സ്വന്തം ❣️ ഭാഗം 40

swantham

രചന: ജിഫ്‌ന നിസാർ

"കയറിയിട്ട് പോവാ ഡാ. ഒത്തു കിട്ടിയാ നിന്റെ കാമുകിയെ കുറച്ചു നേരം വായിനോക്കി നിൽക്കാമല്ലോ?"

കണ്ണിറുക്കി ചിരിച്ചു കൊണ്ട് സീത പറഞ്ഞപ്പോൾ ഹരിയുടെ മുഖം വിളറി.

അവൻ ഒന്നും മിണ്ടാതെ തല തടവി.

"കാമുകന് നാണം വന്നോ"
ചോദിച്ചതും സീത അവന്റെ നടുപ്പുറം നോക്കി ഒറ്റ അടി വെച്ച് കൊടുത്തു.

"ഹൂ "

ഹരി പുളഞ്ഞു പോയി.

സീത ആ തക്കത്തിന് കുറച്ചു മാറി നിന്നു.

"നിന്നെ എന്റെ കയ്യിൽ കിട്ടും ട്ടോ. "
അവൻ കണ്ണുരുട്ടി.

ഓഓഓ "
സീതയത് പരമാവധി പുച്ഛിച്ചു.

"കേറി പോ.. ഇരുട്ടി തുടങ്ങി "
ഹരി ഓർമിപ്പിച്ചു.

"നീ ശരിക്കും കയറുന്നില്ലേ?"

സീത ചോദിച്ചു.

"ഇല്ലെടി. ഇപ്പൊ തന്നെ വൈകി. ചെന്നിട്ട് വേണം ഭദ്രയുടെ അടുത്തേക്ക് പോവാൻ. കഴിഞ്ഞ  വരവിന് തന്നെ പോയി കണ്ടില്ലെന്ന് പരാതിയുണ്ട് അവൾക്ക് "
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.

അവന്റെ പെങ്ങളാണ് ഭദ്ര.

"എന്നാ ശരി. നീ വിട്ടോ "
സീത കൈ വീശി കാണിച്ചു.

ഹരി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.
സീത തിരിഞ്ഞു നടന്നു.

"ഡീ.."

അവൻ വീണ്ടും വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി.

"നീ പേടിക്കണ്ട. നിന്റെ വിശ്വ പ്രണയം ഞാൻ പറഞ്ഞിട്ടല്ല നിന്റെ പെണ്ണ് അറിയേണ്ടത്. അത് പറയാൻ യോഗ്യത നിനക്ക് മാത്രമുള്ളു ഹരി. അത്രേം പവിത്രമാണത്."

സീത പറഞ്ഞു.
ഹരി ഹൃദയം നിറഞ്ഞത് പോലെ ചിരിച്ചു കൊണ്ട് തലയാട്ടി.

അത് പറയാൻ തന്നെയായിരുന്നു അവൻ വിളിച്ചതും.

                         ❣️❣️❣️❣️❣️

"ഇന്നെന്താ പതിവില്ലാതെ ഒരു സ്നേഹം "
പിറകിൽ കൂടി കെട്ടിപിടിച്ചു നിൽക്കുന്ന സീതയുടെ നേരെ നോക്കി പാർവതി ചിരിച്ചു കൊണ്ട് ചോദിച്ചു.

"ചുമ്മാ.. എനിക്കെന്താ. എന്റെ ചേച്ചിയെ കെട്ടിപിടിച്ചു കൂടെ "
സീത ചുണ്ട് ചുളുക്കി.

"ലോട്ടറി വല്ലതും അടിച്ചോ പെണ്ണെ?  ഇത്രേം സന്തോഷം "

അവളുടെ മുഖത്ത് കാണുന്ന തിളക്കം കണ്ടിട്ട് തന്നെയായിരുന്നു പാർവതി അങ്ങനെ ചോദിച്ചത്.

"ഉവ്വ്. ഒരു ലോട്ടറി അടിച്ചു. പക്ഷേ എനിക്കല്ല. നിനക്ക് "

സീത പാർവതിയെ ഒന്നൂടെ ഇറുക്കി പിടിച്ചു.

"അമ്പലത്തിൽ പോയി വന്നപ്പോ നിനക്കെന്താ ഭ്രാന്ത് പിടിച്ചോടി?"

പാർവതി കണ്ണുരുട്ടി.

സീത ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അവളെ പിടി വിട്ടു മാറി.

അന്നത്തെ ദിവസം മുഴുവനും അവളിൽ വല്ലാത്തൊരു സന്തോഷം നിറഞ്ഞു നിന്നിരുന്നു.

പലവട്ടം പാർവതിയുടെ കണ്ണിൽ സംശയങ്ങൾ പൂക്കുന്നത് കണ്ടിട്ടും സീത ആ അവസ്ഥയിൽ നിന്നും മാറാൻ ആഗ്രഹിച്ചില്ല.

കണ്ണനെ വിളിച്ചൊന്നു പറയാൻ അവൾക്കുള്ളം തുടി കൊട്ടി.

പക്ഷേ അത് താൻ പറഞ്ഞു കേൾക്കുമ്പോൾ അവനിൽ വിരിയുന്ന സന്തോഷങ്ങൾക്ക് സാക്ഷിയാവണം എന്നൊരു മോഹം അതിനേക്കാൾ ശക്തിയായിരുന്നു.

അത് കൊണ്ട് തന്നെ സീത വളരെ പണിപെട്ടാണ് തുടിക്കുന്ന മനസ്സിനെ ഒതുക്കി പിടിച്ചു ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന് വെളുപ്പിന് പതിവില്ലാതെ തിടുക്കം കാണിക്കുന്ന അവൾക്ക് നേരെ വീണ്ടും പാർവതിയുടെ നോട്ടം കൂർത്തു.

ശ്രീ നിലയത്തിലെത്തുമ്പോൾ ഹൃദയമിടിപ്പ് പുറത്ത് കേൾക്കും പരുവത്തിലായിരുന്നു.

താൻ വിളിച്ചില്ലയെങ്കിലും കണ്ണൻ വിളിച്ചേക്കും എന്ന് വെറുതെ തോന്നിയിരുന്നു.

പക്ഷേ അതും ഉണ്ടായില്ല.

അത് കൊണ്ട് തന്നെ കണ്ണുകൾ വന്നപ്പോൾ മുതൽ കാത്ത് നിൽക്കുന്നവനെ തിരഞ്ഞോടിയിറങ്ങി കഴിഞ്ഞു.

മുത്തശ്ശി എന്തൊക്കെയോ ചോദിക്കുന്നതിനു ഉത്തരം കൊടുക്കുന്നു. പതിവുപോലെ ജോലികൾ ചെയ്യുന്നു.
അപ്പോഴൊക്കെയും മനസ്സിൽ കണ്ണനെന്താ കണ്മുന്നിൽ കടന്നു വരാത്തത് എന്നുള്ള ചോദ്യമായിരുന്നു.

അനാവശ്യചിന്തകൾ മത്സരിച്ചെത്തി ശ്വാസം മുട്ടിച്ചു.

ഒന്നിനും വയ്യാത്ത പോലെ പലപ്പോഴും സീത തളർന്നു തൂങ്ങി.

ഊണും കഴിഞ്ഞു മുത്തശ്ശി ഇച്ചിരി നേരം മയങ്ങാറുണ്ട്.

"നീയും ഒന്ന് നടുനിവർത്തിക്കോ മോളെ "
സ്വന്തം കിടക്കയിലേക്ക് ചായും മുന്നേ അവർ സീതയെ ഓർമിപ്പിച്ചു.

വെറുതെ ഒന്ന് തലയാട്ടി എന്നതല്ലാതെ സീത കിടന്നില്ല.

മനസ്സൊരുവനിൽ കുരുങ്ങി കിടക്കുന്നു.
പുറത്തെ മൂടി കെട്ടിയ ആകാശം പോലെ,  അതിനേക്കാൾ ഇരുണ്ടു കൂടിയ മനസ്സിൽ അസ്വസ്ഥതയുടെ നീർകുമിളകൾ..

തിരിച്ചു പോയോയിനി?

യാതൊരു സാധ്യതയുമില്ലാഞ്ഞിട്ടും ആ ചോദ്യം ഉള്ളുരുകാൻ പാകത്തിന് അവളെ നോവിച്ചു.

പോയിരുന്നുവെങ്കിൽ മുത്തശ്ശി തീർച്ചയായും അത് പറഞ്ഞിരുന്നു.

ഇതിപ്പോ അങ്ങോട്ട്‌ കേറി ചോദിക്കാനൊരു മടി.

എന്തും ചോദിക്കാനും ചെയ്യാനുമുള്ള സ്വാതന്ത്രം തന്നിട്ടും, ഇന്ന് വരെയും അതൊരിക്കലും അനാവശ്യമായി ഉപയോഗിച്ച് ബുദ്ധിമുട്ടിച്ചിട്ടില്ല എന്നൊരു ആശ്വാസമുണ്ട്.

അതില്ലാതെയാക്കാൻ തോന്നിയില്ല.

ഇനി വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാണോ?

കൈകളിൽ വീണ്ടും ഫോൺ തടഞ്ഞു.

ഇത് കൂടെ ചേർത്ത് ഇന്നേരം വരെയും ഈ ചിന്തയിൽ ഫോൺ എടുത്തു നോക്കിയത് പത്തോ ഇരുപതോ പ്രാവശ്യം ആയിട്ടുണ്ടാകും.

സ്വന്തം പ്രവർത്തനം അവളെ തന്നെ ചിന്തിപ്പിക്കുന്നുണ്ട്.

മേശയിലേക്ക് തല വെച്ചു കിടന്നിട്ട് സീത വെറുതെ ഒന്ന് കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു.

ചാരി വെച്ച വാതിൽ തള്ളി തുറന്നു കൊണ്ട് കിതപ്പോടെ കണ്ണൻ കയറി വന്നപ്പോൾ സീത ഞെട്ടി പോയി.

"ഹായ് "

കിതപ്പടക്കി കൊണ്ടവൻ നടുവിന് കൈ കുത്തി നിന്നിട്ട് അവളെ നോക്കി.

"മുത്തശ്ശി ഉറങ്ങിയോ?"

കിടക്കയിൽ ഒരു വശത്തെക്ക്‌ ചെരിഞ്ഞു കിടന്നിരുന്ന മുത്തശ്ശിയെ നോക്കി കണ്ണൻ ചോദിച്ചു.

ഒന്ന് മൂളാൻ കൂടി കഴിയാത്ത വിധം ഒരു സങ്കടം സീതയെ പൊതിഞ്ഞു നിന്നിരുന്നു.

എന്തിനെന്നോ ഏതിനെന്നോ അറിയാത്തൊരു സങ്കടം!

കണ്ണന്റെ കണ്ണുകൾ വീണ്ടും അവളെ തേടി എത്തി.

"ടൗണിൽ പോയതാ. അവിടെ പെട്ട് പോയി "

അവളുടെ മുഖത്തെ പരിഭവം കണ്ടിട്ടായിരുന്നു കണ്ണൻ അങ്ങനെ പറഞ്ഞത്.

എന്നിട്ടും തെളിയാത്ത മുഖത്തേക്ക് നോക്കി അവൻ ചിരിച്ചു.

കണ്ണൻ സീതയുടെ അരികിലെത്തി.

"വാ "

അവളുടെ കൈയ്യിൽ പിടിച്ചു.

സീതയാ കൈകൾ കുടഞ്ഞു മാറ്റി.

അപ്പോഴും അവന് ചിരിയാണ്.

"ഹാ.. പിണങ്ങല്ലേ. എനിക്ക് പറയാനുള്ളത് കേൾക്കണ്ടേ ദുർഗാലക്ഷമിക്ക്."

വീണ്ടും അവനാ കൈ പിടിച്ചു.

"എനിക്കാരോടും പിണക്കമൊന്നുമില്ല "
സീത അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു.

"പിന്നെന്തിന് ഈ മസില് പിടുത്തം?"
കണ്ണൻ അവളെ നോക്കി പുരികം പൊക്കി.

"താൻ വിളിക്കുന്നോടാത്തൊക്കെ വരാൻ ഇയാൾ എന്റെ ആരാ?"

സീതയുടെ സ്വരം മുറുകി.

"വാ.. എങ്കിൽ അതാദ്യം പറഞ്ഞു തരാം "
ഇപ്രാവശ്യം കണ്ണന്റെ പിടുത്തം അൽപ്പം മുറുകി.

"വിട്ടേ കണ്ണേട്ടാ. ഞാനെങ്ങും വരുന്നില്ലയിപ്പോ ."

"ഇത് വരെയും ഞാൻ മര്യാദക്കാണ് നിന്നെ വിളിച്ചത്. ഇനിയും ഇടഞ്ഞു നിൽക്കാൻ ആണ് മോളുടെ ഉദ്ദേശമെങ്കിൽ.. എടുത്തു പൊക്കി കൊണ്ട് പോകും ഞാൻ. ഇടഞ്ഞ കണ്ണേട്ടൻ മഹാ പിശകാ. മോളത് മറക്കേണ്ട "

കണ്ണൻ മീശയും പിരിച്ചു കൊണ്ടവളെ നോക്കി കണ്ണുരുട്ടി.

"പറയാനുള്ളത് ഇവിടെ നിന്നിട്ട് പറഞ്ഞോ? ഞാൻ കേട്ടോളാം "

സീത പറഞ്ഞു.

"അപ്പൊ മോൾക് എന്റെ ചുമലിൽ കേറി പോവാനാണ് താല്പര്യം. ഇതങ്ങ് നേരിട്ട് പറഞ്ഞ പോരെ.കണ്ണേട്ടൻ കൊണ്ട് പോകുമല്ലോ?"
കണ്ണൻ സീതയുടെ കൈ വിട്ടിട്ട് മുണ്ടോന്ന് മടക്കി കുത്തി.

അവന്റെയാ ഭാവത്തിൽ സീത ഒന്ന് പതറി പോയിരുന്നു.

"മുത്തശ്ശി എണീക്കും "
സീത പെട്ടന്ന് പറഞ്ഞു.

"ഒരു മണിക്കൂർ മുത്തശ്ശി ഉച്ചക്ക് മയങ്ങാറുണ്ടന്ന് എനിക്കറിയാമെന്റെ സീതാ ലക്ഷ്മി "

കണ്ണൻ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് പുരികം പൊക്കി.

"പ്ലീസ്... പെട്ടന്ന് തിരിച്ചു വരാം. വാ "
പിന്നെയും എന്തോ പറയാൻ ഒരുങ്ങിയവൾ അവന്റെയാ വാക്കുകൾക്ക് മുന്നിൽ തടഞ്ഞു വീണു.

വീണ്ടും അവളെന്തെങ്കിലും പറയും മുന്നേ ആ കയ്യും പിടിച്ചു കൊണ്ട് കണ്ണൻ പുറകു വശത്തെ മുറ്റത്തേക്ക് ഇറങ്ങി നടന്നിരുന്നു.
"എങ്ങോട്ടാ ഈ പോവുന്നെ "

സീത ചോദിച്ചു.

"മിണ്ടാതെ വാ. തട്ടി വീഴല്ലേ "
കണ്ണൻ ഓർമിപ്പിച്ചു.

കൂറ്റൻ മരങ്ങൾക്കിടയിൽ കൂടിയുള്ള ചെറിയൊരു നടപ്പ് വഴിയിൽ കൂടിയാണ് അവൻ പിടിച്ചു കൊണ്ട് പോകുന്നത്.

"കണ്ണേട്ടാ... എങ്ങോട്ടാ ഈ പോണത്. അത് പറയാതെ ഞാൻ വരില്ല."

സീത വിളിച്ചു ചോദിക്കുന്നത് കേൾക്കാത്ത പോലെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ധൃതിയിൽ നടക്കുന്നവനെ നോക്കി അവൾ പല്ല് കടിച്ചു.

വഴിയിലേക്ക് തൂങ്ങി കിടക്കുന്ന കാട്ട് ചെടികളെ കണ്ണൻ ഒരു കൈ കൊണ്ട് ഒതുക്കി അവൾക്ക് വഴി ഒരുക്കുന്നുണ്ട്.

പൊതുവെ മൂടി കെട്ടിയ അന്തരീക്ഷമാണ്.

ഇടതൂർന്ന മരങ്ങൾക്കിടയിൽ കൂടി ഇത്തിരി  മാത്രം എത്തി നോക്കുന്ന അരണ്ട വെളിച്ചം  നിറഞ്ഞ വിജനമായ വഴി.സീത 
പിറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ വീട് ഒത്തിരി ദൂരെയാണ്.

'ഹരിയെ ഇഷ്ടമാണെന്ന് പറഞ്ഞത് മനസ്സിൽ വെച്ച് കൊ ..ല്ലാൻ കൊണ്ട് വന്നതാണോയിനി ഈ കിണ്ണൻ.'

ആ ചിന്ത പേടി പെടുത്തുന്നതിനു പകരം അവൾക്ക് ചിരിയാണ് പകർന്നു നൽകിയത്.

അസ്വസ്ഥത നിറഞ്ഞ തന്റെ മനസ്സിപ്പോൾ ശാന്തമാണെന്ന് കൂടി സീതയറിഞ്ഞു.

ഏതൊക്കെയോ കിളികളുടെ ശബ്ദം കേൾക്കുന്നുണ്ട്.

ഇവിടിങ്ങനെ ഒരു സ്ഥലം ഉണ്ടായിരിന്നുവോ?
സീത ഓർത്തു.

അല്ലെങ്കിലും പ്രകൃതിയെ ആസ്വദിക്കാനൊക്കെ സീതാ ലക്ഷ്മിക്ക് എവിടെയായിരുന്നു നേരം.

എന്നും ഓട്ടപാച്ചില് തന്നെ അല്ലായിരുന്നോ?

"ഡീ "

കണ്ണൻ വിളിച്ചപ്പോൾ അവൾ അവനെ നോക്കി.

"ഒരുകാലത്തു എന്റെ ഏറ്റവും ഫേവറിറ്റ് സ്ഥലം ആയിരുന്നു ഇവിടം. ഇപ്പൊ ആരും യൂസ് ചെയ്യാതെ മൊത്തം കാട് പിടിച്ചു പോയി "

സീതയുടെ കൈ വിട്ടു കൊണ്ട് കിതപ്പോടെ തന്നെ കണ്ണൻ പറഞ്ഞു.

വിയർപ്പ് തുള്ളികൾ നിറഞ്ഞ അവന്റെ മുഖത്തു നിറഞ്ഞു കാണുന്ന സന്തോഷം പതിയെ അവളിലേക്കും പടർന്നു.

"കൊള്ളാവോ?"അവൻ ചിരിയോടെ പുരികം പൊക്കി അവളെ നോക്കി.

മുന്നിൽ നിറഞ്ഞു നിൽക്കുന്ന കുളം.. കരിങ്കല്ല് കൊണ്ട് ഭംഗിയിൽ കെട്ടി പടുത്തിട്ടുണ്ട്. വെള്ളത്തിലേക്ക് ഇറങ്ങാനുള്ള നീളമുള്ള പടി കെട്ടുകൾ.
തെളിഞ്ഞ വെള്ളത്തിൽ ചുറ്റുമുള്ള മരങ്ങളുടെ നിഴൽ വ്യക്തമായി കാണുന്നുണ്ട്.

"ആദ്യമൊക്കെ ഞാൻ കൂടുതൽ സമയവും ഇവിടെ വന്നിരിക്കും. ഈ കരയിലിരുന്നു പഠിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. എനിക്കൊപ്പം അമ്മയും വന്നിരിക്കും "

ആവേശത്തിൽ പറഞ്ഞു തുടങ്ങിയതൊടുവിൽ ഇടറി പോയിരുന്നു.

"നിനക്കിഷ്ടമായോ സീതാ ലക്ഷ്മി? ഒരു പോസിറ്റീവ് വൈബ് കിട്ടുന്നില്ലേ ഇവിടെ?"

അവൻ വീണ്ടും ചിരിച്ചു കൊണ്ടവളെ നോക്കി.

സീത അവനെ നോക്കിയൊന്ന് തലയാട്ടി.

"ഇവിടിങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നോ?"

സീത അതിശയം വിട്ടു മാറാതെ അവനെ കടന്ന് കുറച്ചു കൂടി മുന്നോട്ടു നീങ്ങി.

"മുത്തശ്ശിയുടെ മുറിയല്ലാതെ നീ ഇവിടെ വേറൊന്നും കണ്ടിട്ടില്ലല്ലോ അതിന് "

അവനും ചിരിച്ചു.

സീത വീണ്ടും ചുറ്റും കണ്ണോടിച്ചു.

എന്തോ, വല്ലാത്തൊരു സന്തോഷം അവളെ ഒന്നാകെ പൊതിയുന്നുണ്ട്.

സ്വയം മറന്ന് നിൽക്കുന്നവളെ നിമിഷനേരം കൊണ്ട് കണ്ണൻ വലിച്ചടുപ്പിച്ചു കൊണ്ട് അവളുടെ വയറിൽ ചുറ്റി പിടിച്ചു.

അവന്റെ നെഞ്ചിലിടിച്ചു നിന്ന് പോയിയവൾ.

സീത ഞെട്ടി വിറച്ചു പോയി അവന്റെയാ പ്രവർത്തിയിൽ.

"ഹരിയെന്ത് പറഞ്ഞു?"

കാതിൽ വളരെ പതുക്കെ അവന്റെ ചോദ്യം, അവൾക്ക് പൊള്ളും പോലെ തോന്നി.

തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു.

പക്ഷേ കണ്ണൻ മുറുകെ പിടിച്ചത് കൊണ്ട് അനങ്ങാൻ കൂടി വയ്യ.

"പറ.. എനിക്കീ ശ്വാസം മുട്ടൽ സഹിക്കാൻ വയ്യന്റെ സീതാ ലക്ഷ്മി "

വീണ്ടും അവൻ കാതിൽ പറഞ്ഞു.

സീതയുടെ കൈകളും അവളെ ചുറ്റി പിടിച്ച കണ്ണന്റെ കൈകളിൽ മുറുകി.

"അവന്... അവനെന്നെ ഇഷ്ടമാണെന്ന്. ഒരുമിച്ച് ജീവിക്കാൻ എന്റെ സമ്മതം വേണമെന്ന് "

അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.

"എന്നിട്ട് നീയെന്താ പറഞ്ഞത് സീതാ ലക്ഷ്മി?"

കണ്ണൻ അവളുടെ തോളിലേക്ക് താടി മുടിച്ചു കൊണ്ട് അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു.

"ഞാൻ... എനിക്ക്... എനിക്കവനെയാണല്ലോ ഇഷ്ടം "

വിക്കി കൊണ്ടാണങ്കിലും സീത അങ്ങനെയാണ് പറഞ്ഞു.

"ഇനി ഞാനെന്റെ സ്നേഹം എന്ത് ചെയ്യണം?"
കണ്ണൻ വീണ്ടും അവളുടെ കാതിൽ ചോദിച്ചു.

സീത ഒന്നും മിണ്ടിയില്ല.

തൊട്ടടുത്ത നിമിഷം കണ്ണൻ അവളുടെ കവിളിൽ അമർത്തി കടിച്ചു.

വേദനയല്ല തോന്നിയത്.. ദേഹം മൊത്തം തരിച്ചത് പോലെ സീത ഒരു നിമിഷം സ്റ്റക്ക് ആയി പോയിരുന്നു.

"കള്ളം പറയുന്നതെനിക്ക് ഇഷ്ടമല്ലന്റെ സീതാ ലക്ഷ്മി."

ചിരിയോടെയാണ് കണ്ണന്റെ പറച്ചിൽ.

അവൻ അവളെ അവന് നേരെ തിരിച്ചു നിർത്തി.

കണ്ണൻ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് അവൾക്കാകെയൊരു പറവേശം..

"ഹരിക്ക്... ഹരിക്ക് പാറുവേച്ചിയെ ആണിഷ്ടം കണ്ണേട്ടാ. എന്നോട് പറഞ്ഞു "

സീത നേർത്തൊരു ചിരിയോടെ അവനോട് പറഞ്ഞു.
അവനൊരു നെടുവീർപ്പൊടെ മുകളിലേക്ക് നോക്കുന്നുണ്ട്.

"എനിക്കത് തോന്നിയിരുന്നു "

കണ്ണൻ ചിരിയോടെ പറഞ്ഞു.

"ഓഹോ. പിന്നെന്തിനായിരുന്നു ഇത്രേം ടെൻഷൻ? മ്മ്" സീത അവനെ നോക്കി കണ്ണുരുട്ടി.

"ടെൻഷൻ... സ്നേഹത്തെ പേടിക്കണം സീതാ ലക്ഷ്മി. എനിക്ക്... എനിക്കിനി താനില്ലാതെ വയ്യെന്ന് തോന്നി. പിന്നെ എന്നേക്കാൾ മുന്നേ ഹരിയെ അറിയുന്നവളല്ലേ നീ? നിന്റെ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നെ സഹായിച്ചവനാണ് ഹരി."

കണ്ണൻ ഒന്ന് നിർത്തിയിട്ടു സീതയെ നോക്കി.

അവൻ പറയുന്നത് മാത്രം ശ്രദ്ധിച്ചു നിൽപ്പാണ്.

"അവന്റെ കണ്ണിൽ ഞാൻ കണ്ട സൗഹൃദത്തിൽ മായം കളർന്നിട്ടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എന്നിട്ടും ഹൃദയത്തിന്റെ ഒരു കോണിൽ എനിക്കൊരു ശ്വാസം മുട്ടൽ.. നഷ്ടപെടുത്താൻ കഴിയില്ലെന്നുള്ള ഓർമ പെടുത്തൽ പോലെ.. എനിക്ക്... എനിക്കത്രേം ഇഷ്ടമാണെന്റെ സീത ലക്ഷ്മി നിന്നെ "

സീതയുടെയും മുഖത്തു സൂര്യൻ ഉദിച്ചത് പോലെ..

ഈ സന്തോഷം.. ഈ സ്നേഹം. ഇത് നേരിട്ട് കാണാനാണ് ഇന്നലെ മുതൽ കൊതിച്ചു നടന്നിരുന്നതു മുഴുവനും.

"പക്ഷേ... എനിക്കിപ്പോഴും ഹരിയെ ആണ് ഇഷ്ടം "
ഹൃദയം കണ്ണനോടുള്ള സ്നേഹം കൊണ്ട് വീർപ്പു മുട്ടുമ്പോഴും സീത പറഞ്ഞു.

"ഇതിങ്ങനെ ദിവസവും പറഞ്ഞോളാമെന്ന് നിനക്ക് വല്ല നേർച്ചയുമുണ്ടോ ടി പെണ്ണേ?"
കണ്ണൻ അവളെ തൊട്ടരികിലെ മരത്തിൽ ചേർത്ത് നിർത്തി.

കൈകൾ കൊണ്ടവൻ അവൾക്കൊരു ലോക്ക് തീർത്തു.

"അവന്റെ മുന്നിൽ പോയി നിന്നപ്പോൾ നീ എന്നെ ഓർത്തിരുന്നോ?"

മൃദുവായി അവൻ ചോദിച്ചു.

സീത ശ്വാസം പിടിച്ചു നിന്ന് പോയി.
അത്രയും തൊട്ടരുകിലാണ് അവൻ.
ആ നോട്ടം നേരെ ചെന്ന് നിൽക്കുന്നത് ഹൃദയത്തിലാണ്.

"ഹരിയോടാണ് ഇഷ്ടം മുഴുവനുമെങ്കിൽ ഞാൻ... ഞാൻ പിന്നാരാ നിനക്ക്.?"

കണ്ണൻ ഒന്നുക്കൂടി അവളുടെ അരികിലേക്ക് നീങ്ങി നിന്നു.

"പറഞ്ഞു താ.. എന്റെ ജീവനെ പോലെ ഞാൻ സ്നേഹിക്കുന്നുണ്ട്. അത് നിന്നെ അറിയിച്ചിട്ടുമുണ്ട്. ഇനി എനിക്ക് പറഞ്ഞു താ.. ഈ നെഞ്ചിൽ ഞാനുണ്ടോ ന്ന്."

കുഞ്ഞൊരു ചിരിയോടെ, ആർദ്രമായി ചോദിക്കുന്നവൻ.

ഒരക്ഷരം മിണ്ടാൻ കഴിയാത്ത മായവലയത്തിൽ പെട്ടത് പോലെ സീത നിശ്ചലമായി.

"ഹേയ്.."

കണ്ണൻ പതിയെ അവളുടെ കവിളിൽ തട്ടി.

ഐസ് പോലെ തണുത്തുറഞ്ഞു പോയ കവിളിൽ അവന്റെ കയ്യിന്റെ ചൂട് അരിച്ചു കയറി.

"എന്റെയല്ലേ...?"

വിരൽ കൊണ്ടവളുടെ മുഖത്തു തലോടി കണ്ണൻ ചോദിച്ചു.

അറിയാതെ തന്നെ അവൾ തലയാട്ടി പോയി.

"ആരുമറിയാതെ നമ്മുക്ക് ഒളിച്ചോടിയാലോ? നിന്നോടുള്ള സ്നേഹം കൊണ്ടെനിക്ക് ശ്വാസം മുട്ടുന്നു "

കണ്ണൻ അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് പറയുമ്പോൾ സീത ചിരിച്ചു പോയി.

"കാത്തിരിക്കേണ്ടി വരും."
സീത ഓർമിപ്പിച്ചു.

അവൻ തലയാട്ടി.

"ഞാനൊരു പ്രാരാബ്ദ്ധക്കാരിയാണ് "

വീണ്ടും അവൾ കണ്ണനെ നോക്കി.

"ഇനി നീ ഒറ്റക്കല്ലല്ലോ? നമ്മളല്ലേ? "

അവൻ കണ്ണടച്ച് ചിരിച്ചു കാണിച്ചു.

"ഒരുപാട് കൊതിപ്പിച്ചിട്ട്‌, എന്നെ... എന്നെ പാതി വഴിയിൽ ഉപേക്ഷിച്ചു കളയുമോ?"

എത്രയൊക്കെ വേണ്ടന്ന് വെച്ചിട്ടും സീതക്കത് ചോദിക്കാതിരിക്കാനായില്ല.

കണ്ണൻ വീണ്ടും അവളെ കൈ പിടിയിൽ ഒതുക്കി.

"ഞാനെന്റെ ജീവൻ ഉപേക്ഷിച്ചു കളയുമെന്ന് നീ വിചാരിക്കുന്നുണ്ടോ?"

അവന്റെ നോട്ടത്തിൽ, ഇല്ലെന്ന് തലയാട്ടി പോയി സീത.

പിന്നൊന്നും മിണ്ടാതെ രണ്ടാളും പരസ്പരം നോക്കി നിന്നു.

കണ്ണന്റെ മുഖത്തൊരു കള്ളച്ചിരി പടർന്നു കയറിയപ്പോൾ മുഖം ചുളിച്ചു കൊണ്ട് സീതയവന്റെ പിടിയിൽ നിന്നും കുതറി.

"എനിക്ക്...."

അൽപ്പം ഈണത്തിൽ കണ്ണൻ പറഞ്ഞു തുടങ്ങിയപ്പോൾ സീത ചോദ്യം പോലെ അവനെ നോക്കി കണ്ണ് ചുരുക്കി.

"എനിക്ക്.... എനിക്കുണ്ടല്ലോ... നിന്നെ കിസ് ചെയ്യാൻ തോന്നുന്നു "

അവൻ ചുണ്ടുകൾ കൂട്ടി പിടിച്ചു പറഞ്ഞപ്പോൾ സീതയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.

"അടിച്ചു പല്ല് കൊഴിക്കും ഞാൻ "

അവൾ അവനിൽ നിന്നും വിട്ടു മാറാൻ കുതറി കൊണ്ടിരിക്കുന്നതിനിടെ പറഞ്ഞു.

കണ്ണൻ ചിരിയോടെ തലയാട്ടി.

അവളുടെ പിടച്ചിൽ കണ്ടിട്ട് അവൻ കൈ വിട്ടു കൊടുത്തു.

"എപ്പോഴും ഈ ആനുകൂല്യം പ്രതീക്ഷിക്കണ്ടാ കേട്ടോ? ഇനി ചോദ്യവും പറച്ചിലുമൊന്നും ഉണ്ടാവില്ല. നീ... നീ എന്റെയാണ്."

അവനോർമിപ്പിച്ചു.

"അത് തന്നെയാണ് എനിക്കും പറയാനുള്ളത്. എന്റെ അനുവാദമില്ലാതെ ദേഹത്ത് തൊട്ട അതിനി ആരായാലും വിവരമറിയും "

അവൾ യാതൊരു ദാക്ഷണ്യവുമില്ലാതെ പറയുന്നത് കേട്ടിട്ട് അവൻ കണ്ണുരുട്ടി.

"ആത്മാർത്ഥ പ്രണയം, മനസ്സിനോടാണ് കണ്ണേട്ടാ."

അവനൊരു ചിരിയോടെ അവളെ നോക്കിയിട്ട് കുളപടവിലേക്കിരുന്നു.

"ഇവിടിരിക്ക് "

സീതയെ നോക്കി പറഞ്ഞു.

അവളും വന്നിട്ട് അവനിരിക്കുന്നതിന്റെ മുകളിലായുള്ള പടിയിൽ ഇരുന്നു.

"മഴ പെയ്തെക്കും "

ആകാശത്തേക്ക് നോക്കി കണ്ണൻ പറഞ്ഞു.

"എങ്കിൽ പോയാലോ?"

സീത ചോദിച്ചു.

"ഇത്തിരി കൂടി കഴിയട്ടെ.. ഈ നിമിഷങ്ങളെന്റെ ജീവിതത്തിൽ ഞാനൊരിക്കലും മറക്കാതെ സൂക്ഷിച്ചു കൊണ്ട് നടക്കാനുള്ളതാ. അത്രയും ഭംഗിയുണ്ടിതിന് "

നനുത്തൊരു ചിരിയോടെ കണ്ണൻ പറയുമ്പോൾ സീതയും ചിരിച്ചു.

"മനസ്സിനിപ്പോൾ എന്തൊരു ആശ്വാസമുണ്ടന്നറിയോ?"

ആ പറഞ്ഞത് നൂറു ശതമാനം സത്യമാണ് എന്നവന്റെ മുഖം വിളിച്ചു പറയുന്നുണ്ട്.

"എന്റെ.. എന്റെ അമ്മയും പപ്പയും വേണമായിരുന്നു. അവർക്ക് ഒരുപാട് സന്തോഷമാവുമായിരുന്നു "
ഓർമകൾ അവന്റെ ശബ്ദത്തിന് ഇടർച്ച നൽകി.

അവൻ കുറച്ചു നീങ്ങി അവൾക്കടുത്തേക്ക് വന്നിട്ട് അവളുടെ മടിയിലേക്ക് തല വെച്ച് കിടന്നു.

സീതയുടെ കൈകൾ അവന്റെ മുടി ഇഴകളിൽ കൂടി ഓടി നടന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story