സ്വന്തം ❣️ ഭാഗം 35

swantham

രചന: ജിഫ്‌ന നിസാർ

"ആരാ അത്?"

ഉള്ളിലെ സംഘർഷം വാക്കുകളിൽ പടരാതിരിക്കാൻ റിമി അങ്ങേയറ്റം ശ്രമിക്കുന്നുണ്ടെന്ന് മിഥുന് മനസിലായി.

"അതൊക്കെ പിന്നീട് അന്വേഷിക്കാം റിമി. ഇപ്പൊ നീ ഇങ്ങ് വാ "
ആ കൂട്ടത്തിൽ നിന്നുമവളെ കൊണ്ട് പോവാൻ മിഥുൻ നന്നായി പരിശ്രമിക്കുന്നുണ്ട്.

"നീ വിട്ടേ മിത്തു. ഞാൻ ഇവരോടല്ലേ ചോദിക്കുന്നത്? അതിന് നിനക്കെന്താ പ്രശ്നം? നീ നിന്റെ റൂമിലേക്ക് പോയിക്കോ. അതിന് ഞാനെന്തിന് വരണം?"

റിമിയുടെ മുഖത്തു കാണുന്ന ദേഷ്യം മിഥുന്റെ സ്വസ്ഥത കെടുത്തി.

"അതിനി ആരായാലും നിനക്കെന്താ റിമി? നമ്മളിവിടെ സ്ഥിരതാമസത്തിന് വന്നതൊന്നുമല്ലല്ലോ? ഇവിടങ്ങനെ പലരും ഉണ്ടാവും. അതെല്ലാം ഞാനും നീയും അറിഞ്ഞിരിക്കണം എന്നൊന്നുമില്ലല്ലോ?"

നീരസതോടെ പറയുന്ന മിഥുന്റെ നേരെ റിമി തുറിച്ചു നോക്കി.

"നിനക്കറിയണ്ടായിരിക്കും മിഥുൻ. പക്ഷേ അതിലേക്ക് നീ എന്നെകൂടി വലിച്ചു ചേർക്കുന്നതെന്തിനാ?"

റിമി അവനെ പിടിച്ചുലച്ചു.

കൂടി നിൽക്കുന്നവരുടെ ശ്രദ്ധ അവരിലേക്ക് നീളുന്നത് കണ്ടിട്ട് മിഥുൻ റിമിയുടെ കൈ എടുത്തു മാറ്റി.

"നിനക്കെന്താ റിമി, തീരെ കോമൺസെൻസില്ലെടി? ഇതൊരുമാതിരി ചീപ്പ് ഷോ ആയി പോവുന്നുണ്ട് കേട്ടോ. നമ്മളിവിടുത്തെ ആരുമല്ല. ഗസ്റ്റ്‌... അത്രമാത്രം. അതെങ്കിലും നീ ഇടക്കൊന്നു ഓർക്കുന്നത് നല്ലതാ."

കൂടുതലൊന്നും പറയാൻ നിൽക്കാതെ റിമിയെ ഒന്നൂടെ തുറിച്ചു നോക്കി കൊണ്ട് മിഥുൻ അകത്തേക്കു കയറി പോയി.

അവൻ പോയ വഴിയേ ഒന്ന് പുച്ഛതോടെ നോക്കികൊണ്ട് റിമി നല്ലൊരു ചിരിയോടെ സാവിത്രിയുടെ നേരെ ചെന്നു.

"എന്താ ആന്റി ഇവിടെ ഉണ്ടായേ?"

സാവിത്രിയുടെ തോളിൽ പിടിച്ചു കൊണ്ടുള്ള ആ ചോദ്യത്തിന് ആദ്യമൊരു തുറിച്ചു നോട്ടമാണ് മറുപടിയായി കിട്ടിയത്.

"അല്ലാ.. എന്നോട് പറയാൻ പറ്റുന്നതാണേൽ മാത്രം പറഞ്ഞ മതി കേട്ടോ "

റിമി ഒന്നൂടെ സാവിത്രിയുടെ തോളിൽ തട്ടി.

"കണ്ണനോട് ചോദിച്ച മതി. പക്ഷേ അവൻ പറയുമ്പോൾ അതിന്റെയാ ഭംഗി കിട്ടില്ല ചിലപ്പോൾ. നിങ്ങളാവുമ്പോൾ എനിക്ക്‌ വിശ്വാസവുമാണ് "
അവരെയെല്ലാം നോക്കി നല്ലൊരു ചിരിയും പാസാക്കി റിമി അത് പറയുമ്പോൾ കടുത്ത മുഖങ്ങളിലോക്കെയും ചെറിയൊരു അയവ് വന്നു തുടങ്ങിയിരിക്കുന്നു.

റിമി ഗൂഡമായ ഒരു ചിരി ചുണ്ടിൽ തന്നെ ഒളിപ്പിച്ചു പിടിച്ചു.

"നിങ്ങളെന്നോട് കള്ളം പറയില്ലെന്നൊരു തോന്നൽ. മാത്രമല്ല, ഇത്തിരി നേരത്തെ പരിചയം മാത്രമുള്ളുവെങ്കിലും എന്റെ ആരൊക്കെയോ ആണ് നിങ്ങളെന്നെന്ന് ഞാൻ മിത്തുവിനോട് പറയുകയും ചെയ്തു. എന്റെ ലൈഫിൽ നിങ്ങളെ പോലുള്ളവരെ ഞാനും ആദ്യമായിട്ട് കാണുകയാ."

അവൾക്കുള്ളിലേക്ക് റിമി അവസാനത്തെ അമ്പും തൊടുത്തു വിട്ടു.

"എല്ലാത്തിനും കാരണം അവളാ... ആ ചീതാ ലച്മി "

റിമിയുടെ ആ പരിശ്രമം വെറുതെയായില്ല എന്നതിന് തെളിവായി ആദ്യം ശബ്ദം വെച്ച് തുടങ്ങിയത് രാജിക്കാണ്.

ആര്യയേ തഴഞ്ഞു കൊണ്ട് കണ്ണൻ സീതയെ സ്നേഹിക്കുന്നതിന്റെ എല്ലാ ചൊരുക്കുമുണ്ടായിരുന്നു അവരത് പറയുമ്പോൾ.

രാജി പറഞ്ഞത് മനസിലായില്ലയെങ്കിലും റിമി ഒന്ന് ചിരിച്ചു.

പുകയുന്ന മനസ്സ് അവർക്ക് മുന്നിൽ തുറന്നു കാണിക്കാനുള്ള സമയമായിട്ടില്ലെന്ന് അവൾക്ക് നന്നായി അറിയാം.

"എനിക്കൊന്നും മനസ്സിലാവുന്നില്ല ഗയ്സ് "

അവൾ അവരെ നോക്കി വീണ്ടും ചുണ്ട് ചുളുക്കി.

"എന്റെ മോളെ.. അതിനെ കുറിച്ചൊന്നും പറയാതിരുക്കുന്നതാ നല്ലത് "

ഭാമ ചുണ്ട് കോട്ടി.

"പറയാതെ പിന്നെ ഞാനെങ്ങനെ അറിയും"

വീണ്ടും റിമി പരിഭവം പറഞ്ഞു.

"മോളെ പോലുള്ള തറവാട്ടിൽ പിറന്നവർക്കൊന്നും കേൾക്കാൻ പറ്റിയ കഥയല്ല ആ സീതാ ലക്ഷ്മിയെ കുറിച്ച് പറയാനുള്ളത് "
സാവിത്രി റിമിയെ ഒന്ന് തഴുകി തലോടി.

"ആരാ ഈ സീത ലക്ഷ്മി?"
എത്ര ശ്രമിച്ചിട്ടും കണ്ണൻ സ്നേഹതോടെ സീതയെ നോക്കിയ കാഴ്ചയുടെ ഓർമകൾ റിമിയെ പരുക്കനാക്കി.

"അവന്റെയും അവളുടെയും മനസ്സിൽ അവളിവിടുത്തെ കൊച്ചു തമ്പുരാട്ടിയാണ്. പക്ഷേ ആ നാശം പിടിച്ചവൾ ഇവിടുത്തെ വെറും വേലകാരി മാത്രമാണ്. ശ്രീ നിലയത്തിലെ ശമ്പളം പറ്റുന്ന അനേകം ജോലികാരിൽ ഒരുവൾ മാത്രം "

സീതയെ ചുട്ട് കൊല്ലാനുള്ള ദേഷ്യമുണ്ട് ഭാമ അത് പറയുമ്പോൾ ആ മുഖത്തു നിറയെ.

റിമിയുടെ മനസ്സിൽ ചെറിയൊരു ആശ്വാസം തോന്നി.

ഓ... അപ്പൊ ആ സിമ്പതിയാവും കണ്ണന്.
പൊതുവെ അവനിതിരി സഹതാപവും സഹായവും കൂടുതലാണെന്ന് തോന്നാറുണ്ട്.

ഇതും അത്ര തന്നെ.

അവളുടെ മുഖം തെളിഞ്ഞു.

"അത്രേം ഒള്ളോ.? പക്ഷേ കണ്ണൻ അവളെ എന്തിനാ ഇത്രേം പ്രൈട്ടക്റ്റ് ചെയ്യുന്നത്. സെർവന്റ്സിനെ അവരുടെ സ്ഥാനത്ത് നിർത്തണം എന്നറിയില്ലേ അവന് "

റിമി അവർക്ക് പിന്തുണ പ്രഖ്യാപിച്ചു.

"അത് മോള് സൗകര്യം പോലെ കൂട്ടുകാരനെ പറഞ്ഞൊന്ന് മനസ്സിലാക്ക്. അവളുണ്ടല്ലേ.. വെറും പിഴയാ. വല്ല്യ വീട്ടിലെ ചെക്കന്മാരെ വശികരിച്ചു പിടിക്കാൻ മിടുക്കിയാണ് "

റിമിയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് സാവിത്രി സ്വകാര്യം പോലെ പറഞ്ഞു.

"അയ്യേ.. എന്നിട്ടും അടിച്ചോടിക്കേണ്ടതിനു പകരം, നിങ്ങൾ അവളെയിവിടെ പിടിച്ചു നിർത്തിയേക്കുവാണോ? മോശമായി പോയി. വളരെ മോശമായി പോയി. നിങ്ങളിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല "

സീതയെ പുകച്ചു ചാടിക്കേണ്ടത് തന്റെ കൂടി ആവിശ്യമാണെന്ന് ഇതിനോടകം തന്നെ റിമി മനസ്സിലാക്കിയിട്ടുള്ളത് കൊണ്ട്, അവിടെ അതിനുള്ള സഹായം ഇവരെ കൊണ്ടേ ചെയ്തു തരാൻ കഴിയൂ എന്നവൾക്ക് തോന്നി.

ഇനിയിപ്പോ ഇവരെ കൂട്ട് പിടിച്ചാലെ വല്ലതും നടക്കു.

മോഹിച്ചത് നേടിയെടുക്കാൻ റിമി ഏതറ്റം വരെയും പോകും.

എന്തും ചെയ്യും.

അവളുടെ കൈകൾ ചുരുണ്ടുക്കൂടി.മുഖം വലിഞ്ഞു മുറുകി.

"മോൾ ഞങ്ങളെ തെറ്റ്ദ്ധരിച്ചിരിക്കുന്നു "

രാജിക്ക്‌ നല്ലത് പോലെ സങ്കടമുണ്ടായിരുന്നു അത് പറയുമ്പോൾ.

റിമി ഒന്നും മിണ്ടാതെ പോയിട്ട് സോഫയിൽ ഇരുന്നു.

"ഞങ്ങൾ പരമാവധി അവളെയിവിടുന്ന് പുകച്ചു ചാടിക്കാൻ നോക്കിയതാ മോളെ. പക്ഷേ അതെല്ലാം ഞങ്ങള്ക്ക് തന്നെ പാരയായി തീർന്നു "

ഇച്ഛാഭംഗത്തോടെ സാവിത്രിയുടെ കുറ്റസമ്മതം.

റിമിക്ക് പുച്ഛം തോന്നി.

എന്നിട്ടും അവൾ അത് ചിരിയിലൊളിപ്പിച്ചു കൊണ്ടവരെ നോക്കി.

"അത് നിങ്ങൾക്ക് നല്ലത് പോലെ കളിക്കാൻ അറിയാഞ്ഞിട്ടാ "

അവൾ ഗൂഡമായ ചിരിയോടെ അവരെ നോക്കി.

"ഞാൻ സഹായിക്കട്ടെ നിങ്ങളെ?"

റിമിയുടെ ചോദ്യം കേട്ട് അവർ പരസ്പരം നോക്കി.

"എനിക്കതിന്റെ യാതൊരു ആവിശ്യവുമില്ല. ഏറിയാൽ ഒരാഴ്ച. അതിനുള്ളിൽ ഞാനെന്റെ പാട്ടിനു പോകും. പക്ഷേ ഞാൻ നേരത്തെ പറഞ്ഞല്ലോ, നിങ്ങളെന്റെ ആരൊക്കെയോ ആണെന്ന്. അത് കൊണ്ട് തന്നെ നിങ്ങളെ സഹായിക്കണം എന്നെനിക് തോന്നുന്നു. പക്ഷേ നിങ്ങൾ സമ്മതിച്ചു തരുമെങ്കിൽ മാത്രം. സമ്മതം മാത്രം പോരാ സഹകരണം കൂടിയുണ്ടെങ്കിൽ ഇനി സീതാ ലക്ഷ്മിക്കെതിരെ കളിക്കുന്ന കളിയിൽ വിജയം നിങ്ങൾക്കായിരിക്കും. എന്ത് പറയുന്നു "

വന്യമായി തിളങ്ങുന്ന കണ്ണോടെ റിമി അവരെയെല്ലാം ഒന്ന് നോക്കി.

                     ❣️❣️❣️❣️❣️

"മുത്തശ്ശി അന്വേഷിക്കും. ഞാൻ പോന്നിട്ട് ഒത്തിരി നേരമായി "

കണ്ണനിൽ നിന്നും കുതറി കൊണ്ട് സീത പറഞ്ഞു.

കണ്ണൻ ചിരിച്ചു കൊണ്ടവളെ സൂക്ഷിച്ചു നോക്കി നിൽക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല.

"വിട്ടേ കണ്ണേട്ടാ. നേരം പോണ് "

അവൾ വീണ്ടും അവന്റെ കൈ വിടീപ്പിക്കാൻ ശ്രമിച്ചു.

അവൻ അനങ്ങുന്നത് പോലുമില്ല.

"ഇനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ?"

സീത കണ്ണുരുട്ടി.

"അതെനിക്ക് കാണണം. എന്റെ സീതാ ലക്ഷ്മി ദുർഗാ ലക്ഷ്മിയാവുന്ന ആ പരകായപ്രവേശനം എനിക്ക് ഇത്രയും അടുത്ത് നിന്നിട്ട് കാണണം. വേഗം ആയിക്കോട്ടെ "

അവനത്തും കുസൃതിയാണ്.

പ്ലീസ്... സീത വീണ്ടും കേണ് പറഞ്ഞു.

"സത്യം പറയാലോ, എനിക്ക് നിന്നെ വിട്ടു കളയാൻ തോന്നുന്നില്ല."

മനസ്സിലുള്ളത് കണ്ണൻ അത് പോലെ പറഞ്ഞു.
സീതയവന്റെ കണ്ണുകളിലേക്ക് നോക്കി.

പ്രണയമാണ്. സർവത്ര പ്രണയം.

ആ പ്രണയകടലിൽ ആവോളം നീന്തി തുടിച്ചു കയറി നിർവൃതിയിൽ അവളെങ്ങനെ ലയിച്ചു നിന്ന് പോയി.

"ഇനി എപ്പഴാ കാണുന്നെ?"

കണ്ണൻ വീണ്ടും മൃദുവായി ചോദിച്ചു.

"ഞാൻ അമേരിക്കയിലോട്ട് ടൂർ പോകുവല്ല.മുത്തശ്ശിയുടെ മുറിയിൽ ഉണ്ടാവും "

സീത ചിരിയോടെ പറഞ്ഞു.

"ചേ.. നശിപ്പിച്ചു.."
കണ്ണൻ അവളെ വിട്ടിട്ട് സ്വന്തം നെറ്റിയിൽ അടിച്ചു.

"നല്ലൊരു റൊമാന്റിക് ഡയലോഗിനെയാണ് നീ കൊന്ന് കൊലവിളിച്ചത്. ദുഷ്ടേ "

കണ്ണൻ അവളെ നോക്കി കണ്ണുരുട്ടി.

"കിണ്ണൻ വെറും പഞ്ചാരയായി പോവുന്നുണ്ട് കേട്ടോ "
സീത ചിരിയോടെ ഓർമിപ്പിച്ചു.

"പ്രണയം പഞ്ചാരയാണെങ്കിൽ... യെസ്... ഞാനത് സ്വീകരിക്കാം. സന്തോഷത്തോടെ "

കണ്ണൻ മനോഹമായി ചിരിച്ചു.

"ഈ ചിരിയൊക്കെ പോവും കണ്ണേട്ടാ. ചാടി കടക്കേണ്ട കടമ്പകൾ അനേകമാണ്."

സീത ഓർമിപ്പിച്ചു.

"നിന്നെ ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ, എന്നെ നീ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മുക്ക് മുന്നിലെ തടസ്സങ്ങളെത്ര നിസാരമാണെന്റെ സീതാ ലക്ഷ്മി "

കണ്ണപ്പോഴും ചിരിച്ചു.

"പോട്ടെ. മുത്തശ്ശി ആധി പിടിച്ചിട്ടുണ്ടാവും. ലല്ലുമോളെ കാണാനില്ലെന്ന് പറഞ്ഞിറങ്ങിയ ഞാനാണ്.."

പറഞ്ഞു തീർന്നപ്പോൾ സീതയിലും ചിരി.

"നീയാണ്... ബാക്കി പറ?"

കണ്ണൻ വീണ്ടും അവളുടെ അരികിലേക്ക് ചെന്നു.

"ഒന്നൂല്ല്യ."
അവൾ വേഗം ലല്ലുവിന്റെ അരികിലേക്ക് ചെന്നു.

"കുഞ്ഞ് അവിടെ കിടന്നോട്ടെ. ഉണരുമ്പോൾ ഞാൻ കൊണ്ട് വന്നേക്കാം "

കണ്ണൻ പിറകിൽ നിന്നും പറഞ്ഞു.

"കണ്ണേട്ടന് ബുദ്ധിമുട്ടാവില്ലേ?"

"അത് ഞാനങ്ങു സഹിക്കും "

കൈ കെട്ടി നിന്നിട്ട്
അവൻ പുരികം പൊക്കി.

"കൂട്ടുകാർ വന്നിട്ടുണ്ട്. ല്ലേ?"

"ഉവ്വ്. കണ്ടില്ലേ?"

സീത ചിരിച്ചു കൊണ്ട് ഇല്ലെന്ന് തലയാട്ടി കാണിച്ചു.

"അതിനു പറ്റിയ സിറ്റുവേഷൻ അല്ലായിരുന്നുവല്ലോ?"

"പക്ഷേ എന്നെ കൃത്യമായി കണ്ടല്ലോ?"

കണ്ണന് വീണ്ടും കുസൃതി.

സീത ഒന്നും മിണ്ടാതെ കണ്ണുരുട്ടി കാണിച്ചു.

"ഉത്തരം പറയെടി ഉണ്ടകണ്ണി "

"പറയട്ടെ"

"മ്മ്.. പറഞ്ഞോ.. കേൾക്കാൻ എനിക്ക് കൊതിയുണ്ട് "

"എനിക്ക്..."

"മ്മ്.. നിനക്ക്..?"

കണ്ണൻ പതിയെ സീതയുടെ അരികിലേക്ക് വരുന്നുണ്ട്.

"എനിക്കുണ്ടല്ലോ.."
സീതയുടെ മുഖത്തെ ചിരിയിലേക്ക് കണ്ണൻ സന്തോഷത്തോടെ നോക്കി.

ഇത്രേം തെളിഞ്ഞ മുഖത്തോടെ ഈ സീതാ ലക്ഷ്മിയേ കണ്ടിട്ടേയില്ലെന്ന് തോന്നിയവന്.

"ഹാ... പറയെന്റെ സീതാ ലക്ഷ്മി "

കണ്ണൻ കൈ നീട്ടി പിടിക്കും മുന്നേ സീത തെന്നി മാറി.

കണ്ണൻ മീശ തടവി കൊണ്ട് സീതയുടെ നേരെ കുറുമ്പോടെ നോക്കി.

"എനിക്കിപ്പോഴും ഹരിയേയാണ് കൂടുതലിഷ്ട്ടം "

ചുണ്ടുകൾ കൂട്ടി പിടിച്ചു നിന്നിട്ട് സീത ഹരിയെ നോക്കി.

"മ്മ്... കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് "
കണ്ണൻ തലയാട്ടി ചിരിച്ചു.

"കണ്ണേട്ടന് ഒന്നും തോന്നിയില്ലേ?"

"അപ്പൊ നിനക്കാ കരിയെ ഇഷ്ടമായിട്ടല്ല. കണ്ണേട്ടന് ജലസിയടിക്കുന്നുണ്ടോ എന്നറിയലാണ് മെയിൻ ഉദ്ദേശം. അല്ലേടി?"

കണ്ണൻ സീതയെ നോക്കി കണ്ണുരുട്ടി.

"അതൊന്നുമല്ല. എനിക്ക് ഹരിയെ ഇഷ്ടമാണ്."
സീത പിന്നെയും പറഞ്ഞു.

"എനിക്കും "
കണ്ണൻ കണ്ണ് ചിമ്മി കാണിച്ചു.
സീത അവനെ നോക്കി മുഖം ചുളിച്ചു.

"ആഹ്. സത്യം. എന്റെ പെണ്ണിന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ ആ ഹരിപ്രസാദിനെ എനിക്കും ഒരുപാട് ഇഷ്ടമാണെന്നാ ഞാൻ പറഞ്ഞത് "

കണ്ണനത് വിശദീകരിച്ചു പറഞ്ഞു കൊടുക്കുമ്പോൾ വീണ്ടും സീതയുടെ കണ്ണ് നിറഞ്ഞു.

അത് പക്ഷേ... തീർച്ചയായും സന്തോഷം കൊണ്ടായിരുന്നു...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story