സ്വന്തം ❣️ ഭാഗം 36

swantham

രചന: ജിഫ്‌ന നിസാർ

സീതയിറങ്ങി പോയിട്ടും കണ്ണനാ മധുരനിമിഷങ്ങളുടെ നിർവൃതിയിൽ ലയിച്ചങ്ങനെ ഇരുന്നു പോയി.

ചുണ്ടിൽ വിരിയുന്ന ചിരിയിലത്രയും നിറഞ്ഞു നിൽക്കുന്നത് ഉള്ളിലവന്റെ പെണ്ണിനോടുള്ള ഇഷ്ടമായിരുന്നു.

അവളുടെ ഓരോ വാക്കുകൾക്കും ഹൃദയം തുരന്നു കയറാൻ ശക്തിയുള്ളതായിരുന്നു.
നീന്തി കടക്കേണ്ട കടമ്പകളെ കുറിച്ചവൾ ഓർമിപ്പിച്ചു തന്നിട്ടും.. അവളെ നേടാനായി തനിക്ക് മുന്നിൽ അത്ര വലിയൊരു പ്രതിസന്ധികളും അവൻ കണ്ടിരുന്നില്ല.

"ഹേയ്.. കണ്ണൻ. എന്ത് പറ്റിയെടോ? എന്താ ഇങ്ങനെയിരിക്കുന്നേ?"

റിമി വന്നു തട്ടി വിളിക്കുമ്പോൾ ശെരിക്കും അവൻ ഞെട്ടി പോയി.

ചിന്തകളെല്ലാം സീതാ ലക്ഷ്മിയും കൊരുത്തിട്ടതു കൊണ്ടായിരിക്കും, റിമി മുറിയിലേക്ക് വന്നതൊന്നും അറിഞ്ഞിട്ടില്ല.

അവന്റെ മുഖത്തെ ചിരിയിലേക്കാണ് റിമിയുടെ തുറിച്ചു നോട്ടം.

"മിത്തു എവിടെ? സോറി കേട്ടോ റിമി. ഞാൻ അപ്പോഴത്തെ സിറ്റുവേഷനിൽ നിങ്ങളുടെ കാര്യം മറന്നു പോയിരുന്നു "
കിടക്കയിൽ നിന്നും എഴുന്നേറ്റു നിന്നിട്ട് കണ്ണനത് പറഞ്ഞത് ആത്മാർത്ഥമായിട്ട് തന്നെയായിരുന്നു.

"താങ്ക് ഗോഡ്. ഇപ്പഴെങ്കിലും കണ്ണൻ അതോർത്തല്ലോ "

ഉള്ളിലെ നീരസം അവളുടെ വാക്കുകളിൽ നിന്നും ചികഞ്ഞെടുക്കാൻ കണ്ണൻ ശ്രമിച്ചിട്ടും അവനതിനു കഴിഞ്ഞില്ല.

"താനിത്ര നേർവസ് ആകേണ്ട കാര്യമെന്തായിരുന്നു കണ്ണൻ. അവളിവിടുത്തെ വെറും സെർവന്റ് മാത്രമല്ലേ? അപ്പുറത്തുള്ളത് തന്റെ ബന്ധുക്കളും. ആ റിലേഷനെയല്ലേ താൻ പ്രോട്ടക്റ്റ് ചെയ്യേണ്ടിയിരുന്നത്. അതിന് പകരം..."

റിമി കണ്ണനെ നോക്കി.

അവൻ അസ്വസ്ത്ഥനാവുന്നത് അവൾക്കാ മുഖത്ത് നിന്നും അറിയാനാവുന്നുണ്ട്.

അതവൾക്കുള്ളിലെ ദേഷ്യത്തെ ഒന്നുക്കൂടി കൂട്ടി.

അവനുള്ളിലും സംഘർഷമാണ്.
സീതയുടെ കാര്യം റിമി അറിഞ്ഞാലത് വലിയ പ്രശ്നമാവുമെന്ന് അവന് തോന്നി.

മിഥുൻ പറഞ്ഞത് പോലെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ്.
എന്തും ചെയ്യാൻ മടിക്കാത്തകവൾക്ക് മുന്നിലേക്ക് അറിഞ്ഞു കൊണ്ട് അവന്റെ പെണ്ണിനെ ഇട്ട് കൊടുക്കുന്നതിനു കുറിച്ച് ആലോചിക്കാൻ പോലും വയ്യ.

"എന്താണ്.. ഇത്രയും ആലോചന. ഞാൻ കയറി വന്നത് കണ്ണന് ബുദ്ധിമുട്ടായെങ്കിൽ..."
കണ്ണന്റെ ഓരോ ഭാവത്തെയും സൂക്ഷിച്ചു നോക്കി നിൽക്കുന്ന റിമി വേഗം ഔപചാരികതയുടെ വഴിയിലേക്ക് ചാഞ്ഞു.

"ഏയ്‌.. താനെന്താടോ റിമി ഇങ്ങനൊക്കെ പറയുന്നേ. തനിക്കറിയില്ലേ എന്നെ. ബാംഗ്ലൂരിൽ എത്തിയത് മുതലുള്ള കൂട്ടല്ലേ നമ്മൾ തമ്മിൽ? എനിക്കും നിനക്കും എന്തും മറച്ചു വെക്കാതെ പറയാനുള്ള സ്‌പേസ് നല്ലൊരു സൗഹൃദം കൊണ്ട് ഉണ്ടാക്കിയെടുത്തിട്ടില്ലേ നമ്മൾ? നീ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി അല്ലേടോ?"

ഉറച്ചസ്വരത്തിൽ റിമി മരിയയ്ക്ക് തന്റെ മനസ്സിൽ കൊടുക്കുന്ന സ്ഥാനമെന്തെന്നു വളരെ വ്യക്തമായ് ഒരിക്കൽ കൂടി പറഞ്ഞു കൊടുത്തു കണ്ണൻ.

അവളുടെ മുഖം ഒന്ന് ഇരുണ്ടു പോയത് അവൻ ശ്രദ്ധിക്കുകയും ചെയ്തു.

അപ്പോഴും മിഥുൻ പറഞ്ഞതൊക്കെത്തന്നെയാണ് കണ്ണന് ഓർമ വന്നത്.

"എന്തേ റിമി. ഞാൻ പറഞ്ഞത് ശെരിയല്ലേ?"
കണ്ണൻ ഒരിക്കൽ കൂടി അവളോട് ചോദിച്ചു.

"യെസ്.. വളരെ ക്ലിയറാണ് കണ്ണൻ "

മറ്റൊരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് അവളത് പറഞ്ഞതെന്ന് കണ്ണന് മനസ്സിലായി.
എന്ത് കൊണ്ടോ അവന്റെ മനസ്സിൽ അന്നേരം വരെയും ഉണ്ടായിരുന്ന ശാന്തതയ്ക്കൊരു മങ്ങൽ വന്നിരുന്നു.

"പിന്നെ... ബന്ധുക്കളെ പ്രോട്ടക്റ്റ് ചെയ്യുന്നതിനെ കുറിച്ച്.."

വീണ്ടും കണ്ണൻ റിമിയുടെ നേരെ നോക്കി.

"തെറ്റ് ചെയ്യുന്നവർ ആരായാലും അവരെ ഒരു വിധത്തിലും പ്രോട്ടക്റ്റ് ചെയ്യരുത് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. അതാണ്‌ ഇന്നും പാലിക്കുന്നത്. സീതാ ലക്ഷ്മിയും ദേ.. ഈ കിടക്കുന്ന കുഞ്ഞും ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല. എനിക്കത് വ്യക്തമായും അറിയാം. എന്റെ ബന്ധുക്കളെ എനിക്കറിയാവുന്ന അത്രയും നിനക്കറിയില്ലല്ലോ റിമി?"

കണ്ണനിൽ ഉണ്ടായിരുന്ന പരിഹാസം മനസ്സിലായിട്ടും റിമി മറുത്തൊരക്ഷരം പറഞ്ഞില്ല.

ഉള്ളിലെ പുകച്ചിൽ അവനറിയാതെ നോക്കണം.
കണ്ണന്റെ മനസ്സിൽ തനിക്ക് സീതാ ലക്ഷ്മിയോട് യാതൊരു വിരോധവും ഉള്ളതായി തോന്നരുത്.

അവർക്കൊപ്പം നിന്നിട്ടാണ് അവരെ തമ്മിൽ പിരിക്കാൻ ശ്രമിക്കേണ്ടത്.
രണ്ടിനെയും രണ്ടു വഴിക്കാക്കുന്നത് വരെയും ഈ നന്മനിറഞ്ഞവളുടെ കുപ്പായം അണിഞ്ഞു നടക്കുകയേ വഴിയുള്ളു.

അണ പല്ലുകൾ ദേഷ്യം കൊണ്ട് തമ്മിൽ ഞെരിയുമ്പോഴും റിമി കണ്ണനെ നോക്കി ചിരിച്ചു.

അത് കൊണ്ട് തന്നെ എത്രയൊക്കെ നോക്കി കണ്ടു പിടിക്കാൻ ശ്രമിച്ചിട്ടും റിമിയുടെ മനസ്സിലെന്താണ് എന്നറിയാൻ കണ്ണന് കഴിഞ്ഞതുമില്ല.

"വെരിഗുഡ് കണ്ണൻ. അല്ലെങ്കിലും കിരൺ വർമ ആളൊരു ജെന്റിൽമാൻ ആണെന്ന് എനിക്കറിയാം."

അവന്റെ കിടക്കയിൽ കിടക്കുന്ന ലല്ലു മോളെ നോക്കിയാണ് റിമി തിരിഞ്ഞു നിന്നത്.

ദേഷ്യം കൊണ്ട് ചുവന്നു പോയ മുഖം അവൻ കാണരുത് എന്നവൾക്ക് നിർബന്ധമുണ്ടായിരുന്നു.

                       ❣️❣️❣️❣️❣️

അത്രേം ഒള്ളോ. ഹോ. ഞാനങ്ങു പേടിച്ചു പോയി കുട്ട്യേ. ഇവിടുന്നാണെൽ ഇറങ്ങാനും പറ്റില്ലല്ലോ,എനിക്ക് തനിച്ച്?"

മുത്തശ്ശി ആശ്വാസത്തോടെ പറഞ്ഞു.

സീത വെറുതെ ഒന്ന് ചിരിച്ചു.

അവിടെ നടന്നതൊന്നും അവരോട് പറയാൻ അവൾക്ക് തോന്നിയില്ല.

ഇതിനകത്തിരുന്നു വേദനിക്കും എന്നല്ലാതെ അവർക്കൊന്നും ചെയ്യാനാവില്ല.

"എന്നിട്ട് എവിടെ പോയി ആ കാന്താരി?"

മുത്തശ്ശി വീണ്ടും ചോദിച്ചു.

സീത ഞെട്ടി പോയി.

"എന്തേ മോളെ..?"
അവളുടെ വെപ്രാളം കണ്ടിട്ടാണ് അവരങ്ങനെ ചോദിച്ചത്.

"ഏയ്‌. ഒന്നുല്ല മുത്തശ്ശി. ലല്ലു മോള്. കണ്ണേട്ടന്റെ... കണ്ണേട്ടന്റെ മുറിയിലാണ് "

എത്ര ശ്രമിച്ചിട്ടും സീതയുടെ വാക്കുകൾ വിറച്ചു പോയിരുന്നു.

കൂടുതൽ ചോദ്യം അവരിൽ നിന്നും ഇനിയുമുണ്ടാവല്ലേ എന്നവൾ പ്രാർത്ഥനയിലായിരുന്നു അന്നേരം മുഴുവനും.

"ആഹാ.. അത് കൊള്ളാലോ "
മുത്തശ്ശി നിറഞ്ഞു ചിരിച്ചു.

"അവന് കുട്ടികൾ ന്ന് വെച്ച പണ്ട് മുതലേ ജീവനാണ്. അവന്റെ അമ്മയോടും പപ്പയോടും എപ്പോഴും പരാതിയായിരുന്നു, ഒരനിയത്തി കുട്ടിയെയോ അനിയൻ കുട്ടിയെയോ കൊടുത്തില്ലെന്ന് പറഞ്ഞിട്ട് "

മുത്തശ്ശിക്ക് ഓർമകളുടെ മധുരം.

സീതയും കാണുകയാണ്, ആ വാക്കുകളുടെ ചിറകിലേറി..വാശിയോടെ ചുണ്ട് കൂർപ്പിച്ചു പിണങ്ങിയിരിക്കുന്നൊരു കുഞ്ഞി ചെക്കനെ.

അവന് കണ്ണേട്ടന്റെ സ്നേഹം നിറയുന്ന കണ്ണുകളാണല്ലോ?

ആ ഓർമ പോലും അവൾക്കുള്ളിലെ സ്നേഹം വിങ്ങി..

"ചുമ്മാതാണോ... വാശിയോടെ പഠിച്ചു അവൻ ഒരു ചിൽഡ്രൻ സ്പെഷ്യലിസ്റ്റ് തന്നെയായത്. അത്രേം ആസ്വദിച്ചാവും അവനാ ജോലി ചെയ്യുന്നതെന്ന് എനിക്ക് നല്ല ഉറപ്പാണ് "

മുത്തശ്ശി പറയുന്നത് കേട്ടിട്ട് സീതയും ചിരിയോടെയിരുന്നു.

ഉള്ളിലെന്തോ ആനന്ദം.

പറയുന്നത് പ്രിയപ്പെട്ടവനെ കുറിച്ചാണ്.
അവന്റെ നേട്ടങ്ങളെ കുറിച്ചാണ്.

കേൾക്കാൻ അതിനോളം പ്രിയപ്പെട്ടതായ മറ്റെന്തുണ്ട്!

സീതയുടെ ചുവന്നു പോയ മുഖവും തിളങ്ങുന്ന കണ്ണുകളും മുത്തശ്ശിയും കണ്ടിരുന്നു.

എന്നിട്ടും അവരൊന്നും ചോദിച്ചില്ല.
അവളുടെയാ നല്ല നിമിഷങ്ങളെ നശിപ്പിക്കേണ്ടതില്ലെന്നു കരുതി മൗനം കൂട്ട് പിടിച്ചു.

"അയ്യോ കഞ്ഞി കുടിച്ചില്ലല്ലോ?"

ഇത്തിരി നേരത്തിനു ശേഷമാണ് സീതയ്ക്ക് വെളിപാടുണ്ടായത്.

നേരത്തെ കഞ്ഞി എടുത്തിട്ട് വരുമ്പോഴാണ് ലല്ലു മോളെ കാണാനില്ലെന്ന് പറഞ്ഞിട്ട് തിരഞ്ഞിറങ്ങി പോയത്.

പിന്നെ അതിനെ കുറിച്ച് മറന്ന് പോയിരുന്നു.

തന്നെ നോക്കിയിരിക്കുന്ന മുത്തശ്ശിയെ അവളൊന്ന് ചമ്മലോടെ നോക്കി.
അപ്പോഴും അവരൊന്നും പറയാതെ ഒന്ന് ചിരിച്ചു.

"ചൂടാറി തണുത്തു പോയി "

മേശയിൽ കൊണ്ട് വെച്ച കഞ്ഞി തൊട്ട് നോക്കി സീത മുഖം ചുളിച്ചു.

"ഒരു പത്തു മിനിറ്റ് കൂടി ക്ഷമിക്കണം മുത്തശ്ശി. ഞാനിത് പെട്ടന്ന് ചൂടാക്കി കൊണ്ട് വരാം "
സീത ധൃതിയിൽ പുറത്തേക്ക് നടക്കാൻ ഒരുങ്ങി.

"നീ വെപ്രാളപെടേണ്ട. പതിയെ പോ. എനിക്ക് വിശപ്പൊന്നും ആയില്ല. എവിടേം പോയി തട്ടി വീഴല്ലേ നീ "

പിറകിൽ നിന്നും മുത്തശ്ശി വിളിച്ചു പറഞ്ഞു.

                         ❣️❣️❣️❣️

"നിക്കെടാ ഹരി. ചായ കുടിച്ചിട്ട് പോവാം "

അച്ഛനെ വേഗം കിടത്തിയിട്ട് പാർവതി തിരക്കിട്ട് അടുക്കളയിലേക്ക് നടക്കുന്നതിനിടെ വിളിച്ചു പറഞ്ഞു.

"വേണ്ടടി. ഞാൻ വീട്ടിലേക്കല്ലേ? നീയും രാവിലെ മുതലുള്ള ഓട്ടപാച്ചില്ലല്ലേ? ഇത്തിരി റസ്റ്റ്‌ എടുക്ക് "

മുൻവശത്തേക്ക് നടന്നു കൊണ്ട് ഹരി പറഞ്ഞു.

"എന്നാ ഒരു ഗ്ലാസ്‌ ചായയെങ്കിലും കുടിച്ചേച്ചു പോടാ"

വീണ്ടും പാർവതി പറഞ്ഞിട്ട് അവന്റെ മറുപടിക്ക്‌ കാത്ത് നിൽക്കാതെ അടുക്കളയിലേക്കിറങ്ങി പോയി.

പിന്നെയത് നിഷേധിക്കാൻ വയ്യെന്നത് പോലെ ഹരി ഉമ്മറത്തെ തിണ്ണയിൽ പോയിരുന്നു.

അസഹിഷ്ണുത നിറഞ്ഞൊരു മൗനം അവിടമിലാകെ പടർന്നു പിടിച്ചത് പോലെ.

ഹരിയെയത് ശ്വാസം മുട്ടിച്ചു.

പെട്ടന്ന് ഓർത്തത് പോലെ ഹരി പോക്കറ്റിൽ നിന്നും ഫോൺ എടുത്തിട്ട് സീതയുടെ നമ്പറിൽ വിളിച്ചു.

ഒരു പ്രാവശ്യം മുഴുവനും അത് നിർത്താതെ കിടന്നു ബെല്ലടിച്ചിട്ടും മറുതലക്കൽ നിന്നും അവനപ്പോൾ ആഗ്രഹിച്ച ആ സ്വരം കേൾക്കാനായില്ല.

ഹരിക്കുള്ളിലെ വീർപ്പുമുട്ടൽ ഒന്നൂടെ കൂടി. വീണ്ടും അതേ നമ്പറിൽ ഒന്ന് കൂടി വിളിക്കാം എന്ന് കരുതി കോൾ ബട്ടൺ പ്രസ്സ് ചെയ്യും മുന്നേ തലവഴി ഒരു ടീ ഷർട്ട് വലിച്ചിറക്കി കൊണ്ട് അർജുൻ അങ്ങോട്ട്‌ വന്നിരുന്നു.

ഹരിയെ അവനവിടെ പ്രതീക്ഷിചില്ലയെന്നത് പോലെ അർജുന്റെ ഭാവം.

ഹരി അവനെ നോക്കി ഒന്ന് നെറ്റി ചുളിച്ചു.

"നീ എവിടെങ്കിലും പോവാൻ ഇറങ്ങിയതാണേൽ, ആയിക്കോട്ടെ. പാറു ചായ കുടിച്ചിട്ട് പോവാൻ നിർബന്ധം പറഞ്ഞത് കൊണ്ട് ഞാനിരുന്നു പോയതാ. ഞാൻ ഇവിടിരിക്കുന്നത് കൊണ്ട് നിന്റെ യാത്ര മുടക്കേണ്ട അജു "

ഫോൺ പോക്കറ്റിലേക്ക് തന്നെയിട്ട് കൊണ്ട് ഹരി ഒരു നേർത്ത ചിരിയോടെ പറഞ്ഞു.

"കുഴപ്പമില്ല ഹരിയേട്ടാ "
അർജുൻ അവനിരിക്കുന്നതിനരികിൽ ചുവരിൽ ചാരി നിന്നു.

"ഇനി അന്യനായ ഒരാൾ വീട്ടിൽ ഇരിക്കുമ്പോൾ പെങ്ങളെ ഇവിടെ വിട്ടിട്ട് പോവാനുള്ള, ആ മനസാക്ഷി കുത്താണ് ഈ നിൽപ്പിനു പിന്നിൽ എങ്കിൽ... എനിക്കത് സന്തോഷമാണ് നൽകുന്നത് "

മനസ്സിൽ തോന്നിയ കാര്യം ഹരി പറഞ്ഞു.

ഹരിയത് പറഞ്ഞതും അർജുൻ അവനെയൊന്നു നോക്കി.

ചമ്മലോ വിളർച്ചയോ... അങ്ങനെ എന്തൊക്കെയോ ഒരു സമ്മിശ്രഭാവമാണ്.

"ഹേയ്.. നീ വേണ്ടാത്തതൊന്നും ചിന്തിച്ചു വെറുതെ ടെൻഷൻ ആവാതെടാ അജു. ഞാൻ വേറൊന്നും മനസ്സിൽ വെച്ചല്ല പറഞ്ഞത്. ഒരിക്കൽ പറഞ്ഞത് മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ട് പിന്നീട് ഒരു അവസരം കിട്ടുമ്പോൾ വീണ്ടും അതെടുത്തു പ്രയോഗിക്കുന്ന ഇടുങ്ങിയ മനസല്ല എന്റേത് എന്നതിൽ എനിക്ക് അഭിമാനമുണ്ട് "

ഹരി അർജുന് നേരെ കണ്ണടച്ച് കാണിച്ചു.

"നിന്റെ ചേച്ചിമാർക്കുള്ള ധൈര്യമാവാൻ പഠിക്കണം നീ. പ്രായം കൊണ്ട് നീ അവർക്ക് താഴെ ആയിരിക്കും. പക്ഷേ വിവേകം കൊണ്ടും മനകരുത്തു കൊണ്ടും അവരെക്കാൾ മുന്നിൽ നിൽക്കണം. നിനക്ക് കഴിയും അജു "ഹരി ഉറപ്പൊടെ പറയുമ്പോൾ അറിയാതെ തന്നെ അർജുൻ തലയാട്ടി സമ്മതിച്ചു.

"കഴിഞ്ഞു പോയത് തിരിച്ചു പിടിക്കാൻ കഴിയില്ല. ഓർത്തു വെറുതെ നീറി ഉള്ള സമാധാനം നശിപ്പിക്കാനും മിനക്കെടരുത്. വരാനുള്ളത് ഭംഗിയാക്കുക. കുറ്റബോധം തോന്നാനുള്ള സാഹചര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രമിക്കുക. മനസ്സിലാവുന്നുണ്ടോ നിനക്ക്?"

ഹരി വീണ്ടും അർജുനെ നോക്കി.

ഇപ്രാവശ്യം അവന്റെ മുഖം അൽപ്പം കൂടി തെളിഞ്ഞു കാണപ്പെട്ടു.

"ഇപ്പൊ നീ എങ്ങോട്ടാ ഇറങ്ങിയത് അത് നടക്കട്ടെ. ഞാനും ഒരു അഞ്ചു മിനിറ്റ് കൊണ്ട് ഇറങ്ങും "

ഹരി പറഞ്ഞതും അർജുൻ വേഗം മുറ്റത്തേക്ക് ഇറങ്ങി പോയി.

"എന്താടാ.. അവനെന്താ നിന്നോട് പറഞ്ഞത്?"

അർജുൻ ഇറങ്ങി പോവുന്നത് കണ്ടു കൊണ്ടാണ് പാർവതി അങ്ങോട്ട്‌ വന്നത്.

"എന്ത് പറഞ്ഞു?"

ഹരിയുടെ നെറ്റി ചുളിഞ്ഞു.

"വാ തുറന്ന ചെക്കനിപ്പോ തറുതല പറയാനേ അറിയൂ. എനിക്കറിയാം. നിന്നോടും വല്ലതും പറഞ്ഞു കാണും. നീ അവനെ രക്ഷിക്കാൻ പറയാത്തതാ "

കയ്യിലുള്ള ചായ ഗ്ലാസ്‌ അവൾ ഹരിക്ക് നേരെ നീട്ടി.

"പോടീ. അവൻ എന്നോടല്ല പാറു, ഞാൻ അവനോടാണ് പറഞ്ഞത്. ആ പറഞ്ഞത് അറിയാനുള്ള നിന്റെ സൈക്കിളോടിക്കൽ മൂവ്മെന്റ് ആണ് ഇവിടെയിപ്പോ നടക്കുന്നത് എങ്കിൽ... പൊന്നു മോളെ അത് വേണ്ട. ഇതല്പം സീക്രട്ട് ആണ് "

ഹരി അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഓ. നീ പറയേണ്ടാ. എനിക്കത് കേൾക്കേം വേണ്ട. അല്ലേലും മനസ്സിലുള്ളത് മുഴുവനും നീ എന്നോട് പറയാൻ ഞാൻ സീതയല്ലല്ലോ.?"

ഹരിയെ ഒന്ന് ഒളിഞ്ഞു നോക്കി പാർവതി പറഞ്ഞു.

ഹരി ഉറക്കെ ചിരിച്ചു പോയി.

"ടീ കുശുമ്പി. ഇതൊക്കെ മനസ്സിലുണ്ട്. ല്ലേ?"
ഹരി കണ്ണുരുട്ടി.

"ആ.. ഉണ്ട്. ഞാൻ അല്ലായിരുന്നോ നിന്റെ പ്രിയപ്പെട്ട കൂട്ടുകാരി. പക്ഷേ നിനക്കിപ്പോ ഏത് നേരത്തും സീതയെന്ന കൂട്ടുകാരിയെ മാത്രമാണ് ഓർമയുള്ളത്."

പാർവതി പരിഭവം പോലെ പറഞ്ഞതും ഹരിയുടെ മുഖം മങ്ങി പോയിരുന്നു.

"പാർവതിയെന്ന കൂട്ടുകാരിയെ മറന്ന് ഞാനല്ല,  എന്നെ മറന്നിട്ടു അവളാണ്  പുതിയ ജീവിതം തേടി പോയത് "

ഹരി നേർത്തൊരു ചിരിയോടെ പാർവതിയെ നോക്കി.

"ഹോ. ആ ജീവിതത്തെ കുറിച്ച് എന്നെ നീ ഓർമിപ്പിക്കല്ലേ എന്റെ ഹരി. എനിക്കത് പേടി സ്വപ്നമാണ് "

നിറം മങ്ങിയ ചിരിയോടെ പാർവതിയും പറഞ്ഞു.

"ശെരിന്നാ. പോട്ടെ "

പിന്നെയൊന്നും പറയാനോ കേൾക്കാനോ ഇല്ലാത്തത് പോലെ ഹരി പാതി കുടിച്ചു തീർത്ത ചായ ഗ്ലാസ്‌ പാർവതിയെ ഏല്പിച്ചു കൊണ്ട് ഓടിയിറങ്ങി പോയി.

                     ❣️❣️❣️❣️

നിന്റെ ഫോൺ ബെല്ലടിച്ചിരുന്നു മോളെ "

കഞ്ഞി കൊണ്ട് വരുന്ന സീതയെ നോക്കി മുത്തശ്ശി പറഞ്ഞു.

"ആണോ.. ആരായാലും ഞാൻ സമയം പോലെ വിളിച്ചോളാം.അല്ലെങ്കിൽ ഇനിയും ഞാനീ കഞ്ഞി ചൂടാക്കാൻ പോവേണ്ടി വരും 
"സീത കഞ്ഞിയുമായി മുത്തശ്ശിയുടെ അരികിലേക്ക് ചെന്നു.

"അതിങ്ങു താ. ഞാനല്ലേ കുടിക്കേണ്ടത്.നീ ആരാ വിളിച്ചത് എന്ന് നോക്ക് "

വീണ്ടും അവരത് പറഞ്ഞപ്പോൾ സീത തലയാട്ടി.

അതേ നിമിഷം തന്നെയാണ് ലല്ലു മോളെ എടുത്തു കൊണ്ട് കണ്ണൻ അങ്ങോട്ട്‌ വന്നത്.

ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയത് പോലെ തോന്നി സീതയ്ക്ക് ഒരു നിമിഷം, അവനെ കണ്ടപ്പോൾ.

"ആഹാ. എഴുന്നേറ്റോ. ചിറ്റേടെ പൊന്നു "

ഉള്ളിലെ പതർച്ച മറച്ചു പിടിച്ചു കൊണ്ട് സീത ലല്ലുവിനെ നോക്കി.

യാതൊരു പരിചയകുറവുമില്ലാതെ കണ്ണനോട് പറ്റിയിരിക്കുന്ന ലല്ലുവിനെ സീത അത്ഭുതതോടെ നോക്കി.

അറിയാത്ത ആളുകളെ നോക്കാൻ കൂടി മടിയുള്ള പെണ്ണാണ്.ഉറങ്ങി എഴുന്നേറ്റ് വരുമ്പോൾ അവൾക്കൊരു ചീഞ്ഞ സ്വഭാവം ആണെന്ന് പാർവതി എപ്പോഴും പരാതി പറയുന്നതും കേൾക്കാം. ഇതിപ്പോ യാതൊരു ഭാവമാറ്റമില്ല.

മുഖത്തുള്ള ക്ഷീണം.. അത് അസുഖതിന്റെതാണ്.

ഈ കിണ്ണൻ ഇവളേം കയ്യിലെടുത്തോ?

സീത കുറുമ്പോടെ നോക്കിയത് കണ്ടപ്പോൾ കണ്ണൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

സീത പിന്നെ ആ ഭാഗത്തേക്ക് നോക്കിയതേ  ഇല്ല.

"ഇവള് നിന്നോട് കൂട്ടായോ കണ്ണാ "
മുത്തശ്ശി കണ്ണനോട് വിളിച്ചു ചോദിച്ചു.

"പിന്നല്ലാതെ. ഞങ്ങൾ സെറ്റായി "

സീതയെ നോക്കിയാണ് മറുപടി പറഞ്ഞതും അവൻ ലല്ലുവിന്റെ കവിളിൽ ഉമ്മ വെച്ചതും.

അറിയാതെ വീണ്ടും അനുസരണ കേട് കാട്ടിയ സീതയുടെ കണ്ണുകൾ വ്യക്തമായി അത് പിടിച്ചെടുക്കുകയും ചെയ്തു.

അവൾ ചുവന്നു പോയി.
കണ്ണനെ നോക്കി ഒന്ന് കണ്ണുരുട്ടി.
അവൻ ലല്ലു മോളെ മടിയിലിരുത്തി മുത്തശ്ശിയുടെ അരികിൽ പോയിരുന്നു.

"കുഞ്ഞിന് എന്തെങ്കിലും കൊടുക്കെടോ. ഉറക്കം കഴിഞ്ഞതല്ലേ?"
കണ്ണൻ പറഞ്ഞു.

സീത തല കുലുക്കി.

"ആഹാ. അതിനിടയിൽ ഉറങ്ങിയോ? "

മുത്തശ്ശി ലല്ലുവിന്റെ കവിളിൽ തലോടി.

"നീ ഇങ്ങോട്ട് നീങ്ങിയിരിക്കെടാ കണ്ണാ. ഞാനും മോളും കൂടി കഞ്ഞി കുടിക്കാം.അല്ലേ."

മുത്തശ്ശി പറഞ്ഞത് കേട്ട് ലല്ലു സീതയെ നോക്കി.

അവൾക്കിതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു.
അതിന്റെ ഒരു സങ്കോചം ആ കുഞ്ഞി കണ്ണുകളിലുണ്ട്.

സീത ചിരിയോടെ നോക്കുന്നത് കണ്ടിട്ടാവും, ലല്ലുവിനും ചെറിയൊരു ചിരിയുണ്ട്.

മുത്തശ്ശിയും ലല്ലുവും കഞ്ഞി കുടിയിലേക്ക് നീങ്ങിയതും കണ്ണൻ കള്ളച്ചിരിയോടെ സീതയുടെ നേരെ നോട്ടം മാറ്റി.

അവൾ അവനെ നോക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും അതിനാവാതെ തോറ്റു പോകുന്നുണ്ട്.

അവനാ നിമിഷങ്ങളെ ആസ്വദിക്കുകയാണ്.
അവളുടെ വെപ്രാളത്തെയും പരവേശത്തെയും സ്നേഹത്തോടെ നോക്കിയിരിപ്പാണ്.

"മോൾക്ക് പനി ശെരിക്കും മാറിയിട്ടില്ലേ സീതേ. നല്ല ക്ഷീണം ഉണ്ടല്ലോ?"

ലല്ലുവിന്റെ തളർന്ന കണ്ണുകൾ കണ്ടിട്ടാണ് മുത്തശ്ശി ആ ചോദിച്ചതെന്ന് സീതയ്ക്ക് മനസ്സിലായി.

"അവൾക്കൊരു ചെറിയ പനി വന്നാൽ പോലും അങ്ങനാണ് മുത്തശ്ശി "
സീത പറഞ്ഞു.
എന്നിട്ട് കണ്ണന്റെ മടിയിൽ നിന്നും മോളെ എടുത്തു കൊണ്ട് പോയിട്ട് കുടിക്കാൻ വെള്ളം കൊടുത്തു.

"എങ്കിൽ നീയൊരു കാര്യം ചെയ്യ്. നീ കുഞ്ഞിനേം കൊണ്ട് വീട്ടിലേക്ക് പോയിക്കോ. വയ്യാത്ത കുഞ്ഞിനെ കഷ്ടപെടുത്തേണ്ടല്ലോ?"

മുത്തശ്ശി പറഞ്ഞപ്പോൾ സീത കണ്ണനെയാണ് നോക്കിയത്.

"വേണ്ട മുത്തശ്ശി. അതൊന്നും കുഴപ്പമില്ല. അല്ലെങ്കിൽ തന്നെ ഇന്ന് വരാൻ നേരം വൈകി. ഇനിയിപ്പോ പോണം ന്നു കൂടി പറഞ്ഞു കേട്ട അത് മതിയാവും. സീതാ ലക്ഷ്മിയുടെ നേരെ ചാടാൻ "

അവൾ ചെറിയൊരു ചിരിയോടെയാണ് പറഞ്ഞത്.

"ആരും ഒന്നും പറയില്ല. താൻ ഫുഡ്‌ കഴിച്ചിട്ട് പോവാൻ നോക്ക്"

കണ്ണൻ കൂടി പറഞ്ഞപ്പോൾ സീത മുത്തശ്ശിയെ നോക്കി.

"എന്നെ ഓർത്തുള്ള വേവലാതി വേണ്ട. കണ്ണൻ ഉണ്ടല്ലോ."

മുത്തശ്ശി അവളുടെ മനസറിഞ്ഞു പറഞ്ഞു.
അവനും തല കുലുക്കി കാണിച്ചു.

"വേഗം റെഡിയാവ്. ഞാൻ ആക്കി തരാം."
കണ്ണൻ ചിരിയോടെ പറഞ്ഞു.

"വേണ്ട. ഹരിയെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്."

സീത പറയുമ്പോൾ കണ്ണൻ അവളെ കണ്ണ് ചുരുക്കി നോക്കി.

"അതിപ്പോ ആരാ ഹരി.?"

മുത്തശ്ശി ചോദിച്ചു.

"ഹരി എന്റെ..."
സീതയുടെ കണ്ണുകൾ കുറുമ്പോടെ കണ്ണനെ തേടി ചെന്നു.

"അവളുടെ കൂട്ടുകാരൻ ആണ് മുത്തശ്ശി "

അവളെ പറയാൻ അനുവദിക്കാതെ കണ്ണൻ പെട്ടന്ന് പറഞ്ഞപ്പോൾ സീത അടക്കി ചിരിച്ചു.

"ഓ. കരിയെങ്കിൽ കരി. അവനെ വിളിച്ചിട്ട് പറ. വന്നിട്ട് കൂട്ടാൻ "
കണ്ണൻ പുച്ഛം വാരി വിതറി കൊണ്ടാണ് പറഞ്ഞത്.
സീത അവനെ നോക്കി കണ്ണുരുട്ടി.

"എങ്കിൽ ഭക്ഷണം ഞങ്ങൾ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം "
സീത സമ്മതം ചോദിക്കുന്ന പോലെ മുത്തശ്ശിയെ നോക്കി.

"നീ നിന്റെ ഇഷ്ടം പോലെ ചെയ്യെടി പെണ്ണേ "
അവർ ചിരിച്ചു.

അവൾ ഫോൺ എടുത്തിട്ട് ഹരിയുടെ നമ്പറിലേക്ക് വിളിച്ചിട്ട് ശ്രീനിലയത്തിലേക്ക് വരാൻ പറഞ്ഞു.

അപ്പുറം അവൻ ടെൻഷനോടെ കാര്യം അന്വേഷിച്ചു കാണും, സീത ലല്ലു മോൾക്ക് വയെന്ന് മാത്രം പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തു കൊണ്ട് ബാഗിൽ തന്നെ വെച്ചു.

ഇതെല്ലാം നോക്കി കൊണ്ട് മുത്തശ്ശിയുടെ അരികിൽ തന്നെ കണ്ണനുമുണ്ട്.

"കൂട്ടുകാരൻ എന്ത് പറഞ്ഞു മോളെ?"
മുത്തശ്ശി ചോദിച്ചു.

"ഹരി വരും മുത്തശ്ശി. ഞാൻ വിളിച്ച അവന് വരാതിരിക്കാൻ കഴിയില്ല. അത്ര സ്നേഹമാണ് എന്നോട് "
വീർത്തു കെട്ടുന്ന കണ്ണന്റെ മുഖത്തെക്കാണ് സീതയുടെ ശ്രദ്ധയത്രയും.

ആ കാണിച്ചു കൂട്ടുന്നതെല്ലാം വെറുതെയാണ്. സൗഹൃദത്തെ ആ നിലയിൽ മനസ്സിലാക്കാൻ കഴിയുന്നവനാണ്.

അത് മുന്നേ മനസ്സിലായതുമാണ്.
എന്നിട്ടും അവന്റെയാ കുറുമ്പ് കാണുമ്പോൾ സീതയുടെ ഉള്ളിൽ തണുപ്പാണ്.

സ്വന്തം ആണെന്നുള്ള വികാരത്തിന് മാത്രം പകർന്നു നൽകാൻ കഴിയുന്ന തണുപ്പ്.

"എങ്കിൽ പുറത്തേക്ക് നടന്നോളൂ. ആ കുട്ടി വന്നിട്ട് കാത്തിരുന്നു മുഷിയേണ്ട "

മുത്തശ്ശി പറഞ്ഞതും സീത തലയാട്ടി.

ബാഗ് എടുത്തു കൊണ്ടവൾ മുത്തശ്ശിയുടെ ഒഴിഞ്ഞ കഞ്ഞി പത്രം കയ്യിലെടുത്തു.

"മോളെ വീട്ടിൽ ആക്കിയിട്ട് ഞാൻ വരണോ മുത്തശ്ശി?"
സീത വീണ്ടും ചോദിച്ചു.

"വേണ്ട മോളെ. എനിക്ക് വല്ല്യ കുഴപ്പമൊന്നും ഇല്ലല്ലോ?"
അവർ സീതയെ സമാധാനിപ്പിച്ചു.

"ഞാനീ പാത്രം വെച്ചിട്ട് വരാം "
സീത ധൃതിയിൽ വാതിൽ കടന്നിറങ്ങി പോയി.

പെട്ടന്ന് തന്നെ തിരിച്ചു വന്നവളെ കാത്ത് ലല്ലു മോളെയും എടുത്തു കൊണ്ട് കണ്ണൻ ഉണ്ടായിരുന്നു.

"പോട്ടെ മുത്തശ്ശി "
ഒന്ന് കൂടി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് സീത കണ്ണനൊപ്പം നടന്നു.

"ലല്ലു മോളിനി എപ്പഴാ അങ്കിളിനെ കാണാൻ വരുന്നത്?"

നടക്കുന്നതിനിടെ കണ്ണൻ കുഞ്ഞിനോട് ചോദിച്ചു.

"എപ്പഴാ ചിറ്റേ?"

പിറകെ വരുന്ന സീതയോട് ലല്ലു ആ ചോദ്യം ആവർത്തിച്ചു.

"വരും "
സീത അത് മാത്രം പറഞ്ഞിട്ട് ചിരിച്ചു.

"വരും "
ലല്ലു അത് തന്നെ കണ്ണനോടും പറഞ്ഞു.

"വല്ലാതെ കൊതി തോന്നുമ്പോൾ അങ്കിൾ വന്നു കണ്ടാലോ? മോൾക്ക് ദേഷ്യം വരുവോ?"

ചോദ്യം ലല്ലുവിനോടാണ്. പക്ഷേ അവന്റെ കണ്ണുകൾ സീതയുടെ നേരെയാണ്.

ലല്ലു വീണ്ടും സീതയെ നോക്കി.

"അങ്കിളും മോളും നല്ല തല്ല് മേടിക്കും "
സീത കണ്ണുരുട്ടി.

"തല്ല് മേടിക്കും ന്ന് "

ലല്ലു ചുണ്ട് ചുളുക്കി പറഞ്ഞപ്പോൾ കണ്ണനും അത് പോലെ പറഞ്ഞു.

"എങ്കിൽ അങ്കിൾ ഫോണിൽ വിളിക്കും. മിണ്ടാനും കാണാനും തോന്നുമ്പോൾ. അത് കൂടി വേണ്ടന്ന് പറഞ്ഞ.. നിന്റെ ചിറ്റയും നല്ല തല്ല് മേടിക്കും "

കണ്ണൻ ലല്ലുവിന്റെ മൂക്കിൽ പിടിച്ചു വലിച്ചു.

സീത അമർത്തി ചിരിച്ചു.

"ഹരി രാവിലെ എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു കണ്ണേട്ടാ. നേരത്തെ ഇറങ്ങാൻ പറ്റുമെങ്കിൽ വിളിക്കാനും പറഞ്ഞിരുന്നു. അത് കൊണ്ടാണ് ഞാൻ അവനെ വിളിച്ചത്."

സീത പറഞ്ഞത് കേട്ട് കണ്ണന്റെ നടത്തം നിന്ന് പോയി.

"അതെന്താടോ, ഇത്രേം സീരിയസായി പറയാൻ?"
അവന്റെ നോട്ടം സീതയുടെ നേരെ നോക്കി.

"അതെനിക് അറിയില്ല കണ്ണേട്ടാ. അവൻ വരട്ടെ."

സീത ചിരിച്ചു കൊണ്ടത് പറഞ്ഞിട്ടും ഹരിയുടെ മുഖത്തേക്ക് പഴയാ തെളിച്ചം തിരികെ വന്നിട്ടില്ല.

ഏതോ ചിന്തയുടെ അറ്റത് അവൻ കുരുങ്ങി പോയിരുന്നു ആ നിമിഷം.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story