സ്വന്തം ❣️ ഭാഗം 4

swantham

രചന: ജിഫ്‌ന നിസാർ

മുന്നിലെത്തി തുറിച്ചു നോക്കി കിതക്കുന്നവനെ നോക്കുമ്പോൾ സീതയുടെ കണ്ണുകൾ തിളങ്ങി.

"ഹരി... നീ എപ്പോ വന്നെടാ "

ആഹ്ലാദത്തോടെ അവന്റെ കയ്യിൽ പിടിച്ചു.

"എന്തൊരു സ്പീഡ് ആണെടി കുരിപ്പേ നിനക്ക്? നടക്കുന്നതിനിടെ നിന്റെ ബോധവും പോയിരുന്നോ?റോഡിൽ നിന്ന് വരമ്പത്തിറങ്ങുമ്പോൾ തൊട്ട് പിറകെ കൂടി വിളിക്കുന്നതാ ഞാൻ"

അവളുടെ ചോദ്യത്തെ കേട്ട ഭാവം കൂടി നടിക്കാതെ ഹരി പറഞ്ഞു.

"ഞാൻ കേട്ടില്ലെടാ."

അവൾ ചിരിച്ചു കൊണ്ടവന്റെ തോളിൽ തല്ലി.

"ഇതെന്താ.. നേരം വെളുക്കും മുന്നേ ഓടി പോകുന്നത്? സാധാരണ ഒൻപത് മണിക്ക് ശേഷമല്ലേ നീ ശ്രീനിലയത്തിലെ വേലകാരി."

കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഹരി പറയുമ്പോൾ സീതയുടെ ചിരി മാഞ്ഞു.

അവന്റെ നേരെ കണ്ണുകൾ കൂർത്തു.

ആ ഭാവം കണ്ടിട്ട് ഹരിക്ക് ചിരി വരുന്നുണ്ട്.

അവൻ ഉറക്കെ ചിരിച്ചു

ഹരിപ്രസാദ്.

ആ നാട്ടിൽ സുധാകരന്റെ കുടുംബത്തിന് നേരെ അവജ്ഞതയുടെ നോട്ടമെറിയാത്ത അപൂർവം ചിലരിൽ ഒരാൾ.

പാർവതിയുടെ കൂടെ പഠിച്ചവനാണ്. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ ആയിരുന്നു.കോളേജിൽ ഡിഗ്രി പഠനം തുടരുന്നതിനിടെ രണ്ടാം വർഷം പാർവതി പഠനം നിർത്തി ഗിരീഷിന്റെ ഭാര്യയായി.

അത് സുനിൽ മാമ ചെയ്തുതന്ന പുണ്യം!

ഏതൊരു കൂടപ്പിറപ്പും സ്വന്തം കൂടപ്പിറപ്പിന്റെ മക്കളോട് ചെയ്യാൻ പാടില്ലാത്തത്രയും വലിയ പുണ്യം.

പിന്നീട് അവിടെ തന്നെ ഡിഗ്രി ഒന്നാം വർഷം പഠിക്കാൻ ചെന്ന സീതയുടെ ബെസ്റ്റ് ഫ്രണ്ടായി മാറുകയായിരുന്നു ഹരി.

നല്ലൊരു ഫ്രണ്ട് എങ്ങനെയായിരിക്കണം എന്നവനെ നോക്കി പഠിക്കാനുണ്ട് .
പാർവതിയുടെ അതേ ഗതിതന്നെ സീതയിലും ആവർത്തിക്കപ്പെട്ടു.

ഭാര്യ പദവി അലങ്കരിക്കാൻ അല്ലേലും പഠനം വിട്ടിറങ്ങിയേ മതിയാവൂ എന്ന അവസ്ഥ.

സെക്കന്റ്ഇയർ പഠനത്തോടെ കോളേജ് പാതി വഴിക്ക് ഇട്ടിട്ട് മടങ്ങുമ്പോൾ ഹരിയാണ് ഏറ്റവും കൂടുതൽ എതിർത്തത്.

എങ്ങനെങ്കിലും പിടിച്ചു നിൽക്കാൻ ഉപദേശം നൽകിയത്.
അവനാൽ കഴിയുന്ന എന്ത് സഹായവും വാക്താനം ചെയ്തത്.

പക്ഷേ പിടിച്ചു നിൽപ്പിന്റെ പരമാവധി ആയിരുന്നു അപ്പോഴേക്കും.
തിരിച്ചിറങ്ങി ഒരു ജോലിയിൽ കയറാതെ ജീവിതം ഒരിഞ്ചു പോലും മുന്നോട്ട് പോവാത്ത അവസ്ഥ.

കുടിച്ചു കുടിച്ച് അവസാനം കിടപ്പിലായി പോയ അച്ഛൻ. ആ കീശയിൽ നിന്നും ചോർന്നു കിട്ടുന്ന ഇത്തിരി കാശ് പോലും നിലച്ചു പോയിരുന്നു.

അതവനോട് എങ്ങനെ പറഞ്ഞാലും മനസ്സിലാവില്ല.

അന്നും ഇന്നും എന്ത് സഹായത്തിനും പറയും മുന്നേ ആള് കൂടെയുണ്ടാവും.
നാട്ടുകാർക്ക് മുന്നിൽ അമ്മയുടെ അതേ സ്വഭാവമുള്ള സീത ലക്ഷ്മി വലവീശി പിടിച്ച വല്ല്യവീട്ടിലെ കാശുകാരൻ ചെക്കനാണ് കൈമൾ മാഷിന്റെ മകൻ ഹരി പ്രസാദ്.

അവനതൊരു പ്രശ്നമേ അല്ലാത്തത് കൊണ്ട് ആ സൗഹൃദം ഇന്നും ഉലയാതെ കൂടെയുണ്ട്.

"ഞാൻ ഇന്നലെ രാത്രിയിലാണെടി എത്തിയത്. രാവിലെ വീട്ടിലേക്ക് ഇറങ്ങിയതാ. അപ്പൊ ദേ നീ റോക്കറ്റ് വിട്ടത് പോലെ പോകുന്നു. ഒന്നും നോക്കിയില്ല ചാടി ഇറങ്ങി. ബൈക്ക് ദേ അവിടെ റോഡിൽ ഇരിപ്പുണ്ട് "
ഹരി ദൂരേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

സീത ചിരിച്ചു കൊണ്ട് അവനെ നോക്കി.

"വാ.. എനിക്കിന്ന് നേരത്തെ ചെല്ലാനാ ഓർഡർ."
അവനെ വിളിച്ചു നടക്കുന്നതിനിടെ സീത പറഞ്ഞു.

"നീ പിന്നെ വേറെ എവിടേം ശ്രമിച്ചില്ല സീതേ? ശ്രീനിലയത്തിൽ തന്നെ കടിച്ചു തൂങ്ങി കിടക്കാൻ ആണോ നിന്റെ ഉദ്ദേശം?"ചെറിയൊരു അസംതൃപ്തിയോടെ ഹരി ചോദിച്ചു.
അവനറിയാം അവിടെ ഉള്ളവർക്ക് സീതയോടുള്ള മനോഭാവം.

അവൾ പറഞ്ഞ ഇത്തിരി അറിവുകൾ മാത്രം!

"എത്ര  ശ്രമിച്ചത ഹരി, ഞാനും നീയും നിന്റെ അച്ഛനുമൊക്കെ. എന്നിട്ട് നടന്നോ? ഇതിങ്ങനെയങ്ങു പോട്ടെ. "
സീത ചെറിയൊരു ചിരിയോടെ പറഞ്ഞു.

"നീ എന്താ..ഒരു മുന്നറിയിപ്പുമില്ലാതെ വന്നത്? മിനിഞ്ഞാന്ന് വിളിച്ചപ്പോഴും പറഞ്ഞില്ലല്ലോ വരുന്നുണ്ടന്നത്? അല്ലെങ്കിൽ ഒരാഴ്ച മുന്നേ വിളിച്ചു കൂവി അറിയിക്കുമല്ലോ. എന്താ ഹരി. എന്തേലും പ്രശ്നമുണ്ടോ?"

സീത അൽപ്പം കളിയായും കാര്യമായും ചോദിച്ചു.

"പ്രശ്നമൊന്നുമില്ലടി. ഉള്ളതൊരു സന്തോഷവാർത്തയാണ്. എനിക്ക് ട്രാൻസ്ഫർ. ഇങ്ങോട്ട് "
അത് പറയുമ്പോൾ അവന്റെ മുഖം നിറയെ സന്തോഷമായിരുന്നു.

തേടി നടന്നതെന്തോ നേടി എടുത്ത ഭാവം.

"ആണോ.. ഇനിയിപ്പോ വരദ ചേച്ചീടെ ആ പരാതി കേൾക്കണ്ടല്ലോ.ന്റെ ഒരേ ഒരു മോൻ ഉള്ളതങ് ദൂരെയായി പോയല്ലോ ദൈവമേ ന്ന് "
സീതയും അവന്റെ സന്തോഷം ഏറ്റെടുത്തു കൊണ്ട് പറഞ്ഞു.

"പിന്നെ നീ പറ. എന്തൊക്കെയുണ്ട് നിന്റെ വിശേഷം. "
ഹരി വീണ്ടും അവളെ നോക്കി ചോദിച്ചു.

"എനിക്കെന്ത് വിശേഷം ഹരി.എന്നത്തേയും ആവർത്തനം പോലെ ഇങ്ങനെ പോകുന്നു "
നേർത്തൊരു ചിരിയോടെ സീത കണ്ണ് ചിമ്മി കാണിച്ചു.

"സ്വന്തം കാര്യം കൂടി നോക്കാൻ മറക്കല്ലേ സീതേ. ഒടുക്കം നീ എന്താ ചെയ്തത് എന്നൊരു ചോദ്യം നേരിടാനുള്ളതാ,കുടുംബത്തിന് വേണ്ടി ജീവിക്കുന്ന നീയടക്കമുള്ളവർ "

ഉടുത്തിരുന്ന മുണ്ടൊന്ന് അഴിച്ചു കുടഞ്ഞെടുത്തു കൊണ്ട് ഹരി അവളെ ഓർമിപ്പിച്ചു.

"നിങ്ങൾക്ക് നല്ല മുഴുത്ത അസൂയയാണ്" വീണ്ടും സീതയുടെ കാതിലേക്ക് അജുവിന്റെ വാക്കുകൾ മൂളി എത്തി.

അസ്വസ്തപെടുത്തുന്ന മൂളക്കം.

"എന്താടി? "

പെട്ടന്ന് ആ മുഖം നിറഞ്ഞ നിസംഗതയറിഞ്ഞു കൊണ്ട് ഹരി ചോദിച്ചു.

"ഒന്നുല്ല ഹരി. ഞാൻ പോട്ടെ. നേരം വൈകിയ പിന്നെ അത് മതിയാവും കോലോത്തെ തമ്പ്രാട്ടിമാർക്ക്. ഇന്നിനി ഒരു വഴക്ക് കൂടി താങ്ങാനുള്ള ശേഷിയും എനിക്കില്ല. നീ വൈകുന്നേരം വീട്ടിലോട്ട് വാ"

ഹരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് സീത പറഞ്ഞു.

"ചെല്ല്."
ആ മനസ്സിലൊരു മുറിവുണ്ടെന്ന് അറിഞ്ഞു വെച്ച് കൊണ്ട് തന്നെ ഹരി യാത്ര പറഞ്ഞു.

"വൈകുന്നേരം വീട്ടിലോട്ട് വാ ട്ടോ."
അവളൊന്നു കൂടി തിരിഞ്ഞു നിന്നിട്ട് ഓർമിപ്പിച്ചു.

"വരാടി.." അവനും കൈ ഉയർത്തി കാണിച്ചു കൊണ്ട് ചിരിച്ചു.

                       ❣️❣️❣️❣️❣️

ശ്രീനിലയത്തിലെ ഗേറ്റിൽ എത്തുന്നത് വരെയും സീതയുടെ മനസ്സിൽ ഹരിയും അവളും മാത്രം ആയിരുന്നു.

അവനൊപ്പം സന്തോഷത്തോടെ മറ്റെല്ലാം മറന്നു കൊണ്ട്, അല്ല മറന്നെന്ന് അഭിനയിച്ച് ജീവിച്ച ആ കുറച്ചു നല്ല ദിവസങ്ങളായിരുന്നു.

ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് തോന്നിപ്പിക്കാൻ മാത്രം ദൈവം മനസറിഞ്ഞു തന്ന ഇത്തിരി ദിവസങ്ങൾ.

വലിയ ഗേറ്റ് തുറന്നു അകത്തു കയറി പോവുമ്പോഴും ആ ഓർമ നിറച്ചു കൊടുത്തൊരു ചിരി സീതയുടെ ചുണ്ടിൽ ഉണ്ടായിരുന്നു.

"നീ എന്താടി ആളെ കളിയാക്കുന്നോ? "
തൊട്ട് മുന്നിലെ തിളയ്ക്കുന്ന സ്വരം.

സീത അത് വരെയും ഉണ്ടായിരുന്ന സന്തോഷത്തിന്റെ പിടിയിൽ നിന്നും പതിയെ വിട്ടകന്നു.

തൊട്ട് മുന്നിൽ നിൽക്കുന്നത് സാവിത്രിയാണ്. നാരായണിമുത്തശ്ശിയുടെ മൂത്ത മരുമകൾ.അവിടുത്തെ ഇപ്പോഴത്തെ കാരണവർ പ്രധാപ് വർമ്മയുടെ കുശുമ്പും കുന്നായ്മയും മാത്രം നിറഞ്ഞ പ്രിയ പത്നി.

"ചോദിച്ചത് കേട്ടില്ലേ സീതേ നീ?"
വീണ്ടും ചോദ്യം.

സീതയുടെ മുഖവും കടുത്തു പോയി.

"ഇല്ല"

അതേ ബലത്തിൽ മറുപടി കൊടുക്കുമ്പോൾ സാവിത്രിയുടെ ചുവന്നു തുടുത്ത മുഖം ഒന്നൂകൂടെ ചുവക്കുന്നു.

"നിനക്കെന്താ ഇന്നൊരു ഇളക്കം? അവൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞാണോ? "

അവരുടെ ചോദ്യത്തിന്റെ പൊരുൾ അപ്പോഴും മനസ്സിലായിട്ടില്ലയെങ്കിലും അതിനുള്ളിലെ ഒരു പരിഹാസത്തിന്റെ മുന അവൾക്ക് കണ്ടു പിടിക്കാൻ ആവുമായിരുന്നു.

ഒന്നും പറയാൻ നിൽക്കാതെ സീത വേഗം അകത്തേക്ക് നടന്നു.

"നിനക്കാ പിന്നമ്പുറത്തൂടെ കയറി ചെന്ന പോരെ സീതേ? ഇന്നാളു കൂടി പ്രധാപ്പേട്ടൻ ചോദിക്കുന്നുണ്ട്. പണിക്കാരൊക്കെ എന്താ ഉമ്മറത്തു കൂടി ന്ന് "
വീണ്ടും പിറകെ കൂടി കൊണ്ട് അവർ സീതയെ ചൊടിപ്പിച്ചു.

പിടിച്ചു കെട്ടിയ പോലെ സീത അവിടെ നിന്നു.
എന്നിട്ടൊന്ന് തിരിഞ്ഞു നോക്കി ചിരിച്ചു.

"സാവിത്രി മാഡത്തിന്റെ ഐഡിയ എനിക്ക് മനസ്സിലായി.അതങ്ങു കയ്യിൽ വെച്ച മതി "

അവളിലെ ചിരി അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

"പലപ്പോഴും പറഞ്ഞത് ഒന്നൂടെ ആവർത്തിക്കുന്നു. നിങ്ങൾക്കത് ഇനിയും മനസ്സിലാവില്ലയെങ്കിലും പറയേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ?"

സീത തോളിൽ കിടന്ന ബാഗ് ഒന്നൂടെ വലിച്ചു കയറ്റിയിട്ട് സാവിത്രിയോട് കുറച്ചുകൂടി അടുത്തേക്ക് നീങ്ങി.

"ഞാൻ ഇവിടുത്തെ നാരായണിമുത്തശ്ശിയുടെ കാര്യങ്ങൾ മാത്രം നോക്കുന്ന ഹോം നേഴ്സ് ആണ്. അല്ലാതെ നിങ്ങള് പറയുന്നത് മുഴുവനും വെള്ളം തൊടാതെ വിഴുങ്ങുന്ന നിങ്ങളുടെ അടിമയല്ല. ആ ഉദ്ദേശം മനസ്സിൽ വെച്ച് എന്നോട് സംസാരിക്കാൻ വരരുത്."

യാതൊരു പതർച്ചയുമില്ലാതെ പറയുന്നവളുടെ കണ്ണിലെ ദേഷ്യം.

സാവിത്രി പല്ല് കടിച്ചു.

'പോട്ടെ.. "

ചെറിയൊരു ചിരിയോടെ അവരോടത് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ സീതയുടെ മുഖം വലിഞ്ഞു മുറുകി.

"ഒടുവിൽ വനവാസം കഴിഞ്ഞു നമ്മുടെ രാമൻ തിരിച്ചെത്തിയിരിക്കുന്നു ഗയ്സ്.. ഇനി ആഘോഷങ്ങളുടെ നാളുകൾ.ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ "

ഹാളിൽ നിന്നും നാരായണി മുത്തശ്ശിയുടെ മുറിയിലേക്ക് തിരിയും മുന്നേ സീതയുടെ കാലുകൾ പിടിച്ചു കെട്ടാൻ പാകത്തിനുള്ള വാക്കുകൾ.

അവൾ ആ ശബ്ദം കേട്ടിടത്തേക്കൊന്ന് പാളി നോക്കി.

ആദിയാണ്..

നേരത്തെ കിടന്നു തുള്ളി വിറപ്പിച്ച സാവിത്രി തമ്പ്രാട്ടിയുടെ സീമന്ത പുത്രൻ... ആദിദേവ് വർമ്മ.അമ്മയുടെ സ്വഭാവവും മോന്റെ സ്വഭാവവും തമ്മിൽ രാവും പകലും പോലെ വെത്യാസമുണ്ട്.ആ കുറവ് നികത്താൻ അമ്മയോട് മത്സരത്തിൽ എന്നത് പോലെയൊരു ചീഞ്ഞ സ്വഭാവമുള്ള മോള് കൂടിയുണ്ട്. സ്വാതി.

ഭാവതാളത്തോടെ ഡയലോഗ് പറയുന്ന
അവനൊപ്പം അവൻ പറയുന്നത് ശ്രദ്ധിക്കണം എന്നുള്ള വാശി പോലെ ഇരിക്കുന്നു,സിദ്ധാർഥ് വർമ്മ എന്ന സിദ്ധു.

സീതയുടെ തുറിച്ചു നോട്ടം രണ്ടാളും പുച്ഛത്തോടെയാണ് നേരിട്ടത്.

"എന്താ..? "

ആദിയുടെ നേരെ ചെന്നവൾ ചോദിച്ചു.

"ഇവിടെന്താ..?ഞാൻ ഇവന് ഇത്തിരി രാമായണം പറഞ്ഞു കൊടുക്കായിരുന്നു. ല്ലേ ടാ?"

അങ്ങേയറ്റം നിഷ്കളങ്ക ഭാവിച്ചു കൊണ്ട് ആദി പറയുമ്പോൾ സിദ്ധു അതേ എന്ന് തലയാട്ടി.

ശ്രീ നിലയത്തിൽ രണ്ടു തരം മനസ്സുള്ളവരുണ്ട്.
സ്നേഹിക്കാൻ ഓരോ കാരണം കണ്ടു പിടിക്കുന്നവരും.. വെറുക്കാൻ വേണ്ടി മാത്രം വാശിയോടെ വെറുതെ കാരണമുണ്ടാക്കുന്നവരും.

പെൺപടകളാണ് ആ വെറുപ്പിന്റെ മാക്സിമം ഉത്തരവാദിത്തവും കയ്യിൽ പിടിച്ചു നടക്കുന്നവരിൽ ഏറെയും.

അസൂയയും കുശുമ്പും.. കൂട്ടത്തിൽ ഒറ്റ നോട്ടം കൊണ്ട് നെഞ്ചളവ് പോലും എടുത്തു വിടുന്ന ആണുങ്ങളും അവിടുണ്ട്.

ആദിയും സിദ്ധുവും പക്ഷേ എന്നും സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ്.

"നീ ഇത്രേം ഉറക്കെ വിളിച്ചു പറഞ്ഞു രാമായണം ചൊല്ലി കേൾപ്പിക്കാൻ ദേ ഇവനെന്താ പൊട്ടനാണോ ആദി?
"
യാതൊരു അയവുമില്ലാത്ത സീതയുടെ ചോദ്യം.

ആദിക്ക് ചിരി വന്നു.

"അത് ഏട്ടത്തിക്ക് ഇനിയും മനസ്സിലായില്ലെന്നുണ്ടോ? "
കിട്ടിയ അവസരത്തിൽ സിദ്ധുവിനിട്ടൊരു കൊട്ട് കൊടുക്കാനും മറന്നില്ല ആദി.
സിദ്ധു അവനെ നോക്കി പേടിപ്പിച്ചു.

"ആരാടാ നിന്റെ ഏട്ടത്തി?"

സീത വീണ്ടും അവന്റെ നേരെ ചെന്നു.

"ഞങ്ങടെ നാട്ടിലൊക്കെ ഏട്ടന്റെ ഭാര്യ ഏട്ടത്തിയാണ്. ല്ലേ സിദ്ധു?"
ആദി അൽപ്പം ഭാവത്തോടെ വീണ്ടും പറഞ്ഞു.

"ആണോ? എനിക്കറിയില്ല "
ചുണ്ടിൽ ഒരു പുച്ഛം ഒളിപ്പിച്ചു കൊണ്ട് സിദ്ധു തിരിച്ചു പറഞ്ഞു.

സീതയുടെ മുഖം ചുവന്നു.
"നിനക്കൊക്കെ വട്ടാണ്. നിന്നോടൊന്നും സംസാരിക്കാൻ നിന്നിട്ട് കാര്യമില്ല. ഒരുത്തൻ പാതി രാത്രി സ്വന്തം മാലയൂരി ധാനം തന്നു. എന്നിട്ട് പറഞ്ഞു സീതാ ലക്ഷ്മി അവന്റെയാണെന്ന്. പിന്നെ അവനെ മഷിയിട്ട് നോക്കിയിട്ട് കണ്ടിട്ടില്ല.അതാണ്‌ ഏട്ടൻ. അവന്റെയല്ലേ അനിയന്മാർ. ഇത്രേം ബുദ്ധി പ്രതീക്ഷിച്ച മതി "

ആദിയെ നോക്കി മനോഹരമായൊന്ന് പുച്ഛിച്ചു കൊണ്ട് സീത തിരിഞ്ഞു നടന്നു.

"സീതേ നിൽക്ക്. പറയട്ടെ "

പിറകെ ചെന്നു കൊണ്ട് ആദി വീണ്ടും പറഞ്ഞു.

"ദേ. നിന്റെ അരികിൽ നീ പറയുന്ന എന്ത് വിഡ്ഢിത്തവും കേട്ട് ചിരിക്കുന്ന ഒരു പൊട്ടൻ. തത്കാലം നീ അങ്ങോട്ട് പണ.എനിക്ക് വേറെ പണിയുണ്ട്."

സീത തിരിഞ്ഞു നിന്നിട്ട് പറഞ്ഞു.

ആദി അവിടെ തന്നെ നിന്നിട്ട് സിദ്ധുവിനെ ഒന്ന് പാളി നോക്കി.

"എന്റെ പിറകെ നടന്നിട്ട്, ഇനി വേലകാരി വശികരിക്കാൻ ശ്രമിച്ചു എന്നുള്ള പരാതി കൊണ്ട് നിങ്ങളുടെ അമ്മമാർ എന്റെ അരികിലേക്ക് വന്നാ .അറിയാലോ നിങ്ങൾക്കെന്നെ?  വലിച്ചു കീറും ഞാൻ. നിങ്ങളെ..രണ്ടിനേം "

വിരൽ ചൂണ്ടി അത് പറഞ്ഞിട്ട് അവൾ പോയിട്ടും ആദിയും സിദ്ധുവും അവിടെ തന്നെ നിന്നു.

ആ വീട്ടിൽ സീതയെ അവളായിട്ട് അംഗീകരിക്കുന്നവരിൽ ഏറ്റവും മുന്നിലാണ് ആദിയുടെയും സിദ്ധുവിന്റെയും സ്ഥാനം.

കൂട്ടുക്കാരെ പോലെ അവൾക്കെന്തും പറയാൻ കഴിയുന്ന രണ്ടു പേര്. സീത ആ കുടുംബത്തിലെ ഒരംഗമാണെന്ന് മനസ്സിൽ ഉറപ്പിച്ചവർ.അവരിലേക്ക് ചേർക്കാൻ കഴിയുന്ന കുറച്ചു പേര് കൂടി ഇനിയും ഇവിടുണ്ട്.

അവരെത്ര അവളോട് ചേർന്നു നടക്കാൻ ശ്രമിച്ചാലും സീത പണിതിട്ട വ്യക്തമായൊരു അകലം എപ്പോഴും അവർക്കിടയിലുണ്ടായിരുന്നു.

അവളായിട്ട് ഒരിക്കലും ഭേദിക്കാത്ത കൃത്യമായൊരു അകലം.

                     ❣️❣️❣️❣️

"എല്ലാത്തിനേം ഒരു ദിവസം ഞാൻ എടുത്തു കിണറ്റിലെറിയും"

പിറുപിറുത്തു കൊണ്ടാണ് സീത നാരായണി മുത്തശ്ശിയുടെ മുറിയിലെത്തിയത്.

ചാരിയിട്ട വാതിൽ പതിയെ തള്ളി തുറന്നു കൊണ്ടവൾ അകത്തു കയറി.

മനസ്സിൽ അപ്പോഴും ആരോടൊക്കെയോ.. എന്തിനോടൊക്കെയോ ദേഷ്യം നുരഞ്ഞു പൊന്തുന്നുണ്ട് സീതക്ക്.

തോളിൽ കിടന്ന ബാഗ് അൽപ്പം ശബ്ദമുണ്ടാക്കി തന്നെ അവൾ മുറിയുടെ സൈഡിൽ ഉള്ള മേശയിലേക്കിട്ടു.

കയറ്റി പിടിച്ച മുഖം അൽപ്പം പോലും അയവ് വരുത്താതെ തിരിഞ്ഞു നോക്കുമ്പോൾ അവൾ ശ്വാസം നിലച്ച മട്ടിൽ നിന്ന് പോയി.

ചിരി കടിച്ചു പിടിച്ചു കഷ്ടപെട്ടിരിക്കുന്ന നാരായണി മുത്തശ്ശിയുടെ അരികിൽ..

ഒരു കൈ കൊണ്ട് തല താങ്ങി ചെരിഞ്ഞു കിടന്ന്.. ചുണ്ടിൽ മനോഹരമായൊരു ചിരി ഒളിപ്പിച്ച് അവളെ തന്നെ നോക്കി കിടക്കുന്നുണ്ടവൻ.

മുത്തശ്ശിയുടെ കണ്ണൻ!......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story