സ്വന്തം ❣️ ഭാഗം 46

swantham

രചന: ജിഫ്‌ന നിസാർ

റോഡിൽ നിന്നും വയൽ വരമ്പിലേക്കിറങ്ങിയതും സീതയുടെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചാണ്.

കണ്ണനാവുമോ എന്നൊരു സംശയം ഉള്ളത് കൊണ്ട് തന്നെ അൽപ്പം വെപ്രാളത്തിലാണ് അവൾ ബാഗിന്റെ സിപ് വലിച്ചു തുറന്നിട്ട്‌ ഫോൺ എടുത്തത്.

പരിചിതമല്ലാത്തൊരു നമ്പർ സ്‌ക്രീനിൽ തെളിഞ്ഞത് കണ്ടിട്ട് അവളുടെ നെറ്റി ചുളിഞ്ഞു.

അപ്പോഴേക്കും അത് ഒരു പ്രാവശ്യം ബെല്ലടിച്ചു തീർന്നു നിശബ്ദമായിരുന്നു.

തിരിച്ചു വിളിക്കണോയെന്ന ശങ്കയിൽ സീതയുടെ നടത്തത്തിന്റെ വേഗം കുറഞ്ഞു.

ആവിശ്യകാരാണെങ്കിൽ വീണ്ടും വിളിക്കും എന്നുറപ്പുള്ളത് കൊണ്ട് അവൾ വേഗതയിൽ നടന്നു തുടങ്ങി.

ഫോൺ ബാഗിൽ ഇടാതെ കയ്യിൽ തന്നെ പിടിച്ചു.

ഒരു നിമിഷത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് വീണ്ടും അവളുടെ കയ്യിലിരുന്ന് ഫോൺ ബെല്ലടിച്ചു.

പിന്നെയൊരു സംശയത്തിനിട കൊടുക്കാതെ അവളതെടുത്തു ചെവിയിൽ ചേർത്തു.

"ഹലോ "

സീതയുടെ ശബ്ദം കേട്ടിട്ടും മറുവശത്ത് നിന്നും അനക്കമൊന്നുമില്ല എന്നതവളുടെ നെറ്റി ചുളിയിച്ചു.

"ഹലോ.."

അൽപ്പം കൂടി കടുപ്പത്തിൽ വീണ്ടും സീത ആവർത്തിച്ചു.

"ഹലോ..."

മറുവശം പതറി കൊണ്ടുള്ള ഒരു ഹലോ മറുപടി കിട്ടി.

"ആരാണ് പറയൂ"

സീത വീണ്ടും ആവിശ്യപെട്ടു.

"സീത... സീതേച്ചിയല്ലേ?"

ഒരു പെൺകുട്ടിയുടെ ശബ്ദമാണ്.

സീതയുടെ നെറ്റിയിൽ സംശയങ്ങൾ ചുളിവ് വീഴ്ത്തി.

"അതേ.. സീതാ ലക്ഷ്മിയാണ്. കുട്ടി ആരാണ്?"

"ഞാൻ... ഞാൻ നിരഞ്ജന..."

പതറി കൊണ്ടാണ് അപ്പോഴും പറയുന്നത്.

"നിരഞ്ജന..."

സീതക്ക് അതാരാണെന്നുള്ളത് അപ്പോഴും മനസ്സിലായിട്ടില്ല.

"ഞാൻ.. അർജുന്റെ കോളേജിൽ..."

"ഓ... അജുന്റെ ഫ്രണ്ടാണോ?"

സീതയുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.

"മ്മ്.."

നേർത്തൊരു മൂളലാണ് ഉത്തരം കിട്ടിയത്.

"അവനെ വിളിച്ചിട്ട് കിട്ടിയില്ലേ?"

ഇനി അത് കൊണ്ടാവുമോ തന്നെ വിളിച്ചതെന്നൊരു സംശയം ഉള്ളത് കൊണ്ടാണ്‌ സീത അങ്ങനെ ചോദിച്ചത് .

"എനിക്ക്... എനിക്ക് സംസാരിക്കാനുള്ളത് സീതേച്ചിയോടാണ് "

"എന്നോടോ?"
സീത വിശ്വാസം വരാതെ ഒന്ന് കൂടി ചോദിച്ചു.

"പ്ലീസ്.. ദയവായി എനിക്ക് പറയാനുള്ളതൊന്ന് കേൾക്കണം "

അപേക്ഷിക്കുന്നത് പോലാണ് ഇപ്രാവശ്യം.

"എന്നോടെന്താ മോളെ പറയാൻ?"
ഉള്ളിലൂടെ അനാവശ്യ ചിന്തകൾ പലതും കടന്ന് പോയിട്ടും പരമാവധി ശാന്തമായി സീത ചോദിച്ചു.

"എനിക്കൊന്ന് കാണാൻ പറ്റുമോ?"

നിരഞ്ജന വീണ്ടും അപേക്ഷിക്കുന്നു.

"കാണാനോ?"
സീതയ്ക്ക് പെട്ടന്ന് ഒരുത്തരം കൊടുക്കാനായില്ല.

"ഒരു പത്തു മിനിറ്റ് മതി സീതേച്ചി. അത്രയും പ്രധാനപെട്ട ഒരു കാര്യം പറയാനാ. ഫോണിൽ കൂടി പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നി. അത് കൊണ്ടാണ് ഞാൻ.. പ്ലീസ് "

സീതയോട് വീണ്ടും കേഴും പോലെ നിരഞ്ജന ചോദിക്കുന്നത് കേട്ടപ്പോൾ തന്നെ അത്രയേറെ ഗൗരവമുള്ള എന്തോ കാര്യമാണെന്നുള്ളത് സീതയ്ക്ക് ഉറപ്പായിരുന്നു.

പ്രതേകിച്ചും അർജുന്റെ ഫ്രണ്ട് ആവുമ്പോൾ...

അവൾക്കൊരു വീർപ്പുമുട്ടൽ തോന്നി.

"ഞാൻ.. ഞാൻ വരാം മോളെ. ഉച്ചക്ക് ശേഷം. സ്ഥലം... അത് ഞാൻ വിളിച്ചറിയിക്കാം "
സീത പറഞ്ഞു.

"ഒക്കെ.. വളരെ നന്ദി സീതേച്ചി.. ഞാൻ.. ഞാൻ കാത്തിരിക്കും കേട്ടോ "

കാതിലാ പെൺകുട്ടിയുടെ സ്വരം.

ഫോൺ ഓഫ് ചെയ്തിട്ടും സീതയുടെ മനസ്സിൽ മുഴുവനും ആ സംസാരമാണ് നിറഞ്ഞു നിന്നിരുന്നത്.

അർജുനെ കുറിച്ച് തന്നെയാവും നിരഞ്ജനയ്ക്ക് പറയാനുള്ളതെന്ന് ഉറപ്പാണ്.

അതെന്താവും എന്നതിലാണ്‌ ടെൻഷൻ.

മുന്നോട്ടു നടക്കുന്ന ഓരോ കാലടികൾക്ക് മുന്നിലും ഭീതിപെടുത്തുന്ന ഓരോ ഗർത്തങ്ങളുണ്ടെന്ന് തോന്നി സീതക്ക്.

നേരിടാൻ ഇനിയുമെന്തൊക്കെയോ ദുരന്തങ്ങൾ ബാക്കിയുണ്ടെന്ന് ഓർമിപ്പിക്കും പോലെ ഹൃദയ അതിദ്രുതം മിടിക്കുന്നു.

തളർച്ച തോന്നിയിരുന്നു..

പക്ഷേ ചാഞ്ഞു കിടക്കാനൊരിടവും അവളുടെ ഓർമയിൽ പോലും തെളിയാത്ത വിധം മനസ്സ് കലുഷിതമായി പോയി എന്നുള്ളതാണ് സത്യം.

കാര്യപ്രപ്‌തിയുള്ളൊരു അച്ഛന്റെ തണലിൽ, അത് വേണ്ട പോലെ കൈകാര്യം ചെയ്യാനറിയാവുന്ന ഒരമ്മയുടെ വാത്സല്യചൂടിൽ ഒതുങ്ങി ജീവിക്കാനാവുക എന്നതെത്ര മഹത്തായൊരു കാര്യമാണെന്ന് ആ നിമിഷം അവളോർത്തു.
ചുണ്ടിൽ ആത്മനിന്ദയുടെ ഒരു ചിരി തെളിഞ്ഞു.

എത്രയൊക്കെ പിടഞ്ഞാലും ഈ ഹൃദയചൂട് പങ്ക് പറ്റാൻ ആരുമില്ലെന്നോർക്കേ അവളൊന്നുക്കൂടി പിടഞ്ഞു.

നിരഞ്ജനയെ കാണാനും അവൾക്ക് പറയാനുള്ളത് കേൾക്കാനും മനസ്സിൽ ഉറപ്പിച്ചു.

പക്ഷേ അതോർക്കുമ്പോൾ പോലും വല്ലാത്തൊരു തളർച്ച പൊതിയുന്നത് മാത്രം അവൾക്ക് നിയന്ത്രിക്കാനായില്ല.

ശ്രീ നിലയത്തിന്റെ പടി കടക്കുമ്പോഴും മനസ്സാ ചിന്തയിൽ തന്നെ കുരുങ്ങികിടക്കുന്നത് കൊണ്ട് അവളെ കൊതിയോടെ കാത്തിരിക്കുന്നവനെ അവൾ ഓർത്തതെയില്ലായിരുന്നു.

യാന്ത്രികമായി അവിടേക്ക് കയറി ചെന്നിട്ട് ഇടനാഴിയിലൂടെ അലസമായി നടക്കുന്നവളെ, ഒരൊറ്റ വലിയിൽ കണ്ണൻ പിടിച്ചു മുറിക്കുള്ളിലാക്കി.

സീത ഞെട്ടി കൊണ്ടവനെ തുറിച്ചു നോക്കി.

ചിന്തിച്ചു നടക്കുമ്പോൾ മുന്നിൽ വന്നവനെ കണ്ടില്ല.

താൻ ശ്രദ്ധിക്കാത്തത് കൊണ്ട് അവന്റെ മുഖം വാടിയതും കണ്ടില്ല.
പക്ഷേ കണ്മുന്നിൽ ചിന്തകളുടെ കെട്ട് പൊട്ടിച്ചു കൊണ്ട് അവനെത്തി നിൽക്കുമ്പോൾ ഹൃദയം അത് വരെയും പേറിയിരുന്ന അനാവശ്യ പേടികളിൽ നിന്നൊരു മോചനം കിട്ടിയത് അവളറിഞ്ഞിരുന്നു.

"എന്താ ഇതിന് മാത്രം ചിന്തിച്ചു കൂട്ടാൻ?"

അരികിൽ ചേർന്ന് നിന്നിട്ട് പരിഭവത്തോടെ അവന്റെ ചോദ്യം.

സീത ചിരിച്ചു കൊണ്ട് ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചു.

"സങ്കടമൊന്നും പോയില്ലേ ഇനിയും?"

മങ്ങിയ മുഖത്തോടെ അവൻ കയ്യിൽ പിടിച്ചു.

അവളൊന്നും മിണ്ടാതെ തല കുനിച്ചു.

"ബോധമില്ലാതെ എന്തോ ചിന്തയും കൊണ്ടാണല്ലോ ഇങ്ങോട്ട് കയറി വന്നത്? പ്രശ്നമില്ലെന്നോ... അതോ എന്നോട് പറയില്ലന്നോ?"

ചിരിച്ചു കൊണ്ടാണ് കണ്ണൻ ചോദിക്കുന്നത്.

അവൾ അവനെ തന്നെ നോക്കി നിന്ന് പോയി.

"നിനക്ക് പറയാനുള്ളത് എന്ത് തന്നെയായാലും ഞാനില്ലേ ലച്ചൂ അത് കേൾക്കാൻ..?പിന്നെന്താ എന്നോട് പറയണോ വേണ്ടയോ എന്നൊക്കെ ഇത്രേം ആലോചിച്ചു നോക്കുന്നത് ? എന്നെ വിശ്വാസമില്ലെയിനി.. എല്ലാരും പറയും പോലെ എന്റെ സ്നേഹം,വല്ല്യ വീട്ടിലെ കാശുകാരൻ ചെക്കന്റെ വെറും നേരമ്പോക്ക് മാത്രമാണെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ?"

അവൻ അത്രത്തോളം വേദനിച്ചത് കൊണ്ടാവാം അത് പറയുന്നതെന്ന് സീതക്ക് ഉറപ്പായിരുന്നു.

കാരണം ആ കണ്ണുകളിൽ മനസ്സിന്റെ വേദന പ്രതിഫലിച്ചു കാണുന്നുണ്ട്.

നിറഞ്ഞ കണ്ണോടെ സീത മുഖം താഴ്ത്തി പിടിച്ചു.

കണ്ണൻ കുറച്ചു കൂടി അവളുടെ അരികിലേക്ക് നീങ്ങി നിന്നു.

"ഞാൻ മുന്നിൽ വന്നു നിന്നിട്ടും നീ അറിഞ്ഞില്ലെങ്കിൽ, അത്രയും വേദനിപ്പിക്കുന്ന.. അല്ലെങ്കിൽ പേടിപ്പിക്കുന്ന എന്തോ പ്രശ്നം നിനക്ക് മുന്നിൽ ഉണ്ടെന്ന് എനിക്കറിയാം. അതെന്നോട് കൂടിയൊന്നു ഷെയർ ചെയ്യാനെന്താ ഇത്ര മടി?"

കണ്ണൻ ചോദിച്ചപ്പോൾ സീത അവനെ മുഖം ഉയർത്തി നോക്കി.

നിറഞ്ഞൊലിക്കുന്ന ആ കണ്ണുകൾക്ക് മുന്നിൽ അവനൊരു നിമിഷം നിശബ്ദനായി.

"നിന്നെ വേദനിപ്പിച്ചു കൊണ്ട് എനിക്കൊന്നും അറിയണ്ട ലച്ചു... സോറി. "

കണ്ണൻ അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു.

ചാഞ്ഞു നിൽക്കാനൊരിടം അപ്പോഴവൾക്ക് അത്യാവശ്യമായിരുന്നു.

കണ്ണൻ പതിയെ തോളിൽ തട്ടി കൊടുത്തു.

റിലാക്സ്.. "

താളം പിഴച്ച ഹൃദയതുടിപ്പ് അറിഞ്ഞിട്ടാണോ എന്തോ,അവൻ ഒന്നുക്കൂടി അവളെ അവനിലേക്ക് ചേർത്തുപിടിച്ചു.

"നിന്റെ വേദനകൾ കൂടി ഷെയർ ചെയ്യാനാണ് ഞാനെന്റെ പ്രണയം നിന്നിലേക്ക് ചേർത്ത് വെച്ചത്. മനസ്സോരുപാട് വേദനിക്കുമ്പോൾ നീ എന്നെയോർക്കുമെന്ന് ഞാൻ വെറുതെ കരുതി "

അൽപ്പമൊരു നിരാശയുള്ളത് പോലെയാണ് കണ്ണന്റെ സ്വരം. എങ്കിലും പക്ഷേ അവളിലുള്ള പിടിയവൻ അൽപ്പം പോലും അയച്ചിട്ടില്ല.

"മനസ്സുരുകി നിൽക്കുന്ന നിന്നോട് എന്റെ മഹത്വം പറയുകയാണ്‌ എന്ന് വിചാരിക്കരുത് നീ. ഞാനെന്താണെന്നും നീ എനിക്കാരാണെന്നും നിനക്കിനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ലച്ചു. അത് നിന്റെ പോരായ്മയാണ് എന്നല്ല കേട്ടോ ഞാൻ പറഞ്ഞു വരുന്നത് "

അവൻ അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

"നിയന്ത്രിക്കാൻ ആരുമില്ലാതെ ബാംഗ്ലൂർ പോലൊരു നഗരത്തിൽ ഞാൻ ജീവിച്ചിട്ടുണ്ട്. നശിക്കാനും രസിക്കാനും അനവധി മാർഗങ്ങളവിടെ ഉണ്ടായിട്ടും അതിൽ പെട്ടു പോയവർ നിരന്തരം ആ വഴിയിലേക്കെന്നെ ക്ഷണിച്ചിട്ടും ആ ലഹരിയെന്നെ കീഴ്പ്പെടുത്തി കളഞ്ഞിട്ടില്ല. അതിപ്പോൾ എന്തിനായിരുന്നു എന്നെനിക്ക് മനസ്സിലാവുന്നുണ്ട് "

കണ്ണൻ സീതയുടെ മുഖം പിടിച്ചുയർത്തി.

അവളുടെ കണ്ണിലും ആ ചോദ്യം കാണുന്നുണ്ട്.

"സീതാ ലക്ഷ്മിയിവിടെ എന്നോട് ചേരാൻ കാത്ത് നിൽക്കുമ്പോൾ കണ്ണനെ വഴിപിഴപ്പിച്ചു വിട്ടാൽ ശെരിയാവില്ലെന്ന് ദൈവത്തിനും തോന്നി കാണും. അത്രയും.... അത്രയും നല്ലകുട്ടിയാണ് എന്റെ ദുർഗാലക്ഷ്മി "

അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.

സീതയുടെ നിറഞ്ഞു തൂവിയ മിഴികൾക്കുള്ളിൽ അവനോടുള്ള പ്രണയം തിളങ്ങി നിന്നിരുന്നു.

"സന്തോഷം തോന്നുമ്പോഴല്ല ലച്ചു.. സങ്കടങ്ങളിൽ നീ എന്നിൽ ആശ്രയം തേടുമ്പോൾ ഞാനും എന്റെ സ്നേഹവും ജയിക്കും. കാരണം തളരുമ്പോഴല്ലേ പെണ്ണേ താങ്ങു വേണ്ടത്?"

അവൻ ആർദ്രമായി ചോദിച്ചു.

അറിയാതെ തന്നെ അവൾ തലയാട്ടി.

"ഞാൻ.. ഞാൻ പറയാം കണ്ണേട്ടാ "

സീത മുഖം ഉയർത്തി കൊണ്ടവനെ നോക്കി.

"ഞാൻ ഇങ്ങനൊക്കെ പറഞ്ഞത് കൊണ്ടാണോ? എങ്കിൽ വേണ്ട. നിനക്കെന്നോട് എന്നാണോ പറയാൻ തോന്നുന്നത്, അത് വരെയും ഞാൻ കാത്തിരിക്കും "
കണ്ണൻ ചിരിയോടെ പറഞ്ഞു.

"എനിക്ക്.. എനിക്കാരോടെങ്കിലും പറയണം കണ്ണേട്ടാ. എനിക്കൊന്ന് ശ്വാസം വിടണം "
സീത അവന്റെ കയ്യിൽ അമർത്തി പിടിച്ചു.

കണ്ണൻ അലിവോടെ അവളെ നോക്കി.

"ഇവിരിക്ക് ആദ്യം "

അവൻ അവളെ പിടിച്ചു കിടക്കയിലിരുത്തി.

"ഇനി പറ..."

മേശയിൽ ചാരി നിന്നിട്ട് അവൻ അവളെ നോക്കി.

സീത മുഖം അമർത്തി തുടച്ചു.

എങ്ങനെ പറഞ്ഞു തുടങ്ങും എന്നൊരു സംശയം അവളിലുണ്ടെന്ന് അവനുറപ്പായി.

പറയാൻ സീത ഒരുങ്ങും വരെയും കണ്ണൻ ക്ഷമയോടെ അവളെ നോക്കി നിന്നു.

ഒടുവിൽ ഏറെ പണിപ്പെട്ടു കൊണ്ടാണ് അർജുനെ കുറിച്ചും അവന്റെ മാറ്റത്തെ കുറിച്ചും സീത കണ്ണന് മുന്നിൽ മനസ്സ് തുറന്നത്.

അനിയനെ കുറിച്ചോർത്തു ഉരുകി തീരുന്ന ആ പാവം പെണ്ണിനോട് അവനപ്പോൾ ഒരുപാട് ഇഷ്ടം തോന്നി.

ആർക്കും വേദനിപ്പിച്ചു രസിക്കാനിട്ടു കൊടുക്കാതെ ചിറകിനടിയിൽ അവളെ പൊതിഞ്ഞു പിടിച്ചിട്ട്... ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ആരും അറിയാതെ അവൾക്കായ് മാത്രമൊരു സ്വർഗമൊരുക്കി കൊടുക്കാൻ തോന്നുന്നത്ര ഇഷ്ടം.

ഇടറിയും പിടഞ്ഞും സീത പറഞ്ഞു തീരുന്നത് വരെയും കണ്ണന്റെ മനസ്സിലും നോവ് കിനിഞ്ഞു.

"പേടിക്കാൻ ആരുമില്ലാഞ്ഞിട്ടാ കണ്ണേട്ടാ.. അവൻ നല്ല കുട്ടിയായിരുന്നു. ഇടയ്ക്ക് എപ്പോഴോ...."

നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റി സീത അവന്റെ നേരെ നോക്കി.

ആ വിങ്ങൽ അറിഞ്ഞിട്ട് കണ്ണന് ശ്വാസം മുട്ടി.

ഒടുവിൽ നിരഞ്ജന കാണാൻ വിളിച്ചതിന്റെ പിന്നിലുള്ള പിടച്ചിൽ കൂടി അവന്റെ മുന്നിലേക്ക് കുടഞ്ഞിട്ട് കഴിഞ്ഞപ്പോഴേക്കും അവൾ മുഖം പൊതിഞ്ഞു പിടിച്ചു കരഞ്ഞു പോയിരുന്നു.

കണ്ണൻ സീതയുടെ അരികിൽ വന്നിരുന്നിട്ട് അവളെ ചേർത്ത് പിടിച്ചു.

"ഇത്രേം ഒള്ളോ, സ്ട്രോങ്ങായ എന്റെ സീതാ ലക്ഷ്മി. ഏഹ്?

അവൻ അവളെ പിടിച്ചുലച്ചു.

"ഇതൊന്നും അത്ര പ്രശ്നമുള്ള കാര്യമല്ലെന്റെ പെണ്ണേ.."

അവൻ അവളെ ആശ്വാസിപ്പിച്ചു.

സീത അവനെയൊന്നു നോക്കി.

"നമ്മൾ ശെരിയാക്കും. എന്റെ സീതാ ലക്ഷ്മിയുടെ പ്രിയപ്പെട്ട അനിയനായി അർജുൻ തിരികെ വരും "

അവന്റെ കൈകൾ സീതയുടെ തോളിൽ മുറുകി.

"വിശ്വാസമില്ലേ എന്നെ?"
കണ്ണൻ ചോദിച്ചു.

സീത അതേയെന്ന് തലയാട്ടി.

"അതാണ്‌.."

അവൻ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തല മുട്ടിച്ചു കൊണ്ട് എഴുന്നേറ്റു.

"എപ്പഴാ, നിരഞ്ജന കാണണമെന്ന് പറഞ്ഞത്?"

മേശയിലെ ജഗിൽ നിന്നും ഒരു ഗ്ലാസിലേക്ക് വെള്ളം പകർന്നിട്ട് അത് സീതയ്ക്ക് നേരെ നീട്ടി കണ്ണൻ ചോദിച്ചു.

"കുടിക്ക് "

കണ്ണനെ നോക്കി കൊണ്ട് തന്നെ സീത അത് വാങ്ങി കുടിച്ചു.

"ഉച്ചക്ക് ശേഷം "
ഗ്ലാസ്‌ അവന് നേരെ നീട്ടി കൊണ്ട് സീത പറഞ്ഞു.

"കാണാൻ പോവണ്ടേ?"
കണ്ണൻ ഗ്ലാസ്‌ മേശയിൽ വെച്ച് കൊണ്ട് ചാരി നിന്നിട്ട് ചോദിച്ചു.

"വേണം."

സീതയുടെ മുഖത്തു വീണ്ടും ടെൻഷൻ നിറഞ്ഞു.

"തീർച്ചയായും പോണം. എന്താണ് നിരഞ്ജനക്ക് പറയാനുള്ളതെന്ന് അറിഞ്ഞാലെ ബാക്കിയുള്ളത് നമ്മൾക്ക് പ്ലാൻ ചെയ്യാൻ പറ്റൂ "

കണ്ണൻ പറഞ്ഞത് കേട്ട് അവൾ തല കുലുക്കി.

"ടെൻഷനാവല്ലേ.. അവൾ പറയുന്നത് ചിലപ്പോൾ പോസിറ്റീവ് ആവും. അല്ലെങ്കിൽ നെഗറ്റീവ് ആകും. എന്തായാലും അർജുനെ നമ്മൾ രക്ഷപെടുത്തി എടുക്കും എന്നതിൽ തനിക്കൊരു സംശയവും വേണ്ട. കേട്ടോ?"

കണ്ണൻ പറഞ്ഞപ്പോൾ സീത തലയാട്ടി കൊണ്ട് എഴുന്നേറ്റു.

"പോവട്ടെ ഇനി. ഒരുപാട് നേരമായി."

സീതയൊരു മന്ദഹാസത്തോടെ കണ്ണനെ നോക്കി.

"വേണോ?"

അവനിൽ വീണ്ടും കുസൃതി നിറഞ്ഞു.സീതയുടെ കൈ പിടിച്ചു വലിച്ചിട്ട് കണ്ണൻ അവളെ അരികിലേക്ക് നീക്കി നിർത്തി.

"സങ്കടം ഒരിത്തിരി കുറഞ്ഞില്ലേ?"

അവൻ ചോദിച്ചു.

സീത നിറഞ്ഞ ചിരിയോടെ തലയാട്ടി.

"ബാക്കി കൂടി അലിയിച്ചു കളയാനുള്ള മരുന്ന് എന്റെ കയ്യിലുണ്ട്. വേണോ?"

കള്ളചിരിയോടെ അവൻ അവളെ ഒന്ന് കൂടി ചേർത്ത് നിർത്തിയിട്ടു പറഞ്ഞു.

സീത അവനെ കൂർപ്പിച്ചു നോക്കി.

"വേണ്ട ല്ലേ?"
അവളുടെ നോട്ടം കണ്ടിട്ട് അവൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചു.

"വേണ്ടങ്കിൽ വേണ്ട. ഫ്രീ ആയിട്ടൊരു സേവനം ചെയ്യാൻ നോക്കിയപ്പോ ദുർഗാ ലഷ്മിക്ക് ജാഡ "

അവൻ അവളുടെ മൂക്കിൽ പിടിച്ചുലച്ചു.

സീത ചിരിച്ചു പോയി ആ കുറുമ്പ് കണ്ടിട്ട്.

"മുത്തശ്ശി കാത്തിരിപ്പുണ്ടാവും "
സീത ഓർമിപ്പിച്ചു.

കണ്ണൻ കൈ വിട്ടു.

സീതയവനെ ഒന്ന് കൂടി നോക്കിയിട്ട് വാതിലിന് നേരെ നടന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story