സ്വന്തം ❣️ ഭാഗം 50

swantham

രചന: ജിഫ്‌ന നിസാർ

"നിന്നക്കെന്താടാ ഒരു കള്ളലക്ഷണം?"
കുളിച്ചിറങ്ങി വരുന്ന കണ്ണനെ നോക്കി മിഥുൻ ചോദിച്ചു.

"അതിപ്പോ നന്നായി കുളിച്ചു വന്നതിന്റെയാടാ "
കണ്ണൻ നനഞ്ഞ മുടി കൈ കൊണ്ട് ചിക്കി അവനെ നോക്കി കണ്ണിറുക്കി.

"നീ എന്നും കുളിക്കാറില്ലേ?"

മിഥുൻ അവനെ ചുഴിഞ്ഞു നോക്കി.

"യാ "

കണ്ണൻ കണ്ണാടിക്ക് മുന്നിൽ പോയി നിന്നിട്ട് മുഖം കാര്യമായ പരിശോധനയിലാണ്.

"പിന്നെന്താ ഇന്നലെ വരെയും തോന്നാത്ത ഒരു അവലക്ഷണം, ഇന്ന് കുളിച്ചിറങ്ങിയപ്പോൾ മുതൽ?"

മിഥുൻ വിടാനുള്ള ഭാവമില്ലായിരുന്നു.
"അതോ... അത് ഞാനെന്റെ സോപ്പ് മാറ്റി.അതിന്റെയാവും "

കണ്ണൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവനെയൊന്ന് തിരിഞ്ഞു നോക്കി.

മിഥുൻ തലയാട്ടി കാണിക്കുന്നുണ്ട്.

കണ്ണൻ ഊറി ചിരിച്ചു കൊണ്ട് വീണ്ടും ക്രീം പുരട്ടലും മുടി ചീകലുമായി അവനെ നോക്കുന്നെയില്ല.

"നീ ഇന്ന് വൈകുന്നേരം എവിടെ പോയതാടാ.?"

മിഥുൻ വീണ്ടും ചോദിച്ചു.

"ഞാൻ.. ഞാൻ ടൗണിൽ "
കണ്ണൻ പറഞ്ഞു.

"നീ ഒറ്റക്കോ?"

"ശേ.. നീയെന്താടാ മിത്തു, ഒരുമാതിരി സിബിഐക്ക് പഠിക്കുന്നെ?"

കണ്ണൻ ഷെൽഫ് അടച്ചു കൊണ്ട് അവനരികിലേക്ക് വന്നു.

തലയിണയെടുത്ത് കിടക്കയിൽ ചാരി വെച്ചിട്ട് അവൻ അതിലേക്ക് ചാഞ്ഞു കിടന്നു.

"അതല്ലല്ലോ മോനെ കണ്ണാ ഞാൻ ചോദിച്ചതിനുള്ള ഉത്തരം? നീ വിഷയത്തിൽ നിന്നും തെന്നി പോവാതെ ഉത്തരം പറ."

മിഥുൻ കണ്ണനെ തന്നെ നോക്കി.

"എടാ... അത് പിന്നെ. അവൾക് ടൗണിൽ പോവേണ്ട ഒരു അത്യാവശ്യം ഉണ്ടായിരുന്നു. ഒറ്റയ്ക്ക് വിടാൻ തോന്നിയില്ല. അല്ലെങ്കിലും ഈ പ്രശ്നം ഒറ്റയ്ക്ക് അവൾക്ക് നേരിടാൻ ആവില്ല. എന്റെ സഹായം കൂടിയേ തീരു "

കണ്ണൻ മിഥുനെ നോക്കി പറഞ്ഞു.

അവൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല.

"എനിക്കെല്ലാം മനസ്സിലാവും. നീയും അവളും ഒന്നിക്കാൻ വേണ്ടുന്ന എന്ത് സഹായവും ഞാൻ ചെയ്‌തും തരും. പക്ഷേ കണ്ണാ.."

മിഥുൻ പാതിയിൽ നിർത്തി അവനെ നോക്കി.

"ഇല്ലെടാ. ഇവിടാരും അറിയില്ല. ഞാനും അവളും ഒന്നിച്ചുള്ള ഒന്നും ഇവിടെ ആർക്കും അറിയില്ല. പരമാവധി ഞാനും ശ്രദ്ധിക്കുന്നുണ്ട്. പിന്നെ... നമ്മൾ എത്രയൊക്കെ ശ്രദ്ധിച്ചാലും.. വരാനുള്ളത് അതിനി എന്തായാലും വരും."
കണ്ണൻ ചിരിയോടെ പറഞ്ഞു.

"അങ്ങനെയല്ലേടാ...."

മിഥുൻ പറഞ്ഞു മുഴുവനാക്കും മുന്നേ കണ്ണന്റെ വാതിലിൽ മുട്ടുന്നത് കേട്ടിട്ട് രണ്ടാളും തിരിഞ്ഞു തിരിഞ്ഞു നോക്കി.

റിമിയാണ്.

"എന്താണ്... ഇവിടൊരു ഡിസ്‌കഷൻ?"

റിമി ചിരിച്ചു കൊണ്ട് ചോദിച്ചു.

കണ്ണനും മിഥുനും പരസ്പരം നോക്കി.

"ഏയ്‌... അതൊന്നുമില്ലടോ?"
മിഥുൻ ചെറിയൊരു ചിരിയോടെ റിമിയെ നോക്കി.

അവളുടെ കണ്ണുകൾ കൂർത്തു.

"ഞാൻ നാളെ ഉച്ചക്ക് ശേഷം പോവും. അതിനെ കുറിച്ച് പറഞ്ഞതാ. ഇവനാണ് എന്നെ ഡ്രോപ്പ് ചെയ്യുന്നത്. അതിനെ കുറിച്ച് പറഞ്ഞതാ "
അവളുടെ തെളിയാത്ത മുഖം കണ്ടിട്ടാണ് മിഥുൻ പെട്ടന്ന് അങ്ങനെ പറഞ്ഞത്.

കണ്ണൻ ഒന്നും മിണ്ടാതെയിരുന്നു.

"നീ വരുന്നില്ലെന്ന് ഉറപ്പല്ലേ?"
മിഥുൻ ചോദിച്ചു.

"നിന്നോട് ഞാൻ പറഞ്ഞതല്ലേ മിത്തു "
റിമി അത് കേൾക്കാൻ താല്പര്യമില്ലയെന്നത് പോലെ മുഖം തിരിച്ചു.

"മ്മ്... എന്നാലും അതികം വൈകാതെ തന്നെ തിരിച്ചു പോരാൻ നോക്കണം നീ. ഇതൊരു അന്യ വീടാണ്. ആ ഓർമ നിനക്കെപ്പോഴും വേണം."

മിഥുൻ എഴുന്നേറ്റു ചെന്ന് കൊണ്ട് റിമിയോട് പറഞ്ഞു.

അവൾ ഒന്ന് മൂളി.

"നീ എന്താ റിമി വന്നത്?"
കണ്ണൻ ചോദിച്ചു.

"ഞാൻ... വെറുതെ.. മുറിയിൽ ഇരുന്നു ബോറടിച്ചപ്പോൾ.."

റിമി വാക്കുകൾ പൊറുക്കി കൂട്ടാൻ കഷ്ടപെടുന്നത് കണ്ടപ്പോൾ തന്നെ അവർക്ക് ഉറപ്പായിരുന്നു അവൾ പറയുന്നത് കള്ളമാണെന്ന്.

"നിന്നെ പുന്നാരിച്ചു കൊണ്ട് നടക്കുന്ന ഇവിടുത്തെ മാന്യമഹാ ജനങ്ങളൊക്കെ എവിടെ പോയി മകളെ "

കണ്ണൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.

"അവരെല്ലാം അവിടെയുണ്ട്."
ആ പറഞ്ഞത് ഒട്ടും രസിച്ചിട്ടില്ല എന്ന് റിമിയുടെ നീരസം നിറഞ്ഞ മറുപടിയിൽ നിന്നും അവർക്ക് മനസ്സിലായി.

"ശരിയെന്നാ.. നിങ്ങൾ സംസാരിക്ക്. ഞാൻ പോട്ടെ "

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ റിമി തിരിഞ്ഞു..

കണ്ണനും മിഥുനും ഒരുപോലെ തലയാട്ടി.

"കണ്ണൻ...."

തിരിച്ചിറങ്ങി പോയവൾ വീണ്ടും വിളിക്കുന്നത് കേട്ട് കണ്ണന്റെ നെറ്റി ചുളിഞ്ഞു.

"നീയിന്ന് ടൗണിൽ പോയിരുന്നോ?"
റിമിയുടെ ചോദ്യം കേട്ടപ്പോൾ കണ്ണന്റെ നോട്ടം ആദ്യം ചെന്നു നിന്നത് മിഥുന്റെ നേരെയാണ്.

അവന്റെ മാറ്റങ്ങൾ സൂക്ഷ്മമായി നോക്കി കൊണ്ട് ഒരു വേട്ടമൃഗത്തിന്റെ കുടിലത നിറഞ്ഞ ഭാവത്തിൽ റിമി നിൽക്കുന്നത് അവർ ശ്രദ്ധിച്ചതുമില്ല.

"ആഹാ.. പോയിരുന്നു. എന്തേ..? നീ എങ്ങനറിഞ്ഞു.?"

കണ്ണൻ റിമിയെ നോക്കി.

"ഏയ്‌. ഒന്നുല്ലെടാ.. ഇവിടെ ആരൊക്കെയോ പറഞ്ഞത് കേട്ടു.. നീ ടൗണിൽ പോയതാണെന്ന്."
റിമി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഒറ്റക്കാണോ പോയത്?"
വീണ്ടും അവൾ ചോദിച്ചു.

"അതേ.."
യാതൊരു സംശയത്തിനും ഇടകൊടുക്കാതെ കണ്ണൻ പറഞ്ഞു.

"പോയപ്പോൾ നിനക്കെന്നെ ഒന്ന് വിളിക്കായിരുന്നില്ലേ. ഞാൻ വരുമായിരുന്നു"

റിമി പതിവുപോലെ പറഞ്ഞു.

കണ്ണൻ ഒന്നും മിണ്ടിയില്ല.

"പോട്ടെ.. നെക്സ്റ്റ് ടൈം. ഒക്കെ "
റിമി അവന്റെ തോളിൽ തട്ടിയിട്ട് ഇറങ്ങി പോയി.

"അവളെ... അവളെ നീ ഒരുപാട് സൂക്ഷിക്കണം കണ്ണാ "

റിമി പോയ വഴിയേ നോക്കി മിഥുൻ ഓർമിപ്പിച്ചു...

                          ❣️❣️❣️❣️

"നല്ല ഉടുപ്പാണ്.. ല്ലേ ചിറ്റേ? "

ലല്ലു മോൾക്ക് എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല. സീത ആ കുഞ്ഞുഹൃദയത്തിന്റെ സന്തോഷത്തിലേക്ക് നിർവൃതിയോടെ നോക്കിയിരുന്നു.

ലല്ലു മോൾക്ക് രണ്ടു ജോഡി ഉടുപ്പുകൾ. രണ്ടു ചുരിദാർ സെറ്റ്... പിന്നൊരു ബാഗും. അത്രയും സാധനങ്ങൾ ഉണ്ടായിരുന്നു കണ്ണൻ കൊടുത്ത കവറിൽ.

"ലല്ലുവിന് എടുത്തത് പോട്ടെ ന്ന് വെക്കാം. ഇതിപ്പോ നമ്മൾക്ക് കൂടി. വേണ്ടായിരുന്നു സീതേ. അല്ലെങ്കിൽ തന്നെ നമ്മുക്ക് വേണ്ടി ആ മുത്തശ്ശി എന്തൊക്കെ ചെയ്യുന്നുണ്ട്. നനഞ്ഞിടം തന്നെ കുഴിക്കുന്നത് ശരിയല്ലല്ലോ "
പാർവതി സീതയെ നോക്കി വിഷണ്ണതയോടെ പറഞ്ഞു.

"ഹാ.. ഞാൻ പറയാഞ്ഞിട്ടാണോ ചേച്ചി? പറഞ്ഞാൽ കേൾക്കണ്ടേ. ഇതെന്റെ സന്തോഷവും കടമയുമാണെന്ന് പറഞ്ഞിട്ട് തരുമ്പോൾ.. പിന്നെങ്ങനാ വേണ്ടന്ന് വെക്കുന്നത്."

പാർവതിയോട് അത് പറയുമ്പോഴും കണ്ണന്റെ കുസൃതിനിറഞ്ഞ മുഖമായിരുന്നു സീതയുടെ ഉള്ളിൽ നിറയെ.

അറിയാതെ തന്നെ ഒരു ചിരി അവളുടെ ചുണ്ടുകൾ കടമെടുത്തിരുന്നു.

"ഇതിപ്പോ മുത്തശ്ശി തന്നത് കൊണ്ടായിരിക്കും നീ വാങ്ങിയത് എന്നറിയാതെയല്ല. പക്ഷേ.. നമ്മൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. അതാണ്‌ ഞാൻ പറഞ്ഞത് "

മടിയിലിരുന്ന ചുരിദാറിന് മുകളിൽ കൂടി പാർവതിയുടെ കൈകൾ മൃദുവായി തലോടി.

നല്ല വിലയായിട്ടുണ്ടാവും എന്നതുറപ്പാണ്.
പ്രൈസ് ടാഗ് കൊണ്ട് വരുമ്പോൾ തന്നെ ഉണ്ടായിരുന്നില്ല.

ഒരേ പാട്ടേൺ... രണ്ടു നിറങ്ങൾ.

സീത കരിപച്ച നിറമാണ് എടുത്തത്.
പാർവതിക്ക് മെറൂൺ മതിയെന്ന് അവൾ പറഞ്ഞതിന് ശേഷമാണ് സീത അതെടുത്തത്.

"ഹരി ഇന്ന് വന്നിരുന്നോടി ചേച്ചി?"

പാർവതിയെ നോക്കി സീത ചോദിച്ചു.

"ഇന്ന് വന്നില്ല "

ലല്ലുവിന്റെ ഉടുപ്പ് ഊരി മാറ്റുന്നതിനിടെ പാർവതി പറഞ്ഞു.

"ഇവനെവിടെ പോയോ ആവോ?"
സീത സ്വയം പിറുപിറുത്തു..

                      ❣️❣️❣️❣️

"ഞാൻ... കിരൺ വർമയാണ്. ശ്രീനിലയത്തിലെ.. മനസ്സിലായോ ഹരിക്ക് "

കണ്ണൻ ചോദിച്ചപ്പോൾ മറുവശം ഒരു നിമിഷം നിശബ്ദമായി.

"ഹലോ.. ഹരി..."
കണ്ണൻ വീണ്ടും വിളിച്ചു നോക്കി.

"സീതാ.... അവൾക്കെന്തിലും..?"
ആകുലത നിറഞ്ഞൊരു ചോദ്യമാണ് കണ്ണന് തിരികെ കിട്ടിയത്.

"തനിക്കെന്നെ മനസ്സിലായോടോ?"
കണ്ണൻ ചിരിയോടെ ചോദിച്ചു.

"ഉവ്വ്. കണ്ണനല്ലേ? നമ്മൾ ഒരുപ്രാവിശ്യം മീറ്റ് ചെയ്തതല്ലേ?"

ഹരി പറഞ്ഞു.

"യെസ്.. അപ്പൊ ഓർമയുണ്ട്. താങ്ക് ഗോഡ്"
കണ്ണൻ വീണ്ടും ചിരിച്ചു.

"എനിക്ക്.. എനിക്ക് ഹരിയെ ഒന്ന് കാണാണമായിരുന്നു. എപ്പഴാ ഫ്രീയാവുന്നത്?"

"എന്താടോ.? എന്തെങ്കിലും പ്രശ്നമുണ്ടോ?"
വീണ്ടും ഹരിയുടെ ആധി നിറഞ്ഞ സ്വരം.

"ഏയ്‌.. ഒരു പ്രശ്നവുമില്ല. അതോർത്തു താൻ ടെൻഷനാവാതെ. എനിക്ക്.. എനിക്കൊരു കാര്യം സംസാരിക്കാൻ..."

കണ്ണൻ പറഞ്ഞു നിർത്തി.

"ഞാൻ... ഞാനിപ്പോ യാത്രയിലാണ് കിരൺ. ഇന്നലെ രാത്രിയിൽ പെട്ടന്ന് തിരുവനന്തപുരത്തേക്ക് വരേണ്ടി വന്നു. ഞാൻ നാട്ടിലേക്ക് ട്രാൻസ്ഫറിന് ശ്രമിച്ചിരുന്നു. അതിന്റ കാര്യത്തിനു വേണ്ടി."

ഹരിയുടെ ശബ്ദം.. ഏതോ മുഴക്കത്തിനൊപ്പം കണ്ണൻ കേട്ടു.

"എന്താടോ.. അത്യാവശ്യമാണോ? എങ്കിൽ.. താൻ പറഞ്ഞോ?"
ഹരി ആവിശ്യപെട്ടു.

"അത്യാവശ്യമാണോ എന്ന് ചോദിച്ചാൽ.... ആണ്. പക്ഷേ നേരിട്ട് പറയുന്നതാണ് അതിന്റെ ഭംഗി. ഹരിയെപ്പോ നാട്ടിൽ എത്തും?"

കണ്ണൻ ചോദിച്ചു.

"ഞാനിന്ന് രാത്രി എത്തും. വന്നൊണ്ടിക്കുവാണ്‌."

"ഓക്കേ... എങ്കിൽ നാളെ രാവിലെ തന്നെ നമ്മൾക്ക് ഒന്ന് കാണണം "
കണ്ണൻ പറഞ്ഞു.

"സീരിയസ് പ്രശ്നം വല്ലതും ആണോ ടോ. സീതക്ക്... അവിടെ?"

ഹരിയുടെ ചോദ്യം കേട്ടിട്ട് കണ്ണൻ ചിരിച്ചു.

"തന്റെ കൂട്ടുകാരിക്ക് യാതൊരു പ്രശ്നവുമില്ല ഹരി. എനിക്കാണ് തന്നോട് സംസാരിക്കാൻ ഉള്ളത്."
കണ്ണൻ പറഞ്ഞു.

"ഒക്കെ... എന്നാ ഞാൻ എത്തിയിട്ട് തന്നെ വിളിക്കാം. കൂടുതൽ വിവരങ്ങൾ അപ്പോൾ അറിയിക്കാം "

ഹരി പറഞ്ഞു.

ഒക്കെയെന്ന് പറഞ്ഞു കൊണ്ട് കണ്ണനും ആ സംഭാക്ഷണം അവസാനിപ്പിച്ചു.

                           ❣️❣️❣️❣️❣️❣️

'എന്നാലും എന്തായിരിക്കും കണ്ണന് തന്നോട് പറയാനുള്ളത്. '

കട്ടായ ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് ഹരി സ്വയം ചോദിച്ചു.

എത്രയൊക്കെ ആലോചിച്ചു നോക്കിയിട്ടും അവനൊരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.

ട്രെയിനിന്റെ ജനൽ കമ്പിയിലേക്ക് തല മുട്ടിച്ചു കൊണ്ട് ഹരി പുറത്തെ ഇരുട്ടിലേക്ക് നോക്കി.

ജനലോരം കുത്തിച്ചെത്തുന്ന തണുപ്പ് ഹരിയെ കുളിരണിയിച്ചു കൊണ്ട് തഴുകി തലോടി.

പെട്ടന്ന് പോരേണ്ട യാത്രയായത് കൊണ്ട് തന്നെ ആരോടും പറയാൻ കഴിഞ്ഞില്ല.

ഒറ്റ ദിവസത്തേ കാര്യമല്ലേ ഉള്ളത് എന്ന് കരുതി.

പാർവതിയുടെ മുന്നിൽ ചെന്ന് നിന്നിട്ട് തന്റെ ആഗ്രഹം പറയുന്ന നിമിഷത്തിന്റെ നിർവൃതിയും പേറിയാണ് ഓരോ സെക്കന്റും തള്ളി നീക്കുന്നത്.

പേടിയോ വെപ്രാളമോ ഒന്നുമല്ല..

പകരം എത്ര കാത്തിരിക്കേണ്ടി വന്നാലും തന്റെ പ്രണയം യാഥാർഥ്യമാക്കുന്നതിന്റെ ലഹരി മാത്രം ഉള്ളിൽ നിറയുന്നു.

ഹരി കണ്ണുകൾ അടച്ചു...ആ നിമിഷവും ആസ്വദിച്ചു.

                          ❣️❣️❣️❣️❣️

"മിസ് യൂ "
കണ്ണന്റെ ആർദ്രമായ സ്വരം സീതയെ തഴുകി തലോടി.

അവളൊന്നും മിണ്ടാതെ ഫോണിൽ പിടി മുറുക്കി

"നിനക്കെന്നെ മിസ് ചെയ്യുന്നുണ്ടോ ലച്ചു?"

കണ്ണന്റെ ചോദ്യം.

തൊട്ട് മുൻപ് വരെയും അവന്റെ ഓർമകൾ തീർത്ത തടവറയിൽ വീർപ്പു മുട്ടുകയായിരുന്നു താനെന്ന് അവനോട് പറയാൻ കഴിയാതെ സീത കുഴഞ്ഞു.

"ഡ്രസ്സ്‌ ഇഷ്ടമായോ?"
വീണ്ടും അവന്റെ സ്വരം..

പുറത്ത് തിണ്ണയിൽ ഇരുട്ടിലേക്ക് നോക്കിയിരുന്നു കൊണ്ട് സീത പതിയെ മൂളി.

"ബാഗോ?"

"വേണ്ടായിരുന്നു "
സീത പതിയെ പറഞ്ഞു.

"വേണമായിരുന്നു. സങ്കടം വന്നാലും സന്തോഷം വന്നാലും കൈ കൊണ്ട് വരിഞ്ഞു മുറിക്കിയതും പിന്നെ കാലപഴക്കവും. അതൊരുപാട് പിന്നെ കീറിയിട്ടുണ്ട് പെണ്ണെ.."

അവന്റെ സ്വരം തലോടൽ പോലെ അവളിൽ ആശ്വാസം പകർന്നു.

"ഇനി സങ്കടം വന്നാലും സന്തോഷം വന്നാലും നിനക്ക് ചേർന്നിരിക്കാൻ ഞാനില്ലേ?"

കണ്ണൻ പ്രണയത്തോടെ ചോദിക്കുമ്പോൾ സീതക്ക് ശ്വാസം മുട്ടുന്നത് പോലെ...

പാർവതി ലല്ലു മോൾക്ക് ഭക്ഷണം കൊടുക്കാനും ഉറക്കാനുമുള്ള തിരക്കിലാണ്.

"ഞാൻ... ഹരിക്ക് വിളിച്ചിരുന്നു "
കണ്ണൻ പറയുമ്പോൾ... സീതയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു.

"അവൻ... അവനെന്തു പറഞ്ഞു? കണ്ണേട്ടൻ.. കണ്ണേട്ടൻ എല്ലാം പറഞ്ഞോ?"
സീത വെപ്രാളത്തോടെ ചോദിച്ചു.

"ഹാ.. താൻ ടെൻഷനാവല്ലേ. ഒന്ന് കാണാൻ പറ്റുമോ എന്ന് മാത്രമാണ് ഞാൻ ആവിശ്യപെട്ടത്. നാളെ രാവിലെ കാണാം എന്ന് പറഞ്ഞിട്ടുണ്ട്. അവൻ നാട്ടിലില്ലെന്ന് "
കണ്ണൻ പറഞ്ഞു.

"ഹരിയെവിടെ പോയി?"

സീതയുടെ ചോദ്യം കേട്ടപ്പോൾ കണ്ണൻ ചിരിച്ചു.

"അത് എന്നോടാണോ ചോദിക്കേണ്ടത്? കാര്യം പറഞ്ഞു വരുമ്പോൾ.. ചങ്കും ചങ്കിൽ കൊള്ളുന്നതുമൊക്കെയാവും ഹരിയും ചീതാ ലക്ഷ്മിയും. പക്ഷേ.. തമ്മിൽ തമ്മിൽ ഒന്നും അറിയില്ല. അയ്യേ.. നിങ്ങളാണോ ആത്മാർത്ഥ സുഹൃത്തുക്കൾ "

കണ്ണൻ കളിയാക്കി.

"ദേ കണ്ണേട്ടാ.. ഈ കളി വേണ്ടാട്ടോ. എന്നും വിളിക്കും.. എന്നും കാണും എന്നൊക്കെയുള്ളതാണോ ഫ്രണ്ട്ഷിപ്പിന്റെ ആഴം അളക്കാനുള്ള മാനദണ്ഡം. അവനെതെന്തെങ്കിലും അത്യാവശ്യം ഉള്ളത് കൊണ്ട് പോയതാവും."

സീതയുടെ മുഖത്തെ ദേഷ്യം ഓർത്തിട്ട് കണ്ണന് ചിരി വന്നു.

"ഓ... ഞാൻ കിരൺ ആണെന്ന് പറഞ്ഞപ്പോൾ നിന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ആദ്യം ചോദിച്ചത് സീതക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് "

അവൻ ചിരിച്ചു കൊണ്ടാണ് പറയുന്നത്.

"എനിക്ക് നിന്നെ.. കാണാൻ തോന്നുന്നു ലച്ചു."
ഇത്തിരി നേരത്തെ മൗനതിന് ശേഷം കണ്ണൻ പറഞ്ഞു.

"ഒരു രക്ഷയുമില്ല. പൊന്ന് മോൻ വേഗം ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്കിക്കേ "

സീത ചിരിയമർത്തി കൊണ്ട് ഗൗരവത്തോടെ പറഞ്ഞു.

"ഓഓഓ.. അല്ലേലും നിന്റെ കാര്യത്തിൽ എനിക്ക് വല്ല്യ പ്രതീക്ഷിയൊന്നുമില്ല "
അവൻ പരിഭവത്തോടെ പറഞ്ഞു.

"ഞാൻ അങ്ങനെ അല്ലേലും കണ്ണേട്ടൻ ആവിശ്യത്തിൽ കൂടുതൽ റൊമാന്റിക് ആണല്ലോ. അപ്പൊ പിന്നെ ബാലൻസ് ചെയ്തു പൊയ്ക്കോളും "

സീത പറഞ്ഞു.

"അർജുൻ.... അർജുൻ വന്നോ?"
കണ്ണന്റെ ചോദ്യം... ഒറ്റ നിമിഷം കൊണ്ടവളിൽ ഇരുൾ നിറച്ചു.

ഇല്ലന്ന് പറയുമ്പോൾ ആ സ്വരം അറിയാതെ തന്നെ പരുഷമായി പോയിരുന്നു.

"ഇന്നിനിയവൻ ലേറ്റായി വന്നാലും നീ ഒന്നും പറയാൻ നിൽക്കരുത്. നിന്റെ പിടി വിട്ട് പോകും. അവൻ എന്തെങ്കിലും പറഞ്ഞാൽ... മനസിലുള്ളത് മുഴുവനും നീ അവന് മുന്നിൽ കുടഞ്ഞിടും. അത് കൊണ്ട് നേരത്തെ ഭക്ഷണം കഴിച്ചിട്ട്... കണ്ണേട്ടനേയും സ്വപ്നം കണ്ടിട്ട്... സുഖമായി ഉറങ്ങി... നാളെ നേരത്തെയിങ്ങോട്ട് ഓടി വായോ... ഞാനിവിടെ കാത്ത് കാത്തിരിപ്പല്ലേ... എന്റെ സ്ട്രോങ്ങ്‌ സീതാ ലക്ഷ്മിയെ  സ്നേഹിക്കാൻ.."

മുറിവായി തീർന്ന അവന്റെ ചോദ്യത്തിനുള്ള മരുന്നുണ്ടായിരുന്നു അപ്പോഴവന്റെ വാക്കുകളിൽ മുഴുവനും.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story