സ്വന്തം ❣️ ഭാഗം 37

swantham

രചന: ജിഫ്‌ന നിസാർ

"എന്തേ?"

പെട്ടന്ന് നടത്തം നിർത്തിയ കണ്ണനെ നോക്കി സീത ചോദിച്ചു.

"മ്മ്ഹ്ഹ് "

അവനൊന്ന് തല വെട്ടിച്ചു.

ഹരിക്കെന്താവും പറയാനുള്ളത്?

കണ്ണന്റെ ഉള്ളിലാ ചോദ്യം ജ്വലിച്ചു.

അവന്റെ കയ്യിൽ നിന്നും ലല്ലു താഴേക്ക് ഊർന്നിറങ്ങി.

കണ്ണൻ കുനിഞ്ഞു കൊണ്ടവളെ നിലത്തേക്ക് വെച്ചു.

നീണ്ട ഇടനാഴിയിലൂടെ അവൾ പതിയെ ഓടി.

"സൂക്ഷിച്ചു പോ മോളെ. തട്ടി വീഴല്ലേ "
കണ്ണൻ പിറകിൽ നിന്നും ഓർമിപ്പിച്ചപ്പോൾ സീത ചിരിയോടെ അവന്റെ നേരെ നോക്കി.

"മ്മ് "
അവളുടെ നോട്ടം കണ്ടിട്ട് അവൻ പുരികം പൊക്കി ചോദിച്ചു.

"ഒന്നൂല്ല്യ "
സീത വേഗം നോട്ടം മാറ്റി.

ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തി കണ്ണൻ സീതയുടെ കൈയിൽ വിരൽ കോർത്തു.

പിടച്ചിലോടെ അവളത് വലിച്ചെടുക്കും മുന്നേ അവന്റെ പിടുത്തം വല്ലാതെ മുറുകി.

"ഹരിപ്രസാദ് അവന്റെ ഇഷ്ടം പറയാൻ വന്നതാണോ ടോ സീതാ ലക്ഷ്മി?"

തികച്ചും ആകസ്മികമായ ചോദ്യം അവന്റെ വേവലാതിയായിരുന്നുവെങ്കിൽ, സീതയത് കുസൃതിയോടെയാണ് നേരിടാൻ തീരുമാനിച്ചത്.

"ഹരി വന്നു മുന്നിൽ നിന്നിട്ട് എന്നോടുള്ള ഇഷ്ടം പറഞ്ഞാൽ, തീർച്ചയായും എന്റെ വഴിയിൽ നിന്നും മാറി തരാം എന്ന് പറഞ്ഞൊരു  ഡോക്ടറെ എനിക്കറിയാം. അയാളിനി വാക്ക് മാറുമോ ആവോ?"

സീത കണ്ണനെ നോക്കി ചിരിയോടെയാണ് അത് പറഞ്ഞത്.

അത് വരെയുമുണ്ടായിരുന്ന തെളിച്ചം മാഞ്ഞു അവന്റെ മുഖം മങ്ങി പോയിരുന്നു.

"കണ്ണേട്ടൻ ഒന്നും പറഞ്ഞില്ല "

അവന്റെ മറുപടിയില്ലാഞ്ഞിട്ട് സീത വീണ്ടും ചോദിച്ചു.

അതിനൊപ്പം കണ്ണന്റെ കൈകളും അവളുടെ വിരലിൽ മുറുകി.

"നിനക്കെന്നെ വേണ്ടന്നു വെക്കാൻ കഴിയുമോടോ?"

തീർത്തും ദുർബലമായൊരു ചോദ്യം!

പിടയുന്ന അവന്റെ നെഞ്ച് തുറന്നു കാണിക്കും പോലെ.

"നിങ്ങളില്ലാതെ സീതാ ലക്ഷ്മിയിനി വെറുമൊരു ശൂന്യത മാത്രമാണെന്ന് അവനോട് പറയാൻ അവൾക്കുള്ളം വെമ്പി.

ചുണ്ടുകൾ കൂട്ടി പിടിച്ചിട്ട് സീതയാ വിങ്ങൽ തടഞ്ഞു.

"പറടോ.. ഹരിയെയാണിഷ്ടം എന്ന് താൻ പറയുന്നതിന്റെ പൊരുൾ എനിക്കറിയാം. പക്ഷേ... പക്ഷേ ഹരിയുടെ സ്നേഹത്തിന് നേരെ പിടിച്ചു നിൽക്കാൻ മാത്രം പവറുണ്ടോ എനിക്ക്. നിന്നെ എനിക്ക് നഷ്ടപെടുത്താൻ വയ്യെന്റെ സീതാ ലക്ഷ്മി. അത്രമാത്രം എന്നിൽ നീ വേരോടിയില്ലെ? ഇനി ഞാൻ മറക്കുന്നതെങ്ങനെ? അറിയില്ലെനിക്ക്."

അത് വരെയും കാണാത്ത കണ്ണന്റെ സങ്കടം സീതയുടെ ഉള്ളിൽ സന്തോഷമാണ് നൽകിയത്.

ആ വാക്കുകൾക്കൊക്കെയും സീതാ ലക്ഷ്മിയോടുള്ള അവന്റെ നിറഞ്ഞ സ്നേഹത്തിന്റെ ആഴമുണ്ട്.

"എനിക്കറിയാവുന്ന ഹരിക്ക് ചതിയുടെ മുഖമൂടി ഇല്ല കണ്ണേട്ടാ. സൗഹൃദത്തിന്റെ മറവിൽ അവനെന്നെ അങ്ങനെയൊന്നും കാണാൻ കഴിയില്ല "

വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു സീതയത് പറയുമ്പോൾ.
കണ്ണന്റെ മുഖത്തും ആ വാക്കുകൾ ആശ്വാസം പകർന്നിരുന്നു.

"അത് നിന്റെ വിശ്വാസം മാത്രമാണെങ്കിലോ?"
എന്നിട്ടും ഉള്ളിലൂടെ തെന്നി നീങ്ങുന്നാ ചോദ്യം കണ്ണൻ അവളുടെ മുന്നിലേക്കിട്ട് കൊടുത്തു.

അവൾ നിഷേധാർത്ഥത്തിൽ ചിരിച്ചു കൊണ്ട് തലയാട്ടി.

"ഇത്തിരി മുന്നേ നിങ്ങളെനിക്ക് പകർന്നു തന്നാ സ്നേഹത്തെ എനിക്ക് വിശ്വാസമാണ്."

കണ്ണന്റെ ചുണ്ടിലും മനോഹരമായൊരു ചിരിയുണ്ടായിരുന്നു.

തോളിൽ കിടന്ന ബാഗിൽ നിന്നും സീതയുടെ ഫോൺ ബെല്ലടിച്ചു.

"ഹരിയാവും "
എടുത്തു നോക്കാതെ തന്നെ സീത പറഞ്ഞു.

കണ്ണൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി നിൽപ്പാണ്.

"പോട്ടെ."
സീത അവന്റെ നോട്ടത്തിൽ പതറി പോവുന്നുണ്ട്.

"ഐ ലവ് യൂ "

അവളോട്ടും പ്രതീക്ഷിക്കാത്ത ആ നിമിഷം കണ്ണൻ സീതയെ ഒന്ന് ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് അവളുടെ കാതിൽ പറഞ്ഞു.

"ഓർമപ്പെടുത്തലാണോ കണ്ണേട്ടാ?"

വിറയലോടെയാണ് സീതയുടെ ആ ചോദ്യം.

"അല്ലേടോ. എന്റെ അടയാളപെടുത്തലാണ്. നീ എന്റെ ഹൃദയത്തിനാഴങ്ങളിൽ അലിഞ്ഞു ചേർന്നെവെന്ന അടയാളപെടുത്തൽ. സീതാ ലക്ഷമിയില്ലാതെയിനി ഒരു ജീവിതം ആലോചിച്ചു നോക്കുന്നത് പോലും അസഹ്യ മാണെന്നാ അടയാളപെടുത്തൽ.."

കണ്ണൻ പറഞ്ഞത് കേട്ട് സീത കണ്ണുകൾ ഇറുക്കി അടച്ചു.

"പോയിട്ട് വാ "

കണ്ണൻ അവളെ അവന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു.

"ടെൻഷനുണ്ടോ?"

സീത പതിഞ്ഞൊരു ചിരിയോടെ ചോദിച്ചു.

"മ്മ് "
കണ്ണൻ സത്യം പറഞ്ഞു.

"എന്തിന്?"

"എനിക്കറിയില്ല"

"എന്നെ വിശ്വാസമുണ്ടോ?"

"എന്നെക്കാൾ...."

"ഞാൻ ചതിക്കുമെന്ന് തോന്നുന്നുണ്ടോ?"

"മ്മ്ഹ്.. എന്റെ സീതാ ലക്ഷ്മിക്ക് സ്നേഹിക്കാനെ അറിയൂ "

അത് തന്നെയാണ് എന്റെ പേടിയും എന്നവന്റെ ഹൃദയം മൊഴിഞ്ഞത് സീത പക്ഷേ കേട്ടില്ല.

"പോയിക്കോ. ഹരി കാത്തിരുന്നു മുഷിയേണ്ട."

കണ്ണൻ ചിരിച്ചു കൊണ്ട് സീതയോട് പറഞ്ഞു.

അവൾ തല കുലുക്കി കൊണ്ട് മുന്നോട്ടു നടന്നു.

മൂന്നാലടി വെച്ചിട്ട് തിരിഞ്ഞു നോക്കുമ്പോൾ അവനും പിറകെ വരുന്നത് കണ്ടിട്ട് സീത കണ്ണുരുട്ടി.

പടി വാതിലിനപ്പുറം ഹരിയുടെ ബൈക്ക് കാണാം.
ഉമ്മറത്തെ ഉരുളൻ തൂണിൽ പിടിച്ചു കൊണ്ട് ലല്ലു മോൾ അവനെ നോക്കി കൈ വീശി കാണിക്കുന്നുണ്ട്.

സ്റ്റെപ്പിറങ്ങി മുറ്റത്തേക്ക് എത്തും മുന്നേ സീത ഒന്നും കൂടി തിരിഞ്ഞു നോക്കി.

ചുവരിൽ ചാരി കണ്ണൻ അപ്പോഴും അവളെ നോക്കി നിൽക്കുന്നുണ്ട്.
അവൾ ഒരിക്കൽ കൂടി തലയനക്കി യാത്ര പറഞ്ഞപ്പോൾ കണ്ണൻ ചിരിച്ചു കൊണ്ട് വിരൽ ഉയർത്തി കാണിച്ചു.

സീത മുറ്റത്തെക്ക്‌ ഇറങ്ങിയെന്ന് കണ്ടതും ലല്ലു മോൾ ഇറങ്ങി ഹരിയുടെ അരികിലേക്ക് ഓടിയിരുന്നു.

ഹരി അവളെ ചിരിയോടെ എടുത്തുയർത്തി കവിളിൽ ഉമ്മ വെച്ചു.

എന്നിട്ട് അവളോട് എന്തോ ചോദിക്കുന്നതും അതിന് ഉത്തരമെന്നോണം വീടിന്റെ നേരെ ചൂണ്ടി ലല്ലു എന്തോ പറയുന്നതുമെല്ലാം കണ്ടു ഒരു ചിരിയോടെയാണ് സീത അവർക്കരികിലേക്ക് ചെന്നത്.

"മോൾക്ക് പനിയൊന്നും ഇല്ലല്ലോ സീതേ. പിന്നെന്തേ ഇത്രേം നേരത്തെ?"

അരികിലേക്ക് ചെന്നയുടൻ ഹരി ആദ്യം ചോദിച്ചത് അതാണ്‌.

പനിയില്ലെന്നു ഒന്ന് കൂടി ഉറപ്പാക്കും പോലെ അവന്റെ കൈകൾ ലല്ലുവിന്റെ നെറ്റിയിൽ അമരുന്നുണ്ട്.

"ഒന്നുല്ല ഹരി. മോൾക്ക് നല്ല ക്ഷീണമുണ്ട്. മുത്തശ്ശിക്ക്‌ അരികിൽ അവരുടെ കൊച്ചു മകൻ നിൽക്കാം എന്ന് പറഞ്ഞപ്പോൾ എന്നോടിന്ന് നേരത്തെ പോയിക്കൊള്ളാൻ പറഞ്ഞു "

സീത അവനെ നോക്കി പറഞ്ഞു.

"മ്മ്.. കയറ് ന്നാ. പോവാം "

ഹരി ബൈക്കിന് പുറകിലേക്ക് കണ്ണ് കാണിച്ചു കൊണ്ട് സീതയോട് പറഞ്ഞു.

ഒരിക്കൽ കൂടി അവളുടെ കണ്ണുകൾ കണ്ണനെ തേടി പിറകിലേക്ക് നീണ്ടു.

ബൈക്ക് സ്റ്റാർട്ട് ചെയ്തു ഹരി മുന്നോട്ടു നീങ്ങിയിട്ടും തിരികെ പോരാൻ മടി കാണിക്കുന്ന മനസ്സ് സീതയുടെ ഉള്ളിലൂടെ ഒരു നോവായി നീറി.

ഹരിയോട് ചേർന്നിരിന്നു പോകുന്ന സീതയെ കണ്ടപ്പോൾ, അതേ നോവ് നെഞ്ചിൽ അമർത്തി പിടിച്ചൊരുവൻ കാരണമറിയാത്തൊരു നോവിനെ പേറി അവിടെയും ഉണ്ടായിരുന്നു..

                          ❣️❣️❣️❣️

"പോയ കാര്യം എന്തായി മോളെ? നീ കണ്ണനോട് സംസാരിച്ചില്ലേ? "

ഫോണിൽ കൂടി മമ്മിയുടെ ആകാംഷ നിറഞ്ഞ ചോദ്യം റിമിയുടെ കാതിൽ പതിഞ്ഞു.

അവൾക്കുള്ളിലേക്ക് വീണ്ടും ദേഷ്യം നിറഞ്ഞു.കണ്മുന്നിൽ കഴിഞ്ഞു പോയതെല്ലാം ഒരിക്കൽ കൂടി ആവർത്തിക്കുന്നത് പോലൊരു ഫീൽ.

അവൾ ശക്തിയായി തല കുടഞ്ഞു.

"ഡാഡി പറഞ്ഞതല്ലെടാ നിന്നോട്, കണ്ണനോട് ഞാൻ സംസാരിച്ചു സെറ്റാക്കാം എന്ന്. അത് കേൾക്കാൻ നിൽക്കാതെ അവന്റെ മറുപടി നിനക്ക് നേരിട്ടു കേൾക്കണം എന്നും പറഞ്ഞു പോയതല്ലേ?"

മമ്മിയോടൊപ്പം തന്നെ ഡാഡിയുടെയും ശബ്ദം.

അവർക്കൊരു ഉത്തരം കൊടുക്കണം.
പക്ഷേ അതിന് പോലും പറ്റിയ മാനസിക അവസ്ഥയിലായിരുന്നില്ല അവളപ്പോൾ.

"നീ എന്താ റിമി ഒന്നും മിണ്ടാതെ നിൽക്കുന്നെ? എന്തെങ്കിലും ഒന്ന് പറ "

തന്റെ മൗനം അവരെ അലോസരപെടുത്തുന്നുണ്ട് എന്നവൾക്ക് മനസ്സിലായി.

"എന്റെ മമ്മി.. ഞാൻ വന്നു കയറിയിട്ടല്ലേ ഒള്ളു. അതും വന്നു കയറിയ ഉടനെ കണ്ണന്റെ മുന്നിൽ ചെന്നിട് നേരിട്ട് പറയാൻ പറ്റുന്ന കാര്യമാണോ ഇത്. അതിനൊക്കെ ഒരു സമയമില്ലേ? സിറ്റുവേഷൻ നോക്കണ്ടേ?"

റിമി പരമാവധി ശാന്തതയോടെയാണ് സംസാരിക്കാൻ ശ്രമിക്കുന്നത്.
തന്റെ മനസ്സിൽ ചെറിയൊരു സങ്കടമുണ്ടെന്ന് അറിഞ്ഞാൽ പോലും മമ്മിക്കും ഡാഡിക്കുമത് സഹിക്കാൻ ആവില്ല.

കിട്ടുന്ന ഫ്ലൈറ്റ് പിടിച്ചിട്ട് നേരെ ഇങ്ങോട്ട് വരും.

കണ്ണനോട് തന്റെ മനസ്സിൽ ഉള്ള ഇഷ്ടത്തെ വെട്ടി തുറന്നു പറയാനും തന്നേയും അവനെയും ഒരുമിച്ച് ചേർക്കാനും ആയിരിക്കും പിന്നെയുള്ള ശ്രമങ്ങളോക്കെയും.

അതിന് മുന്നിൽ നിൽക്കുന്ന തടസ്സങ്ങൾ, അതിനി എന്ത് തന്നെ ആയാലും അതെല്ലാം മറി കടക്കാൻ എന്ത് വില കൊടുക്കാനും തയ്യാറാവും.

എന്നിട്ടും വഴി മുടക്കി നിൽക്കുന്നതിനെ വെട്ടി മാറ്റാനും മടിക്കില്ല.

ഡാഡിയെ കട്ട സപ്പോർട്ട് ആയിട്ട് മമ്മിയും ഉണ്ടാവും.

അവരുടെ മനസ്സിൽ പണം ഉണ്ടെങ്കിൽ എന്തും എപ്പോഴും നടക്കും എന്നുള്ളതാണ്.

പക്ഷേ ഈ അവസരത്തിൽ അത് പ്രയോജനം ചെയ്യുമെന്ന് തോന്നുന്നില്ല.

കണ്ണനെ കുരുക്കി എടുത്ത ആ കുരുക്കാണ് ആദ്യം അഴിച്ചു കളയേണ്ടത്.

തമ്മിൽ വെറുത്തു കൊണ്ടാവണം അവൻ ആ സീതയെ മാറ്റി നിർത്തേണ്ടത്.

തീർച്ചയായും അവന്റെ കണ്ണിൽ സീതയോടുള്ള പ്രണയം പൂത്തു നിൽക്കുന്നത് തനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞിട്ടും, അതറിയാത്ത ഭാവത്തിൽ നിന്ന് കൊടുത്തത് ആ പ്രണയത്തിന്റെ ആയുസ്സ് കുറിക്കുന്നത് താനായിരിക്കും എന്നുള്ള ആത്മവിശ്വാസം കൊണ്ട് തന്നെ ആയിരുന്നു.

കിരൺ വർമയെ മോഹിച്ചത് റിമിയാണ്.

അവനെ സ്വന്തമാക്കാൻ ആദ്യം ആഗ്രഹിച്ചതും റിമിയാണ്.

അങ്ങനെയുള്ളപ്പോൾ.. പിന്നെന്നിന്ത് ഒരു ചീതാ ലക്ഷ്മി?

അവൾക്കെന്ത് യോഗ്യതയുണ്ടായിട്ടാണ്?

റിമിയുടെ പല്ലുകൾ വീണ്ടും ഞെരിഞ്ഞമർന്നു.

"അതിനെന്തിനു സിറ്റുവേഷനും നല്ല നേരവും നോക്കി നിൽക്കുന്നു. നീ നേരെ ചെന്നു അവനോട് കാര്യം പറ റിമി. നിന്റെ ഇഷ്ടം റിജേകട് ചെയ്യാൻ അവന് മുന്നിൽ എന്തെങ്കിലും കാരണമുണ്ടോ?  ലോട്ടറി അടിക്കുന്ന പോലല്ലേ കിരൺ വർമ്മക്കിത്."

മമ്മിയുടെ അഹന്ത നിറഞ്ഞ സ്വരം കേട്ട് റിമി കണ്ണുകൾ അടച്ചു.

"നിന്റെ ഓരോ ഭ്രാന്ത്. അല്ലാതെ എന്തായിപ്പോ പറയാ. എത്ര നല്ല ചെക്കന്മാർ ക്യു നിൽക്കുവാ.. ജോണിന്റെ മരുമകൻ ആവാൻ വേണ്ടി. അവരെയൊന്നും അവൾക്ക് വേണ്ട."

മമ്മിയുടെ സ്വരത്തിൽ നീരസം കലരുന്നത് റിമിക്ക് മനസ്സിലായി.

"മമ്മി.. പ്ലീസ് "

അവളുടെ സ്വരം കടുത്തു.

"ഇല്ലാ. ഞാൻ നിർത്തി. ഇനിയൊന്നും പറയുന്നില്ല. പെട്ടന്ന് പോയ കാര്യം തീർത്തിട്ട് ഇങ്ങ് വാ നീ. അതികം ദിവസം നീളണ്ടാ."

അവരൊന്നു കൂടി ഓർമിപ്പിച്ചു.
റിമി വെറുതെ ഒന്ന് മൂളി.
അവൾക്കറിയാമായിരുന്നു.. ഈ പരിപാടി വിചാരിച്ചത് പോലെ അത്ര പെട്ടന്നൊന്നും തീരില്ലയെന്നത്.

അത് പക്ഷേ അവരോട് പറയാൻ ആവില്ല.

"എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ആ സ്പോട്ടിൽ ഡാഡിയേ വിളിക്കാൻ മറക്കരുത്. കേട്ടോ?"

ജോണിന്റെ ശബ്ദം.

"ഇല്ല ഡാഡി. ഞാൻ വിളിക്കാം."

"ഒക്കെ മോളെ... ടേക്ക്‌ കെയർ. ബൈ "

ഫോണ് കിടക്കയിലെക്കിട്ട് റിമി തല താങ്ങി പിടിച്ചു കൊണ്ടിരിന്നു പോയി.

അവൾക്കുള്ളിൽ പകയുടെ നേർത്ത കുമിളകൾ പതഞ്ഞു പൊങ്ങി തുടങ്ങിയിരിക്കുന്നു....

                   ❣️❣️❣️❣️❣️❣️

കണ്ണടച്ച് കൈ കൂപ്പി നിന്നിട്ടും ഏകാഗ്രത കിട്ടാത്ത മനസ്സ്, സീതയുടെ പരവേശം കൂട്ടി.

അരികിൽ കൈ കൂപ്പി നിൽക്കുന്ന ഹരിയുടെ മുഖത്തും അതേ അസ്വസ്ഥതയവൾക്ക് കണ്ടു പിടിക്കാനായി.

ബൈക്കിൽ കയറി ഇത്തിരി ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ തന്നെ 'എന്താണ് പറയാനുണ്ടെന്ന് പറഞ്ഞതെന്ന് 'ഹരിയോട് ചോദിച്ചു.

"അത് ഇങ്ങനെ പറഞ്ഞാൽ ശെരിയാവില്ല ടി. വീട്ടിൽ എത്തിയിട്ട് നമ്മൾക്കൊന്ന് അമ്പലത്തിൽ പോവണം. അവിടെ വെച്ചു പറയാം."

അവന്റെ മറുപടി കൂടി കേട്ടത്തോടെ അത് വരെയും തോന്നാത്തൊരു വെപ്രാളം അവളെ ഒന്നാകെ ഭരിച്ചു തുടങ്ങിയിരുന്നു.

വീട്ടിലെത്തി വൈകുന്നേരം വരാം എന്ന് പറഞ്ഞിട്ട് പോവുന്നവനെ പേടിയോടെയാണ് നോക്കിയത്.

പിന്നെയെല്ലാം യാന്ത്രികമായിരുന്നു ചെയ്തൊക്കെ.

പാർവതിയും ലല്ലു മോളും പറയുന്നത് കേൾക്കുന്നുണ്ട്.. അവരോട് മറുപടി പറയുന്നുമുണ്ട്.

പക്ഷേ മനസ്സ്... ഹരിക്ക്‌ എന്തായിരിക്കും പറയാനുള്ളത് എന്നോരോറ്റ കാരണതിന്റെ പിടിയിൽ പെട്ടിരുന്നു.

അഞ്ചു മണിക്ക് വരാം എന്ന് പറഞ്ഞവനെ കാത്ത് നാല് മണിക്ക് തന്നെ കുളിച്ചു റെഡിയായി ഇരുന്നു.

പേടിക്കുന്നത് പോലൊന്നും ഉണ്ടാവില്ലെന്ന് ഒരായിരം വട്ടം മനസ്സിനെ സ്വയം പറഞ്ഞു സമാധാനപെടുത്തിയിട്ടും പ്രണയം നിറഞ്ഞൊരുവന്റെ കണ്ണുകളും മുഖവും വീണ്ടും വീണ്ടും വന്നിട്ടാ ഉറപ്പിനെ തോൽപ്പിക്കാൻ ശ്രമിച്ചു.

"ഡീ.."

ഹരിയുടെ വിളിയിലാണ് സ്വബോധത്തിലേക്ക് എത്തിച്ചത്.

"എന്തോർത്തു നിൽക്കുവാ നീ? കഴിഞ്ഞെങ്കിൽ പോയാലോ ന്ന് ചോദിച്ചിട്ട് യാതൊരു ഉത്തരവുമില്ല. ഇവിടെങ്ങുമല്ലേ?"

ഹരി ചിരിച്ചു കൊണ്ട് ചോദിച്ചു.

വിളറിയ ഒരു ചിരിയോടെ ഒന്ന് തലയാട്ടി.

"വാ "

അത് കണ്ടിട്ടാവും തലയിൽ ഒരു കൊട്ട് തന്നിട്ട് അവൻ പുറത്തേക്ക് നടന്നത്.

അവന്റെ പിറകെ നടക്കുമ്പോൾ ശരീരം ഒന്നാകെ വിറക്കുന്നുണ്ട്.

പുറത്തിറങ്ങി തോളിൽ കിടന്ന ഷർട്ട് ധരിച്ചു കൊണ്ടവൻ ചെരുപ്പുമിട്ട് ആൽത്തറ ലക്ഷ്യമാക്കി നടന്നു.

അവന് പിറകെ അവളും..

"ഇനിയെങ്കിലും ഒന്ന് പറ ഹരി. എന്താ നിനക്ക് പറയാനുള്ളത് എന്താ "

വീർപ്പുമുട്ടൽ സഹിക്കാൻ വയ്യാതെ താൻ മരിച്ചു പോകുമെന്ന് തോന്നിയ നിമിഷം സീത ഹരിയെ നോക്കി.

"നിന്നോടത് എങ്ങനെ പറയുമെന്ന ടെൻഷൻ എനിക്കുമുണ്ടെടി "

ഹരിയുടെ ശബ്ദത്തിലും അസ്വസ്ത്ഥത നിറഞ്ഞു.

"മനുഷ്യനെ ടെൻഷനാക്കാതെ നീ ഒന്ന് പറയെന്റെ ഹരി"

സീത വീണ്ടും അവനെ നോക്കി.

"മനസ്സിൽ ഉള്ളത്.. അതിനി എന്തായാലും നീ എന്നോട് തുറന്നു പറയാൻ മടിക്കരുത്. ഞാനിപ്പോൾ ഇത് പറയുന്നത് കൊണ്ട് നമ്മുടെ ഫ്രണ്ട്ഷിപ്പിന് യാതൊരു കോട്ടവും വരാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ട്. നിന്നെ എനിക്കറിയാം. ഞാൻ പറയുന്നത് ആ സെൻസിൽ എടുക്കുമെന്നും അറിയാം. ആ വിശ്വാസം തന്നെയാണ് എന്റെ മനസ് നിനക്ക് മുന്നിൽ തുറക്കാൻ എനിക്ക് ധൈര്യം നൽകുന്നത്."

ഹരി സീതയെ നോക്കി ചിരിച്ചു.

"തുറന്നു പറയാത്ത പ്രണയം വിങ്ങലാണ് എന്ന് പറയുന്നതെന്റെ ജീവിതം കൊണ്ട് തെളിഞ്ഞതാണ് സീതേ. ഇനിയും എനിക്ക് വയ്യെടി ഇങ്ങനെ ഉരുകാൻ. "

തിരിച്ചറിയാൻ കഴിയാത്തൊരു ഭാവമാണ് ഹരിയുടെ മുഖം നിറയെ. അത് തന്നെയാണ് അവളെ ഏറെ തളർത്തുന്നതും.
ഇത് പോലൊരു ഹരിയെ കണ്ടിട്ടേയില്ലെന്ന് മനസ്സവളെ ഓരോ നിമിഷവും ഓർമപെടുത്തി കൊണ്ടേയിരുന്നു.

"എന്റെ സൗഹൃദത്തിന്റെ മറവിൽ തഴച്ചു വളർന്ന പ്രണയമല്ല, മറിച് എന്റെ പ്രണയം നേടാനായി ഞാൻ ഉണ്ടാക്കിയെടുത്ത സൗഹൃദമാണ്. ഇനിയും നിന്നെയത് അറിയിക്കാതെ വയ്യെനിക്ക് "

നേർത്തൊരു ചിരിയോടെ ഹരി പറഞ്ഞു.

ഹരിയുടെ വാക്കുകൾക്ക്‌ മുന്നിൽ സീത ഒരക്ഷരം പോലും മിണ്ടാനാവാതെ വിറങ്ങലിൽച്ചു നിന്ന് പോയി.

.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story