സ്വന്തം ❣️ ഭാഗം 27

swantham

രചന: ജിഫ്‌ന നിസാർ

"എത്ര ദിവസം കിട്ടി? "

ബാഗ് പായ്ക്ക് ചെയ്യുന്നതിനിടെയായിരുന്നു രമേശിന്റെ ചോദ്യം.

"ഒരാഴ്ച. അവിടെത്തിയിട്ട് തീരുമാനിക്കണം അത് നീട്ടണോ ചുരുക്കണോയെന്ന്."

ഹരി കയ്യിലുള്ള ഡ്രസ്സ്‌ ബാഗിനുള്ളിലേക്ക് വച്ചു കൊണ്ട് അവനെ നോക്കി.

"എപ്പോഴും പോവുമ്പോൾ പറയുമ്പോലെയുള്ള വീരവാദങ്ങളൊന്നും ഇപ്രാവശ്യമില്ലേ?"

അവനരികിലെ കിടക്കയിൽ ചെരിഞ്ഞു കിടന്നുക്കൊണ്ട് രമേശ്‌ കളിയാക്കി.

ഹരി ഒന്നും പറയാതെ ചിരിച്ചു.

"നാലാള് നേർക്കുനേർ വന്നാലും പതറാത്ത ഹരിപ്രസാദ് ഈ കാര്യത്തിൽ മാത്രം വല്ലാത്ത വീക്ക് ആണ് കേട്ടോ."

"എനിക്കറിയാം രമേഷേ.. എന്നെ ഓർത്തിട്ടല്ല.. ഞാനെന്റെ ഇഷ്ടം പറയുമ്പോൾ അവിടുന്നുള്ള മറുപടിയാണ് എന്നെ പേടിപ്പിക്കുന്നത്. ഇഷ്ടമല്ലെന്ന് കേട്ടാലും എന്റെ മരണം വരെയും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ...എന്റെ സൗഹൃദത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിയാൽ അതെനിക്ക്‌ സഹിക്കാനാവില്ല. അതോർക്കുമ്പോഴാണ്..."

ഹരിയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.

"ധൈര്യമായിട്ട് പോയിട്ട് വാടോ. അവളുടെ ഉത്തരമിനി എന്തായാലും ഈ നീറി പുകയുന്നത് ഒഴിഞ്ഞു കിട്ടുമല്ലോ? വ്യക്തമായൊരു തീരുമാനം നിനക്കെടുക്കാമല്ലോ?"

രമേശ്‌ ഹരിക്ക് ധൈര്യം പകർന്നു കൊടുത്തു.

"നാളെ രാവിലെ തന്നെ ആ കുട്ടിയെ പോയി കാണാൻ ശ്രമിക്കണം. വൈകുന്ന ഓരോ നിമിഷവും അവളിലേക്കുള്ള നിന്റെ ദൂരം ഒരുപാട് കൂടും. നിന്റെ ധൈര്യവും കുറയും. എല്ലാം ശെരിയാവും എന്നുള്ള ശുഭപ്തി വിശ്വാസത്തിന് പകരം... എല്ലാം വരുന്നിടത്തു വെച്ചു കാണാം എന്നുള്ളതും പലപ്പോഴും ധൈര്യമാണ് ഹരി "

രമേശ്‌ പറയുന്നതിന് തലയാട്ടി ഹരി അവന്റെ അരികിൽ തന്നെയിരുന്നു.

"പറയണം. എനിക്കും വയ്യ ഇങ്ങനെ ചങ്കിൽ കൊണ്ട് നടന്നു നീറാൻ "

ഹരിയുടെ വാക്കുകളും നേർത്തു.

"നിന്റെ ഫോൺ കംപ്ലയിന്റായോ?  പുതിയ ഫോണൊക്കെ "

ഹരിയുടെ ബാഗിനടുത്തുള്ള ബോക്സ്‌ കയ്യിലെടുത്തു കൊണ്ട് രമേശ്‌ ചോദിച്ചു.

"അതെനിക്കല്ല രമേശ്‌.."
ഹരി ചിരിച്ചു.

"പിന്നെ..?"

"അവൾക്കാണ്. സീതാ ലക്ഷ്മിക്ക്. അവളുടെ ഫോണിൽ വിളിച്ചാലും കിട്ടില്ല. ഒരു ഫോൺ വാങ്ങാനുള്ള അവസ്ഥയിലുമല്ല."

ഹരി രമേശിനെ നോക്കി.

ഹരിയോട് ഒന്നും പറഞ്ഞില്ലയെങ്കിലും രമേശിന്റെ ചുണ്ടിൽ ഒരു പതിഞ്ഞച്ചിരിയുണ്ടായിരുന്നു.. ഹരിയത് പറഞ്ഞു കേൾക്കുമ്പോൾ.

                       ❣️❣️❣️❣️❣️

"ഇതിപ്പോ നിനക്കൊക്കെയൊരു സൗകര്യമായല്ലോ അല്ലേ? "

ഭാമയുടെ സ്വരത്തിലെ പരിഹാസം സാവിത്രിയുടെ ചുണ്ടിലെ ചിരിക്കുമുണ്ടായിരുന്നു.

സീതയ്ക്ക് നേരെ കുരച്ചു ചാടുന്നവർക്ക് മുന്നിലേക്ക് കണ്ണൻ കയറി നിന്നു.

"നിനക്ക് ഇത്തിരിയെങ്കിലും നാണമുണ്ടോ ടാ?"

അവനോടുള്ള ദേഷ്യം ആ വാക്കുകൾ കൊണ്ട് പ്രകടമായിരുന്നു.

"ഇല്ലാ.. എന്തേ..?നിങ്ങൾക് വല്ല ടിപ്സും പറഞ്ഞു തരാനുണ്ടോ? ആ കാര്യത്തിൽ എന്നെ പോലെ തന്നെയല്ലേ നിങ്ങളും? അല്ലെങ്കിൽ ഇങ്ങനെ ഒളിഞ്ഞു നോക്കാൻ വരില്ലല്ലോ?"

കണ്ണൻ അവർക്ക് മുന്നിൽ കൈ കെട്ടി നിന്നു.

"ഇതെല്ലാം വിട്ടൊഴിവാക്കാൻ നിന്നോട് വല്ല്യാമ്മാമ പറഞ്ഞതല്ലെടാ?"

സാവിത്രി അവന്റെ നേരെ തുറിച്ചു നോക്കി.

"അങ്ങേര് പറയുന്നത് മുഴുവനും വെള്ളം തൊടാതെ വിഴുങ്ങാൻ ഞാനല്ലല്ലോ അയാളുടെ ഭാര്യ?"

"എന്താ... എന്താ ഇവിടൊരു ബഹളം? "

അവർ തമ്മിലുള്ള ബഹളത്തിലേക്കാണ് മുത്തശ്ശി ബാത്റൂമിന്റെ വാതിൽ തുറന്നിറങ്ങി വന്നത്.

"ഓഹോ.. ഇവർക്കു സൗകര്യം ചെയ്തു കൊടുക്കാൻ വേണ്ടിയാവും അമ്മ കുളിമുറിയിൽ കയറി വാതിലടച്ചിരുന്നത്. അമ്മയും കൊള്ളാം കൊച്ചുമൊന്നും കൊള്ളാം."

ഭാമയുടെ കൂർത്ത വാക്കുകൾ മുത്തശ്ശിയുടെ നേരെയാണ്.

"എന്തൊക്കെയാ ഭാമേ നീ പറയുന്നത്? എനിക്കൊന്നും മനസിലായില്ല "

തീർത്തും തളർന്നത് പോലെ തനിക്ക് പിന്നിൽ തല കുനിഞ്ഞു നിൽക്കുന്നവളെ കണ്ണൻ പാളി നോക്കി.

"പ്രശ്നങ്ങളുടെ ആകെത്തുകയാണ് കണ്ണേട്ടാ സീത ലക്ഷ്മി "

അവളുടെ വാക്കുകൾ അവനുള്ളിൽ മുഴങ്ങി.

അറിയാതെ തന്നെ കണ്ണന്റെ കൈകൾ അവളിൽ വലയം തീർത്തു.

"ഞങ്ങളോടുള്ള ദേഷ്യം മുത്തശ്ശിയോട് തീർക്കേണ്ട വെറുതെ "

അവന്റെ ശബ്ദവും മുഖവും തീർത്തും ഗൗരവത്തിലാണ്.

"ഇവളെന്റെയാണ്. നിങ്ങളിനി അംഗീകരിച്ചാലും ഇല്ലെങ്കിലും അതിനൊരു മാറ്റവുമില്ല. വെറുതെ നിന്ന് കുരച്ചു ദേഷ്യം തീർക്കാം എന്ന് മാത്രം. പക്ഷേ അതും എന്നോടും എന്റെ പെണ്ണിനോടും വേണ്ട."

അവന്റെ കണ്ണുകൾ ഭാമയുടെയും സാവിത്രിയുടെ നേരെ മാറിമാറി പതിഞ്ഞു.

"അത് നീ മാത്രം തീരുമാനിച്ച പോരല്ലോ? ഇവിടെ കാരണവന്മാരുള്ളതെല്ലാം പിന്നെ എന്തിനാ?"

വീണ്ടും ഭാമ അവന് നേരെ ചീറി.

"എനിക്ക് നന്മ വരുന്നതൊന്നും ഇവിടുത്തെ കാരണവന്മാർ ചെയ്യില്ലെന്ന് വ്യക്തമായി അറിയാം എനിക്ക്. അത് കൊണ്ട് തന്നെ എന്റെ കാര്യം തീരുമാനമെടുക്കാൻ എനിക്കാരുടെയും സഹായം ആവിശ്യമില്ല "

കണ്ണനും വിട്ട് കൊടുത്തില്ല.

"കുടുംബങ്ങളെ തമ്മിൽ തെറ്റിച്ചപ്പോ സമാധാനമായല്ലോ നിനക്ക്. അല്ലേ ടി നാശം പിടിച്ചവളെ?"

സാവിത്രി സീതയുടെ നേരെ നോക്കി.

"അതിവിടെ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് നന്നായിയറിയാം സാവിത്രി. കൂടുതൽ പറഞ്ഞിട്ട് തെളിവുകൾ ഉണ്ടാക്കേണ്ട നീ "

മുത്തശ്ശിയുടെ ശബ്ദം വല്ലാതെ കടുത്തു പോയിരുന്നു.

"അമ്മ ഒറ്റയൊരാൾ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട ഈ പെണ്ണിനും ചെക്കനും ഇത്രേം അഹങ്കാരം."

ഭാമ നാരായണിയമ്മയെ നോക്കി പറഞ്ഞു.

"അവര് തെറ്റായി ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം. അത് നിങ്ങളെയാരെയും ബോധിപ്പിക്കാൻ തത്കാലം എനിക്ക് സൗകര്യമില്ല "

മുത്തശ്ശി പതിയെ ചെന്നിട്ട് കിടക്കയിലിരുന്നു.

"പിന്നെ... ഈ ചെയ്യുന്നതൊക്കെ ശെരിയായ കാര്യങ്ങളാണല്ലോ?"

ഭാമ ചുണ്ട് കോട്ടി.

"പരസ്പരം സ്നേഹിക്കുന്നത് തെറ്റായിരുന്നുവെങ്കിൽ നിങ്ങളും തെറ്റ് ചെയ്തിട്ടുണ്ടല്ലോ അമ്മായി?  രവിമാമയെ ഭർത്താവായി കിട്ടാൻ വേണ്ടി മരിക്കാൻ പോലും തയ്യാറായ ഒരു ഭാമയെ കുറിച്ച് എന്റെ അമ്മ പറഞ്ഞു തന്ന ആ കഥ ഞാനിപ്പോഴും മറന്നിട്ടില്ല കേട്ടോ "

കണ്ണൻ ചിരിയോടെ പറഞ്ഞപ്പോൾ.. ഭാമയുടെ രോഷം സൂചികുത്തേറ്റ ബലൂൺ പോലായി.

വിളറി വെളുത്തു നിൽക്കുന്ന ഭാമയെ മുത്തശ്ശി ചിരിച്ചു കൊണ്ടാണ് നോക്കിയത്.

"ഇനി നിനക്കെന്തെങ്കിലും പറയാനുണ്ടോ ഭാമേ?"

സാവിത്രിയുടെ മറവിലേക്ക് പതുങ്ങുന്ന ഭാമയ്ക്ക് അവിടെ നിന്ന് എങ്ങനെയെങ്കിലും ഒന്നിറങ്ങി പോയാൽ മതി എന്നേ ഉണ്ടായിരുന്നുള്ളു.

"രണ്ടാളോടും കൂടിയാണ് പറയുന്നത്. ഈ പിറകെ നടന്നിട്ട് സീൻ പിടിക്കുന്ന പരിപാടി ഭയങ്കര ബോറാണ്. നിങ്ങൾക്ക് അങ്ങനൊരു വികാരം അറിയില്ലേലും കാണുന്ന ഞങ്ങൾക്കത് സഹിക്കാൻ വയ്യ "

സീതയെ ചേർത്ത് പിടിച്ചുക്കൊണ്ട് തന്നെ കണ്ണൻ പറഞ്ഞു.

ഭാമയുടെ ശബ്ദം നിലച്ചത് കൊണ്ട് ഒറ്റയ്ക്ക് അവരോട് പൊരുതാനുള്ള മനോബലം സാവിത്രിക്കുമുണ്ടായിരിന്നില്ല.

"ഒരു ഗ്ലാസ്‌ വെള്ളമെടുത്തിട്ട് പോലും ഈ മുറിയിലേക്ക്‌ നിങ്ങളാരും വരാറില്ല. സീതാ ലക്ഷ്മി വന്നതിന് ശേഷം അവളെ ക്രൂശിക്കാൻ മാത്രം തമ്പുരാട്ടിമാര് മുടങ്ങാതെ വരും.."

മുത്തശ്ശിക്കൂടി പറഞ്ഞപ്പോൾ ഭാമയും സാവിത്രിയും അവർക്ക് മുന്നിൽ ഒരുപാട് ചൂളി ചുരുങ്ങി പോയിരുന്നു.

"ഇനി അങ്ങോട്ട് രണ്ടിനേം ഈ പരിസരത്ത് കണ്ടു പോകരുത്.."

അത് വരെയും കാണാത്ത വിധം മുത്തശ്ശിയുടെ മുഖത്തു ദേഷ്യം നിറഞ്ഞു നിന്നിരുന്നു.

"ഇപ്പൊ വരാം മുത്തശ്ശി.."

അവർക്കിടയിൽ കൂടി  സീതയുടെ കയ്യും പിടിച്ചു കൊണ്ട് കണ്ണനിറങ്ങി പോവുമ്പോൾ മുത്തശ്ശി ഭാമയെയും സാവിത്രിയെയും പരിഹാസത്തോടെ നോക്കി.

                   ❣️❣️❣️❣️❣️

"എന്താ..?"

ഇടനാഴിയിലേക്ക് ഇറങ്ങിയയുടൻ കയ്യിൽ നിന്നും കുതറി മാറി തുറിച്ചു നോക്കുന്ന സീതയോട് കണ്ണൻ ചോദിച്ചു.

"എവിടെക്കൊണ്ട് പോകുവാ എന്നെ?"

അവളുടെ വീർത്തുകെട്ടിയ മുഖം കണ്ടിട്ട് അവന് ചിരിയാണ് വരുന്നത്.

"കൊല്ലാൻ കൊണ്ട് പോകുവാ നിന്നെ. എന്തേയ്?"

അവനിലും കുറുമ്പ് നിറഞ്ഞു.

"അതിന്റെയാവിശ്യമുണ്ടോ? ദിവസവും പലരിൽ നിന്നും ഓരോ വാക്കുകൾ കൊണ്ട് നിരവധി തവണ മരിച്ചു പോകുന്നവൾക്ക് മരണമെന്ന വാക്ക് കേൾക്കുമ്പോൾ പേടി തോന്നില്ല കണ്ണേട്ടാ.."

സീതയുടെ വിളറിയ ചിരി.

"സീതാ ലക്ഷ്മി സെന്റിയായ ഭയങ്കര ബോറാണ് കേട്ടോ. എനിക്കിഷ്ടം ആ പടക്കം പോലുള്ള ദുർഗാ ലക്ഷ്മിയേയാണ് "

കണ്ണൻ പാതി കളിയായ്‌ പറഞ്ഞു.

"മുത്തശ്ശി കുളി കഴിഞ്ഞു വന്നിട്ടുണ്ട്. എനിക്കവിടെ ജോലിയുണ്ട് "

സീത തിരികെ നടക്കാൻ തുടങ്ങി.

"ഹാ.. പോവല്ലേ. ഞാൻ കയ്യും പിടിച്ചിറങ്ങി വന്നിട്ട് അങ്ങനങ്ങ് പോയാലോ?"

കണ്ണൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു.

സീതയുടെ കൂർപ്പിച്ച നോട്ടം കണ്ടിട്ട് അതേ സ്പീഡിൽ അവന്റെ പിടുത്തം വിട്ടു.

"എന്റെ കൂടെയൊന്നു വാ. ഒരു കാര്യം പറയാനാ "

കണ്ണൻ ആവിശ്യപെട്ടു.

"പറഞ്ഞോ..?"

സീത കേൾക്കാൻ റെഡിയായി അവന് നേരെ തിരിഞ്ഞു.

"ഇവിടെ വെച്ചോ?"

കണ്ണന്റെ മുഖം ചുളിഞ്ഞു.

സീതയുടെ നോട്ടം വീണ്ടും അവന് നേരെ കൂർത്തു.

"എനിക്കവിടെ ജോലിയുണ്ട് കണ്ണേട്ടാ "

വീണ്ടും അവൾ ഓർമിപ്പിച്ചു.

"പെട്ടന്ന് തിരിച്ചു വരാം.. വാ "

അതും പറഞ്ഞിട്ട് മുന്നോട്ടു നടക്കുന്നവനൊപ്പം നടക്കുകയേ പിന്നെയവൾക്ക് മുന്നിൽ മാർഗമുള്ളു.

സ്വന്തം മുറിയിലേക്കാണ് കണ്ണന്റെ നടത്തം.

വാതിൽ പടിയിൽ നിന്നിട്ട് സീത അവനെ നോക്കി.

"ഹ.. കയറി വാ."

അവളുടെ നിൽപ്പ് കണ്ടിട്ട് വീണ്ടും തിരിഞ്ഞു വന്നിട്ട് കണ്ണൻ സീതയുടെ കൈ പിടിച്ചു.

"പൊതുവെ നീ ഇച്ചിരി അഭിമാനിയായത് കൊണ്ടാണ് ചോദിക്കുന്നത്.."

മുഖവുരയോടെ കണ്ണൻ പറഞ്ഞു തുടങ്ങിയപ്പോൾ സംശയം നിഴലിക്കുന്ന കണ്ണോടെ സീത അവന്റെ നേരെ നോക്കി.

"ഈ ജോലിക്ക് അന്തസ്സ് കുറവായത് കൊണ്ടല്ല. നീ ഇവിടെ ഒരുപാട് സഹിക്കുന്നുണ്ട് സീതാ ലക്ഷ്മി. കാര്യം നിന്നെ ദിവസവും കാണാൻ എനിക്ക് നിന്റെ ഈ ജോലിയാണ് സൗകര്യമെങ്കിലും, നിനക്കിത് വേണോ? നീ വേദനിക്കുന്നത് എനിക്ക് സഹിക്കുന്നില്ല. അതിനി എന്തിന്റെ പേരിൽ ആയിരുന്നാലും "

കണ്ണന്റെ സ്നേഹം അവന്റെ വാക്കുകളിൽ പ്രകടമാവുന്നുണ്ട്.

സീത അവനിൽ നിന്നും കണ്ണുകൾ പറിച്ചു മാറ്റാനാവാത്ത വിധം കുരുങ്ങി പോയിരുന്നു, ആ വാക്കുകളുടെ മാസ്മരികതയിൽ.

"വേറൊരു ജോലി ശെരിയാക്കി തരട്ടെ ഞാൻ? ആരും നിന്നെ വേദനിപ്പിക്കാതെ അപമാനിച്ചു രസിക്കാത്ത.. നിനക്ക് എൻജോയ് ചെയ്യാനാവുന്ന ഒരു ജോലി. ടൗണിൽ എവിടെയെങ്കിലും?"

കണ്ണന്റെ അലിവാർന്ന ചോദ്യം അവളുടെ ഹൃദയത്തിലാണ് പതിച്ചത്.

"അല്ലെങ്കിൽ.. ഇനി ഒന്നിനും കാത്ത് നിൽക്കാതെ ഞാൻ എന്റേതാക്കിക്കോട്ടേ? ആർക്കും വേദനിപ്പിക്കാനിട്ട് കൊടുക്കാതെ എന്റെ നെഞ്ചിൽ ചേർത്ത് പിടിക്കാൻ "

കണ്ണൻ അവളുടെ തൊട്ടരികിലാണ്.

അവന്റെ ഹസ്കി വോയിസ്.. ശ്വാസത്തിന്റെ ചൂട്..

സീത വീണ്ടും തളർന്നു തുടങ്ങി.

"നീ വേണം ഒരു ഉത്തരം പറയാൻ. അത് പോലെ ചെയ്യാം ഞാൻ."

കണ്ണൻ സീതയുടെ കൈകൾ കൂട്ടി പിടിച്ചു.

"എനിക്ക് നിന്നോട് അത്രേം ഇഷ്ടമാണ് സീതാ ലക്ഷ്മി. അതെന്താ നീ മനസ്സിലാക്കാത്തത്?"

അൽപ്പം പരിഭവം കലർന്ന കണ്ണന്റെ സ്വരം.

"പക്ഷേ കണ്ണേട്ടാ..എനിക്കിഷ്ടം ഹരിയെ..."

സീതയത് പറഞ്ഞു മുഴുവനാക്കും മുന്നേ കണ്ണന്റെ വിരലുകൾ സീതയുടെ ചുണ്ടിൽ അമർന്നു.

സീത വിറച്ചു പോയിരുന്നു.. അവന്റെയാ പ്രവർത്തിയിൽ.

"ഇനിയത് നീ പറഞ്ഞ..."

കണ്ണന്റെ മുഖം ചുവന്നു.

വിറക്കുന്ന അവളുടെ ചുണ്ടിലെ അവന്റെ വിരലുകളും വിറച്ചു പോവുന്നുണ്ട്.

സീതയുടെ നിറഞ്ഞു വരുന്ന കണ്ണിലേക്കു നോട്ടം പാറി വീണപ്പോൾ കണ്ണൻ വേഗത്തിൽ കൈകൾ പിൻവലിച്ചു.

"സോറി... റിയലി സോറി സീതാ ലക്ഷ്മി.. ഞാൻ.. അപ്പോഴത്തെ ഒരു ആവേശത്തിൽ.. സോറി "

കണ്ണൻ ഒരു കൈ നടുവിൽ കുത്തി മറു കൈ കൊണ്ട് നെറ്റിയിൽ അടിച്ചു.

ഛേ... അവന്റെ സ്വരത്തിലും നിരാശയുണ്ടായിരുന്നു.

"സോറി."
വീണ്ടും അത് തന്നെ പറയുന്നവനോട് സീതയ്ക്ക് ഒരുപാട് സ്നേഹം തോന്നി.

നിമിഷങ്ങൾ കൊണ്ട് ഇവന് എത്രയെത്ര ഭാവങ്ങളാണ്.

ഇത്തിരിനേരം മുന്നേയിവൻ പ്രണയത്തിന്റെ രാജകുമാരനായിരുന്നു.ഇവന്റെ വാക്കിലുള്ളത്ര സ്നേഹം ലോകത്തെവിടെയുമില്ലെന്ന് തോന്നും വിധം.

അതിനും മുന്നേ ദേഷ്യം അതിന്റെ ഏറ്റവും കൂടിയൊരു വേഷം എടുത്തിട്ടിരുന്നു ഇവനിൽ.

അലിവും സ്നേഹവും അതിന്റെ എക്സ്ട്രീം ലെവലിൽ കാണിക്കാനറിയാമെന്നും തെളിയിച്ചിട്ടുണ്ട്.

സീതാ ലക്ഷ്മിക്ക് കണ്ണേട്ടന്റെ മായിക വലയത്തിൽ നിന്നും പുറത്ത് കടക്കാനൊരു മാർഗ്ഗം കണ്ടുപ്പിടിച്ചേ മതിയാവൂ.

ഇല്ലെങ്കിൽ ഈ കാണിക്കുന്ന സ്നേഹത്തിൽ സ്വയമാറിയാതെ വീണു പോയേക്കാം.
അവന്റെ സ്നേഹത്തെയവൾ പേടിച്ചു തുടങ്ങിയിരിക്കുന്നു!

"കണ്ണേട്ടൻ എന്തിനാ വിളിച്ചു കൊണ്ട് വന്നത്?"

പതർച്ചയോടെ മുന്നിൽ നിൽക്കുന്നവനോട് സീത ശാന്തമായി ചോദിച്ചു.

"ഓ.. അത് മറന്നു.."

കണ്ണൻ ചിരിച്ചു കൊണ്ടവൾക്ക് നേരെ കണ്ണടച്ച് കാണിച്ചു.

എന്നിട്ട് അലമാരയുടെ നേരെ നടന്നു.

സീത കൗതുകത്തോടെ അവന്റെ ഓരോ ചലനങ്ങളും നോക്കി നിൽപ്പുണ്ട്.

ആദ്യം അവനൊരു കവറാണ് പുറത്തേക്കെടുത്തത്.

സീതയുടെ നെറ്റി ചുളിഞ്ഞു.

"എന്താ ഇത്?"

അത് സീതയുടെ നേരെ നീട്ടുമ്പോൾ അവളുടെ ചോദ്യം.

"തുറന്നു നോക്ക് "

കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് മേശയിൽ ചാരി നെഞ്ചിൽ കൈ കെട്ടി നിന്നു.

സീത ആകാംഷയോടെ ആ കവറിൽ നിന്നും ഒരു ബോക്സ്‌ പുറത്തെടുത്തു.

പുതിയൊരു മൊബൈൽ ഫോൺ.

സീതയുടെ കൂർത്ത കണ്ണുകൾ കണ്ണന് നേരെ പാഞ്ഞു.

"നോക്കി പേടിപ്പിക്കേണ്ട. നിനക്കേറെ ആവിശ്യമുള്ളത് തന്നെയാണ്. ഇനി ഫ്രീയായിട്ട് തന്നു എന്നൊരു തോന്നൽ ഉണ്ടെങ്കിൽ, പേടിക്കണ്ട..ഞാനത് സ്ത്രീധനത്തിൽ നിന്നും കുറച്ചോളാം "

കണ്ണൻ കുസൃതിയോടെ പറഞ്ഞു.

"എനിക്ക്... വേണ്ടായിരുന്നു.."

സീത വിഷമത്തോടെ പറയുന്നത് കേട്ടിട്ട് അവൻ കണ്ണുരുട്ടി.

കണ്ണൻ തന്നെയാണ് ബോക്സ്‌ തുറന്നിട്ട് ഫോൺ പുറത്തെടുത്തത്.

"കൊള്ളാവോ? നിനക്കിഷ്ടയോ?"

അവൻ സന്തോഷത്തോടെ അവളെ നോക്കി.

"ഒത്തിരി കാശായോ?"

സീതയുടെ മറുചോദ്യം.

"ആയെങ്കിൽ നീ ഇപ്പൊ തരുവോ?"

അവന്റെയും മുഖം ഗൗരവത്തിലാണ്.

സീത മൗനമായി നിന്നു.

"നിന്നോട് ഞാൻ ഒരു പ്രാവശ്യം പറഞ്ഞു. അഭിമാനം മാത്രമാണ് മനോഹരം. ദുരഭിമാനം അത്ര പോരാന്ന് "

കണ്ണൻ അവളുടെ കയ്യിലേക്ക് ഫോൺ വെച്ചു കൊടുത്തു.

'നിന്നെ പേടിപ്പിക്കുന്ന വിലയൊന്നും അതിനായിട്ടില്ല സീതാ ലക്ഷ്മി. ഡോണ്ട് വറി "

പിന്നെയും തെളിയാത്ത അവളുടെ മുഖത്ത് നോക്കി അത് പറഞ്ഞിട്ട് അവൻ വീണ്ടും അലമാരയുടെ നേരെ തന്നെ നടന്നു.

സീത കയ്യിലുള്ള ഫോൺ തിരിച്ചും മറിച്ചും നോക്കുന്ന തിരക്കിലാണ്.

അരികിൽ വന്നു കണ്ണൻ നീട്ടിയ കുറച്ചു നോട്ടുകൾ കൂടി കണ്ടപ്പോൾ അവളുടെ മുഖം വീണ്ടും ചുളിഞ്ഞു.

"കറന്റ് ബില്ല് ഞാൻ സെറ്റാക്കി കൊള്ളാം. നാളെ അച്ഛനെ ഹോസ്പിറ്റലിൽ കാണിക്കണം, അതിനി എന്താ ചെയ്യുകയെന്ന് അറിയില്ലെന്ന് എന്നോട് പറഞ്ഞിരുന്നില്ലേ? ഈ കാശ് അതിനുള്ളതാണ്. കാശിനു വേണ്ടി ഇനിയാരോടും നീ കൈ നീട്ടരുത്"

കണ്ണന്റെ ദൃഡമായ വാക്കുകൾ.

സീത അവനെ തന്നെ തുറിച്ചു നോക്കി.

"ഇതിനി എങ്ങനെ തിരിച്ചു തരും എന്നോർത്ത് വിഷമിക്കണ്ട. ഇതും ഞാൻ സ്ത്രീധനക്കണക്കിൽ കുറച്ചു കൊള്ളാം "

കണ്ണൻ അവളുടെ നോട്ടം കണ്ടിട്ട് ചിരിയോടെ ആ കാശ് അവളുടെ കൈ പിടിച്ചിട്ട് അതിനുള്ളിൽ വെച്ച് കൊടുത്തു.

"നീ എന്നെ സ്നേഹിക്കാൻ വേണ്ടി ചെയ്യുന്ന കുറുക്കുവഴികളൊന്നുമല്ലിത്. നിന്റെ അവസ്ഥയിൽ എനിക്ക് ചെയ്യാനാവുന്ന സഹായം ചെയ്യുന്നു. നാളെയൊരിക്കൽ ഞാനിതിത് പ്രത്യുപകാരമായിട്ട് ആവിശ്യപെടുമോ എന്ന പേടിയും നിനക്ക് വേണ്ട.നിന്റെ സ്ഥാനത്ത് വേറെ ആരായിരുന്നാലും ഞാനിത് തന്നെയാവും ചെയ്യുന്നത്. താങ്ങാവേണ്ടവർക്ക് തുണയാവാൻ എന്റെമ്മയാണ് സീതാ ലക്ഷ്മി എന്നെ പഠിപ്പിച്ചത്. അതിൽ കള്ളത്തരം കാണിക്കാൻ സത്യമായും എനിക്കറിയില്ല."

അങ്ങേയറ്റം ആത്മാർത്ഥമായ വാക്കുകൾ.

സീതയുടെ കയ്യിൽ ആ കാശ് മുറുകി.

"എന്നെങ്കിലും ഞാനിത് തിരികെ തരും "

കണ്ണനെ നോക്കി സീത പറഞ്ഞു.

"നിനക്കതിനു കഴിയട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു. നീ ജയിച്ചു കാണാനാണ് എനിക്കാഗ്രഹം "

അവനും ചിരിച്ചു.

"നാളെ എങ്ങനെ കൊണ്ട് പോകും അച്ഛനെ?"

കണ്ണൻ അവളെ നോക്കി.

"വീടിനടുത്തുള്ള ചേട്ടന് ഓട്ടോയുണ്ട്. അതിലാണ് ഇത് വരെയും കൊണ്ട് പോയിരുന്നത് "

"ഞാൻ... ഞാൻ കൂടെ വരണോ?"

അവളത് നിഷേധിക്കുമെന്ന് ഉറപ്പുണ്ടായിട്ടും കണ്ണൻ ചോദിച്ചു.

"വേണ്ട"

പ്രതീക്ഷിച്ചത് പോലെ വളരെ പെട്ടന്നായിരുന്നു സീതയുടെ മറുപടി.

അവന് നിരാശയൊന്നും തോന്നിയില്ല.

അത് സീതാ ലക്ഷ്മിയാണ്. അവളെങ്ങനെയാണ് എന്നും അവനറിയാം.

"എന്നാ ഇനി പോയിക്കോ. ഒരുപാട് ജോലിയുണ്ടെന്ന് പറഞ്ഞില്ലേ?"

കണ്ണൻ അവൾക് മുന്നിൽ നിന്നും നീങ്ങി നിന്നു.

സീത അവനെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു.

"താങ്ക്സ് "

ഒന്നു രണ്ടടി വെച്ചിട്ട് വീണ്ടും തിരിഞ്ഞു നിന്നിട്ടഈ സീത കണ്ണനോട് പറഞ്ഞു.

അവൻ ചുണ്ടുകൾ കൂട്ടി പിടിച്ചിട്ട് ഒന്ന് കണ്ണടച്ച് കാണിച്ചു.

"എന്റെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്. എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിക്ക് ട്ടോ "

പുറകിൽ നിന്നവൻ വിളിച്ചു പറയുമ്പോൾ സീത തിരിഞ്ഞു നിന്നു.

"അതേയ്..."

സീത അവനെ നോക്കി കൊണ്ട് പിന്നിലേക്ക് നടന്നു.

"മ്മ് "

കണ്ണൻ വാതിൽ പടിയിൽ ചാരി നിന്നിട്ട് നെഞ്ചിൽ കൈ കെട്ടി നിന്നവളെ നോക്കി പുരികമുയർത്തി.

"എനിക്ക്..."

സീതയുടെ മുഖത്തു നിറയെ കള്ളച്ചിരിയാണ്.

"നിനക്കിഷ്ടം ഹരിയേയാണ്. അതല്ലേ പറയാൻ വന്നത് ?"

അതേച്ചിരിയപ്പോൾ അവനിലും ഉണ്ടായിരുന്നു.

പിന്നൊന്നും പറയാതെ തിരിഞ്ഞു നടന്നവളെ നോക്കി അവനപ്പോഴും അതേ നിൽപ്പാണ്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story