സ്വന്തം ❣️ ഭാഗം 43

swantham

രചന: ജിഫ്‌ന നിസാർ


"എന്താ ഇപ്പോഴത്തെ പ്രശ്നം എന്നറിയുവോ ടോ തനിക്ക്?"

കൈമൾ മാഷ് വരദയുടെ നേരെ നോക്കി ചിരിച്ചു.

അവരൊന്നും മിണ്ടിയില്ല.
തൊട്ടടുത്തു തന്നെ ഭദ്രയും ഇരിപ്പുണ്ട്.

വരദ ഇല്ലെന്ന് തലയാട്ടി കാണിച്ചു.

"താനിപ്പോഴും നമ്മുടെ പാവം മകന്റെ സന്തോഷത്തിനെ കുറിച്ചും അവന്റെ ജീവിതത്തെ കുറിച്ചും ചിന്തിച്ചിട്ടില്ല. മനസ്സിൽ ഇന്നേരം വരെയും കൂട്ടിയും കിഴിച്ചും നോക്കിയതത്രയും പാർവതിയേ ഹരി സ്വീകരിച്ചാൽ നാട്ടുകാരോട് എന്ത് പറയും. കുടുംബകാരുടെ മുഖത്തെങ്ങനെ നോക്കും എന്നത് മാത്രമാണ്. ശെരിയല്ലേ?"

ചെറിയൊരു ചിരിയോടെ മാഷ് അത് ചോദിക്കുമ്പോഴും വരദയോ ഭദ്രയോ മുഖം ചുളിച്ചില്ല.

അവർക്കറിയാം, കൈമാൾ മാഷിന് തന്റെ ഹൃദയതുടിപ്പറിയാൻ ആരും പറഞ്ഞു കൊടുക്കേണ്ടതില്ലെന്ന്.

ഭദ്രക്കറിയാം അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനാഴം.

"ആ ചിന്ത തെറ്റാല്ലല്ലോ മാഷേ? അതും കൂടി നമ്മൾ ചിന്തിക്കേണ്ട വിഷയം തന്നെയല്ലേ?"

വരദ മാഷിനെ നോക്കി.

"തീർച്ചയായും ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഒരമ്മയുടെ വേവലാതികളെ ഞാൻ വില കുറച്ചു കാണുന്നുമില്ല "

മാഷ് അവരുടെ തോളിൽ തട്ടി.

"പക്ഷേ ഈ ഒരു ചിന്തയോടെ താൻ എത്ര നേരമിരുന്നാലും നമ്മുടെ മോനെ അവിടെയൊന്നും കാണാൻ ആവില്ല. അവന്റെ ജീവിതം തനിക്ക് മുന്നിൽ തെളിഞ്ഞു വരില്ല "
മാഷ് പറഞ്ഞു.

"ഞാൻ.. ഞാൻ പിന്നെന്താ ചെയ്യണ്ടേ "
അവരുടെ ശബ്ദം നേർത്തു.

"ചെയ്യേണ്ടത് ഒന്ന് മാത്രം. നമ്മുക്ക് നമ്മുടെ മോന്റെ സന്തോഷമാണ് ഏറ്റവും വലുത്. അവനെ വേദനിപ്പിച്ചു നാട്ടുകാർക്ക് സന്തോഷം കൊടുത്താൽ, കുറ്റബോധത്തോടെയല്ലാതെ അവന് മുന്നിൽ പിന്നെയൊരിക്കലും നിനക്ക് പോയി നിൽക്കാനാവില്ല. അവന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതിനെല്ലാം ഉത്തരവാദി നീ ആണെന്ന് നിന്റെ മനസ്സ് പോലും നിന്നെ കുറ്റപ്പെടുത്തി കൊണ്ടേയിരിക്കും "

മാഷ് പറയുന്നതും നോക്കി വരദ ഒന്നും മിണ്ടാതെയിരുന്നു.

"ഹരി പറഞ്ഞത് പോലെ ഞാനൊരിക്കലും നിന്നെ നിർബന്ധിക്കുകയല്ല. മറിച്ചു നീ ആലോചിച്ചു നോക്കേണ്ട വിഷയം നിനക്ക് മുന്നിൽ തുറന്നു തരികയാണ് ഞാനിപ്പോ ചെയ്യുന്നതും ഇനി അങ്ങോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതും. തനിക്കെപ്പോഴും തീരുമാനമെടുക്കാൻ ഞാൻ പൂർണ്ണ സ്വാതന്ത്രം തന്നിരുന്നു. അത് പോലെ തന്നെ നമ്മുടെ മക്കൾക്കും. ഹരിക്ക് വേണമെങ്കിൽ പാർവതിയെ മാത്രമേ സ്വീകരിക്കൂ എന്നൊരു കടുത്ത തീരുമാനമെടുക്കാം. അവന് പ്രായപൂർത്തിയായി. ഒരു പെണ്ണിനെ പോറ്റാനുള്ള ജോലിയുമുണ്ട്.പക്ഷേ അവൻ തീരുമാനമെടുക്കാൻ നിന്നെ ഏല്പിച്ചു. അതെന്ത് കൊണ്ടാണെന്ന് നീ ആലോചിച്ചു നോക്കിയോ?"
മാഷ് ഭാര്യയെ സ്നേഹത്തോടെ നോക്കി.

"നീ എന്നാ അമ്മയോടുള്ള ബഹുമാനം കൊണ്ട്. അതല്ലേ അവന്റെ മനസ്സിൽ തോന്നിയിട്ടുണ്ടാവുക? നിന്നോടുള്ള വിശ്വാസം കൊണ്ടല്ലേ ഹരി അത് പാർവതിയെ അറിയിക്കുന്നതിലും മുന്നേ നിന്നെ അറിയിച്ചത്? നീ വേണ്ടന്ന് പറഞ്ഞാൽ ഒരിക്കലും അവനവൾക്ക് വേണ്ടി വാശി പിടിക്കില്ലയിരിക്കും. പക്ഷേ... പക്ഷേ ആ തീരുമാനം എടുക്കാൻ നമ്മുടെ മോനെത്ര വേദന സഹിക്കേണ്ടി വരും വരദേ?"

ആ ചോദ്യം പോലും അവർക്കുള്ളിൽ വേദന നിറച്ചു.

"അവന്റെ നന്മയെ കരുതിയല്ലേ ഞാൻ?"

വരദ വീണ്ടും കെറുവിച്ചു.

"ഇഷ്ടമില്ലാത്ത ഒരു ജീവിതത്തിലേക്ക് തള്ളി വിട്ടിട്ട്, അതിലവർ ഒരായുസ്സ് മുഴുവനും ഉരുകി ജീവിക്കുന്നതാണോ നീ ഈ പറഞ്ഞ നന്മ?  ഇത് പോലെ ചിന്തിക്കുന്ന മാതാപിതാക്കൾക്ക് വെറുതെ ആശ്വാസിക്കാനുള്ള ഒരു കാരണം മാത്രമാണത്.പക്ഷേ അതിന്റെ പേര് നന്മയെന്നല്ല,ക്രൂരതയെന്നാണ്. "

മാഷിന്റെ ശബ്ദം കടുത്തു.

വരദ ഒന്നും മിണ്ടാതെ അയാളെ നോക്കിയിരുന്നു.

"ഒരിക്കൽ കൈ വിട്ടു കളഞ്ഞതിന്റെ വേദന ഹരിയിൽ ഇപ്പോഴും ബാക്കി ഉണ്ടന്നിരിക്കെ... അവൻ പറഞ്ഞത് പോലെ അവനൊരു അവസരം കൊടുക്കാൻ ദൈവം തീരുമാനമെടുതാണെങ്കിലോ? നമ്മൾ എടുക്കുന്ന തീരുമാനം കൊണ്ട് അവന്റെ ഒരായുസ്സിന്റെ സന്തോഷം നഷ്ടപെടാൻ കാരണമാവണോ? ആലോചിച്ചു നോക്കുമ്പോൾ നാട്ടുകാരെയും ബന്ധുക്കളെയും പരിഗണിക്കുന്ന കൂട്ടത്തിൽ താൻ നമ്മുടെ മകനെയും ഇത്തിരിയെങ്കിലും പരിഗണിക്കാൻ മറന്നു പോവല്ലേ.. ജീവിതം അവന്റെയാണ്. ജീവിക്കേണ്ടതും അവനാണ്. ഹരിയാണ് നമ്മുടെ മകൻ. ന്യായമായതെന്തും അവൻ ചെയ്യുമ്പോൾ,അവനൊപ്പം നിൽക്കേണ്ടതും നമ്മളാണ്."

മാഷ് പറഞ്ഞു നിർത്തി.

"പാറു ചേച്ചിയെ നമ്മൾക്ക് നന്നായി അറിയാമല്ലോ അമ്മേ? ഇവിടെ കൊണ്ട് വന്നിട്ട് അതിനെ വേദനിപ്പിച്ചു രസിക്കാൻ വേണ്ടിയൊരു തീരുമാനം അമ്മ എടുക്കരുത്. അപ്പോഴും ഏട്ടനല്ലേ അമ്മേ വേദനിക്കുന്നത്? "

ഭദ്ര അമ്മയുടെ തോളിലേക്ക് ചാരി.

"പിന്നെ.. ഞാൻ അത്രയും ക്രൂരയാണല്ലോ.അല്ലേ?"
വരദ അവളുടെ തോളിൽ ഒരു അടി വെച്ച് കൊടുത്തു.

"അങ്ങനെയല്ല അമ്മേ. ഇത്രേം സങ്കടം ഉള്ളിൽ ഒതുക്കി നീറി പുകഞ്ഞു നടന്നപ്പോഴും ഏട്ടൻ... ഏട്ടനെത്ര വേദനിച്ചു കാണും. അമ്മയൊന്ന് ഓർത്തു നോക്കിക്കേ. ജീവനെ പോലെ സ്നേഹിച്ച ഒരാൾക്ക് മറ്റൊരു അവകാശി. ഒട്ടും സഹിക്കാൻ വയ്യാഞ്ഞിട്ടാവും ഏട്ടൻ..."

ഭദ്രയുടെ സ്വരം ഇടറി.

മാഷ് മകളുടെ തോളിൽ തട്ടി ആശ്വാസം പകർന്നു കൊടുത്തു.

                      ❣️❣️❣️❣️❣️

തീർത്തും നിശബ്‍ദയായി നടക്കുന്ന സീതയുടെ ചെറുവിരലിൽ കണ്ണൻ വിരൽ കോർത്തു.
അവന്റെ കണ്ണുകൾ അപ്പോഴും എന്തൊക്കെയോ പറഞ്ഞും ചിരിച്ചും നടക്കുന്ന റിമിയുടെ നേരെയാണ്.

അവന്റെയാ സ്പർശത്തിൽ സീത ഞെട്ടി കൊണ്ടവനെ നോക്കി.

എന്ത് പറ്റിയെന്നു കണ്ണുകൾ കൊണ്ടൊരു ചോദ്യം.

തന്റെ മൗനം കണ്ടിട്ടാണ്. സീതക്കത് മനസ്സിലായി.
നേർത്തൊരു ചിരിയോടെ അവളൊന്ന് കണ്ണടച്ച് കാണിച്ചു.

എന്നിട്ടും അവന്റെ മുഖം തെളിഞ്ഞിട്ടില്ല.

"ഇനി നമ്മുക്ക് തിരിച്ചു പോവാം റിമി "

റിമിയുടെ സംസാരമാവാം അവളെ വേദനിപ്പിച്ചതെന്ന തോന്നലിൽ കണ്ണൻ പറഞ്ഞു.
ഇനിയും സീതയെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ലെന്നവന് തോന്നി.

"അതെന്താ കണ്ണൻ അങ്ങനെ? നീ ആഗ്രഹത്തോടെ നടക്കാൻ വന്നിട്ട് പെട്ടന്ന് തിരിച്ചു പോകുന്നത്?"

റിമി അവനെ നോക്കി.

സീത അപ്പോഴും മൗനത്തിലാണ്.

"അതോ.. അതൊന്നുമില്ല റിമി. എനിക്ക് വേറൊരു അത്യാവശ്യം കൂടിയുണ്ട്. അത് ഞാനിപ്പോഴാ ഓർത്തത്."

ആ നിമിഷം വായിൽ തോന്നിയ ഒരു നുണ പറഞ്ഞു കണ്ണൻ.

"ശോ. കഷ്ടമായി പോയി. ഞാൻ എൻജോയ് ചെയ്യുകയായിരുന്നു."

റിമി അവനെ നോക്കി ചുണ്ട് ചുളുക്കി.

'എന്റെ എൻജോയ്മെന്റ് മൊത്തത്തിൽ കുളമാക്കിയിട്ട് അവളുടെയൊരു എൻജോയ് ചെയ്യൽ. '

കണ്ണൻ പിറുപിറുത്തു.

"ഒക്കെ സീതാ ലക്ഷ്മി. ഞങ്ങൾ തിരിച്ചു പോവട്ടെ. താനിനി ഒറ്റയ്ക്ക് പോവേണ്ടി വരും.അല്ലേ?"

റിമി സീതയെ നോക്കി.

അവളൊന്ന് ചിരിക്കുക മാത്രം ചെയ്തു.

"പക്ഷേ ഡോണ്ട് വറി സീതാ ലക്ഷ്മി. ഞങ്ങൾ നാളെ തീർച്ചയായും തനിക്കൊപ്പം വരും. അല്ലേ കണ്ണൻ?"

അൽപ്പം കൊഞ്ചലോടെയുള്ള റിമിയുടെ പറച്ചിൽ കേട്ടതും കണ്ണൻ അവളെ തുറിച്ചു നോക്കി.

'ഇവളെ മിക്കവാറും ഞാൻ തന്നെ തല്ലി ഓടിക്കേണ്ടി വരും '

അവൻ മനസ്സിൽ പറഞ്ഞു.

"ശെരിയെന്നാ. പോട്ടെ?"

സീത റിമിയോടാണ് യാത്ര പറഞ്ഞത്.

ശേഷം വെറുതെ ആ നോട്ടം കണ്ണനിൽ ഒരു നിമിഷം തങ്ങി നിന്നു.

തന്റെ മൗനമേൽപ്പിച്ച മുറിവ് ആ കണ്ണിൽ വ്യക്തമായി തെളിഞ്ഞു നിൽക്കുന്നത് അവൾക്ക് കാണാമായിരുന്നു.

അവൾക്ക് നേരെ അവനും പതിയെ തല കുലുക്കി.

തിരിഞ്ഞു നോക്കാതെ ധൃതിയിൽ നടന്നകലുന്ന സീതയെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാൻ അവനുള്ളിൽ വല്ലാതെ കൊതിയുണ്ടായിരുന്നു.

പക്ഷേ തനിക്കൊപ്പം നടക്കുന്നവൾക്കൊരു സംശയതിനിട കൊടുക്കാതിരിക്കാൻ വേണ്ടി അവനാ കൊതിയെ മനസ്സിൽ തന്നെയൊതുക്കി.

സീതയുടെ മനസ്സിലും പതിവിനേക്കാൾ ഭാരം തൂങ്ങി.

മുന്നോട്ടു വെക്കുന്ന ഓരോ കാലടികൾക്കും തളർച്ച ബാധിച്ചത് പോലെ അവൾ തളർന്നു തൂങ്ങി പോയിരുന്നു.

ചുറ്റുമുള്ള ശത്രുക്കളുടെ എണ്ണം കൂടുന്നുണ്ട്.

അവളോർത്തു.

റിമിയുടെ മുന വെച്ചുള്ള വാക്കിലും നോക്കിലും മനസ്സിലേക്ക് ഓടിയെത്തുന്ന നിരവധി സംശയങ്ങൾ.

ഇങ്ങനെയുള്ള കാര്യങ്ങളിൽ തന്റെ നിഗമനങ്ങൾ ഒരിക്കലും തെറ്റാറില്ല എന്നത് അവളെ കൂടുതൽ സംഘർഷത്തിലാക്കി.

അവൾക്കെന്തോ വ്യക്തമായ ലക്ഷ്യമുണ്ടെന്നത് ഉറപ്പാണ്.

സീതയുടെ മനസ്സ് മുരണ്ടു.

                      ❣️❣️❣️❣️❣️❣️

"ഒന്ന് പതിയെ പോ കണ്ണൻ. ഞാൻ ഓടിയിട്ട് പോലും നിനക്കൊപ്പം എത്തുന്നില്ല "

പിറകിൽ നിന്നും റിമി തളർച്ചയോടെ വിളിച്ചു പറയുന്നത് കേൾക്കെ, കണ്ണന്റെ മുഖത്തൊരു ദേഷ്യം നിറഞ്ഞു.

"വലിഞ്ഞു കയറി പോന്നതല്ലേ? അനുഭവിക്ക് "

അവൻ അവൾ കേൾക്കാതെ പതിയെ പറഞ്ഞു.

ശ്രീ നിലയത്തിൽ എത്തിയതും അവൻ പോലും വല്ലാതെ കിതച്ചു പോയിരുന്നു.

"നീ എന്താടാ, വല്ല നടത്ത മത്സരത്തിനും ട്രൈ ചെയ്യുന്നുണ്ടോ?"

അവൻ വരുന്ന സ്പീഡ് കണ്ടു കൊണ്ട് ഉമ്മറത്തു തന്നെ നിന്നിരുന്ന മിഥുൻ ചോദിച്ചു.

കണ്ണൻ ഒന്ന് ചിരിച്ചിട്ട് അവിടെയുള്ള കസേരയിലേക്കിരുന്നു.

"അയ്യോ... മിത്തു... കുറച്ചു വെള്ളം കൊണ്ട് താടാ "

താഴെ തറയിൽ നിന്നും മറ്റൊരു ദയനീയ സ്വരം കേട്ടിട്ട് മിഥുൻ അങ്ങോട്ട്‌ നോക്കി.

വാടി തളർന്നു തൂങ്ങി ആ വെറും നിലത്തേക്ക് ഇരുന്ന റിമിയെ കണ്ടിട്ട് അവന് ചിരി വന്നു.

"ആഹാ. നിന്നെയാണോ ഇവൻ മത്സരത്തിൽ തോൽപ്പിക്കാൻ ശ്രമിച്ചത്?"

മിഥുൻ ചിരിയോടെ ചോദിച്ചു.

റിമിയുടെ കണ്ണുകൾ കണ്ണന് നേരെ കൂർത്തു.

"ഇവൻ വിളിച്ചിട്ട് പോയതാ ഞാൻ "

റിമി അവശതയോടെ കണ്ണനെ ചൂണ്ടി.

"ഞാൻ നിന്നെ വിളിച്ചിട്ടൊന്നുമില്ല. നീ വലിഞ്ഞു പോന്നതല്ലേ?"

കസേരയിൽ ചാഞ്ഞു കിടന്നിരുന്ന കണ്ണൻ പെട്ടന്ന് നേരെയിരുന്നു കൊണ്ട് പറഞ്ഞു.

"അത് നീ തിരിച്ചു പോരുമ്പോൾ ഒറ്റക്കാവരുത് എന്ന് കരുതിയിട്ടല്ലേ? നന്ദി വേണമെടാ. നന്ദി "

റിമി കണ്ണനെ നോക്കി പറഞ്ഞു.

"ഓ.. നന്ദിയിൽ മാത്രം ഒതുക്കാനാവില്ല നീ ചെയ്തു തന്ന സഹായം. "
കണ്ണൻ വീണ്ടും പല്ല് കടിച്ചു കൊണ്ട് വേഗം എഴുന്നേറ്റു അകത്തേക്ക് നടന്നു.

റിമി ദേഷ്യത്തോടെ അവൻ പോയ വഴിയേ നോക്കി.

"അതൊക്കെയവിടെ നിൽക്കട്ടെ. സത്യത്തിൽ നീയും അവനും എവിടെ പോയതാ?"

മിഥുൻ അവളുടെ അരികിലേക്കിരുന്ന് കൊണ്ട് ചോദിച്ചു.

"ആ സെർവന്റ് ഇല്ലേ, സീതാ ലക്ഷ്മി?"

റിമിയുടെ വാക്കിൽ വീണ്ടും പുച്ഛം നിറഞ്ഞു.

"സീതാ ലക്ഷ്മി ഹോം നേഴ്സ് ആണ് "

മിഥുന്റെ സ്വരം കടുത്തു.

"ആ.. ആരെങ്കിലുമാവട്ടെ. അതല്ല ഇവിടുത്തെ വിഷയം "

റിമി വീണ്ടും ദേഷ്യത്തോടെ മിഥുനെ നോക്കി.

"മ്മ്.. ബാക്കി പറ"

അവൻ അവളെ നോക്കി.

"ഞാൻ വരുമ്പോൾ കണ്ണനും സീതാ ലക്ഷ്മിയും മുറ്റത്തുണ്ട്. സീതാ അവളുടെ വീട്ടിലോട്ട് പോകാനിറങ്ങിയതാണ്. അവൾക്കൊപ്പം കണ്ണനും നടക്കാൻ പോകുന്നുവെന്ന് പറഞ്ഞു. ആ കൂടെ ഞാനും പോയി "

റിമി പറഞ്ഞത് കേട്ടപ്പോൾ മിഥുന് കാര്യങ്ങൾ ഏകദേശം മനസ്സിലായിട്ടുണ്ട്.
കണ്ണന്റെ ദേഷ്യം ന്യായമാണ്.

അവനിത്തിരി റോമാൻസിക്കാൻ ഇറങ്ങി തിരിച്ചതാണ് ഇവൾ ഉടച്ചു മടക്കി കയ്യിൽ കൊടുത്തത്.

മിഥുൻ ചിരിയമർത്തി കൊണ്ട് റിമിയെ നോക്കി.

അവളൊന്നും മിണ്ടാതെ മുഖം വീർപ്പിച്ചു കൊണ്ടിരിക്കുന്നു.
"അതേയ്... ഇവിടെ അവന് കമ്പനി കൊടുത്തു കൊണ്ട് നടന്ന മതിയോ? തിരിച്ചു പോവണ്ടേ?"

മിഥുന്റെ ചോദ്യം കേട്ടിട്ട് റിമി അവനെ തുറിച്ചു നോക്കി.

"നീ എന്താ, ഇങ്ങനെ നോക്കുന്നേ?"
മിഥുൻ അവളുടെ നോട്ടം കണ്ടിട്ട് ചോദിച്ചു.

"ഞാനെങ്ങും വരുന്നില്ല "

റിമി അവനെ നോക്കാതെ പറഞ്ഞു.
അവന്റെ നെറ്റി ചുളിഞ്ഞു.

"വരുന്നില്ലന്നോ?"

"യെസ്. നീ വേണമെങ്കിൽ തിരിച്ചു വിട്ടോ മിത്തു."

റിമി ഉറപ്പോടെ പറഞ്ഞു.

"നീ എന്തൊക്കെയാ റിമി പറയുന്നേ? ഇവിടിങ്ങനെ പറ്റി കൂടി നിൽക്കാൻ നിനക്ക് നാണമില്ലെടി. കണ്ണന്റെ ഫ്രണ്ട്സ് ആണെന്നുള്ള പേരില്ലല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്. അതിനൊക്കെ ഒരു ലിമിറ്റ് ഇല്ലേ?"

മിഥുൻ അമർഷത്തോടെ റിമിയെ നോക്കി.

"ഹാ.. അതിന് നീ എന്തിനാ എന്നോട് ദേഷ്യപെടുന്നെ? നിന്നോട് നിൽക്കാൻ ഞാൻ പറഞ്ഞില്ലല്ലോ? പിന്നെ ഞാൻ നിൽക്കുന്നത്. അത് എന്നെ ബാധിക്കുന്നതല്ലേ? തത്കാലം അതോർത്തു കൊണ്ട് നീ ടെൻഷനാവേണ്ട. എന്റെ കാര്യം എനിക്ക് വിട്ടേക്ക്. അതിന് വരുന്നത് ഞാൻ സഹിച്ചു കൊള്ളാം "

റിമി മിഥുനെ നോക്കി പറഞ്ഞു.

കൂടുതലൊന്നും പറയാനും കേൾക്കാനും താല്പര്യമില്ലയെന്നത് പോലെ റിമി എഴുന്നേറ്റു അകത്തേക്ക് നടന്നു.

                      ❣️❣️❣️❣️❣️❣️❣️

"നിനക്കെന്താ സീതേ ഭ്രാന്ത് വല്ലതുമുണ്ടോ? ഇന്നലെ സന്തോഷം കൊണ്ട് തുള്ളി നടന്നവൾ, ഇന്ന് നനഞ്ഞ കോഴിയെ പോലെ. സത്യത്തിൽ എന്താ നിന്റെ പ്രശ്നം?"

പാർവതി വീണ്ടും വന്നിട്ട് ഉരുട്ടി വിളിക്കുമ്പോൾ സീത ഒന്നുകൂടി ചുരുണ്ടു.

"എനിക്കൊന്നും വേണ്ടാഞ്ഞിട്ടാ ചേച്ചി. നീ ചെന്നു കഴിച്ചിട്ട് വാ "

അവൾ മുഖം ഉയർത്തി നോക്കാതെ തന്നെ പറഞ്ഞു.

"അതൊന്നും പറഞ്ഞ പറ്റൂല. ഇങ്ങോട്ട് എഴുന്നേറ്റേ നീ. രാവന്തിയോളം പോയി അവിടെ കിടന്നു ചക്രശ്വാസം വലിക്കുന്നവളാ. നേരത്തും കാലത്തും ഒന്നും കഴിക്കാൻ പോലും പറ്റലുണ്ടാവില്ലയവിടെ. ഇവിടെ വന്നിട്ടും പട്ടിണി കിടക്കാനാ നിന്റെ തീരുമാനമെങ്കിൽ, അതിനൊപ്പം തുള്ളാൻ എന്നെ കിട്ടൂല."

പാർവതി അവളെ നോക്കി കണ്ണുരുട്ടി.

"പോത്ത് പോലെ വളർതോന്നും നോക്കൂല ഞാൻ. നല്ല പെട വെച്ച് തരും. പറഞ്ഞാ അനുസരിച്ചില്ലെങ്കിൽ "

ലല്ലു മോൾ വാ പൊത്തി ചിരിക്കുന്നുണ്ട്.

"എങ്കിൽ ഞാൻ ഇത്തിരി നേരം കൂടി കിടക്കട്ടെടി ചേച്ചി "

സീത തലയുയർത്തി കൊണ്ട് പാർവതിയെ നോക്കി.

"പണ്ടേ നീ ഇങ്ങനെ തന്നെയാ. എന്തെങ്കിലും ചെയ്യാൻ പറഞ്ഞ അപ്പൊ പറയും, ഒരു മിനിറ്റ് ചേച്ചിന്ന്. എന്നിട്ട് പറഞ്ഞതിലും വേഗം അത് ചെയ്തു തീർക്കുകയും ചെയ്യും"

പാർവതി സീതയുടെ നേരെ സ്നേഹത്തോടെ നോക്കി.

"നമ്മുക്ക് അന്നത്തെ അതേ പോലിരുന്നാൽ മതിയായിരുന്നു. അല്ലേ ടി? അപ്പന്റെ പോക്കറ്റിൽ മിച്ചം വരുന്നത് പൊറുക്കിയെടുക്കാൻ കാത്തിരുന്ന അന്നത്തെ അതേ കുട്ടികാലം തന്നെയായിരുന്നു ഇതിനേക്കാൾ നല്ലത് "

പാർവതിയുടെ സ്വരം നേർത്തു.
സീത മുഖം ഒന്നൂടെ തലയിണയിൽ പൂഴ്ത്തി വെച്ചു.

"ഞാനും നീയും അജുവും. കാണുന്നവർക്ക് ചെറുതെങ്കിലും നമ്മൾ കെട്ടി പടുത്ത വലിയൊരു ലോകമുണ്ടായിരുന്നു നമ്മുടെ മനസ്സിൽ.അതെല്ലാം നഷ്ടപെട്ടു. നമ്മൾ എന്നതൊക്കെ പല വഴിക്ക് ചിതറി. വേദനകൾക്കും കണ്ണീരിനു ഇന്നും യാതൊരു പഞ്ഞവുമില്ല. വേദനിപ്പിക്കുന്ന സാഹചര്യങ്ങൾക്ക് ചെറുതായി ഒരു മാറ്റം വന്നു ന്ന് മാത്രം "

പാർവതിയുടെ സ്വരം നനഞ്ഞു തുടങ്ങി.

സീതയുടെ കൈകൾ കിടക്കവിരിയിൽ മുറുകി.

ഉള്ളിൽ അവളോതുക്കിയിട്ട സങ്കടങ്ങളിൽ വീണ്ടും രക്തം കിനിഞ്ഞു തുടങ്ങി.

"ഇന്ന് തീരും നാളെ തീരുമെന്ന് എണ്ണിയെണ്ണി ജീവിച്ചിട്ടും ഇതല്പം പോലും കുറയുന്നില്ലല്ലോ ടി "

"ഒന്ന് മതിയാക്കി എഴുന്നേറ്റു പോ ചേച്ചി. ഞാൻ വരാം "

നെഞ്ചിൽ നിന്നും തികട്ടി വന്നൊരു കരച്ചിൽ കടിച്ചു പിടിച്ചു കൊണ്ട് സീത അൽപ്പം ഉറക്കെ പറഞ്ഞു.

പാർവതി ഒരു നെടുവീർപ്പോടെ അവളെ നോക്കിയിട്ട് എഴുന്നേറ്റു പോയി.

ആ കൂടെ ലല്ലു മോളും പോയി.

സീത കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു.

വീണ്ടും വീണ്ടും ഉള്ള് പൊള്ളുന്നു.
എന്തിനെന്ന് പോലുമറിയാതെ ഒരു നോവ് അരിച്ചു കയറുന്നു.

ഹൃദയമൊന്നാകെ വേദന കൊണ്ട് വിങ്ങുന്നു.

എത്രയൊക്കെയായാലും കരയില്ലെന്നു വാശിയുള്ളത് പോലെ അവൾ വീണ്ടും വീണ്ടും ശ്വാസമെടുത്തു.

മുറിയിലെ ആണിയിൽ കൊളുത്തിയിട്ട ബാഗിൽ നിന്നുമാ പ്രണയഗാനത്തിന്റെ ഈരടികൾ വീണ്ടും അവളുടെ കുഞ്ഞു മുറിയിൽ അലയടിച്ചു.

ചാടി എഴുന്നേറ്റ് കൊണ്ടവൾ ബാഗ് വലിച്ചെടുത്തു.

എല്ലാത്തിനും വല്ലാത്ത ധൃതിയുണ്ടായിരുന്നു.

വിളിക്കുന്നത് അവനാണെന്ന് ഹൃദയത്തിനറിയാമെന്നത് പോലെ തുടിക്കുന്നുണ്ട്.

ബെല്ലടിച്ചു നിൽക്കും മുന്നേ സീത അതെടുത്തു കാതോട് ചേർത്ത് വെച്ചു.

"ലച്ചൂ..."

അവൾക്ക് വീണ്ടും കരച്ചിൽ വന്നു.

"ഹേയ്.. എന്തേ.. മിണ്ടാത്തെ?"

വീണ്ടും ആ സ്വരം.

"ഒന്നൂല്ല്യ "

അവൾ കിടക്കയിലേക്ക് തളർന്നിരുന്നു.

"എനിക്കറിയാം ലച്ചു.. നിനക്ക് സങ്കടമായിട്ടുണ്ടാവും. സോറി.. ഞാൻ.. ഞാൻ ആ നേരത്ത് നിന്റെ കൂടെ വരാൻ പാടില്ലായിരുന്നു. അത് കൊണ്ടല്ലേ?"

ദേഷ്യം കൊണ്ടവന്റെ സ്വരം മുറുകുന്നത് അവളറിഞ്ഞു.

"ഞാൻ.. എനിക്കൊരു സമാധാനമില്ല ലച്ചു. നിനക്ക് നിനക്കെന്നോട് ദേഷ്യമുണ്ടോ?"

സങ്കടം നിറഞ്ഞ അവന്റെ സ്വരം.

സീതയുടെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു.

"പറ ലച്ചു. എനിക്ക്.. എനിക്കീ ശ്വാസം മുട്ടൽ സഹിക്കാൻ വയ്യ."

സീത കരച്ചിൽ അമർത്തി വെക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

"എനിക്ക്.. എനിക്ക് സ്നേഹം മാത്രമുള്ളു കണ്ണേട്ടാ. പക്ഷേ.. പക്ഷേ അതിന് ഞാൻ.. എനിക്ക് അർഹതയുണ്ടോ എന്നതിൽ മാത്രമാണ് സംശയം."

ഇടറി കൊണ്ട് അവളത് പറയുമ്പോൾ മറുവശം അവൻ നിശബ്ദമായിരുന്നു.

"കരയാൻ മാത്രം വേദനിപ്പിച്ചോ.. നിന്നെ അവളുടെ വാക്കുകൾ "

കണ്ണൻ ചോദിച്ചപ്പോൾ സീത ശ്വാസം പിടിച്ചു.
കൈ കൊണ്ട് മുഖം അമർത്തി തുടച്ചു.

എന്നിട്ടും സങ്കടം കുറയുന്നില്ല.
ഇന്നേരം വരെയും ഉള്ളിൽ ഒതുക്കിയ വിങ്ങൽ ആ സ്നേഹത്തിന് മുന്നിൽ അണപൊട്ടി ഒഴുകിയിറങ്ങുന്നത് തടയാൻ ആവാത്ത വിധം സീത നിസ്സഹായമായി പോയിരുന്നു.

"ഞാൻ.. ഞാൻ കരഞ്ഞില്ല കണ്ണേട്ടാ "
അവൾ പതിയെ പറഞ്ഞു.

"ഇവിടെയിരുന്നാലും ആ മനസ്സ് പിടയുന്നതെനിക്ക് കാണാം ലച്ചു "

നേർത്ത സ്വരത്തിൽ അവനത് പറയുമ്പോൾ കരച്ചിൽ ചീളുകൾ പുറത്തേക്ക് തെറിക്കാതിരിക്കാൻ സീത വാ പൊതിഞ്ഞു പിടിച്ചു.

"അതോ... ഇനി കണ്ണേട്ടൻ അറിയരുത് എന്ന് കരുതുന്ന വേറെന്തെങ്കിലും പ്രശ്നമുണ്ടോ എന്റെ പെണ്ണിന്? "

ആർദ്രമായ അവന്റെ സ്വരം.

വീണ്ടും സീതയുടെ ഉള്ളം പിടഞ്ഞു.

അവൾക്കൊരക്ഷരം മിണ്ടാനായില്ല.

"ഞാനൊന്ന് വന്നു കണ്ടോട്ടെ. എനിക്കൊരിത്തിരി മനഃസമാദാനം കിട്ടാനാ. എനിക്കറിയാം, ചോദിക്കുന്നത് നിനക്കിഷ്ടമാവില്ലെന്ന്. പക്ഷേ... പക്ഷേ നിന്നെ ഒന്ന് കാണാതെ എന്റെയീ വിങ്ങൽ അവസാനിക്കില്ല ലച്ചു "

കാതിൽ അവന്റെ ശ്വാസം പതിയുന്നുണ്ടെന്ന് തോന്നി സീതയ്ക്ക്.

"എന്തെങ്കിലും ഒന്ന് പറയെന്റെ ലച്ചു "

വീണ്ടും അവന്റെ യാചന നിറഞ്ഞ സ്വരം.

ഇനിയും മിണ്ടാതെയിരിക്കുന്നത് ബുദ്ധിയല്ലന്ന് തോന്നി സീതക്ക്.

ചെക്കൻ ആവേശത്തിൽ കയറി വന്ന അതോടെ തീർന്നു.

"എനിക്കൊന്നുല്ല കണ്ണേട്ടാ."

തൊണ്ടയൊന്നു ശെരിയാക്കി സീത പറഞ്ഞു.
മറുവശം അവന്റെ ശബ്ദം നിലച്ചു പോയിരുന്നു.

'എന്തൊക്കെയോ ആലോചിച്ചു കിടന്നപ്പോൾ... "
ബാക്കി പറയാതെ അവളൊന്നു നിർത്തി.

അപ്പോഴും മിണ്ടാട്ടമില്ല.
"ഹലോ.. കേൾക്കുന്നില്ലേ?"

അവനുണ്ടെന്ന് ഉറപ്പായിട്ടും വെറുതെ സീത ചോദിച്ചു.

നേർത്തൊരു മൂളലാണ് ഉത്തരം കിട്ടിയത്.

"വേഗം ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങിക്കോ ട്ടോ. "

സീത ചിരിയോടെ പറഞ്ഞു.

"ഐ.. ലവ്. യൂ ലച്ചു "

കാറ്റ് പോലെ അവൻ അവളുടെ കാതിൽ മന്ത്രിച്ചു.

ഹൃദയത്തിനേറ്റ തീ പൊള്ളലുകൾക്ക് മീതെ തൂവൽ കൊണ്ട് തലോടിയ പോലൊരു സുഖം.

സീതയാ നിർവൃതിയിൽ മിഴികൾ അടച്ചു നിന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story