സ്വന്തം ❣️ ഭാഗം 29

swantham

രചന: ജിഫ്‌ന നിസാർ

"പോകാതിരിക്കാൻ കഴിയില്ല ചേച്ചി. ഒന്നാമതേ മുത്തശ്ശിക്കിപ്പോ പനി മാറിയ നല്ല ക്ഷീണമുണ്ട്. എനിക്ക് ശമ്പളം തരുന്നത് കൊണ്ട് ശ്രീനിലയത്തിലെ ആരും ആ പരിസരത്ത് പോലും എത്തി നോക്കില്ല. ആ പാവം കഷ്ടപെടും "

സീത താഴെ വിരിച്ച പായയിൽ ഇരുന്നു കൊണ്ട് പാർവതിയെ നോക്കി പറഞ്ഞു.

"പിന്നെ എന്ത് ചെയ്യുംമെടി? രാവിലെ ഏഴ് മണിക്കാണ് അച്ഛനെ കൊണ്ട് പോവേണ്ടത്. രണ്ടാളും ഇല്ലാതെ പറ്റില്ലല്ലോ?"

പാർവതി ഉറങ്ങി കിടക്കുന്ന ലല്ലുവിനെ പുതപ്പിക്കുന്നതിനിടെ ചോദിച്ചു.

സീത ഉത്തരമില്ലാത്ത പോലിരുന്നു.

"എന്തെങ്കിലും ഒരു വഴിയുണ്ടാവും. ഇപ്പൊ കിടന്നുറങ്ങ് നീ "

ഒടുവിൽ അവളുടെയിരുത്തം കണ്ടിട്ട് പാർവതി പറഞ്ഞു.

ലൈറ്റ് അണച്ചിട്ട് പാർവതി കിടന്നിട്ടും സീത ഇത്തിരി നേരം കൂടി അതേയിരിപ്പ് തുടർന്നു.

"മുത്തശ്ശി തന്നത് തന്നെയാണോടി മോളെ നിനക്കാ ഫോൺ?"

ഇരുട്ടിൽ നിന്നും പാർവതിയുടെ ചോദ്യം അപ്രതീക്ഷിതമായി കേട്ടപ്പോൾ സീത ഞെട്ടി പോയി.

"അതേ.. എന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന് പലപ്പോഴും മുത്തശ്ശി പരാതി പറയാറുണ്ട് "

സീത പരമാവധി പതർച്ചയില്ലാതെ പറഞ്ഞു.

പാർവതിയുടെ കനത്തൊരു മൂളൽ മാത്രമാണ് ഉത്തരം കിട്ടിയത്.

"നീയെന്താടി ചേച്ചി അങ്ങനെ ചോദിച്ചത്?"

ഉള്ളിലെ വേവലാതി മറച്ചു പിടിച്ചാണ് സീത ഇരുട്ടിലേക്ക് നോക്കി അത് ചോദിച്ചത്.

തന്റെ മുഖത്തു പടർന്ന കള്ളത്തരം പാർവതി കാണുന്നില്ലെന്ന ആശ്വാസം അവളിൽ ഉണ്ടായിരുന്നു.

"ഒന്നുമില്ല പെണ്ണേ. ഞാൻ വെറുതെ ചോദിച്ചതാ "

സീത പിന്നൊന്നും ചോദിക്കനോ പറയാനോ നിൽക്കാതെ വേഗം പായയിലേക്ക് കിടന്നു.

ഓർമകളിൽ വീണ്ടും പ്രിയപ്പെട്ട ആ ചിരിയോടെ കണ്ണൻ നിറഞ്ഞു.

സീത കമിഴ്ന്നു കിടന്നിട്ട് തലയിണയിൽ മുഖം പൂഴ്ത്തി.

 ഫോൺ എടുത്തിട്ട് അവന്റെ ഫോട്ടോ ഒരിക്കൽ കൂടി കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ടും അവൾ അനങ്ങാതെ കിടന്നു.

                   ❣️❣️❣️❣️❣️

"ഞാൻ പോയിക്കൊള്ളാം. വല്യേച്ചിക്കൊപ്പം ഹോസ്പിറ്റലിൽ "

സീത കൂടി കേൾക്കാൻ വേണ്ടിയിട്ട് അടുക്കളയിൽ വന്ന് അർജുൻ പറഞ്ഞു.

സീതയുടെ ഭാവമറിയാൻ പാർവതിയുടെ നോട്ടവും സീതയുടെ നേരെയായി.

അവൾ പക്ഷേ ഒന്നും മിണ്ടാതെ മടിയിലിരിക്കുന്ന ലല്ലു മോൾക്ക് ഭക്ഷണം കൊടുക്കുന്ന തിരക്കിലാണ്.

വേണമെന്നോ വേണ്ടന്നോ പറയാത്തത് കൊണ്ട് തന്നെ അവന്റെ നോട്ടം പാർവതിയുടെ നേരെ നീണ്ടു.

"എങ്കിൽ വേഗം പോയി കുളിച്ചു റെഡിയാവ്. പോവാനായി "

സീതയെ ഒന്ന് ക്കൂടി നോക്കിയിട്ട് പാർവതി അർജുനോട് പറഞ്ഞു.

അവൻ തല കുലുക്കി കൊണ്ട് അകത്തേക്ക് കയറി പോയി.

അർജുൻ പോയ വഴിയേ ഒന്ന് തല ചെരിച്ചു നോക്കിയിട്ട് സീത പാർവതിയേ നോക്കി കണ്ണടച്ച് കാണിച്ചു.

പാർവതിയും പോവാനുള്ള ഒരുക്കങ്ങളിലാണ്.

കോളിങ് ബെൽ അടിക്കുന്നത് കേട്ടിട്ട് സീത ചുളിഞ്ഞ മുഖത്തോടെ പാർവതിയേ നോക്കി.

"ഞങ്ങള് നോക്കിയിട്ട് വരാടി ചേച്ചി "
സീത ലല്ലുവിനെയും കൊണ്ട് എഴുന്നേറ്റ് നടന്നു.

                       ❣️❣️❣️❣️

"ഇതെന്താടാ ഒരു മുന്നറിയിപ്പുമില്ലാതെ?"

കണ്ണൻ അത്ഭുതത്തോടെ മുന്നിൽ നിൽക്കുന്ന മിഥുനെ നോക്കി.

അവൻ ചിരിച്ചു കൊണ്ട് നിൽക്കുന്നു.

"അത് നീ അവളോട് ചോദിക്ക്. ഒന്നും നിന്നെ അറിയിക്കരുത് എന്ന വാശി ആ പിശാചിനായിരുന്നു."

അവൻ വലതുവശത്തേക്ക് വിരൽ ചൂണ്ടി.

തന്നെ നോക്കി നിറഞ്ഞ ചിരിയോടെ നിൽക്കുന്ന റിമി മരിയ.

കണ്ണന്റെ പപ്പയുടെ ആത്മാർത്ഥ സുഹൃത്തായ ജോണിന്റെ പ്രിയപ്പെട്ട മകൾ.

ബാംഗ്ലൂരിൽ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ്‌ റിമി.

കണ്ണനവൾ ബാംഗ്ലൂരിൽ എത്തിയത് മുതൽ പ്രിയപ്പെട്ട കൂട്ടുകാരിയാണെങ്കിലും റിമിയുടെ മനസ്സിൽ കണ്ണനോടുള്ള ഇഷ്ടത്തിന് മഴവില്ലഴക്കാണ്.

"നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയല്ലേ കണ്ണാ? "

അതേ ചിരിയോടെ തന്നെ അവൾ മുന്നോട്ടു വന്നിട്ട് കണ്ണനെ ഇറുകെ പുണർന്നു.

കൈകൾ കൊണ്ടവളെ ചേർത്ത് പിടിച്ചെങ്കിലും കണ്ണൻ അരികിൽ നിൽക്കുന്ന മിഥുനെ നോക്കി പേടിപ്പിക്കുന്നുണ്ട്.

അവന്റെ വെപ്രാളം കണ്ടിട്ട് മിഥുൻ ചിരി കടിച്ചു പിടിച്ചാണ് നിൽക്കുന്നത്.

"എന്തൊരു ബ്യുട്ടിഫുൾ സ്ഥലമാണ് ഇവിടം.ചുമ്മാതാണോ നീ ഇവിടങ് ഉറച്ചു പോയത്?"

കണ്ണന്റെ തോളിൽ അടിച്ചു കൊണ്ട് റിമി അതിശയത്തോടെ കണ്ണുകൾ നാല് പാടും പായിച്ചു.

ബാംഗ്ലൂർ നഗരത്തിൽ ജനിച്ചു വളർന്ന റിമിക്കിതു പുതുമയുള്ള കാഴ്ചകൾ തന്നെയാവാം.

"അകത്തേക്ക് വിളിക്കുന്നില്ലേ ഡാ ഞങ്ങളെ?"

റിമി വീണ്ടും കണ്ണനെ നോക്കി കണ്ണിറുക്കി.

"ഓ.. റിയലി സോറി റിമി. ഞാൻ നിങ്ങളെ കണ്ട സർപ്രൈസ് കൊണ്ട് അതങ്ങു മറന്ന് പോയി. വാ "

കണ്ണൻ ചിരിയോടെ അവളെ നോക്കി.

അതിരാവിലെ തന്നെ മുറ്റത്തു വന്നു നിൽക്കുന്ന വണ്ടിയെയും അതിൽ നിന്നിറങ്ങി വന്ന മിഥുനെയും റിമിയെയും സംശയത്തിന്റെ കറ പുരണ്ട കണ്ണോടെ നോക്കി അകത്തുള്ള ഒട്ടുമിക്ക പേരും ഉമ്മറത്തു തന്നെ ഹാജർ വെച്ചിട്ടുണ്ട്.

"ലാഗേജ്‌ എടുക്ക് മിത്തു "

ആക്ഞ്ഞ പോലെ പറഞ്ഞിട്ട് മുന്നോട്ട് നടക്കുന്ന റിമിയെ നോക്കി കണ്ണൻ പല്ല് കടിച്ചു.

മിഥുൻ പക്ഷേ അപ്പോഴും ചിരിയാണ്.

പരിഷ്കാരത്തിന്റെ അങ്ങേയറ്റമാണ് റിമിയുടെ വേഷവും ഭാവവും.
'ഇനിയിപ്പോ ഇതിനുള്ള ഉറഞ്ഞു തുള്ളൽ കൂടി ഈ വെറും വയറ്റിൽ സഹിക്കേണ്ടി വരുമല്ലോ ഈശ്വരാ '

കണ്ണൻ വീണ്ടും മിഥുനെ നോക്കി കണ്ണുരുട്ടി.

"ഞാനിത്തിരി സമാധാനമായിട്ട് ഇവിടെ കഴിയുന്നത് നിനക്ക് സഹിച്ചില്ല,  അല്ലേടാ?"

തിരിഞ്ഞു നടക്കുന്ന റിമിയെ ഒന്ന് പാളി നോക്കിയിട്ട് കണ്ണൻ മിഥുന്റെ കഴുത്തിൽ പിടിക്കാനാഞ്ഞു.

"എന്റെ കുത്തിനു പിടിച്ചിട്ട് കാര്യമില്ലെടാ. രണ്ടു ദിവസമായിട്ട് ആ പെണ്ണ് എനിക്ക് സ്വര്യം തന്നിട്ടില്ല. നീ എവിടാണെന്ന് എനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വിശ്വാസം വരണ്ടേ?  ഞാൻ അറിയാതെ നീ എവിടെയും പോവില്ലെന്നാ അവളുടെ കണ്ടു പിടുത്തം."

ചുറ്റും നോക്കി ഉമ്മറത്തേക്ക് നീങ്ങുന്ന റിമിയെ നോക്കി മിഥുൻ ചിരിയോടെ പറഞ്ഞു.

"എത്ര ചോദിച്ചിട്ടും ഞാൻ പറയില്ലെന്നുറപ്പായപ്പോ, എന്റെ ഫ്ലാറ്റിനു മുന്നിൽ പെട്ടിയും കിടക്കയും കൊണ്ട് അവളുടെ കുത്തിയിരിപ്പ് സത്യാഗ്രഹം. അറിയില്ലേ നിനക്കാ പെണ്ണിന്റെ ദേഷ്യത്തേ? അവളുടെ വൃത്തികെട്ട വാശിയെ. എനിക്ക് മുന്നിൽ പിന്നെ ഇതല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു എന്റെ കണ്ണാ. തത്കാലം നീ എന്നോട് ക്ഷമി "

മിഥുൻ കൈ കൂപ്പി.

കണ്ണൻ നെടുവീർപ്പോടെ റിമിയേ തിരിഞ്ഞു നോക്കി.

ഉമ്മറത്തു തുറിച്ചു നോക്കി നിൽക്കുന്നവരെ പരിചയപെടുന്ന തിരക്കിലാണ് അവൾ.

അങ്ങനൊരു പ്രതേകത കൂടി ദൈവം റിമിക്ക് അറിഞ്ഞ് അനുഗ്രഹിച്ചു കൊടുത്തിട്ടുണ്ട്.

മിനിട്ടുകൾ കൊണ്ട് യാതൊരു പരിചയമില്ലാത്തവർ ആണെങ്കിൽ കൂടിയും സംസാരിച്ചു വീഴ്ത്താൻ അവൾക്കൊരു പ്രതേക മിടുക്കാണ്.

"എത്ര ദിവസത്തേക്കാ ഈ കെട്ടിയെടുപ്പ് എന്ന് വല്ല ഐഡിയയും ഉണ്ടോടാ മിത്തു?"

റിമിയുടെ വലിയ ബാഗുകൾ അവർ വന്ന ടാക്സിയിൽ നിന്നും വലിച്ചെടുക്കുന്നതിനിടെ കണ്ണൻ ചോദിച്ചു.

"നോ ഐഡിയാ "

മിത്തു വീണ്ടും ചിരിച്ചു കൊണ്ടവനെ നോക്കി.

"ഹാ... വരാനുള്ളത് ടാക്സി പിടിച്ചിട്ടായാലും വരുമെന്ന് ഉറപ്പായി. ഇനി വരുന്നിടത്തു വെച്ചു കാണാം. പൊറുക്കിയെടുത്ത് വാ "

താഴെ കിടന്ന രണ്ടു ബാഗുകൾ രണ്ടു കയ്യിലും തൂക്കിയെടുത്ത് നടക്കുന്നതിനിടെ കണ്ണൻ പറഞ്ഞു.

ടാക്സി കൂലി കൊടുത്തിട്ട് പേഴ്സ് പോക്കറ്റിൽ വെച്ച് ബാക്കിയുള്ള ബാഗും എടുത്തുകൊണ്ട് മിഥുനും അവന് പിറകെ നീങ്ങി..

                         ❣️❣️❣️❣️❣️

"ഹേയ്... ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെ.?"

അതിശയം കൊണ്ട് വിടർന്ന കണ്ണുകളോടെ സീത ഹരിയെ നോക്കി.

അവനെ കണ്ടതിലുള്ള സന്തോഷം അവളുടെ മുഖത്തു തെളിഞ്ഞു കാണുന്നുണ്ട്.

ഹരിയത് നിർവൃതിയോടെ നോക്കി നിന്നു.

"എന്റെ മോൾക്കും അങ്കിളിനെ കണ്ടിട്ട് വണ്ടറടിച്ചോ?"

സീതയുടെ ഒക്കത്തിരിക്കുന്ന ലല്ലുവിന്റെ കവിളിൽ തൊട്ട് കൊണ്ട് ഹരി ചോദിച്ചു.
ലല്ലു നാണത്തോടെ സീതയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

"അവൾക്ക് വയ്യ. ചെറിയൊരു പനി "

സീതയവളുടെ നാണം കണ്ടിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

"അയ്യോ... എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ?"
ഹരിയവന്റെ കയ്യിലുള്ള കവർ തിണ്ണയിൽ വെച്ചിട്ട് ലല്ലുവിനെ സീതയുടെ കയ്യിൽ നിന്നും എടുത്തു.

"മരുന്ന് കൊടുത്തിട്ടുണ്ട്. കുറവില്ലെങ്കിൽ വൈകുന്നേരം ഡോക്ടറെ കാണിക്കാം "

സീത പറഞ്ഞു.

"നീ വന്ന കാലിൽ നിൽക്കാതെ കയറിയിരിക്ക് ഹരി "

സീതയവനെ അകത്തേക്ക് ക്ഷണിച്ചു.

"അതിന് നീ ക്വസ്റ്റൻ ചെയ്യുന്നത് നിർത്തി അങ്ങോട്ട് നീങ്ങി നിൽക്കെടി "

വാതിൽക്കൽ നിൽക്കുന്ന സീതയെ നോക്കി ഹരി കണ്ണുരുട്ടി.

സീത ചമ്മലോടെ നീങ്ങി നിന്നു.

"ആഹാ. ഹരിയോ? നീ എപ്പോ വന്നെടാ?"

പുറത്തേക്ക് ആളെ നോക്കാൻ പോയ സീതയെ കാണാഞ്ഞ് തിരഞ്ഞു വന്ന പാർവതിയുടെ മുഖത്തും ഹരിയെ പെട്ടന്ന് കണ്ട അതിശയമുണ്ട്.

"ഞാൻ ഇന്നലെ രാത്രി "
ലല്ലു മോളുടെ മുടി തഴുകി ഒതുക്കി കൊണ്ട് ഹരി പറഞ്ഞു.

"സാധാരണ ലീവെടുക്കാൻ നല്ല മടിയുള്ള കൂട്ടത്തിലാണ് നീ. പോയിട്ടിപ്പോ ഒരാഴ്ച ആയിട്ടില്ലല്ലോ? എന്താടാ വിശേഷം വല്ലതുമുണ്ടോ? "

പാർവതിയുടെ ചോദ്യത്തിന് മുന്നിൽ ഹരി ഒരു നിമിഷം പതറി.

"വിശേഷം... ഏയ്‌ എന്ത് വിശേഷം?"
അവൻ ചിരിച്ചുക്കൊണ്ട് സീതയെ ആണ് നോക്കിയത്.

"നിനക്കെന്താണ്‌ മോനെ ഹരി ഒരു കള്ളലക്ഷണം?"

സീത കുറച്ചുക്കൂടി നീങ്ങി ഹരിയുടെ അരികിലേക്കിരുന്നു.

"എനിക്കോ? പോടീ അവിടുന്ന്. അവളുടെ ഒരു കണ്ടു പിടുത്തം "
ഹരി കണ്ണുരുട്ടി.

"നിനക്കിന്ന് ഉദ്യോഗമില്ലേ?"

"പിന്നെ... പോണം "

"എന്നിട്ടെന്താ ഇരിക്കുന്നെ? ഞാനോർത്തു നിന്നെ കാണാൻ ശ്രീനിലയത്തിൽ വരേണ്ടി വരുമോയെന്ന്?"

ഹരി സീതയെ നോക്കി ചിരിച്ചു.

"അങ്ങനെ കളിയാക്കുകയൊന്നും വേണ്ട മോഞ്ഞേ. ഇന്ന് എന്തായാലും ഞാനിത്തിരി വൈകും."

സീത കണ്ണുരുട്ടി.

"അതെന്താ...?"

"ഇന്ന് അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോണം ഹരി "

പാർവതിയാണ് ഉത്തരം പറഞ്ഞത്.

"ഞാനും അജുവും കൂടി പോവാന്ന് തീരുമാനിച്ചു."

"എങ്ങനെ പോവും? "

"ഓട്ടോ വിളിച്ചാണ് കൊണ്ട് പോവാറ്. ജബ്ബാറിക്കയുടെ "
സീത ഹരിയെ നോക്കി പറഞ്ഞു.

"എത്ര മണിക്കാ പോവേണ്ടത്?"

"ഏഴ് മണിക്ക് "
പാർവതി പറഞ്ഞത് കേട്ട് ഹരി വാച്ചിലേക്ക് നോക്കി.

"റെഡിയായി നിൽക്ക്. ഞാൻ കാറെടുത്തിട്ട് വരാം "

ഹരി ലല്ലുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് സീതയുടെ മടിയിൽ വെച്ചു കൊടുത്തു.

"അല്ലാ ഹരി.. ഓട്ടോ വിളിച്ചിട്ട് "

ഹരിയുടെ രൂക്ഷമായ നോട്ടത്തിൽ സീത പറയാൻ വന്നത് പാതിയിൽ വിഴുങ്ങി.

"ഇതിന് മാത്രം യാതൊരു കുറവും വരുന്നില്ലല്ലോ?"

ഹരി സീതയെ നോക്കി കണ്ണുരുട്ടി.

അവളൊന്ന് ചിരിച്ചുവെന്നല്ലാതെ ഒന്നും പറഞ്ഞില്ല.

"ഓ പറയാൻ മറന്നു."

ഹരി തിണ്ണയിലിരിക്കുന്ന കവർ കയ്യിലെടുത്തു സീതയുടെ നേരെ നീട്ടി.

അവളുടെ മുഖത്തു ഇതെന്താ എന്നുള്ള ചോദ്യമുണ്ടായിരുന്നു.

"ദൈവത്തെയോർത്ത് വേണ്ടന്ന് പറയരുത്. ഒരു ഫോണാ. വല്ല്യ വിലയായി എന്നോർത്ത് വെറുതെ ടെൻഷനാവണ്ട. അതിന് മാത്രം വിലയൊന്നും ആയിട്ടില്ല. നിന്റെ ഒടുക്കത്തെയാ കൊമ്പ്ലക്സ് തത്കാലം ഒന്ന് മാറ്റി വെക്ക്. നിന്നെ വിളിച്ചാ കിട്ടാനുള്ള കൊതി കൊണ്ടാണ്. പ്ലീസ് "

ഹരി ഒറ്റ ശ്വാസത്തിന് പറയുന്നത് കേട്ടിട്ട് സീത അവന് മുന്നിൽ പകച്ചുനിന്ന് പോയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story