സ്വന്തം ❣️ ഭാഗം 32

swantham

രചന: ജിഫ്‌ന നിസാർ

"ഹാ..നീ ടെൻഷനാവല്ലേ കണ്ണാ. ഒന്ന് സൂക്ഷിക്കണമെന്നേ ഞാനും പറഞ്ഞോള്ളൂ"

ഇടനാഴിയിലൂടെ ഫോണിൽ സംസാരിച്ചു  ചിരിച്ചു കൊണ്ട് വരുന്ന റിമിയിലായിരുന്നു രണ്ടു പേരുടെയും കണ്ണുകൾ.

അവൾ ഫ്രഷായിട്ട് ഡ്രസ്സെല്ലാം മാറ്റിയിരിക്കുന്നു.

"ഒക്കെ. ബൈ "

അവരുടെ തൊട്ടരികിൽ എത്തിയതിനു ശേഷമാണ് റിമി ഫോൺ കട്ട് ചെയ്തത്.

"ഡാഡിയായിരുന്നു. എത്തിയിട്ട് വിളിച്ചില്ലല്ലോ? അതിന്റെ പരിഭവം പറയാൻ വിളിച്ചതാ "

ഒറ്റകണ്ണിറുക്കി കണ്ണനെ നോക്കി റിമി ഫോൺ ഓഫ് ചെയ്തിട്ട് ജീൻസിന്റെ പോക്കറ്റിൽ തിരുകി.

"ഇനി പോയാലോ?"

അവൾ വീണ്ടും ചിരിയോടെ കണ്ണനോട് ചോദിച്ചു.

കണ്ണന്റെ വലിഞ്ഞു മുറുകിയ മുഖത്താണ് മിഥുന്റെ ശ്രദ്ധ.

"എന്താ കണ്ണൻ ഒന്നും മിണ്ടാത്തെ?ഞാൻ പറഞ്ഞിട്ടല്ലേ പോയത്, എനിക്കൊന്ന് തന്റെ നാട് കാണാൻ പോവണമെന്ന്?"

റിമിയുടെ സ്വരത്തിൽ ഒരു അനിഷ്ടമുള്ളത് പോലെ കണ്ണന് തോന്നി.

"പോവാം. അതിന് മുന്നേ തനിക്കെന്റെ മുത്തശ്ശിയെ ഒന്ന് കാണണ്ടെടോ?"

കണ്ണൻ ഉള്ളിലെ നീരസം അവളറിയാതിരിക്കാൻ പരമാവധി മയത്തിലാണ് ചോദ്യം.

എന്തൊക്കെയാണേലും അവളിപ്പോൾ തന്റെ അഥിതിയാണ്.
ആ മര്യാദ കാണിച്ചേ പറ്റൂ.

ഇന്ന് തന്നെ നാട് കാണാൻ ചുറ്റി കറങ്ങേണ്ട യാതൊരു ആവിശ്യവുമില്ലെന്ന് ഈ പിശാചിനോട്‌ പറഞ്ഞത് വെള്ളത്തിൽ വരച്ച വരപോലെയായി എന്നവന് ഉറപ്പായി.

എങ്കിൽ പിന്നെ ആ പോക്കിത്തിരി നേരം  നീട്ടി കൊണ്ട് പോവേണ്ടത് അവന്റെ ആവിശ്യമായിരുന്നു.

സീതാ ലക്ഷ്മിയെ കാണാതെ കണ്ണും മനസ്സും ദാഹിച്ചു വലഞ്ഞിരിക്കുന്നു.

അവളുടെ ഓർമകൾ പോലും വലിഞ്ഞു മുറുകിയ മനസ്സിനൊരു അയവ് നൽകുന്നുണ്ട്.

ചുണ്ടിൽ അറിയാതെ വിരിയുന്ന പുഞ്ചിരിയുടെ പേരും സീതാ ലക്ഷ്മിയെന്ന് തന്നെയാണ്.

"ഞാൻ പിന്നെ കണ്ടോളാം എന്ന് പറഞ്ഞതിന് നീ എന്തിനാടാ ചിരിക്കുന്നത്?"

റിമി തോളിൽ അടിച്ചു കൊണ്ട് പറഞ്ഞപ്പോൾ മാത്രമാണ്, മുത്തശ്ശിയേ അവൾ പിന്നെ കണ്ടോളാം എന്ന് പറഞ്ഞിരുന്നുവെന്നും.. അതൊന്നുമറിയാതെ താൻ ചിരിച്ചു പോയിരുന്നുവെന്നും കണ്ണൻ തിരിച്ചറിഞ്ഞത്.

മിത്തുവിനെ നോക്കുമ്പോൾ അവൻ കള്ളച്ചിരിയോടെ നോക്കി നിൽക്കുന്നുണ്ട്.

കണ്ണൻ അവനെ നോക്കിയൊന്ന് കണ്ണുരുട്ടി.

"നീയെന്നെ കളിയാക്കുവാണോ ടാ?"

നിമിഷങ്ങൾ കൊണ്ട് റിമിയുടെ മുഖം മാറി.

"റിയലി സോറി റിമി. ഞാൻ വേറേതോ ഇൻസിഡന്റ് ഓർത്തിട്ട് ചിരിച്ചതാ. സത്യമായും തനിക്കത് ഹെർട്ട് ആയെങ്കിൽ, സോറി "

കണ്ണൻ വളരെ ആത്മാർത്ഥമായിട്ട് തന്നെയാണ് അത് പറഞ്ഞത്.

തൊട്ട് മുന്നിൽ നിന്നിട്ട് മനഃപൂർവ്വമല്ലെങ്കിൽ കൂടിയും ആ ചെയ്തത് അവളെ അപമാനിച്ചു എന്നൊരു ചിന്ത അവൾക്ക് തോന്നിയെങ്കിൽ അവളല്ല തെറ്റ്ക്കാരി.

"ഓ. എന്റെ പൊന്നു റിമി. നിസാരമായ കാര്യങ്ങളെ വളർത്തി വലുതാക്കുന്ന നിന്റെ സ്വഭാവത്തിനു ഇനിയും ഒരു മാറ്റവുമില്ല, അല്ലേ?"

മിഥുൻ ദേഷ്യത്തോടെയാണ് റിമിയോട് ചോദിച്ചത്.

"നീ.. പോടാ. ഞാൻ നിന്നോടല്ലല്ലോ പറഞ്ഞത്?"

അവളും വാശിയൊട്ടും വിട്ടു കളയാനൊരുക്കമല്ലായിരുന്നു.

"ഇനി അതും പറഞ്ഞിട്ട് രണ്ടും കൂടി തമ്മിൽ തല്ലണ്ട. വാ പോവാം "

കണ്ണനാണ് ഇടയിൽ കയറി നിന്നിട്ട് പറഞ്ഞത്.

"നിൽക്ക്. എനിക്കെന്തായാലും മുത്തശ്ശിയെ കാണാൻ ആഗ്രഹമുണ്ട്. ഞാൻ പോയി കണ്ടിട്ട് വരാം. ഇന്ന് തന്നെ ചുറ്റി കറങ്ങാൻ ഇവള്  നേർച്ചയൊന്നും ചെയ്തിട്ടില്ലല്ലോ?"
റിമിയോടുള്ള ദേഷ്യം മുഴുവനുമുണ്ടായിരുന്നു മിഥുൻ അത് പറയുമ്പോൾ.

അവളെ ഒന്ന് കൂടി തുറിച്ചു നോക്കിയിട്ട് അവൻ ഇടനാഴിയിലൂടെ നടന്നു.

"ഡാ.. ഏറ്റവും അറ്റത്തു കാണുന്ന മുറിയാണ് ട്ടോ "

നടന്നു പോകുന്ന മിഥുനെ നോക്കി കണ്ണൻ വിളിച്ചു പറഞ്ഞു.

"ചുമ്മാ.. ഷോ കാണിക്കാൻ മിഥുൻ ഹേമചന്ദ്രൻ പണ്ടേ മിടുക്കാനാണല്ലോ?"

അവനെ പരിഹസിച്ചു കൊണ്ട് റിമി തെല്ലുറക്കെ പൊട്ടിച്ചിരിച്ചു.

"കുറച്ചു മുന്നേ.. ഹാളിൽ ഇരുന്നു കൊണ്ട് റിമി മരിയ കാണിച്ചു കൂട്ടിയതും ഷോ തന്നെ അല്ലായിരുന്നോ?"

ഒട്ടും പ്രതീക്ഷിക്കാത്ത കണ്ണന്റെ ചോദ്യത്തിന് മുന്നിൽ റിമി പകച്ചു നിന്നു.

വിളറി നിൽക്കുന്ന അവളെ അവൻ സൂക്ഷിച്ചു നോക്കി.

കണ്ണൻ ചുണ്ടിൽ തെളിഞ്ഞ പരിഹാസച്ചിരി അവളെ കാണിക്കാതിരിക്കാൻ തിരിഞ്ഞു നിന്ന് കളഞ്ഞു.

തൂണിൽ ചാരി കണ്ണുകൾ വീണ്ടും ഗേറ്റിലേക്ക് നീണ്ടു.

"നിന്റെ വീട്ടുകാരെല്ല്ലാം എത്ര നല്ലവനാണ് കണ്ണൻ. യൂ ആർ സൊ ലക്കി മാൻ "

അവന് മുന്നിൽ ചമ്മി പോയതിന്റെ ക്ഷീണം വാക്കുകളിൽ പടരാതിരിക്കാൻ റിമി നന്നേ പാട് പെട്ടിരുന്നു.

"നീ ഇന്നാദ്യമായിട്ടല്ലേ അവരെ മീറ്റ് ചെയ്യുന്നത്. അത് കൊണ്ടുള്ള തെറ്റ്ദ്ധാരണയാണ്. പേടിക്കണ്ട. മാറിക്കോളും "

അവന്റെ ചുണ്ടിൽ ഒരു പുച്ഛമുണ്ടായിരുന്നുവെന്നത് റിമി മനഃപൂർവ്വം കണ്ടില്ലെന്ന് നടിച്ചു.

"നാട്ട്യങ്ങളും കപടസ്നേഹവും ഒന്നുമറിയാത്ത വളരെ കുറച്ചു പേരെ റിമി ഇതിനകത്തൊള്ളൂ. അതിലൊരാളെ കാണാനാണ് ഞാൻ നിന്നെ ക്ഷണിച്ചത്. അതാണ്‌ നീ വേണ്ടന്ന് പറഞ്ഞതും "

കണ്ണൻ കടുപ്പത്തിൽ തന്നെ പറഞ്ഞു.

"ഓ. ഞാൻ നിന്റെ മുത്തശ്ശിയെ പിന്നെ കാണാം എന്ന് പറഞ്ഞതിന്റെ ദേഷ്യം ഉണ്ടല്ലേ നിനക്കെന്നോട്?"

റിമി കണ്ണനെ അവൾക്ക് നേരെ പിടിച്ചു തിരിച്ചു കൊണ്ട് ചോദിച്ചു.

"അത് നിന്റെ തെറ്റ്ദ്ധാരണ മാത്രമാണ്. എന്റെ മുത്തശ്ശിക്ക്‌ നിന്നെ കണ്ടില്ലങ്കിലും യാതൊരു പ്രോബ്ലവുമില്ല. നിനക്കും അത് അങ്ങനെ തന്നെ. പിന്നെ ഒരു തറവാട്ടിൽ വരുമ്പോൾ ആ വീടിന്റെ നാഥയെ കൂടി കാണേണ്ടതല്ലേ എന്നൊരു തോന്നലിൽ ഞാനും ചോദിച്ചു പോയതാ. അത് താൻ വേണ്ടന്ന് പറഞ്ഞതോടെ തീർന്നു. ഇനി അത് വിട്ടേക്ക് "

റിമിയുടെ നേരെ നോക്കി ചിരിയോടെയാണ് കണ്ണൻ അത് പറഞ്ഞത്.

"ഞാനിപ്പോ പോയി നിന്റെ മുത്തശ്ശിയേ ഒന്ന് കണ്ടു വന്നാൽ നിന്റെയീ പരിഭവം തീരുമോ കണ്ണൻ?"

റിമി വീണ്ടും അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.

"റിമി. ഇതുനുള്ള ഉത്തരം ഞാൻ നിന്നോട്  പറഞ്ഞു. ഇനി എനിക്കത് പറയാൻ താല്പര്യമില്ല. സൊ.. പ്ലീസ് "

കണ്ണൻ അവളെ നോക്കി പറഞ്ഞിട്ട് വീണ്ടും ഗേറ്റിലേക്ക് തന്നെ നോക്കി നിന്നു.

അവന് ശെരിക്കും ദേഷ്യം വന്നിരുന്നു.

സീതയെ കാണുന്നില്ല എന്നാ ഇറിട്ടേഷന് പുറമെയാണ് റിമിയുടെ ചൊറിയല് കൂടി.

"ഒൺ മിനിറ്റ്. ഞാനും ഇപ്പൊ വരാം "

കണ്ണന്റെ വലിഞ്ഞു മുറുകിയ മുഖമോ.. വാക്കുകളിൽ കണ്ടിരുന്ന അസംതൃപ്തിയോ.. അതോ അവനെ പിണക്കിയാൽ ശെരിയാവില്ലെന്നുള്ള ഉൾവിളിയോ?

റിമിയെ തിരിഞ്ഞു നടക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു.

                ❣️❣️❣️❣️

"പറയെടി"

ഹരിയുടെ വാക്കുകൾ ഏതോ ശബ്ദകോലാഹലാങ്ങൾക്കിടയിലാണ് കേൾക്കുന്നത്.

ഹോസ്പിറ്റലിൽ നിന്നും പോന്നിട്ടില്ലയെന്നത് ഉറപ്പായിരുന്നു.

"എന്തായി ഹരി. ഡോക്ടറെ കണ്ടില്ലേ?"

സീത ചോദിച്ചു.

"അതൊക്കെ കണ്ടു. മരുന്ന് വാങ്ങിക്കാൻ നിൽക്കുവാടി. എത്താൻ തന്നെ ലേറ്റായില്ലേ? നമ്പറെല്ലാം വിളിച്ചു പോയിരുന്നു. പിന്നെ ഇത്തിരി നേരം കാത്ത് നിൽക്കേണ്ടിയും വന്നു. ഇവിടെയാണെൽ ഒടുക്കത്തെ തിരക്കും "

വളരെയുറക്കെയാണ് ഹരി പറയുന്നത്.
എന്നിട്ടും പലതും ശബ്ദങ്ങൾക്കിടയിൽ മുങ്ങി പോകുന്നുണ്ട്.

"ലീവ് പറഞ്ഞിട്ടില്ലയെങ്കിൽ നീ പൊയ്ക്കോടി. ഞങ്ങൾ ഏതായാലും അരമണിക്കൂർ കൊണ്ട് എത്തും "

ഹരി പറഞ്ഞു.

"വന്നിട്ട് പോവാം ഹരി."

സീത വീണ്ടും പറഞ്ഞു.

"ഇപ്പൊ തന്നെ പത്തു കഴിഞ്ഞില്ലേ. അവർ തരുന്ന ഫ്രീഡം മിസ്യൂസ് ചെയ്യുവാണെന്ന് തോന്നിപ്പിക്കാൻ പാടില്ലല്ലോ?"

ഹരി വീണ്ടും ചോദിച്ചു.

സീത വെറുതെ ഒന്ന് മൂളി.

"ലല്ലു മോളെ ഞാൻ കൊണ്ട് പോവാം "

സീത പറഞ്ഞപ്പോഴാണ് ഹരി അക്കാര്യം ഓർത്തത്.

"ഓ ഞാനത് മറന്നു പോയെടി. ശെരി. നീ വെച്ചോ. ഞാൻ പരമാവധി വേഗത്തിൽ വരാം "

"അതൊന്നും വേണ്ട ഹരി. മോളെ ഞാൻ കൊണ്ട് പൊയ്ക്കോളാം. അമ്മമ്മ നല്ല ഉറക്കത്തിലാ. നിങ്ങൾ പെട്ടന്ന് വരുമല്ലോ?"

"ഒക്കെയെന്നാ. മോൾക്ക് എന്തേലും പ്രശ്നമുണ്ടെങ്കിൽ വിളിക്ക്. ഞാൻ വന്നു കൊണ്ട് പോന്നോളാം "

അതും പറഞ്ഞിട്ട് ഹരി ഫോൺ കട്ട് ചെയ്തു.

വല്ലാത്തൊരു സന്തോഷം തന്നെ വന്നു പൊതിയുന്നത് സീതയറിഞ്ഞു.

"നമ്മൾക്ക് പോയാലോ ലല്ലൂസേ..?"

സീത ലല്ലുമോളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.

എങ്ങോട്ട് എന്നുള്ള ചോദ്യം പോലുമുണ്ടായില്ലയെങ്കിലും സീതയോടൊപ്പം യാത്ര പോകുന്നു എന്നത് ലല്ലുമോൾക്ക് ഒരുപാട് സന്തോഷമുള്ള കാര്യമാണ്.

അത്കൊണ്ട് തന്നെ ലല്ലു ഉത്സാഹത്തോടെ മുറ്റത്തേക്ക് ചാടിയിറങ്ങി.

സീത കുളിക്കാൻ കയറുന്നതിന്റെ മുൻപ് തന്നെ ചൂട് വെള്ളം കൊണ്ട് ലല്ലുവിന്റെ മേല് കഴുകി ഡ്രസ്സ്‌ മാറ്റി അവളെയും ഒരുക്കിയിരുത്തിയിരുന്നു.

മുറ്റത്തിറങ്ങി സന്തോഷത്തോടെ നിൽക്കുന്ന ലല്ലുവിനെ ഒന്ന് നോക്കിയിട്ട് ചിരിയോടെ സീത അകത്തേക്കു കയറി.

കല്യാണിയമ്മയുടെ മുറിയിൽ ചെന്ന് നോക്കിയപ്പോൾ അവർ നല്ല ഉറക്കത്തിലാണ്.

മാമ വന്നു പോയെ പിന്നെ അമ്മമ്മയ്ക്ക് വല്ലാത്തൊരു മൗനമാണെന്ന് പാർവതി പറഞ്ഞത് സീതക്ക്‌ ഓർമ വന്നു ആ കിടപ്പ് കണ്ടപ്പോൾ.

കിടക്കുന്ന തൊട്ടരികിലെ മേശയിൽ തന്നെ ജെഗിൽ വെള്ളവും ഒരു ഗ്ലാസും വെച്ച് കൊടുത്തിട്ടുണ്ട്.
വാതിൽ ഒന്ന് ചാരി കൊണ്ട് അവൾ വീണ്ടും പുറത്തിറങ്ങി.

പിന്നേയും അൽപ്പസമയം കൂടി നിന്നതിനു ശേഷമാണ് സീത ശ്രീനിലയത്തിലേക്ക് പോവാനിറങ്ങിയത്.

വിരൽതുമ്പിൽ തൂങ്ങി ലല്ലു മോൾ ആവേശത്തിൽ നടക്കുന്നത് കണ്ടപ്പോൾ സീതയ്ക്ക് ഉള്ളിൽ നോവാണ് തോന്നിയത്.

പൂത്തുമ്പിയേ പോലെ പാറി നടക്കേണ്ട പ്രായത്തിൽ ലല്ലുവിന്റെ ലോകം വീടും അതിന്റെ ഇത്തിരി മുറ്റവുമാണ്.

അവളെയും കൊണ്ട് ചുറ്റി കറങ്ങാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യം പലപ്പോഴും അതിന് വില്ലനാണ്.

റോഡിൽ നിന്നിറങ്ങി വയൽ വരമ്പിലേക്ക് എത്തിയത് മുതൽ ലല്ലു സീതയുടെ പിടി വിട്ടു.

തൊട്ടും തലോടിയും സീതയോട് കിന്നാരം പറഞ്ഞും അവളാ നിമിഷങ്ങളെ മനോഹരമാക്കിയത് കൊണ്ട് തന്നെ ശ്രീനിലയത്തിന്റെ പടിക്കൽ എത്തിയപ്പോഴാണ് സീതയറിഞ്ഞത്.

വീണ്ടും അവളെയാ പരവേശം പിടിക്കൂടി.

"വേഗം വാ. ഞാനിവിടെ കാത്തിരിക്കുന്നു സീതാ ലക്ഷ്മി "എന്നാ വാക്കുകൾ വീണ്ടും ദേഹം മുഴുവനും വിറയൽ പടർത്തുന്നു.

അവന്റെയോർമകളിനിയുമീ ചൊടിയിൽ പുഞ്ചിരിയായി വിടർന്നു നിൽക്കുന്നു.

അന്ന് വരെയും തോന്നാത്ത വിറയലാണ് കാലുകൾക്ക് പോലും.

അകത്തേക്ക് കയറിയത് മുതൽ കണ്ണുകൾ ഒട്ടും അനുസരണയില്ലാതെ ഒരുവനെ മാത്രം തേടുന്നു.

ലല്ലുമോളുടെ കണ്ണുകൾക്ക്‌ അതിശയമാണ്, അവിടെയുള്ള ഓരോ കാഴ്ചകളും.

സീതയവളെ കൈ പിടിച്ചാണ് അകത്തേക്ക് കയറിയത്.

തീർച്ചയായും മുത്തശ്ശിയുടെ മുറിയിൽ അവൻ കാത്തിരിപ്പുണ്ടെന്ന് മനസ്സ് സീതയെ സമാധാനിപ്പിച്ചാണ് അകത്തേക്ക് കൊണ്ട് പോയത്.

"അച്ഛനെ കാണിച്ചോ കുട്ട്യേ?"

സീതയെ കണ്ടയുടൻ തന്നെ മുത്തശ്ശി ചോദിച്ചു.

ചിരിയോടെ തലയാട്ടി കാണിച്ചു കൊണ്ടാണ് അവൾ അങ്ങോട്ട്‌ കയറിയത്.

സീതയുടെ മറവിൽ പതുങ്ങി നിന്നിരുന്ന ലല്ലു മോളെ കണ്ടപ്പോൾ നാരായണി മുത്തശ്ശിയുടെ മുഖം വിടർന്നു.

"ആഹാ.. ആരായിത്. മുത്തശ്ശിയെ കാണാൻ വന്നിരിക്കുന്നേ? ഇങ്ങടുത്തു വന്നേ "

നിറചിരിയോടെ കൈ നീട്ടുന്ന മുത്തശ്ശിയെ കണ്ടിട്ട് ലല്ലു സീതയെ നോക്കി.

"ചെല്ല്."

സീതയവളെ നോക്കി പറഞ്ഞു.

ലല്ലു പതിയെ മുത്തശ്ശിയുടെ അരികിലേക്ക് ചെന്നു.

ആ കുഞ്ഞു മുഖത്തു നിറയെ നാണമാണ്.

എങ്കിലും മുത്തശ്ശി ചോദിക്കുന്നതിനെല്ലാം അവൾ മറുപടി പറയുന്നുണ്ട്.

സീത പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നില്ല.

"നീ ആരെയാ സീതേ നോക്കുന്നത്?"

മുത്തശ്ശിയുടെ ചോദ്യം കേട്ടവൾ ഞെട്ടി.

"ഏയ്.. ഒന്നുല്ല. ഞാൻ വെറുതെ.."

സീത വാക്കുകൾക്കായി വെപ്രാളത്തോടെ പരതി.

മുത്തശ്ശി അവളുടെ ഭാവം കണ്ടിട്ട് ചിരിയൊതുക്കി.

"കുളിയൊക്കെ കഴിഞ്ഞോയിന്ന്?"

സീത മുത്തശ്ശിയേ നോക്കി.

ഉവ്വ്.. കണ്ണൻ സഹായിച്ചു. നീ വരാൻ വൈകുമെന്ന് അവൻ വന്നിട്ട് പറഞ്ഞു. അച്ഛനെ കൊണ്ട് പോവണമെന്നൊക്കെ "

മുത്തശ്ശി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

"കണ്ണന്റെ കൂട്ടുകാർ വന്നിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും. മോള് കണ്ടോ?"

സീത ഇല്ലെന്ന് തലയാട്ടി.

ഓ.. അതായിരിക്കാം കാണാത്തത്.
സീത മനസ്സിൽ പറഞ്ഞു.

അത് വരെയും തോന്നിയ പരിഭവം അലിഞ്ഞില്ലാതായി പോകുന്നത് അവളറിഞ്ഞു.

"ഇനി കഞ്ഞി കുടിക്കാം ല്ലേ.?"

സീത വീണ്ടും മുത്തശ്ശിയോട് ചോദിച്ചു.

അവരൊന്നു തലയാട്ടി.

"എങ്കിൽ ഞാൻ പോയി എടുത്തിട്ട് വരാം "

"മോളിവിടെ ഇരിക്കൂ ട്ടോ. ചിറ്റ പോയിട്ട് പെട്ടന്ന് വരാം "

സീത ലല്ലുവിനെ നോക്കി പറഞ്ഞു.

അവൾ ചിരിയോടെ മൂളി.

 "നീ പോയിട്ട് വാ ചിറ്റ പെണ്ണേ. ഞാനും ന്റെ മോളും ഇവിടിരിക്കും ല്ലേ? "

മുത്തശ്ശി ലല്ലുവിനെ ചേർത്ത് പിടിച്ചു.

അത് കണ്ട് ചിരിയോടെയാണ് സീത മുറിവിട്ടിറങ്ങിയത്.

അവള് ചെല്ലുമ്പോൾ കറികളൊന്നും പാകമായിട്ടില്ല.

അത് കൊണ്ട് തന്നെ പത്തു മിനിറ്റോളം കാത്ത് നിൽക്കേണ്ടിയും വന്നു.

കഞ്ഞിയും ഉപ്പേരിയും കൊണ്ട് സീത ചെല്ലുമ്പോൾ അകത്ത് മുത്തശ്ശിയെയോ ലല്ലുവിനെയോ കണ്ടില്ല.

ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.

ലല്ലുസേ "

സീത കയ്യിലുള്ള പാത്രങ്ങൾ ടേബിളിൽ വെച്ച് കൊണ്ട് വിളിച്ചു നോക്കി.യാതൊരു മറുപടിയുമില്ല. ലല്ലുവിനെ അവിടെയെങ്ങും കാണാനുമില്ല.

"മുത്തശ്ശി.."

സീത ബാത്റൂമിന്റെ വാതിലിൽ പതിയെ മുട്ടി കൊണ്ട് വിളിച്ചു.

"എന്താ മോളെ..?"

അകത്തു നിന്നും മുത്തശ്ശിയുടെ ചോദ്യം കേൾക്കാം.

"മോളെവിടെ.?"
അപ്പോഴും സീതയുടെ കണ്ണുകൾ മുറിയിൽ ആകമാനം ഓടുന്നുണ്ട്.

"കിടക്കയിലിരിപ്പില്ലേ? അവിടെ ഉണ്ടായിരുന്നുവല്ലോ?"

മുത്തശ്ശിയുടെ മറുപടി  കേട്ടതോടെ സീതയുടെ വെപ്രാളം കൂടി.

അവൾ ധൃതിയിൽ പുറത്തേക് നടന്നു.

ലല്ലു... ഉറക്കെ വിളിച്ചിട്ടും യാതൊരു അനക്കവുമില്ല.

സീത ഇടനാഴിയിൽ കൂടി കുഞ്ഞിനെ വിളിച്ചു കൊണ്ട് നടന്നു.

അവൾക്ക് വല്ലാത്ത പേടി തോന്നുന്നുണ്ട്.

ഇടനാഴി കഴിഞ്ഞു ഹാളിൽ നിന്നും വലിയ ബഹളം കേട്ടപ്പോൾ സീത അവിടേക്ക് ഓടി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story