രം കേൾക്കാവുന്ന സ്വരത്തിൽ അവൾ അപേക്ഷിച്ചു.

ആദി പിന്നെന്ത് വേണമെന്നറിയാതെ കണ്ണനെ നോക്കി.

സാവിത്രിയുടെ നേരെ കണ്ണന്റെ ദേഷ്യം നുരയുന്ന നോട്ടം പാറി വീണു.

അവൾക്ക് വേണ്ടി വീണ്ടുംഅവിടൊരു സീൻ ക്രിയേറ്റ് ചെയ്യാൻ അവനൊരുക്കമായിരുന്നില്ല.

കാരണം സീതാ ലക്ഷ്മിക്കത് സങ്കടമാവും എന്നവനറിയാം.

"നോക്കിയിരിക്കാതെ ഇങ്ങോട്ട് കയറി പോടാ "

സാവിത്രി വീണ്ടും അലറി.

"പോയിക്കോ.."

ആദിയെ നോക്കി സീത പതിയെ പറഞ്ഞു.

"വിഷമിക്കണ്ട ആദി. എനിക്കൊരു ടെൻഷനുമില്ല. അമ്മയെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ നിക്കാതെ നീ ചെല്ല്. ഞാൻ പോയിക്കൊള്ളാം "

സീത ശാന്തമായി പറഞ്ഞു.
ആദിയുടെ മുഖം കുനിഞ്ഞു.
കണ്ണനെ നോക്കി വിളറിയ ഒരു ചിരി അവന് നേരെ നീട്ടി... അവൾ തിരിഞ്ഞു നടന്നു.

അവൻ കണ്ണുകൾ ഇറുക്കി അടച്ചിട്ട് കൈകൾ ചുരുട്ടി പിടിച്ചു.

ആദി സാവിത്രിയെ ദേഷ്യത്തോടെ നോക്കി ബൈക്കിൽ നിന്നിറങ്ങി.

"സീതാ ലക്ഷ്മി ഒന്നവിടെ നിന്നേ "

കണ്ണന്റെ മുഴക്കമുള്ള സ്വരം.

അറിയാതെ തന്നെ സീത നിന്ന് പോയി.

സാവിത്രിയെ പുച്ഛത്തോടെ നോക്കി കണ്ണൻ ആദിയുടെ മുന്നിലേക്ക് കൈ നീട്ടി. ആദി ബൈക്കിന്റെ കീ അവന്റെ കയ്യിൽ വെച്ച് കൊടുത്തു.

ആദിയും സാവിത്രിയെ പുച്ഛത്തോടെ ഒന്ന് നോക്കി.

ഓടിയിറങ്ങി പോയി കണ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

സീതയുടെ അരികിലേക്ക് പോയി നിന്നു.

"കയറ് "

പതിവുപോലെ കുസൃതിയോ കുറുമ്പോയില്ലാത്ത കടുപ്പമേറിയ വാക്ക്.

"ഞാൻ പോയിക്കൊള്ളാം. ഇയാൾക്ക് വയ്യാത്തതല്ലേ?"

സീതയുടെ ശബ്ദം വളരെ നേർത്തു പോയിരുന്നു അത് പറയുമ്പോൾ.

"നിന്നോട് ഞാൻ കയറിയിരിക്കാനല്ലേ പറഞ്ഞത്?"

ദേഷ്യത്തോടെയാണ് കണ്ണന്റെ വാക്കുകൾ.

"കാറ്റ് തട്ടിയ പനി കൂടും കണ്ണേട്ടാ... ആരും ശ്രദ്ധിക്കാനുണ്ടാവില്ല. ഒറ്റക്കായി പോകും."

ആ ദേഷ്യമറിഞ്ഞത് കൊണ്ടാണ്... അവളുടെ വാക്കുകൾക്ക് സങ്കടത്തിന്റെ കനം.

കണ്ണൻ ഒരു നിമിഷം അവളെ തന്നെ നോക്കി.

അവനുള്ളിലും ആ വേദന നിറഞ്ഞ മുഖം കൊളുത്തി വലിച്ചു.

"ഒന്നുമുണ്ടാവില്ല ടോ. നീ കയറ്. ഈ നേരത്ത് നിന്നെ ഒറ്റയ്ക്ക് വിട്ടിട്ട്, ഞാനെങ്ങനാടോ.. പ്ലീസ് "

വീണ്ടും അവളോട് ദേഷ്യം കാണിക്കാൻ അവനും വയ്യായിരുന്നു.

"കയറിയിരിക്കെന്റെ സീതാ ലക്ഷ്മി. ഇപ്പൊ തന്നെ ഒരുപാട് വൈകി "

പിന്നെയും മടിച്ചു നിൽക്കുന്ന സീതയോട് കണ്ണൻ വീണ്ടും പറഞ്ഞു.

പിന്നൊന്നും പറയാൻ നിൽക്കാതെ സീത അവന് പിറകിൽ കയറിയിരുന്നു.

അവൾ കയറിയിരുന്നതിന് ശേഷം കണ്ണൻ സാവിത്രിയുടെ നേരെ നോക്കി മനോഹരമായൊന്ന് ചിരിച്ചു കാണിച്ചു.

ആദിയും...

                 ❣️❣️❣️❣️❣️❣️

രണ്ടാളും ഒന്നും മിണ്ടിയില്ല.

ആദ്യമായി ഒന്നിച്ചു യാത്ര ചെയ്യുന്നതിന്റെയൊരു വല്ലാത്ത തൃപ്തി രണ്ടാൾക്കും ഉള്ളിലുണ്ട്.

അവനിലേക്ക് ചേരാതെ അകലം സൂക്ഷിക്കാൻ ബലം പിടിച്ചാണ് സീതയുടെ ഇരിപ്പ്.
അത് മനസ്സിലായത് പോലെ കണ്ണൻ പതിയെയാണ് വണ്ടി ഓടിക്കുന്നത്.

മനസ്സുകൾ തമ്മിൽ വചാലമായത് പോലെ..

ഹൃദയം വിറച്ചു പോകുന്ന കുളിര്.

പത്തു മിനിറ്റ് കൊണ്ട് സീതയുടെ വീടിന്റെ മുന്നിലെത്തി.

പിന്നിൽ നിന്നും അവളാണ് വഴി പറഞ്ഞു കൊടുത്തത്.

"അതാണ്‌ വീട് "
മങ്ങിയ വെളിച്ചത്തിൽ കാണുന്ന വീടിന് നേരെ സീത വിരൽ ചൂണ്ടി.

"അവരെല്ലാം കിടന്നു കാണുമോ? വെളിച്ചമൊന്നും കാണുന്നില്ലല്ലോ?"

കണ്ണൻ ആശങ്കയോടെ പറഞ്ഞു.
സീതയും അത് ശ്രദ്ധിച്ചു.

പക്ഷേ അവളുടെ വീട്ടിൽ മാത്രമേ വെളിച്ചമില്ലാത്തതുള്ളു.

"ഇറങ്ങുന്നോ?"

മനസ്സിൽ അവനിറങ്ങരുതേയെന്ന് പ്രാർത്ഥന നിറച്ചു കൊണ്ടാണ് സീത ആ ചോദ്യം കണ്ണന് നേരെ നീട്ടിയത്.

"എന്ത് തരും?"

ബൈക്ക് ഓഫ് ചെയ്തു കാലുകൾ രണ്ടും നിലത്ത് കുത്തി, കൈകൾ നെഞ്ചിൽ ചേർത്ത് കെട്ടി കണ്ണനപ്പോൾ വീണ്ടും കുസൃതിക്കാരനായി.

"ചായ.. വെള്ളം.."

സീത അവന് നേരെ നോക്കി.

"എനിക്കിതൊന്നുമല്ല വേണ്ടത്"

കണ്ണന് കള്ളച്ചിരിയാണ്.

"പിന്നെ....?"

"പിന്നെ...?"

ചുറ്റും നോക്കി ഒറ്റ വലിക്ക് കണ്ണൻ അവളെ ചേർത്ത് നിർത്തി.

സീത ഞെട്ടി പോയി..

"എനിക്കെന്റെ പെണ്ണിനെ വേണം.. അവളുടെ സ്നേഹം വേണം. തരുവോ?"

അവൻ അവളുടെ കണ്ണിലേക്കു നോക്കി.നിലാവിന്റെ ഇത്തിരി വെട്ടത്തിലും പ്രണയം തിളങ്ങുന്ന അവന്റെ കണ്ണുകൾ അത്രയും തൊട്ടരികെ..

സീത വെപ്രാളത്തോടെ അവനെ നോക്കി.

"എനിക്കറിയാം.. നിനക്കൊരുപ്പാട് സങ്കടമായീന്ന്. "

കണ്ണന്റെ വാക്കിലും ഉണ്ടായിരുന്നു ഒരു സങ്കടത്തിന്റെ നനവ്.

"സാരമില്ല. അവരോടൊന്നും എന്ത് പറഞ്ഞിട്ടും കാര്യമില്ല. മനസ്സിന് കുഷ്ട്ടം ബാധിച്ചവരാണ്. വിട്ടേക്ക്.. ഞാനില്ലേടി നിന്റെ കൂടെ..?ആരെന്ത് പറഞ്ഞാലും എന്റെ മനസ്സിൽ നീ ഉണ്ടാവും. അവരുടെ വാക്കുകൾക്ക് ഞാൻ മാപ്പ് പറയട്ടെ നിന്നോട് "

സീതക്കവന്റെ വാക്കുകൾ കേൾക്കെ കരച്ചിൽ വരുന്നുണ്ട്.അവൾ വേണ്ടന്ന് തലയാട്ടി..

അവളനുഭവിച്ച സങ്കടങ്ങൾക് മേലാണ് അവന്റെ തലോടൽ.

സീത തല താഴ്ത്തി.

"ബോധമില്ലാത്തവര് വല്ലതും പറയുന്നത് കേട്ടാ തളർന്നു പോകുന്നവളാണോ എന്റെ സീതാ ലക്ഷ്മി?  അവൾ സ്ട്രോങ്ങല്ലേ "

കണ്ണൻ അവളുടെ മുഖം വിരൽ കൊണ്ട് ഉയർത്തി.
എന്നിട്ടും സീത അവനെ നോക്കിയില്ല.

"പോയിക്കോ. നീ പോയിട്ടേ ഞാൻ പോണുള്ളൂ "

കണ്ണൻ അവളിലുള്ള പിടി അയച്ചു.

സീത പിടഞ്ഞു മാറി.

കണ്ണൻ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു.

"മരുന്ന് കഴിക്കണേ "
തിരിഞ്ഞു നടക്കും മുന്നേ സീത വിളിച്ചു പറഞ്ഞു.

അവൻ കൈ വിരൽ ഉയർത്തി കാണിച്ചു.

"അതേയ്..."

വീണ്ടും സീത നടത്തം നിർത്തി തിരിഞ്ഞു നിന്നു.

മ്മ്... "കണ്ണൻ അവളെ നോക്കി.

"എനിക്കിഷ്ടം ഹരിയെ ആണ് ട്ടോ "
ഇപ്രാവശ്യം കള്ളത്തരം സീതയിലാണ്.

"കയറി പോടീ..അവളുടെയൊരു കരി "

കണ്ണൻ നാവ് കടിച്ചു കൊണ്ടവളെ നോക്കി കണ്ണുരുട്ടി.

തിരിഞ്ഞു നടക്കുമ്പോൾ അത് വരെയും അവളെ ചുഴിഞ്ഞു നിന്നിട്ട് വേദനിപ്പിച്ചിരുന്നതൊക്കെയും വിട്ട് പോയിരുന്നു.

പകരം ഹൃദ്യമായൊരു ചിരി സീതയുടെ ചുണ്ടിലിടം പിടിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story