സ്വന്തം ❣️ ഭാഗം 45

swantham

രചന: ജിഫ്‌ന നിസാർ

"നീ.. നീയിന്ന് ലീവാണോടി?"

ഫോണിൽ കൂടി ഹരിയുടെ ശബ്ദം.
സീതയുടെ നെറ്റി ചുളിഞ്ഞു.

"അല്ല ഹരി. ലീവ് വേണമെങ്കിൽ ശ്രീനിലയത്തിൽ നിന്നും മുൻകൂട്ടി പെർമിഷൻ വാങ്ങണമെന്ന് നിനക്കറിയില്ലേ?"

സീത തിരിച്ചു ചോദിച്ചു.

"ഓഓഓ.. ഞാനത് മറന്നു. പെട്ടന്നുള്ള ആവേശത്തിൽ ചോദിച്ചു പോയതാ. നീ ക്ഷമി "

ഹരിയുടെ ചിരി കേൾക്കുന്നുണ്ട്.

സീതയുടെ ചുണ്ടിലും ആ ചിരി മിന്നി പൊലിഞ്ഞു.

"എന്താണാവോ, സാറിന് ഇത്രേം സന്തോഷം? അതൊന്ന് പറഞ്ഞേ ആദ്യം "

ഫോൺ തോളിനും ചെവിക്കുമിടയിൽ ഇറുക്കി പിടിച്ചിട്ട് സീത കയ്യിൽ വാച്ചെടുത്തു കെട്ടി.

ശ്രീനിലയത്തിലേക്ക് പോവാനുള്ള ഒരുക്കത്തിലാണവൾ.

"നീ.. ഇന്നലെ രാത്രി ഫോൺ ഓഫ് ചെയ്തു വെച്ചിരിന്നതെന്തിനാ സീതേ? സാധാരണ നെറ്റ് ഓഫ് ചെയ്യും എന്നല്ലാതെ ഫോൺ ഓഫ് ചെയ്യാറില്ലല്ലോ നീ?"

ഹരിയുടെ ചോദ്യം കേട്ട് ഒരു നിമിഷം അവൾക്ക് കണ്ണനെ കുറിച്ച് ഓർമ വന്നു.
അവന്റെ വാക്കുകൾ കൊണ്ടേറ്റ തലോടലിൽ സ്വയം മറന്നെത്ര നേരമിരുന്നു എന്നത് പോലുമറിയില്ല.

"അത് ഞാൻ ഓഫ് ചെയ്തു വെച്ചതൊന്നുമല്ല ഹരി. ചാർജ് തീർന്നപ്പോൾ സ്വയം ഓഫായി പോയതാ. ഇന്ന് രാവിലെയാണ് ഞാനെടുത്തു ചാർജിൽ ഇട്ടത് "

സീത പറഞ്ഞു.

"ഇന്നലെ രാത്രി നീ എന്നെ വിളിച്ചിരുന്നോ?"

പിന്നെ ഹരിയുടെ ശബ്ദം കേൾക്കാഞ്ഞിട്ട് വീണ്ടും സീത ചോദിച്ചു.
"മ്മ് "

അവൻ ഒന്ന് മൂളി.

"വലിയൊരു കടമ്പ കടന്ന് കിട്ടി. ല്ലേ ഹരി? ആ സന്തോഷം പങ്ക് വെക്കാനല്ലേ എന്നെ ഇന്നലെ മുതൽ വിളിച്ചു കൊണ്ടിരിക്കുന്നത്?"

സീത നേർത്തൊരു ചിരിയോടെ അവനോട് ചോദിച്ചു.

"ഹേയ്... അതെങ്ങനെ നിനക്ക് മനസ്സിലായെടി. അത് പറയാൻ ഞാൻ നിന്നെ വിളിക്കുമെന്ന് നിനക്കറിയാമായിരുന്നോ സീതേ?"

വല്ലാത്തൊരു ആവേശത്തിലാണ് അവന്റെ ചോദ്യമെന്ന് സീതയ്ക്ക് മനസ്സിലായി.

"ഇന്നോ ഇന്നലെയോ അല്ലല്ലോ ഹരി ഞാൻ നിന്റെ കൂടെയും നീ എന്റെ കൂടെയും നടപ്പ് തുടങ്ങിയിട്ട്.ചിലതെല്ലാം പറയാതെയും അറിയാൻ കഴിയുമ്പഴല്ലേ നല്ല സൗഹൃദം എന്ന് പറയുന്നത്?"

സീത ചിരിയോടെ പറഞ്ഞു.

"ഏതൊരു പാതിരാത്രിക്ക് വേണമെങ്കിലും നിനക്കെന്നെ വിളിക്കാൻ അനുവാദമുണ്ടെങ്കിലും അത്ര പ്രധാനപെട്ട എന്തോ ഒന്നില്ലാതെ നീയെന്നെ വിളിക്കില്ലെന്ന് എനിക്കറിയാം. ഇപ്പൊ നിന്റെ മുന്നിലുള്ള ഏറ്റവും വലിയൊരു വെല്ലുവിളിയും ഇത് തന്നെ. അപ്പൊ എനിക്കുറപ്പുണ്ട്.. ഇതിനാവും നീ എന്നെ വിളിച്ചതെന്ന് "

സീത പറഞ്ഞത് കേൾക്കെ ഹരിയുടെ ചുണ്ടിൽ മനോഹരമായൊരു ചിരിയുണ്ടായിരുന്നു.

"ഇവിടുത്തെ കടമ്പയെ ഞാൻ പേടിച്ചിട്ടില്ല സീതേ. കുറേ തടസ്സങ്ങൾ പറഞ്ഞാലും എന്റെ സന്തോഷം ഇല്ലാതെയാക്കാൻ ഇവിടാരും ഇഷ്ടപെടില്ലെന്ന് എനിക്കുറപ്പായിരുന്നു. ശെരിക്കുമുള്ള കടമ്പ ഇനിയാണ്. നിന്റെ ചേച്ചിയുടെ സമ്മതമെന്നുള്ള കടമ്പ. സത്യം പറയാലോ.. എനിക്കത് ആലോചിച്ചു നോക്കുമ്പോൾ നല്ല പേടിയുണ്ട് "

ഹരിയുടെ ടെൻഷൻ നിറഞ്ഞ ശബ്ദം. സീത ചിരിയോടെ അവനെ കാതോർത്ത് നിന്നു.

"അവളെന്നെ റിജേകട് ചെയ്യുമോടി "ഹരി ചോദിച്ചു.

"അത് ചോദിക്കാനുണ്ടോ? ഉറപ്പല്ലേ "
സീത ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.

"പോടീ... ഒരു ആശ്വാസം കിട്ടുമെന്ന് കരുതി ചോദിച്ചതാ അവളോട്. അപ്പൊ അവള് കൂടുതൽ ടെൻഷനടിപ്പിക്കുന്നു. അലവലാതി "

ഹരിയുടെ ദേഷ്യം നിറഞ്ഞ സ്വരം. സീത അമർത്തി ചിരിച്ചു.

"ഞാൻ എന്തെങ്കിലും പറഞ്ഞത് കൊണ്ടായില്ലല്ലോ മോനെ ഹരി. വരാനുള്ളതും നീ അനുഭവിക്കാനുള്ളതും അത് പോലെ തന്നെ സംഭവിക്കും. അത് കൊണ്ട് ഡോണ്ട് വറി മിസ്റ്റർ ഹരി പ്രസാദ്. എല്ലാം താങ്കളുടെ ഭാഗ്യം പോലിരിക്കും."

സീത കുറുമ്പോടെ പറഞ്ഞു.

ഹരി ഒന്നും മിണ്ടിയില്ല.
"അപ്പഴേ... എനിക്ക് പോവാൻ സമയമായി "

സീത അവനെ ഓർമിപ്പിച്ചു.

"ഓരോന്നോർത്ത് കിടന്നു, ഇന്നലെ ഉറങ്ങാൻ നന്നായി വൈകി. അത് കൊണ്ട് തന്നെ ഇന്ന് എഴുന്നേൽക്കാനും. ഇനിയിപ്പോ ഞാൻ അങ്ങോട്ട്‌ വരുമ്പോഴേക്കും നീ പോയിട്ടുണ്ടാകും. അതാണ്‌ വിളിച്ചത് "

ഹരി പറഞ്ഞു.

"ഏതായാലും നല്ല കറക്ട് നേരമാണ്. ഞാൻ പോവാനിറങ്ങാൻ തുടങ്ങി "

സീത ബാഗ് എടുത്തു കൊണ്ട് തോളിൽ തൂക്കി.

"ശോ.. എനിക്കൊന്നു നിന്നെ കാണണമെന്നുണ്ടായിരുന്നു "
ഹരിയുടെ നിരാശ നിറഞ്ഞ സ്വരം.

"അതിന് ഞാൻ അമേരിക്കയിലോട്ട് ടൂറൊന്നുമല്ല പോകുന്നത്. നീയിത്ര സെന്റിയടിക്കാൻ.വൈകുന്നേരം ഇങ്ങോട്ട് തന്നെ വരും.നീ ആ നേരം ഇറങ്ങ്."

സീത ചിരിയോടെ പറഞ്ഞു.

"ഓകെ ടി. നീ വിട്ടോ. എന്നാ വന്നിട്ട് കാണാം"

അതും പറഞ്ഞിട്ട് ഹരി ഫോൺ ഓഫ് ചെയ്തു പോയി.

ഒരു നിമിഷം കൂടി ഫോൺ ചെവിയോട് ചേർത്ത് സീത അത് പോലിരുന്നു.

ഹരിയെ ഓർക്കുമ്പോൾ മനസ്സിലൊരു തണുപ്പ് തോന്നുന്നു.

അവനൊപ്പം പാർവതിക്കും ലല്ലു മോൾക്കും ഒരിക്കലും വേദനിക്കേണ്ടി വരില്ലെന്നത് ഉറപ്പാണ്.
പക്ഷേ ഹരി പറഞ്ഞത് പോലെ... ഇനി പാർവതിയെ പറഞ്ഞു സമ്മതിപ്പിക്കുന്നതാണ് ഏറെ കടമ്പ.

ഒരുപാട് റിസ്ക്കെടുക്കേണ്ടി വരും എന്നതിൽ തർക്കമില്ല.
തന്റെ ജീവിതം സേഫ് ആകുമല്ലോ എന്നതിനേക്കാൾ, ഹരിയുടെ നല്ലൊരു ജീവിതം താൻ കാരണം നശിക്കാൻ പാടില്ല എന്നതിൽ തന്നെയായിരിക്കും പാർവതി ഉറച്ചു നിൽക്കുന്നത്.

കരിങ്കല്ല് പോലുള്ള ആ ഉറപ്പിനെ തച്ചുടക്കാൻ മതിയായൊരു ആയുധം കണ്ട് വച്ചേ തീരു.

സീത അതോർത്തു കൊണ്ടാണ് മുറിയിൽ നിന്നും പുറത്തേക്ക് ചെന്നത്.

ബാഗും ഫോണും ഹാളിലെ മേശയിൽ വെച്ച് കൊണ്ട് അവൾ അടുക്കളയിലേക്കിറങ്ങി ചെന്നു.

അവിടെ മേശയിൽ ഇരുന്നു കൊണ്ട് ലല്ലു മോൾ ഒരു പാത്രത്തിൽ അപ്പം തിന്നുന്നുണ്ട്.

"നിന്റെ അമ്മയെവിടെ പോയി ലല്ലുസേ?"

സീത അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.

"അമ്മ മുത്തച്ഛന്റെ മുറിയിൽ "
കഴിക്കുന്നതിനിടയിൽ അങ്ങോട്ടേക്ക് വിരൽ ചൂണ്ടി കൊണ്ട് ലല്ലു പറഞ്ഞു.

അച്ഛന് ചായ കൊടിത്തതാണല്ലോ.?കുളിച്ചിറങ്ങി വരുമ്പോൾ ഒഴിഞ്ഞ പാത്രങ്ങളുമായി പാർവതി ധൃതിയിൽ വരുന്നത് കണ്ടിരുന്നു.

പിന്നെയിപ്പോ പോവാൻ എന്താവോ കാരണം?

സീത ചായയെടുക്കാൻ കയ്യിലെടുത്ത ഗ്ലാസ്‌ തിരികെ സ്ലാബിലേക്ക് തന്നെ വെച്ച് കൊണ്ട് അകത്തേക്ക് ചെന്നു.

"ഇപ്പൊ ആശ്വാസം തോന്നുന്നുണ്ടോ അച്ഛാ?"

പാർവതി സുധാകരന്റെ നെഞ്ചിൽ തടവി കൊണ്ടാണ് ചോദിക്കുന്നത്.

അതിനുത്തരമായി ആയാളൊന്ന് മൂളിയത്, വലിയൊരു ചുമയിലാണ് അവസാനിച്ചത്.

കണ്ടു നിന്നിട്ട് പോലും സീതയ്ക്ക് ശ്വാസം മുട്ടി.
പാർവതി നിറഞ്ഞ കണ്ണോടെ അയാളുടെ നെഞ്ചിൽ തലോടി കൊടുത്തു.

കണ്ണും മുഖവും ചുവന്ന് തുടുത്തു സുധാകരൻ വില്ല് പോലെ വളഞ്ഞു പോയിരുന്നു.

അത്യാവശ്യം തടിയും മിടുക്കുമുണ്ടായിരുന്ന ആ ദേഹത്ത് നിന്നും എല്ലുകൾ എണ്ണിയെടുക്കാം എന്നുള്ള പരുവത്തിലാണിപ്പോൾ.

"ഇച്ചിരി.. ഇച്ചിരി വെള്ളം കുടിച്ചു നോക്കച്ചാ"

സീത ജനൽപ്പടിയിൽ വച്ചിരുന്ന വെള്ളഗ്ലാസ്‌ എടുത്തു അയാൾക്ക് നേരെ നീട്ടി.

സുധാകരൻ അത് വാങ്ങും മുന്നേ സീതയുടെ മുഖത്തേക്ക് നോക്കിയിരുന്നു അൽപ്പസമയം.

വല്ലാതെ കിതക്കുന്നുണ്ട് അയാൾ.

പാർവതി സീതയെയും അച്ഛനെയും മാറി മാറി നോക്കുന്നുണ്ട്.

ഇത്രയും കരുണയോടെ അവളൊരിക്കലും സംസാരിച്ചു കേൾക്കാത്ത അമ്പരപ്പ് സുധാകരനും പാർവതിക്കും ഉണ്ടായിരുന്നു.

അവളുടെ കരുണയിലാണ് ജീവിതം തന്നെ. ഒന്നും പറഞ്ഞു കൊടുക്കാതെ എല്ലാം വ്യക്തമായി ചെയ്തു കൊടുക്കുമെങ്കിലും ദേഷ്യത്തിന്റെ മൂടുപടത്തിനുള്ളിൽ ഒളിപ്പിച്ചു പിടിച്ചൊരു സീതാ ലക്ഷമിയാണ് അവരുടെ മുന്നിൽ ചെന്നു നിൽക്കാറുള്ളത്.

വെള്ളം കുടിച്ചതോടെ സുധാകരന് അൽപ്പം ആശ്വാസം തോന്നിയിരുന്നു.

അയാൾ പാർവതിയോട് കിടത്താൻ ആംഗ്യം കാണിച്ചു.

അവൾ എഴുന്നേറ്റു കൊണ്ട് പതിയെ അയാളെ പിടിച്ചു കിടത്തി.

കാൽകീഴിൽ ചുരുണ്ടു കൂടി കിടന്ന പുതപ്പെടുത്തു കൊണ്ട് സീത അയാളുടെ മേലേക്ക് വലിച്ചിട്ട് കൊടുത്തു.

നിറഞ്ഞ കണ്ണുകൾ മക്കളിൽ നിന്നും മറച്ചു പിടിക്കാൻ സുധാകരൻ വേഗം മുഖം ഭിത്തിയോട് നേരെ തിരിച്ചു.

എന്നിട്ടും,ചങ്കിൽ തറച്ചു കയറിയൊരു മുള്ളായി അവർ രണ്ടാളും ആ കണ്ണുനീർ കണ്ടിരുന്നു.

ആവുന്ന കാലത്തോളം സങ്കടം മാത്രം നൽകിയ ഒരാളായിരുന്നിട്ട് കൂടി ആ നീർതുള്ളികൾ കനൽ പോലെയാണ് സീതയുടെ നെഞ്ച് പൊള്ളിച്ചു കൊണ്ട് ഇറ്റി വീഴുന്നത്.

ആശ്വാസവാക്കുകൾ ഒന്നും തന്നെ പകരമാവില്ലന്നറിയാവുന്നത് കൊണ്ടോ... ആശ്വാസം പകർന്നു കൊടുക്കാൻ മാത്രം ധൈര്യമിനിയും തന്നിൽ അവശേഷിക്കിന്നില്ലെന്ന തിരിച്ചറിവ് കൊണ്ടോ, സീത പിന്നെയവിടെ നിന്നില്ല.

അടുക്കളയിൽ ചെന്നിട്ട് ഒരു ഗ്ലാസ്‌ വെള്ളം മാത്രം എടുത്തു കുടിച്ചു.

കഴിക്കാനുള്ള മനസ്സൊക്കെ മരവിച്ചു പോയിരിക്കുന്നു.
ഇത്തിരി മുന്നേ മനസ്സിൽ തോന്നിയ ആ സന്തോഷവും നിലച്ചു പോയി.

ഒരു സന്തോഷം നൽകുമ്പോൾ ഒരായിരം സങ്കടങ്ങൾ കൊണ്ടതിന് തടയിടാൻ ദൈവത്തിന് തന്നോട് മാത്രമെന്താവോ ഇത്രയും വൈരാഗ്യം?

"അച്ഛന് ഒട്ടും വയ്യെടി."

പാർവതി കയ്യിലുള്ള ഗ്ലാസ്‌ മേശയിലേക്ക് വച്ചു കൊണ്ട് സീതയെ നോക്കി പറഞ്ഞു.

സീത ഒന്നും മിണ്ടാതെ ചുവരിൽ ചാരി നിന്നു.

"കഴിഞ്ഞ പ്രാവശ്യം ആ ഡോക്ടർ എടുത്തു പറഞ്ഞതാ, ഇനിയും മെഡിസിൻ കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ ആവില്ല. അച്ഛനെ കുറച്ചു കാലം കൂടി കണ്ടോണ്ടിരിക്കണമെങ്കിൽ ഓപ്പറേഷൻ ചെയ്തെ മതിയാവൂ ന്ന് "

നെടുവീർപ്പോടെ പാർവതി പറയുമ്പോൾ, നിർജീവമായ കണ്ണോടെ സീത അവളെ നോക്കി.

"നമ്മളെന്തു ചെയ്യുമെടി മോളെ?"
പാർവതി ഇടറി കൊണ്ട് ചോദിച്ചു.

സീത ഒരു നിമിഷം കണ്ണടച്ച് പിടിച്ചു.

"എന്തെങ്കിലുമൊരു വഴിയുണ്ടാവുമെടി ചേച്ചി."

യാതൊരു പ്രതീക്ഷിയുമില്ലാഞ്ഞിട്ടും ചിരിയോടെയാണ് അവളത് പറഞ്ഞത്.

എന്ത് വഴി എന്നുള്ള ചോദ്യം ചോദിക്കാൻ പാർവതിക്ക് ധൈര്യം പോരായിരുന്നു.

അത് കൊണ്ട് അവളൊന്നും മിണ്ടാതെ നിന്നു.

"ഞാൻ... ഞാൻ പോട്ടെ ചേച്ചി. നേരം വൈകി "

മുഖം ഒന്നമർത്തി തുടച്ചു കൊണ്ട് സീത പാർവതിയെ നോക്കി.

"അയ്യോ.. അത് ഞാനും മറന്നു. പോവാനായോ? നീ വല്ലതും കഴിച്ചോ പെണ്ണേ?"
പാർവതി സീതയെ നോക്കി ചോദിച്ചു.

"മ്മ് "
ലല്ലുവിന്റെ കവിളിൽ ഒരുമ്മയും കൊടുത്തു കൊണ്ട് അവൾ വേഗം അവിടെ നിന്നിറങ്ങി.

                       ❣️❣️❣️❣️❣️❣️

"നിനക്കൊന്നും പറയാനില്ലേ കണ്ണാ? "

മിഥുൻ കണ്ണന് നേരെ നോക്കി.
അവനൊന്നും മിണ്ടാതെ ഇല്ലെന്ന് തലയാട്ടി കാണിച്ചു.

"അവൾ തിരിച്ചു പോരുന്നില്ല എന്ന് പറഞ്ഞട്ടുണ്ടെങ്കിൽ, തീർച്ചയായും അതിവിടെ നിൽക്കാനുള്ള കൊതി കൊണ്ടൊന്നും അല്ല. നിന്നെക്കാൾ കുറച്ചു കൂടി ഡീപ്പ് ആയിട്ട് എനിക്കറിയാം റിമിയെ. അവൾക്കുളിൽ വ്യക്തമായ എന്തോ ഒരു ലക്ഷ്യമുണ്ട് കണ്ണാ."

മിഥുൻ ഗൗരവത്തോടെയാണ് പറയുന്നത്.

കണ്ണൻ അവനെ തന്നെ നോക്കിയിരിപ്പാണ്.

"എനിക്കവളുടെ ചില ആക്ടിട്യൂടുകൾ അത്ര പിടിക്കാറില്ല. മനസ്സിൽ ഒന്ന് വെച്ചിട്ട്, മുഖത്ത് അതിന്റെ നേരെ ഓപ്പോസിറ്റ് ഫീൽ സൂക്ഷിച്ചു കൊണ്ട് നടക്കാൻ മിടുക്കിയാണ് റിമി മരിയ."

മിഥുൻ വീണ്ടും കണ്ണനെ നോക്കി.

"സീതയോട് അവൾ വളരെ റഫ് ആയി പെരുമാറിയെങ്കിലും.. അവളെ നന്നായി പിടിച്ചമട്ടുണ്ട് എന്ന് പറഞ്ഞല്ലോ നീ? "

മിഥുന്റെ ചോദ്യത്തിനു കണ്ണൻ അതേയെന്ന് തലയാട്ടി.

"പൊതുവെ കേറി ചൊറിയുന്ന സ്വഭാവമാണ് റിമിക്ക്. അത് പോലെ തന്നെ എത്ര വലിയൊരു തെറ്റ് അവൾ ചെയ്താലും അത് തെറ്റാണെന്ന് തെളിയിച്ചു കൊടുത്താലും, റിമി മരിയ ആരോടെങ്കിലും സോറി പറയുന്നത് നീ കേട്ടിട്ടുണ്ടോ? അങ്ങനെ ആരെങ്കിലും പറഞ്ഞ അറിവെങ്കിലുമുണ്ടോ?"

മിഥുൻ വീണ്ടും കണ്ണനെ നോക്കി.

"ഇല്ല.."
മുറുകിയ മുഖത്തോടെ കണ്ണൻ അവനുള്ള ഉത്തരം കൊടുക്കുമ്പോഴും സീതയോട് സോറി പറയുന്ന റിമിയുടെ മുഖമായിരുന്നു അവന്റെ മനസ്സിൽ നിറയെ.

"അങ്ങനെയുള്ള റിമി മരിയ നിന്റെ സീതയോട് സോറി പറഞ്ഞുവെങ്കിൽ...."

മിഥുൻ പാതിയിൽ നിർത്തി കണ്ണനെ നോക്കി.

"എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ മിത്തു?"

കണ്ണൻ അസ്വസ്ഥതയോടെ തല കുടഞ്ഞു.

"ഇല്ലാതിരിക്കട്ടെ എന്ന് തന്നെ നമ്മുക്ക് ആശ്വാസിക്കാം. പക്ഷേ നീ ഒരുപാട് ശ്രദ്ധിക്കണം. നീ മാത്രമല്ല. സീതയോടും പറയണം. റിമി മരിയക്ക് കിരൺവർമയോടുള്ള ക്രഷ് അവളും അറിയണം. കരുതിയിരിക്കാൻ പറയണം. അവളെ പേടിച്ചു ജീവിക്കണം എന്നല്ലടാ ഞാൻ പറയുന്നത്. അവൾക്കെതിരെ ഒരു ജാഗ്രത വേണം "

മിഥുൻ കണ്ണന്റെ തോളിൽ തട്ടി.

"എനിക്കറിയാം മിത്തു. എനിക്ക് മനസ്സിലാവുന്നുണ്ട് "

കണ്ണൻ അവനെ നോക്കി.

"നീയും സീതാ ലക്ഷ്മിയും തമ്മിലുള്ള അഫയർ കഴിവതും റിമി ഇവിടുന്ന് പോകും വരെയെങ്കിലും കണ്ട്രോൾ ചെയ്യണം. അവൾക്ക് മുന്നിൽ അത് പ്രസന്റ് ചെയ്യേണ്ടുന്ന സിറ്റുവേഷൻ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. മനസ്സിലായോ?"

മിഥുൻ ഗൗരവത്തിൽ തന്നെയാണ്.

കണ്ണൻ ആലോചനയോടെ ഒന്ന് മൂളി.

"വെറുതെ മൂളിയത് കൊണ്ടായില്ല. പെണ്ണിന് കൂട്ട് പോകാനും പ്രണയം പകർന്നു കൊടുക്കാനും പിറകെ നടന്നിട്ട് ഒടുവിൽ, റിമി അവളുടെ ജീവനൊരു ഭീക്ഷണിയാവുന്ന സിറ്റുവേഷൻ നീ തന്നെ ഉണ്ടാക്കിയെടുക്കരുത്. നിനക്കറിയാമല്ലോ റിമിക്ക് നിന്നോടുള്ള അടുങ്ങാത്ത മോഹം? കിട്ടില്ലെന്നുറപ്പാകുമ്പോൾ അവൾ തന്നെ മടുത്തിട്ട് തിരിച്ചു പോന്നോളും. അത് വരെയും നീ ക്ഷമിച്ചേ പറ്റൂ "

മിഥുൻ കണ്ണനെ നോക്കി.

"എനിക്കെന്തായാലും നാളെ തിരിച്ചു പോയെ പറ്റൂ. അതിപ്പോ റിമി കൂടെ പോന്നാലും ഇല്ലെങ്കിലും "
മിഥുൻ പറയുമ്പോൾ കണ്ണൻ നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി.

"നാളെ തന്നെ പോണോ ടാ?"
കണ്ണൻ ചോദിച്ചു.

"ഇപ്പൊ തന്നെ പറഞ്ഞതിലും ഒരു ദിവസം അതികമാണ് ലീവ്. ഇനിയും നിന്നാൽ ശരിയാവില്ല കണ്ണാ. നിനക്കറിയാമല്ലോ എന്റെ ജോലിയുടെ അവസ്ഥ? ഇനി ഒരാഴ്ച ആ മുരുടൻ ബോസ് ഈ ലീവിന്റെ കാര്യം പറഞ്ഞിട്ടേന്നെ ചൊറിയും "

മിഥുൻ നെറ്റി തടവി.

"നിനക്ക് നിന്റെ പെണ്ണിനേം കൊണ്ട് ബാംഗ്ലൂരിലേക്ക് പോന്നൂടെ ടാ. ഇവിടെ... ഇവിടെ എനിക്കത്ര സേഫ് ആയിട്ട് തോന്നുന്നില്ല. ചുറ്റും ഉള്ളതൊക്കെ നിന്റെ ശത്രുക്കളാണ്.. അവർക്കിടയിൽ നീ തനിച്ച്. സത്യത്തിൽ എനിക്ക് നിന്നെ ഒറ്റക്കാക്കി പോവാനെ തോന്നുന്നില്ല."

മിഥുൻ ടെൻഷനോടെ കണ്ണനെ നോക്കി.

"എന്റെ മനസ്സിലും അതുണ്ട് മിത്തു. പക്ഷേ പെട്ടന്നൊരു പറിച്ചു നടലിനു പറ്റിയ സിറ്റുവേഷനല്ല സീതക്കുള്ളത്. അതെല്ലാമൊന്നു സെറ്റ് ചെയ്യാൻ അവൾക്കൊപ്പം ഞാൻ കൂടി വേണം. അത് കഴിഞ്ഞു ഫ്രീ ആയിട്ട് ഞങ്ങളങ് പറന്നു വരില്ലേ..."

കൈ കൊണ്ട് പറക്കുന്നത് പോലെ കാണിച്ച് കണ്ണൻ പറയുമ്പോൾ മിഥുൻ ചിരിച്ചു പോയി...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story