സ്വന്തം ❣️ ഭാഗം 47

swantham

രചന: ജിഫ്‌ന നിസാർ

"ഇത് കൊണ്ട് അർജുന് നിന്നോടുള്ള ദേഷ്യം കൂടുകയല്ലേ ചെയ്യുന്നത് നിരഞ്ജന?"

കൂട്ടുകാരി ശ്രുതിയുടെ ചോദ്യത്തിന് വേദന നിറഞ്ഞൊരു ചിരിയാണ് നിരഞ്ജന പകരം കൊടുത്തത്.

"അവനൊരു പാട് മാറി പോയി. ഇനിയൊരു തിരിച്ചു വരവ് അസാധ്യമാണ്. അറിയാല്ലോ,ടോണിയുടെ കൂടെ കൂടിയവരാരും രക്ഷപെട്ടു പോന്ന ചരിത്രമില്ല. അവരുടെ പിടിയിൽ നിന്നും ഊരി പോരാൻ ശ്രമിക്കുന്നുവെന്ന് അവർക്ക് തോന്നുന്ന നിമിഷം.. പിന്നെ ആ ആള് ജീവനോടെ തന്നെ ഉണ്ടാവില്ല "ഭീതിയോടെ അതുല്യ കൂടി പറഞ്ഞതോടെ എത്രയൊക്കെ ഒതുക്കി നിർത്തിയിട്ടും, നിരഞ്ജനയുടെ കണ്ണുകൾ നിറഞ്ഞു തൂവി.

"നിങ്ങളൊന്നു മിണ്ടാതെയിരുന്നേ. അല്ലേൽ തന്നെ ഇവൾ ഓരോന്നോർത്ത് ഒരു പരുവമായിട്ടുണ്ട്.അതിനിടയിൽ കൂടിയാണ്..."
നിരഞ്ജനയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ധന്യ കടുപ്പത്തിൽ പറഞ്ഞപ്പോൾ അതുല്യയും ശ്രുതിയും വിഷമത്തോടെ അവളെ നോക്കി.

"അവനൊരു പാവമാണ്. എല്ലാരും കൂടി..."

പൊട്ടിവന്നൊരു കരച്ചിലമർത്താൻ നിരഞ്ജന ചുണ്ടുകൾ കടിച്ചു പിടിച്ചു.

"എന്നെയവൻ വെറുത്തോട്ടെ.. പക്ഷേ.. പക്ഷേ അവൻ നശിച്ചു കാണാൻ എനിക്കാവില്ല. ഞാനെന്റെ ജീവനെ പോലെ സ്നേഹിച്ചവനാണ്. പ്രണയം എന്തെന്ന് എന്നെ പഠിപ്പിച്ചവനാണ്. അവനെന്നെയും ഒരുപാട് സ്നേഹിച്ചിരുന്നു. ഒരുമിച്ചൊരു ജീവിതം കൊതിച്ചിരുന്നു. അതൊന്നും... അതൊന്നും അത്ര പെട്ടന്ന് എനിക്ക് മറക്കാനാവില്ല "

കണ്ണീർ തുള്ളികൾ നിരഞ്ജനയുടെ കയ്യിലേക്ക് ഇറ്റി വീണു കൊണ്ടേയിരുന്നു.

"ഇപ്പോഴും അവൻ മുഴുവനായും തെറ്റിലേക്ക് മുങ്ങിയിട്ടില്ല. കരുത്തുള്ള ഒരു കൈ നീട്ടാൻ ആളുണ്ടങ്കിൽ, എനിക്കുറപ്പുണ്ട് എന്റെ അർജുൻ തിരികെ വരും. അന്ന്.. അന്ന് അവന് എന്നെ മനസ്സിലാവും. എന്റെ.. എന്റെ സ്നേഹം മനസ്സിലാവും "

നിരഞ്ജന പുറം കൈ കൊണ്ട് കണ്ണ് തുടച്ചിട്ട് ചിരിച്ചു.

"ഇത്രേം സ്നേഹം ഉള്ളിൽ വെച്ചിട്ട് നീ പിന്നെ എങ്ങനാടി നിമ്മി അർജുനെ കാണാതെ നടക്കുന്നത്. അവൻ വിളിക്കുമ്പോൾ എടുക്കാതിരിക്കുന്നത്."

അതുല്യ അത്ഭുതതോടെ നിരഞ്ജനയെ നോക്കി.

അവൾ മനോഹരമായി ചിരിച്ചു കൊണ്ട് ദൂരെക്ക് നോക്കി.

"അതും എന്റെ സ്നേഹമാണ്. എന്റെ ചെക്കനോടുള്ള അടങ്ങാത്ത പ്രണയമാണ്."

നിരഞ്ജനയുടെ വാക്കിൽ തുളുമ്പുന്ന അതേ സ്നേഹം അവളുടെ മുഖത്തും നിറഞ്ഞു നിന്നിരുന്നു.

"സ്നേഹമുള്ളയിടത്തെ പരിഭവവും ഉണ്ടാവൂ. എനിക്കവനെ വേണം. എന്റെ ജീവിതം പൂർണ്ണമാവണമെങ്കിൽ അവനൊപ്പം ചേരണം. അത് പക്ഷേ ഒരു തെരുവ്ഗുണ്ടയായോ പാർട്ടിയുടെ പേരിൽ ചാവാൻ നടക്കുന്ന ചാവേറോ ആയല്ല. ഞാൻ സ്നേഹിച്ച.. എന്നെ സ്നേഹിച്ച ജീവിതത്തിൽ നല്ലൊരു നിലയിൽ എത്താൻ കൊതിച്ച.. അതിന് വേണ്ടി പ്രയക്നിക്കാൻ മടിയില്ലാത്ത അർജുനായിട്ട് തന്നെ വേണം. അതെന്റെ വാശിയാണ് "

നിരഞ്ജനയുടെ മുഖം വലിഞ്ഞു മുറുകി അത് പറയുമ്പോൾ.

കൂട്ടുകാരികൾ പരസ്പരം നോകിയതല്ലാതെ ഒന്നും പറഞ്ഞില്ല.

                         ❣️❣️❣️❣️❣️

സീത വാതിൽ വലിച്ചു തുറക്കും മുന്നേ അത് തുറന്നു കൊണ്ട് മിഥുൻ അകത്തേക്ക് കയറി വന്നു.

സീത ഞെട്ടി കൊണ്ട് പിന്നോട്ട് മാറി.
അവനാരാണെന്ന് അവൾക്കറിയില്ല.

മിഥുൻ പക്ഷേ ഒറ്റ നിമിഷത്തെ പതർച്ചക്ക് ശേഷം കണ്ണന് നേരെ തുറിച്ചു നോക്കി.
അവനാകട്ടെ, കള്ളത്തരം ചെയ്തു പിടിക്കപ്പെട്ട കുട്ടികളെ പോലെ തല കുനിച്ചു നിൽക്കുന്നുണ്ട്.

സീതയുടെ വിളറി വെളുത്ത മുഖത്തേക്ക് മിഥുൻ ഒന്ന് കൂടി തുറിച്ചു നോക്കി.

"നീ ഏതാടി?"

അവൻ സീതയുടെ അടുത്തേക്ക് ചെന്നു.
അവൾ ഒരടി പിറകിലേക്ക് വെച്ച് കൊണ്ട് കണ്ണനെ നോക്കി.

"അവനല്ലല്ലോ, ഞാനല്ലേ ചോദിച്ചത്? എന്നെ നോക്കി സംസാരിക്കാൻ ശ്രമിക്ക് "

മിഥുൻ അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു.
"ചോദിച്ചത് കേട്ടില്ലേ? ആരാന്ന്?"
മിഥുൻ വീണ്ടും ഒരടി കൂടി അവളുടെ അരികിലേക്ക് നീങ്ങി.

"ഞാൻ.. ഞാൻ സീതാ ലക്ഷ്മി "

"സീതാ ലക്ഷ്മിക്കെന്താ ഈ മുറിയിൽ കാര്യം?"
വീണ്ടും മിഥുൻ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.

സീതയുടെ കണ്ണുകൾ വീണ്ടും കണ്ണന് നേരെ നീണ്ടു.

"അല്ലേടാ.. അത് പിന്നെ "
കണ്ണൻ എന്തോ പറഞ്ഞിട്ട് മുന്നോട്ടു വരും മുന്നേ മിഥുൻ കൈ ഉയർത്തി തടഞ്ഞു.

"നിന്നോട് ചോദിച്ചില്ല. മര്യാദക്ക് നീ അവിടെ പോയി നിൽക്ക് "
മിഥുൻ വിരൽ ചൂണ്ടി പറഞ്ഞു.

അവൻ വീണ്ടും സീതയുടെ നേരെ തിരിഞ്ഞു.

"ഞാൻ.. ഞാനിവിടുത്തെ മുത്തശ്ശിയെ നോക്കാൻ.."

സീത പറഞ്ഞു.

"ഇവിടുത്തെ മുത്തശ്ശിയെന്നാ ഈ മുറിയിൽ താമസം മാറ്റിയത് ?"

വീണ്ടും അവന്റെ തുറിച്ചു നോട്ടം.

സീത ഒന്നും മിണ്ടിയില്ല.

"ചോദിച്ചത് കേട്ടില്ലേ സീതാ ലക്ഷ്മി. ഇത് ശ്രീ നിലയത്തിലെ കിരൺ വർമ്മയുടെ മുറിയാണ്. ഇവിടെന്താ നിനക്ക് കാര്യം? അത് പറ "

"മതിയാക്കെടാ മിത്തു.എന്റെ പെണ്ണ്, എന്റെ മുറിയില്ലല്ലാതെ പിന്നെ... വേറെയെവിടെ പോവാൻ. പോടാ അവിടുന്ന്. അവന്റെയൊരു സിബിഐ അന്വേഷണം "

മിഥുന്റെ നടുപുറം നോക്കി നല്ലൊരു ഇടി കൊടുത്തു കൊണ്ട് കണ്ണൻ സീതയെ അടക്കി പിടിച്ചു.

"എന്റെ കൂട്ടുകാരനാ. മിഥുൻ. ബാംഗ്ലൂരിൽ നിന്നും റിമിക്കൊപ്പം വന്നത് ഇവനാ."

കണ്ണൻ സീതയോടായി പറഞ്ഞു.

മിഥുൻ ചിരിച്ചു കൊണ്ട് സീതയെ നോക്കി.

നേർത്തൊരു ചിരിയോടെ സീത കണ്ണന്റെ നെഞ്ചിൽ ചേർന്ന് നിന്നു.

"ഛെ.. എന്റെ സീതാ ലക്ഷ്മി സ്ട്രോങ്ങാണ്.. മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ ഇവൻ പറഞ്ഞപ്പോ ഞാൻ പ്രതീക്ഷിച്ച ഉത്തരം, ഞാനെന്റെ ചെക്കന്റെ മുറിയിൽ വന്നത് ചോദിക്കാൻ നീ ആരാടാ എന്നൊരു തിരിച്ചു ചോദ്യമായിരുന്നു. നിരാശപെടുത്തി കളഞ്ഞല്ലോ ബ്രോ "

മിഥുൻ ചിരിയോടെ പറഞ്ഞു.

കണ്ണൻ ഒന്നും പറയാതെ സീതയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.

"ഞാൻ.. എനിക്ക് പോണം കണ്ണേട്ടാ "

സീത കണ്ണനെ നോക്കി.

അവൻ ചിരിച്ചു കൊണ്ട് കൈ അയച്ചു.

"പോവുന്നതൊക്കെ കൊള്ളാം. പക്ഷേ ഈ മുറിയിൽ വെച്ചിട്ടുള്ള സീൻ അതികം ഒഴിവാക്കി റോമാൻസിക്കുന്നതാണ് സീതയ്ക്കും രാമനും നല്ലത്. അറിയാലോ... ഞാൻ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ നീ?"

മിഥുൻ ചോദിക്കുമ്പോൾ സീതയുടെ നെറ്റി ചുളിഞ്ഞു.

ചോദ്യത്തോടെയുള്ള അവളുട നോട്ടം കണ്ണന് നേരെ നീണ്ടു.

"ഒന്നുല്ല. നീ ചെല്ല്.."

കണ്ണൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.

മിഥുനെ നോക്കി ഒന്ന് ചിരിച്ചിട്ട് സീത വേഗം വാതിൽ തുറന്നിറങ്ങി പോയി.

"അതിനോടിപ്പോ റിമിയുടെ കാര്യമൊന്നും പറയേണ്ട മിത്തു. അല്ലെങ്കിൽ തന്നെ ആ പാവം മനസ്സ് ചത്തു നിൽപ്പാണ്‌ "

സീത പോയ വഴിയേ നോക്കി കണ്ണൻ പറഞ്ഞു.

"എന്താടാ? എന്തെങ്കിലും പ്രശ്നമുണ്ടോ നിന്റെ സീതാ ലക്ഷ്മിക്ക്?"
മിഥുന്റെ നെറ്റി ചുളിഞ്ഞു.

"എന്റെ പൊന്ന് മിത്തു, ഇപ്പൊ ഇവിടുന്ന് ഇറങ്ങി പോയ ആ സീതാ ലക്ഷ്മിയില്ലേ.. മൊത്തത്തിൽ ഒരു പ്രശ്നങ്ങളുടെ കൂമ്പാരമാണവൾ."

കണ്ണൻ വേദനയോടെ പിന്നെ.

"ഫാമിലി ഇഷ്യുസ് ആണെടാ. അഴിക്കുന്തോറും മുറുകുന്ന പ്രശ്നങ്ങളുടെ കുരുക്കിൽ എന്റെ പെണ്ണിന് ശ്വാസം മുട്ടുന്നുണ്ട് "

കണ്ണൻ നെടു വീർപ്പോടെ പറഞ്ഞിട്ട് കിടക്കയിൽ പോയിരുന്നു.

"എനിക്ക് മനസ്സിലാവും കണ്ണാ. പക്ഷേ സൂക്ഷിച്ചു വേണം. ഞാൻ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ? സീതാ ലക്ഷ്മിക്ക് ഇനിയും പ്രശ്നങ്ങളുടെ ഭാരം കൂട്ടരുത്."

മിഥുൻ അവന്റെ അരികിൽ ചെന്നിരുന്നു.

"എനിക്കറിയാം മിത്തു. മറന്നിട്ടൊന്നുമില്ല ഞാൻ. അവൾ... അവളെങ്ങനെ മുന്നിൽ നിന്നിട്ട് വേദനിക്കുമ്പോൾ ഒന്ന് ചേർത്ത് നിർത്തി ഞാൻ കൂടെയുണ്ടെന്നുള്ള ഉറപ്പ് കൊടുക്കണം. ആ മനസ്സിലെ തീ അൽപ്പമെങ്കിലും കുറയാൻ ഒരു മഞ്ഞു പോലെ എന്നോട് ചേർത്ത് നിർത്തണം. അപ്പോൾ എന്റെ മനസ്സിൽ അത് മാത്രമേ ഉണ്ടായിരുന്നുള്ളു.
മറ്റെല്ലാം... ഞാൻ മറന്നു പോയെടാ മിത്തു "

കുനിഞ്ഞിരുന്നു കൊണ്ട് കണ്ണൻ നെറ്റിയിൽ തടവി.

സീതയുടെ നിറഞ്ഞ കണ്ണുകൾ അവന്റെ മനസ്സിലപ്പോഴും കൊളുത്തി വലിച്ചു.. ചോര പൊടിഞ്ഞു തുടങ്ങും വരെയും.

                   ❣️❣️❣️❣️❣️

"ഞാൻ.. എനിക്കൊന്ന് ടൗണിൽ പോണം മുത്തശ്ശി "

ഉച്ചക്ക് നാരായണി മുത്തശ്ശിക്ക് ഭക്ഷണവും മരുന്നും എടുത്തു കൊടുത്തുകൊണ്ട് അവരുന്നുറങ്ങാൻ കിടക്കുന്നതിനു മുന്നേ സീത പതിയെ ചോദിച്ചു.

"എന്തേ കുട്ട്യേ, വയ്യേ നിനക്ക്? വന്നത് മുതൽ ഇങ്ങനെ വാടി കൊണ്ടാണല്ലോ? ചോദിക്കുന്നത് ബുദ്ധിമുട്ടായാലോ എന്ന് കരുതിയിട്ടാ ഞാൻ പിന്നെ ഒന്നും ചോദിക്കാഞ്ഞത് "

മുത്തശ്ശി അവളുടെ കയ്യിൽ പിടിച്ചു.

"അസുഖമൊന്നുമില്ല മുത്തശ്ശി."

സീത നേർത്ത പുഞ്ചിരിയോടെ പറഞ്ഞു.

"എന്നാ നിന്റെ പ്രശ്നങ്ങളൊക്കെ തീർന്നിട്ട് നിന്നെ ഞാനൊന്ന് ചിരിച്ചു കാണുന്നത് "

മുത്തശ്ശി കൈ നീട്ടി കൊണ്ടവളുടെ കവിളിൽ തൊട്ട്.

സീത ആ കയ്യിൽ അമർത്തി പിടിച്ചുവെന്നല്ലാതെ ഒന്നും പറഞ്ഞില്ല.

"ഒറ്റക്ക് പോവോ നീ?"

മുത്തശ്ശി ചോദിച്ചു.

"മ്മ്.."
സീത തല കുലുക്കി.

"എങ്കിൽ പോയിട്ട് വാ."

അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

സീത തലയാട്ടി.

"വൈകുന്നേരതെ ചായ ഫ്ലാസ്ക്കിൽ ഉണ്ട്."
സീത മേശയിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

മുത്തശ്ശി തലകുലുക്കി.

"ഞാൻ... എനിക്ക് പോണ്ടത് അത്യാവശ്യമായത് കൊണ്ടാണ്. ഇതിപ്പോ തരുന്ന സ്വതന്ത്ര്യം മുതലെടുക്കും പോലെ... എന്നും "

സീത അപരാതിയെ പോലെ തല കുനിച്ചു.

"എന്തൊക്കെയാ മോളെ  മനസ്സിൽ കയറ്റി വെച്ചേക്കുന്നത്? നീ എനിക്കെന്റെ മോളല്ലേ? ഞാൻ അങ്ങനല്ലേ കാണുന്നത്?"

മുത്തശ്ശി അവളെ നോക്കി.

സീത അതേയെന്നു തലയാട്ടി.

'വേറൊന്നും ആലോചിച്ചു സമയം കളയണ്ട. പോയിട്ട് വന്നോളൂ. നേരം വൈകി ഇറങ്ങിയ തിരിച്ചു വരാനും വൈകും നീ. "

സീത തല കുലുക്കി കൊണ്ട് മേശയിൽ നിന്നും ബാഗ് വലിച്ചെടുത്തു കൊണ്ട് പുറത്തേക്കിറങ്ങി, വാതിൽ ചാരി.

ഹൃദയം വീണ്ടും പേടിപ്പെടുത്തി കൊണ്ട് ഉറക്കെ മിടിച്ചു.

ഹരിയെ കൂടി കൂട്ട് വിളിച്ചാലോ എന്നാദ്യം തോന്നി.
പിന്നെ ആ ചിന്ത ഉപേക്ഷിച്ചു.

ആദ്യം പോയിട്ട് നിരഞ്ജനയ്ക്ക് പറയാനുള്ളത് കേൾക്കണം.
എന്നിട്ടൊരു തീരുമാനം എടുക്കാൻ തീർച്ചയായും ഹരിയുടെ സഹായം വേണ്ടി വന്നേക്കും.

അശുഭകരമായ എന്തോ ഒന്ന് തന്നെ കാത്തിരിക്കുന്നുവെന്ന് ഹൃദയം നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു, ഇന്നേരം വരെയും.
വിശപ്പോ ദാഹമോ അറിയാത്ത വിധമൊരു അവസ്ഥ.

ഉച്ചക്ക് മുത്തശ്ശി നിർബന്ധം പറഞ്ഞത് കൊണ്ട് വാരി തിന്ന രണ്ടു പിടി ചോറാണ് ഇന്നത്തെ ആകെയുള്ള ഭക്ഷണം.

തളർന്നു പോകുന്ന കാലുകൾ വലിച്ചെടുത്തു കൊണ്ട് സീതാ വാശിയോടെ മുന്നോട്ടു നടന്നു.

                      ❣️❣️❣️❣️❣️❣️

പടിപ്പുര കടന്നവൾ ഇറങ്ങി പോയതിനു ശേഷമാണ് കണ്ണൻ കാറിന്റെ ചാവിയും കറക്കി കൊണ്ട് ഓടിയിറങ്ങി ചെന്നത്.

ധൃതിയിൽ റോഡിന്റെ ഓരം ചേർന്ന് നടക്കുന്നവൾക്കരികിൽ ചെന്നിട്ട് അവൻ കാർ നിർത്തി.

സീതയും കാറിന്റെ നേർക്ക് നോക്കുന്നുണ്ട്.

കണ്ണൻ കൈ എത്തിച്ചിട്ട് അവൾക്ക് വേണ്ടി മുന്നിലെ ഡോർ തുറന്നു കൊടുത്തു.

"വാ.. കയറ് "
ചിരിച്ചു കൊണ്ടവൻ പറയുമ്പോൾ അവളുടെ മുഖം ചുളിഞ്ഞു.

"അല്ല.. അത് പിന്നെ ഞാൻ.. ബസ്സിന്‌ "

അവൾ മുന്നിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

"നീ സ്വയം കയറുന്നോ, ഞാനിറങ്ങി വന്നിട്ട് എടുത്തു കയറ്റാണോ?"

കണ്ണൻ പുരികം പൊക്കി കൊണ്ട് അവളെ നോക്കി.

ഇടം വലം ഒന്നുക്കൂടി നോക്കിയതിനു ശേഷം സീത അവനരുകിലേക്ക് കയറിയിരുന്നു.

"ഗുഡ് ഗേൾ "

അവൻ അവളുടെ കവിളിൽ തട്ടി.

സീതയുടെ മുഖം വീർത്തു.

കണ്ണൻ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.

"കണ്ണേട്ടൻ എങ്ങോട്ടാ?"

സീത അവനെ തല ചെരിച്ചുനോക്കി.

"എന്റെ പെണ്ണിന് ടൗണിൽ പോവേണ്ട ഒരു അത്യാവശ്യം. ഞാനിവിടെ വടി പോലെ നിൽക്കുമ്പോൾ അവളെയങ്ങനെ തനിച്ചു വിടാൻ പാടുണ്ടോ?"

കണ്ണൻ കള്ളച്ചിരിയോടെ സീതയെ നോക്കി.

അവളൊന്നും മിണ്ടാതെ അവനെ കൂർപ്പിച്ചു നോക്കി.

"പാടുണ്ടോ സീതാ ലക്ഷ്മി? നീ ഉത്തരം പറഞ്ഞില്ലല്ലോ?"

കണ്ണൻ വീണ്ടും അവളെ തല ചെരിച്ചു നോക്കി.

ചുണ്ടിൽ വിരിഞ്ഞ ചിരി അവൻ കാണാതിരിക്കാൻ സീത പുറത്തേക്ക് നോക്കിയിരുന്നു.

സീതയുടെ കൈകൾ എടുത്തിട്ട് കണ്ണൻ കോർത്തു പിടിച്ചു.

"ഒറ്റക്കാക്കില്ലെന്ന് വെറുതെ പറഞ്ഞതല്ല ലച്ചു ഞാൻ  "

അവന്റ സ്വരം ആർദ്രമായി.

സീത ചിരിയോടെ അവനെ നോക്കിയിട്ട് സീറ്റിലേക്ക് ചാരി കിടന്നു.

"ബാംഗ്ലൂരിൽ ഡോക്ടർ തന്നെ ആയിരുന്നോ കണ്ണേട്ടൻ?"
സീത ചുണ്ടിലൊളിപ്പിച്ചു പിടിച്ച ചിരിയോടെ ചോദിച്ചു.

കണ്ണൻ ഒന്ന് തലയാട്ടി ചിരിച്ചു.

"എനിക്ക് മനസ്സിലാവുന്നുണ്ട്ട്ടോ ടി കള്ളി "

അവന്റെ ചുണ്ടിലെ മനോഹരമായ ചിരിയിലേക്ക് നോക്കി സീതയിരുന്നു.

"മ്മ്..."

അവളുടെ നോട്ടം കണ്ടിട്ട് അവൻ പുരികം പൊക്കി ചോദിച്ചു.

"മ്മ്ഹ്ഹ് "

അവളും ഒന്നും മിണ്ടാതെ നോട്ടം പുറത്തേക്ക് മാറ്റി.

കണ്ണൻ കൈ എത്തിച്ചു സ്റ്റിരിയോ ഓൺ ചെയ്തു.
നേർത്ത സ്വരത്തിൽ പ്രണയഗാനത്തിന്റെ ഈരടികൾ ഹൃദയതാളത്തിൽ തുടിച്ചു.

അറിയാതെ തന്നെ കണ്ണന്റെയും സീതയുടെയും നോട്ടങ്ങൾ തമ്മിലിടഞ്ഞു.

മൗനത്തോളം മനോഹരമായതൊന്നും ഈ ലോകത്ത് തന്നെയില്ലെന്നത് പോലെ രണ്ടുപേരിലും മൗനം പെയ്തിറങ്ങിയ നനവുണ്ട്.

ഹൃദയത്തോളം കിനിഞ്ഞിറങ്ങിയ പ്രണയത്തിന്റെ നനവ്!

"നമ്മുക്ക് നേരെ ഇങ്ങനെയങ്ങു പോയാലോ ലച്ചു?"

കണ്ണൻ ചിരിയോടെ സീതയെ നോക്കി.

അവളൊന്നും മിണ്ടാതെ അവന്റെ നേരെ നോക്കിയിരുന്നു.

"എനിക്കിനിയൊട്ടും കാത്തിരിക്കാൻ ക്ഷമയില്ലാത്തത് പോലെ നിന്നോടുള്ള പ്രണയം കൊണ്ട് ശ്വാസം മുട്ടുന്നു "

അവളെ നോക്കാതെ അവൻ പതിയെ പറഞ്ഞു.

"നിന്റെ മുന്നിലുള്ള ബാധ്യതകളെ മറന്നു കളയുന്നതല്ല. ഈ ടെൻഷനുകൾക്കൊന്നും വിട്ടു കൊടുക്കാതെ എന്റെ... എന്റെ മാത്രമാക്കിയിട്ട് ഈ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ.. ആരുമറിയാതെ.. ഞാനും നീയും... മാത്രമായിട്ട്..."

അവന്റെ സ്വരം നേർത്തു നേർത്തു വന്നു.

സീത വീർപ്പുമുട്ടലോടെ അവന്റെ നേരെ നോക്കിയിരുന്നു.

"പോരുന്നോ?"

വീണ്ടും കണ്ണന്റെ കൈകൾ അവളുടെ വിരലുകളിൽ കോർത്തു.

അവനാ വിരൽ തുമ്പിൽ ചുണ്ട് ചേർത്ത് കൊണ്ടവളെ നോക്കി.

"ഇതൊന്നും എനിക്കിഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ലേ ഞാൻ?"
സീത കണ്ണുരുട്ടി കൊണ്ട് അവനെ നോക്കി.

"നശിപ്പിച്ചു "

അവനാ കൈകൾ കുടഞ്ഞു മാറ്റി.

"ഇവിടൊരുത്തൻ കഷ്ടപെട്ടിരുന്നു റോമാൻസ് പഠിപ്പിച്ചു കൊടുക്കാൻ നോക്കുമ്പോൾ... അവളൊരു സദാചാര പോലീസ് വന്നേക്കുന്നു "

കണ്ണൻ പല്ല് കടിച്ചു കൊണ്ടവളെ നോക്കി.

"എപ്പോഴും എന്റെ റൊമാൻസിങ്ങനെ പൊളിച്ചു കയ്യിൽ തരാമെന്ന് നിനക്ക് വല്ല നേർച്ചയുമുണ്ടോ പെണ്ണേ?"

അവന്റെ ചോദ്യവും ഭാവവും കണ്ടിട്ട് സീത ഉറക്കെ ചിരിച്ചു പോയി.

മറ്റൊന്നും ഓർക്കാതെ ഉറക്കെ ചിരിക്കുന്നവളെ കണ്ടപ്പോൾ കണ്ണനും ചിരിച്ചു കൊണ്ടവളെ നോക്കി.

കണ്ണൻ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ സീത മുഖം തിരിച്ചു വെച്ച് കൊണ്ട് ചിരി ഒതുക്കി.

എത്ര ഭംഗിയായി ചിരിക്കാനറിയാം അവൾക്ക്. പക്ഷേ ജീവിതം ഒരു അവസരം കൊടുക്കണ്ടേ?

കണ്ണൻ വേദനയോടെ ഓർത്തു.

റോഡിനോരം ചേർത്ത് കണ്ണൻ വണ്ടി നിർത്തി.

"ഇതെന്തായിവിടെ.?"
സീത അവനെ നോക്കി.

"കാര്യമുണ്ട്. ഇപ്പൊ വരാം."
സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി കൊണ്ട് കണ്ണിറുക്കി കൊണ്ട് കണ്ണൻ പറഞ്ഞു.

"വൈകല്ലേ ട്ടോ. തിരിച്ചു പോവാനുള്ളതാ "

അവനിറങ്ങി ഡോർ അടക്കും മുന്നേ സീത ഓർമിപ്പിച്ചു.

"ഇല്ല. ഒരഞ്ചു മിനിറ്റ് "

അതും പറഞ്ഞിട്ട് കണ്ണൻ റോഡ് മുറിച്ചു കടന്ന് പോകുന്നതും നോക്കി സീതയിരുന്നു.

വീണ്ടും അവളെതോ ഓർമയിലേക്ക് വീണു പോയിരുന്നു.
അവനുള്ളപ്പോൾ മുന്നിലേക്ക് വരാൻ മടിച്ച പ്രശ്നങ്ങളൊരോന്നും അവളോറ്റക്കായെന്നു കണ്ടതും ഓടി വന്നിരുന്നു.

പറഞ്ഞത് പോലെ അഞ്ചു മിനിറ്റ് കൊണ്ട് തന്നെ തിരികെ വന്നവനെ നോക്കാതെ അവളപ്പോഴും ചിന്തകളിലാണ്.

ഒരു നെടുവീർപ്പോടെ കണ്ണൻ ഡോർ തുറന്നു കയറി.

ഡോർ അടക്കുന്നത് കേട്ടാണ് സീത ഞെട്ടി കൊണ്ടവനെ നോക്കിയത്.

അവന്റെ കയ്യിൽ പിടിച്ച പാത്രത്തിലേക്കും വെള്ളകുപ്പിയിലേക്കും അവളുടെ നോട്ടം പാളി വീണു.

"കണ്ണേട്ടൻ, ഭക്ഷണം കഴിച്ചല്ലോ വന്നത്?"
അവൾ സംശയത്തോടെ അവന്റെ നേരെ നോക്കി.

"ഞാൻ കഴിച്ചു. പക്ഷേ.. എന്റെ ഭാര്യ കഴിച്ചിട്ടില്ല "

അവൻ ഒറ്റ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

"ഭാര്യയോ?"

സീതയുടെ കണ്ണുകൾ മിഴിഞ്ഞു.

"യെസ് "അവൻ അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് തല കുലുക്കി.

സീത അവനെ തുറിച്ചു നോക്കി.

"മനസ്സറിഞ്ഞു ഒരു ചരട് കെട്ടി സ്വന്തമാക്കിയാലും മതി ലച്ചു,ഭാര്യയാവാൻ."

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. വീണ്ടും അവളുടെ മുഖം കൂർത്തു.

"അതൊക്കെ നമ്മൾക്ക് പിന്നീട് സംസാരിക്കാം. ഇപ്പൊ നീ ഇത് കഴിക്ക്. എന്നിട്ട് പോവണ്ടേ നമ്മൾക്ക്?"

അവൻ കയ്യിലുള്ള പാത്രം അവൾക്ക് നേരെ നീട്ടി.

"എനിക്ക് വേണ്ട കണ്ണേട്ടാ. ഞാൻ കഴിച്ചു "
സീത അവനെ നോക്കി പറഞ്ഞു.

"പിന്നെ... നീ കഴിക്കും. രാവിലെ വന്നപ്പോൾ തന്നെ വാടി കുഴഞ്ഞാണ് വന്നത്. ഇന്നേരം വരെയും നിരഞ്ജന വിളിച്ചതെന്തിന് എന്നോർത്ത് കൊണ്ട് നടക്കുന്ന നീ കഴിക്കാനും കുടിക്കാനുമൊക്കെ മറന്നു പോയികാണുമെന്നു എനിക്കറിയാം."
കണ്ണൻ ഗൗരവതോടെ അവളെ നോക്കി.

സീത മുഖം കുനിച്ചു.

"കഴിക്ക് ലച്ചു.."
വീണ്ടും അവൻ പറഞ്ഞപ്പോൾ സീതക്കത് നിരസിക്കാനായില്ല.

ഇപ്പോഴും വിശപ്പൊന്നും തന്നെ തോന്നുന്നില്ല. പക്ഷേ ഇത്രേം സ്നേഹത്തോടെയിത് വാങ്ങി മുന്നിലേക്ക് നീട്ടുമ്പോൾ... അതെങ്ങനെ വേണ്ടന്ന് പറയും.

സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല.

രണ്ടായാലും ചങ്കിൽ ഒരു കരച്ചിൽ പിടയുന്നുണ്ട്.

ചെറിയ കഷ്ണങ്ങളാക്കി ആ ദോശ മുറിച്ചു കഴിക്കുന്നവളെ അലിവോടെ നോക്കി കണ്ണൻ സീറ്റിലേക്ക് ചാരി.

ഇടയിൽ എപ്പഴോ സീത നോക്കുമ്പോൾ കണ്ണൻ അവളെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു.

അവൾക്കൊരു ചമ്മൽ തോന്നി.

"കണ്ണേട്ടന്... കണ്ണേട്ടന് വേണോ?"

അവൾ പതിയെ ചോദിച്ചു.

"മ്മ് "
അവൻ കുസൃതിയോടെ മൂളി.

സീത അവന്റെ മുന്നിലേക്ക് പാത്രം നീട്ടി.

അവൻ അവളെയും ആ നീട്ടി പിടിച്ച പാത്രതെയും ഒന്ന് നോക്കി.

എന്നിട്ട് സീത കയ്യിലെടുത്തു പിടിച്ചത് അവന്റെ വായിലേക്ക് വെച്ചു.

പെട്ടന്നായിരുന്നത് കൊണ്ട് തന്നെ സീത വിറച്ചു പോയി.
അവന്നപ്പോഴും യാതൊരു മാറ്റവുമില്ലാതെ കയ്യിലുള്ള കുപ്പി തുറന്നിട്ട്‌ വെള്ളം കുടിക്കുന്ന തിരക്കിലാണ്.

സീത പിന്നെ ആ ഭാഗത്തേക്ക് നോക്കാനെ പോയില്ല. ധൃതിയിൽ ബാക്കിയുള്ളതും കഴിച്ചു തീർത്തു.

"കൈ കഴുക് "
കണ്ണൻ അവളുടെ കയ്യിലെ പാത്രം വാങ്ങിയിട്ട് വെള്ളകുപ്പി അവൾക്ക് നേരെ നീട്ടി.

സീത ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി.
കൈ കഴുകി വെള്ളം കുടിച്ച് കൊണ്ടവൾ തിരിച്ചു കയറും മുന്നേ പാത്രം തിരികെ ഏൽപ്പിച്ചിട്ട് കണ്ണനും വന്നു കയറി.

"പോയാലോ?"
അവൻ ചോദിച്ചു.

സീത തലയാട്ടി.

"ഒക്കെയല്ലേ?"

വീണ്ടും കണ്ണൻ ചോദിച്ചു.
സീത അതേയെന്ന് തലയാട്ടി കാണിച്ചു.

"മറ്റുള്ളവരെ കുറിച്ച് ഓർത്തു നീറും മുന്നേ, അവരതിന് അർഹരാണോ എന്ന് കൂടി പരിശോധിച്ചു നോക്കണം ലച്ചു "

ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചു കൊണ്ടാണ് കണ്ണൻ അത് പറഞ്ഞത്.

"ഞാനിപ്പോ ഇത് പറഞ്ഞത് എന്തിനാണെന്നല്ലേ?"
അവളുടെ മനസ്സിലെ ചോദ്യമറിഞ്ഞെന്ന പോലെ കണ്ണൻ ചോദിച്ചു.

"നിരഞ്ജനക്ക് പറയാനുള്ളത് എന്ത് തന്നെ ആയാലും അത് ആസെപ്റ്റ് ചെയ്യാൻ താൻ ഇപ്പഴേ റെഡിയാവണം.ഞാൻ മനസിലാക്കിയടത്തോളം അർജുൻ വലിയൊരു പ്രശ്നത്തിൽ ആയിരിക്കും. അത് പക്ഷേ നീ കാരണമല്ല. അവനായി ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് വേണ്ടി നീ മാത്രം ടെൻഷനായ പോരല്ലോ?"

കണ്ണൻ സീതയെ നോക്കി.

"ഒന്നാം ക്ലാസ്സില്ലല്ലല്ലോ അവൻ പഠിക്കുന്നത്.?ഒരു ഡിഗ്രി വിദ്യാർത്ഥിക്ക് തെറ്റേത് ശെരിയെത് എന്ന് മനസ്സിലാക്കാനുള്ള വിവേകമില്ലെങ്കിൽ പിന്നെയെന്താ ആ വിദ്യാഭ്യാസം കൊണ്ട് കാര്യം.? അവനറിയില്ലേ അവന്റെ കുടുംബത്തിന്റെ അവസ്ഥ?അവനറിയേണ്ടതല്ലേ നീയൊരാൾ കിടന്നു ശ്വാസം കിട്ടാതെ ഓടുന്നത്?"

സീത അവന്റെ നേരെ പകച്ചു നോക്കി.

"കൂടുതൽ നിന്നെ ടെൻഷനാക്കാൻ വേണ്ടി പറഞ്ഞതല്ല ലച്ചു. നീ ഏത് അവസ്ഥയിലായിരുന്നാലും കണ്ണേട്ടൻ നിന്റെ കൂടെയുണ്ടാവും. പക്ഷേ നീ അറിയണം, നിന്റെ സന്തോഷവും സമാധാനവും കളഞ്ഞിട്ട് ആധി പിടിക്കാൻ മാത്രം അവർക്ക് നീയത്രത്തോളം പ്രിയപ്പെട്ടതാണോയെന്ന്.വേദനിക്കുന്നതിനും വേണ്ടേടി ഒരു അർഥമൊക്കെ?"

അവന്റെ സ്വരം ആർദ്രമായി പോയിരുന്നു.

നിറഞ്ഞ കണ്ണോടെ സീത അവനെ നോക്കിയിരുന്നു പോയി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story