സ്വന്തം ❣️ ഭാഗം 41

swantham

രചന: ജിഫ്‌ന നിസാർ

"ഇതൊക്കെ.. ഇതൊക്കെ മനസ്സിൽ വെച്ചോണ്ടാണ് നീ എന്നെ ഇത്രേം ചുറ്റിച്ചത്. അല്ലേടാ?"

വരദയുടെ കൈകൾ ഹരിയുടെ തോളിൽ ആഞ്ഞു പതിച്ചു.

അവൻ എന്തെങ്കിലും പറയുകയോ അവരെ തടയുകയോ ചെയ്തില്ല.

മുഖം കുനിച്ചു കൊണ്ട് ഒരേ നിൽപ്പായിരുന്നു.

കൈമൾ മാഷും ഭദ്രയും അവനെയും വരദയെയും നോക്കി നിൽക്കുന്നുണ്ട്.

"അവന് സംബന്ധം കൂടാൻ പറ്റിയ ഒരാള്. നിനക്കെന്താ ഹരി, തലക്ക് ഒട്ടും വെളിവില്ലേ? നാട്ടുകാർ മൊത്തം പഴി പറഞ്ഞിട്ടും ഞാനും നിന്റെ അച്ഛനും നിനക്ക് പൂർണ്ണ സ്വാതന്ത്രം തന്നത്, അത് ആ കുടുംബത്തിലുള്ള വിശ്വാസം കൊണ്ടായിരുന്നില്ല. ഞങ്ങൾക്ക് നിന്നിലുള്ള വിശ്വാസം ആയിരുന്നു. എന്നിട്ടവൻ പ്രേമം പറഞ്ഞു വന്നിരിക്കുന്നു "

എന്തൊക്കെ പറഞ്ഞിട്ടും വരദയുടെ കലി തീരുന്നില്ല.

ഹരി ഒന്നും മിണ്ടുന്നുമില്ല.

"കുന്തം പോലെ നിൽക്കാതെ വല്ലതും പറയെടാ. നിന്റെ നാക്കിറങ്ങി പോയോ ഇപ്പൊ?"
വീണ്ടും വരദ ഹരിയെ പിടിച്ചു തള്ളി.

ഭദ്രയുടെ നാല് വയസ്സുകാരി മകൾ ദക്ഷിണ ഓടി വന്നിട്ട് ഹരിയുടെ കാലിൽ ചുറ്റി പിടിച്ചു നിന്നു.

വരദയെ നോക്കി കുഞ്ഞി കണ്ണുകൾ ഉരുട്ടി.

"ഇനി എന്റേ മാമയെ തൊട്ട ഉണ്ടല്ലോ?"

ആ കുഞ്ഞു വിരലുകൾ വരദയുടെ നേരെ നീണ്ടു.
ഹരി ചിരിച്ചു കൊണ്ടവളെ പൊക്കി എടുത്തു തോളിൽ കിടത്തി.

ഭദ്രയും മാഷും അത് കണ്ടിട്ട് ചിരിച്ചു പോയി.

വരദയുടെ മുഖം ഒന്നൂടെ കടുത്തു.

"പിന്നെ... ഒരു മാമയും മോളും വന്നേക്കുന്നു "

ആ കുഞ്ഞിനേയും അവളുടെ ജീവനായ മാമയുടെയും സ്നേഹത്തിന് നേരെ അവരുടെ പുച്ഛം നീണ്ടു.

"മാഷിനൊന്നും പറയാനില്ലേ ഇവനോട്? ഇമ്മാതിരി ഒരു പോക്രിത്തരം കാണിച്ചിവൻ മുന്നിൽ വന്നു നിന്നിട്ടും,  എങ്ങനെ കഴിയുന്നു ഇക്കോലത്തിൽ ചിരിച്ചു നിൽക്കാൻ?"

വരദ മാഷിനെ കടുപ്പിച്ചു നോക്കി.

"ഞാൻ എന്ത് ചെയ്തൊന്ന അമ്മാ? ഒരാളോട്  ഇഷ്ടം തോന്നുന്നതും ജീവിതം പങ്ക് വെക്കാൻ ആഗ്രഹിക്കുന്നതും തെറ്റാണെങ്കിൽ ഈ ലോകത്തിലെ എല്ലാവരും ആ തെറ്റ് ചെയ്യുന്നില്ലേ? ഇനിയും ചെയ്യില്ലേ?"

ഹരി ശാന്തമായി തന്നെ ചോദിച്ചു.

"പിന്നെ... യോഗ്യത നിറഞ്ഞ ഒരുവളെയാണല്ലോ എന്റെ മോൻ തിരഞ്ഞു പിടിച്ചു കൊണ്ട് വന്നിരിക്കുന്നത്?"
വരദ ചുണ്ട് കോട്ടി.

"ഇന്നോ ഇന്നലയോ തുടങ്ങിയ ഇഷ്ടം അല്ല അമ്മാ അത്.വർഷങ്ങളുടെ പഴക്കമുണ്ടതിന് അവകാശപെടാൻ "

ഹരിയുടെ നേർത്ത ചിരി.

"എന്നിട്ടെന്തേ നീ ഇത്രേം കാലം എല്ലാവരേം പറ്റിച്ചു?"

വീണ്ടും വരദ അവനെ പിടിച്ചുലച്ചു.

അവന്റെ തോളിൽ പതിഞ്ഞു കിടന്നിരുന്ന ദക്ഷ മോൾ തല ഉയർത്തി നോക്കിയിട്ട് വീണ്ടും അവനെ  പറ്റി പിടിച്ചു കിടന്നു.

ആ കുഞ്ഞി കൈകൾ കൊണ്ടവന്റെ പുറത്ത് പതിയെ തലോടി.

"ഇപ്പഴും ആരും ഒന്നും അറിയില്ലായിരുന്നു,   പാർവതി ഗിരീഷിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നുവെങ്കിൽ. എനിക്ക് വിധിയില്ലെന്ന് കരുതി മറ്റൊരു ജീവിതത്തിലേക്ക് പതിയെ ഞാനും അലിഞ്ഞു ചേരുമായിരുന്നു. പൂർണ്ണമായിട്ടും അവളെ മറക്കാനൊന്നും കഴിയില്ലയെങ്കിലും വേദനിപ്പിക്കുന്ന ഒരു ഓർമയായി ഹൃദയത്തിന്റെ ഒരു കോണിൽ ആരുമറിയാതെ എന്റെ പ്രണയം ഒതുങ്ങി കൂടുമായിരുന്നു. പക്ഷേ... പക്ഷേ അമ്മാ എനിക്കതിനു കഴിയുന്നില്ല."

ഹരിയുടെ മുഖം താഴ്ന്നു. സ്വരം നേർത്തു.

"എന്തിനാ നിന്നെ പറയുന്നത് അല്ലെങ്കിലും. ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ ചേർന്നു നിന്നവനെ കറക്കി എടുത്താൽ അധികം റിസ്കൊടുക്കാതെ ജീവിതം കഴിഞ്ഞു പോകുമെന്ന് കരുതിയ അവളാണ് മിടുക്കി. ചുമ്മാതാണോ നാട്ടുകാർ ഓരോന്നു പറയുന്നത്? "

വരദയുടെ വാക്കുകൾ കൊണ്ടവന്റെ ഹൃദയം മുറിഞ്ഞു.. ചോര വാർന്നു.

കണ്ണുകളിൽ ആ വേദന കല്ലിച്ചു കിടന്നു.

"അതിന് ഇപ്പോഴും അവൾക്കറിയില്ലല്ലോ അമ്മാ, ഞാനവളെ സ്നേഹിച്ചിരുന്നു എന്ന കാര്യം. ദയവ് ചെയ്തു ആ പഴി അമ്മ പാർവതിയുടെ മേൽ പതിച്ചു നൽകരുത് "
ഹരിയുടെ കണ്ണുകൾ വരദയുടെ നേരെ കേണു.

"ഓ.. കാമുകന് വേദനിച്ചോ?"

വരദയുടെ മുഖം ദേഷ്യം നിറഞ്ഞു.

"തീർച്ചയായും വേദനിക്കും അമ്മാ. കാരണം ഞാനെന്റെ പ്രാണൻ പോലെ സ്നേഹിച്ചവളെയാണ് അമ്മ പറയുന്നത്. ജീവിതത്തിൽ വേദന മാത്രം അറിഞ്ഞവളാണ് അമ്മാ. എന്നിട്ടും ആരോടും പരാതിയോ പരിഭവമോ അവൾക്കില്ല. ഒരിക്കൽ പോലും ആരെയും അവൾ ശപിക്കുന്നത് ഞാൻ കേട്ടിട്ടില്ല. സ്നേഹിക്കാൻ മാത്രം അറിയാം എന്നൊരു തെറ്റ് ചെയ്തതിനു എല്ലാരും കൂടി അതിനെ..."

ഹരിയുടെ സ്വരം ഇടറി.

വരദയുടെ നെറ്റി ചുളിഞ്ഞു.

അത്രയും വേദനിക്കുന്ന ഹരിയെ അവർ കണ്ടിട്ടേയില്ലായിരുന്നു.

"അവളോട് ഞാനെന്റെ ഇഷ്ടം പറഞ്ഞാലും അവളത് നിരസിക്കുകയേ ചെയ്യൂ. എനിക്കൊരു നല്ല ജീവിതം കിട്ടാൻ ആഗ്രഹിക്കുന്ന അവൾക് അങ്ങനെ ചെയ്യാനേ കഴിയൂ "

ഹരിയുടെ മുഖത്തൊരു നേർത്ത ചിരിയുണ്ടായിരുന്നു.

"അവളോട് പറയും മുന്നേ ഞാനത് നിങ്ങളോട് പറഞ്ഞത് എന്തിനാ എന്നറിയോ?"

ഹരി ചുറ്റുമൊന്നു നോക്കി.

ദക്ഷമോൾ അപ്പോഴും അവനെ നീരാളി പോലെ ചുറ്റി പിടിച്ചു കിടന്നു.

അവൻ വേദനിക്കുന്നുണ്ട് എന്നൊരു ഉൾവിളി ആ കുഞ്ഞു ഹൃദയം തിരിച്ചറിഞ്ഞ പോലെ.

"നിങ്ങളുടെ അനുവാദമില്ലാതെ ഞാനൊരിക്കലും അവളെയെന്റെ ജീവിതത്തിലേക്ക് കൂട്ടില്ല. വേദനകൾ മാത്രം അറിഞ്ഞു ജീവിച്ച എന്റെ പെണ്ണിന് ഇനിയും വേദനിപ്പിക്കാൻ ഞാനൊരു കാരണം ആവരുത് എന്നെനിക്ക് നിർബന്ധമുണ്ട്."

അവന്റെ സ്വരം കടുത്തു.

വരദയുടെ നെറ്റി ചുളിഞ്ഞു.

"ഇനി ഒരിക്കലും മറ്റൊരു ജീവിതം അവൾ തേടില്ലെന്ന് എനിക്ക് നന്നായിട്ടറിയാം. ഞാനും "

ഹരി ചിരിച്ചു കൊണ്ട് അമ്മയെ നോക്കി.

"അവൾ നിറഞ്ഞു നിൽക്കുന്ന മനസ്സിൽ ഇനി ഒരാളെ കൈ പിടിച്ചു കയറ്റാൻ എനിക്ക് കഴിയില്ല.അറിഞ്ഞു കൊണ്ടൊരാളെ ചതിക്കാൻ എനിക്കാവില്ല.ഒന്നിച്ചു ജീവിക്കാനല്ലേ നിങ്ങളുടെ സമ്മതം വേണ്ടത്.?മരണം വരെയും എനിക്കവളെ സ്നേഹിക്കാൻ അവളുടെ പോലും സമ്മതം വേണ്ടല്ലോ..?"

"നീ.. നീ എന്നെ വെല്ലുവിളിക്കുകയാണോടാ?"

വരദയുടെ ചോദ്യത്തിന് മുന്നിൽ ഹരി ചിരിച്ചു കൊണ്ടവരെ ചേർത്ത് പിടിച്ചു.

വരദ കുതറി കൊണ്ടവന്റെ കൈ പിടിച്ചു മാറ്റി.

അവന്റെ തോളിൽ പതിഞ്ഞു കിടക്കുന്ന ദക്ഷമോളെ ഭദ്ര വലിച്ചെടുക്കാൻ ശ്രമിച്ചു.

പക്ഷേ അവൾ ഹരിയുടെ കഴുത്തിൽ ചുറ്റി പിടിച്ചു കൊണ്ട് കാലുകൾ കൊണ്ടവനെ ഇറുക്കി പിടിച്ചു.

"വേണ്ടടി. അവിടെ കിടന്നോട്ടോ "
ഹരി ഭദ്രയെ തടഞ്ഞു.

ദക്ഷയുടെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു.
കാരണം മാമയെ അവൾക്ക് അത്രത്തോളം വിശ്വാസമുണ്ടായിരുന്നു.

ചേർന്നു നിന്നാൽ കൈ വിട്ടു കളയില്ലെന്നുള്ള വിശ്വാസം.

"നിനക്കിപ്പോ എന്നെക്കാൾ വലുത് അവളല്ലേ? നീ എന്നെ പിടിക്കേണ്ട "

വരദായുടെ സ്വരം പരിഭവതിന്റെതായി മാറി.

ഹരിക്കാ നിമിഷം അവരോട് ഒരുപാട് സ്നേഹം തോന്നി.

"ഒരിക്കലും എന്റെ അമ്മയേക്കാൾ വലുതായി എനിക്ക് ഈ ലോകത്ത് ഒന്നും തന്നെയില്ല. കാരണം ഇന്ന് ഈ നിലയിൽ ഞാനെത്തി നിൽക്കുന്നു എങ്കിൽ.. പാർവതിയേ സ്നേഹിക്കാനും അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവളോട് ചേർന്നു നിൽക്കാനും എനിക്ക് തോന്നിയെങ്കിൽ, അതെന്റെ അമ്മ എന്നെ വളർത്തിയ ഗുണം കൊണ്ടാണ്. അമ്മയല്ലേ എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത്. മറ്റുള്ളവരെ സഹായിക്കാനും അവരോട് സഹതാപം കാണിക്കാനും പഠിപ്പിച്ചതും അമ്മയല്ലേ? അതിൽ മായം ചേർക്കാൻ ഹരിക്ക് കഴിയില്ല "

ഹരി വീണ്ടും ഒറ്റ കൈ കൊണ്ട് വരദയെ അവനോട് ചേർത്ത് പിടിച്ചു.

ഇപ്പോൾ ആ മുഖത്തു കാണുന്നത്രയും അഭിമാനമാണ്.

ഭദ്രയും കൈമൾ മാഷും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി.

"വർഷങ്ങളോളം സ്നേഹിച്ചിട്ടും അവളോട് പറയുന്നതിനും മുന്നേ അമ്മയോടല്ലേ ഞാൻ പറഞ്ഞത്? ഒരിക്കൽ.. ഒരിക്കൽ അവളെ വിട്ടു കളയേണ്ടി വന്നപ്പോൾ ഞാനെത്ര വേദനിച്ചുവെന്ന് നിങ്ങൾക്കാർക്കും അറിയില്ലമ്മേ. ആരെയും അറിയിച്ചിട്ടില്ല ഞാനത്. സ്വയം വേദന കൊണ്ട് പിടഞ്ഞപ്പോഴും അതറിഞ്ഞു നിങ്ങൾക്ക് വേദനിക്കരുത് എന്ന് ഞാനൊർത്തതും എന്റെ സ്നേഹമല്ലേ അമ്മേ?"

ഹരിയുടെ മുറുകിയ കൈകൾക്ക് മീതെ വരദയുടെ കൈകളും അമർന്നു.

"അപ്പോഴും അവൾക്കൊരു നല്ല ജീവിതം കിട്ടണം എന്ന് തന്നെ ആയിരുന്നു ഞാൻ പ്രാർഥന നടത്തിയതത്രയും. അല്ലാതെ ശപിക്കാൻ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലല്ലോ? ഇപ്പൊ.. ഇപ്പൊ ദൈവം എനിക്ക് വീണ്ടും ഒരു അവസരം തന്നതാണങ്കിലോ അമ്മേ? കൈ വിട്ടു കളയാൻ എനിക്ക് പറ്റുന്നില്ല.അത്രേം... അത്രേം സ്നേഹിച്ചു പോയി."

ഹരിയുടെ ശബ്ദം വീണ്ടും നേർത്തു.

വരദ അവനെ വേദനയോടെ നോക്കി.

"എന്റെ അമ്മയായിട്ടല്ല. ഭദ്രയുടെ അമ്മയായി നിന്ന് ചിന്തിച്ചു നോക്കണം. അപ്പോൾ അമ്മക്കാ പെണ്ണിനെ മനസ്സിലാവും. അവളുടെ വേദനകളിൽ എന്റെ അമ്മയ്ക്കും വേദനിക്കും "

ഹരി അവരുടെ നേരെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

"അമ്മയുടെ പൂർണ സമ്മതമില്ലാതെ ഞാനൊരിക്കലും അവളുടെ കൈ പിടിക്കില്ല. ഇതെന്റെ വാക്കാണ്."

ഹരിയുടെ കൈ അവരുടെ മേൽ ഒന്നൂടെ മുറുക്കി.

"എടാ മോനെ.. അവൾക്കൊരു ഭർത്താവ് ഉണ്ടായിരുന്നു. ഒരു കുഞ്ഞിന്റെ അമ്മയാണ്..."

വരദയുടെ ചോദ്യം കേട്ടവൻ ചിരിച്ചു.

"ഹരി പ്രസാദ് സ്നേഹിച്ചു പോയത് പാർവതിയുടെ ശരീരത്തേയല്ലല്ലോ അമ്മേ?"

പിന്നെന്താണ് അവനോട് പറയേണ്ടതെന്നറിയാതെ നിന്ന് പോയി വരദ.

"നന്നായി ആലോചിച്ചു നോക്കണം. അതുപക്ഷേ നാട്ടുകാർ എന്ത് പറയും എന്നതിനെ കുറിച്ചല്ല. അമ്മയുടെ മോൻ സന്തോഷത്തോടെ ജീവിക്കണോ വേണ്ടയോ എന്നത്. എത്ര ആലോചിച്ചു നോക്കിയിട്ടും പിന്നെയും വേണ്ടന്ന് തന്നെയാണ് അമ്മയ്ക്ക് കിട്ടുന്ന ഉത്തരമെങ്കിൽ..ഞാനും ഉപേക്ഷിക്കും. പാർവതിയോടുള്ള എന്റെ പ്രണയം ഉപേക്ഷിച്ചു മടങ്ങും എന്നല്ല, അവളെ എന്നോട് ചേർക്കാൻ ആലോചിച്ചത് ഞാൻ ഉപേക്ഷിക്കും എന്നാണ് പറഞ്ഞത് "

വളരെ വ്യക്തമായി ഹരി അവന്റെ മനസ്സ് അവരുടെ മുന്നിൽ തുറന്നു വെച്ച് കൊടുത്തു.

"പക്ഷേ പിന്നീട് മറ്റൊരു വിവാഹത്തിനു വേണ്ടി അമ്മയെന്നെ നിർബന്ധിക്കരുത്. വാശിയോ വൈരാഗ്യമോ ഒന്നും മനസ്സിൽ സൂക്ഷിച്ചിട്ടല്ല എന്റെ ഈ തീരുമാനം. ഒരിക്കൽ എന്റെ പ്രാണൻ ആയിരുന്നവൾ... അവളോടൊപ്പം അന്നും ഒരു ജീവിതം ഞാനെത്ര സ്വപ്നം കണ്ടിട്ടുണ്ടന്നോ? അന്ന് പക്ഷേ ദൈവം എന്റെ സ്നേഹത്തേ പരീക്ഷിച്ചു.ഇന്നവൾ ജീവിതത്തിൽ ഒന്നുമാവാതെ നിൽക്കുന്നത് കണ്മുന്നിൽ ഉണ്ടായിട്ടും.. അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്ക്... എനിക്ക് വയ്യാഞ്ഞിട്ടാ.."

ഹരി കൈമൾ മാഷിന് മുന്നിൽ പോയി നിന്നു.

"ഒരുപാട് കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നു കൊടുത്ത എന്റെ അച്ഛന് പറയാതെ തന്നെ എന്റെ മനസ്സറിയാൻ കഴിയും എന്നെനിക്കുറപ്പുണ്ട്. അത് കൊണ്ട് തന്നെ അച്ഛനോട് എനിക്കൊന്നും പറയാനില്ല "

ഒന്നും പറയാതെ അവന്റെ തോളിൽ തട്ടി മാഷ്.

"എനിക്ക് വേണ്ടി അച്ഛനോ നീയോ അമ്മയെ നിർബന്ധിക്കരുത്. പാർവതിയേ അമ്മ പൂർണ്ണമായും അംഗീകരിക്കുന്നത് വരെയും എന്റെയിഷ്ടം അവളെ ഞാൻ അറിയിക്കില്ല."

ഹരി ഭദ്രയേ നോക്കി പറഞ്ഞു.

അവൾ തല കുലുക്കി കാണിച്ചു.

"ഇനി എനിക്ക് വേണ്ടി അമ്മ അവളെ കാണണോ ഈ വിവാഹം വേണ്ടന്നും എന്നെ ഇഷ്ടമല്ലെന്നും പറയാൻ വേണ്ടി അവളോട് ആവിശ്യപെടുകയോ ചെയ്തിട്ട് സ്വയം ചെറുതാവില്ലെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും അമ്മയുടെ സമ്മതമില്ലാതെ ഹരി അവളുടെ കൈ പിടിക്കില്ലെന്ന് ഞാൻ ഒരിക്കൽ കൂടി ഉറപ്പ് തരുന്നു "

ചിരിയോടെ അവരെയെല്ലാം ഒരിക്കൽ കൂടി നോക്കിയിട്ട് ദക്ഷ മോളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട് ഹരി അവന്റെ മുറിയിലേക്ക് കയറി പോയി.

                       ❣️❣️❣️❣️

"നിന്നെ ഞാൻ ലച്ചു ന്ന് വിളിച്ചാലോ?"

സീതയുടെ കാൽമുട്ടിലേക്ക് താടി കുത്തി വെച്ചിട്ട് കണ്ണൻ ചോദിച്ചപ്പോൾ അവളുടെ മുഖം ചുളിഞ്ഞു പോയി.

"സീതാലക്ഷ്മീന്നും ദുർഗാലക്ഷ്മീന്നും മിനിറ്റിന് മിനിറ്റിന് വിളിച്ചു കൂവുന്നത് പോരാഞ്ഞിട്ടാണോ ഇനി പുതിയ പേരിടുന്നത്?"

സീത അവനെ നോക്കി കളിയാക്കി ചോദിച്ചു.

"ശോ.. ഇവളെയിന്ന് ഞാൻ "
കണ്ണൻ നിരാശയോടെ അവളെ നോക്കി കണ്ണുരുട്ടി.

"ചീതാ ലക്ഷ്മിന്നൊക്കെ എല്ലാരും വിളിക്കുന്നതല്ലേ? എല്ലാരേം പോലെയാണോ എനിക്ക് നീയും നിനക്ക് ഞാനും? നമ്മൾ സ്പെഷ്യലല്ലേ? അപ്പൊ വിളിക്കുന്നതും അൽപ്പം സ്പെഷ്യൽ ആയിക്കോട്ടെ ന്ന്. നീ ഒട്ടും റോമാന്റിക്ക് അല്ലെന്റെ ലച്ചു "

സീതയുടെ മൂക്കിൽ പിടിച്ചുലച്ചു കൊണ്ട് കണ്ണൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു പോയി.

"സീതാ ലക്ഷ്മി പഠിച്ച സിലബസ് മുഴുവനും ദുരിതവും കഷ്ടപാടും നിറഞ്ഞതായിരുന്നു കണ്ണേട്ടാ. പ്രണയത്തെ കുറിച്ച് ഓർക്കാൻ  പറ്റിയൊരു മനസ്സ്‌ പോലുമില്ലായിരുന്നു എനിക്ക്"

അതേ ചിരിയോടെ തന്നെ സീത പറഞ്ഞു.

"അതേതായാലും നന്നായി. നിന്റെ ഫസ്റ്റ് ലവ് ആവാൻ എനിക്കാണ് വിധി "

അവളുടെ വാക്കുകൾ കൊണ്ടേറ്റ പൊള്ളൽ മറച്ചു പിടിച്ചു കൊണ്ട് കണ്ണൻ ചിരിച്ചു.

അവളെ വലിച്ചു കൊണ്ട് അവനരികിലേക്കിരുത്തി.

"ലാസ്റ്റ് ലവും ഞാനായിരുന്നാൽ മതി "

അവൻ അവളുടെ ചെവിയോട് ചേർന്നു കൊണ്ട് പതിയെ പറഞ്ഞു.

സീത തൊള്‌ വെട്ടിച്ചു കൊണ്ടവനെ തുറിച്ചു നോക്കി.

"ഈ തൊട്ടുനോട്ടം എനിക്കിഷ്ടമാവുന്നില്ല കേട്ടോ കണ്ണേട്ടാ"

അവനെ നോക്കാതെ സീത പറഞ്ഞു.

"ഓ.. അത് ഭവതി പറഞ്ഞില്ലയെങ്കിലും എനിക്ക് മനസ്സിലാവുന്നുണ്ട്. "
കണ്ണൻ ചുണ്ട് കോട്ടി കൊണ്ട് അവളെ നോക്കി.

"ഞാനും ഇങ്ങനൊന്നും അല്ല ഹേ.വേണമെന്ന് വെച്ചിട്ടല്ല ന്റെ ലച്ചു. നിനക്ക് മുന്നിൽ നിൽകുമ്പോൾ പലപ്പോഴും ഞാൻ മറ്റെല്ലാം മറന്നു പോകുന്നു. നീ എന്ന ഒറ്റ ലോകത്തിലെ ഏകാന്ത സഞ്ചാരിയേ പോലെ.. നിന്നിലലിഞ്ഞും നിറഞ്ഞും ഞാൻ മാത്രം ഒഴുകിയാൽ മതിയെന്നൊരു തോന്നല് കൊണ്ടാണ്. എന്റെ.. എന്റെ സ്വന്തമാണീ സീതാ ലക്ഷ്മിയെന്ന ചിന്ത കൊണ്ട് ഇങ്ങനെയൊക്കെ അങ്ങ് സംഭവിച്ചു പോവുന്നതാ.. പക്ഷേ നിനക്കിഷ്ടമില്ലാത്ത ഒന്നിനും നിന്നെ ഞാൻ നിർബന്ധിക്കില്ല.. കണ്ണേട്ടൻ മാത്രം ചെയ്‌തോളാം. മോളത് അഡ്ജസ്റ്റ് ചെയ്താൽ മതി."

ഒടുവിൽ കള്ളചിരിയോടെ പറഞ്ഞു നിർത്തിയവന്റെ ചെവിയിലൊന്ന് പിടിച്ചു തിരിക്കാൻ സീതയുടെ കൈ തരിച്ചു.

അവൾ തുറിച്ചു നോക്കുന്നത് കണ്ട് അവൻ വേഗം അവളിൽ നിന്നും നോട്ടം മാറ്റി.

"സ്വന്തം ആണെന്നുള്ള ചിന്ത മാത്രം പോരാ കണ്ണേട്ടാ. ആദ്യം കണ്ണേട്ടൻ എനിക്കും ഞാൻ കണ്ണേട്ടനും പൂർണ്ണമായും സ്വന്തമാണെന്ന് മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കണ്ടേ?അല്ലാത്ത പക്ഷം ഇതെല്ലാം തെറ്റ് തന്നെയാവും. നമ്മുക്ക് തോന്നിയില്ലേലും കാണുന്നവർക്ക് മുന്നിൽ. പ്രതേകിച്ചും ഞാൻ കൂടെ ഉണ്ടാവുമ്പോൾ. അത്ര സ്നേഹമാണ് എന്നോട്."

സീത പറയുന്നത് കേട്ട് കണ്ണൻ ചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞിരുന്നു.

"അത് നീ പറയരുത് ലച്ചു. ഇഷ്ടം തോന്നിയ പെണ്ണിനെ.. ഹൃദയം മോഹിച്ച പെണ്ണിനെ അവളോടാ ഇഷ്ടം പറയും മുന്നേ സ്വന്തം കുടുംബകാരുടെ മുന്നിൽ നിന്നിട്ട് അന്തസ്സോടെ താലി കെട്ടിയ ലോകത്തിലെ ആദ്യത്തേ കാമുകൻ എന്നുള്ള ബഹുമതി, അത് നിന്റെ കണ്ണേട്ടനുള്ളതാ "

കൈകൾ കൊണ്ട് ഷർട്ടിന്റെ കോളർ പിന്നിലേക്ക് വലിച്ചിട്ട് ഗമയിൽ ഇരിക്കുന്നവനെ സീത ചിരിയോടെ നോക്കി.

"അപ്പൊ കരുതിക്കൂട്ടി ആയിരുന്നു. ല്ലേ?"

സീതയുടെ കണ്ണുകൾ അവന് നേരെ കൂർത്തു.

"അല്ലടോ. തന്നേ പോലെ എന്നെയും പൂട്ടാൻ ഇവിടുള്ളവർ മനഃപൂർവ്വം ഒരുക്കിയ കെണിയിൽ വീണു പോയതാ. പക്ഷേ പിന്നീട് നടന്നത് തീർച്ചയായും അറിഞ്ഞു കൊണ്ട് ഞാൻ കളിച്ച കളിയായിരുന്നു. നിന്നെ നേരിട്ടെന്ന് കാണാൻ കൊതിച്ചു വന്ന എനിക്ക്.. നിന്നെയെന്റെ സ്വന്തമാക്കുവാൻ ഇതിലും മികച്ചൊരു അവസരമിനി കിട്ടില്ലെന്ന്‌ തോന്നി. ഒടുവിൽ വീണിടത്തു കിടന്നുരുളാൻ ഞാനും തീരുമാനിച്ചു. അങ്ങനെ ഞാനേറേ മോഹിച്ച എന്റെ പെണ്ണെനിക്ക് സ്വന്തം "

സീതയുടെ തോളിൽ കൂടി കയ്യിട്ട് പിടിച്ചു കൊണ്ടവൻ ഹൃദയം നിറഞ്ഞു ചിരിച്ചു.

സീത വീർപ്പുമുട്ടലോടെയാണ് അവനോട് ചേർന്നിരിക്കുന്നത്.

"നിനക്കന്ന്.. ഒരുപാട് സങ്കടമായി എന്നറിയാമായിരുന്നു. വീണ്ടും എന്നെ മുന്നിൽ കണ്ടാൽ എന്റെയാണെന്നുള്ള ആ ഉറപ്പിനെ നീ ഉടച്ചു കളയുമോ എന്നുള്ള പേടി കൊണ്ട് തന്നെയായിരുന്നു ഞാനും അന്ന് രാത്രിയിൽ തന്നെ തിരികെ പോയത്. "

കണ്ണൻ അവളെ നോക്കി പറഞ്ഞു.

സീത ഒന്നും മിണ്ടാതെ കുളത്തിലേക്ക് കണ്ണും നട്ട് അവനെ കേട്ടിരുന്നു.

"കഴിഞ്ഞു പോയതെല്ലാം നീ അംഗീകരിക്കുന്ന നാൾ തിരികെ വരാം എന്നാണ് കരുതിയത്. പക്ഷേ ആദിയും സിദ്ധുവും പറഞ്ഞത് പോലെ, ഈ ജന്മം മുഴുവനും ഞാൻ കാത്തിരുന്നാലും അങ്ങനൊന്നും നിന്റെ മനസ്സിൽ ഉണ്ടാവില്ലെന്നും അതിനായി ഞാൻ നേരിട്ട് കളത്തിലിറങ്ങി കളിക്കേണ്ടി വരുമെന്നും മനസ്സിലായത് കൊണ്ടാണ് സാക്ഷൽ കിരൺ വർമയെന്ന ഞാൻ തന്നെ ഇങ്ങോട്ട് വന്നത്. അതിൽ സീതാ ലക്ഷ്മി ഫ്ലാറ്റ്"

അതും പറഞ്ഞിട്ട് കണ്ണൻ ഉറക്കെ പൊട്ടിച്ചിരിച്ചു.സീതയുടെ മുഖം ചുവന്നു.

സീത നേർത്തൊരു മന്ദഹാസതോടെ അവന്റെയാ ചിരിയിലേക്ക് നോക്കി ലയിച്ചിരുന്നു.

അവനും ആ പടവിലേക്ക് കൈ വെച്ച് അതിൽ തല ചേർത്ത് മലർന്ന് കിടന്നു.

"നിനക്കത് വെറുമൊരു മാല ആയിരിക്കാം. പക്ഷേ.. പക്ഷേ എനിക്കത് എന്റെ ഹൃദയമായിരുന്നു. ആരുമില്ലെന്നുള്ള തോന്നലിൽ ഞാൻ ആശ്വാസം കണ്ടെത്തിയ എന്റെ ജീവിതമായിരുന്നു. നിന്റെ ഹൃദയത്തോട് ചേർന്ന് എനിക്കൊരു സ്ഥാനമുണ്ടെന്നുള്ള അഹങ്കാരമായിരുന്നു."

കണ്ണൻ അവളെ നോക്കാതെയാണ് പറയുന്നത്.

"എന്റെ അമ്മയും പപ്പയും തനിച്ചാക്കി പോയതിന് ശേഷം ഞാനിത്രേം സന്തോഷതോടെ ചിരിച്ചിട്ടേയില്ല ലച്ചു. ഇത്രയും സമാധാനത്തോടെ എന്റെ ഹൃദയം മിടിച്ചിട്ടേയില്ല."

പതിയെ കണ്ണൻ പറഞ്ഞു.

സീതയുടെയും മനസ്സ് നിറഞ്ഞു പോയി അവന്റെയാ വാക്കുകൾ കേട്ടിട്ട്.

കാൽ മുട്ടിൽ കൈകുത്തി വെച്ച് അവളവനെ നോക്കിയിരുന്നു.

"താങ്ക്സ് ലച്ചു. എന്റെതായതിന്. എന്നെ മനസ്സിലാക്കിയതിനും."

പ്രണയം നിറയുന്ന അവന്റെ വാക്കുകളും മുഖവും.

സീതയുടെ ഉള്ള് വിറച്ചു പോയിരുന്നു.

"കടിച്ചു കുടയാൻ നിൽക്കുന്ന ബന്ധങ്ങൾക്കിടയിൽ ഞാൻ ഒറ്റക്കായി പോവുമോയെന്ന്, മരണം പിടി മുറുക്കുമ്പോൾ പോലും എന്റെ അമ്മയും പപ്പയും ഓർത്തു വേദനിച്ചു കാണും. ദൈവത്തിനോട് കേണ് പറഞ്ഞു കാണും മകന് വേണ്ടി... അതായിരിക്കാം നീ എനിക്ക് തുണയായതും "

വളരെ നേർത്ത ശബ്ദത്തിലാണ് അവൻ പറയുന്നത്.

എന്നിട്ടും അവയിലെ ഓരോ വാക്കും സീതയുടെ ഹൃദയഭിത്തിയിൽ പ്രകമ്പനം കൊള്ളിക്കുന്നത് പോലുണ്ടായിരുന്നു.

ഹൃദയമേതോ പ്രണയശ്രുതി താളമിടുന്നതും കാതോർത്തു കൊണ്ട് കണ്ണനും സീതയും പരസ്പരം ഒന്നും മിണ്ടാതെയിരുന്നു.

"കണ്ണേട്ടാ..."

അൽപ്പം കഴിഞ്ഞു ആ മൗനമുടച്ചതും സീതയാണ്.

കണ്ണൻ അവളെ നോക്കാതെ ഒന്ന് മൂളി.

"പോവണ്ടേ? മുത്തശ്ശി എണീക്കും."

അവളോർമ്മിപ്പിച്ചു.
"എനിക്കീ നിമിഷങ്ങളെ മതിയായില്ല ലച്ചു "

വീണ്ടും അവന്റെ സ്വരം നേർത്തു.

"ഒരായുസ്സ് മുഴുവനും ബാക്കിയില്ലേ?"

സീത ചിരിയോടെ ചോദിച്ചു.

അവനും ചിരിച്ചു കൊണ്ട് എഴുന്നേറ്റു.

"ഹരിയോട്... എന്നെ കുറിച്ച് പറഞ്ഞോ?"
സീതയെ സൂക്ഷിച്ചു നോക്കി കൊണ്ട് കണ്ണൻ ചോദിച്ചു.

മ്മ്ഹ്ഹ് "

അവൾ അവനെ നോക്കി.

"എന്തേ..? പറയാഞ്ഞേ?"

കണ്ണൻ അവളുടെ കൈയെടുത്ത് തലോടി കൊണ്ട് ചോദിച്ചു.

"പറയണം.."

സീത കൈ തിരികെ വലിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

"എന്ത് പറയും നീ?"

കണ്ണാനൊരു കള്ളചിരിയാണ്.

ആ ചോദ്യതിന് മുന്നിൽ സീത പകച്ചു.

"പറ.. ഞാൻ നിനക്കാരാണെന്ന് അവനോട് പറയും മുന്നേ നീ അതെന്നോട് പറഞ്ഞു കേൾക്കാൻ വെറുതെ ഒരു കൊതി "

അവൻ ചിരിച്ചു.

"അതിപ്പോ കണ്ണേട്ടൻ അറിയണ്ട. ഞാൻ ഹരിയോട് പറയേണ്ടത് ആദ്യം അവൻ തന്നെ കേട്ടോളും "

അരികിലേക്ക് വരുന്നവനെ ഒരു തള്ള് വെച്ച് കൊടുത്തു കൊണ്ട് സീത വേഗം എഴുന്നേറ്റു മാറി.

"ഓ. അവളുടെയൊരു കരി "
ചുണ്ട് കോട്ടി കൊണ്ട് അവനും എഴുന്നേറ്റു.

സീത ചുണ്ട് കൂട്ടി പിടിച്ചു കൊണ്ട് ചിരി അമർത്തി.

"അസൂയ തീരെയില്ല. അല്ലേ കണ്ണേട്ടാ?

"അസൂയയോ? ഇത് അസൂയ ആണോടി.?
കണ്ണൻ അവളെ കൂർപ്പിച്ചു നോക്കി.

"ഏയ്. അങ്ങനെ തോന്നുകയെ ഇല്ല "

"വാ. പോവാം "

തിരിഞ്ഞു നടക്കുന്നവന്റെ വാക്കുകൾക്ക്‌ വല്ലാത്ത ഭാരം.

സീത അവനൊപ്പം തന്നെ ചേർന്നു നടന്നിട്ട് അവന്റെ കയ്യിൽ വിരൽ ചേർത്ത് പിടിച്ചു.

കണ്ണൻ ചിരിയോടെ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story