സ്വന്തം ❣️ ഭാഗം 44

swantham

രചന: ജിഫ്‌ന നിസാർ

"അപ്പൊ നമ്മൾ വിചാരിച്ചത് പോലെ അത്രയെളുപ്പത്തിൽ ഒതുക്കാൻ പറ്റിയ ആളല്ല സീതാ ലക്ഷമിയെന്ന് മനസ്സിലായി "

റിമിയുടെ ചുണ്ടുകൾ കോടി.

കാർത്തിക്ക് അവളെ ശരി വെക്കും പോലെ തലയാട്ടി കാണിച്ചു.

"പക്ഷേ നമ്മൾക്കവളെ ഒതുക്കിയല്ലേ പറ്റൂ "

റിമി കൈകൾ കൂട്ടി തിരുമ്പികൊണ്ട് അവർക്ക് മുന്നിലൂടെ നടന്നു.

"നേരിട്ട അനുഭവങ്ങൾ അവൾക്ക് വല്ലാത്തൊരു കരുത്തു പകർന്നു കൊടുത്തിട്ടുണ്ട്.എന്നെ പോലൊരുത്തൻ നേർക്ക് നേരെ നിന്നിട്ട് വെല്ലുവിളി നടത്തിയിട്ടു പോലും യാതൊരു ചാഞ്ചാട്ടവുമില്ലാത്ത മനസ്സും മുഖവും. അത് സമ്മതിച്ചു കൊടുത്തേ പറ്റൂ "

കാർത്തിക്ക് താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.

മഹേഷും ജിതിനും ഒരാക്കി ചിരിയോടെ പരസ്പരം നോക്കി.

"എന്താണ് കാർത്തി, സീതാ ലക്ഷ്മിയൊരു ഹരമായി പോയോ? "

കണ്ണിറുക്കി ചിരിച്ചു കൊണ്ട് ജിതിൻ ചോദിച്ചു.

കാർത്തിക്ക് അവനെ ഒന്ന് നോക്കി.

"അങ്ങനൊരു മോഹം തോന്നിയിട്ടുണ്ടെങ്കിൽ, തീർച്ചയായും കാർത്തിക്കിന്റെ ചൂടും ചൂരും സീതാ ലക്ഷ്മി അറിയുക തന്നെ ചെയ്യുമെന്ന് നിനക്ക് ഞാൻ പ്രതേകിച്ചു പറഞ്ഞു തരണോ മോനെ ജിതിനെ?"

അവന്റെ മുഖത്തെ വഷളൻ ചിരിയിലേക്ക് റിമി പുച്ഛത്തോടെ നോക്കി.

"അയ്യോ വേണ്ടായേ. അക്കാര്യത്തിൽ നീ പുലിയല്ലേ മോനെ. പക്ഷേ എല്ലാ പെണ്ണുങ്ങളോടും ഒലിപ്പിക്കാൻ ചെല്ലുന്നത് പോലെയാണ് നിന്റെ നീക്കങ്ങളെങ്കിൽ പൊന്നുമോൻ കുറേ കഷ്ടപെടും. അതാള് വേറെയാണ്."

മഹേഷിന്റെ ഓർമപെടുത്തൽ രസിച്ചുവെന്നത് പോലെ കാർത്തിക്ക് ചിരിച്ചു കൊണ്ട് തല തടവി.

"എനിക്കും അതാണിഷ്ടം. കൂടുതൽ ഇടഞ്ഞു നിൽക്കുന്നവരെ വേട്ടയാടി പിടിക്കാൻ വല്ലാത്തൊരു ലഹരിയാണ് "

കണ്ണുകൾ അടച്ചു കൊണ്ട് കാർത്തിക്ക് പറയുമ്പോൾ റിമിയുടെയുള്ളിൽ ആഹ്ലാദം നുരഞ്ഞു പൊന്തി.

"സീതാ ലക്ഷ്മി... കിരൺ വർമ്മയെന്റെയാണ്. അവനെ മോഹിച്ചതിനുള്ള ശിക്ഷ നിനക്ക് ഞാൻ തരാതിരിക്കുന്നതെങ്ങനെ? "

കാർത്തിക്കിനെ തുറിച്ചു നോക്കി കൊണ്ട് അവളുടെ ഉള്ളം മന്ത്രിച്ചു.

"അപ്പൊ അടുത്ത സ്റ്റെപ്പ് എന്താ? അതിനെ കുറിച്ച് പറ റിമി. വല്ലാത്തൊരു ഉത്സാഹം തോന്നുന്നു ഈ കളിക്ക് "

പക നിറഞ്ഞ മനസ്സോടെ ജിതിൻ മുരണ്ടു.

ഒരിക്കൽ, വിജനമായ ഇടനാഴിയിൽ സീതാ ലക്ഷ്മിയോടുള്ള മോഹം തീർക്കാൻ പോയതിന്റെ പൊള്ളുന്ന ഒരോർമയപ്പോൾ അവന്റെ കവിളിൽ നീറി.

അന്ന് കരുതി വെച്ചതാണ്.അവൾക്കൊരു കെണി.
നേരിട്ട് അവളോട് മുട്ടാൻ നല്ല പേടിയുണ്ട് എന്നത് പരമാർത്ഥം.
പക്ഷേ അന്ന് നേരിട്ട ഇച്ഛാഭംഗവും അപമാനവും ഇന്നും അത് പോലെ തന്നെ മനസ്സിൽ കിടന്നു നീറുന്നുണ്ട്.

"ഇതങ്ങനെ എടുത്തു ചാടി ഒന്നും ചെയ്യാൻ കഴിയുന്ന വിഷയമല്ലെന്ന് നിങ്ങളോട് ഞാൻ പറഞ്ഞില്ലേ.?സൂക്ഷിച്ച്,വളരെ വളരെ ആലോചിച്ചു വേണം മുന്നോട്ടുള്ള ഓരോ സ്റ്റെപ്പും വെക്കാൻ. പിടിക്കപ്പെട്ടാൽ..അറിയാലോ,നിങ്ങൾക്ക് വേണ്ടിയാണ് ഞാനും റിസ്ക്കെടുക്കാൻ തയ്യാറാവുന്നത്. സത്യത്തിൽ കണ്ണൻ ആരെ സ്വീകരിച്ചാലും എനിക്കൊന്നുമില്ല. അവനെന്റെ സുഹൃത് മാത്രമാണ്. അവനൊരു നല്ല ജീവിതം കിട്ടണം എന്നെനിക് നിർബന്ധമുണ്ടെങ്കിലും, സീതാ ലക്ഷമിയോട് എനിക്ക് ദേഷ്യമൊന്നുമില്ല."

കണ്ണനെല്ലാം അറിഞ്ഞാലോ എന്നതിൽ റിമിക്ക് അപ്പോഴും പേടിയുണ്ട്.

ഇവർക്ക് ഒത്താഷ ചെയ്തു കൊടുത്തു കൊണ്ട് താനുമുണ്ടായിരുന്നു എന്നത് അവനറിഞ്ഞാൽ ,ഒരു സെക്കൻഡ് ചാൻസിനുള്ള അവസരം പോലുമുണ്ടാവില്ല.. തനിക് കണ്ണന്റെ കാര്യത്തിൽ.

ഇവർക്ക് വേണ്ടി ചെയ്യുന്നൊരു ഔദാര്യം പോലെ മാത്രം മതി കണ്ണനോടുള്ള ആഗ്രഹം ഇവിടെ പ്രസന്റ് ചെയ്യാൻ

അവനെ നേടാൻ വേണ്ടിയാണ് ഇത്രേം റിസ്ക്കെടുക്കുന്നത്.
അപ്പോൾ പിന്നെ നഷ്ടപെടുത്തുന്നതിനെ പേടിക്കാതിരിക്കുന്നതെങ്ങനെ?

"നാളെ തന്നെ ചാടികേറി ഒരു അറ്റാക്ക് ചെയ്താൽ തീർച്ചയായും കാർത്തിക്ക് ആയിരിക്കും അതിന് പിന്നിലെന്ന് സീതാ ലക്ഷ്മിക്ക് വളരെ ഈസിയായി ഊഹിക്കാവുന്നതേയുള്ളു. അവളത് ആരെയെങ്കിലും അറിയിക്കാനും സാധ്യതയുണ്ട്. അതിനിട കൊടുക്കരുത്.അവൾ മിടുക്കിയാണ്. ഒരുപക്ഷെ നമ്മൾ കരുതിയതിയതിനേക്കാൻ മിടുക്കി "

റിമി മൂന്നു പേരെയും മാറി മാറി നോക്കി.
"കണ്ണനെ വിട്ടു പോണം എന്നവളെ വാൺ ചെയ്തതല്ലേ? നല്ലൊരു തീരുമാനമെടുക്കാൻ നമ്മൾ സീതാ ലക്ഷ്മിക്ക് ഇത്തിരി സമയം കൊടുക്കുന്നു."

റിമിയുടെ മുഖം കടുത്തു.

"ഇനി അതല്ല.. അവൾ അവളുടെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കാനാണ് ഉദ്ദേശമെങ്കിൽ, പിന്നെ നമ്മൾ പ്ലാൻ ചെയ്തു തുടങ്ങും. അവൾക്കേറ്റവും വേദന തോന്നുന്ന വിധത്തിൽ വേണം സീതാ ലക്ഷ്മിക്കുള്ള നമ്മുടെ ആദ്യത്തെ ഗിഫ്റ്റ്. അവളിലേക്ക് ചാഞ്ഞു നിൽക്കുന്ന ചിലകളെല്ലാം വെട്ടി മാറ്റണം.പിടിച്ചു നിൽക്കാൻ കഴിയാതെ അവൾ ആടിയുലയണം.പിന്നെ മാറ്റി ചിന്തിക്കുകയെ അവൾക്ക് മുന്നിൽ ഒരു മാർഗമുള്ളു എന്ന വിധത്തിലൊരു ചക്രവ്യൂഹത്തിൽ തളച്ചിടണം അവളെ "

റിമിയുടെ ചിരിക്ക് ക്രൂരതയേറി. അത് പറയുമ്പോൾ.

ആത്മ സംതൃപ്തിയോടെ ജിതിനും മഹേഷും അത് നോക്കി നിൽക്കുമ്പോൾ, സീതയുടെ രൂപം മനസ്സിലേക്ക് ആവാഹിക്കുന്ന തിരക്കിലായിരുന്നു കാർത്തിക്ക്.

                          ❣️❣️❣️❣️❣️

ദക്ഷമോളെയും എടുത്തു കൊണ്ടാണ് ഹരി രാത്രി കഴിക്കാൻ വന്നിരുന്നത്.

ഇവിടെത്തിയാൽ, ഹരി വീട്ടിലുണ്ടങ്കിൽ ദക്ഷയ്ക്ക് പിന്നെ വേറെ ആരെയും ഒന്നിനും വേണ്ടന്നത് പോലെയാണ്.
ഭദ്രയെ പോലും അടുപ്പിക്കില്ല.

അവരെല്ലാം കഴിക്കാൻ ഇരുന്നിട്ടുണ്ട്.ഹരി ചിരിച്ചു കൊണ്ട് ദക്ഷയെ മേശയുടെ മുകളിലിരുത്തി അതിനടുത്ത കസേരയിൽ ഇരുന്നു.

വരദ അവന് മുന്നിലേക്ക് ചോറ് വിളമ്പി നീട്ടി.

"കുഞ്ഞി.. മോളിങ്ങു വാ. അമ്മ വാരി തരാം. മാമൻ കഴിച്ചോട്ടെ "

ഭദ്ര ദക്ഷയെ പിടിച്ചു.

അവൾ ചീറ്റി കൊണ്ട് ഹരിയുടെ അരികിലേക്ക് ഒട്ടിയിരുന്നു.

"നീ കഴിക്ക് മോളെ. ഈ കാ‍ന്താരിക്ക് ഞാൻ കൊടുത്തു കൊള്ളാം "
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഊണ് മേശയിൽ പതിവില്ലാതെ പടർന്നു പിടിച്ചൊരു മൗനം അവിടെ തളം കെട്ടി കിടന്നിരുന്നു.

തീർത്തും അസഹ്യമായൊരു മൗനം.

"ഇവിടെല്ലാർക്കും എന്ത് പറ്റി?"

ഹരിയാണ് തുടങ്ങി വെച്ചത്.

മാഷും ഭദ്രയും പരസ്പരം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വരദ ഞാനീ നാട്ടുകാരിയെ അല്ലെന്നുള്ള ഭാവത്തിലാണിരിക്കുന്നത്.

"ഞാൻ പാർവതിയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് ഇവിടെല്ലാർക്കും ഒരു മൗനമെങ്കിൽ.."

ദക്ഷയുടെ വായിലേക്ക് കുഞ്ഞി ഉരുളകൾ നൽകുന്നതിടെ ഭാവമാറ്റമേതുമില്ലാതെയാണ് ഹരി പറയുന്നത്.

"ആണെങ്കിൽ..?"

വരദ അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.

ഹരി ഒന്ന് ശ്വാസം പിടിച്ചു.
എന്നിട്ടവരെ നോക്കി ചിരിച്ചു.

"ചില ഇഷ്ടങ്ങളെ മനസ്സിലിട്ട് താലോലിക്കാൻ മാത്രം വിധിക്കാറുള്ളു. പാർവതി ഹരിപ്രസാദിന് നേടിയെടുക്കാൻ കഴിയാത്തൊരു ഇഷ്ടമായിരുന്നുവെന്ന് ഞാൻ പറഞ്ഞു പഠിക്കും "

വരദയുടെ കണ്ണ് നിറഞ്ഞത് മാഷ് ശ്രദ്ധിച്ചിരുന്നു.
എങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല.

ഭദ്ര ഏട്ടന്റെ മുഖത്തെ സങ്കടം കാണാൻ കഴിയില്ലെന്നത് പോലെ മുഖം കുനിച്ചിരുന്നു.

"അതാണോ നിന്റെ തീരുമാനം?"
വീണ്ടും വരദ ഹരിയെ നോക്കി.

"വിട്ടു കളയുന്നതും സ്നേഹമാണെന്നുള്ള വീരവാദമൊന്നും എനിക്കില്ലമ്മേ. നേടിയെടുക്കാൻ അവസരമുണ്ടായിട്ടും കൈ വിട്ടു കളയുന്നത് വിഡ്ഢിത്തവും,ചിലപ്പോൾ വിധിയുമാവും. പക്ഷേ.. സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്ന നമ്മുടെ വീട്ടിലെ സങ്കടത്തിന്റെ കാരണം ഞാനാവരുത് എന്നെനിക്ക് നിർബന്ധമുണ്ട്."

ഹരി നേർത്തൊരു ചിരിയോടെയാണ് പറയുന്നത്.

"അവളെ വേണ്ടന്ന് ഞാൻ പറഞ്ഞാൽ?"
വരദയുടെ നോക്കുമ്പോഴും ഹരിയുടെ ചുണ്ടിൽ ചിരിയാണ്.

"സ്നേഹിച്ച പെണ്ണിനെ നേടിയെടുക്കാൻ എന്തും ചെയ്യാൻ ഞാനൊരുക്കമാണ്. എന്റെ ജീവൻ തന്നെ കൊടുക്കേണ്ടി വന്നാലും ഞാൻ പിന്മാറി പോവില്ലായിരുന്നു. അമ്മ എന്റെ കൂടെ നിന്നിരുന്നുവെങ്കിൽ.. ഇതിപ്പോ..."

അവന്റെ കണ്ണുകൾ കലങ്ങി.

"നിനക്കെന്നോട് ദേഷ്യം തോന്നുവോ ഹരി?"

ഇപ്രാവശ്യം വരദയുടെ സ്വരം ഇടറി.

"എന്റെ സങ്കടത്തിനു പിന്നിൽ എന്റെ അമ്മയോട് ദേഷ്യമാണെന്ന് അർഥമുണ്ടാവില്ല.എനിക്ക് നല്ലത് വരണേ എന്ന് മാത്രം ചിന്തിക്കുന്ന അമ്മയ്ക്കൊരിക്കലും എന്നെ..."

ഹരി അവരുടെ കയ്യിൽ പിടിച്ചു.

ആരും പിന്നൊന്നും മിണ്ടുന്നില്ല.

ഇനിയും ശ്വാസം പിടിച്ചിരിക്കാൻ വയ്യെന്നത് പോലെ ഹരി പെട്ടന്ന് എഴുന്നേറ്റു.

ദക്ഷ മോൾക്ക് ഭക്ഷണം കൊടുത്തുവെന്നല്ലാതെ അവനൊട്ടും കഴിച്ചിട്ടില്ല.

മാഷിന്റെയും ഭദ്രയുടെയും അവസ്ഥ അത് പോലെ തന്നെയായിരുന്നു.

"നീ ഒന്നും കഴിച്ചില്ലല്ലോ ഹരി?"
തിരിഞ്ഞു പോകും മുന്നേ വരദ അവന്റെ കയ്യിൽ പിടുത്തമിട്ടു.

"എനിക്ക്... എനിക്കിനി വേണ്ടമ്മേ "

ഹരി പറഞ്ഞു.

"അതെന്താ നിനക്ക് വേണ്ടാത്തെ?"
വരദ കണ്ണുരുട്ടികൊണ്ട് എഴുന്നേറ്റു.

"എന്നെ തോൽപ്പിക്കാനാണോ ഡാ? "

"വേണ്ടാഞ്ഞിട്ടാ അമ്മേ "

ഹരിയുടെ സ്വരം നേർത്തു.

"പട്ടിണി കിടന്നിട്ട് ഉള്ള ആരോഗ്യം കളഞ്ഞാൽ നിന്റെ പെണ്ണിനേം കുഞ്ഞിനേം കൊണ്ട് വരുമ്പോൾ നീ എങ്ങനെ നോക്കുമെടാ?"
അവന്റെ മുന്നിൽ ചെന്നു നിന്നിട്ട് വരദ ചോദിച്ചു.

ഹരി ഞെട്ടി കൊണ്ട് അമ്മയെ നോക്കി.

ശേഷം നിറഞ്ഞ കണ്ണോടെ അവൻ മാഷിനെയും ഭദ്രയെയും നോക്കി.

ഭദ്ര കരഞ്ഞു തുടങ്ങിയിരുന്നു.

മാഷ് നേർത്തൊരു ചിരിയോടെ അവരെ രണ്ടു പേരെയും നോക്കിയിരിക്കുന്നു.

"അമ്മാ... "

ഹരിക്കൊരു കരച്ചിൽ തൊണ്ടയിൽ പിടഞ്ഞു.
വരദ അവനെ കെട്ടിപിടിച്ചു.

"ആരും എന്തും പറഞ്ഞോട്ടെ. അവർക്ക് മറ്റൊരു വിഷയം കിട്ടുമ്പോൾ ഇതൊക്കെ മറന്ന് കൊള്ളും.എനിക്കെന്റെ മോന്റെ സന്തോഷമാണ് വലുത്. "

വരദ ഹരിയുടെ കവിളിൽ കൈ ചേർത്ത് വെച്ചു.

അവന്റെ അവസ്ഥ വാക്കുകൾക്കതീതമായിരുന്നു.

മുഖം പൂർണചന്ദ്രനെ പോലെ.

അല്ലെങ്കിലും ജീവിതം ഒരുമിച്ച് പങ്കിടാൻ ആഗ്രഹിച്ച്, പ്രാണനെ പോലെ സ്നേഹിക്കുന്ന പ്രണയത്തെ വീട്ടുകാരുടെ സമ്മതത്തോടെ സ്വന്തമാക്കുക എന്നത് നൽകുന്ന സന്തോഷം... അതുണ്ടല്ലോ.. അതിന് വിലയിടാനാവില്ല.

"ഇപ്പൊ ഇച്ചിരി വിശപ്പൊക്കെ തോന്നുന്നില്ലേ ഡാ മോനെ?"

വരദ ഹരിയുടെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.

അവൻ നിറഞ്ഞ കണ്ണോടെ തന്നെ തലയാട്ടി.

"ഇരിക്ക് "
അവർ അവനെ പിടിച്ചു കസേരയിലിരുത്തി.
അവന്റെ ചോറ് പാത്രം വലിച്ചു നീക്കി.

അവനിരിന്നതും ദക്ഷ അവളുടെ കുഞ്ഞി കൈകൾ കൊണ്ട് ഹരിയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു.

ആ മുഖവും വാടി പോയിരുന്നു.
എങ്കിലും കൂർത്ത നോട്ടം വരദയുടെ നേരെയാണ്.

"ഞാനൊന്നും ചെയ്തില്ല പെണ്ണേ നിന്റെ മാമനെ "
വരദ ചോറ് കുഴച്ചുരുട്ടുന്നതിനിടെ പറഞ്ഞു.

"മാമൻ കരയുന്നുണ്ടല്ലോ?"

അവന്റെ മുഖം തനിക് നേരെ പിടിച്ചു തിരിച്ചു കൊണ്ട് അവൾ സങ്കടത്തോടെ പറഞ്ഞു.

"അത്.. അത് മാമന്റെ സന്തോഷം കൊണ്ടാണ് കുഞ്ഞി "

ഭദ്ര പുറം കൈ കൊണ്ട് കണ്ണുനീർ തുടക്കുന്നതിനിടെ പറഞ്ഞു.

"ആണോ?"

കുഞ്ഞിക്ക് അപ്പോഴും സംശയങ്ങൾ തീരുന്നില്ല.

അതേയെന്ന് തല കുലുക്കി കൊണ്ട് ഹരി അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു.

വരദ നീട്ടിയ ചോറുരുളക്ക് വേണ്ടി വാ തുറക്കുമ്പോൾ ഹരിയുടെ കണ്ണുകൾ തീരാത്ത നന്ദിയോടെ മാഷിനെ തഴുകി തലോടി.

അവനറിയാം.. വരദയുടെ ആ തീരുമാനത്തിന് പിന്നിൽ, ഹൃദയം കൊണ്ട് സ്നേഹിക്കാനറിയാവുന്ന കൈമൾ മാഷിന്റെ സാന്നിധ്യം വളരെ വലുതായിരിക്കുമെന്നത്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story