സ്വന്തം ❣️ ഭാഗം 24

swantham

രചന: ജിഫ്‌ന നിസാർ

കയ്യിലൊരു കപ്പ് ചായയുമായി രമേശ്‌ പുറത്തേക്ക് വരുമ്പോഴും ഹരി ഫോണിലാണ്.

രമേശിനെ നോക്കി ഹരിയൊന്ന് കണ്ണടച്ച് കാണിച്ചിട്ട് സംസാരിക്കുന്നത് തുടർന്നു.

അവനെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചുക്കൊണ്ട് രമേശും ഹരിയുടെ അരികിൽ തന്നെയുള്ള ഒരു കസേരയിലേക്കിരുന്നു.

കൂടുതൽ അങ്ങോട്ടൊന്നും പറയാതെ ഹരിയെല്ലാം മൂളി കേട്ടിരിപ്പാണ്.

അഞ്ചോ പത്തോ മിനിറ്റ് നേരത്തെ സംസാരം.

ഫോൺ കട്ട് ചെയ്യുമ്പോൾ എപ്പോഴെത്തെയും പോലെ ഹരിയുടെ മുഖം നിറയെ നിരാശ.

ആ ഭാവത്തിൽ അവനെ ഇടയ്ക്കിടെ കാണുന്നത് കൊണ്ടായിരിക്കും, രമേശിനത് പുതുമയുള്ള കാഴ്ചയൊന്നുമല്ല.

"അമ്മയാണോ?"

രമേശ്‌ ചോദിച്ചു.

"മ്മ് "
നനുത്തൊരു മൂളൽ മാത്രം.

"പതിവുപോലെ പരാതിയാവും. അല്ലേ?"

ഹരി ചിരിച്ചുക്കൊണ്ട് തല കുലുക്കി.

"വർഷങ്ങളായി കേട്ടിട്ട് നിനക്കും പറഞ്ഞിട്ട് അവർക്കും മടുക്കാത്ത ഈ കലാപരിപാടി ഇനിയുമെത്ര നാള് തുടരേണ്ടി വരും ഹരി. ഓർത്തിട്ടുണ്ടോ നീ?"

രമേശ്‌ അവനെ നോക്കി.

ഹരി ഒരു നിമിഷം ഒന്നും മിണ്ടാതെയിരുന്നു.

"ഒരുപാട് തവണ ഞാനും അതിനെക്കുറിച്ച് ഓർത്തിട്ടുണ്ട് രമേശ്‌. പക്ഷേ ഇന്നും വ്യക്തമായൊരു ഉത്തരം കിട്ടിയിട്ടില്ല "

ഹരി കസേരയിലേക്ക് ചാരിയിരുന്നുക്കൊണ്ട് കാലുകൾ
ബാൽക്കണിയുടെ റെയിലേക്ക് ഉയർത്തി വെച്ചു.

"രണ്ടു കൂട്ടരെയും തെറ്റ് പറയാൻ പറ്റുന്നില്ലല്ലോ ഹരി? നിന്റെ മനസ്സിലുള്ളത് അവർക്കോ, അവരുടെ ആവിശ്യം അതേ ഫീലോടെ നിനക്കോ മനസ്സിലാവാത്തിടത്തോളം ഈ കലാപരിപാടി ഇനിയും നീളത്തിൽ തുടരാനാണ് സാധ്യത "

രമേശ് ഹരിയെ നോക്കി.

അവന്റെ ചുണ്ടിലും ചിരിയാണ്.

"രണ്ടിൽ ആരെങ്കിലുമൊരാൾ കോമ്പ്രമൈസ് ചെയ്യാതെ ഒരു പ്രശ്നനവും എവിടെയും പരിഹരിക്കപെട്ടിട്ടില്ല കേട്ടോ "

രമേശ്‌ ഹരിയെ ഓർമ്മിപ്പിച്ചു.

"അറിയാടോ.  പക്ഷേ..."

ആ പക്ഷേയിലേക്ക് ചേർത്ത് വെക്കാൻ ഇത്തിരി വാക്കുകൾ കിട്ടാതെ ഹരി ഒരു നിമിഷം പതറി പോയി.

രമേശ്‌ പിന്നൊന്നും പറയാതെ കയ്യിലുള്ള ചായ കുടിച്ചു കൊണ്ട് താഴെ കാണുന്ന നഗരതിരക്കിലേക്ക് നോക്കിയിരുന്നു.

"നാട്ടിൽ നിന്നൊന്ന് മാറി നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയിട്ടാ രമേശ്‌ ഞാനിത്രേം ദൂരെ എത്തി പെട്ടത്.അവിടെയെനിക്ക് ഒട്ടും പറ്റുന്നില്ലായിരുന്നു. ശ്വാസം മുട്ടുന്ന ഫീൽ. അങ്ങനെയാണ് ഹരി പ്രസാദ് ഒളിച്ചോടിയത്. ഇന്നും ആർക്കും അതൊരു ഒളിച്ചോട്ടമായിരുന്നു എന്നറിയില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ "

ഹരി ചിരിയോടെയാണ് പറയുന്നത്.

രമേശ്‌ ഒന്നും പറയാതെ അവനെത്തന്നെ നോക്കി.

"പക്ഷേ അതായിരുന്നു ഏറ്റവും വലിയ വിഡ്ഢിത്തവും. എന്തിൽ നിന്നാണോ ഞാൻ ഒളിച്ചോടി പോന്നത്, ആ കാരണങ്ങളൊക്ക തന്നെ എന്നേക്കാൾ മുന്നേ ഇവിടെത്തി എന്നെ കാത്തിരുക്കുവായിരുന്നു. പിന്നെയങ്ങോട്ട് ഓരോ നിമിഷവും എന്റെ കൂടെ തന്നെ ഉണ്ട്. ശ്വാസം മുട്ടിച്ചു കൊണ്ട് "

ഹരി നെടുവീർപ്പോടെ അകലേക്ക്‌ നോക്കി.

"ഓർമകൾക്ക് അങ്ങനൊരു പ്രതേകത യുണ്ട് ഹരി. മറക്കാൻ ശ്രമിക്കുന്നിടത്തോളം കൂടുതൽ ചുറ്റി വരിഞ്ഞിട്ട് നമ്മളെ ശ്വാസം മുട്ടിക്കും.. എന്നിട്ട് മാറിയിരുന്നിട്ട് കരയും "

രമേശ്‌ പതിയെ പറഞ്ഞു.

ഹരിയും അത് തന്നെയാണ് ഓർത്തത്.

ഇപ്പോഴും മറക്കാനായിട്ടില്ല.

ഇത്ര വർഷങ്ങൾക്ക് ശേഷവും.

ഒരുപാട് ശ്രമിച്ചു നോക്കി.

മറക്കാനല്ല... മറന്നെന്നു വെറുതെ അഭിനയിക്കാനെങ്കിലും.
അതിനും പറ്റിയില്ല.

മറ്റുള്ളവരുടെ മുന്നിൽ ചിരിയുടെ മുഖമൂടിയണിഞ്ഞു നടന്നാലും ഒറ്റക്കിരിക്കുമ്പോൾ ഓർമകൾ കൂടി ഓടി വന്നിട്ട് മടിയിലിരിക്കും.

"എല്ലാവരും നമ്മളെ ഉപദേശങ്ങളുടെ പെരും മഴയിൽ ഇറക്കി നിർത്തും ഹരി. എല്ലാം മറന്നു കളഞ്ഞേക്കെന്ന് തീർത്തും നിസ്സാരമായി പറയും. പക്ഷേ.. പക്ഷേ പറയുന്നത്  പോലെ അതത്ര എളുപ്പമല്ലടോ.. നീറ്റി നീറ്റി നമ്മളെ "

രമേശിന്റെ ഒച്ചയടഞ്ഞു.

ഹരി അലിവോടെ അവനെ നോക്കി.

രമേശ്‌ തന്നെ പറഞ്ഞു കൊടുത്തൊരു കഥയിലെ നായികയാവും അവന്റെ സ്വരമിടറാൻ കാരണമായതെന്ന് ഹരിക്കറിയാം.

"മറക്കാൻ ആവുമായിരുന്നു എങ്കിൽ.. ഞാനിപ്പോഴുമിങ്ങനെ നീറില്ലല്ലോ ഹരി? കാണുന്നവർക്കും കേൾക്കുന്നവർക്കും രമേശ്‌ എല്ലാം മറന്നു ജീവിക്കുന്നവനാണ്. സ്നേഹനിധിയായ ഭാര്യ.. നല്ല ശമ്പളമുള്ള ജോലി.. സന്തുഷ്ടകുടുംബം.."

രമേശിന്റെ ശബ്ദത്തിലെ നിരാശയുടെ പൊള്ളൽ, ഹരിക്കത് എളുപ്പത്തിൽ മനസ്സിലായി.

"ശിഖ മരിക്കുമ്പോൾ ഞങ്ങളുടെ പറഞ്ഞുറപ്പിച്ച കല്യാണത്തിന് വെറും ദിവസങ്ങൾ മാത്രമാണ് ബാക്കി. എന്റെ തൊട്ടരികിൽ നിന്നാണ് അവളെ ഒരു അപകടത്തിന്റെ രൂപത്തിൽ വിധി തട്ടി എടുത്തത്. എന്റെ നാല് കൊല്ലത്തെ പ്രണയമായിരുന്നു ഹരി അവള്.."

ഹരിക്ക് അവന്റെ മുഖം കാണുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുന്നുണ്ട്.

"എല്ലാവരും പറഞ്ഞു.. വിധിയാണ്, മറക്കണം. മനുഷ്യനാണ് മാറണം എന്നൊക്കെ. അതിനിടയിൽ പുകയുന്ന മനസ്സുള്ള എന്നെയാരും കണ്ടില്ലടോ. മറക്കാൻ പറഞ്ഞു.. മറന്നു. അല്ല.. മറന്നെന്ന് അഭിനയിച്ച് ഞാനിന്നും അവളുടെ ഓർമകളിൽ പിടയുന്നു."

അവന്റെ സ്വരം വളരെ നേർത്തു.
ഹരിക്ക് അവനെ എന്ത് പറഞ്ഞിട്ടാണ് ആശ്വാസം പകരേണ്ടത് എന്നറിയാതെയിരുന്നു പോയി.

"മീനാക്ഷിയുടെ നല്ല ഭർത്താവാണ് ഞാൻ. എന്റെ മോളുടെ നല്ല അച്ഛനാണ്. എന്റെ അച്ഛന്റേം അമ്മയുടെയും നല്ല മകനാണ്. പക്ഷേ ഞാൻ... ഞാനാകുന്ന കുറച്ചു സമയങ്ങളിൽ... ശിഖയെ സ്നേഹിച്ചു കൊല്ലുന്ന അവളുടെയാ പാവം രമേശേട്ടൻ കൂടിയാണ് ഹരി ഞാൻ. എനിക്കിന്നും അവളെ മറക്കാനായിട്ടില്ല. അവളുടെ ഓർമകൾക്ക് വല്ലാത്ത ഭാരമാണെടോ ചിലപ്പോൾ.എന്താ ശ്വാസം മുട്ടിച്ചു കൊല്ലാൻ മാത്രം ശക്തമായ ഭാരം. ആരോടും എനിക്കത് പറയാൻ കൂടി ആവുന്നില്ല."

രമേശ്‌ കിതച്ചു പോയി.

ഹരിയവനെ അലിവോടെ നോക്കി.

"ശിഖയുടെ ഓർമയിൽ തട്ടി ചിതറാതെ എന്റെ ഒരു ദിവസം പോലും കടന്ന് പോവാറില്ലെന്ന് ഞാൻ പറഞ്ഞ.. വിശ്വസിക്കുമോ നീ?  നാട്ടിൽ നിന്നും ഞാനും പോന്നത് അവളെയൊന്നു മറന്നങ്കിലോ എന്ന് കരുതിയിട്ടാണ്."

രമേശ്‌ ഹരിയെ നോക്കി.

"എനിക്കറിയാം രമേശ്‌..."

ഹരിയുടെയും ശബ്ദം വളരെ നേർത്തു പോയിരുന്നു അത് പറയുമ്പോൾ.

"നിനക്ക് ചിലപ്പോൾ അത് മനസ്സിലായേക്കും. അനുഭവിക്കാത്തവർക്കൊന്നും ആ ഭാരത്തിന്റെ നോവറിയില്ല ഹരി. കുറ്റപെടുത്തും. അത്ര തന്നെ. ഞാനെന്റെ ഭാര്യയോട് നീതി കേട് കാണിക്കുന്നില്ല ഹരി. ഒരു ഭർത്താവിന്റെ കടമകളെല്ലാം അവൾക്ക് ചെയ്തു കൊടുക്കുന്നുണ്ട്. എന്നിട്ടും പലപ്പോഴും എന്റെ മനസാക്ഷി പോലും എന്നെ ചോദ്യം ചെയ്യാറുണ്ട്. ഉത്തരമില്ലാതെ ഞാൻ പകച്ച് നിന്ന് പോയിട്ടുമുണ്ട്."

പ്രണയത്തിന്റെ ആഴം അവൻ സ്വന്തം വാക്കുകൾ കൊണ്ട് വരച്ചു കാണിക്കുന്നുണ്ട്.

നേടാനാവാത്ത പ്രണയത്തിനെന്നും വല്ലാത്ത ഭാരം തന്നെയാണ്.
ഓർക്കുമ്പോൾ നെഞ്ച് പൊടിയുന്ന വിങ്ങലാണ്.

പ്രണയത്തിന്റെ ഭംഗി കൂടുതൽ അറിയാവുന്നത് നേടി എടുത്തവർക്കല്ല.

അത് നഷ്ടപെട്ടവർക്കാണ്.

രമേശ്‌ അത് ഒന്നുക്കൂടി അടിവരയിട്ട് ഉറപ്പിക്കുന്നത് പോലെ ഹരിയുടെ മുന്നിൽ തളർന്നിരുന്നു.

                   ❣️❣️❣️❣️❣️❣️❣️

ഒതുക്കുക്കല്ലുകൾ കയറി സീത ഒന്നുക്കൂടി തിരിഞ്ഞു നോക്കിയപ്പോഴും കണ്ണൻ അവിടുണ്ട്.

വാതിലിൽ മുട്ടി.. കയ്യിലൊരു മെഴുകുതിരി വെട്ടത്തോടെ പാർവതി കടന്ന് വരുന്നതും കണ്ടിട്ടാണ് കണ്ണൻ പോയത്.

"ഇതെന്താടി ചേച്ചി.. നമുക്ക് മാത്രം കറണ്ടില്ലേ?"

അകത്തേക്ക് കയറുന്നതിനിടെ സീത ചോദിച്ചു.

പാർവതി ഒന്നും മിണ്ടാതെ വാതിലടച്ചു കുറ്റിയിട്ടു.

"എന്തെങ്കിലും കേടാണോ ആവോ?കുറേ നേരമായോ?"

കയ്യിലുള്ള ബാഗ് ടേബിളിൽ വെക്കുന്നതിനിടെ സീത വീണ്ടും ചോദിച്ചു.

"ഇതെന്താ മിണ്ടാതെ നിൽക്കുന്നെ? എന്താ?"

പാർവതിയുടെ നിൽപ്പ് കണ്ടിട്ട് അത്ര ശരിയല്ലെന്ന് തോന്നി സീത അവളുടെ നേരെ വന്നു.

"നീ ബില്ലടക്കാൻ കൊടുത്ത പൈസ അവൻ അടച്ചിട്ടില്ലെന്ന് "

അടഞ്ഞു പോയ ഒച്ചയിൽ പാർവതി അത് പറയുബോൾ സീത ഞെട്ടി പോയി.

"അടച്ചിട്ടില്ലന്നോ? പിന്നെ അവനാ കാശ് എന്ത് ചെയ്തു? അവനുള്ളത് ഞാൻ വേറെ കൊടുത്തിരുന്നല്ലോ?"

സീതയുടെ മുഖം മാറി തുടങ്ങി.

"എനിക്കൊന്നും അറിയില്ല സീതേ. ഉച്ചക്ക് ഇവിടെ വന്നൊരാൾ ബില്ലടിച്ചില്ല.. ഡേറ്റ് തെറ്റിയിട്ട് രണ്ടു ദിവസമായി. ഫ്യൂസ് ഊരാൻ വന്നതാ എന്നൊക്കെ പറഞ്ഞു. പത്തു രൂപ കയ്യിലില്ലാത്ത ഞാൻ എവിടുന്ന് അറുന്നൂറ് രൂപ ഉണ്ടാക്കി കൊടുക്കുന്നെ. ചോദിച്ച ആരും നമ്മക്ക് കാശ് തരില്ലെന്ന് അറിഞ്ഞൂടെ."

പാർവതി പാതി കരച്ചിലോടെയാണ് പറയുന്നത്.

"അവനെവിടെ എന്നിട്ട്?"

സീതയുടെ സ്വരം വല്ലാതെ മുറുകി.

"അടുക്കളയിലുണ്ട് "

സീത തോളിൽ കിടന്ന ഷാള് വലിച്ച് മേശയിലെറിഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു.

പിറകെ പാർവതിയും.

അവളുടെ വരവും കാത്തെന്ന പോലെ ചുവരിൽ ചാരി അർജുൻ നിൽപ്പുണ്ട്.

"ബില്ലടക്കാൻ തന്ന കാശ് നീ എന്ത് ചെയ്തു അർജുൻ? "

സീത അവന് മുന്നിൽ ചെന്നു നിന്നു.

"രണ്ടു ദിവസത്തിനുള്ളിൽ ഞാൻ അടച്ചോളാം "

സീതയെ നോക്കാതെയാണ് ഉത്തരം.

"നീ ഇന്നത് അടക്കാതെ കാശ് എന്ത് ചെയ്തു എന്നതാണ് എന്റെ ചോദ്യം?
ആദ്യം നീ അതിനുള്ള ഉത്തരം പറ "

സീതയുടെ വാക്കുകൾ ദേഷ്യം കൊണ്ട് വിറച്ചു പോയി.

"ആ കാശ്... അത് ഞാനൊരു ആവിശ്യത്തിന് തിരിച്ചു.."

വിക്കി കൊണ്ട് അർജുൻ പറഞ്ഞു തീരും മുന്നേ സീതയുടെ കൈകൾ അവന്റെ മുഖത്തു പതിഞ്ഞു.

"സഹിക്കുന്നതിനും ഒരു പരിധിയൊക്കെ ഉണ്ടെടാ. ഞാനും മനുഷ്യനാണ്. എനിക്കും നോവുന്നുണ്ട് "

സീതയവന്റെ ഷർട്ടിൽ പിടിച്ചുലച്ചു.

പാർവതി അവളെ തടഞ്ഞില്ല.

"ഞാനത് എങ്ങനെ ഒപ്പിച്ചു തന്നതാണെന്ന് ഒരിക്കലുലെങ്കിലും നീ ഒന്നോർത്തോ അർജുൻ.? എനിക്ക് ലക്ഷങ്ങളൊന്നും ശമ്പളം കിട്ടുന്നില്ല "

വീണ്ടും സീത അവന്റെ തോളിൽ അടിച്ചു.
"ആ കാശ് ഞാനും തിന്നിട്ടൊന്നുമില്ല. നാളെയോ മറ്റന്നാളോ കിട്ടും "

അർജുൻ അവളുടെ കൈകളെ തട്ടി മാറ്റി.

"കിട്ടും.. കാത്തിരുന്നോ കുട്ടി സഖാവ് "

സീത പുച്ഛത്തോടെ അവനെ നോക്കി.

"നിനക്കാവിശ്യത്തിനുള്ളത് ഞാൻ തരുന്നില്ലേ? ബില്ലടക്കേണ്ട അവസാന ഡേറ്റ് ആണെന്നും ഞാൻ നിന്നോട് പ്രതേകിച്ചു പറഞ്ഞതല്ലേ.?"

സീത വീണ്ടും അവന്റെ നേരെ ചെന്നു.

അർജുൻ മിണ്ടാതെ നിന്നു.

"മിണ്ടാതെ നിന്നത് കൊണ്ടായില്ല അർജുൻ. എനിക്കുത്തരം വേണം. അത്ര കഷ്ടപെട്ടാണ് ഞാനത് ഒപ്പിച്ചു തന്നത്. അത് കൊണ്ട് തന്നെ എനിക്കുത്തരം നീ തന്നേ പറ്റൂ "

സീത വീണ്ടും അവനെ പിടിച്ചിട്ട് അവളുടെ നേരെ തിരിച്ചു.

"അത്.. പാർട്ടിയുടെ ഒരാവശ്യത്തിന് "

അർജുൻ അറച്ചറച്ചാണ് അത് പറഞ്ഞത്.

സീതയുടെ മുഖം അങ്ങേയറ്റം പുച്ഛത്താൽ കോടി പോയി.

"കൊള്ളാം. കുട്ടി സഖാവ് വളരെ നല്ലൊരു കാര്യമാണ് ചെയ്തത്. നമ്മൾ ഇരുട്ടിലായാലും വേണ്ടില്ല.. പാർട്ടി വളരണം.. വളർന്നു പന്തലിക്കണം എന്നൊക്കെ കരുതിയ നിന്റെ മനസ്സെത്ര വലുതാണ്. ഞാൻ അറിയാതെ പോയല്ലോ അത്."

സീതയുടെ മുഖം വലിഞ്ഞു മുറുകി..

"നാണമുണ്ടോടാ നിനക്ക്? അവനൊരു സഖാവ് വന്നേക്കുന്നു. നിനക്കാ പേര് ചേരില്ലെടാ. നേരും നെറിയുമുള്ള അനേകം ആളുകൾ അഭിമാനത്തോടെ കൊണ്ട് നടന്നിരുന്ന പവിത്രമായൊരു പദവി.. ഇങ്ങനെ തട്ടിച്ചും വെട്ടിച്ചും ജീവിക്കുന്ന നിന്നെ പോലുള്ള നികൃഷ്ട ജീവികൾക്ക് ചേരില്ല. പാർട്ടിക്ക് വേണ്ടി സ്വയം അധ്വാനിച്ച് പലതും നേടി കൊടുത്തവർക്കുള്ള ചീത്ത പേരാണ് നീ. നല്ലൊരു മനുഷ്യനെങ്കിലും ആണോ അർജുൻ നീ "

സീത അർജുന് നേരെ വിരൽ ചൂണ്ടി.

അർജുൻ തല കുനിച്ചു.

ഇത്ര പെട്ടന്ന് ഫ്യൂസ് ഊരി കൊണ്ട് പോകുമെന്ന് അവനോർത്തതെ ഇല്ലായിരുന്നു.

"നാളെ കഴിഞ്ഞു അച്ഛനെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോണം. അതിനി എവിടുന്ന് ഉണ്ടാക്കും എന്നോർത്ത് നടക്കുവാ.. ആ ഞാൻ ഇനി എങ്ങനെ ഇത് കൂടി..."

വാക്കുകൾ പോലും നഷ്ടം വന്നത് പോലെ സീത കുഴഞ്ഞാ വെറും നിലത്തേക്കിരുന്നു പോയി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story