സ്വന്തം ❣️ ഭാഗം 31

swantham

രചന: ജിഫ്‌ന നിസാർ

തിരക്കിട്ട് ജോലികൾ ചെയ്യുകയാണ് സീത.

കൂടെ ഓരോന്നു ചോദിച്ചുക്കൊണ്ട് ലല്ലുമോളുമുണ്ട്.

ഹോസ്പിറ്റലിൽ അവർ പോവാനിറങ്ങിയത്‌ തന്നെ അൽപ്പം വൈകിയത് കൊണ്ട്, വരാനും വൈകുമെന്നത് സംശയമുണ്ട്.

ചെയ്യാൻ ബാക്കിയുള്ള ജോലികൾ ചെയ്തു തീർത്താൽ അവർ വന്നയുടനെ ശ്രീനിലയത്തിലേക്ക് പോവാനാണ് തീരുമാനം.

ഒരുവിധപെട്ട ജോലികളെല്ലാം പാർവതി തന്നെ ചെയ്തിരുന്നു.

ചായ കുടിച്ച ഇത്തിരി പാത്രങ്ങൾ കഴുകിവെക്കുന്നതിനിടെ ഫോണടിക്കുന്നത് കേട്ടു.

ഏതോ പ്രണയഗാനത്തിന്റെ ഈരടികളാണ്.

അതും കണ്ണൻ തന്നെയാണ് സെറ്റ് ചെയ്തു വെച്ചത്.

വീട്ടിലൊരു ഫോൺ അത്യാവശ്യമെന്ന് തോന്നിയ സമയത്താണ് കടയിൽ നിന്നും ഒരു സെക്കന്റ്ഹാന്റ് ഫോൺ വാങ്ങുന്നത്.

മനസ്സ് കൊണ്ട് അങ്ങനെയുള്ളതൊക്കെയും അപ്പോഴും ആഡംബരമാണെന്നുള്ള ചിന്തയോ.. അതോ ചെറുപ്പം മുതൽ വളർന്നു വന്ന ചുറ്റുപാടുകളിലെ അരക്ഷിതാവസ്ഥയോ, അങ്ങനെയുള്ള യാതൊന്നിനോടും ഒരു മമതയുമില്ലായിരുന്നു.

അതിന്നുമില്ല.

അത്ക്കൊണ്ട് തന്നെ,അത്യാവശ്യഘട്ടത്തിൽ ഉപകാരപെടുന്നൊരു വസ്തു എന്നതിൽ കവിഞ്ഞൊരു പ്രാധാന്യം ഫോണിന് കൊടുക്കണം എന്ന് തോന്നിയിട്ടുമില്ല.

"ചിറ്റേ.."

അനങ്ങാതെ നിൽക്കുന്നത് കൊണ്ടായിരിക്കും ലല്ലുമോൾ തൊട്ട് വിളിച്ചു.

അടുക്കളയിലെ മേശയിൽ കിടന്നൊരു തോർത്തെടുത്തിട്ട് കൈ തുടച്ചു കൊണ്ട് സീത ഫോണെടുക്കാൻ അകത്തേക്ക് നടന്നു.

ഒരു പ്രാവശ്യം മുഴുവനും പാടി തീർന്നിട്ടും തിരിഞ്ഞു നോക്കാത്ത  യാതൊരു പരിഭവവും കാണിക്കാതെ വീണ്ടും അത് മനോഹരമായി പാടി വിളിക്കുന്നു.

കണ്ണൻ കാളിങ്..

പേരിനൊപ്പം തന്നെ അവന്റെ ആളെ മയക്കുന്ന ചിരിയുമുണ്ട്.
നിമിഷങ്ങൾ കൊണ്ട് ശരീരം മൊത്തം മഞ്ഞിൽ പുതഞ്ഞൊരു ഫീലിംഗ് തോന്നി സീതയ്ക്ക്.

അരികിലെവിടെയോ ഇരുന്നിട്ട് അതേ കള്ളചിരിയോടെ അതവനാണ് മൂളുന്നതെന്ന് തോന്നിയവൾക്ക്.

സീതാ ലക്ഷ്മിക്ക് വേണ്ടി മാത്രം...

വീണ്ടുമാ ഗാനം നിലക്കുംമുന്നേ സീത വിറക്കുന്ന കൈകൾ കൊണ്ടത് അറ്റന്റ് ചെയ്തിട്ട് ചെവിയോട് ചേർത്ത് വെച്ചു.

"സീതാ ലക്ഷ്മി... നീയെന്തേ വരാത്തെ?"

ഫോർമാലിറ്റികളൊന്നുമില്ല!

ചോദ്യമാവട്ടെ, നേരെയങ്ങു ഇടിച്ചു കയറി ചെല്ലുന്നത് ഹൃദയത്തിലേക്കും.

"ഹേയ്.. എന്താടോ മിണ്ടാത്തെ?"

ഉത്തരമില്ലാഞ്ഞിട്ടാണ് ചോദ്യം വീണ്ടും നേരിടേണ്ടി വന്നത്.

സീതക്കാവട്ടെ ഒരക്ഷരം മിണ്ടാനുമായില്ല.

ആരെങ്കിലുമൊരാൾ ഒന്ന് പറഞ്ഞാൽ തിരിച്ചൊരു നാല് പറയാതെ ഇരിപ്പുറക്കാത്ത പഴയൊരു സീതാ ലക്ഷ്മി അവൾക്കുള്ളിലിരുന്നു വീർപ്പുമുട്ടി.

"എനിക്കറിയാം, നീ എന്നെ കേൾക്കുന്നുണ്ടെന്ന്. കള്ളിയെ പോലെ നീയൊന്നും മിണ്ടാതെ നിൽപ്പാണെന്നും അറിയാം "

എത്ര പെട്ടന്നാണ് കണ്ണന്റെ വാക്കുകൾക്ക് പ്രണയയിന്റെ ഗന്ധം പടർന്നത്!

സീത അതിശയത്തോടെ ഓർത്തു.

"നീ ഉത്തരം പറയാതെ ഞാനും വെച്ചിട്ട് പോവില്ലെന്റെ സീതാ ലക്ഷ്മി.ഉത്തരം കിട്ടും വരെയും ഞാൻ വിളിക്കും "

ചിരിച്ചു കൊണ്ടായിരിക്കും പറയുന്നത്.
ആ ചിരിയുടെ അലകളെ വാക്കുകൾ കടമെടുത്തിട്ടുണ്ട്.

"ഹലോ.."

പതിയെ അവന് വേണ്ടി പറയുമ്പോൾ മറുവശം മൗനമായിരുന്നു.

ഹലോ...

ഒരിക്കൽ കൂടി സീത വിളിച്ചു നോക്കി.

ഇല്ല.. യാതൊരു അനക്കവുമില്ല.

കട്ടായി പോയോയിനി..

അവളാ ഫോൺ ചെവിയിൽ നിന്നെടുത്തു നോക്കി.

ഇല്ല.
ആള് അപ്പുറത്ത് തന്നെയുണ്ടെന്ന് കാണിച്ചിട്ട് ഫോൺ തന്റെ നിരപരാധിത്തം വെളിവാക്കി.

"കണ്ണേട്ടാ.. എന്താ മിണ്ടാതെ നിൽക്കുന്നെ?കേൾക്കാൻ കഴിയുന്നില്ലേ?"

ഒടുവിൽ സഹികെട്ട്, സീത വീണ്ടും പറഞ്ഞു നോക്കി.

പതിഞ്ഞൊരു ചിരി കേൾക്കുന്നുണ്ട്.

സീതയുടെ മുഖം പരിഭവം കൊണ്ട് കൂർത്തു.

"ഇപ്പൊ മനസ്സിലായോടി കള്ളി, വിളിച്ചിട്ട് മിണ്ടാതെ നിൽക്കുമ്പോഴുള്ള ബുദ്ധിമുട്ട്?"

കണ്ണന്റെ ചോദ്യം.

പരിഭവം മാറിയിട്ട് അവളിൽ ഒരു ചിരി വിരിഞ്ഞു.

രണ്ടു പേരും പിന്നൊന്നും പറയാതെ നിന്ന് പോയി.

"വരുന്നില്ലേയിന്ന്?"

കണ്ണനാണ് മൗനം മുറിച്ചത്.

"മ്മ് "

"ഹോസ്പിറ്റലിൽ പോയിട്ട് തിരികെ എത്തിയില്ലേ?"

"ഞാൻ പോയിട്ടില്ല. ചേച്ചിയും അജുവും കൂടിയാണ് പോയിട്ടുള്ളത്."

"ഓട്ടോയിലല്ലേ?"

"അല്ല. ഹരി വന്നിട്ടുണ്ട്. ഇന്ന് രാവിലെ. സർപ്രൈസ് ആയിട്ടാ എത്തിയത്. ഒടുവിൽ അവനൊപ്പമാണ് പോയതും."

അത് പറയുമ്പോൾ അവൾക്ക്‌ വല്ലാത്തൊരു തിടുക്കമുള്ളതു പോലെ തോന്നി കണ്ണന്.
വാക്കുകൾക്ക്‌ സന്തോഷത്തിന്റെ നനവ്.

"അവനിപ്പോഴല്ലേ വന്നിട്ട് പോയത്?"

അറിയാതെ തന്നെ കണ്ണന്റെ നാവിൽ തുമ്പിലാ ചോദ്യം വന്നു.

"അതേ. എന്തെങ്കിലും കാര്യമുണ്ടാവും. ഇല്ലെങ്കിൽ ഹരിയങ്ങനെയെന്നും ലീവെടുക്കാറില്ല കണ്ണേട്ടാ "

സീത പക്ഷേ ഭാവമാറ്റമൊന്നുമില്ലാതെയാണ് ഉത്തരം പറഞ്ഞത്.

"ഇനിയെപ്പഴാ സീതാ ലക്ഷ്മി നീ വരുന്നത്?"

വീണ്ടും അവന്റെ ശബ്ദത്തിന് പ്രണയത്തിന്റെ തണുപ്പ് തോന്നിയവൾക്ക്.

അവളയാകെ കുളിരണിയിക്കാൻ പാകത്തിനുള്ള തണുപ്പ്.

"ഹേയ്.. മിണ്ടടോ..എപ്പഴാ.. ഞാൻ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായി "

വീണ്ടും അവൻ തട്ടി വിളിക്കും പോലെ.

"ഞാൻ... ഞാൻ വരും"

എന്തോ അവനോടത് പറയുമ്പോൾ അവളുടെ ഹൃദയം അങ്ങേയറ്റം സന്തോഷത്തിലാണ്.

നീ വരുന്നതും കാത്ത് ഞാനിവിടെയിരിപ്പുണ്ടെന്നുള്ള ഓർമപെടുത്തലാണ് അവന്റെയാ ചോദ്യം.

സന്തോഷമല്ലാതെ മറ്റെന്താണ് തോന്നേണ്ടത്.

കാത്തിരിക്കാനും ഹൃദയം നിറയെ സ്നേഹമുണ്ടെന്നും അങ്ങോട്ട് ആവിശ്യപെടാതെ തന്നെ പറയാൻ ഒരാളുണ്ടാവുകയെന്നത് അത്ര ചെറിയ കാര്യമല്ലെന്ന് അവൾക്കറിയാം.

പ്രതേകിച്ചും സീതാ ലക്ഷ്മിക്കത് ഒരിക്കലും വില കുറച്ച് കാണാനുമാവില്ല.

ആത്മനിന്ദയുടെ നീറ്റലിൽ വെന്തുരുകി നടന്ന എത്രയോ ദിവസങ്ങളിൽ വെറുതെ കൊതിച്ചു പോയിട്ടുണ്ട്..

ഒരിത്തിരി പരിഗണനയോടെ ആരെങ്കിലുമൊരാൾ ചേർത്ത് പിടിച്ചെങ്കിലെന്ന്.

ഹൃദയം നിറക്കുന്നൊരു ചിരിയോടെ വെറുതെയൊന്നു നോക്കിയിരുന്നുവെങ്കിലെന്ന്.

ചില മനുഷ്യർ മുറിവുകളാവുമ്പോൾ, മറ്റു ചിലർ തീർച്ചയായും മരുന്നുകളാണ്.

ഇവിടെയൊരാളിതാ... തിരിച്ചങ്ങോട്ട് സ്നേഹമില്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞിട്ട് കൂടി സീതാ ലക്ഷ്മിയെ കാത്തിരിക്കുന്നു.

ശുദ്ധമായ സ്നേഹത്തോടെ..
യാതൊന്നും നേടാനില്ലാതെ..
ഒരുപാധികളുമില്ലാതെ..

"ഹേയ്.. ഇനിയും മിണ്ടാതെ നിൽക്കാനാണ് ഭാവമെങ്കിൽ.. സത്യമായും ഞാനങ്ങോട്ട് വരും കേട്ടോ സീതാ ലക്ഷ്മി "

കണ്ണന്റെ സ്വരമാണ് വീണ്ടും സീതയുടെ ഓർമകളിൽ നിന്നും വലിച്ചു പുറത്തേക്കിട്ടത്.

"കണ്ണേട്ടൻ പറഞ്ഞോളൂ. ഞാൻ കേൾക്കുന്നുണ്ട് "

"അങ്ങനെ കണ്ണേട്ടൻ പറയുന്നില്ലയിപ്പോ "

പരിഭവമാണാ വാക്കുകൾക്ക്‌.

കാണാതെ തന്നെ കണ്ണന്റെ ഭാവങ്ങൾ സീതയുടെ ചുണ്ടിൽ ചിരിയായി വിരിഞ്ഞിരുന്നു.

കാതോർത്തു നിന്നിട്ടും അവൻ മിണ്ടുന്നില്ല.

എന്നാലോ, ഫോൺ കട്ട് ചെയ്തു പോവിന്നുമില്ല.

കുഞ്ഞു പിള്ളേരെ പോലെ.. കണ്ണൻ പിണക്കമാണോ?

"ഞാൻ വരും.. അവരെത്തിയ ഉടനെ തന്നെ"

"ഞാൻ.. ഞാൻ വരട്ടെ കൊണ്ട് പോരാൻ "

പിണക്കം മറന്നത് പോലെ..വീണ്ടും കണ്ണന്റെ ആർദ്രമായ ചോദ്യം.

"വേണ്ട.."

സീത പെട്ടന്ന് തന്നെ വെപ്രാളത്തോടെ പറഞ്ഞു.

"ഇനി അതോർത്തു ടെൻഷനാവേണ്ട. ഞാൻ വരുന്നില്ല. എന്റെ സീതാ ലക്ഷ്മിക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാനും ചെയ്യുന്നില്ല "

വീണ്ടും കാതിനെ കുളിരണിയിച്ചു കൊണ്ടവന്റെ സ്നേഹം തഴുകി തലോടി.

"വെച്ചോട്ടെ?"

ഇത്തിരി നേരത്തെ മൗനത്തിന് ശേഷം സീത ചോദിച്ചു.

"വെക്കണോ?"

കുറുമ്പാണ് ആ സ്വരത്തിൽ.
അവളൊന്നും മിണ്ടിയില്ല.

"പെട്ടന്ന് വായോ.."

പിന്നൊന്നും പറയാതെ അവനാ ഫോൺ വെച്ച് പോയിട്ടും സീതയാ നിൽപ്പ് തുടർന്നു.

                        ❣️❣️❣️❣️

നിറഞ്ഞ ചിരിയോടെ ഫോൺ ഓഫ് ചെയ്തു തിരിഞ്ഞ കണ്ണന് മുന്നിലേക്ക് കൂർത്ത നോട്ടത്തോടെ മിഥുൻ കയറി നിന്നു.

പിടിക്കപ്പെട്ടു എന്നൊരു ഭാവമാണ് കണ്ണന്റെ മുഖം നിറയെ.

"അപ്പൊ മണി മണിയായിട്ട് കാര്യങ്ങൾ പറഞ്ഞോ മോനെ കിരൺ വർമ്മേ. എന്ന് തുടങ്ങി?  എവിടെവരെയും എത്തി?"

മിഥുൻ കണ്ണനെ സൂക്ഷിച്ചു നോക്കി കൊണ്ടാണ് നിൽക്കുന്നത്.

"അല്ലേടാ.. അത് പിന്നെ.."

കണ്ണൻ നെറ്റി തടവി.

മിഥുൻ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി.

"റിമിയോട് നീയെന്ത് ഉത്തരം പറയും കണ്ണാ?"

ഒട്ടും പ്രതീക്ഷിക്കാത്ത മിഥുന്റെ ചോദ്യം.

മിഥുന്റെ സ്വരത്തിലെ ടെൻഷൻ കണ്ണനും നല്ലത് പോലെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.

"ഞാൻ കെട്ടിക്കോളാമെന്ന് റിമി മരിയ്ക്ക് കിരൺ വർമ്മ വാക്ക് കൊടുത്തിട്ടില്ലല്ലോ മിത്തു?"

തീർത്തും നിസ്സാരമായി കണ്ണനത് പറഞ്ഞിട്ടും മിത്തുവിന്റെ മുഖം തെളിഞ്ഞിട്ടില്ല.

"അവളെ നീ സൂക്ഷിച്ചു കൈകാര്യം ചെയ്യണം കണ്ണാ. നീ ആരെയാണ് സ്നേഹിക്കുന്നതെന്നോ ഇത്രമേൽ കാത്തിരിക്കുന്നതെന്നോ എനിക്കറിയില്ല. പക്ഷേ... അവളുണ്ടല്ലോ? നീയിപ്പോ പറഞ്ഞ റിമി മരിയ.നീ വിചാരിക്കുന്നതിനും അപ്പുറത്താണ് അവളുടെ ചിന്തകൾ. നിന്നെ കാണാതെ, നിന്നിലേക്ക് വന്ന് ചേരാൻ അവൾ ഈ കഴിഞ്ഞു പോയ രണ്ടു ദിവസവും കാണിച്ചു കൂട്ടിയതോർത്താൽ.. ഒരിക്കലും... ഒരിക്കലും നീ റിമിയെന്ന ചാപ്റ്റർ സിമ്പിളായിട്ട് വായിച്ചു പോവരുത്. അത് അപകടമാണ് "

അത് വരെയും ഉണ്ടായിരുന്ന ശാന്തമായ ഭാവമായിരുന്നില്ല അത് പറയുമ്പോൾ മിഥുന്.

അങ്ങേയറ്റം ഗൗരവം പൂണ്ട അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണന്റെ നെറ്റി ചുളിഞ്ഞു.

റിമിയുടെ വാശിയെ കുറിച്ചും ദേഷ്യത്തേ കുറിച്ചും... അവളാഗ്രഹിക്കുന്നത് നേടിയെടുക്കാൻ അവളെടുക്കുന്ന എഫെർട്ടിനെ കുറിച്ചും ചിലതെല്ലാം അറിയാം എന്നല്ലാതെ... റിമിയെ കുറിച്ച് കൂടുതലൊന്നും ചികഞ്ഞു കണ്ടു പിടിക്കേണ്ട ആവിശ്യമിതുവരെയും വന്നിട്ടില്ല.

പോരാത്തതിന് മകളെന്ത് ചെയ്താലും അതിനെ രൂപകൂടിൽ ചേർത്ത് വെക്കാൻ മാത്രം പവിത്രതയുള്ളതാക്കി അവളെ വാനോളം പുകഴ്ത്തി കൊണ്ട് നടക്കുന്നൊരു ഡാഡിയും മമ്മിയും.

"നീ ടെൻഷനാവാൻ വേണ്ടി അല്ലേടാ. നിന്റെ സ്നേഹം എത്രത്തോളം ഡീപ് ലെവലിൽ എത്തിയെന്നത് ഈ ഫോൺ കോളിൽ കൂടി എനിക്ക് മനസ്സിലായി. നിന്റെ അശ്രദ്ധക്കൊണ്ട് ആ സ്നേഹവും അത് നൽകുന്ന ആളെയും നിനക്കൊരിക്കലും നഷ്ടപെടരുത്. അത് കൊണ്ട് മാത്രമാണ് ഞാനിത് നിന്നോട് പറഞ്ഞത്."

കണ്ണന്റെ നിൽപ്പ് കണ്ടിട്ടാവണം, മിഥുൻ അവന്റെ തോളിൽ തട്ടികൊണ്ടത് പറഞ്ഞത്.

"റിമിയുടെ ഈ വരവ് വെറുമൊരു സന്ദർശനം മാത്രമായിട്ട് എനിക്ക് തോന്നുന്നില്ല കേട്ടോ"

മിഥുന്റെയാ വെളിപെടുത്തലിനു മുന്നിൽ കണ്ണൻ തീർത്തും പകച്ചുപോയിരുന്നു.

                     ❣️❣️❣️❣️

ബാക്കിയുള്ള ജോലികളും ധൃതിയിൽ ചെയ്തു തീർക്കുമ്പോൾ അത് വരെയുമില്ലാത്തൊരു ഉത്സാഹം സീതയിൽ നിറഞ്ഞു നിന്നിരുന്നു.

എത്ര ശാസിച്ചിട്ടും അവിടെ, ശ്രീനിലയത്തിൽ കാത്ത് നിൽക്കുന്നുവെന്ന് പറഞ്ഞവന്റെ അരികിലേക്ക് ഓടിയടുക്കാൻ വല്ലാതെ തിടുക്കം കാണിക്കുന്നുണ്ട്, മനസ്സ്.

കുളിയെല്ലാം കഴിഞ്ഞും അവരെ കാണാഞ്ഞ് ലല്ലു മോളെയും കൂട്ടി സീത മുൻവശത്തേക്ക് ചെന്നു.

അവളെയും കൂട്ടി തിണ്ണയിൽ കാത്തിരുന്നു.

വൈകുന്ന ഓരോ നിമിഷവും ഹൃദയം പരിഭവം കൊണ്ട് പിടയുന്നുണ്ടോ?

"ഞാൻ കാത്തിരിപ്പാണ്. പെട്ടന്ന് ഓടിവായോ "എന്നവൻ കാതോരം വന്നു പറയുമ്പോൾ സീതാ ലക്ഷ്മി അവന് വേണ്ടി മാത്രം നാണം പൂക്കുന്ന വാകമരം പോലെ ചുവന്നു തുടുത്തു.

ലല്ലു മോളുടെ കുഞ്ഞു കുഞ്ഞു സംസാരങ്ങളിൽ പോലും മനസ്സുറക്കാതെ അവനരികിലാണ് ഹൃദയം.

പ്രണയമൊരാളെ ഇത്രമേൽ ക്ഷമയില്ലാതെയാക്കുമോ എന്നവൾ താനേയിരുന്നു പിറുപിറുത്തു.

ബാഗിൽ നിന്നും ഫോൺ എടുത്തു ഹരിയെ വിളിക്കുമ്പോൾ മനസ്സും മുഖവും കള്ളത്തരം മറച്ചു പിടിക്കാൻ വ്യഗ്രത കാണിക്കുന്നത് സീതാ ലക്ഷ്മി മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story