സ്വന്തം ❣️ ഭാഗം 26

swantham

രചന: ജിഫ്‌ന നിസാർ

കാർമേഘമിരുണ്ട് കൂടിയത് പോലുള്ള സീതയുടെ മുഖത്തേക്ക് ഇടയ്ക്കിടെ മുത്തശ്ശി നോക്കുന്നുണ്ട്.

പക്ഷേ അവളതൊന്നും അറിയുന്നില്ല.

കൂട്ടലും കിഴിക്കലുമായി ചിന്തകളുടെ നീരാളിപ്പിടുത്തത്തിൽ വലിഞ്ഞു മുറുകി പലപ്പോഴും അവൾക്ക് ശ്വാസം പോലും കിട്ടുന്നുണ്ടായിരുന്നില്ല.

"വയ്യേ മോളെ?"

മുത്തശ്ശിയവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു.

"ഏയ്‌. ഒന്നുമില്ല മുത്തശ്ശി."

നേർത്ത ചിരിയോടെ ഒറ്റവാക്കിൽ ഉത്തരം കൊടുത്തിട്ട് വീണ്ടും അവൾ ചെയ്യുന്ന ജോലി തുടർന്നു.

കൂടുതൽ ഒന്നും ചോദിച്ചിട്ട് അവളെ വിഷമിപ്പിക്കാൻ വയ്യെന്ന് തോന്നിയിട്ടോ, അതോ എത്ര ചോദിച്ചാലും സീതാ ലക്ഷ്മി വേദനകളുടെ ഭാന്ധം തുറക്കില്ലെന്ന് അറിയാമായിരുന്നിട്ടോ മുത്തശ്ശി പിന്നൊന്നും ചോദിച്ചില്ല.

കുറച്ചു നാളുകൾ കൊണ്ട് സീതാലക്ഷ്മിയെ അവളായിട്ട് അടയാളപെടുത്താൻ കഴിഞ്ഞ ചുരുക്കം ചിലരിൽ അവരുമുണ്ട്.

പറയേണ്ടതാണെങ്കിൽ അവൾ തന്നെ മനസ്സ് തുറന്നു പറയട്ടെ എന്ന് കരുതി മുത്തശ്ശിയും സീതയെ പോലെ മൗനം കൂട്ട് പിടിച്ചു.

സീതയാവട്ടെ അവൾ ചെയ്യുന്ന ജോലിയിലാണ് മുഴുവൻ ശ്രദ്ധയും.

"ഇനി പോയി കുളിച്ചിട്ട് വരൂ "

കയ്യിലും കാലിലും കുഴമ്പിട്ട് മസാജ് ചെയ്തു കഴിഞ്ഞതിനു ശേഷം സീത മുത്തശ്ശിയെ നോക്കി പറഞ്ഞു.

തലേന്നത്തെ ഉറക്കു ക്ഷീണവും മനസ്സിന്റെ സങ്കടവും ടെൻഷനും എല്ലാം കൂടി സീതയെ ഒരുപാട് തളർത്തി കളഞ്ഞിരുന്നു.

വിങ്ങുന്ന അകവും പുറവും ഒന്ന് ശാന്തമായിരുന്നുവെങ്കിലെന്ന് അന്നത്തെ ദിവസം അത്രസമയം കൊണ്ട് അവൾ ആലോചിച്ചതിന് കണക്കില്ല.

മുത്തശ്ശിയുടെ വിസ്തരിച്ചുള്ള കുളി അരമണിക്കൂറോളം നീളും.

സീത അവളുടെ ബെഡിൽ പോയിരുന്നു.

ആലോചിച്ചിട്ടും അറ്റം കിട്ടാത്ത പ്രശ്നങ്ങൾ അവളിരുന്നെന്ന് കണ്ടതും അവൾക്ക് ചുറ്റും മൂളി പറക്കാൻ തുടങ്ങി.

മുത്തശ്ശിയെ വിളിച്ചു കൊണ്ട് അകത്തേക്ക് കണ്ണൻ കയറി വന്നതൊന്നും അവളറിഞ്ഞതെ ഇല്ലായിരുന്നു.

"എന്ത് പറ്റിയെടോ?"

ഒടിഞ്ഞു തൂങ്ങിയിരിക്കുന്നവളിലേക്ക് അവന്റെ ചോദ്യം നീണ്ടു.

"മുത്തശ്ശി കുളിക്കാൻ കയറി. ഇനി ഇറങ്ങാൻ ഇച്ചിരി നേരമാവും. ഇയാള് പോയിട്ട് പിന്നെ വാ "

പരുക്കമായ ശബ്ദത്തിൽ അവളുടെ മറുപടി.

കണ്ണന്റെ നെറ്റി ചുളിഞ്ഞു.

"അതൊക്കെ ഒക്കെ. തനിക്കിപ്പോ എന്ത് പറ്റി? അത് പറ. വയ്യേ?"

ചോദ്യത്തോടൊപ്പം കണ്ണന്റെ കൈകൾ അവളുടെ നെറ്റിയിൽ ചേർന്നു.

കണ്ണന്റെ കയ്യിന്റെ നേർത്ത ചൂട് സീതയുടെ ശരീരമാകെ വ്യാപിച്ചു.

അവൾ ചാടി എഴുന്നേറ്റു.

"താനെന്താടോ ഈ കാണിക്കുന്നേ?"

കണ്ണനെ നോക്കി അവൾ ചീറി.

"പനിയുണ്ടോയെന്ന് നോക്കിയതാ സീതാ ലക്ഷ്മി "

അവളുടെയാ ഭാവമാറ്റത്തിൽ അവനും ഞെട്ടി പോയിരുന്നു.

"ഉണ്ടെങ്കിൽ തന്നെ തനിക്കെന്താ? ഏഹ്. താനാര ഇതൊക്കെ അന്വേഷിക്കാൻ? "

സീത കണ്ണനെ പിടിച്ച് പുറകിലേക്ക് തള്ളി.

ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് കണ്ണൻ പിറകിലേക്ക് തെന്നി മേശയിൽ ഇടിച്ചു നിന്നു.

"ഇത്തിരി സ്വാതന്ത്രം തന്നെന്നു കരുതി എന്റെ ദേഹത്തു കൈ വെച്ചാലുണ്ടല്ലോ..അറിയില്ല നിനക്കെന്നെ "

വിരൽ ചൂണ്ടി കിതക്കുന്ന സീതയെ കണ്ണൻ വേദനയോടെ നോക്കി.

"താൻ ഇരിക്കുന്നത് കണ്ടപ്പോൾ വയ്യെന്ന് തോന്നി. അത് കൊണ്ടാണ് ഞാൻ..."

കണ്ണൻ പറഞ്ഞത് സീത കൈ ഉയർത്തി തടഞ്ഞു.

"എനിക്കങ്ങനെ പല പ്രശ്നങ്ങളും കാണും. അതെല്ലാം പറയാൻ മാത്രം താനെനിക്ക് ആരാടോ?കഴു‌ത്തിലൊരു മാല കെട്ടി തൂക്കിയ അധികാരമാണോ?  ഏഹ് "

സീത വീണ്ടും ദേഷ്യം തീരതെ കണ്ണന്റെ ഷർട്ടിൽ പിടിച്ചുലച്ചു.
അവൻ അവളെ തടയാതെ നിന്ന് കൊടുത്തു.

"എല്ലാംക്കൂടി എനിക്ക് സഹിക്കാൻ വയ്യ അതിനിടയിൽ താനും ... വേണ്ട.. പിടി വിട്ട് നിൽക്കുവാ ഞാൻ.."

സീതയുടെ കണ്ണുകൾ ചുവന്നു.

കണ്ണൻ അവളെ സൂക്ഷിച്ചു നോക്കി.
ആ നോട്ടം നേരിടാൻ വയ്യെന്നത് പോലെ സീത നോട്ടം മാറ്റി.

കണ്ണൻ അവളുടെ കൈകൾ ഷർട്ടിൽ നിന്നും വേർപെടുത്താതേ തന്നെ അവളെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി.

"എന്തേ .. ഇത്രേം സങ്കടം? "

അലിവോടെയുള്ള അവന്റെ ചോദ്യം.

എത്രയമർത്തി വെച്ചിട്ടും സീതയുടെ കണ്ണുനീർ തടവ് ചാടി കവിളിലൂടെ പാഞ്ഞു തുടങ്ങി.

"പറ..ഈ കാണിക്കുന്ന ദേഷ്യത്തിനും അപ്പുറം എന്റെ സീതാ ലക്ഷ്മിയുടെ വല്ലാതെ നോവുന്ന ആ മനസ്സെനിക്ക് കാണാം."

പാറി പറന്നു കിടക്കുന്ന അവളുടെ മുടിഇഴകൾ കണ്ണൻ ഒതുക്കി വെച്ചു.

"എനിക്ക്.. എനിക്കെന്ത് പ്രശ്നം. ഒന്നുല്ല കണ്ണേട്ടൻ വിട്ടേ.."

ഒരു നിമിഷത്തെ പതർച്ചയ്ക്ക് ശേഷം സീത കുതറി മാറാൻ നോക്കി.

"പറയാതെ ഞാൻ വിടില്ല സീതാ ലക്ഷ്മി. നിന്നോളമില്ലെങ്കിലും കിരൺവർമ്മയും വല്ല്യ വാശികാരനാണ് പെണ്ണേ "

അവൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

സീത ശ്വാസമെടുക്കാൻ കൂടിയാവാതെ അവനിൽ ചേർന്ന് നിന്നു.

"നിനക്കാരുമല്ലായിരിക്കും ഞാൻ.പക്ഷേ.. എനിക്കുണ്ടല്ലോ..എനിക്ക് നീ എല്ലാമാണ്. എന്റെ പെണ്ണാണ്. പ്രണയത്തിനും അപ്പുറം എന്റെ പ്രാണനാണ്.ഹൃദയത്തിനുള്ളിലല്ല സീതാ ലക്ഷ്മി നീ.കണ്ണന്റെ ഹൃദയം തന്നെയിപ്പോ നീയാണ് പെണ്ണേ.മനസ്സ് തുറന്ന് നീ സംസാരിക്ക്. ഉള്ളിലെ ഈ പൊള്ളലൊന്നു കുറയട്ടെ. സമാധാനത്തോടെ നിനക്ക് ശ്വാസമെടുക്കേണ്ടേ? അതിന് വേണ്ടിയെങ്കിലും നീ എന്നോട് പറ."

കണ്ണൻ അവളെ ഉറ്റു നോക്കിയാണ് പറഞ്ഞതത്രയും.

സീതയുടെ മുഖത്ത് വീണ്ടും കാർമേഘങ്ങൾ ഉരുണ്ടുക്കൂടി.
ഇപ്പോൾ പെയ്തേക്കാം എന്ന ഭാവത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു നിന്നു.

"പറഞ്ഞാലും ആർക്കും മനസ്സിലാവില്ല കണ്ണേട്ടാ. നിങ്ങളുടെ സമാധാനം കൂടി പോകും. എന്തിനാണ് വെറുതെ. എന്നെ... എന്നെ വിട്ടേക്ക് "

വളരെ നേർത്തു പോയിരുന്നു സീതയുടെ ശബ്ദം.

കണ്ണന്റെ പിടിയവളിൽ ഒന്നുക്കൂടി മുറുകി.

"പാതിയിൽ വിട്ടിട്ട് പോവാനല്ല ഞാൻ നിന്നെ എന്റെ നെഞ്ചിലെടുത്തു വെച്ചത് "
കണ്ണൻ വാശിയോടെ പറഞ്ഞു.

"എന്നെ ഓർത്തിട്ട് തത്കാലം നീ ടെൻഷനാവേണ്ട സീതാ ലക്ഷ്മി. നിന്നെ കേൾക്കാൻ പൂർണ്ണമനസ്സോടെയാണ് ഞാൻ ഒരുങ്ങി നിൽക്കുന്നത്."

കണ്ണൻ അവൾക്ക് ആത്മവിശ്വാസം പകർന്നു കൊടുത്തു.

എന്നിട്ടും തീരാത്ത സംശയങ്ങൾ അവളുടെ കണ്ണിൽ കണ്ണൻ കണ്ടിരുന്നു.

"ഒരുപാട് മനുഷ്യർ അവരുടെ ശരീരത്തിന്റെ വേദനകൾ എന്നോട് പറയാറുണ്ട്. ഞാനതിന് ചികിത്സയും നൽക്കാറുണ്ട്.ഇതിപ്പോ തന്റെ മനസ്സിനാണ് ചികിത്സ വേണ്ടത് "

കണ്ണൻ അലിവോടെ സീതയെ നോക്കി.

"എന്നെ വിശ്വാസമുണ്ടോ സീതാ ലക്ഷ്മിക്ക്? "

അവന്റെ ചോദ്യം.

സീത പകച്ചുപോയി അതിന് മുന്നിൽ.

"ഉണ്ടെങ്കിൽ തന്റെ പ്രശ്നം താൻ എന്നോട് പറയും ."

വീണ്ടും അവന്റെ ആവിശ്യം.

"നീ പറയാതെ എനിക്കത് അറിയാനാവില്ലല്ലോ?"

സീത ശ്വാസം എടുത്തു.

കണ്ണൻ അവളിലുള്ള പിടി വിട്ടു.

"ഒക്കെ. തനിക്ക് ഇഷ്ടമില്ലെങ്കിൽ പറയേണ്ട.  നിർബന്ധിച്ചു പറയിക്കാൻ കിരൺവർമ്മ സീതാ ലക്ഷ്മിയുടെ ആരാണ്.?"

കണ്ണൻ അവളെ ഒന്ന് നോക്കിയിട്ട് വാതിലിനരികിലേക്ക് നടന്നു.

"ഞാൻ... ഞാൻ പറയാം കണ്ണേട്ടാ "

പിറകിലെ സീതയുടെ പതറിയ ശബ്ദം.
കണ്ണൻ ചുണ്ടിലൂറിയ ചിരി മറച്ചുപ്പിടിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.

"തനിക്ക്‌ വേദനിക്കുമെങ്കിൽ... വേണ്ട "

അവൻ അവളെ നോക്കി.

"എനിക്കിപ്പോ വേദനയൊന്നും ഏൽക്കാറില്ല കണ്ണേട്ടാ. ആകെയൊരു മരവിപ്പാണ്. എന്ത് ചെയ്യണമെന്നോ ആരോട് പറയണമെന്നോ അറിയില്ലെനിക്ക്."

വീണ്ടും സീതയുടെ ശബ്ദം ഇടറി.

കണ്ണൻ അവളുടെ അരികിൽ ചെന്നു നിന്നു.

"പ്രശ്നങ്ങളുടെ ആകെത്തുകയാണ് സീതാ ലക്ഷ്മിയെന്ന ഈ ഞാൻ. എത്ര ശക്തിയായി തുഴഞ്ഞിട്ടും എനിക്ക് ഒരു കര കണ്ടെത്താൻ ആവുന്നില്ല. പാതി വഴിയിൽ ഞാൻ... ഞാൻ മുങ്ങി ചാവാൻ തുടങ്ങിയിരിക്കുന്നു "

സീതയുടെ കണ്ണുനീർ... അത് വീണു പൊള്ളിയത് കണ്ണന്റെ നെഞ്ചിലാണ്.

"വീട്ടിലെ പ്രശ്നമാണോ ടോ?അതോ ഫിനാൻഷ്യൽ പ്രോബ്ലം..രണ്ടായാലും ഞാനുണ്ടാല്ലോ നിന്റെ കൂടെ."
കണ്ണന്റെ വേദന നിറഞ്ഞ ചോദ്യം.

സീത ഒന്ന് ചിരിച്ചു.

"എനിക്ക് ചുറ്റും പ്രശ്നങ്ങളല്ലാതെ ഒന്നുമില്ല കണ്ണേട്ടാ. ഒന്ന് തളർന്നു വീണാൽ പോലും..."

സീത കണ്ണന്റെ മുന്നിൽ നിന്നും തിരിഞ്ഞു നിന്നു.
ഹൃദയവേദനയോടെ ആണെങ്കിലും അവളെ കേൾക്കാനെന്നത് പോൽ അവനും കാത്തിരുന്നു.

സങ്കടത്തിന്റെ നിലയില്ലാ കയത്തിൽ കൈ കാലിട്ടടിച്ചും ശ്വാസം കിട്ടാതെ പിടഞ്ഞും സീത പറഞ്ഞു കൊടുത്ത കഥ പലപ്പോഴും അവന്റെ ഹൃദയം പിളർന്നു.

അമ്മയിട്ട് പോയത് പറഞ്ഞപ്പോൾ അവൾ പിടയുന്നു...

അച്ഛന്റെ അവഗണനയേ കുറിച്ച് പറയുമ്പോൾ അവൾ വിതുമ്പി..

നാട്ടുകാരും കുടുംബക്കാരും മൊത്തം അവജ്ഞതയോടെ നോക്കിയതും പെരുമാറിയതും പറയുമ്പോൾ അവൾക്ക് വാക്കുകൾ ഇടറി..

കുടുംബത്തിനു വേണ്ടി സ്വപ്നങ്ങൾ വിട്ടെറിഞ്ഞത് പറയുമ്പോൾ സീതയുടെ വിളറിയ ചിരി..

ഒടുവിൽ താളം പിഴച്ചു പോയ കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥക്കൂടി അവനെ പറഞ്ഞു കേൾപ്പിക്കുമ്പോൾ നിയന്ത്രണം വിട്ട് അവൾ കരഞ്ഞു പോയിരുന്നു..

അത് വരെയും മനസ്സിന്റെ ഏതോ അറിയിൽ ഭദ്രമായി ഒളിപ്പിച്ചു കൊണ്ട് നടന്ന വേദനകളൊക്കെയും അവന് മുന്നിൽ നക്നമായി.

ഇത്രേ ചെറുപ്പത്തിൽ... ഇത്രേം സങ്കടങ്ങൾ.
അതൊന്നിറക്കി വെക്കാൻ ഒരു തോളില്ലാതെ ഈ പാവം പെണ്ണ് പിടയുന്നു.

സീതാ ലക്ഷ്മി സ്ട്രോങ്ങാണെന്ന വീരവാദത്തിനും അപ്പുറം... വളരെ ദുർബലയായൊരു സീതാ ലക്ഷ്മിയെ കണ്ണനപ്പോൾ അവിടെ കണ്ടിരുന്നു.

കരയില്ലെന്ന് വാശിയുള്ളത് പോൽ നിറഞ്ഞു തൂവുന്ന കണ്ണുകൾ സീത തുടച്ചു കളയുന്നുണ്ട്.

അവൾ പൊട്ടിത്തെറിക്കുമോ എന്ന ആശങ്കയുണ്ടായിട്ടും തിരിഞ്ഞു നിൽക്കുന്ന സീതയുടെ തോളിൽ പിടിച്ചിട്ട് കണ്ണൻ അവളെ തിരിച്ചു നിർത്തി.

സീതയവനെ നോക്കുന്നില്ല.

പകരം പൊട്ടി വന്നൊരു കരച്ചിൽ അമർത്താനെന്നത് പോലെ ചുണ്ടുകൾ രണ്ടും കടിച്ചു പിടിച്ചു നിൽക്കുന്നു.

കണ്ണൻ മറ്റൊന്നും ഓർക്കാതെ അവളെ ഗാഡമായി പുണർന്നു.

"നീയൊന്നു മനസ്സ് തുറന്ന് കരയെന്റെ സീതാ ലക്ഷ്മി "

അവൻ അവളുടെ കാതിൽ പതിയെ പറഞ്ഞു.

അടക്കി പിടിച്ചൊരു പേമാരിയുടെ കെട്ട് പൊട്ടാൻ അവന്റെയാ സ്നേഹമന്ത്രം ധാരളമായിരുന്നു.

കണ്ണനിൽ അവളുടെ കൈകളും മുറുകി.

അവനെ കെട്ടിപിടിച്ചു.. ആ നെഞ്ചിൽ ഭാരമിറക്കി വെക്കാൻ അവൾക്ക് വല്ലാത്ത വെപ്രാളമുള്ളത് പോലെ.

പെരും മഴയത്തിറങ്ങി നിന്നത് പോലെ സീതയുടെ സങ്കടങ്ങൾ കണ്ണനെ നനയിച്ചു.

പൊള്ളുന്ന ചൂടായും.. കുളിരുള്ള കാറ്റായും നിമിഷങ്ങൾ കൊണ്ട് മാറാൻ കഴിയുന്ന ആ പെണ്ണിനെ അവനും ഇറുക്കി പിടിച്ചു.

പതിയെ അവളുടെ പുറത്ത് തലോടി ആശ്വാസം പകർന്നു കൊടുത്തു.

"നിന്നോടെനിക്ക് വല്ലാത്ത അസൂയ തോന്നുന്നു സീതാ ലക്ഷ്മി. എനിക്ക് പറ്റുന്നില്ലല്ലോയിങ്ങനെ.. ഇത്രേം സ്ട്രോങ്ങ്‌ ആയിട്ട് കാര്യങ്ങൾ കൊണ്ട് നടക്കാൻ. പ്രൌട് ഓഫ് യൂ ഡിയർ "

കരച്ചിൽ ചീളുകൾ വളരെ നേർത്തു വന്നതും കണ്ണൻ നെഞ്ചിൽ നിന്നും അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു കൊണ്ട് പറഞ്ഞു.

അവളുടെ കരഞ്ഞു ചുവന്ന മുഖത്ത് നിറയെ ചുംബനങ്ങൾ കൊണ്ട് മൂടാനും.. ഒരു പ്രശ്നത്തിനും വിട്ടു കൊടുക്കാതെ അവളെയങ്ങനെ ചേർത്ത് പിടിച്ചു നിൽക്കാനും അവനുള്ളം തുടി കൊട്ടി.

"നീ എനിക്ക് മുന്നിലെ അത്ഭുതമാണ്."

കണ്ണന് അവളോടുള്ള പ്രണയം കൊണ്ട് ശ്വാസം വിങ്ങി.

താനറിഞ്ഞ സീതാ ലക്ഷ്മിയോടല്ല. ഇവിടിപ്പോൾ ഇവൾ തന്നെ രേഖപെടുത്തിയ ഈ മിടുക്കി പെണ്ണിനോട് വല്ലാത്തൊരു ആവേശം തോന്നുന്നു.

തണൽ നൽകേണ്ട ചില്ലകളിൽ നിന്നാണ് അവൾക്ക് ചൂടേൽക്കുന്നതത്രയും.
എന്നിട്ടും ഉരുകിയൊലിച്ചും ആഞ്ഞു തുഴഞ്ഞും അവൾ അവളെ കൊണ്ടാവും വിധം പൊരുതുന്നു.

അറ്റമില്ലാത്ത പ്രശ്നങ്ങളുടെ അഗാധ ഗർത്തങ്ങളിൽ സ്വയം വീണു പിടയുന്നു.

കണ്ണന് അവളെ കൂടുതൽ കൂടുതൽ സ്നേഹിക്കണമെന്ന് തോന്നി.
ആരാലും പരിഗണിക്കപ്പെടാതെ പോവുന്ന അവളുടെയാ നോവുകളെ അവൾക്കൊപ്പം അവൻ മനസ്സുക്കൊണ്ട് ഏറ്റുവാങ്ങി.

അവന്റെ നോട്ടം സഹിക്കാൻ വയ്യെന്നത് പോലെ സീത വേഗം അകന്ന് മാറാൻ തുടങ്ങി.

"കണ്ണേട്ടൻ വിട്ടേ. ആരെങ്കിലും കണ്ടിട്ട് വന്നാ പിന്നെ സീതാ ലക്ഷ്മി വേശ്യകൂടിയാണ്."

അടഞ്ഞു പോയ ഒച്ചയിൽ സീതയത് പറഞ്ഞപ്പോൾ കണ്ണന്റെ കൈകൾ അവളിൽ ഒന്ന്ക്കൂടി മുറുകി.

"ഈ പ്രശ്നങ്ങളെല്ലാം ഞാൻ തീർത്തു നൽകട്ടെ..?"

കണ്ണന്റെ ശബ്ദം വളരെ നേർത്തു.

"പറയാനൊക്കെ വളരെ എളുപ്പമാണ് കണ്ണേട്ടാ "

സീതയുടെ മുഖം മങ്ങി.

"പറയാൻ മാത്രമല്ല. എന്റെ സ്നേഹം പ്രകടിപ്പിക്കാൻ കൂടിയുള്ളാതാണ്. ഉള്ളിലുണ്ട്. പക്ഷേ പ്രകടിപ്പിക്കാൻ ആവില്ലെന്നത് സ്നേഹമല്ലെന്നാണ് എന്റെ വിശ്വാസം "
കണ്ണന്റെ സ്വരം മുറുകി.

സീതയ്ക്ക് മറുപടിയില്ലായിരുന്നു.

"നിന്നോടെനിക്ക് അത്രയും ഇഷ്ടമാണ് സീതാ ലക്ഷ്മി. ഈ പ്രാരാബ്ദക്കാരി പെണ്ണിന് ഞാനെന്റെ ഹൃദയത്തിലൊരിടം നൽകി പോയില്ലേ?"

അവന്റെ സ്വരം വീണ്ടും കാതിൽ.

സീത കൂടുതൽ തളർന്നു തുടങ്ങി.

"നീ എന്തിനാ ഇത്രേം പേടിക്കുന്നത്? എനിക്ക് നിന്നോട് വെറുപ്പാണ് എന്നല്ലല്ലോ ഞാൻ പറയുന്നത്. എനിക്ക് നിന്നോട് സ്നേഹമാണെന്നല്ലേ?"

താഴ്ന്നു തുടങ്ങിയ അവളുടെ മുഖം അവൻ പിടിച്ചുയർത്തി.

"എനിക്കിഷ്ടം ഹരിയെയാണ് "
അവനെ നോക്കാതെ സീത കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് പറഞ്ഞു.

അവളുടെയാ ഭാവം കണ്ടിട്ട് അവന് ചിരി വന്നു.

"ആയിക്കോട്ടെ.. നീ അവനെ തന്നെ സ്നേഹിച്ചോ?എനിക്ക് വേണ്ടതും നിനക്ക് അവനോടുള്ളത് പോലുള്ള സ്നേഹമല്ല.പക്ഷേ നിന്റെയാ കരിയുണ്ടല്ലോ..അവൻ എന്റെ മുന്നിൽ വന്നു നിന്നിട്ട് പറയണം. അവന് നിന്നെ ഒരുപാട് ഇഷ്ടമാണെന്നും നിനക്കൊപ്പമാണ് അവന്റെ ജീവിതം പങ്കിടാൻ പോണതെന്നും. അന്ന് ഞാനും മാറ്റി പറയും എന്ന് വാക്ക് തന്നതല്ലേ?"

കണ്ണന്റെ സ്വരത്തിൽ കുറുമ്പ് നിറഞ്ഞു.

"ഹരി പറയും "

സീതയും വാശിയോടെ പറഞ്ഞു.

"പറയട്ടെ. അത് വരെയും നീ ഇനി ഇത് മിണ്ടരുത്. "

കണ്ണനവളെ നോക്കി കണ്ണുരുട്ടി.

സീത ഒന്നും മിണ്ടാതെ നിന്നു.

"ഇത്രേം പ്രശ്നങ്ങളെയും ഉള്ളിലിട്ടാണോ സീതാ ലക്ഷ്മി നീ നടന്നിരുന്നത്?"

കണ്ണന് വീണ്ടും കാതര ഭാവമായി.

"എല്ലാം മനസ്സിലൊതുക്കി പുകയുന്നൊരു അഗ്നി പർവതം പോലെ സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ ആണെന്ന മുദ്രവാക്യം വിളിച്ചു നടക്കുന്നതിലും നല്ലതായിരുന്നു ആരോടെങ്കിലും ഒന്ന് പറയാൻ ശ്രമിക്കുന്നത്. എല്ലാംക്കൂടി സഹിക്കാൻ വയ്യാതെ നീ വീണു പോവില്ലേടി ?"

കണ്ണന്റെ ചോദ്യം കേട്ടപ്പോൾ സീതയിൽ ഒരു വിളറിയ ചിരിയുണ്ടായി.

"സങ്കടങ്ങൾ കേൾക്കാൻ ആർക്കും ഇഷ്ടമല്ല കണ്ണേട്ടാ. അതിന് പറ്റിയ ആരെയും ഞാൻ കണ്ടതുമില്ല. പിന്നെ പിന്നെ ഞാനിങ്ങനായി "

സീതയവന്റെ കണ്ണിലെക്ക്‌ നോക്കി.

"ഞാനുണ്ടാകും. നിനക്കൊപ്പം നിന്റെ പ്രശ്നങ്ങളെ കൂടി ഞാൻ സ്നേഹിച്ചു കൊള്ളാം."

വാക്തനം പോലെ കണ്ണന്റെ സ്വരം മുറുകി.

പ്രണയം കൊണ്ട് ചുവന്നു പോയ അവന്റെ പിടിയിൽ നിന്നും സീത ദുർബലമായി കുതറി.

"അർജുന്റെ കാര്യമോർത്ത് ഇനി നീ വേദനിക്കണ്ട. ഞാൻ നോക്കിക്കോളാം "

അവളിലുള്ള പിടി അയച്ചു കൊണ്ട് കണ്ണൻ പറഞ്ഞു.

സീത ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി.

"കണ്ണേട്ടന് ബുദ്ധിമുട്ടാവും "

സീത വളരെ പതിയെ പറഞ്ഞു.

"നിനക്ക് വേണ്ടിയല്ലേ? ഞാനത് സഹിക്കും "

സീതയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

"ഇനി ഒറ്റയ്ക്കാണെന്ന ചിന്തയേ നിനക്ക് വേണ്ട. നീ അംഗീകരിച്ചാലും ഇല്ലെങ്കിലും നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്. എന്റെ സ്നേഹത്തിന്റെ കരുതൽ നിനക്കൊപ്പമുണ്ടാവുമ്പോൾ, എന്റെ മരണം കൊണ്ടല്ലാതെ സീതാ ലക്ഷ്മി ഒറ്റക്കാവില്ല."

വീണ്ടുമവന്റെ നെഞ്ചിൽ വീണു പോകുമോ എന്നവൾക്ക് ശെരിക്കും പേടിയുണ്ടായിരുന്നു.

അത് കൊണ്ട് സീത അവനിൽ നിന്നും അകന്ന് മാറി.

"ബില്ലടക്കാത്തതിൽ ഇനി അവനെയൊന്നും പറയേണ്ട. അത് ഞാൻ സെറ്റാക്കാം. നീയിനി ഒരുപാട് അലയേണ്ടി വരും. അത് ശെരിയാക്കി കിട്ടാൻ. "

കണ്ണൻ പറഞ്ഞു.

സീത പതിയെ മൂളി.

"കാശ്... കാശ് ഞാൻ കുറേശ്ശേയായി തന്ന് തീർത്തോളാം "

സീതയുടെ വാക്കുകൾ കേട്ട് കണ്ണൻ ചിരിച്ചു.

"അഭിമാനം ആവാം സീതാ ലക്ഷ്മി. പക്ഷേ ദുരഭിമാനം ഒട്ടും നല്ലതല്ല കേട്ടോ "

അവൻ പറയുന്നത് കേട്ടപ്പോൾ സീത വിളറിയ ചിരിയോടെ തല കുലുക്കി.

"ആരുടേയും ഒന്നും വെറുതെ സ്വീകരിക്കരുത് എന്നുണ്ടായിരുന്നു. ഔദാര്യം കൈ പറ്റിയാൽ...."

സീത പാതിയിൽ നിർത്തി കണ്ണനെ നോക്കി.

"എനിക്ക് മനസ്സിലാവും നിന്നെ.. നിന്റെ അവസ്ഥയേ.. അതെല്ലാം കൊണ്ടാണ് ഈ സീതാ ലക്ഷ്മിയെ ഞാൻ ഇത്രത്തോളം സ്നേഹിക്കുന്നത് "

കണ്ണൻ മനോഹരമായി ചിരിച്ചു.
ഇരുട്ടിൽ മുങ്ങി നിൽക്കുന്നൊരാ വീട്ടിൽ നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്നൊരു പാവം പെണ്ണപ്പോഴും അവനെ വേദനിപ്പിച്ചു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story