സ്വന്തം ❣️ ഭാഗം 3

swantham

രചന: ജിഫ്‌ന നിസാർ

"എന്റെ സീതേച്ചി.. ഞാനെന്താ കൊച്ചു കുട്ടിയാണോ.? എനിക്കറിയില്ലേ വീട്ടിലോട്ട് വരാൻ? "

ചോദിക്കുന്നവന്റെ കണ്ണിലെ അസഹിഷ്ണുത.

സീതയ്ക്ക് ദേഷ്യം വിറച്ചു കയറി.

പക്ഷേ ദേഷ്യം കൊണ്ടല്ല ഇവിടെ നേരിടേണ്ടത്.

അങ്ങേയറ്റം അപകടം പിടിച്ചൊരു യാത്രയിലാണ് അവന്റെ നിൽപ്പ്. കൗമാരം അതിന്റെ വികൃതികൾ മുഴുവനും കാണിക്കും.

പാർവതിയും സീതയുടെ നേരെ നോക്കിയാണ് നിൽക്കുന്നത്.

"നീ കൊച്ചു കുട്ടിയല്ലന്നും വീട്ടിലോട്ടുള്ള വഴി ശെരിക്കറിയാമെന്നും ഇവിടെല്ലാർക്കും അറിയാം അർജുൻ. പക്ഷേ ഈ വീടിന്റെ അവസ്ഥ, അതും നിനക്കുമറിയാമല്ലോ..അല്ലേ?"

ശാന്തമായാണ് സീതയുടെ ചോദ്യം.
പക്ഷേ അലയടിക്കുന്നൊരു മനസ്സ് അവളതിന് പിന്നിൽ മറച്ചു പിടിച്ചിരിക്കുന്നുണ്ടെന്ന് പാർവതിക്ക് മനസ്സിലായി.

"തുടങ്ങി.. കണക്കു പറച്ചില് "

അജു വലിയ ശബ്ദത്തോടെ കഴിച്ചു കൊണ്ടിരുന്ന പാത്രം മേശയിലേക്ക് ഇട്ടു.

സീത കണ്ണുകൾ അടച്ചു പിടിച്ചിട്ട് ദേഷ്യം അമർത്തി.

"അജു.."

പാർവതി അവനെ ദേഷ്യത്തോടെ വിളിച്ചു.

"നിനക്കെന്താടാ ഭ്രാന്ത് പിടിച്ചോ..?എന്തൊക്കെയാ നീ കാണിച്ചു കൂട്ടുന്നത്? "
പാർവതി അവന്റെ തോളിൽ വേദിനിക്കാൻ പാകത്തിന് ഒരു അടി വെച്ച് കൊടുത്തു.

"ആ.. ഭ്രാന്ത് തന്നെയാണ്. എല്ലാത്തിനുമുണ്ടല്ലോ ഇവിടെ മുടിഞ്ഞ ഒരു കണക്കു പറച്ചില്. എനിക്ക് ശെരിക്കും മടുത്തു."
അജു പൊട്ടിത്തെറിച്ചു.

പാർവതി അന്തം വിട്ടവനെ തുറിച്ചു നോക്കി.

"അതേടാ.. കണക് തന്നെയാ. ഇല്ലെങ്കിൽ നീ പോയി കൊണ്ട് വാ. എന്നിട്ട് അന്തസ്സായി ചെയ്തു കാണിക്ക് "
സീതയുടെയും പിടി വിട്ട് തുടങ്ങി.

"നേരം വെളുക്കുന്നതിനു മുന്നേ ഞാനൊരുത്തി ഓടി പാഞ്ഞു നടക്കുന്നത് കൊണ്ടല്ലേ ഈ കണക്കു പറച്ചിലൊന്നും നിനക്ക് കേൾക്കാൻ വയ്യാത്തത്?  ഇനി മുതൽ ഞാനും വീട്ടിലിരിക്കാം. പകരം നീ കൊണ്ട് വാ.."

സീത അവന് നേരെ വിരൽ ചൂണ്ടി.

"പിന്നെ.. പോണത് കളക്ടർറുദ്യോഗത്തിനൊന്നും അല്ലല്ലോ."
അജു ചുണ്ട് കോട്ടി.

സീതയ്ക്ക് അവന്റെ മുഖം പൊളിയും വിധം ഒന്ന് കൊടുക്കണം എന്നുണ്ടായിരുന്നു.
പക്ഷേ വളരെ ശ്രമപെട്ടുകൊണ്ട് അവളത് അമർത്തി പിടിച്ചു.

"അതേടാ.ഈ ഉദ്യോഗം കൊണ്ട് തന്നെയാണ് ഇവിടെ ഉരുട്ടി വിഴുങ്ങാൻ വല്ലതും കിട്ടുന്നത്. അവനിപ്പോ ജോലി പോരാ "

അവളുടെ മുഖം ചുവന്നു.

'എനിക്ക് വിഴുങ്ങാൻ തരുന്നതിനുള്ളത് കൃത്യമായി കണക്കെഴുതി വെച്ചോ എന്നെങ്കിലും തിരിച്ചു തന്നോളാം ഞാൻ. "

അജുവിന്റെ വിരൽ സീതക്ക് നേരെ നീണ്ടു.

"ഡാ "

സീത എന്തെങ്കിലും പറയും മുന്നേ പാർവതി അവന്റെ മുന്നിൽ എത്തിയിരുന്നു.

"ഇനി വല്ലതും നീ പറഞ്ഞ അടിച്ചു നിന്റെ പല്ല് ഞാൻ കൊഴിക്കും "
പാർവതി നിന്ന നിൽപ്പിൽ വിറച്ചു പോകുന്നുണ്ട്.

"അവള് പറഞ്ഞതിൽ എന്താടാ ഒരു തെറ്റ്. എന്റേം ഇവളുടേം വിരൽ തുമ്പിൽ പിടിച്ചാണ് നീ നടക്കാൻ പഠിച്ചത്. ആ നീ എത്ര വളർന്നാലും എത്ര ഓടി തോൽപ്പിക്കാൻ ശ്രമിച്ചാലും എങ്ങുമെത്തില്ല. അതോർത്തോ "

പാർവതി ചൂണ്ടിയ വിരൽ പോലും വിറച്ചു.

"അപ്പൊ സീതേച്ചി പറഞ്ഞത് വല്യേച്ചി കേട്ടില്ലേ? ഇന്നലെ ഇത്തിരി വൈകി. അതിനിത്രേം വിളിച്ചു പറയാൻ മാത്രം എന്താ. ഞാൻ ഒരാണല്ലേ? നിങ്ങളെ പോലെ ഏത് നേരവും വീടിനുള്ളിൽ കുത്തിയിരിക്കാൻ ആവുമോ?"

വീണ്ടും അജുവിന്റെ സ്വരം വലിഞ്ഞു മുറുകി.

"പാതിരവരെയും അങ്ങാടിയിൽ ചുറ്റി തിരിഞ്ഞിട്ടല്ലടാ മോനെ ആണത്തം കാണിക്കേണ്ടത്. അങ്ങനെയിരിക്കാൻ തോന്നുന്നത്.. ഉണ്ണാനും ഉടുക്കാനും നിനക്ക് നേരത്തിനു കിട്ടിയിട്ടാ. ഇല്ലെങ്കിൽ നീയൊക്കെ താനേ ഒതുങ്ങും "
പാർവതിയെ തള്ളി നീക്കി കൊണ്ട് സീത അവന് മുന്നിൽ വന്നു നിന്നു.

"ശെരി. നാളെ മുതൽ ഞാനിനി കോളേജിൽ പോണില്ല. വല്ല കൂലി പണിക്കും പൊയ്ക്കോളാം. ഡിഗ്രി സെക്കൻഡിയർ പഠനം നിർത്തി മടങ്ങുമ്പോൾ സർക്കാരുദ്യോഗം ഏതായാലും കിട്ടില്ലല്ലോ. എന്താ അത് മതിയോ?"

അജു വീണ്ടും സീതയ്ക്ക് നേരെ ചീറി.

"നീ ഒരു ചുക്കും ചെയ്യൂല. കണ്ടറിഞ്ഞു ചെയ്യുന്നവൻ ആണേൽ വെറുതെ ഒന്നു പറയുകയെങ്കിലും ചെയ്തേനെ നീ. പക്ഷേ നിനക്കതിനുള്ള മനസ്സില്ല."
സീത ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.

"പിന്നെ, കവലയിൽ നിന്നെ കാത്തിരിക്കുന്നത് പണം കായ്ക്കുന്ന വീട്ടിലെ പിള്ളേരാ. അതിനൊപ്പിച്ചു തുള്ളാൻ നിന്നാലേ പൊന്നുമോൻ കുറെ കഷ്ടപെടും. പറഞ്ഞില്ലെന്നു വേണ്ട "
സീത മുന്നറിയിപ്പ് പോലെ പറഞ്ഞു.

"സീതേച്ചിക്ക് നല്ല മുഴുത്ത അസൂയയാണ്. നിങ്ങളുടെ ജീവിതം ഇങ്ങനൊക്കെ ആയി പോയില്ലേ. അതിന്റെ അസൂയ. ആരും ഇത്തിരി സന്തോഷത്തോടെ ജീവിക്കുന്നത് നിങ്ങൾക്കിഷ്ടമല്ല. അതാണ്‌ കാര്യം "

അജു പരിഹാത്തോടെ പറയുമ്പോൾ.. സീതയുടെ മുഖം ആത്മനിന്ദയാൽ കോടി പോയിരുന്നു.

പിന്നെ ഒരക്ഷരം പറയാൻ നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു.

അടുക്കളവാതിൽക്കൽ ചാരി,ഉറക്കം ഉണർന്നു വന്നു നിൽക്കുന്ന ലല്ലു മോളുടെ പകച്ച മുഖം.
അവൾക്ക് ഉള്ളിലെ മുറിവ് വീണ്ടും വേദനിച്ചു.

കുഞ്ഞിന്റെ തലയിൽ ഒന്ന് കൈ വെച്ച് കൊണ്ട് സീത അകത്തേക്ക് കയറി പോയി.

"നിനക്കൽപ്പം പോലും മനസാക്ഷി ഇല്ലെടാ അർജുൻ?"

പാർവതിയുടെ സ്വരം നേർത്തു പോയിരുന്നു.

അതിനുത്തരം പറയാതെ അവനിറങ്ങി വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് പോവുന്നത് മുറിയിലിരുന്നു കൊണ്ട് സീത കണ്ടിരുന്നു.

"നിങ്ങൾക്ക് മുഴുത്ത അസൂയയാണ് "
അവൻ ചവച്ചു തുപ്പിയ വാക്കുകൾ ഒരു കരിവണ്ട് പോലെ അവൾക്ക് ചുറ്റും മൂളി പറന്നു.

തലയിൽ കൈ താങ്ങി സീത അൽപ്പനേരം കണ്ണടച്ചിരുന്നു.

പിന്നെ മുഖം ഒന്നമർത്തി തുടച്ചിട്ട് മാറി ഉടുക്കാനുള്ള ഒരു ചുരിദാറും വലിച്ചെടുത്തു കൊണ്ട് പുറത്തേക്കിറങ്ങി പോയി.

അടുക്കളയിൽ കൂടി പുറത്തേക്ക് നടക്കുമ്പോൾ അടുക്കളസ്ലാബിൾ ചാരി ഇരുന്നു കൊണ്ട് പാർവതി കരയുന്നുണ്ട്.

അത് കണ്ടിട്ടും ഒരക്ഷരം കൊണ്ട് പോലും അവളെ ആശ്വസിപ്പിക്കാൻ നിൽക്കാതെ സീത ധൃതിയിൽ പുറത്തേക്ക് ഇറങ്ങി പോയി.

പത്തു മിനിറ്റ് കൊണ്ട് കുളിയും ഒരുക്കങ്ങളും കഴിഞ്ഞു.
അകവും പുറവും ഒരുപോലെ എരിയുന്നു.

ചായ കുടിക്കാൻ വേണ്ടി അടുക്കളയിൽ ചെന്നു.
"ഇന്നിത്തിരി നേരത്തെ പോണം ചേച്ചി "
പാത്രം വലിച്ചെടുത്തു കൊണ്ട് സീത അത് പാർവതിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
പാർവതി ഒന്ന് മൂളി കൊണ്ട് ആ പാത്രത്തിൽ ദോശ എടുത്തു അൽപ്പം പഞ്ചസാര കൂടി അതിന് മുകളിൽ വിതറി അവൾക്ക് നേരെ നീട്ടി.

"അവൻ... അവനൊന്നും മനസ്സിൽ വെച്ച് പറഞ്ഞതാവില്ല സീതേ "
ദുർബലമായൊരു ശബ്ദത്തോടെ പാർവതി അത് പറയുമ്പോൾ ആ വാക്കുകളിൽ അവൾക്ക് പോലും വലിയ വിശ്വാസം ഇല്ലായിരുന്നു എന്നതാണ് സത്യം.

സീത പാർവതിയെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
തന്നെക്കാൾ കലങ്ങി മറിഞ്ഞൊരു മനസ്സ് അവളിലും ഉണ്ടെന്ന് തോന്നി.

ലല്ലു അപ്പോഴും തെളിയാത്ത ഉറക്കം തൂങ്ങി മേശയിൽ കൂനി കൂടി ഇരിപ്പുണ്ട്.

"ആ ചെക്കനെ തുരത്തി ഓടിച്ചപ്പോ സമാധാനമായല്ലോ മൂദേവിക്ക് "
ദോശ കഷ്ണം മുറിച്ചു വായിൽ വെക്കുന്നതിനു മുന്നേ അകത്തു നിന്നും കല്യാണിയമ്മയുടെ വാക്കുകൾ സീതയുടെ കാതിൽ എത്തി.

സീതയുടെ മുഖം ഒന്നൂടെ വലിഞ്ഞു മുറുകി.

"നീയല്ലേടി ചേച്ചി ആ കിടന്ന് അലറുന്ന സാധനം ഇന്നലെ ചാവാനായി എന്ന് പറഞ്ഞത് "
സീതയുടെ ചോദ്യം പാർവതിയുടെ നേരെ നീണ്ടു.

പാർവതി അകത്തേക്ക് വെറുതെ ഒന്ന് നോക്കി.

"നീ ആരാന്നാ നിന്റെ വിചാരം..?തോന്ന്യസം ചെയ്യാൻ നല്ല ധൈര്യമുണ്ടല്ലോ "

വീണ്ടും അവരുടെ വാക്കുകൾ.

ദോശ പാത്രം നീക്കി വെച്ചിട്ട് സീത ദേഷ്യത്തോടെ എഴുന്നേറ്റു.

"നീ അവിടിരുന്നു കഴിക്ക് സീതേ. അമ്മമ്മ ബോധമില്ലാതെ ഓരോന്നു പറയുന്നതാ."
സീതയെ അവിടിരുത്താൻ പാർവതിയുടെ ശ്രമത്തെ തീർത്തും നിസ്സാരമായി അവൾ തട്ടി തെറിപ്പിച്ചു.

"ബോധമില്ലാത്തത് എനിക്കാ ചേച്ചി. ഇല്ലേൽ ഈ മാരണം പൊക്കി എടുത്തു ഇവിടെ കൊണ്ട് വന്നു വെക്കില്ലല്ലോ?"

സീത പല്ല് കടിച്ചു കൊണ്ട് അകത്തേക്കു ചെന്നു.

"നിങ്ങൾക്കെന്താ വേണ്ടത്?"
അവളുടെ സ്വരം കേട്ട ഉടനെ കല്യാണിയമ്മ പിന്നൊന്നും മിണ്ടിയില്ല.
എപ്പോഴും അത് അങ്ങനെയാണ്.
അവളെ കേറി ചൊറിഞ്ഞിട്ട്.. അത് മാന്തി പൊളിക്കാൻ അവൾ കയറി വരുമ്പോൾ ഒരക്ഷരം മിണ്ടാതെ തിരിഞ്ഞു കിടക്കും.
ഇപ്രാവശ്യവും അതേ രീതി തന്നെ.

"എന്തേ നിങ്ങൾക്ക് ഒന്നും ചോദിക്കാൻ ഇല്ലേയിപ്പോ?"
സീത കൈകൾ എളിയിൽ കുത്തി ദേഷ്യത്തോടെ അവരെ നോക്കി.

എവിടുന്ന്. ആള് മുഖം പോലും തിരിച്ചില്ല..

"അർജുൻ എന്റെ അനിയനാ. അവനൊരു തെറ്റ് വരുമ്പോൾ തിരുത്തേണ്ടത് എന്റെ കടമയാണ്. അതാണ്‌ ഞാൻ ചെയ്തതും. അതെന്റെ അഹങ്കാരമാണെങ്കിൽ.. അതങ്ങ് സഹിച്ചോ "

അവൾ നിന്ന് തിളച്ചു.

എന്തൊക്കെ പറഞ്ഞാലും ആ മുഖം ഇനി താൻ പോകുംവരെയും ഇങ്ങോട്ട് തിരിയില്ലെന്ന് അവൾക്കും അറിയാം.

കൂടുതൽ എന്തേലും പറയാൻ നിന്നാൽ ശെരിയാവില്ല എന്നുറപ്പുള്ളത് കൊണ്ട് സീത ഒന്ന് തറപ്പിച്ചു നോക്കി വേഗം അവിടെ നിന്നിറങ്ങി.

സുധാകരൻ നീണ്ട മൗനം തന്നെ.

അവൾക്ക് അങ്ങോട്ട് കയറി ചെന്നു രണ്ടു വർത്താനം പറയണം എന്നുണ്ടായിരുന്നു.

പക്ഷേ കഷ്ടപെട്ട് അതടക്കി കൊണ്ട് മുറിയിലേക്ക് പോയി ബാഗ് എടുത്തു.
ഷാൾ വലിച്ചിട്ട് കൊണ്ട് പുറത്തേക്ക് നടന്നു.

"ഞാൻ പോവാ ചേച്ചി. ലല്ലു മോളെ ബസ് വരെയും ഇന്ന് നീ ആക്കി കൊടുക്ക് "
അടുക്കളവാതിൽക്കൽ ചെന്നു വിളിച്ചു പറഞ്ഞിട്ട് അവൾ തിരിഞ്ഞു.

ചായ കുടിച്ചു പോ പെണ്ണെ "
പാർവതി പിറകെ നിന്നും വിളിച്ചു പറഞ്ഞത് കേട്ടിട്ടും തിരിഞ്ഞു പോലും നോക്കാതെ അവളിറങ്ങി പോയി.

സ്കൂൾ ടൈം ആവാത്തത് കൊണ്ട് തന്നെ തിരക്ക് തുടങ്ങിയിട്ടില്ല.

വീട്ടിലോട്ട് തിരിയുന്ന പോക്കറ്റ് റോഡിൽ നിന്നും ഇത്തിരി നടക്കുമ്പോൾ മെയിൻറോഡിലെത്തും.
അവിടെയാണ് ലല്ലു മോളുടെ സ്കൂൾ ബസ് വരുന്നത്.
സാധാരണ ലല്ലുവിനൊപ്പമാണ് സീതയും ഇറങ്ങാറുള്ളത്.
അവളെ ബസ് കയറ്റി കൊടുത്തു നേരെ എതിരെയുള്ള പാടവരമ്പിലൂടെയുള്ള ഒരു എളുപ്പവഴിയുണ്ട്. ശ്രീ നിലയത്തിൽ എത്താൻ.

റോഡിലൂടെയും പോവാം.
പക്ഷേ അൽപ്പം ചുറ്റി വളഞ്ഞു പോണം.

കൊയ്ത്തും മെതിയും കഴിഞ്ഞു ഒഴിഞ്ഞു കിടക്കുന്ന വയൽ വരമ്പിൽ കുറച്ചു വീതിയിൽ ഉള്ളൊരു നടപ്പുവഴിയുണ്ട്.

വെയിൽ ഉദിച്ചു വരുന്നതേയൊള്ളു.

മൂടി കെട്ടിയ മനസ്സിലേക്ക് അൽപ്പം പോലും വെളിച്ചം എത്തി നോക്കുന്നില്ല.

ഉറക്കം കനം തീർത്ത കൺപോളകൾ ക്ക് വല്ലാത്ത ഭാരം.

ഇന്നലെ എപ്പഴാവോ ഒന്നുറങ്ങി പോയത്.

കണ്ണിലുറക്കം പിടിക്കും വരെയും.. ചേർത്ത് പിടിച്ചു നിൽക്കുന്ന മുത്തശ്ശിയുടെ കണ്ണനും അത് വരെയും തിരിച്ചു വരാത്ത അജുവും ഒരേ സമയം വേദന നൽകി.

നെഞ്ചിൽ വീണ്ടും ആ മലയൊന്ന് ഉരസി.
വേദനിപ്പിക്കാനല്ല .പകരം ഞാൻ ഇവിടുണ്ട് എന്നോർമ പെടുത്തും പോലെ... അത്രയും മൃദുവായി.

വീണ്ടും അവൾക്ക് അന്നത്തെ സംഭവം ഓർമയിൽ തെളിഞ്ഞു.

യാതൊരു മുന്നറിയിപ്പുമില്ലാതെ സീത ലക്ഷ്മി ശ്രീനിലയത്തിലെ കിരൺ വർമ്മയുടെ പെണ്ണായ ദിവസം.

ചുറ്റും കൊത്തിപ്പറിക്കാൻ നിൽക്കുന്നവരെ ഒട്ടും പേടിയില്ലാതെ നോക്കിയപ്പോഴും നാരായണി മുത്തശ്ശിയെ നേരിടാൻ വയ്യായിരുന്നു.

അത്രത്തോളം സ്നേഹവും വാത്സല്യവും തന്നവരാണ്.

ചെയ്തത് ചതിയായും നീതി കേടായും തോന്നിയേക്കാം.

സഹിക്കുക തന്നെ.
ഒരാവേശത്തിൽ മുത്തശ്ശിയുടെ കണ്ണൻ കെട്ടിയ ആ മാല അഴിച്ചു വാങ്ങിയിട്ട് 
ഇറക്കി വിടുമായിരിക്കും.

അതിനേക്കാൾ പേടിപ്പിച്ചത് ഇനിയൊരു ജോലി തേടി എത്ര അലയണം എന്നതായിരുന്നു.

പ്രണയവും വിവാഹവുമൊന്നും അജണ്ടയിൽ തന്നെ ഇല്ലായിരുന്നു.

ലല്ലു മോളെ പ്രസവിക്കാൻ വേണ്ടി വീട്ടിലോട്ട് മാറിയ കുറച്ചു ദിവസങ്ങൾ കൊണ്ട് മറ്റൊരു ബന്ധം കണ്ടു പിടിച്ചു ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ ചേച്ചിയുടെ ഗീരീഷേട്ടൻ.. ആൺ വർഗത്തെ മുഴുവനും വെറുക്കാനുള്ള കാരണമായിരുന്നു.

അത് വരെയും ഗീരീഷേട്ടന്റെ സ്നേഹം വാഴ്ത്തി നടന്നവളെ ഒലക്ക കൊണ്ട് അടിക്കാൻ തോന്നി.

ഒളിച്ചോടിയ അമ്മയുടെ നാറ്റം വർഷങ്ങൾ കഴിഞ്ഞും ജീവിതത്തിൽ നിന്നും പോയിട്ടില്ല.

അതൊരു വശത്ത്..ശ്വാസം മുട്ടിച്ചു.

അച്ഛൻ തീരെ എഴുന്നേൽക്കാൻ ആവാതെ കിടന്ന് പോയപ്പോൾ പിന്നെ ജോലിക്ക് ചെല്ലുന്നവർക്ക് വേണ്ടത് സഹകരണം കൂടി ആയിരുന്നു.

'ജോലി തരാം. പക്ഷേ സീത ലക്ഷ്മി കൂടി സഹകരിക്കേണ്ടി 'വരുമെന്ന് മുഖത്തു നോക്കി പറയാൻ മടിയില്ലാത്ത മാന്യൻമാർ!
അവരുടെ ആഗ്രഹങ്ങളോട് കൂടിയുള്ള സഹകരണം വേണം.

അതിനി എന്ത് തന്നെ ആയാലും സഹകരിച്ചേ മതിയാവൂ.

അങ്ങനെ ഇട്ടെറിഞ്ഞു പോന്ന നിരവധി ജോലികൾ. ഒടുവിൽ എങ്ങനെയൊക്കെയോ ശ്രീനിലയത്തിലെ ജോലിയിൽ എത്തി പെട്ടു.
ജോലിയോ സ്റ്റാറ്റസോ ഒന്നും തന്നെ നോക്കിയില്ല. ഒരു ജോലി അത്രയും അത്യാവശ്യമായിരുന്നു.

കിട്ടുന്ന ശമ്പളം മാത്രമായിരുന്നില്ല സന്തോഷം നൽകിയത്.

നാരായണിയമ്മയുടെ സമീപനം വളരെ ആശ്വാസകരമായിരുന്നു.
ബാക്കിയൊന്നും ശ്രദ്ധിക്കാൻ പോയില്ല.

തുറിച്ചു നോട്ടങ്ങൾക്കും അടക്കം പറച്ചിലുകൾക്കും തളർത്താൻ ആവാത്ത വിധമൊരു വീര്യം ഉള്ളിൽ അറിയാതെ തന്നെ വളർന്നു വന്നിരുന്നു ഇതിനോടകം.

ഇനിയും ജോലി തെണ്ടിയിറങ്ങുമ്പോൾ അങ്ങനെയെത്ര അനുഭവങ്ങൾ വാ പിളർന്നു നിൽപ്പുണ്ട്.അതാണ്‌ ആ നിമിഷം തല കുനിച്ചു നിൽക്കുമ്പോൾ മനസ്സിലൂടെ കടന്ന് പോയത്.

അതിനുമപ്പുറം, ശ്രീ നിലയത്തിലെ കൊച്ചു മോനുമായി അവിഹിതം ആരോപിച്ചതും ആ കുറ്റം ഏറ്റെടുത്തു കൊണ്ട് ഒരു താലി എന്ന പേരിൽ സ്വന്തം മാലയൂരി അണിയിച്ചു കൊണ്ട് കിരൺ വർമ്മയുടെ ഭാര്യയായതുമൊന്നും അവളുടെ ഓർമയിൽ പോലും ഇല്ലാത്ത വിധം മരവിച്ചു പോയിരുന്നു.

സീതേ "

നാരായണിയമ്മ വിളിക്കുമ്പോൾ വിധി നിർണായക നിമിഷമാണെന്ന് തോന്നി.
ആരെയും നോക്കിയില്ല. തല കുനിച്ചു പിടിച്ചു നിന്നു.

വീണ്ടും വീണ്ടും പരിഹാസത്തിന്റെ ക്രൂരമ്പ് നിറഞ്ഞ ചിരികൾ കാണാൻ തത്കാലം മനസ്സില്ല.

ഹൃദയം നിലവിളിച്ചു.

കൂടെ നിൽക്കുന്നവന്റെ കൈകൾ വീണ്ടും തോളിൽ മുറുകി.

സ്വന്തമാണെന്നുള്ള അവകാശപെടലാണോ.?അതോ കൂടെയുണ്ടെന്ന ഓർമപ്പെടുത്തലോ?

രണ്ടായാലും തനിക്കത് വേണ്ടത് തന്നെ മനസ്സ് പിടിവാശി കാണിക്കുമ്പോൾ ആ കൈ പിടിയിൽ നിന്നും വിട്ട് മാറാൻ ആവാതെ തളർന്നു നിന്നു.

"ബാക്കിയെല്ലാം ഇനി നാളെ സംസാരിക്കാം. എല്ലാവരും പോയി കിടന്നോളുക "

നാരായണിയമ്മയുടെ അന്തിമ തീരുമാനം.

കൂടി നിൽക്കുന്നവർ പിറുപിറുക്കുന്നത് വളരെ വ്യക്തമായി കേൾക്കാൻ കഴിയുന്നുണ്ട്.

സീതേ. നീ എന്റെ കൂടെ വാ "

വീണ്ടും ആ ആക്ഞ്ഞ സ്വരം.

ചേർത്ത് പിടിച്ചവനെ കൈകൾ അയഞ്ഞു.

"നീയും പോയി കിടന്നോ കണ്ണാ "

അത് പറയുമ്പോൾ നാരായണിമുത്തശ്ശി വാത്സല്യത്തിന്റെ ആൾരൂപമായിരുന്നു.

ഒന്ന് തിരിഞ്ഞു നോക്കാൻ കൂടി കഴിയാതെ ആ കൂടെ മുറിയിലേക്ക് നടന്നു.

നന്ദി തോന്നി അവരോട് . ഇവിടെ ഇട്ട് ക്രൂശിക്കുന്നില്ലല്ലോ!

മുന്നിൽ പതിയെ നടന്നു പോകുന്ന നാരായണി മുത്തശ്ശിയോട് സീതയുടെ ഹൃദയം നന്ദി പറഞ്ഞു.

"കിടന്നോ.. "

പതിവിലും കൂടുതൽ വാത്സല്യത്തോടെയും സ്നേഹത്തോടെയും ആ സ്വരം.

കരയാൻ മനസ്സില്ലെന്ന് ശഠിച്ച കണ്ണുകൾ അറിയാതെ തന്നെ ആ അലിവിൽ നിറഞ്ഞു തുടങ്ങി.

"മുത്തശ്ശി.. ഞാൻ "

വിക്കലോടെ പറഞ്ഞു തുടങ്ങും മുന്നേ മുത്തശ്ശി കൈ ഉയർത്തി തടഞ്ഞു.

"എനിക്കറിയാം കുട്ട്യേ നിന്നെ. അവനെയും. ഇപ്പൊ ഒന്നും ഓർക്കേണ്ട നീ. സമാധാനത്തോടെ ഉറങ്ങിക്കോ."

മുത്തശ്ശി വീണ്ടും പറഞ്ഞപ്പോൾ ആ മുറിയിൽ തന്നെയുള്ള കുഞ്ഞു കിടക്കയിൽ തളർന്നു വീണു പോയി.

ഹൃദയം പൊട്ടിയ നോവ് ഒഴുകി പരക്കാൻ അപ്പോഴൊരിടം അവൾക്കും അത്യാവശ്യമായിരുന്നു.

തളർച്ച കൊണ്ടായിരിക്കും.. അതികം കഴിയും മുന്നേ ഉറങ്ങി പോയിരുന്നു.
'എനിക്കറിയാം കുട്ട്യേ നിന്നെ' എന്നുള്ള ആ വാക്കുകൾ വെറുതെ എങ്കിലും പ്രതീക്ഷ
കൈ വിടാതിരിക്കാനുള്ള കാരണമായിരുന്നു.

പാതി ഉറക്കത്തിലും അറിഞ്ഞിരുന്നു, മുത്തശ്ശിയുടെ കണ്ണൻ വന്നിട്ട് എന്തൊക്കെയോ പറയുന്നതും പിന്നെ തിരിഞ്ഞു നടക്കുന്നതും.

'എന്നെയും കൂടെ കൊണ്ട് പോ. ഞാനിവളെ ശ്വാസം മുട്ടിക്കുന്നു 'എന്നവന്റെ മാല കഴുത്തിൽ കിടന്നു മുറവിളി കൂട്ടിയത് അവൻ അറിയാഞ്ഞതെന്തേ ?

ഇനി വീട്ടിൽ ചെല്ലുമ്പോൾ ഈ മലയുടെ പേരിൽ വീണ്ടും ചോദ്യങ്ങൾ ഉണ്ടായേക്കും.

അതോ പോകും മുന്നേ തിരിച്ചു വാങ്ങിക്കുമോ?

നിരവധി ചോദ്യങ്ങൾ.. നിരവധി തവണ ഉറക്കത്തിൽ പോലും ശ്വാസം മുട്ടിച്ചു.

പക്ഷേ വിചാരിച്ചത് പോലെ ഒന്നുമുണ്ടായില്ല.

ഇത്തിരി വൈകിയാണ് പിറ്റേന്ന് രാവിലെ കണ്ണ് തുറന്നത്.

തലേന്നത്തെ കാര്യങ്ങൾ വലിയൊരു തിര പോലെ മനസ്സിലേക്ക് ഇരച്ചു വന്നു.
വീണ്ടും അസ്വസ്ഥത പൊതിഞ്ഞു.
"ഇന്നിനി ലീവെടുത്തോ സീതേ. നാളെ രാവിലെ വന്ന മതി ട്ടോ "

വാത്സല്യത്തോടെ വീണ്ടും ആശ്വാസം പകർന്നു മുത്തശ്ശി.

"നീ പേടിക്കണ്ട. ആദിയും സിദ്ധുവും ഉണ്ടല്ലോ ഇവിടെ. അവൻ നോക്കിക്കോളും "

താൻ വരാതെ മുത്തശ്ശി എന്ത് ചെയ്യും എന്ന് മനസ്സ് ചോദിച്ചത് കേട്ടത് പോലെയുണ്ടായിരുന്നു മുത്തശ്ശിയുടെ മറുപടി.

പിന്നൊന്നും പറയാൻ നിൽക്കാതെ തലയാട്ടി.

തിരിച്ചു പോരാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഭാഗ്യം.. നാളെ തിരിച്ചു വരാനുമുള്ള ഉത്തരവുണ്ടല്ലോ.

"ഈ മാല.. മുത്തശ്ശിയുടെ കണ്ണന് കൊടുക്കണം "
എന്നും പറഞ്ഞിട്ട് ഊരാൻ തുടങ്ങും മുന്നേ ആ കൈകൾ തടഞ്ഞു.

"ഇപ്പൊ അതവിടെ കിടന്നോട്ടെ സീതേ. സമയമാവുമ്പോൾ അവൻ തന്നെ തിരികെ വാങ്ങിച്ചോളും "

ചെറിയൊരു ചിരിയോടെ ആ പറഞ്ഞത് അംഗീകരിക്കാനെ അപ്പോൾ കഴിഞ്ഞുള്ളു.

തിരിച്ചിറങ്ങി പോരുമ്പോൾ കിട്ടിയ തുറിച്ചു നോട്ടങ്ങളെ പാടെ അവഗണിച്ചു.

മുന്നേ ചെയ്തു നല്ല ശീലമുള്ളത് കൊണ്ട് വലിയ തോൽവിയായില്ല.

അപ്പോഴും കണ്ണുകൾ ഒരിക്കൽ കൂടി അവനെ തിരഞ്ഞു.
മുത്തശ്ശിയുടെ കണ്ണനെ..

ഡീ "

തൊട്ട് മുന്നിൽ,തനിക് പിന്നാലെ ഓടിയതിന്റെ കിതപ്പുമായി ഒരുത്തൻ നടുവിന് കൈ കൊടുത്തു വന്നു നിന്ന് വിളിക്കുമ്പോൾ സീത വീണ്ടും ഓർമകളിൽ നിന്നും ഞെട്ടി പിടഞ്ഞു താഴെ വീണു.അവളുടെ കണ്ണുകൾ വിടർന്നു. അത് വരെയും അവളെ പൊതിഞ്ഞു നിന്നിരുന്ന അസ്വസ്ഥതയുടെ മൂട്പടം പൊഴിഞ്ഞു വീണു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story