സ്വന്തം ❣️ ഭാഗം 28

swantham

രചന: ജിഫ്‌ന നിസാർ

"ദേ ടോണി, ഞാൻ മര്യാദയുടെ ഭാഷയിലാണ് ഇത് വരെയും നിന്നോട് സംസാരിച്ചത്. എന്റെ ക്ഷമയേ പരീക്ഷിക്കരുത് "

അർജുന്റെ ശബ്ദം പതിവില്ലാതെ ഉയർന്നു.

ടോണിയുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുച്ഛത്തിലേക്ക് അർജുൻ ദേഷ്യത്തോടെ നോക്കി.

"എപ്പോഴും നിങ്ങളുടെയെല്ലാം കല്പനകൾ അനുസരിച്ചു തന്നെയാണ് നടന്നിട്ടുള്ളത്. ഇതെനിക്ക് വയ്യ. ആനുവൽ എക്സാം നടക്കുന്ന അന്ന് ഇത് പോലൊരു പ്രശ്നത്തിന് തിരി കൊളുത്തിയാൽ.. ഓർത്തിട്ടുണ്ടോ നിങ്ങള്, എത്ര കുട്ടികളുടെ ഭാവിയാണ്.."

അർജുൻ പറഞ്ഞു വന്നത് ടോണി കൈയുയർത്തി തടഞ്ഞു.

"നിന്റെ ആദർശപ്രസംഗം കേൾക്കാൻ എനിക്ക് ടൈമില്ല അർജുൻ. പറഞ്ഞത് അനുസരിച്ചില്ലയെങ്കിൽ വളരെ വലിയ പ്രശ്നങ്ങളെ നീ ഒറ്റയ്ക്ക് നേരിടേണ്ടി വരും. അന്ന് കരഞ്ഞും വിളിച്ചും നടന്നിട്ട് കാര്യമില്ല. ഞാനെനിക്ക് പറയാനുള്ളത് പറഞ്ഞു. അതും നിന്നോടുള്ള സ്നേഹക്കൊണ്ട്. ബാക്കിയുള്ളവർ ഇത്പോലെയാവില്ല ഡീൽ ചെയ്യുന്നത്. അത് മറക്കണ്ട നീ "

ടോണിയുടെ സ്വരത്തിനു ഭീക്ഷണിയുടെ ചുവയുണ്ട്.

അർജുൻ സ്വയം നെറ്റിയിടിച്ചു.

"എടാ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്. ഈ എക്സാം അറ്റന്റ് ചെയ്യാനായില്ലങ്കിൽ എന്റെ ലൈഫ് തന്നെ പോകും. തോറ്റു തുന്നം പാടി വീട്ടിൽ കുത്തിയിരിക്കാൻ പറ്റിയൊരു അവസ്ഥയിലല്ല ഞാൻ. എനിക്ക് പഠിക്കണം. ഒരു ജോലി വേണം. ഇപ്പൊ എനിക്ക് മുന്നിൽ അത് മാത്രമേയുള്ളൂ. വേറൊന്നിനെ കുറിച്ചും തത്കാലം ഞാനോർക്കുന്നില്ല "

അർജുൻ ടോണിയെ നോക്കി.

"അപ്പൊ അവന്മാർ പറയുന്നത് ചുമ്മാതല്ല. നിനക്കൊരു പിറകോട്ടു വലിവുണ്ടെന്ന് "
ടോണി അർജുനെ പരിഹസിച്ചു.

"പഠിച്ചു നേടിയ സർട്ടിഫിക്കറ്റ് കക്ഷത്തിൽ വെച്ച് നടന്നാലൊന്നും ജോലി കിട്ടൂല അർജുൻ. അതിനും കാശ് വേണം.
അല്ലെങ്കിൽ നല്ല പിടിപ്പാട് വേണം. പാർട്ടി പറയുന്നത് പോലെ നിന്നാൽ അവരുടെ കെയറോഫിൽ നമുക്ക് ലൈഫ് സെറ്റിൽ ചെയ്യാ. നീ കുറച്ചു കൂടി പ്രാകട്ടിക്കൽ ആയിട്ട് ചിന്തിക്കാൻ ശ്രമിക്ക് അർജുൻ "

അർജുന് നോവും വിധം അവന്റെ തോളിൽ പിടിച്ചുലച്ചു കൊണ്ട് ടോണി പറഞ്ഞു.

"കിട്ടും.ജോലിയല്ല. നല്ല എട്ടിന്റെ പണി കിട്ടും. ഞാനിപ്പോ അത് അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ. നേതാക്കൾ പറയും.നമ്മളെ പോലുള്ള വിഡ്ഢികൾ അത് മുന്നും പിന്നും നോക്കാതെ ചെയ്യും. എനിക്കിപ്പോ കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായി ടോണി. ഇനിയെങ്കിലും നല്ല രീതിയിൽ, നല്ലത് ചെയ്തു ജീവിക്കാൻ ആഗ്രഹമുണ്ട്. ഒരു പാർട്ടിയുടെയും പിൻബലത്തില്ലാവരുത് അതെന്ന് എനിക്കിപ്പോ നിർബന്ധമുണ്ട്."

ടോണിയുടെ മുഖം ഇരുണ്ടു പോയിരുന്നു.

"ഐആം സോറി ടോണി. ഞാനിത് ചെയ്യില്ല. എനിക്ക് ബുദ്ധിമുട്ടാണ് "

ടോണിയുടെ കൈകൾ ബലമായി തോളിൽ നിന്നെടുത്തു മാറ്റി അർജുൻ പറഞ്ഞു.

"ഈ തീരുമാനം നിന്റെ നാശത്തിനാണ് "

ടോണി ഓർമ്മിപ്പിച്ചു.

"അത് ഞാൻ സഹിക്കും. ഒരുപാട് പേരുടെ ഭാവി നശിപ്പിക്കാൻ കൂട്ട് നിൽക്കുന്നതിലും നല്ലത് ഞാൻ ഒറ്റക്ക് നേരിടുന്നതാണ് "

"നിനക്ക് ഒരു ദിവസം കൂടി ആലോചിക്കാൻ സമയം തരാം അർജുൻ. നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് എന്ന് കൂട്ടിക്കോ. നല്ലൊരു തീരുമാനം എടുക്ക് നീ "

ടോണിയുടെ സ്വരം അൽപ്പം അയഞ്ഞു.

"എനിക്കിനി ആലോചിക്കാൻ ഒന്നുമില്ല ടോണി. എന്റെ തീരുമാനം ഞാൻ പറഞ്ഞുകഴിഞ്ഞു "

ടോണിയുടെ ദേഷ്യം ഇരച്ചു കയറുന്ന മുഖത്തേക്ക് അർജുൻ മനഃപൂർവ്വം നോക്കിയില്ല.

"ഇതിനുള്ളത് നീ അനുഭവിക്കേണ്ടി വരും "

വിരൽ ചൂണ്ടി അർജുനെ ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് ടോണി തിരിഞ്ഞു നടന്നു.

"നീ ഒന്ന് നിന്നേ ടോണി "

പിറകിൽ നിന്നും അർജുൻ വിളിച്ചു പറഞ്ഞു.

ടോണി അവന് നേരെ തിരിഞ്ഞു.

"ഇന്നലെ എന്റെ കയ്യിൽ നിന്നും വാങ്ങിയ കാശ്, അതെനിക് വേണം. വീട്ടിലെ ബില്ലടക്കാൻ തന്ന കാശാണ്‌ . ഇന്ന് തരാം എന്ന് പറഞ്ഞിട്ട് എന്റെ കയ്യിൽ നിന്നും അത് വാങ്ങിയത് നീയല്ലേ?"

അർജുൻ ടോണിയുടെ മുന്നിൽ പോയി നിന്നു.

"എന്റെ വീട്ടിലെ ചിലവിനല്ല ആ കാശ് എടുത്തതെന്ന് നിനക്കും അറിയാമല്ലോ? പാർട്ടിക്ക് വേണ്ടി ചിലവാക്കുകയെന്നത് എല്ലാവരുടെയും തുല്യ ഉത്തരവാദിത്തമാണ്. അത് തിരിച്ചു വേണം എന്ന് പറയുന്നത് ചെറ്റത്തരമാണ് "

ടോണിയുടെ സ്വരത്തിൽ നിറഞ്ഞ പരിഹാസം.

അർജുന്റെ നെറ്റി ചുളിഞ്ഞു.

ടോണി പിന്നൊന്നും പറയാതെ അവനെ ഒന്ന് പുച്ഛത്തോടെ നോക്കി കൊണ്ട് നടന്നു മറഞ്ഞു.

അർജുൻ ഒരു നെടുവീർപ്പോടെ അവിടെ തന്നെ നിന്ന് കളഞ്ഞു.

ആ കാശിനി കിട്ടില്ലെന്ന് ഏകദേശമുറപ്പായി.

ചെന്നിറങ്ങി കൊടുത്തത് പോലല്ല.

തിരിച്ചു കയറാൻ ഒത്തിരി കഷ്ടപെടേണ്ടി വരും.
ഒന്നിന്റെയും പുറംമോടി കണ്ട് കൊതിക്കരുത് എന്ന് പറയുന്നതെത്ര നേരാണ്.

നിരഞ്ജന നേരിട്ട് കണ്ടിട്ട് പോലും മുഖം തിരിഞ്ഞു പോയത് നെഞ്ചിലെ നീറ്റലായി അവിടെ കിടപ്പുണ്ട്.

വല്യേച്ചിയുടെയും സീതേച്ചിയുടെയും കണ്ണ്നീരിന്റെ ചൂട്... ഹൃദയം ഉരുകിയൊലിക്കാൻ പാകത്തിനാണ്.

അർജുൻ തളർന്നത് പോലെ അടുത്തുള്ള ചുവരിലേക്ക് ചാരി.

                       ❣️❣️❣️❣️❣️

അന്ന് വൈകുന്നേരം പോവാനിറങ്ങും വരെയും കണ്ണനെ അങ്ങോട്ട് കണ്ടിട്ടേയില്ല.

മുത്തശ്ശിയോട് യാത്ര പറഞ്ഞിറങ്ങി പോന്നിട്ടും സീതയുടെ കണ്ണുകൾ കണ്ണനെ തിരഞ്ഞു.

ഗേറ്റ് കടന്നിറങ്ങും വരെയും അവിടെ എവിടെയും അവനെ കാണാനാവാത്ത നിരാശ അവളുടെ മനസ്സിൽ കാർമേഘമായി കറുത്ത് കിടന്നു.

നേർത്തൊരു ചിരിയോടെ.. കുറുമ്പുകൾ നിറഞ്ഞ അവന്റെ മുഖം അവളെ ശ്വാസം മുട്ടിച്ചു.

പ്രണയത്തെയും വിവാഹത്തെയും വിദൂരസ്വപ്നങ്ങളിൽ നിന്ന് പോലും അകറ്റി നിർത്തിയിരുന്ന സീതാ ലക്ഷ്മിയുടെ വരണ്ട് കിടക്കുന്ന ഹൃദയതടത്തിൽ പൊടിഞ്ഞു തുടങ്ങിയ ചാറ്റൽ മഴപോലൊരുത്തൻ.

എന്ത് കൊണ്ടോ..

ഉള്ള് പൊടിയുന്നു..

മൗനം പൊള്ളുന്നു..

പേരറിയാത്ത ഏതോ ഒരു വികാരം..വല്ലാതെ ഉലച്ചു കളയുന്നു.

ഇനിയൊരു വസന്തമെന്ന സ്വപ്നം ഏറെ കൊതിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

പ്രണയമതിന്റെ വികൃതികൾ കാണിച്ചു തുടങ്ങിരിക്കുന്നുവോ?

അർഹതയുണ്ടോ എന്നാ ചോദ്യം കുറ്റബോധത്തിന്റെ നേർത്ത ചീളുകൾ കൊണ്ട് ഹൃദയം മുഴുവനും പോറൽ തീർക്കുന്നതും.. ആ മുറിവിൽ നിന്നും രക്തം കിനിയുന്നതുമെല്ലാം അറിഞ്ഞിട്ടും കണ്ണനെന്ന ഒറ്റ ലോകത്തിലെ തടവുക്കാരിയായത് പോലെ.

കോടാനുകോടി ജനങ്ങളുള്ള ലോകത്ത് ആ ഒറ്റയോരാളില്ലെങ്കിൽ അനുഭവപെടുന്ന ശൂന്യതക്ക്‌ പറയുന്ന പേര് കൂടിയല്ലേ പ്രണയം?

സീത ലക്ഷ്മി കിരൺവർമ്മയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു!

അവളെറിയാതെ തന്നെ കാലുകൾ നിശ്ചല മായി.മുഖത്തു നിറയെ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു.

മുൻവിധികളോതുമില്ലാത്ത നിസ്വാർത്ഥ സ്നേഹം കൊണ്ടവൻ ഹൃദയഭിത്തിയിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു.

സീതയുടെ ചൊടിയിൽ വിരിഞ്ഞ ചിരിക്കപ്പോൾ നൂറഴകായിരുന്നു..

അവന്റെ ഓർമകളിൽ ഓരോ നിമിഷത്തിലും അനുഭവിക്കുന്ന നിർവൃതിയുടെ ലഹരിയിലാണവൾ.

വയൽ വരമ്പിൽ നിന്നും റോഡിലേക്ക് കയറിയതും... അവിടെ നിന്നും വീട്ടിലേക്കുള്ള പടവുകൾ കയറിയതുമെല്ലാം സ്വപ്നത്തിലെന്നത് പോലെയാണ്.

ഹൃദയം കൈപിടിയിൽ നിന്നും പറന്നകന്നൊരു ചിത്രശലഭം പോലെ..

ചിറ്റേ"യെന്നുള്ള വിളിയോടെ ലല്ലു വന്നിട്ട് ചുറ്റിപിടിക്കുമ്പോൾ സീത സ്വപ്നങ്ങളെ മാറ്റി നിർത്തി യാഥാർഥ്യങ്ങളിലേക്കിറങ്ങി വന്നു.

കുഞ്ഞിനെ വാരിയെടുത്ത് കവിളിൽ ചുണ്ട് ചേർത്തു.

"പനിയുണ്ടോ?"

ആ കുഞ്ഞു കവിളിലേ ചൂടിൽ അവളുടെ നെറ്റി ചുളിഞ്ഞു.

"മ്മ്. അമ്മ മരുന്ന് തന്നു "

അവളെ നോക്കി ചിരിച്ചുക്കൊണ്ട് ലല്ലുവിന്റെ ഉത്തരം.

കുഞ്ഞിനേയും പൊതിഞ്ഞു പിടിച്ചാണ് സീത അകത്തേക്ക് കയറിയത്.

ഒറ്റ കൈ കൊണ്ട് തോളിലുള്ള ബാഗ് ഹാളിലെ മേശയിലേക്കിട്ട് അവൾ നേരെ അടുക്കളയിലേക്ക് ചെന്നു.

"നിന്റെ അമ്മ എവിടെ പോയെടി ലല്ലുസേ?"

അടുക്കളയിൽ പാർവതിയേ കാണാഞ്ഞിട്ട് സീത ലാലൂവിനോട് ചോദിച്ചു.

അവൾ മുറ്റത്തേക്ക് വിരൽ ചൂണ്ടി.

"നീ ഇവിടിരിക്ക്. ചിറ്റ ഇത്തിരി വെള്ളം കുടിക്കട്ടെ "

ലല്ലുവിനെ മേശയിലേക്കിരുത്തി സീത വെള്ളമെടുക്കാനായി തിരിഞ്ഞു.

"ആഹാ.. നീ വന്നോ.?"

കയ്യിൽ വാരി പിടിച്ച വിറകുമായി പാർവതി കയറി വന്നു.

"ചായയിരുപ്പുണ്ടെടി. അതെടുത്തു കുടിക്ക് "

കയ്യിലുള്ള വിറക് സ്ലാബിന്റെ അടിയിലേക്ക് ഒതുക്കി വെക്കുന്നതിനിടെ തന്നെ സീതയെ നോക്കി പാർവതി പറഞ്ഞു.

" കുളിച്ചു വരട്ടെ.  എന്നിട്ടാവാം ചായ "

സീത അവളെ നോക്കി പറഞ്ഞു.

"ലല്ലുനെപ്പോ തുടങ്ങി പനി?"

സീത ലല്ലുവിനരികിൽ പോയിരുന്നു കൊണ്ട് ചോദിച്ചു.

"ഇന്നലെ രാത്രി മുതൽ ചെറിയൊരു ചൂടുണ്ട്. മരുന്ന് കൊടുത്തിട്ടുണ്ട് "

പാർവതി വന്നിട്ട് ലല്ലുവിന്റെ നെറ്റിയിൽ തൊട്ട് നോക്കി പറഞ്ഞു.

"കുറവില്ലെൽ ഡോക്ടറെ കാണിക്കാം "

സീത പറഞ്ഞു.

"നീ ആ തിരക്കിനിടയിൽ എപ്പഴാ പോയിട്ട് ബില്ലടച്ചത്? ഉച്ചക്ക് ഒരുത്തൻ വന്നിട്ട് ഫ്യൂസ് കെട്ടിയിട്ട് പോയി. ഇനി കൃത്യമായി ബില്ലടക്കാൻ അവന്റെ വക ഫ്രീയായിട്ട് ഒരു ഉപദേശവും കിട്ടി "

പാർവതി സീതയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

"കറന്റ് ബില്ലിന്റെ കാര്യമോർത്തു വെറുതെ ടെൻഷനാവേണ്ട. അത് ഞാൻ സെറ്റാക്കികൊള്ളാം "
കണ്ണന്റെ വാക്കുകൾ അവൾക്കോർമ്മ വന്നു.
നിറഞ്ഞ ചിരിയോടെ കണ്ണൻ സീതയുടെ മുന്നിൽ വന്നിട്ട് പുരികമുയർത്തി കാണിച്ചു പാർവതിയുടെ ചോദ്യം കേട്ടിട്ട്.

'ഇപ്പൊ എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത് പോലെ'

"ഡീ "

ഉത്തരം കൊടുക്കാതെ അന്തം വിട്ടിരിക്കുന്നത് കണ്ടിട്ടാവും പാർവതി സീതയെ തട്ടി വിളിച്ചു.

"ഈ ലോകത്തൊന്നുമല്ലേ?"

സീത വെറുതെയൊന്നു ചിരിച്ചു.

"നാളെ ഹോസ്പിറ്റലിൽ പോവാനുള്ള കാശ് റെഡിയായില്ലേ ടി?"

സീതയുടെ മുഖത്തെ മ്ലാനത കണ്ടിട്ട് പാർവതി വീണ്ടും വേവലാതിയോടെ ചോദിച്ചു.

അതൊക്കെ റെഡിയാണേടി ചേച്ചി "

"പിന്നെന്താ വന്നപ്പോ മുതൽ നിനക്കൊരു വല്ലായ്മ? "

പാർവതി ചോദ്യത്തോടൊപ്പം തന്നെ സീതയുടെ നെറ്റിയിൽ കൈ ചേർത്ത് വെച്ചു നോക്കി.

വല്ലായ്മയോ ?

സീതയ്ക്ക് ചിരിക്കാനാണ് തോന്നിയത്.

സന്തോഷമാണ് ഹൃദയം മുഴുവനും നിറഞ്ഞു നിൽക്കുന്നത്.

എന്തിനാണെന്ന് ചോദിച്ചാൽ ഉത്തരം മുട്ടി പോകുമെങ്കിലും.. ആ സന്തോഷത്തിന്റെ ഓരോ അണുവും സീതയെ കൂടുതൽ കൂടുതൽ മോഹിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

കണ്മുന്നിൽ വന്നിട്ടൊരുവൻ വീണ്ടും കള്ളച്ചിരിയോടെ നോക്കുന്നത് ഹൃദയത്തിലേക്കാണ്.

"ഈ പെണ്ണിനിത് എന്ത് പറ്റിയെന്ന "പാർവതിയുടെ ആത്മഗതം അൽപ്പം ശബ്ദത്തോടെ തന്നെ കേട്ടപ്പോഴാണ് സീതയ്ക്ക് വീണ്ടും സ്ഥലക്കാലബോധം വന്നത്.

"ഞാനൊന്ന് കിടക്കട്ടെ.."എന്നും പറഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ സീത അവിടെ നിന്നും അകത്തേക്ക് വലിഞ്ഞു.

അപ്പോഴും അവൾക്കെന്ത് പറ്റിയെന്ന ചിന്തയോടെ പാർവതി തുറിച്ചു നോക്കുന്നത് സീത മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു.

മുറിയിലെത്തി തലയിണയിൽ മുഖം അമർത്തി കിടന്നിട്ടും നേരെയാവാത്ത ഹൃദയമിടിപ്പിനെ അവൾ ശാസനയോടെ നോക്കി.

ഇത് വരെയും അറിഞ്ഞിട്ടില്ലാത്തൊരു അനുഭൂതിയുടെ ലഹരിയിൽ അവളത്രമേൽ തളർന്നു പോയിരുന്നു.

സുഖമുള്ളൊരു ആലസ്യം പൊതിയുന്നുണ്ട്.

കണ്മുന്നിലവന്റെ കള്ളച്ചിരി..

കാതിലവന്റെ സ്നേഹമന്ത്രം..

സീത ചാടി എഴുന്നേറ്റു.

പിടി കിട്ടാത്ത മനസ്സിനെ ഓർത്തവൾക്ക് ദേഷ്യവും സങ്കടവും തോന്നുന്നുണ്ട്.
മുഖം അമർത്തി തുടച്ചിട്ട് അവളെഴുന്നേറ്റ് പോയി, ഹാളിലെ മേശയിലെറിഞ്ഞ ബാഗിൽ നിന്നും ശ്രദ്ധയോടെ കണ്ണൻ കൊടുത്ത ഫോൺ എടുത്തു.

വീണ്ടും മുറിയിലേക്ക് തന്നെ പോയി.

ഫോണിൽ ആവിശ്യമുള്ളതെല്ലാം കണ്ണൻ തന്നെ ശെരിയാക്കി വെച്ചിട്ടുണ്ട്.

കണ്ണന്റെ നമ്പർ കൂടാതെ ആദിയുടെയും സിദ്ധുന്റെയും മുത്തശ്ശിയുടെയും നമ്പർ കൂടി അതിൽ  ചേർതിട്ടുണ്ട്.

പറയാതെ തന്നെ എത്ര വേഗത്തിലാണ് കണ്ണേട്ടന് തന്റെ മനസ്സറിയാൻ കഴിയുന്നത്?

ഓരോന്നും നോക്കി നോക്കി ഒടുവിൽ വാട്സാപ്പ് എടുത്തു നോക്കിയപ്പോൾ ആദ്യം തിരഞ്ഞു പോയതും കണ്ണേട്ടനെയാണ്.

ജീൻസും ജാകറ്റും കൂളിംഗ് ഗ്ലാസും.. എല്ലാംക്കൂടി വേറെരു കണ്ണേട്ടനാണ് ആ ബുള്ളറ്റിൽ ചാരിയിരിക്കുന്നത് എന്ന് തോന്നി സീതക്കവന്റെ പ്രൊഫൈൽ ഫോട്ടോ കണ്ടപ്പോൾ.

സ്വയമാറിയാതെ തന്നെ അവളുടെ വിരലുകൾ ആ ഫോട്ടോയിൽ തലോടി.

തന്റെ പ്രവർത്തിയിലെ കള്ളത്തരം മനസ്സിലായപ്പോൾ സ്വയം തലയിൽ ഒന്ന് അടിച്ചു കൊണ്ടവൾ ഫോൺ ഓഫ് ചെയ്തു വെച്ചു.

അവന്റെയൊർമകളിൽ, തന്റെ മനസ്സ് അസ്വസ്ഥമാക്കുന്ന മറ്റൊന്നും തന്നിലേക്ക് കടന്നു വരുന്നില്ലെന്ന് സീത അത്ഭുതത്തോടെയോർത്തു.

                   ❣️❣️❣️❣️❣️

"ഇനി ചോദിക്ക് രണ്ടാളും. വിശപ്പ് മാറിയപ്പോഴാ നിങ്ങളെയൊക്കെ ശെരിക്കും കാണുന്നത് "

വരദയുടെ താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഹരി ചോദിച്ചു.

കുറുപ്പ് മാഷ് അവന്റെ നേരെ ചിരിച്ചു കൊണ്ട് നോക്കി.

"അതിന് മാത്രം ചോദിക്കാനൊന്നും ഇല്ലന്റെ ഹരിക്കുട്ടാ.നീ എന്തേ പറയാതെ വന്നേ? അതും പോയിട്ട് ഒരാഴ്ച കൂടി ആയില്ലല്ലോ?"

വരദ വാത്സല്യത്തോടെ ഹരിയുടെ നെറുകയിൽ തലോടി.

"അതാണോ കാര്യം? എന്താണെന്നറിയില്ല..എനിക്കെന്റെ പാവം അമ്മയെയും അച്ഛനെയും കാണാൻ പെട്ടന്നൊരു കൊതി. അപ്പൊ തന്നെ ഒരാഴ്ച ലീവും എഴുതി കൊടുത്തിങ്ങോട്ട് വണ്ടി കയറി. അത്രതന്നെ "

ഹരി അമ്മയെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.

"അപ്പൊ ഒരാഴ്ച നീ ഇവിടെ ഉണ്ടാവുമോ? "

വരദ വിടർന്ന കണ്ണോടെ ഹരിയെ നോക്കി.

"പിന്നല്ലാതെ. എനിക്ക് എന്റമ്മയുണ്ടാക്കുന്ന പ്രിയപ്പെട്ട വിഭവങ്ങളൊക്കെ കഴിച്ച്.. നമ്മടെ കുളത്തിൽ നീന്തികുളിച്.. വൈകുന്നേരം അമ്മയുടെ കൂടെ അമ്പലത്തിലൊക്കെ പോയി.. രാത്രിയിൽ അമ്മ തരുന്ന കഞ്ഞിയും പയറും കഴിച്ച്.... അങ്ങനെയങ്ങനെ.... എനിക്കാ പഴയ ഹരിയാവൻ ഒരു കൊതിയമ്മാ."

ഹരി വരദയെ പിടിച്ചു കറക്കി കൊണ്ടാണ് ഓരോന്നും പറയുന്നത്.

കുറുപ്പുമാഷ് അവരുടെ വർത്തമാനം ആസ്വദിച്ചു കൊണ്ട് ചിരിയോടെ ഇരിപ്പുണ്ട്.

"അതേയ്.. മാഷേ ആ മുറ്റത്തേക്ക് ഒന്നിറങ്ങി നോക്കുവോ?"

വരദയുടെ ആവിശ്യം കേട്ടിട്ട് മാഷും ഹരിയും ഒരുപോലെ നെറ്റി ചുളിച്ചു.

"അല്ല.. വല്ലതും മാറ്റം വന്നിട്ടുണ്ടോ എന്നറിയാനാ. കാക്ക മലർന്ന് പറക്കുക, സൂര്യൻ പടിഞ്ഞാറ് ഉദിക്കുക അങ്ങനെ വല്ലതും."

വരദ ഹരിയെ നോക്കി ചിരിച്ചു.

അവരുടെ ഉദ്ദേശം മനസ്സിലായത് കൊണ്ട് തന്നെ ഹരിയുടെ കണ്ണുകൾ കൂർത്തു.

"ഈ പറഞ്ഞതൊക്കെ നടന്നിട്ടുണ്ടെങ്കിൽ നമ്മുടെ പൊന്നു മോൻ ഇപ്പൊ പറഞ്ഞതും നടക്കും. അങ്ങനല്ലേ ടോ "

കുറുപ്പു മാഷും ഹരിയുടെ നേരെ ഒന്ന് ഒളിഞ്ഞു നോക്കിയിട്ട് വരദയോട് ചോദിച്ചു.

ഹരി അച്ഛനെയും അമ്മയെയും മാറി മാറി നോക്കി.

കൊച്ചു കുഞ്ഞുങ്ങളെ പോലെ വീർപ്പിച്ചു പിടിച്ച അവന്റെ മുഖം കണ്ടിട്ട് ആദ്യം പൊട്ടിച്ചിരിച്ചു പോയതും കുറുപ്പുമാഷാണ്.

അതിന് പിറകെ വരദയും ആ ചിരിയിലേക്ക് ചേർന്നലിഞ്ഞു..

അത്രമേൽ ഹൃദ്യമായ ആ കാഴ്ചയിലേക്കുറ്റു നോക്കിയപ്പോൾ അറിയാതെ തന്നെ ഹരിയും ആ ചിരിയിലേക്ക് ലയിച്ചു പോയിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story