സ്വന്തം ❣️ ഭാഗം 34

swantham

രചന: ജിഫ്‌ന നിസാർ


"നീ ഇപ്പോഴും ഹരിയെയാണോ സീതാ ലക്ഷ്മി സ്നേഹിക്കുന്നത്?"
ഒട്ടും പ്രതീക്ഷിക്കാത്ത കണ്ണന്റെ ചോദ്യം.

അതും കണ്ണിലേക്കു നോക്കികൊണ്ട്.

ഒരുവേള അവൻ തന്റെ കണ്ണുകൾക്കുള്ളിൽ പ്രണയത്തിന്റെ കടലാഴങ്ങളെ തേടുയാണോ എന്ന് തോന്നിപ്പോയി സീതയ്ക്ക്.

ആത്മാവിനാഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ നോട്ടത്തിനും ചോദ്യത്തിനുമിടയിൽ സീത തളർന്നിരുന്നു പോയി.

ഇനിയെത്ര കള്ളങ്ങൾ അവനു മുന്നിൽ നിരത്തിയാലും... അവനെ നോക്കുന്ന കണ്ണുകൾക്ക് കണ്ണനോട് കള്ളം പറയാനാവില്ലെന്ന് സീതയ്ക്ക് നന്നായി അറിയാം.

അവനോടുള്ള പ്രണയം അടയാളപ്പെടുത്തി കൊണ്ട് അവ അവന് മുന്നിൽ സീതാലക്ഷ്മിയുടെ ഹൃദയം വരച്ചു കാണിക്കും.

"എന്തേ... സീതാ ലക്ഷ്മി ഉത്തരം പറയുന്നില്ല?"

"മറുപടിയില്ലാത്ത ഒന്നിനും ഒരു പരിധിയിൽ കൂടുതൽ കാത്ത് നിൽക്കരുതെന്ന് എന്റെ പപ്പ പറയാറുണ്ട്.കാരണം മറുപടിയില്ലായ്മയും ഒരു തരത്തിൽ അവഗണനയാണ്.. സീതാ ലക്ഷ്മി മനഃപൂർവ്വം എന്നെ അവഗണിക്കുന്നുണ്ടോ?"
വീണ്ടും കണ്ണന്റെ ചോദ്യം.

സീത ഇരുന്നിടത്ത് നിന്നും വേഗം എഴുന്നേറ്റു.
അവനിൽ നിന്നും തിരിഞ്ഞു നിന്ന് കളഞ്ഞു.

"അങ്ങനൊരവസ്‌ഥയിൽ ആയിരുന്നിട്ട് കൂടിയും എന്നെ കണ്ടപ്പോൾ തിളങ്ങുന്ന നിന്റെ കണ്ണുകൾ എന്നെ വല്ലാതെ മോഹിപ്പിച്ചു. എന്റേതായി കണ്ടിട്ട് തന്നെയാണ് ഈ നിമിഷം വരെയും നിന്നെ ഞാനെന്റെ ഹൃദയത്തിൽ പൊതിഞ്ഞു കൊണ്ട് നടക്കുന്നത്."

അവനും എഴുന്നേറ്റുകൊണ്ട് സീതയുടെ അരികിൽ പോയി നിന്നു.

"ഇഷ്ടമല്ലെന്ന് നീ ഈ നിമിഷം എന്നോട് പറഞ്ഞാൽ..."

പാതിയിൽ നിർത്തിയ കണ്ണന് നേരെ അറിയാതെ തന്നെ സീത തിരിഞ്ഞു പോയി.

ഉപേക്ഷിച്ചു മടങ്ങുമെന്നാണോ?

അവളുടെ മുഖത്തെ പരിഭവം അറിഞ്ഞിട്ടും കണ്ണൻ മനഃപൂർവ്വം അവളോട് ബാക്കി പറഞ്ഞില്ല.

"നിനക്ക് മുന്നിൽ ഞാൻ സ്നേഹം അഭിനയിച്ചിട്ടില്ല സീതാ ലക്ഷ്മി. തുറന്നു കാണിച്ചതെന്റെ ഹൃദയമായിരുന്നു. നിന്നെ വേദനിപ്പിക്കാൻ അല്ലായിരുന്നുന്നത്. നിന്റെ സ്വപ്നങ്ങളിലേക്ക് ഞാൻ കൂടിയുണ്ടെന്ന് നിന്നെ ഓർമപ്പെടുത്തി തരാനായിരുന്നു.നിന്റെ സന്തോഷമില്ലാതാക്കാൻ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. പകരം എന്നോട് ചേർത്തിട്ട് എന്റെ പ്രണയത്തിന്റെ നിറവിൽ നിന്നെയാ നിർവൃതിയുടെ ലഹരിയിൽ കൂടുതൽ സന്തോഷിപ്പിക്കാനാണ് ഞാനും ആഗ്രഹിച്ചത്..."

ആർദ്രമായ അവന്റെ സ്വരം പ്രണയം കൊണ്ട് ഹൃദയഭിത്തിയിൽ പ്രകമ്പനം കൊള്ളിക്കുന്നു.

സീത കൂടുതൽ തളർന്നു.

"ഒരിക്കലും നിനക്ക് മുന്നിൽ ഞാനും എന്റെ സ്നേഹവും ഒരു ശല്യമാവില്ല. കണ്മുന്നിൽ പോലും വരാത്ത വിധം ഞാൻ മാറി പൊയ്ക്കോളാം.പക്ഷേ അതിന് മുന്നേ എനിക്കറിയണം, ഞാൻ നിന്റെ സ്നേഹം കൊതിക്കുന്നത് വെറുതെയാണോ? സീതാ ലക്ഷ്മിക്ക് ഒരിക്കലും എന്നെ സ്നേഹിക്കാനാവില്ലെങ്കിൽ ഞാനീ വിങ്ങല് സഹിച്ചു നീറുന്നത് കൊണ്ട് അർഥമില്ലല്ലോ?"

അവന്റെ ഓരോ വാക്കും അവൾക്കുള്ളിൽ വീണു ചിതറുമ്പോൾ അതോടൊപ്പം തന്നെ അത്രയും ആഴത്തിൽ ഹൃദയത്തിൽ ഓരോ പോറൽ വീഴുന്നു..

വിങ്ങുന്നു..

സീതാ ലക്ഷ്മിയെ അതൊരുപാട് വേദനിപ്പിക്കുന്നു.

"സ്നേഹിക്കപ്പെടാതെ,സ്നേഹിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു പ്രണയവും സഫലമായിട്ടില്ലല്ലോ? അത് കൊണ്ട് എനിക്കറിഞ്ഞേ തീരൂ.. ഈ സീതാ ലക്ഷ്മി എന്നെ സ്നേഹിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?
എല്ലാത്തിനും ഒരുപാട് സ്ട്രോങ്ങ്‌ ആയി നിൽക്കുന്ന സീതാ ലക്ഷ്മി പിന്നെന്താണ് എനിക്ക് മുന്നിൽ മാത്രം ഇത്രെയും വിളറി ,വിയർത്തു നിന്നിട്ട് എന്നോട് സ്നേഹമാണെന്ന് വെറുതെ എന്റെ മനസ്സിനെ കൊതിപ്പിക്കുന്നത്?"

സീതയുടെ മനസ്സിന്റെ പിടി വിട്ടു തുടങ്ങിയിരിക്കുന്നു.

വരും വരായ്കയൊന്നും ഓർക്കാതെ ആ സ്നേഹത്തിലലിയാൻ ഒരുപാട് കൊതിക്കുന്നു.

എത്ര സ്ട്രോങ്ങ്‌ ആയിട്ട് നിന്നാലും പ്രണയത്തിനു മാത്രം സീതാ ലക്ഷ്മിയോട് ഏറ്റു മുട്ടി ജയിക്കാൻ ആയിയെന്നത് അവനോട് ഉറക്കെ പറയണമെന്നുണ്ടവൾക്ക്.

കിണ്ണന്റെ പ്രണയത്തിന് മുന്നിൽ സീത മൂക്കുകുത്തി വീണു പോയെന്ന് എങ്ങനെ പറയാനാണ്?

സീതയുടെ വിരലുകൾ തമ്മിൽ കെട്ടു പിണഞ്ഞു.

മുഖത്തു വിയർപ്പ് തുള്ളികൾ പൊടിഞ്ഞു.

"ഹാ.. ധൈര്യമായിട്ട് പറഞ്ഞോ? ഞാനല്ലേ? എന്നോടല്ലേ സീതാ ലക്ഷ്മി?"

വീണ്ടും അവനിലേക്കാ കള്ളത്തരം തിരികെ വന്നു ചേർന്നു.

സീതക്ക് അവന്റെ നേരെയൊന്ന് നോക്കാൻ പോലും കഴിയുന്നില്ല.

"എന്റെ കൂട്ടുകാർ വന്നത് എന്നെ കൊണ്ട് പോവാനാണ്. ഇങ്ങനെ മിണ്ടാതെ നിന്നാൽ ഈ മൗനത്തിനർത്ഥം എന്നോടുള്ള സ്നേഹമില്ലായ്മയാണെന്ന് കരുതി നാളെ രാവിലെ ഞാനും അവർക്കൊപ്പം തിരികെ മടങ്ങും. ഇനിയൊരിക്കലും തിരികെ വരില്ല."

കണ്ണൻ വീണ്ടും അവളെ നോക്കി.

സീത നിറഞ്ഞ കണ്ണോടെ അവനെയൊന്ന് നോക്കി.

നിമിഷങ്ങൾക്കകം അവളുടെ മുഖം ചുവന്നു.

"നിങ്ങൾക്ക് പോണോ?"

അവളുടെ ചോദ്യം അവന് നേരെ കൂർത്തു.

"നിനക്കിഷ്ടമല്ലെങ്കിൽ..."

അവനത് പറഞ്ഞു മുഴുവനാക്കും മുന്നേ തന്നെ സീതയവന്റെ ബനിയൻ പിടിച്ചുലച്ചു.

"യാതൊരു മോഹവുമില്ലായിരുന്നു എനിക്കെന്റെ ജീവിതത്തിൽ. ആ എന്നെ ഓരോ നോട്ടം കൊണ്ടും ഹൃദയം തുളഞ്ഞു കയറുന്ന വാക്കുകൾ കൊണ്ടും ഒരു മായ ലോകത്തേക്ക് കൂട്ടി കൊണ്ട് പോയിട്ട്... എന്നെയിങ്ങനെ പാതി വഴിയിൽ വിട്ടിട്ട് പോവണോ നിങ്ങൾക്ക്.. ഏഹ് "

കരച്ചിൽ പുരണ്ട ആ വാക്കുകൾക്ക് സീതാ ലക്ഷ്മിയുടെ ഉള്ളിലെ പ്രണയത്തിന്റെ കനമുണ്ട്.

പ്രതീക്ഷിച്ചത് തന്നെ കിട്ടിയതിന്റെ മാധുര്യം നുണഞ്ഞു കൊണ്ടാണ് കണ്ണൻ അവൾക്ക് മുന്നിൽ നിന്ന് കൊടുക്കുന്നത്.

"സീതാ ലക്ഷ്മി നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു കണ്ണേട്ടാ "

കരഞ്ഞു കൊണ്ട് സീതയവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

കണ്ണന്റെ കൈകളും അവളെ വലയം ചെയ്തു.

വല്ലാത്തൊരു തിളക്കത്തോടെ അവന്റെ കണ്ണുകൾ അവളിൽ കൊരുത്തു.

"നിങ്ങളില്ലാതെ വയ്യെന്നത് പോലെ, എന്നെ സ്നേഹം കൊണ്ട് തടവിലാക്കിയിട്ട് ഇനി കണ്ണേട്ടന് പോണോ. വേണ്ടാന്ന് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടും.. ഹരിയെന്ന എന്റെ ഹൃദയമറിയുന്ന കൂട്ടുകാരനോട് എനിക്കിഷ്ടമാണെന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും എനിക്ക് മുന്നിലേക്ക് സ്നേഹം വെച്ച് നീട്ടിയത് നിങ്ങളല്ലേ. ഇവിടെല്ലാരും പറയുന്നത് പോലെ.. വെറുമൊരു കൗതുകമാത്രമായിരുന്നോ കണ്ണേട്ടന് സീതാ ലക്ഷ്മി "

കണ്ണീരാണ് അവളുടെ വാക്കുകളുടെ രുചി.

ഓരോന്നും നേരെ ഹൃദയത്തിലേക്കാണ് തുളച്ചു കയറുന്നത്.

കണ്ണനവളെ ഒന്നൂടെ ചേർത്ത് പിടിച്ചു.

"കണ്ണേട്ടന്റെ കൗതുകമല്ല നീ.."

കണ്ണൻ അവൾക്ക് മുന്നിലേക്ക് മനസ്സ് തുറന്നു വെച്ചു.

"കണ്ട അന്ന് വെറുമൊരു കൗതുകമായിരുന്നു. പക്ഷേ... പക്ഷേ ഇപ്പൊ നീ എനിക്കെന്റെ പ്രാണനോളം വിലപ്പെട്ടതാണ് സീതാ ലക്ഷ്മി "

പതിയെ അവളുടെ കാതിലാണ് അവനാ സ്നേഹം പറഞ്ഞത്.

നിറഞ്ഞ കണ്ണോടെ സീത അവനെ മുഖമുയർത്തി നോക്കി.

"ഹരി നിനക്ക് പ്രിയപ്പെട്ടവനായിരിക്കാം. പക്ഷേ എന്നെ കാണുമ്പോൾ നിന്റെ കണ്ണിലെ തിളക്കം എനിക്കറിയാനാവുന്നുണ്ട് സീതാ ലക്ഷ്മി. എത്രയൊക്കെ ഒളിപ്പിച്ചു പിടിച്ചാലും നിന്റെ മനസ്സെനിക്ക് കാണാം "

കരച്ചിൽ ഒതുങ്ങാതെ സീത അവനോട് ചേർന്നു നിന്നിട്ട് തേങ്ങുന്നുണ്ട്.

"നിന്റെ മനസ്സിലെ പേടികളെയും എനിക്കറിയാം. തത്കാലം അതെല്ലാം മറന്നേക്ക്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കെന്റെ പെണ്ണാണ് നീ. എന്റെ കയ്യിൽ നീ സുരക്ഷിതയായിരിക്കും എന്ന നിന്റെ വിശ്വാസം കാത്ത് സൂക്ഷിക്കേണ്ടത് തീർച്ചയായും എന്റെ ഉത്തരവാദിത്തമാണ് "

കണ്ണൻ സീതയുടെ കവിളുകൾ തുടച്ചു കൊടുത്തു.

"കരയരുത് എന്ന് പറയുന്നില്ല. പക്ഷേ നിനക്ക് ചായാൻ എന്റെ നെഞ്ചിൽ സ്ഥലമുള്ളടത്തോളം കാലം നീ തനിച്ചാവില്ല "

കണ്ണൻ വിയർത്തു നനഞ്ഞ അവളുടെ മുടി ഇഴകൾ കോതി ഒതുക്കി കൊടുത്തു.

"എന്നെ അവഗണിക്കുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ എനിക്ക് പരാതി പറയാൻ അർഹതയില്ല. കാരണം നിന്റെ സ്നേഹം ഞാൻ യാചിച്ചു വാങ്ങിയത് പോലെയാണ്.പക്ഷേ എന്റെ മനസ്സിൽ.."

കണ്ണൻ പറഞ്ഞു മുഴുവനാക്കും മുന്നേ സീതയുടെ കൈകൾ അവന്റെ വാ പൊതിഞ്ഞു പിടിച്ചു.

"പ്ലീസ്.. ഇങ്ങനൊന്നും പറയല്ലേ."

അവളുടെ പതിഞ്ഞ സ്വരം.

"സീതാ ലക്ഷ്മിക്ക് ദേഷ്യം കൂടുതലാണ്.. വാശി കൂടുതലാണ്, അഹങ്കാരിയാണ്, തറുതല പറയാൻ മിടുക്കിയാണ്... അങ്ങനെയങ്ങനെ അനേകം പരിമിതികൾക്കുള്ളിലും സീതാ ലക്ഷ്മിയിലും നോവുന്നൊരു മനസ്സുണ്ടെന്നും കടലോളം സങ്കടങ്ങളെ അവളതിൽ അടക്കി പിടിച്ചിട്ടുണ്ടെന്നും അറിഞ്ഞ രണ്ടോ മൂന്നോ പേരിൽ ഒരാളാണ് കണ്ണേട്ടാ നിങ്ങള് "

സീതയവന്റെ ചുണ്ടിൽ നിന്നും കൈകൾ എടുത്തു മാറ്റി.

കണ്ണന്റെ നെഞ്ചിൽ നിന്നും അകന്ന് മാറി നിന്നു.

"വെറുപ്പിന്റെ അലകളെയാണ് ഞാനിന്നോളം നേരിടാൻ പഠിച്ചിട്ടുള്ളത്. എന്നെയാരും ഇത്ര സ്നേഹിച്ചിട്ടുണ്ടാവില്ല. കാത്തിരുന്നിട്ടുണ്ടാവില്ല "

ചുവരിൽ ചാരി നിന്നിട്ടവൾ കണ്ണനെ നോക്കി.
മനോഹരമായി ചിരിച്ചു.

"നിങ്ങളുടെ സ്നേഹത്തെ നേരിടാൻ ഞാൻ പഠിച്ച അടവുകളൊന്നും പോരായിരുന്നു.കണ്ണേട്ടന്റെ കണ്ണിൽ ഞാൻ മറന്ന് വെച്ചൊരു ലോകം തന്നെ ഉണ്ടായിരുന്നു."

അവളെ കേൾക്കുമ്പോൾ അവനാണ് ശ്വാസം മുട്ടിയത്.

"ഇടുങ്ങിയ ജീവിതസാഹചര്യങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ കണ്ണേട്ടാ നിങ്ങള്?അവരാ സാഹചര്യങ്ങളെ എത്രത്തോളം കഷ്ടപെട്ടാണ് സഹിക്കാൻ പഠിക്കുന്നതെന്ന് വെറുതെ ഒന്ന് ഓർത്തു നോക്കിയിട്ടുണ്ടോ?"

സീത കണ്ണനെ നോക്കി.

അവൻ അവളെ ഒന്ന് വേദനയോടെ നോക്കി എന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
അല്ലെങ്കിലും എന്താണ് അവളോടാ നിമിഷം പറയേണ്ടതെന്ന് അവനും അറിയില്ലായിരുന്നു.

"അത് പോലൊരു സാഹചര്യത്തിൽ പൊരുതി ജീവിക്കാൻ പ്രാപ്‌തി നേടുക എന്നതത്ര എളുപ്പമല്ല. ഒരുപാട് ഒരുപാട് പോരാടേണ്ടി വന്നേക്കാം. ഒറ്റപെട്ടു പോയേക്കും.. പ്രിയപ്പെട്ടവർക്കിടയിൽ അന്യയെ പോലെ...ഞാനാ വേദന അനുഭവിച്ചിട്ടുണ്ട്. ആ നീറ്റലിൽ നീറി നീറി കഴിഞ്ഞിട്ടുണ്ട്."

സീതയുടെ ശബ്ദം ഇടറി.

"എന്നിട്ടും ആരോടും ഞാനെന്നെ അടയാളപെടുത്താൻ ശ്രമിച്ചിട്ടില്ല. ആർക്കുമത് മനസിലാവില്ല. പക്ഷേ... പക്ഷേ നിങ്ങളുണ്ടല്ലോ കണ്ണേട്ടാ "

നിറഞ്ഞ കണ്ണോടെ സീത അവനെ നോക്കി ചിരിച്ചു.

"നിങ്ങളെന്റെ ദേഷ്യത്തിന് പിന്നിലെ സങ്കടമാണ് കണ്ടത്. എന്റെ ചിരിയിൽ ഒളിപ്പിച്ചു പിടിച്ച വേദനകളെയാണ് തിരഞ്ഞ് പിടിച്ചത്... പിന്നെങ്ങനെയാണ്...എനിക്കീ സ്നേഹം കണ്ടില്ലെന്ന് നടുക്കാനാവുന്നത്?നിങ്ങൾക്ക് എന്റെ സ്നേഹമല്ല, എനിക്ക് നിങ്ങളുടെ കരുതലാണ് കൂടുതൽ അത്യാവശ്യം. ജീവിക്കാൻ ഒരു കാരണം."

സീത കണ്ണന്റെ കണ്ണിലേക്കു നോക്കി.

"പക്ഷേ അപ്പോഴും എനിക്ക് പറയാനുണ്ട്. നിങ്ങളുമൊത്തുള്ള ഒരു ജീവിതം ഞാനും മോഹിച്ചു തുടങ്ങിയെന്നത് നേരാണ്. പക്ഷേ.. പക്ഷേ ഞാനും എന്റെ സ്നേഹവും കിരൺ വർമയെന്ന നിങ്ങൾക്കൊരു തമാശ മാത്രമാണെങ്കിൽ, ദയവായി അതെന്നോട് പറയണം. തിരികെ നടക്കാൻ ഞാനൊരുക്കമാണ്. ഇത്തിരി വേദനിക്കുമായിരിക്കും. പക്ഷേ.."

സീത വീണ്ടും ചിരിച്ചു.

കണ്ണൻ അവൾക്ക് അരികിലേക്ക് ചേർന്നു നിന്നു.

"എന്റെ മരണം കൊണ്ടല്ലാതെ നിന്നെ ഞാൻ ഉപേക്ഷിച്ചു കളയില്ല സീതാ ലക്ഷ്മി "

വാക്കുകൾക്കൊപ്പം അവളെ ചേർത്ത് പിടിച്ചിട്ട് കണ്ണനാ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story