സ്വന്തം ❣️ ഭാഗം 49

swantham

രചന: ജിഫ്‌ന നിസാർ

"അപ്പൊ കൊടുത്ത വാണിംഗിന്റെ കാലാവധി അവസാനിച്ചു എന്നർഥം. സീത ലക്ഷ്മിയുടെയും കിരണിന്റെയും പ്രണയം പൂർവാധികം ശക്തിയോടെ പൂത്തു തളിർക്കാൻ നമ്മളങ്ങനെ വിട്ടു കൊടുക്കാൻ പാടില്ലല്ലോ?"

റിമിയുടെ മുഖത്തെ വിടർന്ന ചിരിയിലേക്ക് കാർത്തിക്കും മനോജും ജിതിനും അമ്പരപ്പോടെയാണ് നോക്കിയത്.അതത്രയും ക്രൂരതയുണ്ടായിരുന്നു.

"നിന്റെ കൂട്ടുകാരൻ കണ്ടതും നിന്നോട് പറഞ്ഞതും സത്യമാണല്ലോ, അല്ലേ കാർത്തിക്ക്?"
റിമി കാർത്തിക്കിനെ നോക്കി.

"സത്യം തന്നെ. രാഹുലിനെ ഞാനാണ് ഏർപാട് ചെയ്തത്. അവരെ വാച് ചെയ്യാൻ. അവനൊരിക്കലും കള്ളം പറയില്ല. ഇന്നവൻ ഷോപ്പിംഗ് മാളിൽ വെച്ചു കണ്ടത് സീതാ ലക്ഷ്മിയെയും കിരണിനെയും തന്നെയാണ്. അതിലൊരു സംശയവും വേണ്ട."

കാർത്തിക്ക് ഉറപ്പോടെ പറഞ്ഞു.

റിമി ഒന്ന് തലയാട്ടി.

"എങ്കിൽ ഇനി കളത്തിൽ ഇറങ്ങി കളിക്കാൻ സമയമായി. സീതാ ലക്ഷ്മി ഏറ്റവും വേദനിക്കുന്ന ഒരു ഗിഫ്റ്റ് വേണം കൊടുക്കാൻ. കണ്ണനെ ഓർക്കാൻ പോലും അവള് പേടിക്കണം, നമ്മൾ കൊടുക്കുന്ന ഗിഫ്റ്റ് സ്വീകരിച്ചതിനു ശേഷം.മനസ്സിലാവുന്നുണ്ടോ?"

റിമി കടുത്ത മുഖത്തോടെ അവരെ നോക്കി.

മൂവരും ഒരുപോലെ തലയാട്ടി.

"നേരിട്ടൊരു അറ്റാക്കിന് ശ്രമിക്കരുത്. കണ്ണൻ അറിയാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ പിന്നെ അതോടെ തീർന്നു. കളിക്കാൻ അറിയാവുന്നവരെ വേണം കളത്തിലിറക്കാൻ. അതിനെത്ര പണമായാലും ചോദിച്ചാൽ മതി. ഞാൻ തരും. പക്ഷേ ചെയ്യുന്ന ജോലി പെർഫെക്ട് ആയിരിക്കണം. ഒരു സംശയത്തിനും ഇട കൊടുക്കരുത്."

റിമിയുടെ വാക്കുകൾക്ക് തീ ചൂടാണ്.

അവൾ വീണ്ടും ചിരിച്ചു.

ക്രൂരതനിറഞ്ഞ ആ ചിരി മൂന്നു പേരുടെയും മുഖം തെളിയാൻ കാരണമായി.

"നമ്മുടെ പ്ലാൻ പോലെ ചെയ്തു കഴിഞ്ഞതിനു ശേഷം സീതാ ലക്ഷ്മി അറിയണം, അർഹതയില്ലാത്തത് മോഹിച്ചതിനുള്ള ശിക്ഷയാണ് അവൾക്ക് കിട്ടിയതെന്ന്. ആരെയെങ്കിലും അറിയിക്കാൻ ശ്രമിച്ചാലും ഇതിലും വലിയൊരു ഗിഫ്റ്റ് കൂടി സ്വീകരിക്കേണ്ടി വരുമെന്നും."

റിമിയുടെ കണ്ണിൽ പക നിറഞ്ഞു.

                     ❣️❣️❣️❣️❣️

മുന്നിലുള്ള കാഴ്ചകൾ കാണാത്ത വിധം മഴ തിമർത്തു പെയ്യുന്നുണ്ട്.

സീതയെ പോലെ ഉള്ളിലെ സങ്കടങ്ങളൊക്കെയും പ്രകൃതിയും കരഞ്ഞു തീർക്കുകയാണെന്ന് തോന്നി കണ്ണന്.

"അതേയ്.. ഇങ്ങനെയിരുന്നാൽ മതിയോ? നമ്മുക്ക് പോവണ്ടേ?"

കരച്ചിൽ തീർന്നിട്ടും നെഞ്ചിൽ പറ്റി കൂടി കിടക്കുന്ന സീതയുടെ കാതിൽ കണ്ണൻ പതിയെ ചോദിച്ചു.

"ഈ ഇരിപ്പത്ര ശെരിയല്ല ട്ടോ. പിന്നെ എന്നെ കുറ്റം പറയരുത്. പുറത്ത് നല്ല കിടുക്കൻ മഴ. നെഞ്ചിൽ പറ്റി പിടിച്ചെന്റെ പെണ്ണും ഞാനും മാത്രം..ആഹാ ."

കണ്ണന്റെ സ്വരം ആർദ്രമാവുന്നതറിഞ്ഞു കൊണ്ട് സീത വേഗം എഴുന്നേറ്റു.

"തീർന്നോ.. ഈ നെഞ്ചിലെ സങ്കടങ്ങളൊക്കെയും? "

അവൻ അവളുടെ കവിളിൽ രണ്ടു കയ്യും ചേർത്ത് പിടിച്ചു.

സീത വീണ്ടും മുഖം കുനിച്ചു.

കണ്ണൻ വിരൽ കൊണ്ടവളുടെ മുഖം പിടിച്ചുയർത്തി.

"ഈ സങ്കടങ്ങൾക്കൊന്നും വിട്ടു കൊടുക്കാതെ ഈ നിമിഷം നിന്നെയും കൊണ്ട് പോകാൻ എനിക്കുള്ളിലെത്ര കൊതിയുണ്ടെന്നറിയോ ലച്ചു നിനക്ക്? അത്ര മേൽ പിടയുന്ന എന്നേ.. എന്റെ മനസ്സിനെ അറിയുന്നുണ്ടോ നീ?"

സീത അവന്റെ കയ്യിൽ അവളുടെ കൈ ചേർത്ത് വെച്ചു.

"അതിന് ഞാൻ നിന്റെ സമ്മതം പോലും കാത്ത് നിൽക്കില്ലായിരുന്നു. പക്ഷേ... ഇവിടിത്രേം പ്രശ്നങ്ങളെ അവശേഷിപ്പിച്ചു കൊണ്ട് എനിക്കൊപ്പം നീ വന്നാലും സീതാ ലക്ഷ്മി പൂർണ്ണമാവില്ല.എന്റെ വെറുമൊരു പ്രണയമായിട്ടല്ല നിന്നെയെനിക്ക് സ്വന്തമാക്കേണ്ടത്. എന്റെ ജീവനാവണം നിന്റെ ഓരോ അണുവിലും ഈ ഞാൻ നിറയണം "

കണ്ണൻ അവളുടെ കണ്ണിലേക്കു തന്നെ നോക്കി.

"ഞാൻ.. ഞാനിനി എന്ത് ചെയ്യും കണ്ണേട്ടാ?"
അവന്റെ നേരെ നോക്കി സീത ചോദിച്ചു.
കണ്ണൻ അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു.

"നീ ഒന്നും ചെയ്യണ്ട. കണ്ണേട്ടനെ സ്നേഹിച്ചു സന്തോഷമായി ഇരിക്കുകയെന്നത് മാത്രം ചെയ്താൽ മതി."

അവൻ അവളുടെ കൈ എടുത്തു കൊണ്ട് തലോടി.

"അർജുൻ നീ ആഗ്രഹിക്കുന്ന...ചേച്ചിമാരെ ഒരുപാട് സ്നേഹിക്കുന്നയാ പഴയ അജുവാക്കി ഈ മുന്നിൽ നിർത്തി തരും ഞാൻ. അത് പോരെ?"

സീത ഒന്നും മിണ്ടാതെ വീണ്ടും അവനിലേക്ക് തന്നെ ചാഞ്ഞു.

ആ ചേർന്ന് നിൽക്കലിൽ അവളെത്രത്തോളം തന്നെ സ്നേഹിക്കുന്നുണ്ടെന്നും വിശ്വാസിക്കുന്നുണ്ടെന്നും കണ്ണന് മനസ്സിലായിരുന്നു.

എന്റെതെന്ന അവകാശപെടലുണ്ടതിന്.

"കരച്ചിലും പിഴിച്ചിലും ഇവിടെ... എന്റെ നെഞ്ചിൽ തീർത്തിട്ട് വേണം വീട്ടിലേക്ക് പോവാൻ. അർജുൻ ഒരിക്കലും കരഞ്ഞു വിളിച്ചു നടക്കുന്ന അവന്റെ സ്ട്രോങ്ങ്‌ സീതേച്ചിയെ കാണരുത്. കാരണം... അവനിത്രയെങ്കിലും തെറ്റിൽ വഴിപെടാതെ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ, അതീ സ്ട്രോങ്ങ്‌ സീതാ ലക്ഷ്മിയോടുള്ള ഭയം കൊണ്ട് മാത്രമാവും "

കണ്ണൻ സീതയെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

"അർഹിക്കുന്നവർക്ക് മുന്നിലെ കരയാവൂ. ഇല്ലെങ്കിൽ ഏറ്റവും വലിയൊരു പ്രഹസനമായി തെറ്റിദ്ധരിച്ചു പോവുന്നൊരു
വികാരപ്രകടനമാണ് ലച്ചു കരച്ചില്ലെന്നത് "

സീത മുഖം ഉയർത്തി കൊണ്ടവനെ നോക്കി.

കരഞ്ഞു ചുവന്ന അവളുടെ മുഖത്തേക്ക് അവൻ അലിവോടെ നോക്കി.

"ഇന്ന് തന്നെ പോയിട്ട് അർജുനോട് ഷൗട്ട് ചെയ്യാൻ നിൽക്കരുത്. അതവന്റെ വാശി കൂട്ടും. അവന്റെ മനസ്സിലിപ്പോൾ വിപ്ലവവീര്യം മാത്രമുള്ളു. അവിടേക്ക് പ്രാരാബ്ദങ്ങളുടെയും കടപ്പാടിന്റെയും വലിയ ഭാണ്ഡകെട്ട് നീ വലിച്ചിട്ടാലും നിന്നോടുള്ള വാശി കൂട്ടാനെ അതുപകരിക്കു. സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ് ഇപ്പോഴുള്ള പ്രശ്നം."

കണ്ണന്റെ മുന്നറിയിപ്പ് കേട്ടിട്ട് സീതയുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി.

"പേടിപ്പിക്കാൻ പറഞ്ഞതല്ല ലച്ചു ഞാൻ. അവന്റെ മാനസികാവസ്ഥ നിന്നെ ഒന്നറിയിച്ചു തന്നതാണ്. വികാരത്തോടെയല്ല. വിവേകത്തോടെ വേണം അവനെ നേരിടാൻ. മനസ്സിലായോ?"
കണ്ണൻ അവളുടെ കവിളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.

സീത പതിയെ ഒന്ന് മൂളി.

അവനെ തന്നെ നോക്കി.

'കണ്ണേട്ടാ.. നിങ്ങൾക്കെങ്ങനെ എന്നെ ഇത്രേം സ്നേഹിക്കാൻ കഴിയുന്നു. മനസിലാക്കാൻ കഴിയുന്നു. നിങ്ങളോട് ചേരാൻ... യാതൊരു അർഹതയുമില്ലാഞ്ഞിട്ടും.. ഈ സ്നേഹം.. എന്നെ വീർപ്പുമുട്ടിക്കുന്നു."

സീതായവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ആർദ്രമായി പറഞ്ഞു.

കണ്ണൻ നിറഞ്ഞ ചിരിയോടെ സീറ്റിലേക്ക് ചാരി കിടന്നു കൊണ്ടവളെ നോക്കി.

അവന്റെ ഹൃദയം തുടിക്കുന്നുണ്ട്, അവളുടെ വാക്കുകൾ നൽകിയ പ്രകമ്പനം.
അവന്റെ സ്നേഹത്തിനുള്ള അംഗീകാരമാണ് അവളിപ്പോൾ നൽകിയത്.

"എന്ത് ഭംഗിയായാണ് നിങ്ങളെന്നെ സ്നേഹിക്കുന്നത്.എന്റെ തളർച്ചയിൽ കൂട്ടാവുന്ന കരങ്ങളും.. ഇടറുമ്പോൾ കൂട്ടി പിടിക്കുന്ന ഹൃദയവും..സങ്കടം കൊണ്ട് വിതുമ്പുമ്പോൾ പുഞ്ചിരിക്കാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ വാക്കുകളും.നിങ്ങള്.. നിങ്ങളൊരു അത്ഭുതമാണ് കണ്ണേട്ടാ "
അങ്ങേയറ്റം ആത്മാർത്ഥത നിറഞ്ഞ അവളുടെയാ വാക്കുകൾ അവന്റെ കണ്ണും മനസ്സും നിറച്ചു.

സീതയുടെ ചുണ്ടുകൾ അവന്റെ കയ്യിൽ അമർന്നു.

അത്രമേൽ അവളെ ഉരുക്കിയ ഹൃദയചൂടിനെ ഇല്ലാതെയാക്കിയതിനുള്ള നന്ദിയെന്ന പോലെ.

കണ്ണൻ അത്ഭുതതോടെ അവളെ കണ്ണ് മിഴിച്ചു നോക്കി.

സീതയുടെ മുഖത്തൊരു കള്ളലക്ഷണം നിറഞ്ഞു.

അവൾ മുഖം താഴ്ത്തി പിടിച്ചു.

"നീ ആള് കൊള്ളാലോ ടി ചീതാ ലക്ഷ്മി "
കണ്ണൻ ഒന്നുകൂടി അവളുടെ നേരെ തിരിഞ്ഞിരുന്നു.
"എനിക്കൊന്ന് തൊടാൻ കൂടി പാടില്ല. അപ്പൊ സ്നേഹം ഹൃദയം കൊണ്ടാവണം.. ആത്മാർത്ഥ സ്നേഹം ശരീരത്തിനെ മോഹിച്ചു കൊണ്ടാവരുത്.. എന്തൊക്കെ ആയിരുന്നു. നിനക്കിതൊന്നും ബാധകമല്ലേ.?"

അവന്റെ കൂർത്ത സ്വരം.

സീത നാവ് കടിച്ചു..

ഇത്തിരി നേരം കഴിഞ്ഞും കണ്ണന്റെ അനക്കമൊന്നും കേൾക്കാഞാണു സീത മുഖം ഉയർത്തി നോക്കിയത്.

അവളെയും നോക്കി സീറ്റിൽ ചാരി കിടക്കുന്നു.

"മ്മ്.. എന്തേ? "

അവനെ നോക്കി അവൾ ചോദിച്ചു.

"മ്മ്ഹ്ഹ്.."
അവനും തലയാട്ടി കാണിച്ചു.

"സീതാ ലക്ഷ്മിയെന്ന സ്നേഹത്തിന്റെ ചക്രവാളത്തിലാണ്, കിരൺ വർമയെന്ന സൂര്യനിപ്പോൾ ഉദിക്കുന്നതും അസ്തമിക്കുന്നതും "

കണ്ണന്റെ കാതരഭാവത്തിലുള്ള ശബ്ദം കേട്ടിട്ട് സീത തരിച്ചു പോയിരുന്നു.

"എന്റമ്മയെപ്പോഴും പറയാറുണ്ട്,ഒരു മനുഷ്യന് വെളിച്ചം പകർന്നു കൊടുക്കേണ്ടത് അവർ ഇരുട്ടിൽ വഴിയറിയാതെ നട്ടം തിരിയുമ്പോഴാണ്. കൂടെയുണ്ടെന്ന് തോന്നിപ്പിക്കേണ്ടത്.. അവരൊറ്റക്കാണെന്ന് ഭയപെട്ടു നിൽക്കുമ്പോഴാണ്..സ്നേഹമുണ്ടെന്ന് തെളിയിക്കേണ്ടത് സ്നേഹിച്ചു കൊണ്ട് തന്നെയാണ് എന്നൊക്കെ. ആവിശ്യം കഴിഞ്ഞു കിട്ടുന്നതെന്തും വിലയില്ലാതായി പോകുമെന്ന്..."

കണ്ണന്റെ സ്വരം നേർത്തു..

സീത അവന്റെ കയ്യിൽ വിരൽ കോർത്തു പിടിച്ചു.
അവൾക്കറിയാം, ആ മനസ്സിപ്പോൾ അമ്മയുടെ അഭാവത്തിൽ പിടഞ്ഞു പോയി കാണുമെന്ന്.

"തല്ലി കൊഴിക്കുന്ന ശിശിരമായിട്ടല്ല... വിടർന്നു ചിരിക്കാൻ കഴിയുന്ന വസന്തമായിട്ട് വേണം എനിക്കെന്നെ നിന്നിലേക്ക് ചേർത്ത് വെക്കാൻ "

അവൾ കോർത്തു പിടിച്ചു കൈകൾ ഉയർത്തി കണ്ണൻ പതിയെ അവളുടെ വിരൽ തുമ്പിൽ ഉമ്മ വെച്ചു.

സീത ശ്വാസം പിടിച്ചിരുന്നു പോയി..

മനസ്സിലേക്ക് എന്തും നേരിടാനുള്ളൊരു ഊർജം നിറയുന്നുണ്ട്.

വെളിച്ചം ഉപേക്ഷിച്ചു പോകുമ്പോഴാണ് ഇരുട്ടിനെ പേടിക്കേണ്ടത്.

അരികിൽ സൂര്യനെ പോലെ ഒരുവന്റെ സ്നേഹമിങ്ങനെ ജ്വാലിക്കുമ്പോൾ... പിന്നെങ്ങനെ സീതാ ലക്ഷ്മിയെ ഇരുട്ടിനു ഭയപെടുത്താനാവും.

മനസ്സിൽ ചിന്തകൾ വേലിയേറ്റത്തിലാണ്.

ചേർന്നിരിക്കുന്ന നിമിഷങ്ങളുടെ മനോഹാരിത കൊണ്ടായിരിക്കും... നമുക്കിനി പോയാലോ എന്ന് ചോദിക്കുന്നവന്റെ സ്വരത്തിൽ ഒരു തൃപ്തിയില്ലായ്മ.

പോവാം "

അവൾക്കുമപ്പോൾ അതേ മനസ്സായിരുന്നു.

കണ്ണൻ അവളുടെ കൈകളെ വേർപെടുത്തി.

സീത പതിയെ ഗ്ലാസ്‌ താഴ്ത്തി.

" ചാറ്റൽ മഴയുണ്ട് ഇപ്പോഴും . ഗ്ലാസ്‌ കയറ്റിയിട്ടേക്ക് ലച്ചു."

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കണ്ണൻ പറഞ്ഞു.

അവൾ അത് കേൾക്കാതെ തല പുറത്തേക്കിട്ട് മഴയുടെ കുളിര് ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ്.

റോഡിന്റെ ഇരുവശങ്ങളിൽ കൂടിയും മഴവെള്ളം കുതിച്ചൊഴുകുന്നുന്നുണ്ട്.

മഴ പെയ്തിറങ്ങിയ അനുഭൂതിയുടെ ബാക്കിയെന്നത് പോലെ മരപെയ്യ്ത്ത് തകൃതിയായി നടക്കുന്നുണ്ട്.

ചില ഓർമകൾ പോലെ..

പെയ്തു തീർന്നിട്ടും..വേദന നിറഞ്ഞ ചില്ലകളിൽ നിന്നും അവസാനിക്കാത്ത ഓരോ തുള്ളിയും..

"ഇവിടിത്രേം മഴ പെയ്തൊ കണ്ണേട്ടാ?"
സീത അതിശയതോടെ കണ്ണനെ നോക്കി ചോദിച്ചു.

"പിന്നല്ലാതെ. പക്ഷേ നീ എന്റെ നെഞ്ചിൽ അതിനേക്കാൾ ഉച്ചത്തിൽ പെയ്തിറങ്ങിയത് കൊണ്ട് അറിയാതെ പോയതാ "

അവൻ ചിരിയോടെ പറഞ്ഞു.

അവളൊന്നും മിണ്ടാതെ സീറ്റിലേക്ക് ചാരി.

"കഴിക്കാനെന്തെങ്കിലും വേണോയിനി?"

കണ്ണൻ തല ചെരിച്ചു നോക്കി.

വേണ്ടന്ന് സീത തലയാട്ടി.

പുറത്തെ മഴതണുപ്പ് കാറിനകത്തേക്കും പാഞ്ഞു കയറുന്നുണ്ട്.

കണ്ണൻ വീണ്ടും സ്റ്റിരിയോ ഓൺ ചെയ്തു.

വല്ലാത്തൊരു ഭംഗിനിറഞ്ഞ നിമിഷങ്ങളാണ് കഴിഞ്ഞു പോകുന്നതെന്ന് രണ്ടു പേർക്കും തോന്നി.

പ്രണയഗാനത്തിന്റെ ഓരോ വരികളിലും കണ്ണനും സീതയും പരസ്പരം തിരഞ്ഞു..

"കണ്ണേട്ടാ..."

നേർത്ത സ്വരത്തിൽ സീത വിളിക്കുമ്പോൾ.. അവൻ ഒന്ന് മൂളി..

"എന്നെങ്കിലും.. എപ്പഴെങ്കിലും നമ്മൾക്ക് പിരിയേണ്ടി വന്നാലോ.?"

അവന്റെ നേരെ നോക്കാതെയാണ് അവളത് ചോദിച്ചത്.

"അതെന്താ... ഇപ്പൊ അങ്ങനൊരു ചോദ്യം.?"
കണ്ണന്റെ നെറ്റി ചുളിഞ്ഞു.

"പ്രണയത്തിനും ഒരുപാട് ശത്രുക്കളുണ്ടാവും കണ്ണേട്ടാ.. പണം.. ജാതി.. തൊഴിൽ.. നിറം.. അന്തസ്സ്.. തറവാട് മഹിമ.. അങ്ങനയങ്ങനെ. ഒരുപക്ഷെ പ്രണയതിന് പോലും അറിയില്ലായിരിക്കും, തനിക്കിത്രയും ശത്രുക്കളുള്ള കാര്യം "

സീത പതിയെ ചിരിച്ചു.

"പാതിയിൽ ഉപേക്ഷിച്ചു മടങ്ങാനല്ല ഞാൻ നിന്നെയെന്റെ പ്രാണനായ് ചേർത്ത് വെച്ചത്. അങ്ങനെയാണെന്ന് നിനക്കൊപ്പോഴേലും തോന്നിയോ?"

അവന്റെ മുഖം വലിഞ്ഞു മുറുകി..

അതിനുത്തരം പറയാതെ അവൾ പുറത്തേക്ക് നോക്കിയിരുന്നു.

നിറഞ്ഞുനിന്നതത്രയും മൗനരാഗമായിരുന്നു.

തീർത്തും നിശബ്ദത നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ തന്റെ വീടിനടുത്തു കണ്ണൻ കാർ നിർത്തിയപ്പോഴാണ് സീത ഞെട്ടി എഴുന്നേറ്റത്.

മനസ്സേതൊക്കെയോ വഴിയിൽ കൂടി അവളെ കൊണ്ട് സഞ്ചാരത്തിലായിരുന്നു അന്നേരം വരെയും.

"ഇതെന്താ ഇവിടെ?  ഞാൻ മുത്തശ്ശിയോട് പെട്ടന്ന് വരാം എന്ന് പറഞ്ഞു പോന്നതാ "

സീത വെപ്രാളത്തോടെ കണ്ണനെ നോക്കി.

"ഞാൻ പറഞ്ഞോളാം മുത്തശ്ശിയോട്. ഡോണ്ട് വറി "
അവൻ ചിരിയോടെ പറഞ്ഞു.

"ഇങ്ങനെയാണെൽ.. ശ്രീനിലയത്തിൽ ഇനി അതികം പോവേണ്ടി വരില്ല. അവിടുത്തെ കാരണവൻമാർ എന്നെ പുകച്ചു ചാടിക്കാൻ ഒരവസരം നോക്കി നടപ്പാണ് "

സീത മന്ദഹാസതോടെ കണ്ണനെ നോക്കി.

"ശ്രീ നിലയത്തിലെ കിരൺ വർമ തരുമല്ലോ നിനക്കൊരു ജോലി. അത് മതിയാവില്ലേ?"
കണ്ണൻ കുസൃതിയോടെ ചോദിച്ചു.

സീതയുടെ മുഖം ചുവന്നു.

"നീ എന്താ... നേരത്തെ അങ്ങനെ ചോദിച്ചത്?"
കണ്ണൻ അവളെ അവനിലേക്ക് ചേർത്തിരുത്തി.

"വിട്ടേ.. ആരെങ്കിലും കാണും കണ്ണേട്ടാ "
സീത പിടഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റാൻ നോക്കി.

"വിടാം.. പക്ഷേ ഉത്തരം പറയ്‌. ഞാൻ നിന്നെ ഉപേക്ഷിച്ചു കളയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?"

അവന്റെ സ്വരം കാതിന്റെ തൊട്ടരുകിൽ..

"അത് കൊണ്ടല്ല..."
അവൻ അവനെ തന്നെ നോക്കി.

"പിന്നെന്താ..?"
കണ്ണുകൾക്ക് വല്ലാത്ത ഭാവം. അവന്റെ ഹസ്‌ക്കി വോയ്‌സിന് മുന്നിൽ അവൾക്ക് പിടിച്ചു നിൽക്കാൻ ആവുന്നുണ്ടായിരുന്നില്ല.

ഇത് വരെയും അറിയാത്തൊരു അനുഭൂതിയുടെ ലഹരിയിൽ ഹൃദയം പോലും കുളിരുന്നു.

"പറ.. എനിക്കറിഞ്ഞേ മതിയാവൂ "

കണ്ണിലേക്കു കുത്തിയിറങ്ങുന്ന അവന്റെ പ്രണയം.

"എനിക്ക് പേടിയാണ് കണ്ണേട്ടാ.. എനിക്കിനി നഷ്ടപെടാൻ വയ്യ "
സീത വിറച്ചു പോയി.
അവന്റെ മുഖത്തൊരു മനോഹരമായ ചിരിയുണ്ടായിരുന്നു, അവളത് പറഞ്ഞു കേട്ടപ്പോൾ.

"ജീവനുള്ളടത്തോളം കാലം നിന്നെ എന്റെ ഹൃദയം ചുമന്നു കൊണ്ട് നടക്കും.. നിന്നോടുള്ള പ്രണയം കൊണ്ട് മാത്രം ഞാൻ തളർന്നു പോകും.."

അവന്റെ വാക്കുകൾക്ക് പ്രണയത്തിന്റെ കനം.

സീത ഒട്ടും പ്രതീക്ഷിക്കാതെ കണ്ണന്റെ ചുണ്ടുകൾ അവളുടെ കവിളിൽ അമർന്നു.

അവൾ കണ്ണ് മിഴിച്ചു പോയി.

അവനൊരു കള്ളചിരിയാണ്.

"ന്തേയ്‌.."
അവളുടെ കൂർപ്പിച്ച നോട്ടം കണ്ടിട്ട് അവൻ പുരികം പൊക്കി ചോദിച്ചു.

"ഇതൊന്നും..."

നിനക്കിഷ്ടമല്ലെന്നായിരിക്കും. അല്ലേ? "
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

അവളൊന്നും മിണ്ടിയില്ല.

"നീ ചെയ്യുബോൾ ആഹാ.. ഞാൻ ചെയ്യുമ്പോ ഹേഹേ.. ഇതെവിടുത്തെ നീതിയാ. നന്ദി വേണമെടി ദുർഗാലക്ഷ്മി. നീ എന്നെ കിസ് ചെയ്തപ്പോൾ ഞാൻ വല്ലതും പറഞ്ഞോ. വേണമെങ്കിൽ എന്റെ മുഖം പോലും വിട്ടു തന്നേനെ. എന്നിട്ട് ഞാനൊരു കിസ് ചെയ്തതിനു നീ ഇക്കോലത്തിൽ എന്നെ പേടിപ്പിച്ചാൽ... ഞാനെങ്ങനെ എന്റെ......"

ബാക്കി പറയാതെ ഒരു കള്ളചിരിയോടെ കണ്ണൻ കവിളിൽ നാവ് മുഴപ്പിച്ചു കൊണ്ടവളെ നോക്കി.

ചീ... "

സീത മുഖം തിരിച്ചിരുന്നു.

"ഇതൊക്കെയെന്ത്..ശെരിക്കുമുള്ള കിസ്സിങ് ഇങ്ങനെയൊന്നും അല്ലേടി.. കണ്ണേട്ടൻ ജസ്റ്റ്‌ ഒന്ന് ട്രൈ ചെയ്തപ്പഴേക്കും ചീതാ ലക്ഷ്മിക്ക് നാണം വന്നോ?"
അവൻ കുസൃതിയോടെ അവളെ പിടിച്ചു തിരിച്ചു.

സീത അവനെ നോക്കാതെ മുഖം കുനിച്ചിരുന്നു.

"പറഞ്ഞതൊന്നും മറന്നിട്ടില്ല ല്ലോ?"
അവൻ അവളുടെ പാറി കിടന്ന മുടിയിഴകൾ ഒതുക്കി വെച്ച് കൊണ്ട് ചോദിച്ചു.

സീത മുഖം ഉയർത്തി കൊണ്ടവനെ നോക്കി.

"ധൈര്യം കൈ വിടരുത്. ഭയത്തോടെ ഒരു കാര്യം ചെയ്താൽ.. അതൊരിക്കലും പെർഫെക്ട് ആവില്ല. ആ സമയം നമ്മളൊരിക്കലും വിവേകത്തോടെ ചിന്തിച്ചു തീരുമാനമെടുക്കില്ല. നിനക്കൊപ്പം ഞാനുണ്ട്. എന്തിനും. ഒരു വിളിക്കപ്പുറം.. കണ്ണേട്ടൻ നിന്റെ കൂടെയുണ്ട്."

അവൻ അവളെ നോക്കി വാത്സല്യതോടെ പറഞ്ഞു.

"ഇറങ്ങിക്കോ... ഇവിടെയിങ്ങനെ അതികസമയം ഇരുന്നാൽ... ആരെങ്കിലും കണ്ടാൽ നിനക്കതൊരു പ്രശ്നമാവും.."
അവൻ അവളുടെ കവിളിൽ തട്ടി.

സീത തലയാട്ടി കൊണ്ട് തിരിഞ്ഞു..

"പോവല്ലേ..."
അവൻ പിറകിലേക്ക് കൈ നീട്ടി കൊണ്ട് രണ്ടു മൂന്നു ഷോപ്പിംഗ് കവറുകൾ വലിച്ചെടുത്തു.

"ഇതെന്താ?"
സീത സംശയത്തോടെ അവനെ നോക്കി.

"വീട്ടിലെത്തിയിട്ട് തുറന്നു നോക്കണം "
അവൻ ചിരിയോടെ അതവളുടെ മടിയിൽ വെച്ചു കൊടുത്തു.

"ശ്രീ നിലത്തിലെ നാരായണി മുത്തശ്ശി വാങ്ങിച്ചു തന്നതാ "
അവൻ കണ്ണിറുക്കി കാണിച്ചു.

"എന്തോന്ന്?"
അവളുടെ മുഖം കൂർത്തു.

"വീട്ടിൽ പറയാനുള്ള ഉത്തരമാണ്. കിരൺ വർമയ്ക്ക് അവിടെയിപ്പോ റോൾ ഇല്ലല്ലോ?"
അവന് വീണ്ടും കള്ളത്തരം.

"എനിക്ക്... എനിക്കിതൊന്നും..."
സീത സങ്കടത്തോടെ അവനെ നോക്കി.

"എനിക്കറിയാം നീ ഇതൊന്നും ആവിശ്യപെടില്ലെന്ന്. നിനക്കിത് ഇഷ്ടമാവുന്നില്ലെന്നും എനിക്കറിയാം. എന്റെ ഇഷ്ടമാണിത്.. കടമയാണ്.എനിക്കങ്ങനെ വിട്ട് കളയാനാവുമോ.. എന്റെ.. എന്റെയല്ലേ?"

അവന്റെ സ്വരം വീണ്ടും ആർദ്രമായി.

ചെല്ല്... "
അവൻ വീണ്ടും അവളെ നോക്കി പറഞ്ഞു.

പിന്നൊന്നും പറയാൻ നിൽക്കാതെ സീത ഡോർ തുറന്നിറങ്ങി.

"അർജുൻ വരുമ്പോൾ തന്നെ ഇതൊന്നും ഓടി പോയി ചോദിക്കരുത്. കേട്ടോ "

പുറത്തിറങ്ങി നിൽക്കുന്ന അവളോട് അവൻ ഒന്ന് കൂടി ഓർമിപ്പിച്ചു.

സീത ചിരിയോടെ തലയാട്ടി കൊണ്ട് വീടിന്റെ നേരെ നടന്നു.

                . ❣️❣️❣️❣️❣️

വീട്ടിൽ എത്തിയിട്ടും കണ്ണനാ മായാവലയത്തിൽ നിന്നും മോചനം കിട്ടിയിട്ടില്ല.

ചുണ്ടിൽ നിറചിരിയോടെ ഓടി കയറി പോകുന്നവനെ ഹാളിൽ ഇരുന്നവരെല്ലാം നെറ്റി ചുളിച്ചു നോക്കുന്നുണ്ട്.

അവനതൊന്നും അറിയുന്നില്ല.

സ്വന്തം മുറിയില്ലേക്ക് കയറുന്നതിനു മുന്നേ... കണ്ണൻ മുത്തശ്ശിയുടെ അരികിലേക്കാണ് പോയത്.

സീത വീട്ടിലേക്ക് പോയെന്ന് പറഞ്ഞപ്പോൾ മുത്തശ്ശി കൂടുതൽ ചോദ്യങ്ങളൊന്നും ചോദിച്ചില്ല.

"എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ എന്റെ ഫോണിലേക്ക് വിളിക്കണേ "എന്നവൻ പറയുമ്പോൾ അവർക്കെല്ലാം മനസ്സിലായി എന്നൊരു അർഥത്തിലുള്ള ചിരിയുണ്ടായിരുന്നു ആ മുഖം നിറയെ.

കണ്ണനും ഒന്ന് കണ്ണടച്ച് കാണിച്ചു കൊണ്ട് തിരികെ മുറിയിലേക്ക് പോന്നു.

ഹൃദയമൊരു പട്ടം പോലെ.. കഴിഞ്ഞു പോയ നല്ല നിമിഷങ്ങളുടെ നിർവൃതിയവനിൽ നിന്നും മാഞ്ഞു പോകാത്ത വിധം..

കണ്ണൻ കണ്ണടച്ച് കൊണ്ട് കിടക്കയിലേക്ക് വീണു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story