സ്വന്തം ❣️ ഭാഗം 39

swantham

രചന: ജിഫ്‌ന നിസാർ

കാർത്തിക്കിന്റെ കരുത്തുള്ള കൈകളിൽ റിമിയുടെ മൃദുലമായ കൈകൾ ഞെരിഞ്ഞമർന്നു.

"ഇനി നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും "

ചിരിച്ചു കൊണ്ടുള്ള അവളുടെ വാക്താനം കൂടി നിന്നവരിൽ ആശ്വാസം പകർന്നു.

സീതയുടെയും കണ്ണന്റെയും ശത്രുക്കൾ മുഴുവനും ഒറ്റ കുട കീഴിൽ ഒരുമിച്ച് കൂടിയ മനോഹരദൃശ്യത്തിലേക്ക് റിമി സംതൃപ്തിയോടെ നോക്കി.

"ഞാനും നിങ്ങളുടെ കൂടെയുണ്ടെന്ന് യാതൊരു കാരണവശാലും കണ്ണൻ അറിയാൻ പാടില്ല. അവനറിയാതെ വേണം അവളെ അവനിൽ നിന്നും അകറ്റാൻ "
റിമിയുടെ വാക്കുകളിൽ സീതയോടുള്ള അടങ്ങാത്ത വൈരാഗ്യം മുഴച്ചു നിന്നത് അവളെ നോക്കി നിന്നവൾക്കുള്ളിൽ ആനന്ദം നിറച്ചു.

സീതക്ക് പറ്റിയൊരു എതിരാളിയാണ് റിമി എന്നവർക്കും ഉറപ്പായിരുന്നു.

"എന്ത് ചെയ്തിട്ടായാലും വേണ്ടില്ല. ആ നാശം പിടിച്ചവളെ അവനിൽ നിന്നും മാത്രമല്ല, ഈ തറവാട്ടിൽ നിന്നും തന്നെ അടിച്ചൊടിക്കണം. അതാണ്‌ എന്റെ ഏറ്റവും വലിയൊരു ആഗ്രഹം. എന്റെ മോൾക്ക് അവകാശപെട്ട ചെക്കനെ അങ്ങനിപ്പോ ചീതാ ലക്ഷ്മി ഒറ്റക്ക് വിഴുങ്ങണ്ടാ "

രാജിയുടെ ആത്മഗതം.
റിമി പുച്ഛതോടെ ആര്യയേ നോക്കി.

"തരാം ട്ടാ. ശെരിയാക്കി തരാം ഞാൻ. നോക്കി ഇരുന്നോ "
റിമി ഉള്ള് കൊണ്ട് മുരണ്ടു.
പക്ഷേ ചുണ്ടിൽ നല്ലൊരു ചിരിയാണ് ബാക്കിയുള്ളത്.

"അതേ. എന്റെ പെങ്ങളെ മോഹിപ്പിച്ച അവനെ കൊത്തി അരിയാൻ അറിയാഞ്ഞിട്ടല്ല. അവൾക്കവനെ വേണമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാ. അവനറിയില്ല.. കാർത്തിക്ക് ആരാണെന്ന് "
കാർത്തിക്ക് റിമിക്ക് മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ ശ്രമിച്ചു.

ശവം.. അവനരുകിൽ നാണതോടെ നിൽക്കുന്ന ആര്യയേ നോക്കി റിമി പല്ല് കടിച്ചു.

"ഞങ്ങളാൽ കഴിയാവുന്ന എന്ത് സഹായവും ചെയ്തു തരാം "

മഹേഷും ജിതേഷും കൂടി റിമിയുടെ പ്രീതി കൊതിച്ചു കൊണ്ട് പറഞ്ഞു.

ഗുഡ്.. "
റിമി അവരെ നോക്കി മനോഹരമായൊരു ചിരിയോടെ പറഞ്ഞു.

"തങ്കം പോലുള്ള ആ ചെക്കന് മാറാപ്പ് ഏറ്റിയത് പോലൊരു പെണ്ണിനെയിനി വേണ്ട. മോള് വിചാരിച്ച നടക്കും "

സാവിത്രി പറഞ്ഞത് ശരി വെച്ചു കൊണ്ട് ഭാമയും തലയാട്ടി.

"തീർച്ചയായും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും. കണ്ണനെ ഓർത്തല്ല. നിങ്ങളെയൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി. അത് കൊണ്ട്. അത് കൊണ്ട് മാത്രം "
റിമി ഒന്നൂടെ ഊന്നൽ നൽകി കൊണ്ട് പറഞ്ഞു.

"പക്ഷേ ഇനിയൊരു മൂവ്മെന്റ് ഞാൻ പറഞ്ഞിട്ട് മതി. കളിക്കേണ്ടത് എങ്ങനെയെന്ന് ഞാൻ പറഞ്ഞു തരാം. എടുത്തു ചാടി വിഡ്ഢിത്തം ഒന്നും ചെയ്യരുത്. അറിയാലോ. ഞാൻ നിങ്ങളുടെ കൂടെ ഉണ്ടെന്ന് യാതൊരു കാരണവശാലും കണ്ണനും മിഥുനും അറിയാനും പാടില്ല "
റിമി ഒന്നൂടെ ഓർമിപ്പിച്ചു കൊണ്ടവരെ നോക്കി.

   
                         ❣️❣️❣️❣️❣️

"ചേച്ചിയറിമ്പോഴാണ് ഇനി ശരിക്കും നിനക്കുള്ള പണി കിട്ടുന്നത് "

സീത ഹരിയെ നോക്കി.

"അവൾ സമ്മതിച്ചു തരില്ലെന്ന് നൂറു ശതമാനം എനിക്കുറപ്പുണ്ട്. പക്ഷേ ഇനിയും ഇതൊന്ന് പറഞ്ഞു തീർക്കാതെ എനിക്ക് വയ്യ "

ഹരിയുടെ സ്വരം നേർത്തു..

"തീർച്ചയായും വേണം. ആദ്യം കേൾക്കുമ്പോൾ അവളൊരുപാട് എതിർത്തേക്കും. അത് പക്ഷേ നിന്നോടുള്ള ഇഷ്ടകേട് കൊണ്ടായിരിക്കില്ലടാ ഹരി.നിനക്കൊരു നല്ല ജീവിതം ഉണ്ടായി കാണാനുള്ള അവളുടെ നല്ല മനസ്സാവും"

സീത പറയുന്നത് കേട്ടിട്ട് ഹരി ഒന്നും മിണ്ടാതെ അവളോടൊപ്പം നടന്നു.

നേർത്തൊരു ചുവപ്പ് പടർന്നിരിക്കുന്നു.. അന്തരീക്ഷമാകെയും.

തൊട്ടു തലോടി കടന്ന് പോകുന്ന കാറ്റിന് ചന്ദനത്തിന്റെയും നിവേദ്യത്തിന്റെയും ഊഷ്മളമായ ഗന്ധമാണുള്ളത്.

അമ്പലത്തിൽ നിന്നുമിറങ്ങി ഇടവഴിയിലേക്ക് എത്തിയിരുന്നു രണ്ടാളും.

ഹരി ജോലി സ്ഥലത്തേക്കും സീത കൂടുതൽ പ്രാരാബ്ദങ്ങളിലേക്കും മാറിയപ്പോൾ നിന്ന് പോയതാണ് ഇടയ്ക്കിടെയുള്ള ഈ സന്ദർശനം.
മുന്നേ വരുമ്പോൾ പാർവതിയും അർജുനും കൂടി ഉണ്ടാവുമായിരുന്നു.

"അതൊരു പാവമാണ് ഹരി, അന്നും ഇന്നും. സ്വന്തം കാര്യത്തിൽ പോലും തീരുമാനം പറയാൻ ഇപ്പോഴും ധൈര്യമില്ല. സുനിൽ മാമ ആ ഗീരീഷിനെയും കൊണ്ട് അവൾക്കുള്ള കെണിയുമായി വരുമ്പോൾ പതിനെട്ടു വയസ്സ് ആവുന്നേയുണ്ടായിരുന്നുള്ളു ന്റെ ചേച്ചിക്ക്. പുതിയ ഒരു ജീവിതം കിട്ടുന്ന സന്തോഷമോ ഒപ്പം ജീവിക്കാൻ വന്നിരിക്കുന്നവനോടുള്ള പ്രണയമോ.. ഒന്നും ഞാനാ മുഖത്തു കണ്ടിട്ടില്ല ഹരി. അവളെക്കാൾ രണ്ടു വയസ്സാണ് എനിക്ക് കുറവ്. എനിക്കവൾ അമ്മയാവേണ്ടി വന്നിട്ടുണ്ട് പലപ്പോഴും. ആ അമ്മയ്ക്ക് മക്കളെ വിട്ടു പോവാനുള്ള സങ്കടമായിരുന്നു ഹരി ഞാനന്ന് അവളിൽ കണ്ടത് "

അത്യാധികം സങ്കടം കൊണ്ടാണ്, സീതയുടെ മുഖം കോടി പോയിരുന്നു.

അവളൊരു കരച്ചിൽ തൊണ്ട കുഴിയിൽ വെച്ചു ഞെരിച്ചമർത്താൻ ഒരുപാട് ശ്രമിക്കുന്നുണ്ട് എന്ന് ഹരിക്ക് ശെരിക്കും മനസ്സിലായി.

പക്ഷേ അവനൊന്നും മിണ്ടാതെ അവളെ കേട്ട് കൊണ്ട് നടന്നു.

അപ്പോളവൾക്ക് അതാണ്‌ ഏറ്റവും അത്യാവശ്യം എന്നവന് തോന്നി.

വല്ലപ്പോഴും മാത്രമേ സീത അവളുടെ സങ്കടങ്ങളുടെ ഭാണ്ഡകെട്ടഴിക്കാൻ മിനക്കെടാറുള്ളു.

ആശ്വാസമെന്ന വെറും വാക്കുകളുടെ പ്രഹസനം നടത്തി അത് ഇല്ലാതെയാക്കാൻ ഹരിയൊട്ടും ആഗ്രഹിച്ചിരുന്നില്ല.

കാരണം എല്ലാം തുറന്നു പറയുമ്പോൾ അവൾക്കൊരു ഇത്തിരി ആശ്വാസം കിട്ടിയേക്കും എന്നുള്ള തിരിച്ചറിവ്..

"ഗിരീഷിനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കൊരു വശ പിശക് ഫീൽ ചെയ്തിരുന്നു. അവന്റെ അവലക്ഷണം പിടിച്ചൊരു നോട്ടത്തിൽ ചൂളി ചുരുങ്ങി നിൽക്കേണ്ടി വന്നത് എനിക്കിന്നും നല്ലത് പോലെ ഓർമയുണ്ട് ഹരി. അത് ഞാനന്ന് എന്നോട് ചേർന്നു കിടന്നപ്പോൾ അവളോട് പറഞ്ഞതുമാണ്. പക്ഷേ അന്നവള് പറഞ്ഞു, നമ്മുക്ക് നല്ലതൊന്നും മോഹിക്കാനുള്ള അർഹതയില്ല മോളെ.. കിട്ടുന്നത് മഹാഭാഗ്യം എന്ന് കരുതി തൃപ്തി പെടാനാണ് യോഗം. നീ ഇതൊന്നും ആരോടും പറയേണ്ട. നമ്മളോടുള്ള വെറുപ്പ് ഒന്നൂടെ കൂടും എന്നല്ലാതെ മറ്റൊരു മാറ്റവുമുണ്ടാവില്ല. മാമ എന്തായാലും ഈ കല്യാണം നടത്തും ന്ന് "

ആ ഓർമകളിൽ അപ്പോഴും സീതയുടെ കണ്ണുകൾ നിറഞ്ഞു.

"അന്നവള് പറഞ്ഞതിൽ ഏറെയും എനിക്ക് മനസ്സിലായില്ല ഹരി. പക്ഷേ ഒന്നുറപ്പായിരുന്നു... എന്റെ പാവം ചേച്ചിക്കും ആ കല്യാണത്തിന് മനസില്ല എന്നത്. പക്ഷേ 
പതിനാറ് വയസ്സുള്ള എന്റെ പൊട്ടത്തരം അല്ലായിരുന്നു ഗിരീഷിനെ കുറിച്ചുള്ള വിലയിരുത്തൽ എന്നത് കാലം തെളിയിച്ചു."

എന്ത് കൊണ്ടോ ഹരിക്കും കണ്ണുകൾ നീറി.

"സങ്കടം പറയാൻ ആളില്ലാത്തവർക്കൊന്നും സങ്കടങ്ങളില്ല എന്നർത്ഥമില്ല ഹരി. ചെന്നു പറയാൻ അവർക്കൊരു ആളില്ലാത്തത് കൊണ്ട് അവരത് ഉള്ളിൽ ഇട്ട് സ്വയം സഹിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം. ഇടക്കിടെ വന്നു പോകുമ്പോൾ അന്നെനോട് ചേച്ചി പറഞ്ഞിരുന്നു.. എനിക്ക് നിന്നെ പോലെ ആയാൽ മതിയായിരുന്നു മോളെ ന്ന്."

നിറഞ്ഞ കണ്ണുകളോടെ സീത ചിരിച്ചു കൊണ്ട് ഹരിയെ നോക്കി.

ആ ഭാവം അവനെയും ശ്വാസം മുട്ടിക്കുന്നുണ്ട്.

"കരഞ്ഞു കലങ്ങിയ കണ്ണോടെ ഇടയ്ക്കിടെ വന്നു പോകുന്നവൾ ഒരുപാട് അനുഭവിക്കുന്നുണ്ട് എന്നെനിക്ക് ഉറപ്പായിരുന്നു. പക്ഷേ അവളൊന്നും പരാതി പറഞ്ഞു കേട്ടിട്ടില്ല. ചോദിച്ചാലും എനിക്കവിടെ സുഖമാണ് സീതേ എന്നൊരു ഉത്തരം മാത്രം പറയും.."

സീതയ്ക്ക് നെഞ്ച് വേദനിക്കുന്നുണ്ട് അതോർക്കുമ്പോൾ തന്നെ.

"പക്ഷേ ഞാൻ മാത്രം അത് വിശ്വസിക്കാൻ തയ്യാറായില്ല. എന്റെ മനസ്സിൽ അപ്പോഴും അനിയത്തിയായി കാണേണ്ട എന്റെ ശരീരത്തിലൂടെ കാമ കണ്ണുകളോടെ കഴുകനെ പോലെ കൊത്തി വലിക്കുന്ന ഗിരീഷിന്റെ മുഖമായിരുന്നു. അത് അവളോട് പറയാനാവാതെ ഞാൻ എത്ര പിടഞ്ഞു "

ശ്വാസം കിട്ടാത്ത പോലെ സീത ഒന്ന് പിടഞ്ഞു.

"എന്തൊക്കെ ആണേലും എത്രയൊക്കെ സഹിക്കേണ്ടി വന്നിട്ടുണ്ടങ്കിലും എന്റെ ചേച്ചിക്കയാളെ സ്നേഹിക്കേണ്ടത് അത്യാവശ്യമായിരുന്നു. എല്ലാരും കൂടി അവളുടെ തലയിൽ എടുത്തു വെച്ചൊരു മാറാപ്പ് പോലെ.. അവളാ വിഴുപ്പ് താങ്ങിയും തടഞ്ഞും മടുത്തും..."

സീത ഹരിയുടെ നേരെ നോക്കി.

"നിനക്കൊട്ടും വയ്യെങ്കിൽ വിട്ടിട്ട് പോരടി ചേച്ചി ന്ന് ഞാനൊരു പാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴും അവൾ ഗിരീഷേട്ടന്റെ സ്നേഹം വർണിക്കും. ചുമ്മാതാ. എന്നെ പറ്റിക്കാൻ. അവളൊരിക്കലും അവളെ കുറിച്ചോർത്തിട്ടില്ല ഹരി. എന്റെ ചേച്ചി ജീവിതം എന്തെന്ന് അറിഞ്ഞത് മൊത്തം വേദനിക്കാനാ "

"മതിയെടി.. ഇനിയൊന്നും പറയല്ലേ നീ. എനിക്കിത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ.. ഞാൻ പറയേണ്ടതായിയുന്നു.. എത്രയൊക്കെ എന്നെ മാറ്റി നിർത്താൻ അവള് ശ്രമിച്ചാലും വിട്ടു കൊടുക്കരുതായിരുന്നു... അത്രേം നരകിക്കാൻ എന്റെ പെണ്ണിനെ ഞാൻ വിട്ടു കൊടുക്കാൻ പാടില്ലായിരുന്നു.തെറ്റ് പറ്റി പോയി. ആരെന്തു പറഞ്ഞാലും അന്നേ ഞാൻ എന്റെതാക്കണമായിരുന്നു."

ഹരിയുടെ വാക്കുകൾ ഇടറി, കുറ്റബോധമാണ്.
അവളോടുള്ള സ്നേഹമാണ്.

തോള്‌ കൊണ്ടവൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കളഞ്ഞു.

"അങ്ങനെ അല്ലേടാ ഹരി. ഏതൊരു നല്ല കാര്യം നടക്കുന്നതും മുന്നേ ദൈവം നമ്മുക്കൊരു അക്നിപരീക്ഷ തരുമെന്ന് ശ്രീ നിലയത്തിലെ മുത്തശ്ശി ഇടയ്ക്കിടെ പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ. അങ്ങനെയാണെങ്കിൽ.. ആ പറയുന്നത് സത്യമാണെങ്കിൽ എന്റെ ചേച്ചിയുടെ ജീവിതത്തിൽ ഇനി നല്ല കാലമാണ്.പരീക്ഷണം മുഴുവനും തീർന്നിട്ട് നിന്റെ കൈ പിടിക്കുന്നതോടെ ജീവിതം എന്തെന്നും അതിന്റ ലഹരി എത്രത്തോളമുണ്ടെന്നും അവളും അറിയട്ടെ ഇനി."

ഹരിയുടെ നേരെ നോക്കി സീത ചിരിച്ചു.

"ലല്ലു മോൾക്ക് വേണ്ടിയാണ് അവളിപ്പോ ജീവിക്കാൻ ശ്രമിക്കുന്നത് തന്നെ. മനസ്സ് തുറന്നൊന്നു ചിരിച്ചു കണ്ടിട്ടില്ല ഞാൻ അവളെ.."

സീത വീണ്ടും പറഞ്ഞു.

ഹരി നിഷേധാർത്ഥത്തിൽ തലയാട്ടി.

"ദൈവം എനിക്ക് വേണ്ടി കാത്ത് വെച്ചതാടി അവളെ. തമ്മിൽ ചേർക്കുന്നതിനു മുന്നേ എന്റെ പ്രണയത്തിന്റെ സത്യസന്ധത അറിയാൻ ദൈവം നടത്തിയ ചെറിയൊരു പരീക്ഷണം അത്രയേ ഞാൻ അതിനെ കാണുന്നുള്ളൂ "

ഹരി സീതയുടെ നേരെ കണ്ണ് ചിമ്മി കാണിച്ചു.

"പക്ഷേ ഹരി... പറയുന്നത് കൊണ്ട് നീ ഒന്നും വിചാരിക്കരുത്. ഞാൻ പാർവതിയുടെ അനിയത്തി ആയിരിക്കും. അവൾക്കൊരു നല്ല ജീവിതം കിട്ടാൻ ഒരുപാട് കൊതിക്കുന്നുമുണ്ട് "

സീത പറഞ്ഞു വരുന്നത് എന്തെന്ന് മനസ്സിലായത് പോലെ ഹരി ഒന്ന് തല കുലുക്കി.

"പ്രണയം എന്താണെന്ന് പഠിച്ചവളെ മറന്നിട്ടു.. അവൾക്കൊരു പ്രശ്നം വന്നപ്പോൾ അത് നല്ലത് പോലെ അറിയാമായിരുന്നിട്ടും അതിന് നേരെ തിരിഞ്ഞു നടക്കാൻ എനിക്കാവില്ല സീതേ. ഒരിക്കൽ കൈ വിട്ടു പോയതോർത്ത് അവളുടെ ഓർമയിൽ ഞാനെത്ര പിടഞ്ഞിട്ടുണ്ടെന്ന് നിന്നോട് വാക്കുകൾ കൊണ്ട് വർണിച്ചു തരാൻ എനിക്കാവില്ല. അത്രേം ആഴത്തിൽ എന്നിൽ പതിഞ്ഞു പോയവളെ തഴഞ്ഞിട്ട് എനിക്ക് കിട്ടുന്ന സൗഭാഗ്യങ്ങളൊന്നും തന്നെ എന്നെ മോഹിപ്പിക്കുന്നില്ല."

ഹരിയുടെ ദൃഡമായ വാക്കുകൾ ഒരു കുളിർ തെന്നൽ പോലെ സീതയെ തഴുകി തലോടി.

വല്ലാത്തൊരു സന്തോഷം അവളെ പൊതിഞ്ഞു.

"നിനക്കൊരു നല്ല ജീവിതം ഉണ്ടായി കാണാൻ കൊതിക്കുന്ന കൂട്ടുകാരി കൂടിയല്ലേ ഹരി ഞാൻ? പറയുമ്പോൾ എല്ലാം പറയണമല്ലോ?  സ്നേഹിച്ചോ ഇല്ലയോ എന്നതല്ല, ഒരാണിന്റ കൂടെ ഒരു വർഷത്തോളം ജീവിച്ചവളാണ്.എന്റെ ചേച്ചി ഇന്നൊരു നാല് വയസ്സ് കാരിയുടെ അമ്മയാണ്."

സീത വീണ്ടും ഹരിയെ നോക്കി.

"ഞാൻ സ്നേഹിച്ചത് പാർവതിയെയാണ്. അവളുടെ ശരീരത്തെയല്ല "

അതില്ലെല്ലാം ഉണ്ടായിരുന്നു.

അവന്റെ മനസ്സും പ്രണയവുമെല്ലാം..

                  ❣️❣️❣️❣️❣️❣️

"നീ ഇന്നെവിടെ പോയിരുന്നു?"
അരികിൽ വന്നിരുന്ന സോബിനാണ് അർജുനോട് ചോദിച്ചത്.

അവന്റെ ക്‌ളാസിൽ തന്നെയാണ് സോബിനും.

അർജുൻ പറയുന്ന ഉത്തരത്തിന് കാതോർത്തു കൊണ്ട് അരികിൽ തന്നെയുണ്ട് ടോണിയും സമീറും.

ഗൂഡമായൊരു ചിരിയുണ്ട് അവർക്കെല്ലാം.

"ഓ... അതോ... ഞാൻ ഹോസ്പിറ്റലിൽ പോയതാ. ഇന്നായിരുന്നു അച്ഛനെ ചെക്കപ്പിന് കൊണ്ട് പോയത്."

അർജുൻ പോക്കറ്റിൽ നിന്നും ഫോണ് എടുത്തു നോക്കുന്നതിനിടെ പറഞ്ഞു.

"നീ ഒറ്റക്കാണോ പോയത്?"
മറ്റുള്ളവരെ ഒന്ന് നോക്കിയിട്ടാണ് ടോണി അത് ചോദിച്ചത്.

"ഒറ്റക്കോ? ഞാനോ? നല്ല രസമുണ്ടാവും ന്നാ "
അർജുൻ ഒന്ന് ചിരിച്ചു.

"ഒറ്റക്കൊന്നും അച്ഛനെ മാനേജ് ചെയ്യാൻ ആവില്ല. വല്യേച്ചി ഉണ്ടായിരുന്നു. പിന്നെ ഹരിഏട്ടനും "
അർജുൻ പറയുമ്പോൾ കാത്തിരുന്നത് കേട്ടതിന്റെ ഒരു സന്തോഷം അവർക്ക് മൂന്ന് പേർക്കും ഉണ്ടായിരുന്നു.

"ഓ നിന്റെ ഹരിയേട്ടൻ വീണ്ടും വന്നോ.? ഇപ്പൊ അടുത്തല്ലേ അങ്ങേര് പോയത്?"

അർജുൻ ഒന്ന് മൂളി.

"അങ്ങേര് വല്ല്യ സഹായം ആണ്. അല്ലേടാ?"

സമീർ അർജുന്റെ തോളിൽ ഒന്ന് തട്ടി.

"പിന്നെ പറയാനുണ്ടോ?"
അർജുൻ ചിരിച്ചു.അവന്റെ കണ്ണുകൾ അപ്പോഴും ഫോണിലാണ്.

"പുതിയ ഫോൺ ആണോടാ?"

സോബിൻ അർജുന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിയിട്ട് തിരിച്ചും മറിച്ചും നോക്കി.

"അതേ. ഹരിയേട്ടൻ വന്നപ്പോ കൊണ്ട് വന്നതാ"

ചിരിച്ചു കൊണ്ട് അർജുൻ പറഞ്ഞപ്പോൾ മൂന്നാളും ഒന്ന് പരസ്പരം നോക്കി.

"ഓ.. നീ ചെയ്തു കൊടുക്കുന്ന സഹായത്തിന് അങ്ങേര് നിനക്കൊരു ഐഫോൺ തന്നെ മേടിച്ചു തരേണ്ടതാ "

ടോണി കണ്ണുരുക്കി ചിരിച്ചു കൊണ്ടത് പറയുമ്പോൾ സോബിനും സമീറും ഊറി ചിരിച്ചു കൊണ്ട് തലയാട്ടി.
അർജുന്റെ നെറ്റി ചുളിഞ്ഞു.

"സഹായമോ? ഞാനോ? എടാ ഹരിയേട്ടൻ ഞങ്ങളെയല്ലേ സഹായിക്കുന്നത്. ഒരു നന്ദി വാക്ക് കൂടി പ്രതീക്ഷിക്കാതെ ഒന്ന് വിളിച്ച മതി, അപ്പോഴേക്കും ആള് ഓടി എത്തും "

അർജുൻ പറഞ്ഞത് കേട്ടിട്ട് മൂന്നും ചിരിച്ചു കൊണ്ട് തലയാട്ടി.

"നന്ദിയൊക്കെ അങ്ങേര് വേണ്ട പോലെ കൈ പറ്റുന്നുണ്ടാവും മോനെ... നീ അറിയാഞ്ഞിട്ടാ "

ഒരാക്കിയ ചിരിയോടെ ടോണി അത് പറഞ്ഞതും അർജുന്റെ ചിരി മാഞ്ഞു.

"നീ എന്താ പറഞ്ഞു വരുന്നത്?"

അവന്റെ ശബ്ദം കൂർത്തു.

"ഇന്നത്തെ കാലത്ത് വെറുതെയൊന്നും ആരും ആരെയും സഹിക്കില്ല മോനെ അർജുനെ. അങ്ങേര് നിന്റെ വല്യേച്ചിയേം സീതേച്ചിയേം ഒരുപാട് ഒരുപാട് സഹായിച്ച്, ഒടുവിൽ താങ്ങി നടക്കാൻ പറ്റാത്ത തരത്തിൽ ആക്കാതിരുന്നാ നീ രക്ഷപെട്ടു "

സമീറിന്റെ വാക്കുകൾ അർജുന്റെ ചങ്കിലാണ് തറച്ചത്.

"വെറുതെ അനാവശ്യം പറയരുത് സമീറെ "

അർജുൻ ചാടി എഴുന്നേറ്റു കൊണ്ട് വിരൽ ചൂണ്ടി.

"ഓഹോ. ഞങ്ങൾ പറയുന്നതാണോ ഇപ്പൊ നിനക്ക് കുറ്റം?  നിന്റെ വീട്ടിൽ ഹരി പ്രസാദ് കയറിയിറങ്ങുന്നതിനെ പറ്റി നാട്ടുകാർ പറയുന്നത്, ഞങ്ങളിപ്പോ പറഞ്ഞതിനും എത്രയോ മുകളിലാ. അതിന് നിനക്ക് പരാതിയൊന്നുമില്ലേ?"
ടോണിയും അർജുന്റെ തോളിൽ പിടിച്ചു തള്ളി.

അസ്വസ്ഥതയുടെ കരി വണ്ടുകൾ വീണ്ടും അർജുന്റെ തലക്കുള്ളിൽ മൂളി തുടങ്ങി..

അവന്റെ മനസ്സിന് ബലം കൊടുത്ത നിരഞ്ജനയുടെ വാക്കുകൾ നൽകിയ ചാർജ് തീർന്നത്  പോലെ ആ മുഖത്തു ദേഷ്യം നുരഞ്ഞു പൊന്തുന്നത് സംതൃപ്തിയോടെ നോക്കിയിരുന്നു, അവന്റെ പ്രിയപ്പെട്ട കൂട്ടുകാർ.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story