സ്വന്തം ❣️ ഭാഗം 38

swantham

രചന: ജിഫ്‌ന നിസാർ

ഒന്ന് വിളിക്കാൻ തോന്നിയ നിമിഷങ്ങളിലൊക്കെയെയും നിങ്ങൾക്കെന്നെ വിശ്വാസമില്ലേ കണ്ണേട്ടാ എന്നൊരു ചോദ്യം ഉള്ളിലൂടെ പുളഞ്ഞു പോകും.

സത്യത്തിൽ വിശ്വാസമില്ലാഞ്ഞിട്ടാണോ?

അല്ല...

അതവളോടുള്ള സ്നേഹമാണ്.
പിരിയേണ്ടി വരുമോയെന്ന വേവലാതിയാണ്.

ഒന്നിനും വേണ്ടി ഉപേക്ഷിച്ചു കളയാനാവാത്ത വിധം സീതാ ലക്ഷ്മിയെന്ന ചൂണ്ട കൊളുത്തിൽ കുരുങ്ങി പോയ ഹൃദയത്തിന്റെ നീറ്റലാണ്.

വീണ്ടും കയ്യിലെ ഫോൺ കണ്ണൻ കിടക്കയിലേക്ക് തന്നെയിട്ട് കൊണ്ട് കുനിഞ്ഞിരുന്നു.

മനസ്സൊന്നിലും പിടിച്ചു നിൽക്കുന്നില്ല.

എത്രയൊക്കെ ശാസിച്ചിട്ടും നെഗറ്റീവ് ചിന്തകളുടെ തേരാളിയാണ്.

അവളെന്റെയാണ് എന്ന പിടിവാശിയുള്ള കുട്ടിയാണോ താനെന്ന് പോലും തോന്നി പോയി കണ്ണന് പലപ്പോഴും.

ഹൃദയമുരുകുന്ന ഉഷ്ണചൂട്, അത് പ്രണയം പകർന്നു തരുന്നതാണ്.

ചിലപ്പോഴൊക്കെ നോവും... നോവിനുള്ള മരുന്നുമാണ് സ്നേഹം എന്ന് പറയുന്നതെത്ര നേരാണ്....

                        ❣️❣️❣️❣️❣️

"ഹരി.. നീ "

സീതയുടെ വാക്കുകൾ വിറച്ചു.

"സത്യമാണ്. പ്രണയത്തിന്റെ ഭാരവും പേറി ഞാൻ നടക്കാൻ തുടങ്ങിയിട്ടത്ര വർഷങ്ങളായി എന്നറിയോ നിനക്ക്? നിനക്കെന്നല്ല, ആർക്കും അറിയില്ല. എന്റെ സൗഹൃദത്തെ കുറ്റപ്പെടുത്തി പറയുന്നത് കേൾക്കേണ്ടി വരുമോ എന്നുള്ള പേടിയായിരുന്നു എനിക്ക്. പറഞ്ഞില്ല. ഉള്ളിൽ എന്റെ പ്രാണനോളം ഇഷ്ടമുണ്ടായിട്ടും ആരോടും പറഞ്ഞില്ല ഞാൻ. ഹരി പ്രസാദ് ജീവിതത്തിൽ ചെയ്തു പോയ ഏറ്റവും വലിയൊരു തെറ്റ് "

ഹരി കിതച്ചു പോയിരുന്നു.
അവന്റെ കണ്ണുകൾക്ക് ചുവപ്പ് രാശി പടർന്നു.

സീത ശ്വാസമെടുക്കാൻ കൂടി ആവാത്ത വിധം നിശ്ചലമായി പോയിരുന്നു ആ വെളിപ്പെടുത്തലിന് മുന്നിൽ.

ഹൃദയം കണ്ണനെ ഓർത്തു ഉറക്കെ കേഴുന്നത് അവൾക്കറിയാൻ കഴിഞ്ഞു.
എന്ത് പറയണമെന്നോ, ചെയ്യണമെന്നോ യാതൊരു മുൻവിധികാളുമില്ല.

മുന്നിൽ നിന്നിട്ട് ഉള്ള് തുറന്നു പറയുന്നവന്റെ ഇത് വരെയും കണ്ടു പരിചിതമല്ലാത്ത രൂപത്തിലേക്ക് അവൾ പേടിയോടെയാണ് നോക്കുന്നത്.

"എനിക്കറിയാം. കേൾക്കുമ്പോൾ നിനക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. പക്ഷേ ഞാനീ പറയുന്നതെന്റെ മനസ്സാണ് സീതേ. നിനക്കത് തൊട്ടറിയാൻ ആയേക്കും എന്നതെന്റെ വിശ്വാസവുമാണ്."

ഹരിയുടെ കണ്ണിൽ സീതായോടുള്ള സ്നേഹം തിളങ്ങുന്നത്, ഏറെ ഭയത്തോടെയാണ് അവൾ നോക്കിയത്.

"തിരിച്ചിങ്ങോട്ട് കിട്ടുന്ന മറുപടി, അതിനി എന്ത് തന്നെ ആയാലും ഇനിയും ഇതൊന്ന് തുറന്നു പറയാതെ വയ്യെനിക്ക് "

അത്രമേൽ നിസ്സഹായമായൊരു ഭാവത്തിൽ ഹരി പറയുമ്പോൾ എന്ത് കൊണ്ടോ സീതയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.

"കരയല്ലേ.. പ്ലീസ് "
ആ കണ്ണുനീർ കണ്ടിട്ടാവും, ഹരിയുടെ സ്വരം വളരെ നേർത്തു പോയിരുന്നു.

"ഹരി... താനെന്തിക്കെയാ ഈ പറയുന്നത്. ഞാൻ.."

സീത വിക്കിയും മൂളിയും പറഞ്ഞു തീർക്കും മുൻപ് ഹരി കൈ ഉയർത്തി അവളെ തടഞ്ഞു.

"ഞാനത്ര പെർഫെക്ട് ഒന്നുമല്ലെന്ന് എനിക്കറിയാം. പക്ഷേ നിന്റെ മുന്നിൽ അഭിനയിച്ചിട്ടില്ല. ഉള്ള് പിടഞ്ഞു തീർന്നപ്പോഴും ഒന്നും ആരെയും അറിയിക്കാതെ,ആർക്കും യാതൊരു വിധ ശല്യത്തിനും വരാത്തെ ഒഴിഞ്ഞു മാറി നടക്കാനേ ശ്രമിച്ചിട്ടുള്ളു. അന്നും ഇന്നും. പക്ഷേ... ഇതിപ്പോ എന്റെ... എന്റെ പിടിയിൽ നിൽക്കുന്നില്ലടി. എനിക്കെന്നെ തന്നെ കൺട്രോൾ ചെയാനാവുന്നില്ല. ഇനിയും തുറന്നു പറയാതെ നെഞ്ചിൽ കൊണ്ട് നടക്കുമ്പോൾ എനിക്ക്‌ തന്നെയാണ് നഷ്ടമെന്നെന്റെ മനസ്സ്‌ നിരന്തരം ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആ ഒരു ധൈര്യമാണ് ഇവിടിപ്പോ നിനക്ക് മുന്നിൽ വന്നു നിൽക്കാനുള്ള തീരുമാനത്തോളം എത്തിയത് "

കടുത്ത സംഘർഷമവന്റെ മനസ്സിലുണ്ടാവും.

അത് കൊണ്ടായിരിക്കും, അവനിൽ നിന്നും ഉതിർന്നു വീഴുന്ന വാക്കുകൾ തീ പോലെ പൊള്ളുന്നത്.

അതിലൊരുവൾ വെന്തു നീറുന്നതും!

സീതയവനെ തുറിച്ചു നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

പറയാൻ കരുതി വെച്ചതൊക്കെയും ഒറ്റ നിമിഷം കൊണ്ട് ആവി ആയി പോയത് പോലെ,ഉള്ളിൽ നിറഞ്ഞതത്രയും ശൂന്യത മാത്രം.

"ഇനിയും എത്ര കാലം വേണമെങ്കിൽ പോലും കാത്തിരിക്കാൻ യാതൊരു മടിയുമില്ല. സന്തോഷത്തോടെ തന്നെ ഞാനത് ചെയ്യും. പക്ഷേ..."

ഹരിയുടെ കണ്ണുകൾ ഒരു നിമിഷം സീതയിൽ തങ്ങി.

"ഉള്ളിൽ ആദ്യമായി മോഹം തോന്നിയ ഒരുവൾ. പ്രണയം എന്തെന്ന് പഠിപ്പിച്ചവൾ.. സ്കൂളിൽ വെച്ചേ മൊട്ടിട്ട് തുടങ്ങിയ പ്രണയത്തെ ഹൃദയത്തോട് ചേർത്ത് വെക്കാൻ നൂറായിരം കാരണങ്ങളായിരുന്നു. അവളറിഞ്ഞില്ല എങ്കിലും കണ്മുന്നിൽ കണ്ടതിനൊക്കെയും അവളുടെ മുഖമായിരുന്നു. ഹൃദയമെപ്പോഴും ഉരുവിട്ട് കൊതിപ്പിച്ചതത്രയും അവളുടെ പേരായിരുന്നു. ആ പ്രണയത്തിലേക്ക് എത്താൻ വേണ്ടിയാണ് എന്റെ സൗഹൃദം പോലും ഞാൻ അവളിലേക്ക് ചേർത്ത് വെച്ചത് "

മനോഹരമായൊരു ചിരിയുണ്ടായിരുന്നു ഹരിയിൽ അത് പറയുമ്പോൾ.

"നിറയെ പ്രതിസന്ധികൾ അവളെ നേടാൻ ഉണ്ടാവും എന്നറിഞ്ഞിട്ടും.. അതെല്ലാം നേരിടാൻ മനസ്സ് കൊണ്ട് ഒരുങ്ങി കാത്തിരുന്ന എന്റെയാ പ്രണയം ഇനിയെങ്കിലും അതിന്റെ അവകാശി അറിയണം എന്ന് കരുതിയാണ് ഞാൻ..."

"ഒന്ന് നിർത്തുന്നുണ്ടോ ഹരി നീ. എനിക്കിത് കേൾക്കാൻ വയ്യ "

അവൻ പൂർത്തിയാക്കും മുന്നേ അൽപ്പം ഉച്ചത്തിൽ തന്നെ സീത അവനെ തടഞ്ഞു.

"അല്ലടി... ഞാൻ പറഞ്ഞു കഴിഞ്ഞില്ല."
ഹരി ആൽതറയിൽ നിന്നും ചാടി ഇറങ്ങി.

"നീ പറഞ്ഞിടത്തോളം തന്നെ മതിയായി "
സീത അസഹ്യതയോടെ തല കുടഞ്ഞു.

"മനസ്സിൽ തോന്നിയെല്ലാം.. അതിനി എന്ത് തന്നെ ആയാലും ഇവിടെ വെച്ചു ഈ നിമിഷം മറന്നു കളഞ്ഞേക്കണം നീ. അതെന്തായാലും എനിക്കിനി അറിയണ്ട.."

കടുത്ത മുഖത്തോടെ പറയുന്നവർക്ക് നേരെ ഹരി അന്തം വിട്ടു നോക്കി.

അവൻ വീണ്ടും എന്തോ പറയാൻ വന്നത് സീത വീണ്ടും കൈ ഉയർത്തി തടഞ്ഞു.

"എനിക്കെന്റെയാ പഴയ കൂട്ടുകാരനെ വേണം ഹരി. മറ്റൊരു ബന്ധം പറഞ്ഞിട്ട് നീ എന്നെ കെട്ടിയിടല്ലേ. എനിക്കത് സഹിക്കാൻ വയ്യെടാ "

സീത ഹരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ദയനീയമായി പറഞ്ഞു.

"നീ എന്തൊക്കെയാടി പറയുന്നത്. എനിക്കൊന്നും മനസിലാവുന്നില്ല "
അവനാ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശെരിയാണെന്ന് ആ മുഖത്തു തെളിഞ്ഞ അന്താളിപ്പ് സാക്ഷി പറയുന്നുണ്ട്.

"നിന്നെ എനിക്കങ്ങനെ കാണാൻ ആവില്ല ഹരി. മരണം വരെയും നീ എനിക്കെന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ആയിരുന്നാൽ മതി."

"എങ്ങനെ?"

ഹരി വീണ്ടും അവളെ പകച്ചു നോക്കി.

"മനസ്സിൽ പ്രണയം തോന്നിയതിന് ഞാനൊരിക്കലും നിന്നെ തെറ്റ് പറയില്ല. പക്ഷേ എന്നെ നീ അങ്ങനെ കണ്ടെന്നു ചിന്തിക്കാൻ കൂടി വയ്യ. ഇതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് തന്നെ വിശ്വസിക്കിക്കാൻ ആണെനിക്കിഷ്ടം "
സീത വീണ്ടും ഹരിയെ നോക്കി.

"അതിന് എനിക്ക് നിന്നോടാണ് പ്രണയം എന്ന് ഞാനെപ്പോ പറഞ്ഞു "

ഹരിയുടെ കണ്ണുകൾ രണ്ടും വീർത്തു വന്നിരുന്നു.

"പിന്നെ ഇത്രേം നേരം നീ ഇവിടെ നടത്തിയ പ്രസംഗം എന്തായിരുന്നു?"
സീത അവന്റെ തോളിൽ ഒറ്റ അടി വെച്ചു കൊടുത്തു.

"ഹരി പ്രസാദ് സീതാ ലക്ഷ്മിയെ പ്രണയിക്കുന്നു എന്നാണോ ഇത്രയും നേരം കേട്ട് നിന്നിട്ട് നിനക്ക് മനസിലായത്?"

വീണ്ടും ഹരിയുടെ നെറ്റി ചുളിഞ്ഞു.

"മ്മ്"
അവന്റെയാ ചോദ്യത്തിൽ ഒരു കല്ല് കടി തോന്നിയിട്ട് തന്നെയാണ് സീത പതിയെ മൂളി കൊണ്ട് തലയാട്ടി കാണിച്ചത്.

ഹരി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.

എന്നിട്ട് ഉറക്കെ പൊട്ടി ചിരിച്ചു.

സീത അവനെ പകച്ചുനോക്കി.

അവൾക്കൊന്നും മനസിലായില്ല.

എല്ലാം പറഞ്ഞു തുടങ്ങി വെച്ചൊരുവൻ മുന്നിൽ നിന്നിട്ട് തലയറഞ്ഞു ചിരിക്കുന്നു.

ഹരിയുടെ നേരെ അവളുടെ കണ്ണുകൾ കൂർത്തു.

വഴിയേ പോകുന്നവര് കൂടി ശ്രദ്ധിക്കാൻ തുടങ്ങിയതോടെ വയർ പൊത്തി പിടിച്ചു കൊണ്ട് ഹരി വളരെ കഷ്ടപെട്ടാണ് ആ ചിരി ഒതുക്കിയത്.

"നീ ആള് കൊള്ളാലോ ടി "

അവൻ കുനിഞ്ഞു നിന്നിട്ട് സീതയെ തല ചെരിച്ചു നോക്കി.

"വെളിവും വെള്ളിയാഴ്ചയുമില്ലാത്ത നിന്നെ കേറി പ്രേമിക്കാൻ മാത്രം ഗതികെട്ടവനാണോടി ഞാൻ?"

ഹരി ഒന്നും മനസ്സിലാക്കാതെ കിളി പാറി നിൽക്കുന്ന സീതയുടെ തലക്കൊരു കൊട്ട് കൊടുത്തു.

"സീത ലക്ഷ്മി സ്ട്രോങ്ങ്‌ ആണ്, വിവേകമുളവളാണ് എന്നൊക്കെ കരുതിയ ഞാനാണ് വിഡ്ഢി. പത്തു പൈസക്കുള്ള ബുദ്ധിയില്ല."
ഹരി വീണ്ടും ഉറക്കെ ചിരിച്ചു.

"സീത ലക്ഷ്മി ഹരി പ്രസാദിന്റെ നല്ല കൂട്ടുകാരിയാണ് എന്നും എപ്പോഴും. അങ്ങനെ ആയിരുന്നാൽ മതി നീ. നിനക്കെന്നെ വേറൊരു രീതിയിൽ കാണാൻ വയെന്ന് പറഞ്ഞില്ലേ? എനിക്കങ്ങനെ ആലോചിച്ചു നോക്കാൻ പോലും കഴിയില്ല. എന്റെ പ്രണയം, അത് നീയല്ല സീതേ."
അവൻ അവളെ വലിച്ച് അടുത്തേക്ക് നിർത്തി.

"പിന്നെ... പിന്നെ ആരാ ഹരി..?"

സീത പാതിയിൽ ചോദ്യം മുറിച്ചു കൊണ്ടവനെ നോക്കി.

"അതിന് മുഴുവനും പറയാൻ നീ എന്നെ അനുവദിച്ചോ? അതിന് മുന്നേ നീ സ്വയം മനസിലാക്കി എടുത്തില്ലേ,ഞാൻ നിന്നെയാണ് പ്രേമിക്കുന്നത് എന്ന്.അവളുടെയൊരു കണ്ട് പിടുത്തം"

ഹരി പതിയെ ചിരിച്ചു കൊണ്ടവളെ ചേർത്ത് പിടിച്ചു.

സീത ഒന്നും മിണ്ടിയില്ല.
പക്ഷേ അവൾക്കുള്ളിൽ ഒരു ചോദ്യം വീർപ്പു മുട്ടുന്നുണ്ട്.

"ഒറ്റ കാഴ്ച കൊണ്ട് എന്റെ ഹൃദയം കീഴടക്കി, ഇന്നും തിരിച്ചിറങ്ങി പോവാതെ.. എന്നെ കൊല്ലാതെ കൊല്ലുന്ന എന്റെ പ്രണയിനി... അതാരെണെന്നല്ലേ?"

ഹരി സീതയുടെ കണ്ണിലേക്കു നോക്കി.

സീത ഒന്നു തലകുലുക്കി.

"പാർവതി.."

അവനാ പേര് പറഞ്ഞത് പോലും എത്ര ഹൃദ്യമായാണ്.
എന്നിട്ടും വിറച്ചു പോയ സീതയെ ഹരി തോളിൽ തട്ടി ആശ്വസിപ്പിച്ചു.

"ഹരി...."

കാറ്റ് പോലെ സീതയുടെ സ്വരം നേർത്തു.

"വിശ്വാസമാവുന്നില്ലേ? പ്രയാസമുണ്ടാവും. പക്ഷേ സത്യം ഒരിക്കലും അങ്ങനെ അല്ലാതെയാവില്ലല്ലോ?"

ഹരി പതിയെ പറഞ്ഞു.

"പക്ഷേ ഹരി...?"

സീത പറയാൻ വന്നതെന്തോ അവന്റെ നോട്ടത്തിന് മുന്നിൽ പിടഞ്ഞു വീണു.

"പറയേണ്ടതായിരുന്നു. ഗിരീഷിന്റെ താലിക്ക് മുന്നിൽ അവൾ തല കുനിച്ചു കൊടുക്കും മുൻപ് പറയണമായിരുന്നു. എനിക്കറിയാം അത്. പക്ഷേ... പക്ഷേ. എനിക്കതിനു കഴിഞ്ഞില്ല."

ഇപ്രാവശ്യം അവന്റെ ചിരി ചോർന്നു പോയിരുന്നു.

"പക്ഷേ ഗിരീഷിന്റെ ഭാര്യയായ പാർവതിയെ ഞാനൊരിക്കലും മോഹിച്ചിട്ടില്ല. മറ്റൊരു കണ്ണോടെ നോക്കിയിട്ടില്ല. പക്ഷേ വിധി വീണ്ടും എനിക്കൊരു അവസരമൊരുക്കുന്നതാണെങ്കിലോ? ഇനിയും ഞാനത് കണ്ടില്ലെന്ന് നടിക്കണോ?"

ഹരി സീതയെ നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story