സ്വന്തം ❣️ ഭാഗം 30

swantham

രചന: ജിഫ്‌ന നിസാർ

റിമിയെ സൽക്കരിക്കുന്ന തിരക്കിലാണ്..ശ്രീനിലയത്തിലെ ഒട്ടുമിക്കപേരും.

അവളാവട്ടെ അത് പരമാവധി മുതലാക്കുന്നുണ്ട്.
അവരെയെല്ലാം പൊക്കിയടിച്ചു പറഞ്ഞിട്ട് അവൾക്കും, അവളെ സൽകരിച്ചിട്ട് അവർക്കും മതിയാവാത്ത പോലെ.

കണ്ണന് രണ്ടുക്കൂട്ടരുടെയും കാണിച്ചുക്കൂട്ടൽ കണ്ടിട്ട് ചിരിവരുന്നുണ്ട്.

"ഞാനും ഇവൾക്കൊപ്പം വന്നതല്ലെടാ?"

തനിക്ക് മുന്നിലെ ചായ ഗ്ലാസ് എടുത്തു ചുണ്ടോട് ചേർത്തു കൊണ്ട് മിഥുൻ ചോദിച്ചു.

"അതേ. പക്ഷേ മോന് അവളെ പോലെ മനുഷ്യരെ പൊക്കിയടിച്ചു കാര്യം നേടാനറിയില്ലല്ലോ?"

കണ്ണൻ റിമിയെ തന്നെ നോക്കിയാണ് പറഞ്ഞത്.

"മോളെ കണ്ടാൽ പറയൂല ട്ടോ ഇത്രേം എളിമ നിറഞ്ഞൊരു കുട്ടിയാണെന്ന് "

രാജി റിമിയുടെ മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു.ആര്യ റിമിയെയത്ര പിടിക്കാത്തത് പോലെ മുഖം വീർപ്പിച്ചു പിടിച്ചാണ് നിൽക്കുന്നത്.
ബാക്കിയുള്ള പെൺകുട്ടികളുടെ കണ്ണുകൾ റിമിയുടെ മിനുക്കിയെടുത്ത മുടിയിലും.. അവളുടെ രൂപഭംഗിയിലും തട്ടി തടഞ്ഞു നിൽക്കുന്നുണ്ട്.

"അതെയതെ... ബാംഗ്ലൂർ നഗരത്തിൽ ജനിച്ചു വളർന്നൊരു പെൺകുട്ടി ഇത്രേം ലളിതമായി പെരുമാറുവോ?"

കണ്ണനെയൊന്നു ഒളിഞ്ഞു നോക്കിയാണ് സാവിത്രി രാജിക്ക് സപ്പോർട്ട് പ്രഖ്യാപിച്ചത്.

റിമി അതെല്ലാം ആസ്വദിച്ചു കൊണ്ടാണ് ഇരിക്കുന്നതെന്ന് അവളുടെ മുഖം കണ്ടാലേ അറിയാം.

"ബേസിക്കലി അവിടെ ജനിച്ചു വളർന്നുവെങ്കിലും, എനിക്കിഷ്ടം ഇത് പോലുള്ള ഏരിയയാണ്. നിങ്ങളെ പോലെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യരെ കൂടുതലും കാണാൻ കഴിയുന്നതും ഇവിടെയൊക്കെയല്ലേ?"

കണ്ണനെയൊന്നു നോക്കി കണ്ണിറുക്കി റിമി വീണ്ടും എളിമയുടെ കുപ്പായമെടുത്തിട്ടു.

കണ്ണനും മിഥുനും പരസ്പരം ഒന്ന് നോക്കിയിട്ട് തലകുലുക്കി.

ഒരാഴ്ച പോലും തികച്ചിവിടെ നിൽക്കാൻ അവളൊരുപാട് കഷ്ടപെടുമെന്ന് അവർക്ക് രണ്ടുപേർക്കും നല്ലത് പോലെയറിയാം.

"ഹോ.. എന്തൊരു രുചിയാണ്. നിങ്ങളുടെയൊക്കെ കൈപ്പുണ്യം അപാരമാണല്ലോ?"

വീണ്ടും റിമി അവരെ നോക്കി.

അടുക്കളയിൽ ആ ഭക്ഷണമൊരുക്കാൻ കഷ്ടപെട്ടവർക്ക് അർഹിക്കുന്ന ആ അംഗീകാരവും യാതൊരു ഉളുപ്പുമില്ലാതെ ആ കൂടി നിൽക്കുന്നവർ ഏറ്റു വാങ്ങി പങ്കിട്ടെടുത്തു.

"മോള് ഏതായാലും കുറച്ചു ദിവസമിവിടെ കാണുമല്ലോ? നന്നായി ഭക്ഷണമൊക്കെ കഴിച്ച് ഈ തടിയൊക്കെയൊന്നു ഉഷാറാക്കി എടുക്കണം നമ്മൾക്ക് "

കൃത്യമായി വർകൗട്ട് ചെയ്തു റിമി കഷ്ടപെട്ടു മൈന്റൈൻ ചെയ്തു കൊണ്ട് പോകുന്ന അവളുടെ സ്ലിം ബ്യൂട്ടി യെന്ന പദവിയെയാണ് ഭാമ യാതൊരു മനസാക്ഷികുത്തുമില്ലാതെ അവഹേളിച്ചത്.

എന്നിട്ടും റിമിയൊന്നും മിണ്ടാതെ ഇരിക്കുന്നു.

"അതേ. പെൺകുട്ടികൾ അത്യാവശ്യം തടിയും വണ്ണവുമൊക്കെ വേണം "

കൊഴുത്തുരുണ്ട ശരീരം സാരിക്കുള്ളിൽ തിങ്ങി ഞെരുങ്ങി കഴിയുന്നതിന്റെ വാശി തീർക്കാനാണോ സാവിത്രി ആ പറഞ്ഞതെന്ന് കണ്ണന് നല്ല സംശയമുണ്ടായിരുന്നു.

റിമി അതും ചിരിയോടെ സ്വീകരിക്കുന്നു.

"ഇവള് രണ്ടും കല്പ്പിച്ചുള്ള വരവാണെന്നാ മിത്തു എനിക്ക് തോന്നുന്നത് "

റിമിയുടെ മുഖത്തെ ചിരി നൽകുന്ന അസ്വസ്ഥത കണ്ണന്റെ വാക്കുകളിലും ഉണ്ടായിരുന്നു.

"നിനക്കത്രയേ തോന്നിയോള്ളോ?  രണ്ടും മൂന്നും നാലും എല്ലാം കല്പിച്ചാണെന്നാ എനിക്ക് തോന്നുന്നത്. അമ്മാതിരി പ്രകടനമല്ലേ അവള് കാഴ്ചവെക്കുന്നത്."

മിത്തു കണ്ണനെ നോക്കി.

"പണിയാകുമോടോ?"

കണ്ണൻ റിമിയേ തന്നെ നോക്കിയിട്ട് സ്വകാര്യം പോലെ മിത്തുവിനോട് ചോദിച്ചു.

"എന്ന് ചോദിച്ചാൽ... അവളെപ്പോഴും നിനക്ക് പണിയല്ലേ തന്നിട്ടിയുള്ളത് ? ഇപ്രാവശ്യവും അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട."

മിഥുന്റെ മുഖവും ചിരിച്ചു കുഴയുന്ന റിമിയുടെ നേരെയാണ്.

                     ❣️❣️❣️❣️❣️

"എന്താടി? ഇങ്ങനെ മിഴിച്ചു നോക്കുന്നേ?"

തനിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന സീതയുടെ തലയിൽ ഒരു കൊട്ട് കൊടുത്തു ഹരി.

പാർവതിയും അവളുടെ വാക്കുകൾക്കാണ് കാതോർക്കുന്നത്.

ഹരി ഒരുപാട് പ്രാവശ്യം ഒരു ഫോൺ വാങ്ങിച്ചു തരട്ടെയെന്ന് സീതയോട് ചോദിക്കുന്നത് പാർവതിയും കേട്ടിട്ടുണ്ട്.

അന്നെല്ലാം ഓരോരോ മുട്ട് ന്യായങ്ങൾ പറഞ്ഞിട്ട് അവനെ തടഞ്ഞിരുന്നവൾ.. ഇന്നലെ പുതിയൊരു ഫോൺ ഈ വക ന്യായങ്ങളെയെല്ലാം മറികടന്നത് സ്വീകരിച്ചു എന്നറിയുമ്പോൾ, ഹരിയുടെ മാനസികാവസ്ഥയാണ് പാർവതി ആലോചിച്ചത്.

തീർച്ചയായും അവനത് സങ്കടമായേക്കാം.

ഇത്രേം ആത്മാർത്ഥമായി ഓരോന്നും ഒപ്പം നിന്ന് ചെയ്തു തന്നിട്ടൊടുവിൽ...

പാർവതി ടെൻഷനോടെ സീതയെ നോക്കി.
അവളുടെ മനോവിചാരങ്ങളും ഏകദേശം ഈ ചിന്തകളിൽ തന്നെ കുടുങ്ങി കിടപ്പുണ്ടാവാം.

"എന്താ നിങ്ങൾക്ക് രണ്ടാൾക്കും പറ്റിയത്? ഞാനെതോ വലിയൊരു തെറ്റ് ചെയ്തത് പോലെ "

ഹരിക്ക് കാര്യങ്ങളൊന്നും മനസ്സിലായില്ലയെങ്കിലും അവരുടേയാ നിൽപ്പ് അത്ര സുഖമുള്ളതായി അവന് തോന്നിയില്ല.

"എടീ പൊട്ടി, നിന്നോട് ഞാൻ പറഞ്ഞില്ലേ ഇതിനത്ര വലിയ വിലയൊന്നും ആയിട്ടില്ല. എനിക്ക് താങ്ങാവുന്ന വിലയെ ഒള്ളു."

ഒടുവിൽ പണത്തിന്റെ കാര്യമോർത്തിട്ടാണ് സീതയുടെ വെപ്രാളമെന്ന തോന്നൽ കൊണ്ടാണ് ഹരി ചിരിച്ചു കൊണ്ടങ്ങനെ പറഞ്ഞത്.

"അതൊന്നുമല്ലടാ.."

സീതക്കത് അവനോട് പറയാൻ എന്തോ പ്രയാസം തോന്നി.

അവൻ നൽകുന്ന സൗഹൃദം അതേ അളവിൽ തിരിച്ചു കൊടുക്കാനായില്ലേ എന്നൊരു ചെറിയ കുറ്റബോധവും അവളിൽ വേരോടി തുടങ്ങി.

"ദേ.. കുറേ നേരമായി ഞാനിത് സഹിക്കുന്നു. മര്യാദക്ക്‌ നീയിത് വാങ്ങുന്നുണ്ടോ?  സമയം പോണ്. ഹോസ്പിറ്റലിൽ പോവാനുള്ളതല്ലേ?"

ഹരിയുടെ സ്വരം ഗൗരവത്തിലാണ്.

"അതൊന്നും അല്ല ഹരി. അവൾക്കേ.. ഇന്നലെ ശ്രീനിലയയത്തിലെ മുത്തശ്ശി പുതിയൊരു ഫോൺ വാങ്ങിച്ചു കൊടുത്തിരുന്നു. അവളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് നമ്മുക്ക് പരാതിയുള്ളത് പോലെ അവർക്കും ഉണ്ടെന്ന് "

സീതയെ പാളി നോക്കി കൊണ്ട് പാർവതിയാണ് ഹരിയോടത് പറഞ്ഞത്.

"അത്രയേ ഒള്ളോ കാര്യം? ഇതിനാണോ ഇവളിങ്ങനെ പന്തം കണ്ട പെരുച്ചാഴിയേ പോലെ നിൽക്കുന്നത്. അതങ്ങു പറഞ്ഞ പോരെ.. അതിനിത്രേം ബിൽഡപ്പ് എന്തിനാണ്?"

ഹരി മങ്ങിയ മുഖം അവരിൽ നിന്നും മറക്കാനുള്ള വ്യഗ്രതയോടെ പറഞ്ഞു.

"അല്ലടാ.. ഞാനൊരുപാട് പ്രാവശ്യം പറഞ്ഞു, എനിക്ക് വേണ്ടന്ന് "

സീത ഹരിയെ നോക്കി.

"നീ പറയുമല്ലോ? കാരണം നിന്റെയുള്ളിൽ അഭിമാനത്തേക്കാൾ ദുരഭിമാനമാണല്ലോ ഉള്ളത് "

ഹരി സീതയെ നോക്കി കണ്ണുരുട്ടി.

"നിനക്ക്.. നിനക്കെന്തേലും തോന്നിയോടാ?"

സീത വീണ്ടും ഹരിയെ നോക്കി.

"പിന്നേയ്..."

അവൻ ചിരിച്ചു.

"പോടീ അവിടുന്ന്. അവളുടെയൊരു സെന്റി. നിനക്കൊരു ഫോൺ വളരെ അത്യാവശ്യമായിരുന്നു. അത് എനിക്ക് തോന്നിയതിനും ഒരിത്തിരി മുന്നേ അവർക്ക് തോന്നി. അവർ സന്തോഷത്തോടെ നിനക്കൊരു ഫോൺ വാങ്ങിച്ചു തന്നു. അത്ര വലിയ സന്തോഷത്തോടെയൊന്നുമല്ലങ്കിലും നീയത് സ്വീകരിച്ചു. ഇതിൽ എനിക്കും സന്തോഷമെല്ലെടി പോത്തേ തോന്നേണ്ടത് "

ഹരി നിറഞ്ഞ ചിരിയോടെ തന്നെയാണ് അത് പറഞ്ഞത്.

സീതയുടെ മുഖത്തും ആശ്വാസം നിറഞ്ഞു.

"ശെരിക്കും പ്രശ്നമെന്താണെന്ന് വെച്ചാ.. ഞാൻ തിരുവനന്തപുരത്തും നിന്നാണ് ഫോൺ വാങ്ങിച്ചു പോന്നത്. ഒരാഴ്ച ലീവും പറഞ്ഞിട്ടാണ് പോന്നത്. ഇനിയത് മടക്കി കൊടുക്കാൻ വേണ്ടി മാത്രം അങ്ങോട്ട്‌ പോവാനൊക്കില്ലല്ലല്ലോ?"

ഹരിയുടെ സംസാരം കേട്ടിട്ട് സീതയും പാർവതിയും മങ്ങിയ മുഖത്തോടെ അവനെ നോക്കി.

"ഇനിയിപ്പോ എന്താ ചെയ്യുക?"

പാർവതി ഹരിയെ നോക്കി ചോദിച്ചു.

"നീ പോവുന്ന അന്ന് കൊടുത്താൽ മതിയാവില്ലേ ഹരി?"

സീത സങ്കടത്തോടെ ഹരിയെ നോക്കി.

"പ്രശ്നമില്ലെടി. അതൊക്കെ ഞാൻ ഡീൽ ചെയ്‌തോളാം "

ഹരി ചിരിയോടെ തന്നെ പറഞ്ഞു.

"ആഹ്.. ഞാൻ പോയിട്ട് വരാം. റെഡിയായി നിൽക്ക്. സമയം വൈകുന്നു "

പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഹരി പെട്ടന്ന് പോവാനിറങ്ങി.

മുറ്റത്തേക്ക് ഇറങ്ങി നടന്നവൻ വീണ്ടും തിരിച്ചു കയറി വരുന്നത് കണ്ടിട്ട് സീതയും പാർവതിയും ഒരുപോലെ നെറ്റി ചുളിച്ചു.

"അർജുൻ എവിടെ..?"

ഹരിയുടെ ചോദ്യം അവരിൽ അന്താളിപ്പായിരുന്നു നൽകിയത്.

"അകത്തില്ലേ?"

അവരിരുവരും മിണ്ടാതെ നിൽക്കുന്നത് കൊണ്ട് ഹരി വീണ്ടും ചോദിച്ചു.

"ഉണ്ട്. അവൻ പോവാൻ റെഡിയാവുകയാ "
സീതയാണ് മറുപടി പറഞ്ഞത്.

"നിങ്ങളെ രണ്ടിനേം രാവിലെ പൊട്ടൻ കടിച്ചിട്ടുണ്ടോ? ഒരു മാതിരി മന്ദബുദ്ധികളെ പോലെ "

ഹരി ദേഷ്യത്തോടെയാണ് സീതയോടും പാർവതിയോടും ചോദിച്ചത്.

"അർജുൻ..."
അകത്തേക്ക് നോക്കി അൽപ്പം ഉച്ചത്തിൽ വിളിച്ചതും ഹരിയാണ്.

നിമിഷങ്ങൾക്കകം അർജുൻ പുറത്തേക്ക് വന്നിരുന്നു.

ഹരിയേ കണ്ടതിന്റെ ജാള്യത അവന്റെ മുഖത്തു നിറയുന്നത് ഹരി വേദനയോടെയാണ് തിരിച്ചറിഞ്ഞത്.

എപ്പോൾ എവിടെ വെച്ചു കണ്ടാലും സ്നേഹം നിറച്ചൊരു ചിരിയോടെ അരികിലേക്ക് ചേർന്ന് നിൽക്കുന്നവന്റെ നോട്ടത്തിലെ അകൽച്ച അവനെ നന്നായി വേദനിപ്പിച്ചു.

അർജുന്റെയും അവസ്ഥ ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു.

സീതയും പാർവതിയും ഹരിയുടെ നീക്കങ്ങളറിയാൻ ആകാംഷയോടെയാണ് നിൽക്കുന്നത്.

"നീ എന്താടാ അവിടെ തന്നെ നിന്ന് കളഞ്ഞത്. ഇങ്ങ് വാ "

വാതിൽക്കൽ തറഞ്ഞു നിൽക്കുന്ന അർജുനെ ഹരി തോളിൽ പിടിച്ചിട്ട് അടുത്തേക്ക് നീക്കി നിർത്തി.

"ഇന്നാ. നിനക്കാണ്. ഇഷ്ടമായോന്ന് നോക്ക് "
കയ്യിലുള്ള കവർ ഹരി അർജുനെ ഏല്പിച്ചു.

അവന്റെ നെറ്റി ചുളിയുന്നതും കണ്ണിൽ ഒരായിരം സംശയങ്ങൾ പൂക്കുന്നതും മൂവരും ഒരുപോലെ നോക്കി നിന്നു.

"മിഴിച്ചു നിൽക്കാതെ തുറന്നു നോക്കെടാ "

ഹരി വീണ്ടും അവനെ ഓർമിപ്പിച്ചു.

അർജുൻ ഹരിയെ ഒന്ന് നോക്കി തലകുലുക്കി കൊണ്ട് പൊതി അഴിച്ചു തുടങ്ങി.

ബോക്സ്‌ ഓപ്പൺ ചെയ്തിട്ടാ ഫോൺ കയ്യിലെടുക്കുമ്പോൾ അങ്ങേയറ്റം സന്തോഷത്തോടെ അവന്റെ കണ്ണുകൾ വിരിയുന്നതും ശേഷം നോട്ടം ഹരിയിലേക്ക് നീളുമ്പോൾ അതിൽ കുറ്റബോധം നിറയുന്നതും അവരെല്ലാം ചിരിയോടെ നോക്കി നിന്നു.

സീതയുടെ മുഖത്തു പക്ഷേ ആശങ്കയാണ്.

അതറിഞ്ഞിട്ട് ഹരി ഒന്ന് കണ്ണടച്ച് കാണിച്ചു.

'"ഇഷ്ടമായോടാ? "
ഹരി അർജുന്റെ തോളിൽ തട്ടി.

മ്മ്..ഉള്ളിലൂറിയ ആഹ്ലാദമവന്റെ വാക്കുകളിൽ ഉണ്ടായിരുന്നുവെങ്കിലും കണ്ണുകൾ സീതയുടെ മുഖത്തെക്കായിരുന്നു.

"പഠനത്തിൽ ഉഴപ്പരുത്. നിനക്കെന്ത് ആവിശ്യമുണ്ടെങ്കിലും ധൈര്യമായിട്ട് എന്നോട് പറയണം. ഞാനിപ്പോഴും നിന്റെയാ പഴയ ഹരിയേട്ടൻ തന്നെയാണ്. മാറ്റം വന്നത് മുഴുവനും നിനക്കാണ് അജു "

അർജുന്റെ കവിളിൽ തട്ടികൊണ്ട് ഹരി പറയുമ്പോൾ അവന്റെ മുഖം കുനിഞ്ഞു.

"ഹരിപ്രസാദ് ഫോൺ തന്നത് കൊണ്ട് എന്റെ അനിയൻ വഴി പിഴച്ചു പോയെന്ന് ദേ ആ നിക്കുന്ന നിന്റെ ഭദ്രകാളി ചേച്ചിയെ കൊണ്ട് പറയിപ്പിക്കരുത് നീ. വിശ്വസിച്ചോട്ടെ നിന്നെ ഞാൻ "

കടുപ്പത്തിൽ കയറ്റി പിടിച്ച മുഖത്തോടെ തിണ്ണയിൽ ചാരി നിൽക്കുന്ന സീതയെ ചൂണ്ടി ഹരി പറഞ്ഞു.
അർജുൻ സീതയെ ഒന്നുക്കൂടി നോക്കിയിട്ടാണ് തല കുലുക്കിയത്.

"എങ്കിൽ പെട്ടന്ന് റെഡിയാവ്."

ഹരിയെ ഒന്ന് നോക്കിയിട്ട് അർജുൻ അകത്തേക്ക് കയറി പോയി.

"അവനും ആഗ്രഹിക്കുന്നുണ്ടാവും സീതേ.കൂട്ടുകാർക്കൊപ്പം പിടിച്ചു നിൽക്കാൻ "

ഹരി അർജുൻ പോയ വഴിയേ നോക്കി സീതയോട് പറഞ്ഞു.

"എന്നാലും ഹരി..."

സീതയുടെ മുഖത്തെ ആശങ്ക വിട്ടു പോവുന്നില്ല.

"ഒന്നുല്ല. മാറ്റി നിർത്തി കൊണ്ടല്ല അവനെ നമ്മളിലേക്ക് ചേർത്ത് പിടിക്കേണ്ടത്. അവനെ ഓർത്തിട്ട് നീ ടെൻഷനാവല്ലേ?"

ഹരി വീണ്ടും സീതയോട് പറഞ്ഞു.

"വൈകുന്നേരം കുറച്ചു നേരത്തെയിറങ്ങാൻ കഴിയുമോ നിനക്ക്? ശ്രീനിലയത്തിൽ നിന്നും"

ഹരിയുടെ ചോദ്യം കേട്ടിട്ട് സീതയവനെ നോക്കി.

"എന്താടാ..?"
അവൾ അവനെ നോക്കി.

"ഏയ്‌.. ടെൻഷനാവേണ്ട. എനിക്കൊരു കാര്യം പറയാനുണ്ട്. ഇപ്പൊ സമയമില്ല. പറ്റുമെങ്കിൽ നേരത്തെയിറങ്ങാൻ നോക്ക് "

കൂടുതലൊന്നും അവളുടെ മുഖത്തു നോക്കി പറയാനുള്ള ധൈര്യമില്ലാത്തത് പോലെ ഹരി വേഗം ഓടിയിറങ്ങി പോയി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story