സ്വന്തം ❣️ ഭാഗം 42

swantham

രചന: ജിഫ്‌ന നിസാർ

"നീ ഒന്നവിടെ നിന്നേ "
പിറകിലെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടാണ് സീത തിരിഞ്ഞു നോക്കിയത്.
പോവാനിറങ്ങിയതാണ് അവൾ.

കാർത്തിക്കാണ്.

അവന്റെ കണ്ണുകൾ ദേഹം മുഴുവനും ഇഴഞ്ഞു നിങ്ങുന്നതിന്റെ അസ്വസ്ഥത സീതയുടെ മുഖത്തു കാണാം.

"എന്താ?"
കടുപ്പത്തിൽ തിരിച്ചു ചോദിക്കുമ്പോൾ അവന്റെ മുഖത്തു പരക്കുന്ന ചിരിയിൽ നിറഞ്ഞതത്രയും പുച്ഛമാണെന്ന് അവൾക്ക് മനസ്സിലായി.

രാജി വളർത്തിയ മകനല്ലേ?

അതങ്ങനെയായില്ലങ്കിൽ മാത്രം സംശയിച്ചാൽ മതി.

"എന്താ മോളുടെ ഉദ്ദേശം?"

കവിളിൽ നാവിട്ട് ചുഴറ്റി വല്ലാത്തൊരു ഭാവത്തിൽ താടി ഉഴിഞ്ഞു കൊണ്ട് കാർത്തിക്ക് ചോദിച്ചു.

"അതറിഞ്ഞിട്ട് തനിക്കെന്ത് കാര്യം?"
സീതയുടെ കണ്ണുകളും അവന് നേരെ കൂർത്തു.

"സീത ലക്ഷ്മി വല്ല്യ മിടുക്കിയാണെന്ന് ഇവിടുത്തെ ചില ഊച്ചാളികൾ പറയുമായിരിക്കും. പക്ഷേ ആ മിടുക്ക് കൊണ്ട് കാർത്തിക്കിനെ കേറി ചൊറിയാൻ വന്നാൽ, മോള് വിവരമറിയും "

അവന്റെ കണ്ണുകൾ ചുരുങ്ങി.

"അതിന് നീ ഏതാ മോനെ കാർത്തിക്കെ? അത് പോലും എനിക്കറിയില്ല. അറിയുകയും വേണ്ട.വെറുതെ പോയ എന്നെ ഇങ്ങോട്ട് കേറി ചൊറിഞ്ഞിട്ട് നീ നിന്ന് ന്യായം പറയുന്നോ?"
സീതയും അൽപ്പം പോലും പേടിയില്ലാതെ അവനെ നേരിടാൻ തീരുമാനിച്ചത് പോലെ തിരിച്ചു ചോദിച്ചു.

"ഇതൊന്നുമല്ല ഞാൻ ചോദിച്ചതിന്റെ ഉത്തരം?"
അവൻ വീണ്ടും ചോദ്യം കടുപ്പിച്ചു.

"നീ ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞു കൊള്ളാമെന്ന് വാക്കൊന്നും തന്നിട്ടില്ലല്ലോ നിനക്ക് ഞാൻ?"

സീതയും നെഞ്ചിൽ കൈകെട്ടി നിന്ന് അവനെ നോക്കി.

കാർത്തിക്ക് പല്ല് കടിച്ചു കൊണ്ട് ചുറ്റും നോക്കി തല തടവി.

കുറച്ചു കൂടി സീതയുടെ അരികിലേക്ക് നീങ്ങി നിന്നു.

ഒരടി പോലും പിറകിലേക്ക് മാറാതെ സീതയും അവിടെ തന്നെ നിന്നുകൊണ്ടവനെ നേരിട്ടു.

"ഡോക്ടർ കിരൺ വർമ്മയുടെ പിറകെ കടിച്ചു തൂങ്ങി നടക്കുന്നത് കൊണ്ട് സീതാ ലക്ഷ്മി എന്താ ഉദ്ദേശിക്കുന്നത് എന്നതാ എന്റെ ചോദ്യം?"

കാർത്തിക്ക് സീതയുടെ കണ്ണിലേക്കു നോക്കി.

"അങ്ങനെ നടക്കുന്നുണ്ടെങ്കിൽ, എനിക്ക് പല ഉദ്ദേശങ്ങളും കാണും. അതെല്ലാം നിന്നോട് പറയുന്നതെന്തിനാ എന്നൊരു  ചോദ്യം എനിക്കുമുണ്ട്."

കാർത്തിക്കിന്റെ മുഖം ഇരുണ്ടു പോയിരുന്നു.

"അറിയാമെടി. നിനക്കൊക്കെ അങ്ങനെ പല ഉദ്ദേശങ്ങളും കാണുമെന്ന് എനിക്ക് ശരിക്കും അറിയാം. നിന്നെ പോലുള്ളവർക്ക് അതൊക്കെ ഈസിയല്ലേ? നീയൊക്കെ ജീവിക്കുന്നത് തന്നെ അതിനു വേണ്ടിയാണെന്ന് അറിഞ്ഞിട്ട് തന്നെയാ ഞാൻ നിന്റെ മുന്നിൽ വന്നു നിൽക്കുന്നത്. മനസ്സിലായോടി "

കാർത്തിക്ക് ശബ്ദം കുറച്ചു കൊണ്ടവളോട് ചീറി.

"മര്യാദക് സംസാരിച്ചോ. ഇല്ലേൽ അടിച്ചു നിന്റെ പല്ല് ഞാൻ കൊഴിക്കും "
സീത അവന് നേരെ വിരൽ ചൂണ്ടി.

ദേഷ്യം കൊണ്ട് അവളുടെ മുഖവും ചുവന്ന് പോയിരുന്നു.

"ചാവാൻ കിടക്കുന്ന തള്ളയെ നോക്കാൻ വന്നാൽ അത് നോക്കിയിട്ട് പോണം. അല്ലാതെ തറവാട്ടിൽ കാണാൻ കൊള്ളാവുന്ന ചെക്കന്മാരുടെ തോളിൽ തൂങ്ങാൻ നിൽക്കരുത്. അങ്ങനെയുള്ള നിന്നോടൊക്കെ ഇത്ര മര്യാദയിൽ സംസാരിക്കുന്നത് തന്നെ ഓവറാണെടി "
അവൻ ചുണ്ട് കോട്ടി.

"എടീ പോടീ ന്നൊക്കെ നിന്റെ വീട്ടിൽ പോയി വിളിച്ചു രസിച്ചോ . എനിക്കൊരു പേരുണ്ട്."

സീത അവനെ തുറിച്ചു നോക്കി.
സ്വന്തം അമ്മയുടെ രക്ഷകയായിരുന്ന മുത്തശ്ശിയേ അവൻ അതിസംബോധന ചെയ്ത രീതിയിൽ നിന്ന് തന്നെ ആ മുഖം നോക്കി ഒന്ന് കൊടുക്കണമെന്നുണ്ടായിരുന്നു സീതക്ക്.

അതിനവൾക് കൈ തരിച്ചതുമാണ്.
പിന്നെ ചെയ്യാഞ്ഞത് അവനെ പേടിച്ചിട്ടല്ല.
ചെയ്തു കഴിഞ്ഞതിനെ കുറിച്ച് ചോദ്യം ചെയ്യാൻ  വരുന്നവർക്ക് മുന്നിൽ കാരണം വിശദീകരിച്ചു കൊടുക്കേണ്ടിയും വരും. അപ്പോഴെല്ലാം ആ മുത്തശ്ശി കൂടി വേദനിക്കും.

അത് സഹിക്കാൻ വയ്യെന്നത് പോലെ സീത കണ്ണുകൾ ഇറുക്കി അടച്ചു.

"കിരണിനെ എന്റെ പെങ്ങളാണ് മോഹിച്ചത്. അവൻ അവൾക്കുള്ളതാണ് "സീതയെ ഓർമിപ്പിക്കും പോലെ കാർത്തിക്ക് പറഞ്ഞു.

"പെങ്ങളോട് പറയണം കിരൺ വർമയെ ഞാൻ എന്റെ ബാഗിൽ ഇട്ട് കൊണ്ടല്ല നടക്കാറുള്ളതെന്ന് "

സീത പരിഹാസത്തോടെ ചിരിച്ചു.

"ആരെ കണ്ടിട്ടാടി ഈ നെഗളിപ്പ്. അതിനുള്ളത് വല്ലതും ഉണ്ടോ നിനക്ക്?"

അവൻ വീണ്ടും അവളെ ചുഴിഞ്ഞു നോക്കി.

"ആരുമില്ലെങ്കിലും ജീവിക്കാൻ തന്നെയാണ് എന്റെയും തീരുമാനം."

അവളുടെ കൂസലില്ലായ്മ കാർത്തിക്കിനെ ചൊടിപ്പിച്ചു.

സീതാ ലക്ഷ്മിക്ക് ഇച്ചിരി വീറും വാശിയും പ്രതീക്ഷിച്ചു തന്നെയാണ് അവളുടെ മുന്നിലേക്ക് ഇറങ്ങി വന്നത്.

ഇതിപ്പോൾ, മനസ്സിൽ കണ്ടതിനേക്കാളും പൊള്ളലുള്ള ഒരു പെണ്ണ്.

ഭയത്തിന്റെ നേരിയ ഒരംശം പോലും അവളുടെ വാക്കിലോ നോക്കിലോ ഇല്ലെന്നത് അവനെ അതിശയിപ്പിച്ചു.

തീയായി .. സ്വയം ആളുന്നതിനൊപ്പം തൊടുന്നവനെയും ഭസ്മമാക്കാൻ കഴിയുമെന്നത് പോലെ അവളെങ്ങനെ മുന്നിൽ നിന്നിട്ട് ജ്വലിക്കുമ്പോൾ, ഒരുവേള കണ്ണനോട് തന്റെ മനസ്സിലൊരു അസൂയ പൊടിയുന്നുണ്ടെന്ന് കാർത്തിക്ക് തിരിച്ചറിഞ്ഞു.

"സീതാ ലക്ഷ്മി ആരുടേയും ഔദാര്യത്തില്ലല്ല കാർത്തിക്കെ ജീവിക്കുന്നത്. എനിക്കാരോടും കാരണം ബോധിപ്പിച്ചു കൊണ്ട് സർട്ടിഫിക്കറ്റ് വാങ്ങിക്കാനുമില്ല. അത് കൊണ്ട് നീ പോയി നിന്റെ പെങ്ങളെ ആശ്വാസിപ്പിക്കാൻ ശ്രമിക്ക്. കിരൺ വർമയെ പ്രണയിക്കുന്നുണ്ടെങ്കിൽ, അത് അയാളോട് പോയി പറഞ്ഞിട്ട് അതിനൊരു തീരുമാനം ഉണ്ടാക്കാൻ നോക്ക് ആങ്ങളയും പെങ്ങളും കൂടി. അല്ലാതെ എന്റെ നെഞ്ചിലോട്ട് പാഞ്ഞു കയറിയാലൊന്നും ഡോക്ടറെ കിട്ടൂല "

കളിയാക്കി പറഞ്ഞു കൊണ്ട് സീത തിരിഞ്ഞു നടന്നു.

പക്ഷേ കാർത്തിക്ക് അവളുടെ കയ്യിൽ പിടിച്ചു വലിച്ചിട്ട് ചുവരിൽ ചേർത്ത് നിർത്തി.

"അങ്ങനെയങ്ങു പോയാലോ? ചേട്ടൻ പറഞ്ഞു കഴിഞ്ഞില്ലല്ലോ?"

കാർത്തിക്ക് പിടിച്ചു നിർത്തിയ കയ്യിലേക്ക് സീതയുടെ നോട്ടം നീണ്ടു.

ആ നോട്ടത്തിലെ തീവ്രത കൊണ്ട് അറിയാതെ തന്നെ അവന്റെ കൈ അയഞ്ഞു പോയി.

പക്ഷേ ഞൊടിയിട കൊണ്ട് മുഖത്തു തെളിഞ്ഞ പതർച്ച അവൻ മറികടന്നിരുന്നു.

"സീതാ ലക്ഷ്മി.. അടുത്തറിയുന്നവർക്ക് സ്ട്രോങ്ങായ അഹങ്കാരി. ഇങ്ങോട്ടോ അങ്ങോട്ടോ എന്നും പറഞ്ഞു കിടക്കുന്ന അച്ഛൻ.ഭർത്താവ് ഉപേക്ഷിച്ചു, കുഞ്ഞിനേം കൊണ്ട് വീട്ടിൽ ഒതുങ്ങി കൂടിയ ഒരു ചേച്ചി.കോളേജിൽ രാഷ്ട്രീയം കളിച്ചു നടക്കുന്ന ഒരു അനിയൻ. പൂർത്തിയായി. സ്ട്രോങ്ങ്‌ സീതാ ലക്ഷ്മിയുടെ ഫാമിലി ചരിത്രം ഫുള്ള് ചികഞ്ഞിട്ട് തന്നെയാണ് ഞാനീ കളിക്കിറങ്ങി തിരിച്ചത് "

തനിക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും നടന്നു കൊണ്ട് പറയുന്ന കാർത്തിക്കിനെ സീത തുറിച്ചു നോക്കി.

"ഇതൊക്കെ ഞാനെങ്ങനെ അറിഞ്ഞന്നാവും നീയിപ്പോ ചിന്തിച്ചു നോക്കുന്നത്. അല്ലേ?"

അവന്റെ ചുണ്ടിലൊരു വഷളൻ ചിരിയുണ്ട്.

"ഒരിക്കൽ കൂടി പറയാം. കിരണിന്റെ നിഴൽ വെട്ടത്തിൽ പോലും നീ ഉണ്ടാവരുത്. നഷ്ടം നിനക്ക് മാത്രമായിരിക്കും സീതാ ലക്ഷ്മി. വല്ല്യ വീട്ടിലെ ചെക്കന്മാർക്ക് ഉടുപ്പ് മാറുന്ന ലാഘവത്തോടെ കാണാനുള്ളതാണ് നിന്നേ പോലുള്ള പെൺകുട്ടികളുടെ സ്നേഹം. പരമാവധി ഊറ്റിയെടുത്തു കഴിഞ്ഞു അവൻ വലിച്ചെറിഞ്ഞു കളയുന്ന വെറും ചണ്ടിയാവണോ നിനക്ക്?"

കാർത്തിക്കിന്റെ കണ്ണിൽ കൗശലം മിന്നി മാഞ്ഞു.

സീത കടുത്ത മുഖത്തോടെ അവനെ തന്നെ നോക്കി നിന്നു.
അവൻ അവനെ തന്നെ വരച്ചു കാണിക്കുകയാണ്.ഇത്തരം വിലകുറഞ്ഞ ജല്പനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലയെന്ന് അവൾക്കറിയാം

അതിനേക്കാൾ കണ്ണനെന്ന വ്യക്തിയേ അറിയാം.
അവനിലെ നന്മകളെ അറിയാം.

"നിന്റെ കുടുംബത്തിന്റെ ഒരേ ഒരു പ്രതീക്ഷയല്ലേ നീ? നിന്നെ ഞാൻ ഒന്നും ചെയ്യില്ല. പക്ഷേ...."

അവനപ്പോൾ കഴുകന്റെ കണ്ണുകളാണ്.
സീത ശ്വാസം പിടിച്ചു.

"ജിഎം കോളേജിൽ കാർത്തിക്ക് ഇപ്പോഴും ഹീറോയാണ്. ഞാൻ പറയുന്നത് അത് പോലെ ചെയ്യാൻ അവിടെ എനിക്കിപ്പോഴും ആളുകളുണ്ട്.അവിടല്ലേ നിന്റെ അനിയനുള്ളത്.?"

ക്രൂരത നിറഞ്ഞ ചിരിയോടെ കാർത്തിക്ക് അവളെ നോക്കി താടി ഉഴിഞ്ഞു.

"നിന്റെ ചേച്ചിക്കൊരു മോളുണ്ട്. അല്ലേ? അമ്മയില്ലാത്ത മോളും മോളില്ലാത്ത അമ്മയും ഭയങ്കര വേദനയാണ് സീതാ ലക്ഷ്മി.ഹരി പ്രസാദ് നിന്റെ പ്രിയപ്പെട്ട കൂട്ടുകാരനോ അതോ....?

തുറിച്ചു നോക്കുന്ന സീതയുടെ നോട്ടങ്ങളെ പാടെ അവഗണിച്ചെന്നത് പോലെ കാർത്തിക്ക് തുടർന്നു.

"വെടക്കാക്കി തനിക്കാക്കുക എന്നൊരു നയമുണ്ട്. അതിനെ കുറിച്ചറിയാവോ നിനക്ക്?"

സീത ഉണ്ടന്നോ ഇല്ലന്നോ പറഞ്ഞില്ല.

"ആര്യക്ക് കിട്ടിയില്ലെങ്കിൽ, കിരൺ പിന്നെ ആർക്കും വേണ്ട. തീർത്തു കളയും ഞാൻ."

അരികിലേക്ക് നീങ്ങി നിന്നിട്ട് പതിയെ... വളരെ പതിയെ ക്രൂരമായി കാർത്തിക്ക് പറയുമ്പോൾ സീത വിറച്ചു പോയിരുന്നു.
കൈ വിരലുകൾ തോളിൽ കിടന്ന ബാഗിൽ മുറുകി.

"പേടിച്ചു പോയല്ലേ നീ?ഒന്നും.. ഒന്നും ചെയ്യില്ല ഞാൻ. നീ വിചാരിച്ചാൽ. നിനക്ക് നിന്റെ കുടുംബം തിരികെ കിട്ടും. പിന്നെ കിരൺ. ഒപ്പം നടന്നിട്ട് നേടാനുള്ളത് ഇതിനോടകം തന്നെ നീ നേടി എടുത്തു കാണും. സീതാ ലക്ഷ്മി മിടുക്കിയല്ലേ? "

കീഴ്ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് കാർത്തിക്ക് പറയുമ്പോൾ സീത അറപ്പോടെ മുഖം തിരിച്ചു.

ഉള്ളിലെ വീര്യം ചോർന്നു പോകുന്നുണ്ട്. വിലപേശാൻ മുന്നിലേക്ക് കുടഞ്ഞിട്ട് തന്നത് സീതാ ലക്ഷ്മിയുടെ പ്രിയപ്പെട്ടവരെയാണ്. ജീവിക്കാനുള്ള കാരണങ്ങളെയാണ്.

കണ്ണന്റെ ചിരി അവളെ കൂടുതൽ തളർത്തി.
അർജുൻ... ലല്ലു.. പാറുവേച്ചി.. ഹരി.

നിമിഷങ്ങൾ കൊണ്ട് അവരെല്ലാം അവൾക്ക് മുന്നിലേക്ക് ഓടിയെത്തി.

സീതയൊന്നു തല കുടഞ്ഞു.

അവളുടെ ഓരോ ഭാവങ്ങളെയും സൂക്ഷിച്ചു നോക്കി നിൽക്കുന്ന കാർത്തിക്കിൽ അവളുടെ മിഴികൾ ഉടക്കി നിന്നു.

ഇല്ല. ഇവനെ പോലൊരുവന്റെ മുന്നിൽ തോൽക്കുന്നതും സീതാ ലക്ഷ്മി മരിക്കുന്നതും ഒരുപോലാണ്.

അവൾക്കുള്ളിലെ വാശികാരി മുരണ്ടു.

പേടിച്ചോടാൻ തുടങ്ങിയാൽ പേടിപ്പിക്കാനും നിറയെ ആളുകൾ ഉണ്ടാവുമെന്നത് അനുഭവങ്ങൾ കൊണ്ട് പഠിച്ചതാണ്.

കഴിയും പോലെ പൊരുതിയിട്ട് തന്നെയാണ് ഇത്രേം വരെയും എത്തിയത്. ഇനിയും ഉള്ളിൽ പൊരുതാനുള്ള ഊർജം ബാക്കിയുണ്ട്.

ഹൃദയമറിയുന്നൊരു കൂട്ട്കാരനെ കൂടാതെ ഹൃദയം മുഴുവനും നിറഞ്ഞു നിൽക്കുന്ന പ്രാണനായൊരുവൻ കൂടി ധൈര്യം പകരൻ ഉണ്ടാവുമ്പോൾ, തോറ്റു പോകുന്നതെങ്ങനെ.

സീത കാർത്തിക്കിനെ നോക്കി ഒന്ന് ചിരിച്ചു.

"കുരക്കും പട്ടി കടിക്കില്ലെന്നൊരു നയം കൂടിയുണ്ട് കാർത്തിക്കെ. അത് നീ കേട്ടിട്ടുണ്ടോ?"

ഇനിയും തീർന്നു പോകാത്ത ആ പെണ്ണിന്റെ വാശിയും വീറും നിറഞ്ഞ മുഖത്തേക്ക് കാർത്തിക്ക് പകച്ചുനോക്കി.

"സീതാ ലക്ഷ്മിയേ ഉടുക്ക് കാട്ടി പേടിപ്പിക്കാൻ നോക്കല്ലേ? ഏൽക്കൂല "

അവൾ അവനെ പരിഹസിച്ചു.
കാർത്തിക്ക് പല്ല് കടിച്ചു പിടിച്ചു കൊണ്ടവളെ നോക്കി.

"കിരൺ വർമയേ നീ വിട്ടു തരില്ലെന്ന്. അല്ലേ?"

അവന്റെ സ്വരം പുകയുന്ന പോലെ തോന്നി അവൾക്ക്.

"അല്ല. കിരൺ വർമ്മയെ ഞാൻ പിടിച്ചു വെച്ചിട്ടില്ല എന്ന്."

നെഞ്ചിൽ കൈ കെട്ടി നിന്നിട്ട് സീത പറഞ്ഞു.

"നീ അനുഭവിക്കും "
കാർത്തിക്ക് വിരൽ ചൂണ്ടി.

"നീ ഒരു ചുക്കും ചെയ്യില്ല "
സീത ചിരിച്ചു.

പിന്നെ പതിയെ തിരിഞ്ഞു നടന്നു.

റിസൾട് കാത്ത് നിൽക്കുന്ന ഏതോ ഒരാൾക്ക് കാർത്തിക് കൈ ഉയർത്തി കാണിച്ചു കൊടുത്തറിയാതെ തിരിഞ്ഞു നടക്കുമ്പോൾ, അവനേൽപ്പിച്ച മുറിവിൽ നിന്നും ചോര കിനിയുന്നത് സീത അറിഞ്ഞിരുന്നു.

ഹൃദയമൊരു സ്വപ്നയാത്രയുടെ പല്ലക്കിലായിരുന്നു.

എത്ര വേഗത്തിലാണ് വലിച്ചു താഴെയിട്ടത്.

എത്രയൊതുക്കി പിടിച്ചിട്ടും ഭീതിയുടെ കരിവണ്ടുകൾ അവൾക്ക് ചുറ്റും മൂളി പറന്നിട്ട് അലോസരപെടുത്തി.

അവിടെ നിന്നെങ്ങനെയെങ്കിലും വീട്ടിലൊന്ന് എത്തികിട്ടിയാൽ മതിയെന്നായിരുന്നു സീതയുടെ ഉള്ളിൽ.

ഉമ്മറപടിയിൽ നിന്നും മുറ്റത്തെക്ക് കാലെടുത്തു കുത്തും മുന്നേ കേട്ട ചൂളം വിളിയിൽ അവൾ അറിയാതെ തന്നെ നിന്ന് പോയി.
ചുണ്ടിൽ ഒരു ചിരി മിന്നി.
തിരിഞ്ഞു നോക്കുമ്പോൾ കണ്ടു ചൂളം വിളിച്ചു കൊണ്ടൊരു പാട്ട് മൂളി മുണ്ടും മടക്കി കുത്തി വരുന്ന കണ്ണനെ.

"ആര്യക്ക് കിട്ടിയില്ലെങ്കിൽ കിരൺ വർമയെ ആർക്കും കിട്ടില്ല. തീർത്തു കളയും ഞാൻ "

ഉള്ളിലൂടെ കൊള്ളിയാൻ മിന്നിയത് പോലെ കാർത്തിക്കിന്റെ സ്വരം. സീത വിറച്ചു പോയി.
ചുണ്ടിൽ ഊറി കൂടിയ ചിരി മാഞ്ഞു.

"ബാ. പോവാം "
അരികിലെത്തി കണ്ണൻ പറഞ്ഞിട്ടും അവനവന്റെ മുഖത്തു നോക്കി ശിലപോലെ നിന്നു.

"അതേയ്. എന്റെ സൗന്ദര്യം പിന്നെ കാണാം. ഇപ്പൊ ആരെങ്കിലും കാണും മുന്നേ വാ ലച്ചു "

ചുറ്റും നോക്കി കൊണ്ട് കണ്ണൻ പറഞ്ഞു.
ഉള്ളിലുള്ളത് അവനറിയരുത് എന്നുള്ള നിർബന്ധം ഉള്ളത് പോലെ സീത വീണ്ടും ചുണ്ടിലേക്ക് ഒരു ചിരിയേ പിടിച്ചു വലിച്ചു കൊണ്ട് വന്നു.

അവനറിഞ്ഞാൽ വീണ്ടും ഇവിടൊരു വഴക്ക് നടക്കും. എതിർചേരികൾ ഒന്നിച്ചു നിൽക്കുമ്പോൾ എന്റെ കണ്ണൻ ഒറ്റയ്ക്കാവും.

സീതയുടെ ഹൃദയം ആർദ്രമായി.

"എങ്ങോട്ടാ?"
സീത കണ്ണനെ നോക്കി കണ്ണുരുട്ടി.

"അങ്ങനൊന്നുമില്ല "

കണ്ണൻ ഇളിച്ചു കാണിച്ചു.

"ഞാനെന്റെ വീട്ടിലേക്കാ "

"എങ്കിൽ ഞാനും "
അവൻ പുരികം പൊക്കി.

സീതയുടെ കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവനെ നോക്കി.

"എടീ ഇങ്ങനെ കണ്ണുരുട്ടി പേടിപ്പിക്കാതെ. ഞാനും വരുന്നുണ്ട് എന്ന് പറഞ്ഞതിലെന്താ ഇത്ര തെറ്റ്? നിന്റെ ഒരേയൊരു ഭർത്താവല്ലേ ഞാൻ?"
കണ്ണന്റെ മുഖത്തൊരു കള്ളച്ചിരിയുണ്ടായിരുന്നു.

"ഭർത്താവ്...."
സീത അവനെ തുറിച്ചു നോക്കി.

"ആ. ഭർത്താവ് തന്നെ "
ചുറ്റും ഒന്ന് കൂടി നോക്കിയിട്ട് അവൻ അവളുടെ കഴുത്തിൽ കിടന്നു മാല വലിച്ചു ചുരിദാറിന്റെ പുറത്തേക്കിട്ട് കൊടുത്തു.
അവനിലൊരു വിജയചിരിയുണ്ട്.

"താലികെട്ട് കഴിഞ്ഞിട്ടുള്ളു. ഞാനിപ്പോഴും കന്യകനാണെടി "

ഇച്ചിരി നാണം അഭിനയിച്ച അവന് നേരെ നോക്കുമ്പോൾ സീതയുടെ മുഖം ചുവന്നു.

"ഇത്തിരി നേരം നിന്റെ കൂടെ കാറ്റ് കൊണ്ട് നടക്കാനൊരു കൊതി. അല്ലാതെ വേറൊന്നും എന്റെ മനസ്സിലില്ല. നീയാണേ സത്യം. ന്റെ പൊന്നൂ.."
കണ്ണൻ അവളുടെ നേരെ കൈ കൂപ്പി കാണിച്ചു.

സീതയുടെ മുഖം അയഞ്ഞു.

വാ "
കണ്ണൻ വീണ്ടും ചിരിച്ചു കൊണ്ട് വിളിച്ചു.

കണ്ണൻ "

നടക്കാനൊരുങ്ങും മുന്നേ പിറകെ നിന്നും റിമിയുടെ സ്വരം കേട്ടിട്ട് കണ്ണൻ കണ്ണടച്ച് പല്ല് കടിച്ചു.

"നശിപ്പിച്ചു. ശവം "
അവൻ പതിയെ പറഞ്ഞു.

റിമി ഓടിയിറങ്ങി വരുന്നുണ്ട്.

"നിനക്കിപ്പോ സമാധാനമായോ? അവളുടെയൊരു ചോദ്യം ചെയ്യൽ "

അവൻ സീതയെ നോക്കി കണ്ണുരുട്ടി.

സീത ചിരി കടിച്ചു പിടിച്ചു നോക്കുന്നുണ്ട്.

"എവിടെ പോകുവാ കണ്ണൻ?"
റിമിയുടെ ചോദ്യം.

"ഏയ്‌. ഞാൻ വെറുതെ. ഇച്ചിരി ദൂരം നടക്കാനിറങ്ങിയതാ. അപ്പോഴാ സീതാ ലക്ഷ്മിയേ കണ്ടത് "
സീതയെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് കണ്ണൻ പറഞ്ഞു.

"ഓ. ഇതാണ് സീതാ ലക്ഷ്മിയല്ലേ? വന്നപ്പോ മുതൽ ഒരുപാട് കേട്ടു. ഇപ്പഴാ കാണാൻ പറ്റിയത്. എനിവേ.. നൈസ് ടു മീറ്റ് യൂ സീതാ ലക്ഷ്മി "

റിമിയുടെ കൈകൾ സീതയുടെ നേരെ നീണ്ടു.
സീതയും ചിരിച്ചു കൊണ്ട് കൈ നീട്ടി.

"കണ്ണൻ പറഞ്ഞു കാണുമല്ലേ എന്നെ പറ്റി? എനിക്കറിയാം. അവന് ഞാൻ അത്രയും പ്രിയപ്പെട്ടതാണ് "

സീതയുടെ കൈകൾ റിമിയുടെ കൈയിൽ ഞെരിഞ്ഞു.

റിമി അങ്ങനെ പറഞ്ഞപ്പോൾ സീതയുടെ നേരെയായിരുന്നു കണ്ണന്റെ കണ്ണുകൾ.

"സീതയ്ക്ക് പോവാൻ ടൈമായി റിമി "
കണ്ണൻ പറഞ്ഞു.

'ഓ.. എങ്കിൽ വാ. നമ്മൾക്ക് നടന്നു കൊണ്ട് സംസാരിക്കാമിനി. കണ്ണൻ ഏതായാലും ഇറങ്ങിയതല്ലേ. ഒരു കമ്പനി ഞാൻ ഓഫർ ചെയ്യാം "

ഔദാര്യം പോലെ റിമി അത് പറഞ്ഞപ്പോൾ കണ്ണന്റെ മുഖത്തു ദേഷ്യം നിറയുന്നത് സീത കണ്ടിരുന്നു.

"വാ കണ്ണൻ. പോവാം "
റിമി ഉത്സാഹത്തോടെ മുന്നിൽ നടന്നു.

പരസ്പരം ഒന്ന് നോക്കിയിട്ട് അവൾക്ക് പിറകെ കണ്ണനും സീതയും നടന്നു.

"തനിക്ക് ഈ സർവന്റ് ജോലി അല്ലാത്ത വേറെന്തെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചൂടെ സീതാ ലക്ഷ്മി?"

അവർക്ക് നേരെ തിരിഞ്ഞു നടന്നു കൊണ്ട് റിമി ചോദിച്ചു.

കണ്ണൻ ദേഷ്യം പല്ലുകൾ കൊണ്ടമർത്തി ശ്വാസം പിടിച്ചു വെച്ചു.

സീത പക്ഷേ ചിരിയാണ്.

"ഏതൊരു ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്നാണ് എന്റെ നിഗമനം. ഹോം നേഴ്സ് എന്നുള്ളത് അത്ര വിലകുറച്ചു കാണേണ്ടുന്ന ഒന്നാണെന്ന് എനിക്കിന്ന് വരെയും തോന്നിയിട്ടുമില്ല."

സീതയുടെ മറുപടിയിൽ റിമിയുടെ മുഖത്തൊരു പുച്ഛം നിറഞ്ഞത് കണ്ണൻ വ്യക്തമായും കണ്ടിരുന്നു.

അവൻ കൈകൾ ചുരുട്ടി പിടിച്ചു.

"ഒക്കെ.. ഒക്കെ. സീത ലക്ഷ്മി എത്ര വരെയും പഠിച്ചു "

റിമി അടുത്ത ചോദ്യമെറിഞ്ഞ് കഴുകനെ പോലെ കാത്തിരുന്നു.

"ഡിഗ്രി കമ്പ്ലീറ്റ് ആയില്ല "

ശാന്തമായിട്ടാണ് സീത ഉത്തരം പറയുന്നത്.

"എന്തേ കമ്പ്ലീറ്റ് ചെയ്യാഞ്ഞത് എന്ന് ചോദിക്കുന്നില്ല. സീതയെ കാണുമ്പോൾ തന്നെ അതിനുള്ള ഉത്തരം കിട്ടുന്നുണ്ട്."

വലിയയൊരു തമാശ പറഞ്ഞത് പോലെ റിമി ഉറക്കെ ചിരിച്ചു.

സീത കണ്ണനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

"അല്ല. അപ്പൊ പിന്നെ ഇതിനേക്കാൾ നല്ലൊരു ജോലിയൊക്കെ സ്വപ്നം മാത്രം ആയിരിക്കും. അല്ലേ?"

സ്വയം ഉത്തരം കണ്ടെത്തിയ സംതൃപ്തിയോടെ റിമി സീതയെ നോക്കി.

"നിന്റെ വിദ്യാഭ്യാസ യോഗ്യതയെന്താ റിമി?"
പെട്ടന്നുള്ള കണ്ണന്റെ ചോദ്യതിന് മുന്നിൽ റിമി പകച്ചുപോയി.

"നിന്റെ ഡാഡിയുടെ കാശ്. അതല്ലേ?"

കണ്ണനും പുച്ഛമാണ്.
റിമിയുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറുന്നുണ്ട്.
"കോളേജിൽ നിന്റെ ഒരു വർഷം സീനിയറായിരുന്നു ഞാൻ. നിന്നെ നന്നായി അറിയാം. ഡിഗ്രി കമ്പ്ലീറ്റ് ആക്കി എടുക്കാൻ നീ കാണിച്ചു കൂട്ടിയതൊക്കയും ഞാനും കണ്ടതാണ് "

കണ്ണൻ അവളെ നോക്കി ചിരിച്ചു.
റിമിയുടെ വിളറി വെളുത്ത മുഖത്തേക്ക് സീത വല്ലായ്മയോടെ നോക്കി.

"പിന്നെ നിന്റെ ജോലി. നിന്റെ ഡാഡിക്ക് രണ്ടോ മൂന്നോ ഓഫീസ്സുള്ളത് കൊണ്ട് നീ വല്ല്യ ജോലിക്കാരിയായി. സത്യത്തിൽ നിനക്കതിനുള്ള യോഗ്യതയുണ്ടോ?  പഠിച്ചു കൊണ്ടൊരു ജോലി നേടാൻ മാത്രം മിടുക്കുണ്ടോ റിമി മരിയയ്ക്ക്? "

ഗൗരവത്തോടെ കണ്ണൻ ചോദിച്ചപ്പോൾ റിമി വരുത്തികൂട്ടിയ ചിരിയോടെ അവനെ നോക്കി.

"നിനക്കിപ്പോ തോന്നുന്നതിനേക്കാൾ ഫീൽ തോന്നി കാണും സീതാ ലക്ഷ്‌മിക്കും. ആരും ആരെക്കാളും മികച്ചതല്ലെന്ന് മനസ്സിലാക്ക് നീയാദ്യം. എല്ലാവർക്കും പോസിറ്റീവ് ഉള്ളത് പോലെ നെഗറ്റീവും ഉണ്ടാവും. അത് അംഗീകരിക്കാൻ പഠിക്കുകയെന്നത് വളരെ വലിയൊരു കാര്യമാണ്."
കണ്ണന്റെ വാക്കുകളിലെ ദേഷ്യമറിഞ്ഞിട്ട് സീത അവനെ നോക്കുന്നുണ്ട്.

അവൻ പക്ഷേ കടുത്ത മുഖത്തോടെ റിമിയെ തുറിച്ചു നോക്കുന്നു.

"ഹേയ്.. ഐആം സോറി സീതാ ലക്ഷ്മി. ഞാൻ.. ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. പറഞ്ഞു വന്നപ്പോ ഒരു ഓളത്തിൽ അങ്ങനങ്ങായി പോയതാ. റിയലി സോറി കേട്ടോ "

കണ്ണന്റെ മുഖത്തു കാണുന്ന അനിഷ്ടം ഇല്ലാതെയാക്കുക എന്നോരൊറ്റ ലക്ഷ്യം മാത്രമായിരുന്നു സീതയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് റിമി അത് പറയുമ്പോൾ, അവളുടെ മനസ്സിൽ.

എന്നിട്ടും തെളിയാത്ത അവന്റെ മുഖം നൽകുന്ന ദേഷ്യം, സീതയുടെ തോളിൽ റിമിയുടെ കൈകൾ മുറുകി.

"സാരമില്ല. ഞാനതൊന്നുമത്ര കാര്യമാക്കിയിട്ടില്ല."

സീത അവളെ ആശ്വാസിപ്പിച്ചു.

"യൂ ആർ ഗ്രേറ്റ്‌ സീതാ ലക്ഷ്മി. തന്നെയെനിക് ഭയങ്കര ഇഷ്ടമായി "

പല്ല് കടിച്ചു പിടിച്ചു കൊണ്ട് റിമി അത് പറയുമ്പോൾ കണ്ണുകൾ കണ്ണന്റെ നേരെയാണ്.

ആ മുഖത്തു നിമിഷനേരം കൊണ്ട് മിന്നി മാഞ്ഞ തെളിച്ചത്തിലേക്ക് അവൾ പകയോടെ നോക്കി.

"ഹേയ് കണ്ണൻ. താനെന്തിന് ഇനിയും മുഖം വീർപ്പിച്ചു നടക്കുന്നെ? സീതാ ലക്ഷ്മി എന്നോട് കൊമ്പ്രമൈസ് ചെയ്തല്ലോ? "
ഒന്നുമറിയാത്ത പോലെ റിമി കണ്ണനോട് വിളിച്ചു ചോദിച്ചു.

"നത്തിങ് റിമി. ഞാൻ ഓക്കേയാണ്"

കണ്ണൻ വെറുതെയൊന്നു ചിരിച്ചു.

"കണ്ണൻ എന്നും നടക്കാൻ ഇറങ്ങാറുണ്ടോ? ഐ മീൻ.."റിമി ചോദ്യം മുഴുവനും ചോദിക്കും മുന്നേ കണ്ണൻ ഇല്ലെന്ന് പറഞ്ഞു.

"സീതാ ലക്ഷ്മി ശെരിക്കും ലക്കിയാണ്. "
റിമി കണ്ണനെ നോക്കി പറഞ്ഞു.

"അതെന്താടോ താനങ്ങനെ പറഞ്ഞത്?"
കണ്ണനിൽ ഒരു സംശയം ബാക്കി കിടപ്പുണ്ടായിരുന്നു.

"അല്ലാ, ഇവിടൊക്കെ എന്നും കാണാനും ഇത്രേം മനോഹരമായ ഇവിടെ ജീവിക്കാനും പറ്റുന്നില്ലേ? എത്ര മനോഹരമാണ് ഇവിടെ. അതൊരു ലക്കിയല്ലേ?"

റിമിയുടെ ചുണ്ടിൽ പുച്ഛമായിരുന്നു.

കണ്ണന് ആശ്വാസം തോന്നി.

പിന്നേയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് റിമി അവർക്കിടയിൽ നടക്കുമ്പോൾ...

സീതയുമൊത്തുള്ള കുറച്ചേറെ നല്ല നിമിഷങ്ങളെ നഷ്ടമായ നീരസം കണ്ണനിലുണ്ടായിരുന്നു.

സീതയാവട്ടെ, കാർത്തിക്ക് ചവച്ചു തുപ്പിയ വാക്കുകൾ തീർത്ത തടവറയിൽ സ്വയം നീറി പുകഞ്ഞു.

അത് കൊണ്ട് തന്നെ ഒപ്പം നടക്കുന്നവളുടെ പക നുരയുന്ന മുഖം രണ്ടാളും ശ്രദ്ധിച്ചതുമില്ല......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story