സ്വന്തം ❣️ ഭാഗം 5

swantham

രചന: ജിഫ്‌ന നിസാർ


"സീതാ ലക്ഷ്മി കലിപ്പിലാണ്"എഴുന്നേൽക്കും മുന്നേ കണ്ണൻ പതിയെ മുത്തശ്ശിയോട് പറഞ്ഞു.

അവരും അതേയെന്ന് തലയാട്ടി കാണിച്ചു.

എഴുന്നേറ്റ് പുറം തിരിഞ്ഞു നിൽക്കുന്നവളുടെ പിന്നിൽ പോയി കണ്ണൻ നിന്നു.

"ദുർഗാ ലക്ഷ്മിക്ക് സർപ്രൈസ് ആയല്ലേ? "

പിന്നിൽ നിൽക്കുന്നവന്റെ ചിരിയൊളിപ്പിച്ച ചോദ്യം!

സീത പരവേശത്തോടെ തിരിഞ്ഞു നോക്കി.

ആദ്യം കണ്ടപ്പോൾ ഉണ്ടായിരുന്ന അതേ ഭാവം.

നെഞ്ചോടു ചേർന്ന് കിടക്കുന്ന മാല അവൻ സമ്മാനിച്ചപ്പോൾ,അവനിൽ അന്ന് കണ്ടിരുന്ന അതേ തിളക്കം ആ കണ്ണുകൾക്ക്.

"ഹേയ്.. നോക്കി നിൽക്കാതെ എന്തെങ്കിലും ഒന്ന് പറയെന്റെ ദുർഗാലക്ഷ്മി "
വീണ്ടും അവന്റെ സ്വരം.

"സീതാലക്ഷ്മിയാണ് ഞാൻ "പതിയെ പറയുന്നവളുടെ ശബ്ദത്തിലെ അതേ മുറുക്കം അവളുടെ മുഖത്തും ഉണ്ട്.

കണ്ണന്റെ ചുണ്ടിൽ കള്ളച്ചിരിയാണ്.

"ഇത്രേം കലിപ്പിൽ നിൽക്കുന്നരാളെ സീതാലക്ഷ്മി എന്ന് വിളിക്കുന്നതിനേക്കാളും നല്ലത് ദുർഗാലക്ഷ്മി എന്ന് വിളിക്കുന്നതാ.ആ ഭാവമാണല്ലോ ഈ മുഖം നിറയെ. അല്ലേ മുത്തശ്ശി?"

കുറുമ്പോടെ പറഞ്ഞു കഴിഞ്ഞ് അവൻ മുത്തശ്ശിയെ കൂടി സപ്പോർട്ട് ചെയ്യാൻ വിളിച്ചു.

സീത നോക്കും എന്നുറപ്പുള്ളത് പോലെ നാരായണി മുത്തശ്ശി ഒന്നും മിണ്ടാതെ ചിരിച്ചു.

"അങ്ങനെ തനിക്ക് തോന്നുമ്പോൾ പേര് മാറ്റി കളിക്കാൻ മാത്രം താൻ എനിക്കാരാടോ?"
ഇപ്രാവശ്യം സീതയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

"അതറിയില്ലേ ദുർഗാലക്ഷ്മി നിനക്ക്? "
വിട്ട് കൊടുക്കില്ല എന്നൊരു ഭാവത്തിൽ കണ്ണന്റെ മിഴികൾ സീതയുടെ കഴുത്തിൽ പതിഞ്ഞു.

വീണ്ടും ആ മുഖത്ത് തെളിയുന്ന കള്ളച്ചിരി സഹിക്കാൻ വയ്യെന്ന പോലെ സീത വേഗം തല താഴ്ത്തി പിടിച്ചു.

"ഇനി ഞാൻ ഇവിടെത്തന്നെ ഉണ്ടാവും. കണ്ണേട്ടൻ കൂടുതൽ മനസ്സിലാക്കി തരാട്ടാ "

വീണ്ടും കുറുമ്പോടെ പറഞ്ഞിട്ട് മുത്തശ്ശിയെ നോക്കി കണ്ണടച്ച് കാണിച്ചു.
സീത അവനെ തുറിച്ചു നോക്കി.

കണ്ണൻ മുണ്ട് മടക്കിക്കുത്തി മുറിക്കു പുറത്തേക്ക് പോയി 

അവൾക്ക് വീണ്ടും വെപ്രാളം തോന്നി.

ഇവനെന്തിനാണാവോ ഇപ്പൊ വന്നത്.?
മട്ടും ഭാവവും കണ്ടിട്ടൊരു വശപിശകില്ലേ?

അവൻ പോയ വഴിയേ നോക്കി സീത അന്തിച്ചു നിന്നു.

ഓർക്കുന്തോറും അവന്റെ മുഖത്തെ ചിരി അവളിൽ അസ്വസ്ത്ഥത പടർത്തി.

മുഖത്ത് പൊടിഞ്ഞു കൂടിയ വിയർപ്പ് തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ .. അവളുടെ ചെയ്തികളെ സൂക്ഷിച്ചു നോക്കി ഇരിക്കുകയാണ് മുത്തശ്ശി.

സീതക്കൊരു ജാള്യത തോന്നി.
അവൾ വേഗം നോട്ടം മാറ്റി.

"രാവിലെ കുടിക്കാനുള്ള മരുന്ന് വല്ലതും കുടിച്ചോ? നേരമെത്രയായിന്നാ വിചാരം.നേരത്തും കാലത്തും മരുന്ന് കഴിക്കാതെ വല്ലതും പറ്റിയാലും കേട് സീതാലക്ഷ്മിക്ക് തന്നെയാവും. വേലക്കാരിയായിട്ടും അതൊന്നും മര്യാദക്ക് ചെയ്യുന്നില്ല,അഹങ്കാരിയാണ് അങ്ങനെ പലതും ഞാൻ കേൾക്കേണ്ടിയും വരും. അത് വല്ലതും നിങ്ങൾക്ക് അറിയണോ?"

യാതൊരു കാരണവുമില്ലാതെ സീത നിന്ന് വിളിച്ചു പറയുന്നുണ്ട്.

"മരുന്നെനിക്ക് കണ്ണൻ എടുത്തു തന്നു സീതേ "

മുത്തശ്ശിയുടെ വാക്കുകൾക്കും കുറുമ്പ്.

അത് തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ട് തന്നെ അവളുടെ മുഖം വീണ്ടും വീർത്തു..

"ഓഹോ. അങ്ങനെ വല്ലോരും എടുത്തു തന്നാൽ അറിയോ അതിന്റെ കണക്? ഇന്നലെ വന്നു കയറിയ നിങ്ങടെ കിണ്ണന് അറിയോ അതിന്റെ കാര്യമൊക്കെ?"
സീത വീണ്ടും പൊട്ടിത്തെറിച്ചു.

"കിണ്ണൻ അല്ലേടി. കണ്ണൻ "
അവൾക്ക് തെറ്റ് പറ്റിയതാണ് എന്ന ഭാവത്തിൽ മുത്തശ്ശി തിരുത്തിക്കൊടുത്തു.

"ആ.. ആ കിണ്ണൻ തന്നെ. അതിന്റെ കാര്യം തന്നെയാ ഞാനും പറഞ്ഞത്. ആര് എന്ത് ചെയ്താലും സീതാലക്ഷ്മിയുടെ മേൽ കുതിര കേറാൻ നടക്കുന്നവർക്ക് ഇത് വല്ലതും അറിയണോ..? ഒരു കിണ്ണൻ വന്നിരിക്കുന്നു "

സീതയ്ക്ക് ദേഷ്യം തീരുന്നില്ല.

"ദിവസവും അത് കുടിക്കുന്ന എനിക്കറിയാമല്ലോ മോളെ അതിന്റെ കണക്കും കാര്യങ്ങളും. ഞാൻ പറഞ്ഞു കൊടുത്തിരുന്നു അവന് "

മുത്തശ്ശി ശാന്തമായി പറഞ്ഞപ്പോൾ സീത അൽപ്പം അടങ്ങി.

"എന്താ സീതേ നിന്റെ പ്രശ്നം? "
മുത്തശ്ശി പെട്ടന്ന് ചോദിച്ചു.

"എനിക്കെന്ത് പ്രശ്നം. ഞാൻ ഉള്ള കാര്യം പറഞ്ഞു "
മേശയിൽ കിള്ളിപ്പറിച്ചു കൊണ്ട് സീത അത് പറയുമ്പോൾ അവൾക്കും അറിയില്ലായിരുന്നു എന്താണ് തന്റെ പ്രശ്നമെന്ന്.

അല്ലെങ്കിൽത്തന്നെ എന്താണ് തനിക്ക് പ്രശ്നമല്ലാത്തത്?

"കണ്ണൻ വന്നതാണോ.. ഈ ദേഷ്യത്തിന് കാരണം?."

വീണ്ടും മുത്തശ്ശി ചോദിച്ചു.

ആണോ..?ആ ചോദ്യം സീതയും സ്വയം ചോദിച്ചു നോക്കി.

അല്ലെന്ന് തന്നെയാണ് ഉത്തരം. മുത്തശ്ശിയുടെ കണ്ണനെ പെട്ടന്ന് കണ്ടപ്പോൾ ഒന്ന് പതറിപ്പോയെന്നത് നേര് തന്നെ.

ഇന്നിവിടെ വരും മുന്നേയും... തന്റെ മനസ്സ് കലുഷിതമായിരുന്നു.
കാരണമില്ലാത്തൊരു സങ്കടം ദേഷ്യമായി ഉള്ള് മുഴുവനും പുകയുന്നണ്ടായിരുന്നു.

പിന്നെങ്ങനെ അത് കിണ്ണൻ വന്നത് കൊണ്ടാവും?

മാത്രവുമല്ല.. ആ കിണ്ണൻ അവന്റെ വീടായ ഇവിടെ വരാതെ മറ്റെവിടെ പോവാൻ?

അവൾക്ക് അതോർത്തപ്പോൾ ചിരി വന്നു.

"ആഹാ. ചിരിച്ചല്ലോ ദുർഗാലക്ഷ്മി "
കണ്ണൻ പറഞ്ഞ പോലെ മുത്തശ്ശി പറയുമ്പോൾ സീതയുടെ മുഖം വീണ്ടും വീർത്തു.

"ഇവിടെ ഇങ്ങനെ ഇരുന്നാൽ ശരിയാവുമോ.? കുളിക്കണ്ടേ. അതിന് മുന്നേ മസാജ് ചെയ്യാനുണ്ട്."
സീത വേണ്ടാത്ത ധൃതികാണിച്ച് ഷാൾ ഊരി മേശയിൽ ഇട്ട് കൊണ്ട് മുത്തശ്ശിയുടെ കുഴമ്പിന്റെ കുപ്പി എടുത്ത് അവരുടെ അരികിൽ പോയി ഇരുന്നു.

"അതൊക്കെ ചെയ്യാം. ആദ്യം നീ ഇവിടിരിക്കെന്റെ സീതേ "
അവളുടെ കയ്യിലെ കുപ്പി പിടിച്ചു വാങ്ങിക്കൊണ്ടവർ അവളെ അരികിൽ പിടിച്ചിരുത്തി.

"കണ്ണൻ ഇനി ഇവിടുണ്ട്.. എത്രയെന്നു വെച്ചാ അവനവിടെ തനിച്ചു നിൽക്കുന്നത് "

അത് പറയുമ്പോൾ മുത്തശ്ശിക്കിത്തിരി കണ്ണീർ നനവുണ്ട്.

ആ കണ്ണീർ തുള്ളികൾക്ക് പറയാനുള്ളത് ചോര പൊടിയുന്നൊരു കഥയാണ്.

മുത്തശ്ശിയുടെ ഒരേയൊരു മകൾ.. ഈ വീട്ടിലെ നാല് ആങ്ങളമാർക്കുള്ള ഒരേ ഒരു പെങ്ങൾ. മുത്തശ്ശിയുടെ പ്രിയപ്പെട്ട കണ്ണന്റെ അമ്മ.. ദേവയാനിയുടെയും അവരുടെ ഭർത്താവ് ശരണിന്റെയും ദാരുണമായൊരു മരണത്തിന്റെ കഥ.

അപകടത്തിൽ അവർ മരിച്ചു പോയതോടെ മാനസികമായും ശാരീരികമായും തളർന്നു പോയ മുത്തശ്ശിയെ നോക്കാനാണ് ആദ്യമായി സീത ഇവിടെ എത്തിയത്.
അന്ന് കേട്ട, വേദനിപ്പിച്ച ആ കഥ സീതയുടെ മനസ്സിലേക്ക് ഓടി വന്നു.

കൂടുതലായി ഒന്നും അറിയില്ലയെങ്കിലും അന്ന് മുത്തശ്ശി, തനിച്ചായി പോയൊരു കണ്ണനെ കുറിച്ച് ഏറെ സങ്കടപെട്ടതോർക്കുന്നു.

"അവനൊറ്റക്കായിപ്പോയില്ലേ?"
വീണ്ടും മുത്തശ്ശിയുടെ നെടുവീർപ്പ്.

സീത ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ചെന്ന് കുഴമ്പെടുത്തു കൊണ്ട് നാരായണി മുത്തശ്ശിയുടെ കൈയ്യിൽ തേച്ചു പിടിപ്പിച്ചു.

"ഇവിടിത്രേം ആളുകൾ ഉണ്ടായിട്ടും പിന്നെങ്ങനെ മുത്തശ്ശിടെ കിണ്ണൻ തനിച്ചായി പോവുന്നെ? "
ആ മുഖത്തു പെരുകുന്ന സങ്കടം കണ്ടിട്ട് തന്നെയാണ് സീത അത് ചോദിച്ചത്.

"കൂടപ്പിറപ്പ് ഒന്നുണ്ടായിരുന്നു എങ്കിൽ.."
വീണ്ടും മുത്തശ്ശി സീതയെ നോക്കി കണ്ണ് നിറച്ചു.

"ആരുണ്ടായിട്ടും ഒരു കാര്യവുമില്ല. സ്നേഹമില്ലെങ്കിൽ..പരിഗണനയില്ലെങ്കിൽ.. "

ദേഷ്യത്തോടെ സീതയത് പറയുമ്പോൾ.. രാവിലെ അജു കടിച്ചു തുപ്പിയ വാക്കുകളുടെ നാറ്റമുണ്ടായിരുന്നു ഉള്ള് മുഴുവനും അവൾക്ക്.

"ഇവിടിപ്പോ ആദിയും സിദ്ധുവും ഉള്ളപ്പോൾ ആ കിണ്ണന് കൂട്ടായി വേറൊരാൾ വേണ്ടി വരില്ലെന്ന് മുത്തശ്ശിക്കുമറിയില്ലേ? അവരെത്രത്തോളം ആ കിണ്ണനെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞിട്ട് വേണ്ടല്ലോ മുത്തശ്ശിക്ക് അറിയാൻ. പിന്നെ കണ്ണനെന്നു പറയുമ്പോൾ തേനൊലിപ്പിക്കുന്ന ഈ മുത്തശ്ശിയും ഉണ്ടാവുമ്പോൾ ആ കിണ്ണൻ ഒറ്റക്കായിപ്പോവുകയൊന്നുമില്ല."

സീത ചിരിച്ചുകൊണ്ട് പറഞ്ഞു 

മുത്തശ്ശിയുടെ മുഖവും തെളിഞ്ഞു തുടങ്ങി.
"അപ്പൊ വേണ്ടാത്തതൊന്നും ആലോചിച്ചു സമയം കളയാൻ നിക്കാണ്ട് പോയി കുളിച്ചു ചുന്ദരിയായി വായോ "

പതിയെ അവരെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് സീത പറഞ്ഞു.

വളരെ പതിയെ നടന്നു കൊണ്ടാണ് മുത്തശ്ശി ബാത്റൂമിൽ കയറിയത്.

അവർ തിരിച്ചിറങ്ങി വരും മുന്നേ കിടക്ക വിരിയും മറ്റും മാറ്റി എടുക്കുന്ന തിരക്കിലായിപ്പോയി സീത.

                    ❣️❣️❣️❣️

"കനത്തിൽ കിട്ടിയോ. അതോ...?"

ചിരിച്ചുകൊണ്ട് വരുന്നവനെ നോക്കി ആദിയാണ് ചോദിച്ചത്.
പിടിച്ചുക്കെട്ടിയ പോലെ കണ്ണന്റെ ചിരി നിന്നു.

അവൻ ഗൗരവം എടുത്തണിഞ്ഞു..

"പഴയ ഭാവം.. അതായത് ഉത്തമാ..ആ പഞ്ചാര കുഞ്ചുവിന്റെ ഭാവം ഞങ്ങൾ ശെരിക്കും കണ്ടായിരുന്നു. ഇനി പെട്ടന്ന് ടോൺ മാറ്റണ്ട. ഇങ്ങ് പോര് "സിദ്ധു കൂടി പറഞ്ഞതോടെ അവന്റെ മുഖത്ത് നിറയെ ചിരി തെളിഞ്ഞു.

"ഒത്തില്ല "
കണ്ണിറുക്കി പറഞ്ഞു കൊണ്ട് അവൻ അവരുടെ അടുത്തേക്കിരുന്നു.

"അതേ. മനോഹരമായിട്ട് തന്നെ ചീറ്റിയല്ലേ?"

ആദിയും സിദ്ധുവും ഒരുപോലെ പറഞ്ഞു.

"രാമൻ സീതയെ കണ്ടു ബോധിച്ചോ "
വീണ്ടും ആദിയുടെ ചോദ്യം..
കണ്ണനിൽ മനോഹരമായൊരു ചിരി നിറച്ചു.

"ചിരിക്കാണ്ട് കാര്യം പറ കണ്ണാ."

സിദ്ധു അവനെ നോക്കി.

"പറയാനൊന്നുമില്ല ഡേയ്.ഫുള്ള് കലിപ്പിൽ നിൽക്കുന്ന പെണ്ണിനോട് പ്രണയം പറഞ്ഞങ്ങ് ചെന്നാൽ മതി.അവളെന്റെ ജീവനെടുക്കും "

പറയുമ്പോഴും അവന്റെ ചുണ്ടിൽ ചിരിയാണ്.

" മുത്തശ്ശിക്ക് ദിവസവും വീഡിയോ കോൾ വിളിക്കുന്ന ഇവന്.. അതിന് പിന്നിലുള്ള ചേതോവികാരം.. അതാണ്‌ സീതാലക്ഷ്മി എന്നറിയുമ്പോൾ ആ പെണ്ണ് നിന്നെ വലിച്ചു പറിക്കും മോഞ്ഞേ "

ആദി കണ്ണന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"അവളെന്നെ സ്നേഹിക്കും മോഞ്ഞേ "
കണ്ണനും അത് പോലെ തന്നെ ചെയ്തു.

"മ്മ്.. നോക്കിയിരുന്നോ.അത് സീത ലക്ഷ്മിയാണ്. നീ  ഇതുവരെയും കണ്ട പെണ്ണുങ്ങളെ പോലല്ല."
സിദ്ധു മുന്നറിയിപ്പ് പോലെ പറഞ്ഞു.

"അതിന് ഈ കിരൺ വർമ്മ ഇതിന് മുന്നേ ഇത് പോലൊരു പെണ്ണിനെ കണ്ടിട്ടേയില്ല. ഇനി കാണാനും പോകുന്നില്ല "
അവന്റെ വാക്കുകൾക്ക് പ്രണയം നിറം ചാർത്തി.

"എന്നാലുമെന്റെ കണ്ണാ..നിനക്കെങ്ങനെ ഇത് ഇത്രേം അസ്ഥിക്ക് പിടിച്ചു.?"
ആദിയുടേതാണ് ചോദ്യം.

കണ്ണൻ ചിരിച്ചു കൊണ്ടവനെ നോക്കി കണ്ണടച്ച് കാണിച്ചു.

"അമ്മയും അച്ഛനും ഒറ്റക്കാക്കി പോയ ശൂന്യത മറക്കാനും കൂടിയാണ് ബാംഗ്ലൂരിലേക്ക് തിരികെ പോവാൻ വാശി പിടിച്ചത്. അവിടെത്തിയതും മനഃപൂർവ്വം ഞാൻ തിരക്കിൽ പെട്ടുപോയി. അതിനിടയിൽ നിങ്ങളെയെല്ലാം അവോയ്ഡ് ചെയ്തെങ്കിലും.. മുത്തശ്ശിയെ വിളിക്കാതിരിക്കാനും കാണാതിരിക്കാനും ആയില്ല. എനിക്കിനി സ്വന്തമെന്ന് അവകാശത്തോടെ,പേടിയില്ലാതെ പറയാൻ മുത്തശ്ശി മാത്രമുള്ളു എന്നോർക്കുമ്പോൾ അറിയാതെ വിളിച്ചു പോകും. എന്നെത്തന്നെ വിശ്വസിപ്പിക്കാൻ."

കണ്ണൻ കട്ടിലിൽ ചാരിയിരുന്നു കാൽ വിറപ്പിച്ചു കൊണ്ട് പതിയെ പറഞ്ഞു തുടങ്ങി.

അവൻ പറഞ്ഞു കേൾക്കുമ്പോൾ ആദിയുടെയും സിദ്ധുവിന്റെയും മുഖം മങ്ങി.

"നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതൊന്നുമല്ല. അതല്ലേ സത്യം? വല്ല്യ വീട്ടിലെ പെണ്ണിനെ പ്രേമിച്ചു കെട്ടിയ നസ്രാണി ചെക്കനെ.. അതായത് എന്റെ പപ്പ ശരണിനെ ആദ്യം തന്നെ സ്വന്തം വീട്ടുകാർ അടിച്ചോടിച്ചില്ലേ.?"

ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം അവന്റെ മനസ്സിലെ സങ്കടമാണ്.
എന്നിട്ടും ചിരിച്ചു കൊണ്ടാണ് ചോദിക്കുന്നത്.

"അമ്മയുടെ ബന്ധുക്കൾ... അതായത് ഇവിടുള്ള നന്മ നിറഞ്ഞ മനുഷ്യർ പപ്പയെ സ്വീകരിച്ചുവെങ്കിലും ആ നന്മ നന്നായി അറിഞ്ഞത് കൊണ്ടായിരിക്കും എന്റെ പപ്പ എല്ലാം ഉപേക്ഷിച്ചു അമ്മയേം വിളിച്ചോണ്ട് ഇറങ്ങിയത്. ഒരു കൂടപ്പിറപ്പില്ലെന്ന് സങ്കടം പറഞ്ഞിരുന്ന എന്നോട് എന്റെ പപ്പ എപ്പോഴും പറഞ്ഞു തന്നിരുന്ന ഒരു കാര്യമുണ്ടായിരുന്നു. പ്രഹസനം കാണിക്കാനും സ്വത്തിന്റെ കാര്യം വരുമ്പോൾ സ്വാർത്ഥത കാണിക്കാനുമറിയാവുന്ന ബന്ധുക്കൾ ഉള്ളതിനേക്കാൾ നല്ലത് ആരും ഇല്ലാതിരിക്കുന്നതാ കണ്ണാ ന്ന് "

അപ്പോൾ മാത്രം അവന്റെ ചിരിയൊന്നു മങ്ങി.

"വല്ലപ്പോഴും മാത്രം വന്നു പോകുമ്പോഴും ഇവിടെയുള്ള സ്നേഹവും അഭിനയവും എനിക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് പപ്പയും അമ്മയും മാത്രം മതിയെന്ന് ഞാനും തീരുമാനമെടുത്തു."

അവരുടെ മരണം എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയൊരു ഷോക്ക് തന്നെ ആയിരുന്നു. ശെരിക്കും ഞാൻ ഒറ്റപ്പെട്ടത് പോലെ.. എനിക്കാരുമില്ലെന്ന് സ്വയം തോന്നി തുടങ്ങി.. ഒരു ഡോക്ടറായിരുന്നിട്ട് കൂടി ഞാൻ പതിയെ ഡിപ്രഷന്റെ പിടിയിൽ പെട്ടുപോകും എന്ന തോന്നലിൽ നിന്നാണ് ബന്ധങ്ങൾ തേടിയിറങ്ങിയത്. "

കണ്ണന്റെ മുഖത്തു വീണ്ടും ചിരിയുണ്ടായിരുന്നു.

"ദിവസവും മുത്തശ്ശിയെ വിളിക്കുമ്പോൾ.. ഒരു മിന്നായം പോലെ കണ്ടിരുന്ന ആ മുഖം എന്റെ മനസ്സിൽ ആദ്യം കൗതുകമാണ് ഉണ്ടാക്കിയത്. സീതാ ലക്ഷ്മിയെ കുറിച്ച് പറയാൻ മുത്തശ്ശിക്കും നൂറു നാവാണ്. ഹോം നേഴ്‌സ് അല്ല.. മുത്തശ്ശിയുടെ കൊച്ചു മോളാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട് എന്നോട്.."

കണ്ണന്റെ കണ്ണുകളിൽ വീണ്ടും തിളക്കം.

"ദിവസവും വിളിച്ചാലും വെറുതെ പോലും അവളൊന്നു ഫോണിലേക്ക് എത്തി നോക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. അവളും അവളുടെ ജോലികളുമായി വേറൊരു ലോകത്തിലാണ് എന്ന് തോന്നും.നോക്കി നോക്കി അവളോടി കയറിയത് എന്റെ ഹൃദയത്തിലേക്കാണ്. ഓരോ വിളിയിലും ഞാനവളെ കൂടുതൽ അറിഞ്ഞു.. സ്നേഹിച്ചു.. സ്വന്തമാക്കാനും ആഗ്രഹിച്ചു.."

തലയ്ക്ക് പിന്നിൽ കൈകൾ ചേർത്ത് അവനാ ചുവരിൽ ചാരിയിരുന്നു കൊണ്ട് ചിരിക്കുകയാണ്.

ആദിയും സിദ്ധുവും അവനെ അത്ഭുതത്തോടെ നോക്കുന്നുണ്ട്.

"ഇഷ്ടം പറയണം.. അവളുടെ സ്നേഹം അറിയണം.. ആസ്വദിക്കണം.. ഇങ്ങനെയൊക്കെയുള്ള മോഹം പിടിവിട്ടു  പോയപ്പോഴാണ് ഇങ്ങോട്ട് വന്നു കയറിയത്.വരുന്നുണ്ടെന്ന് ഇവിടെ വിളിച്ചു പറഞ്ഞിരുന്നു. രാത്രി ഏറെ വൈകിയാണ് എത്തിയത്.  ക്ഷീണംകൊണ്ട് ആരെയും അധികം കാണാൻ നിൽക്കാതെ കയറിക്കിടന്നു. ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുമ്പോൾ... വാതിൽ ആരൊക്കെയോ ചേർന്നു മുട്ടുന്നുണ്ട്.. തൊട്ടരികിൽ... ചേർന്നു കിടക്കുന്നു.. സീതാ ലക്ഷ്മി "

കണ്ണൻ വീണ്ടും അവരെ ഒന്ന് നോക്കി..

"ഒറ്റ നിമിഷം മാത്രം അന്തം വിട്ട് നിന്നെങ്കിലും.. അമ്മയുടെ കൂടപ്പിറപ്പുകൾക്ക് എന്നോടുള്ള സ്നേഹം തെളിയിച്ചതാണ് എന്ന് മനസ്സിലായി. കൂട്ടത്തിൽ അവളോടുള്ളതും. രണ്ടാൾക്കും ഒറ്റയടിക്കൊരു കെണി.വന്നത് പോലെ തുരത്തി ഓടിക്കാൻ.. കുടുംബത്തിൽ കയറ്റാൻ കൊള്ളാത്തവനാക്കാൻ ഇതിനേക്കാൾ നല്ല മാർഗം മറ്റെന്തുണ്ട്..?"

കണ്ണന്റെ കാലിൽ ആദി പതിയെ ഒന്ന് തട്ടി..ആശ്വാസം പകരും പോലെ.

"പക്ഷേ തോറ്റു കൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.. എനിക്കൊപ്പം ഉള്ളവൾക്ക് അപ്പോഴും കണ്മുന്നിൽ നടക്കുന്നത് കത്തിയിട്ടില്ല.. പക്ഷേ എനിക്കവളെ നേടാൻ ദൈവം തന്നോരു അവസരമാണെന്ന് കരുതി ഞാൻ അത് പ്രയോഗിച്ചു. കെണിയിൽ പെടുത്താൻ കൊതിച്ചവർക്ക് മുന്നിൽ അവളെന്റെ പെണ്ണായി.. കിരൺ വർമ്മയുടെ മാത്രം സീതാലക്ഷ്മി "

അതും പറഞ്ഞു കൊണ്ടവൻ ഉറക്കെ ചിരിച്ചു.

ആ ചിരിയിലേക്ക് ആദിയും സിദ്ധുവും സന്തോഷത്തോടെ നോക്കി..

"നിന്റെ സെലക്ഷൻ തെറ്റിയിട്ടില്ല കണ്ണാ.. സീത നല്ല കുട്ടിയാണ് "
ആദിയവന്റെ തോളിൽ തട്ടി.

"നല്ല ദേഷ്യവുമാണ് "
കണ്ണനും പറഞ്ഞു.

"അതൊക്കെ അങ്ങനെത്തന്നെ. പക്ഷേ അടുത്തറിഞ്ഞാൽ ആ ദേഷ്യം കൊണ്ട് അവൾ പൊതിഞ്ഞു പിടിച്ചു നടക്കുന്ന ഒരുപാട് സങ്കടങ്ങൾ കൂടി കാണാൻ കഴിയും "
സിദ്ധു കണ്ണനെ നോക്കി പറഞ്ഞു.

"എനിക്കും തോന്നിയിട്ടുണ്ട്.പക്ഷേ അതെല്ലാം അവളെന്നോട് പറയുന്നൊരു ദിവസത്തെ കാത്തിരിപ്പാണ് ഈ രാമൻ,സീതാ ലക്ഷ്മിക്ക് വേണ്ടി "

ഉള്ള് നിറഞ്ഞൊരു ചിരിയോടെ പറഞ്ഞപ്പോൾ  അൽപ്പം പോലും സംശയമില്ലായിരുന്നു കണ്ണന് അവന്റെ പ്രണയത്തെ..

"ആരെങ്കിലും എതിർപ്പ് പറയും മുന്നേ ഞാനെന്റെ പ്രണയത്തെ സ്വന്തമാക്കി. ഇവിടുത്തെ ബുദ്ധി രാക്ഷസൻമാർ ഒരുക്കിയ കെണിയായത് കൊണ്ടുത്തന്നെ.. കൂടുതൽ അന്വേഷണം നടത്തിയാലോ എന്ന് പേടിച്ചിട്ട് അവരാരും ഒന്നും മിണ്ടിയില്ല. സ്നേഹിച്ച പെണ്ണിനെ... സ്വന്തമാക്കാൻ ഇതിലും മികച്ചൊരു അവസരം എനിക്കിനി കിട്ടാനില്ലെന്ന് തോന്നി "
കണ്ണന്റെ മുഖത്തു കാണുന്ന കള്ള ലക്ഷണം......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story