സ്വന്തം ❣️ ഭാഗം 25

swantham

രചന: ജിഫ്‌ന നിസാർ

കണ്ണൻ കയറി ചെല്ലുമ്പോൾ ഒരു ക്രോസ് വിസ്താരം പ്രതീക്ഷിക്കുച്ചിരുന്നുവെങ്കിലും, ഒന്നുമുണ്ടായില്ല.

നേരെ മുറിയിലേക്കാണ് അവൻ പോയത്.

പറയാനറിയാത്തൊരു വിങ്ങലാണ് മനസ്സിൽ നിറയെ.

നിസ്സഹായവസ്‌ഥയോടെ മുന്നിൽ നിന്നൊരുത്തിയുടെ കണ്ണീർ ഒളിപ്പിച്ചു പിടിച്ച കണ്ണുകൾ,ഉള്ളിലെ പൊള്ളലാണ്.

വാതിൽ അടച്ചു കുറ്റിയിട്ട് അവൻ കിടക്കയിലേക്ക് കമിഴ്ന്നു കിടന്നു.

"എനിക്ക് ഹരിയെയാണ് ഇഷ്ടം "

കണ്മുന്നിൽ വന്നിട്ട് വീണ്ടും സീത കുറുമ്പോടെ പറയുന്നത് പോലെ തോന്നിയവന്.

ചുണ്ടിലെ കുസൃതിയോടെ അവൻ തലയിണയിലേക്ക് മുഖം പൂഴ്ത്തി.

ഹരിയെ അവൾക്കിഷ്ടമാണ്.
അവനവളേം... അത്രതന്നെ ഇഷ്ടമായേക്കും.
പക്ഷേ ആ ഇഷ്ടത്തിന് പ്രണയത്തിന്റെ നിറം കൊടുക്കാൻ, എന്ത് കൊണ്ടോ അവനായില്ല.

അതിനുമപ്പുറം, അവരുടേയാ ഇഷ്ടം.. അത് സൗഹൃദം മാത്രമാണെന്ന് വിശ്വാസിക്കാനായിരുന്നു കണ്ണനും ഇഷ്ടം.

സീതാ ലക്ഷ്മി കിരൺ വർമ്മയുടേതാണ്.

അവൻ ഒന്നുക്കൂടി മനസ്സിൽ കണക്ക്ക്കൂട്ടി.

ഇനി അങ്ങനെ അല്ലങ്കിലോ?

പരസ്പരം പറയാത്തൊരിഷ്ടം ഹരിയും സീതയും മനസ്സിൽ സൂക്ഷിച്ചു നടക്കുന്നുണ്ടോ? 

സൗഹൃദത്തിനെ മറയാക്കി രണ്ടുപേരും ഒരിഷ്ടം വളർത്തി വലുതാക്കുന്നുണ്ടോ?

കണ്ണൻ ചാടി എഴുന്നേറ്റു.

അവനുള്ളിലെ പിടച്ചിൽ പൂർവ്വാധികം ശക്തമായി.

ഇനിയെങ്ങനെയാണ് താനവളെ മറക്കുന്നത്.

അതിനുത്തരം അവനും അറിയില്ലായിരുന്നു.

                         ❣️❣️❣️❣️❣️

നേരം പുലരുവോളം ആലോചിച്ചു നോക്കിയിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് മുന്നിൽ സീത പകച്ചിരിപ്പാണ്.

പാർവതി രണ്ടു പ്രാവശ്യം വന്നു നോക്കിയപ്പോഴും, സീത പുറത്തേക്ക് തുറിച്ചു നോക്കിയിരിപ്പുണ്ട്.

തലേന്ന് രാത്രിയിൽ അവളൊട്ടും ഉറങ്ങിയിട്ടില്ല.

അവള് മാത്രമല്ല പാർവതിയും.
ഭക്ഷണം പോലും കഴിക്കാതെ  കുളിയും കഴിഞ്ഞു കേറി കിടന്നിരുന്നു.

അത്രമേൽ തകർന്നിരിക്കുന്നവളോട് ഒരാശ്വാസവാക്ക് പോലും പറയാനാവാതെ പാർവതിയും ഉറങ്ങാതെ അവൾക്ക് കൂട്ടിരുന്നു.

മറ്റൊന്നും ചെയ്യാനാവാത്ത പോലെ.

കറണ്ടില്ലാത്തത് കൊണ്ട് ലല്ലു മോളും കൊതുകിന്റെ കടിയേറ്റ് ഇടയ്ക്കിടെ ഞെട്ടി ഉണർന്നിരുന്നു.

അമ്മമ്മയുടെയും സുധാകരന്റെയും മുറിയിൽ പാർവതി ഓരോ മെഴുകുതിരി കത്തിച്ചു വെച്ചു കൊടുത്തിരുന്നു.അതണഞ്ഞു പോയോ എന്ന് ഇടയ്ക്കിടെ പോയി നോക്കും.

"സീതേ...

പാർവതി വന്നു വിളിച്ചപ്പോൾ സീത അവളെ നോക്കാതെ തന്നെ ഒന്ന് മൂളി.

"എന്തൊരു ഇരിപ്പാടി. നിനക്കിന്നു പോണ്ടേ. രാത്രി പോലും ഒന്നും കഴിച്ചിട്ടില്ലല്ലോ.?"

പാർവതി അവളുടെ തലയിൽ തലോടി.

സീത അതിനുത്തരം പറഞ്ഞില്ല.

"ഇങ്ങനെ വിഷമിച്ച് ഇരുന്നിട്ട് എന്താടി കാര്യം?  നീ എഴുന്നേറ്റു വന്നേ. ഇത്തിരി ചായ കുടിക്ക്."

പാർവതി വീണ്ടും അവളെ തഴുകി.

സീത കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചിരുന്നു.

"സമയം ഒൻപത് കഴിഞ്ഞു. "
പാർവതി വീണ്ടും ഓർമപ്പിച്ചു.

"ഞാനിനി എന്താടി ചേച്ചി ചെയ്യേണ്ടത്.?എനിക്ക് പറ്റുന്നില്ല. ഞാൻ തോറ്റു പോകുന്നു "

തീർത്തും തളർന്നു പോയത് പോലെ സീത പാർവതിയുടെ തോളിലേക്ക് ചാഞ്ഞു.

പാർവതി അവളോട് പറയാൻ ഒരുത്തരത്തിനായ് പരതി.

"കിട്ടാനുള്ള ശമ്പളം മുൻകൂട്ടി വാങ്ങിയിട്ടാണ് ഞാനോരോന്നും ചെയ്തു തീർക്കുന്നത്. അതിനിടയിൽ ഇവനിങ്ങനെ തുടങ്ങിയ.. ഞാൻ പിന്നെന്ത് ചെയ്യും?"

അങ്ങേയറ്റം നിസ്സഹായത നിറഞ്ഞ സീതയുടെ വാക്കുകൾ.. പാർവതിയുടെ കണ്ണ് നിറഞ്ഞു പോയി.

സീതയെ അവളൊന്നുക്കൂടി ചേർത്ത് പിടിച്ചു.

"വയ്യെങ്കിൽ നീ ഇന്ന് പോവേണ്ട മോളെ."

തോളിൽ ചേർത്ത് വെച്ച സീതയുടെ നെറുകയിൽ ഉമ്മ വെച്ച് പാർവതി പറഞ്ഞു.

"ദിവസവും പോയിട്ട് തന്നെ എങ്ങുമെത്തുന്നില്ല. അപ്പഴാ ഇനിയിപ്പോ ലീവുക്കൂടി."

സീത നേരെ ഇരുന്നുക്കൊണ്ട് പറഞ്ഞു.

"എന്റെ വയ്യായ്ക മനസ്സിനല്ലെടി ചേച്ചി? ആരാണ് അതറിയുന്നത്.അതങ്ങനെയൊന്നും മാറാനും പോകുന്നില്ല. എന്ന് തുടങ്ങിയ വീർപ്പുമുട്ടലാണ്. കൂടുന്നു എന്നല്ലാതെ അൽപ്പം പോലും കുറഞ്ഞിട്ടില്ലല്ലോ?"

സീതയുടെ ചുണ്ടിലെ വരണ്ട ചിരിയിലേക്ക് പാർവതി വേദനയോടെ നോക്കി.

"ഞാൻ കുളിച്ചു വരട്ടെ.."

മരവിച്ച മനസ്സിന്റെ തളർച്ച ശരീരം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

നടക്കുമ്പോൾ  കുഴഞ്ഞു പോകുന്ന കാലുകളോടെ സീത എഴുന്നേറ്റു പോയി.

                    ❣️❣️❣️❣️

ഒന്നൂടെ കഴിച്ചോ. ഇന്നലെ മുതൽ പട്ടിണിയല്ലേ?"

സീത കഴിച്ചുകൊണ്ടിരുന്ന പാത്രം പിടിച്ചു വാങ്ങി പാർവതി അതിലേക്ക് ഒരു അപ്പം ക്കൂടിയിട്ട് കൊടുത്തു.

സീതയുടെ മനസ്സ് അവിടെങ്ങുമല്ലായിരുന്നു അപ്പോഴും.

ചെയ്തു തീർക്കാനുള്ള ബാധ്യതകളുടെ നീളം അവളുടെ സ്വസ്ഥത കെടുത്തി.

"ഇവിടാരുമില്ലേ?"

അത്യാവശ്യം ഉച്ചത്തിൽ ഉമ്മറത്തുനിന്നാരോ വിളിച്ചു ചോദിക്കുന്നത് കേട്ടിട്ട് പാർവതിയും സീതയും പരസ്പരം നോക്കി.

"നീയിരിന്ന് കഴിച്ചോ. ഞാൻ നോക്കാം "

കയ്യിലുള്ള ചട്ടുകം അവിടെ വെച്ചിട്ട് പാർവതി ഉമ്മറത്തേക്ക് നടന്നു.

സീത കഴിക്കുന്നതിന്റെ സ്പീഡ് അൽപ്പംക്കൂടി കൂട്ടി.

"സുനിൽമാമയാണ് "

ധൃതിയിൽ പാർവതി വന്നു പറയുമ്പോൾ സീതയുടെ മുഖത്ത് അസംതൃപ്തിയുടെ അടയാളമുണ്ടായിരുന്നു.

"അയാളെയിപ്പോ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്?"

സീത പാർവതിയെ നോക്കി.

"എനിക്കറിയില്ല "

കോലായിലേക്ക് പാളി നോക്കി പാർവതി വേവലാതിയോടെ പറഞ്ഞു.

"വല്ല കുനിഷ്ടും ഒപ്പിക്കാനാവും. വിശേഷം ചോദിക്കാൻ ഏതായാലും ഈ വഴി അയാള് വരില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് "

കയ്യിലുള്ള പാത്രം മേശയിൽ വച്ചുക്കൊണ്ട് സീത എഴുന്നേറ്റു കൈ കഴുകി.

"നീയൊന്നു മിണ്ടാതിരിക്കെന്റെ സീതേ "

പാർവതിയെ നോക്കി സീത പുച്ഛിച്ചു.

"നീ ഒച്ചാനിച്ചു നിന്ന മതി. എന്നെ അതിന് പ്രതീക്ഷിക്കണ്ടാ "

അവളുടെ സ്വരം കൂടുതൽ കടുത്തു.

പാർവതി അവള് പറയുന്നത് കോലായിലിരിക്കുന്ന സുനിൽ കേൾക്കുമോ എന്നുള്ള പേടിയിലാണ്.

"നീ അങ്ങോട്ട്‌ ചെല്ല്. ഞാൻ ചായയെടുത്തിട്ട് വരാം "

പാർവതി സീതയെ നോക്കി.

"ചായ മാത്രം ആക്കേണ്ട. അൽപ്പം കനമുള്ള എന്തെങ്കിലും എടുത്തോ. സതൽകരിക്കാൻ പറ്റിയ മുതലാണ് വന്നിരിക്കുന്നത്. പ്രതേകിച്ചും നീ "

സീത അൽപ്പം ഉറക്കെ തന്നെ പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്നും പോയി.

"തമ്പുരാട്ടി പോകും മുന്നേ ഒന്ന് കാണാൻ വന്നതാ "

വാതിൽ പടിയിൽ ചാരി നിൽക്കുന്ന സീതയെ കണ്ടയുടനെ സുനിലിന്റെ പരിഹാസം.

"ശ്രീനിലയത്തിൽ സ്ഥിരതാമസത്തിനൊന്നുമല്ല ഞാൻ പോവാറുള്ളത്. വൈകുന്നേരം തിരിച്ചു വരാറുണ്ട് "

കടുപ്പത്തിൽ തന്നെ സീതയുടെ മറുപടിയും.

"അവളുടെ അഹങ്കാരത്തിന് യാതൊരു കുറവും വന്നിട്ടില്ല ഇപ്പോഴും "

സുനിൽ ചാടി എഴുന്നേറ്റുക്കൊണ്ട് സീതയെ തുറിച്ചു നോക്കി.

"അതിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. കുറവ് വരുന്നുണ്ടെങ്കിൽ മാമയെ അറിയിക്കാം."

സീതക്ക് യാതൊരു കൂസലുമില്ലെന്നത് അയാളുടെ ദേഷ്യം ഒരുപാട് കൂടാൻ കാരണമായിരുന്നു.

"മാമയിപ്പോ വന്ന കാര്യം പറ. എനിക്ക് പോവാനുള്ളതാ "

സീത വീണ്ടും അയാളെ നോക്കി.

"ഓ..നീയൊരു ജില്ലാ കളക്ടർ "
അയാളുടെ ചുണ്ടുകൾ പുച്ഛത്തോടെ കോടിപോയി.

"ജില്ലാ കളക്ടർ അല്ലാത്തവർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ "
സീത ഒരു പൊടിക്കും വിട്ട് കൊടുക്കുന്നില്ല.

ചായയും കൊണ്ട് വന്ന പാർവതി അവളെ ദയനീയമായി നോക്കി.
സീത അവളെ നോക്കിയൊന്നു കണ്ണടച്ച് കാണിച്ചു.

"എനിക്കറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. എന്ത് കണ്ടിട്ടാ നീയൊക്കെ ഈ തുള്ളുന്നത്? എന്താ നിങ്ങള് ചേച്ചിയുടെയും അനിയത്തിയുടേം വിചാരം?"

പാർവതി നീട്ടിയ ചായയും വാങ്ങി അയാൾ വീണ്ടും കസേരയിൽ ഇരുന്നു.

"ഇപ്പൊ ഞങ്ങൾക്കങ്ങനെ പ്രതേകിച്ചു വിചാരങ്ങളൊന്നും തന്നെയില്ല. ഇനി ഭാവിയിൽ ഉണ്ടാവുമോ എന്നും പറയാൻ പറ്റില്ല. ഇല്ലെടി ചേച്ചി. മനുഷ്യനല്ലേ? മാറ്റങ്ങൾ ഉണ്ടാവുക സ്വാഭാവികമല്ലേ?"

"നീയെന്താ ആളെ കളിയാക്കുവാണോ? ചോദിക്കാനും പറയാനും ആരുമില്ലെന്നു കരുതി ചേച്ചിയും അനിയത്തിയും കൂത്താടി ജീവിക്കാം എന്ന് വിചാരിച്ചോ? നടക്കില്ലത്. "

വീണ്ടും സുനിലിന്റെ ശബ്ദമുയർന്നു.

"ഏയ്. അത് ഞങ്ങൾ മറന്നിട്ടൊന്നുമില്ല. ചോദിക്കാനും പറയാനും ഉള്ളവര് തന്നെയാണ് ഞങ്ങളുടെ ജീവിതം ഈ കോലത്തിൽ ആക്കിയത്. നിങ്ങളെല്ലാം നിങ്ങളെ കൊണ്ടാവുന്ന വിധം സംഭാവന തന്നത് കൊണ്ട് തന്നെ ജീവിക്കാനുള്ള ഞങ്ങളുടെ മോഹം പോലും ഇപ്പൊ ഇല്ലാതായി. അത്രേം വലിയ സഹായങ്ങളല്ലേ ചെയ്തു തന്നത്?"

സീതയുടെയും ശബ്ദം വല്ലാതെ ഉയർന്നു.

പാർവതി പേടിയോടെ സീതയുടെ കയ്യിൽ പിടിച്ചു.

"ഏറ്റവുമൊടുവിൽ മാമൻ ചെയ്തൊരു സഹായം.. അകത്തു കിടന്നു ഉറങ്ങുന്നുണ്ട്. പിന്നെ ദേ, ഇവളുടെ കണ്ണുനീരിലുമുണ്ട് ആ നന്ദി.അത് പോരെ?"

പാർവതിയെ പിടിച്ചു അയാൾക്ക് മുന്നിലേക്ക് നീക്കി നിർത്തിക്കൊണ്ട് സീത സുനിലിനെ തുറിച്ചു നോക്കി.

"ഇവള് അവിടെ നിന്നും ഓടി പോന്നതിന് ഞാൻ എന്തോ പിഴച്ചു. നന്നായി അന്വേഷണം നടത്തിയിട്ടു തന്നെയാണ് ഞാനാ കല്യാണത്തിന് ഒരുങ്ങിയത്. ആണുങ്ങളാവുമ്പോ ചിലപ്പോൾ ഇച്ചിരി ചുറ്റിക്കളിയൊക്കെ ഉണ്ടാവും. അതെല്ലാം സഹിക്കേണ്ടത് പെണ്ണുങ്ങളുടെ ഉത്തരവാദിത്തമാണ്.. അതെല്ലാം നേരിടാൻ പഠിക്കണം ആദ്യം.അല്ലാതെ പെട്ടി എടുത്തു പോരുകയല്ല വേണ്ടത് "

സുനിൽ സീതയെയും പാർവതിയെയും മാറി മാറി നോക്കി പുച്ഛത്തോടെ പറഞ്ഞു.

"വേണ്ട.. അയാൾക്കും അയാളുടെ പുതിയ ഭാര്യക്കും വേണ്ടുന്ന സഹായങ്ങളും ചെയ്തു കൊണ്ട് ഒരു വേലക്കാരിയെ പോലെ ഇവളവിടെ നിൽക്കണമായിരുന്നു. അതല്ലേ മാമ ഉദ്ദേശിച്ചത്? "
സുനിൽ മിണ്ടിയില്ല.. സീതയത് ചോദിക്കുമ്പോൾ.

"സ്വന്തമായിട്ട് വളർത്തി വലുതാക്കി ഓമനിച്ചു കൊണ്ട് നടക്കുന്ന മകളൊരുത്തി വീട്ടിലില്ലേ? അവൾക്കീ ഗതി വന്നാലും ഇത് തന്നെ പറയണേ നിങ്ങൾ? "

സീതയുടെ പരിഹാസം മനസ്സിലായത് കൊണ്ട് സുനിലിന്റെ മുഖം വീർത്തു കെട്ടി.

"ഞങ്ങളുടെ അമ്മയുടെ ഓഹരിയിൽ കയ്യിട്ട് വരാൻ വേണ്ടി നിങ്ങൾ നടത്തിയ ഈ കല്യാണ നാടകത്തിന് ഇനിയെങ്കിലും വെള്ളപൂശുന്നത് നിങ്ങളൊന്നു നിർത്താദ്യം "

പാർവതി പിടിച്ചു വെച്ചിട്ടും അവളുടെ കൈകൾ കുടഞ്ഞു മാറ്റി സീത സുനിലിന്റെ മുന്നിൽ ചെന്നു നിന്നു.

അവളുടെ മുഖത്തു നോക്കാൻ അയാൾക്കപ്പോൾ നല്ല പേടി തോന്നിയിരുന്നു.

"നീ എന്തൊക്കെയാ ഈ പറയുന്നത്. ഇവൾക്കൊരു ജീവിതമാവട്ടെ എന്ന് കരുതി..."

അയാളത് പറഞ്ഞു മുഴുവനാക്കും മുന്നേ സീത കൈ ഉയർത്തി തടഞ്ഞു.

"കൂടുതൽ പറഞ്ഞു ബുദ്ധിമുട്ടണം എന്നില്ല. ഇവിടെയുള്ളവരും ചോറ് തന്നാ മാമ കഴിക്കുന്നത്. എല്ലാം അറിഞ്ഞിട്ടും പിന്നെയും നിങ്ങളുടെ മുഖത്തു നോക്കി ആട്ടിയിറക്കാത്തത് ഞങ്ങളുടെ വിവരകേട് തന്നെയാണ്."

സീതയുടെ ഇരുണ്ട മുഖത്തേക്ക് നോക്കാൻ സുനിലിന് നല്ല മടിയുണ്ടായിരുന്നു.

"ഞങ്ങളുടെ ജീവിതം ഇങ്ങനൊക്കെ ആയി തീർന്നതിൽ ഞങ്ങളുടെ പങ്ക് എന്താണ്? ഇന്നും അറിയില്ലത്.പക്ഷേ വേദനക്കൊരു പഞ്ഞവുമില്ല."

സീത അമർഷത്തോടെ പറഞ്ഞു.

"സ്വന്തം മകളെ പോലെ കരുതേണ്ടവളല്ലേ ഇവള്? ഗിരീഷിന്റെ നല്ല സ്വഭാവത്തിനെ കുറിച്ച് നിങ്ങൾക്ക് പറയാൻ നൂറു നാവല്ലായിരുന്നോ കെട്ടുന്നതിനു മുന്നേ?"

സീതയുടെ ചോദ്യത്തിന് മുന്നിൽ സുനിൽ അറിയാതെത്തന്നെ എഴുന്നേറ്റ് പോയി.

അവളാ പറയുന്ന സത്യങ്ങളെ മറച്ചുപ്പിടിക്കാൻ അയാളെത്ര ശ്രമിച്ചിട്ടും നടന്നില്ല.

വിളറി വെളുത്ത ആ മുഖത്തേക്ക് സീത അവജ്ഞയോടെ നോക്കി.

"ചെയ്യൂല.നിങ്ങളത് ചെയ്യൂല. കാരണം നിങ്ങളുടെ മുന്നിൽ ഞങ്ങളുടെ ജീവനേക്കാൾ വലുതായി ഉള്ളത് പെങ്ങളുടെ ഓഹരിയായി കിട്ടുന്ന കാശാണ്. അതിന് വേണ്ടിയായിരുന്നുവെങ്കിൽ ഒന്ന് പറയാമായിരുന്നു. സന്തോഷത്തോടെ ഞങ്ങളത് വിട്ട് തരുമായിരുന്നു. പകരം ഇവളുടെ കണ്ണുനീരിന്റെ പൊള്ളൽ ഒഴിവായി കിട്ടുമായിരുന്നു "

പാർവതിയുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി പറയുമ്പോൾ അങ്ങേയറ്റം വേദന സീതയിലും ഉണ്ടായിരുന്നു.

"നീയൊന്നു നിർത്തുന്നുണ്ടോ സീതേ? ഇനിയും അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. നമ്മുടെ വിധി "

പാർവതി സീതയുടെ തോളിൽ പിടിച്ചു.

"നീ അങ്ങനെ സമാധാനിച്ച്  ഇരുന്നോ.. എനിക്ക് തത്കാലം അതിന് മനസ്സില്ല "

ഉള്ളിലെ ദേഷ്യം മുഴുവനും ഉണ്ടായിരുന്നു സീത പാർവതിയോടത് പറയുമ്പോൾ.

"ഞാൻ അമ്മയെ ഒന്ന് കണ്ടിട്ട് വരാം "

അവർക്കിടയിൽ നിന്നും രക്ഷപെട്ടു പോകുന്നതാണ് ബുദ്ധിയെന്ന് മനസ്സിലായത് കൊണ്ടാണ് സുനിൽ ചായ പാതി കുടിച്ചിട്ട് ഗ്ലാസ്‌ മേശയിലേക്ക് വെച്ചിട്ട് കല്യാണിയമ്മയുടെ മുറിയിലേക്ക് നടന്നത്.

"അമ്മയെ കാണുന്നതൊക്ക കൊള്ളാം. കഴിഞ്ഞ പ്രാവശ്യം വന്നു കണ്ടിട്ട് പോയപ്പോൾ അമ്മ നന്നായി മെലിഞ്ഞു എന്നൊരു പരാതിയുണ്ടായിരുന്നു എന്ന് ഞാനറിഞ്ഞു."

പിന്നിൽ നിന്നും വീണ്ടും സീതയുടെ പരിഹാസം കേട്ടത് കൊണ്ട് സുനിൽ ഒന്ന് തിരിഞ്ഞു നോക്കി.

"അല്ലാ... ഇപ്രാവശ്യവും ആ പരാതിയുണ്ടെങ്കിൽ, വണ്ടി ഞാൻ വിളിച്ചു തരും... വണ്ടികൂലിയും ഞാൻ കൊടുക്കും.മാമന് കൊണ്ട് പോവാം കേട്ടോ. പുന്നാരയമ്മയെ "

പാർവതിയുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് സീതയത് പറയുമ്പോൾ സുനിൽ വെടിയുണ്ട പോലെ അമ്മയുടെ മുറിയിലേക്ക് കയറി പോയിരുന്നു.

                    ❣️❣️❣️❣️❣️

ഒന്നിലും മനസ്സുറക്കുന്നില്ല.

എന്ത് വേണെമെന്നൊരു രൂപവുമില്ല.

ആരോടാണ് ഇനി പോയി കൈ നീട്ടേണ്ടത്?
അല്ലങ്കിലും ആരാണ് ചോദിക്കുന്നത് എടുത്തു തരാനുള്ളത്?

വാടി തളർന്നത് പോലാണ് സീതയന്നു ശ്രീനിലയത്തിൽ എത്തിയത്.

ഗേറ്റ് കടന്നവൾ മുറ്റത്തേക്ക് കടന്നപ്പോൾ ഒരു ചൂളം വിളി കേട്ടു.

നാലുപാടും  തിരഞ്ഞിട്ടും അതിന്റെ സ്ഥാനം കണ്ടെത്താൻ ആയില്ല.

വീണ്ടും അത് തുടർന്നപ്പോൾ അവളുടെ കണ്ണുകൾ .. സൈഡിലെ തൂണിൽ ചാരി... അവളെ നോക്കി ചൂളം വിളിച്ചു നിൽക്കുന്ന കണ്ണനിൽ എത്തി നിന്നു.

അവന്റെ ചിരിയിലേക്ക് നോക്കി അവൾ സ്വയം മറന്നു നിന്നു.

കയ്യിലെ വാച്ചിലേക്ക് നോക്കിയിട്ട്.. അവന്റെ കണ്ണുകൾ വീണ്ടും അവളുടെ നേരെ നീണ്ടു.

"എന്തേ നീ ഇത്ര വൈകിയതെന്ന "ചോദ്യമായിരുന്നു ആ മുഖം നിറയെ.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story