സ്വന്തം ❣️ ഭാഗം 51

swantham

രചന: ജിഫ്‌ന നിസാർ

പാർവതിയുടെയും അർജുന്റെയും മിഴികൾ തന്നിലേക്ക് നീളുന്നത് അറിഞ്ഞിട്ടും സീത ഭാവമാറ്റമേതുമില്ലാതെ ഒരു പാത്രത്തിൽ തനിക്ക് കഴിക്കാനുള്ളതും എടുത്തിട്ട് മേശയിൽ വന്നിരുന്നു.

അവിടെ തന്നെ ഇരിക്കുന്ന അർജുൻ അവൾ വന്നിരിന്നതും വല്ലാത്തൊരു വെപ്രാളത്തോടെ കഴിച്ചു കൊണ്ടിരിക്കുന്നതും അവൾക്കറിയാൻ കഴിഞ്ഞു.

പാതിരാത്രിയിലെപ്പഴോ കയറി വന്നതിന്റെ ക്രോസ് വിസ്താരം അവനും പാർവതിയും പ്രതീക്ഷിക്കുന്നുണ്ടെന്നു സീതയ്ക്ക് ഉറപ്പായിരുന്നു.

പൊട്ടിതെറിക്കേണ്ട ഒരു സാഹചര്യത്തിൽ താനിങ്ങനെ സയംമനം പാലിക്കുന്നതിന്റെ പൊരുളറിയാതെ അവരുടെ മനസ്സ് പുകയുന്നതും അവൾക്കറിയാം.

ഇത്രയൊക്കെ അറിവുകൾ ഉണ്ടായിട്ടും... മനസ്സിന്റെ കടിഞ്ഞാൺ നഷ്ടപെടാതിരിക്കാൻ ശ്രമിക്കുന്നത്... അതവന്റെ... അവളുടെ പ്രിയപ്പെട്ടവന്റെ വാക്കുകൾ നൽകിയ വിശ്വാസമാണ്.

"ഞാനേറ്റു.. നിന്റെ അനിയനെ നീ ആഗ്രഹിക്കുന്നത് പോലെ ആ കണ്മുന്നിൽ നിർത്തി തരും ഞാൻ.. എന്നെ വിശ്വാസമില്ലേ?"

അർജുനെ ഓർക്കുമ്പോൾ തുള്ളി വിറച്ചു കൊണ്ട് പുറത്തേക്ക് ചാടി, കടിച്ചു കുടയാൻ നിൽക്കുന്ന ആത്മരോഷം.. അവന്റെയാ വാക്കുകളുടെ തണുപ്പിൽ പറ്റിചേർന്ന് കിടക്കും.

മറ്റൊന്നിലേക്കും മനസ്സ് പടരാതെ.. അനാവശ്യമായ വേവലാതികളിൽ വിറച്ചു പോവാതെ ആത്മസയംമനം പാലിക്കുന്നതും അവന് വേണ്ടിയാണ്.

യാതൊരു ഉപാദികളിലേക്കും ചേർത്ത് വെക്കാതെ, സീതാ ലക്ഷ്മിയെ അവളായി സ്നേഹിക്കുന്ന... പരിഗണിക്കാനറിയാവുന്ന അവളുടെ മനസ്സിന്റെ ഉടമ..

'നീയില്ലങ്കിൽ ഞാനുമില്ലെന്ന്' അവനൊരിക്കലും പറഞ്ഞിട്ടില്ല.

പകരം നീ ആണെന്റെ ലോകമെന്നും നിന്നിൽ കൂടിയെന്റെ ലോകം കാണാൻ ഞാനാഗ്രഹിക്കുന്നുവെന്നും പ്രവർത്തികൾ കൊണ്ട് തെളിയിക്കുന്ന ഒരുവൻ.

അവൾക്കുള്ളിൽ വീണ്ടും വീണ്ടും പ്രണയത്തിന്റെ തേൻ കിനിഞ്ഞു..
മുറിവേറ്റിരുന്ന ഹൃദയത്തിലാകെയും സ്നേഹത്തിന്റെ ഗന്ധമാണ്.

ആദ്യാനുരാഗത്തിന്റെ നേർത്ത ശീലുകളാണ്.

പുത്തൻ ഭാവങ്ങളിലേക്കുള്ള പരകായ പ്രവേശനമാണ്.

ഇനി സീതാ ലക്ഷ്മി തളർന്നു തൂങ്ങേണ്ടത് ആ പ്രണയത്തിനു മുന്നിൽ മാത്രമാവട്ടെ..

പൂത്തു തളിർക്കുന്നതും അവന് വേണ്ടിയാവും.

ഹൃദയത്തിലേക്കിരച്ചെത്തുന്നതത്രയും പ്രേമത്തിന്റെ അലയൊലികൾ മാത്രം മതി.

ചുറ്റും ഇരിക്കുന്നവരെയോ അവരുടെ ചിന്തകളെയോ സീത ഓർത്തില്ല.അവരുടെ വേദനകളിൽ ഉരുകിയതുമില്ല .. വേവലാതി പൂണ്ടതുമില്ല.
അന്നാദ്യമായി...

"ഓടി വായോ.. ഞാനിവിടെ കാത്തിരിപ്പല്ലേ?"എന്നൊരു പരിഭവം മാത്രം ഉള്ളിൽ അലയടിച്ചു.

ശാന്തമായിയിരുന്നു കഴിക്കുന്നവളെ വീണ്ടും വീണ്ടും സംശയത്തോടെ നോക്കി അർജുൻ.

ഇടയ്ക്ക് അവന്റെ നോട്ടം പാർവതിയിലേക്കും പാറി വീണു.

തന്റെ കണ്ണിലുള്ള അതേ സംശയങ്ങൾ തന്നെ വല്ല്യേച്ചിയിലും കണ്ടു പിടിക്കാൻ അവനായിരുന്നു.

തോന്നലല്ലേ അപ്പൊ..?

യാതൊരു സാധ്യതയുമില്ലാത്തൊരു കാര്യമാണ് കണ്മുന്നിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്.

അനാവശ്യകാര്യങ്ങൾ ചെയ്തു എന്നറിഞ്ഞാൽ.. പ്രായം പോലും നോക്കാതെ ഇപ്പോഴും എടുത്തിട്ട് അടിക്കാൻ യാതൊരു മടിയോ മനസാക്ഷികുത്തോ ഇന്ന് വരെയും സീതേച്ചിയിൽ കണ്ടിട്ടില്ല എന്നവനപ്പോൾ വെറുതെ ഓർത്തു.

അങ്ങനെയുള്ള ഒരാളാണ്.. ഒരക്ഷരം പോലും മിണ്ടാതെ... ശാന്തതയുടെയും ക്ഷമയുടെയും ആൾരൂപമെന്നത് പോലെ മുന്നിലിരിക്കുന്നത്.

അവനപ്പോഴും വിശ്വാസമായിട്ടില്ല.
സീതയോട് പറയാൻ കാത്ത് വെച്ച നുണ പോലും അർജുന്റെ മനസ്സിലിരുന്ന് വിങ്ങി പൊട്ടി.

കഴിച്ചു കഴിഞ്ഞു.. പാത്രം കഴുകി റാക്കിലേക്ക് കമ്ഴ്ത്തി വെച്ച് സീത ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് കുടിച്ചു.

"പോട്ടെ"

പാർവതിയോടോ അർജുനോടോ, രണ്ടു പേരിൽ ആരോടെന്നൊരു തീർച്ചയുമില്ലാത്ത യാത്ര പറച്ചിലോടെ സീത കളം ഒഴിഞ്ഞു കൊടുത്തു.

എന്താണ് സംഭവിച്ചതെന്ന് അപ്പോഴും മനസ്സിലാവാതെ അർജുൻ അവിടെ തന്നെയിരുന്നിട്ട് വീണ്ടും എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.

ഇടയിൽ എപ്പഴോ... അവനെ രൂക്ഷമായൊന്നു നോക്കിയിട്ട് പാർവതി മുറ്റത്തു കളിച്ചു കൊണ്ട് നിന്നിരുന്ന ലല്ലുവിന്റെ പിറകെ കൂടി..

                        ❣️❣️❣️❣️

വയൽ വരമ്പിലേക്കിറങ്ങിയതും സീത ഒന്നാഞ്ഞു ശ്വാസം വിട്ടു.

വലിഞ്ഞു മുറുകി നിന്നിരുന്ന മനസ്സിനൊരു അയവ് വന്നത് പോലെ.

ചുണ്ടിലേക്ക് ഒരു നറുചിരിയുടെ വെളിച്ചം അരിച്ചെത്തിയതും അവളറിഞ്ഞു.

പുത്തൻബാഗ് ഒന്നുക്കൂടി തന്നിലേക്ക് ചേർത്ത് വെച്ചു.

"എന്റെയിഷ്ടമാണ്.. എന്റെ കടമയാണ് "
കാതുകൾ അവന്റെ പ്രണയാതുരയായ വാക്കുകൾ വീണ്ടും ഓർമിപ്പിച്ചു.

മനസ്സിനൊപ്പം കാലുകൾ കൂടി അവനിലേക്കോടിയെത്താൻ തിടുക്കം കൂട്ടുന്നുണ്ട്.

സ്നേഹത്തിന്റെയും പരിഗണനയുടെയും ലഹരിയിൽ അവൾ ഉന്മതയായി പോയിരിക്കുന്നു!

എന്ത് കൊണ്ടോ.. സീതാക്കപ്പോൾ ഹരിയെ ഓർമ വന്നു.

മുൻപ് സങ്കടങ്ങളിൽ പിടയുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നത് അവനും അവന്റെ സാന്നിധ്യവുമായിരുന്നു.

ഇന്നിപ്പോൾ സന്തോഷം കൊണ്ട് മനസ്സ് വിങ്ങുമ്പോഴും ഹൃദയം ആ ശീലം മറന്നിട്ടില്ലെന്ന് തെളിയിച്ചു.

ഏറ്റവും സങ്കടപെടുമ്പോഴും... ഏറ്റവും വലിയൊരു സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴുമല്ലേ, നമ്മൾ പലപ്പോഴും പ്രിയപ്പെട്ടവരെ അന്വേഷിച്ചു പോകുന്നത്?

ആരൊക്കെയാണ് നമ്മളെ പ്രിയപ്പെട്ടവരായി അംഗീകരിക്കുന്നുവെന്നത് തിരിച്ചറിയുന്നതും!

"ഹാ... പറയെടി "
ഉറക്കചടവോടെ.. യാതൊരു ഫോർമാലിറ്റികളുമില്ലാതെ ഹരിയുടെ സംസാരം.

സീത ചിരിച്ചു പോയി.

"നീ ഇനിയും എഴുന്നേറ്റില്ലെടാ മടിയാ?സമയം ഉച്ചയായി "
സീത ചിരിയോടെ തന്നെ പറഞ്ഞു.

"ഇന്നലെ കിടക്കാൻ ലേറ്റ് ആയെടി. വന്നപ്പോൾ തന്നെ ഒരു മണി കഴിഞ്ഞു."
ഹരി പറഞ്ഞത് കേട്ട് സീതയൊന്നു മൂളി.

"ഹാ.. നിന്നോട് പറയാൻ വിട്ടതാ. തിരുവനന്തപുരം വരെയും ഒന്ന് പോവാനുണ്ടായിരുന്നു. ഞാൻ ട്രാൻസ്ഫറിന് കൊടുത്തിരുന്നല്ലോ, അതിന്റെ ആവിശ്യത്തിന്. ഒറ്റ ദിവസം കൊണ്ടിങ് പോയിട്ട് വരാമല്ലോ എന്നോർത്ത് പറയാതിരുന്നതാ "

ഹരി പറഞ്ഞു.

"ആ.. ഞാൻ അറിഞ്ഞിരുന്നു ഹരി "
പറഞ്ഞു കഴിഞ്ഞിട്ടാണ് സീത നാവ് കടിച്ചത്.

അതെങ്ങനെ എന്നവൻ ചോദിക്കുമെന്ന് സീത കരുതിയെങ്കിലും അതുണ്ടായില്ല.

"വേറെ... വേറെന്താടി വിശേഷം?"

ഹരി വീണ്ടും ചോദിക്കുന്നു.

"ഹരി... അത് പിന്നെ..."

സീത വാക്കുകൾക്കായി തപ്പി തടഞ്ഞു.

"ഹാ... ടെൻഷനാവാതെടി. ഞാനാദ്യം പോയിട്ട് ശ്രീ നിലയത്തിലെ കിരൺ വർമയെന്ന കണ്ണേട്ടന് എന്താ പറയാനുള്ളതെന്ന് കേട്ടിട്ട് വരട്ടെ. എന്നിട്ട് നിനക്ക് പറയാനുള്ളതും കേൾക്കാൻ തീർച്ചയായും നിന്ന് തരും. എന്താ.. അത് പോരെ സ്ട്രോങ്ങ്‌ സീതാ ലക്ഷ്മി? "

ചിരിയോടെയുള്ള അവന്റെ ചോദ്യത്തിന് മുന്നിൽ സീത ഒരു നിമിഷം മൗനമായി പോയിരുന്നു.

"ഹരി.. ഞാൻ.."
വീണ്ടും സീത തട്ടി തടഞ്ഞു.

"ഇപ്പൊ നീ നല്ല കുട്ടിയായി പോ മോളെ സീതേ. വൈകുന്നേരം ഞാൻ നിന്നെ വന്നു കണ്ടോളാം. വെച്ചിട്ട് പോടീ "
ഹരി ഒരു താളത്തിൽ പറയുന്നത് കേട്ടപ്പോൾ മനസ്സിലെ വെപ്രാളം അൽപ്പം കുറയുന്നത് സീതയറിഞ്ഞു.

ഫോൺ ഓഫ് ചെയ്തിട്ട് അവൾ ബാഗിലിട്ടു.

കണ്ണേട്ടനോട് തനിക്കുള്ള ഇഷ്ടത്തേ പറ്റി അവനെന്തോക്കെയോ അറിയാമെന്നു സീതയ്ക്ക് ഉറപ്പായി.

കണ്ണേട്ടനത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുമെന്നും.. ഹരിയത് അതേ രീതിയിൽ അംഗീകരിക്കുമെന്നും പൂർണമായ വിശ്വാസമുണ്ടായിട്ടും, കാരണമാറിയാത്തൊരു ഭീതി അവളെ ചുഴിഞ്ഞു കടന്ന് കൂടിയിരുന്നു... പിന്നിടുള്ള വഴികളിൽ.

                          ❣️❣️❣️❣️❣️

ഒരിക്കൽ പരസ്പരം കണ്ടത് കൊണ്ട് തന്നെ തിരിച്ചറിയാൻ രണ്ടു പേർക്കും വലിയ പ്രയാസമൊന്നുമുണ്ടായിരുന്നില്ല.
ഔപചാരികതയുടെ കെട്ടുപാടുകളില്ലാതെ ഹരിയുടെ നീട്ടി പിടിച്ച കൈകളിലേക്ക് കണ്ണൻ അവന്റെ കൈ ചേർത്തു.

യാതൊരു ആകാംഷയുമില്ലാത്ത ഹരിയുടെ പ്രസന്നമായ മുഖത്തേക്ക് നോക്കി കണ്ണൻ.

"ഇന്നലെ രാത്രി എപ്പോയെത്തി?"

കണ്ണനാണ് തുടക്കമിട്ടത്.

"ഒരുമണിയായി "
ഹരി ചിരിയോടെ പറഞ്ഞു.

ഹരിയുടെ ഫ്രണ്ട് ഷബീറിന്റെ കോഫി ഷോപ്പിലാണ് രണ്ടു പേരും.

എവിടെ വെച്ച് കാണും എന്നതിലൊരു ആശങ്കയുണ്ടായിരുന്നു കണ്ണന്.
അവനിവിടങ്ങളിലൊന്നും അത്ര പരിചയമില്ലാത്തതാണ്.

അതിനും പരിഹാരം നിർദ്ദേശിച്ചത് ഹരിയാണ്.

"പോയ കാര്യമെല്ലാം ഓക്കേയായോ?"

കണ്ണൻ ഹരിയെ നോക്കി.

"ഏറെക്കുറെ. ഞാൻ ലീവിന് അപ്ലൈ കൊടുക്കുന്നതിനു മുന്നേ തന്നെ അതിന്റെ പേപ്പർസ് എല്ലാം ക്ലിയർ ചെയ്തിരുന്നു. ഇതിപ്പോ ഒരു സൈൻ ചെയ്യാനുള്ളത് കൊണ്ട് പോയതാണ് "

മറച്ചുപിടിക്കാൻ ഒന്നുമില്ലെന്ന് തെളിയിക്കുന്നത് പോലുള്ള ഹരിയുടെ സംസാരം.

കണ്ണനവനെ കൂടുതൽ അറിയുകയാണ്..

മനസ്സിലാക്കുന്തോറും ഹരിയോടുള്ള അകലവും ഇല്ലാതെയാവുന്നുണ്ട്.

"നീ എന്താ കാണണം എന്ന് പറഞ്ഞത്?"
യാതൊരു മുഖവുരയുമില്ലാത്ത ഹരിയുടെ ചോദ്യം.

ഒരു നിമിഷം.. കണ്ണൻ ശ്വാസമെടുത്തു.
എത്രത്തോളം പ്രിപയർ ചെയ്ത് വന്നിട്ടും അവനാ നിമിഷതെ അതിജീവിച്ചത് അൽപ്പം പതർച്ചയോടെയാണ്.

ഹരി ശാന്തമായൊരു ചിരിയോടെ അവനെയും നോക്കിയിരുന്നു.

"അർജുൻ... അവനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് "
ഒടുവിൽ കണ്ണൻ പറയുബോൾ, നിനക്കെങ്ങനെ അർജുനെ അറിയാം എന്നൊരു ചോദ്യം ഹരിയിൽ നിന്നവൻ പ്രതീക്ഷിക്കുന്നത് പോലെ വീണ്ടും ഒരു നിമിഷം മൗനം കൂട്ട് പിടിച്ചു.

"അർജുനെ കുറിച്ച് നീയെന്താ കേട്ടത് എന്നെനിക്കറിയില്ല.തീർച്ചയായും അതൊരിക്കലും നല്ല വാർത്തയാവില്ലെന്ന് എനിക്കുറപ്പുണ്ട്."
ഹരിയുടെ സ്വരം.. കണ്ണൻ അവനെ നോക്കി.

നിരഞ്ജന പറഞ്ഞത് മുഴുവനും കണ്ണൻ അവനോട് വിശദീകരിച്ചു പറഞ്ഞു കൊടുത്തു.

ഇടയ്ക്ക് അലോസരപെടുത്തുന്ന ഒരൊറ്റ ചോദ്യം പോലും കണ്ണനോട് തിരിച്ചു ചോദിക്കാതെ, അവന് പറയാനുള്ളത് മുഴുവനും ക്ഷമയോടെ കേട്ടിരുന്നു.

"അർജുനെ... രക്ഷപെടുത്തിയെടുക്കാൻ ഹരിയുടെ കൂടെ ഞാനും ഉണ്ടാവും. തെറ്റിലേക്ക് അവൻ പൂർണ്ണമായും അലിഞ്ഞു ചേർന്നിട്ടില്ല. നമ്മൾ വിചാരിച്ചാൽ, അവന്റെ മുന്നിൽ ശരിയുടെ പാത കാണിച്ചു കൊടുക്കാൻ ആയേക്കും എന്നൊരു തോന്നൽ "
കണ്ണൻ ഹരിയെ നോക്കി പറഞ്ഞു.

"സീതാ ലക്ഷ്മിയോട് തനിക്കത്രയും ഇഷ്ടമുണ്ടോ?"
ഹരി തിരിച്ചു ചോദിച്ചതങ്ങനെയാണ്.

നേരിടാൻ തയ്യാറായിരുന്ന ചോദ്യമായിരുന്നിട്ട് കൂടി പെട്ടന്ന്, ഒട്ടും പ്രതീക്ഷിക്കാത്ത ഒരവസരത്തിൽ ഹരിയിൽ നിന്നാ ചോദ്യം വന്നപ്പോൾ കണ്ണൻ ഒന്ന് പതറി പോയി.

"ശ്രീ നിലയത്തിലെ കിരൺ വർമ അർജുനെ അറിയാൻ ആകെയുള്ളൊരു വഴിയെന്നത് സീത പറഞ്ഞറിയുന്നതാണ്. ഇതിപ്പോ.. വെറുമൊരു അറിവല്ലല്ലോ? തെറ്റിലേക്ക് പോകുന്ന ഒരുവനോടുള്ള സിമ്പതിയായിട്ടും എനിക്ക് തോന്നിയില്ല.പക്ഷേ.. സീതാ ലക്ഷമിയോടുള്ള അടങ്ങാത്ത സ്നേഹം.. അവൾ വേദനിക്കാതിരിക്കാൻ എന്തും ചെയ്യാനുള്ള മനസ്സ്. അതെനിക്ക് നിന്റെ വാക്കുകളിൽ നിന്നും അറിയാനാവുന്നുണ്ട്.അതായത്, ശ്രീ നിലയത്തിലെ ഈ കൊച്ചുതമ്പുരാൻ എന്റെ പ്രാരാബ്ദകാരി കൂട്ടുകാരിയെ പ്രണയിക്കുന്നു ന്ന്. എന്താ.. ശെരിയല്ലേ ഞാൻ പറഞ്ഞത്?"

ഹരിയുടെ മുഖത്തൊരു കള്ളചിരിയുണ്ട്.

കണ്ണൻ ശ്വാസം മുട്ടലോടെ അവനെ നോക്കി.
ഒരക്ഷരം പോലും പറയാനില്ലാത്ത വിധം കണ്ണൻ ഹരിയുടെ മുന്നിൽ ഇരുന്നു.

"കണ്ണനൊന്നും പറഞ്ഞില്ല "
ഹരി ഓർമപെടുത്തി.

"ഞാനിനി എന്തോ പറയാനാണ് ഹരി. നീയെന്നെ തളർത്തി കളഞ്ഞു "

കണ്ണൻ ഹൃദയം നിറഞ്ഞാണ് അത് പറഞ്ഞതെന്ന് ഹരിക്കും മനസ്സിലായി.

"സീതയോട് ഞാൻ പറഞ്ഞിരുന്നു.. നിന്റെ കൂട്ടുകാരൻ ഹരിക്ക് നിന്നെ മനസ്സിലാവും എന്നതാണ് എന്റെ വിശ്വാസമെന്ന്. ഇതിപ്പോ... ഞാൻ മനസ്സിലാക്കി വെച്ചിരുന്നതിൽ നിന്നും എത്രയോ മുകളിലാണ് ഹരി നിന്റെ മനസ്സ്"

കണ്ണൻ ഹരിയുടെ നേരെ നോക്കി.

ഹരി ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

"എന്നാലും... നീ ഇതങ്ങനെ ഇത്ര പെട്ടന്ന്?"
കണ്ണന്റെ അതിശയം തീരുന്നില്ല.

"നിന്റെ കൂടി കാഴ്ച കഴിഞ്ഞിട്ട് വൈകുന്നേരം സീത കൂടി എനിക്ക് അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട്. അതും നിന്നോടുള്ള അവളുടെ പ്രണയം പറയാനാണ് "
ഹരി ചിരിയോടെ പറഞ്ഞു.

"സത്യത്തിൽ സീതയോടെനിക്ക് അസൂയ തോന്നുന്നു ഹരി. നിന്നെ പോലൊരു ഫ്രണ്ട് അവൾക്കുണ്ടല്ലോ"

അങ്ങേയറ്റം ആത്മാർത്മായാണ് കണ്ണൻ അത് പറഞ്ഞത്.

"സീതാ ലക്ഷ്മിക്ക് മുന്നിൽ ജീവിതം ഒരു ചോദ്യചിഹ്നമാണ്. വെറുതെ പോലും അവൾക്ക് ആശ കൊടുത്തിട്ട് പറ്റിക്കാനാണ് കൊച്ചു തമ്പുരാന്റെ പുറപ്പാടെങ്കിൽ, ഹരി പ്രസാദിന്റെ ആത്മാർത്ഥ ഏറ്റവും കൂടുതൽ അറിയേണ്ടി വരുന്നത് ഒരുപക്ഷെ നീ ആയിരിക്കും "

കളിയായും കാര്യമായും ഹരി അവന്റെ മനസ്സിലുള്ളത് കണ്ണനെ അറിയിച്ചു.

"കിരൺ വർമയെന്ന ഞാൻ ആദ്യമായി കാണുന്ന പെൺകുട്ടിയല്ല സീതാ ലക്ഷ്മി. പക്ഷേ.. അവളെ പോലെ എന്നിലേക്ക് ഇത്രയും അലിഞ്ഞു ചേരാൻ കഴിവുള്ള ആരെയും ഞാനിത് വരെയും കണ്ടിട്ടില്ല. ഇനി ഒരുപക്ഷെ കാണാനും പോവുന്നില്ലായിരിക്കാം."

കണ്ണന്റെ ആർദ്രമായ ഭാവത്തിലേക്ക് നോക്കുമ്പോൾ ഹരിയുടെ ഹൃദയത്തിലൊരു ആശ്വാസം വന്നു നിറഞ്ഞു.

"ഒറ്റ ദിവസം കൊണ്ട് പൊട്ടി മുളച്ചുണ്ടായ പ്രേമമല്ല ഹരി എനിക്കവളോട്. അവൾക്ക് വേണ്ടിയാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഇനി തിരികെ പോകുന്നതും അവൾക്കൊപ്പം ആവണമെന്നൊരു ആഗ്രഹവും എനിക്കുണ്ട്. അത്രത്തോളം... അത്രത്തോളം ഞാൻ സീതാ ലക്ഷ്മിയെ സ്നേഹിക്കുന്നു. അവളെന്നെയും "

കണ്ണൻ മനസ്സിലുള്ളത് അത് പോലെ ഹരിയോട് പറഞ്ഞു.

"എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയായിട്ട് സീതാ ഇടയ്ക്കിടെ പറയാറുണ്ട് "എനിക്ക് കൂടുതലിഷ്ടം ഹരിയെയാണെന്ന് ". ഇന്നിപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട് ഹരി, അവൾക്ക് അങ്ങനെ പറയാനുള്ള കാരണം കൂടി നീ കൊടുത്തിട്ടുണ്ടെന്ന് "

കണ്ണൻ ഹരിയുടെ കയ്യിൽ പിടിച്ചു.
ഹരി അപ്പോഴും ചിരിച്ചു.

"സീതയെ കുറിച്ചെല്ലാം നിനക്കറിയാമോ?"
ഹരിയുടെ ചോദ്യം.

കണ്ണൻ ഇല്ലെന്ന് തലയാട്ടി.

"അറിയണം. അതറിയാൻ നീ അവളോട് തന്നെ ചോദിക്കണം. കാരണം അനുഭവങ്ങൾ അവളാണ് നേരിട്ടത്. അവളോളം ആർക്കുമത് രേഖപെടുത്തി തരാനുമാവില്ല. അത് കൊണ്ട് നീ അവളിൽ നിന്ന് തന്നെ അവളെയറിയാൻ ശ്രമിക്കണം. കേൾക്കുന്നവർ മുഖം ചുളിക്കുന്ന ഒരു പാസ്റ്റ് പറയാനുണ്ട് സീതയ്ക്ക്. ഒരുപാട് അനുഭവങ്ങൾ ഒറ്റയ്ക്ക് നീന്തി കടന്നവളാണ്. ശ്രീ നിലയത്തിലെ കിരൺ വർമ്മയ്ക്ക് ഇതിനേക്കാൾ നല്ലൊരു ബന്ധം കിട്ടുമെന്ന് പറയാൻ നിരവധി ആളുകൾ ഉണ്ടാവും ചുറ്റും."

ഹരിയുടെ കടുത്തു പോയ മുഖത്തേക്ക് കണ്ണൻ നോക്കിയിരുന്നു.

"അന്നൊരുപക്ഷെ നിനക്ക് തോന്നരുത്, നിന്റെ പെണ്ണിന് ഇത്രയും പവർ പോരെന്ന്. ശരിക്കും... ശരിക്കും ആലോചിച്ചു നോക്കിയിട്ട് വേണം നീ ഒരു തീരുമാനം എടുക്കാൻ. അതിൽ കൂടുതലൊന്നും എനിക്ക് നിന്നോട് പറയാനാവില്ല."
ഹരി കണ്ണനെ നോക്കി.

"ഞാൻ സ്നേഹിച്ചത് സീതയെയാണ്. അവളെന്നെയും. ഒരുമിച്ച് ജീവിക്കാൻ ഞാനാരുടെയും സർട്ടിഫിക്കറ്റ് ആവിശ്യപെടില്ല. സ്നേഹം.. അത് ആത്മാർത്ഥമാണെങ്കിൽ സ്നേഹിക്കുന്നവരുടെ ഏതൊരു അവസ്ഥയിലും നമ്മൾ കൈവിട്ടു കളയില്ലെന്നും.. അവരുടെ പരിമിതികളിൽ കൂടുതൽ ചേർന്ന് നിൽക്കാനേ ശ്രമിക്കുമെന്നതും ഹരിക്ക് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ?"

കണ്ണൻ ചിരിയോടെ പറഞ്ഞു.
അതേ ഹൃദയം നിറഞ്ഞ ചിരിയപ്പോൾ... ഹരിയിലുമുണ്ട്.

ഒരുമിച്ച് നീന്തി കടക്കേണ്ട വേദനകളുടെ ആഴിയെ കുറിച്ചൊന്നുമറിയാതെ,
നല്ലൊരു സൗഹൃദത്തിന്റെ മറ്റൊരു തുടക്കത്തിനുള്ള മനോഹരമായ വേദിയാവുകയായിരുന്നു അവിടെയപ്പോൾ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story