സ്വന്തം ❣️ ഭാഗം 52

swantham

രചന: ജിഫ്‌ന നിസാർ

"കുളകരയിലേക്ക് വാ ലച്ചു. ഞാൻ അവിടുണ്ട് "

കണ്ണന്റെയോ ഹരിയുടെയോ ഒരു വിളി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു രാവിലെ എത്തിയത് മുതൽ സീത.
പക്ഷേ അതുണ്ടായില്ല.

അത് കൊണ്ടാണോ എന്തോ മനസ്സൊരു അനാവശ്യ ഭയത്തെയും പേറിയാണ് അന്നേരം വരെയും അവളെ ശ്വാസം മുട്ടിച്ചത്.

കാണാൻ ഓടി പിടച്ചു വന്നവനെ ഇന്ന് കണ്ടിട്ടേയില്ലെന്ന് ഓർത്തു പരിതപിക്കുന്ന മനസ്സിന്റെ വികൃതിയോർത്ത് ചിരി വന്നിരുന്നു.

തികച്ചും അവൾക്ക് തന്നെ പിടി കിട്ടാത്തൊരു മാറ്റം.

"ഹരിയെ കാണാൻ പോവുകയാണ് "എന്നൊരു മെസേജ് ഇട്ടിരുന്നു കണ്ണൻ.

യാതൊരു തരത്തിലും വന്നു കാണാൻ പറ്റിയൊരു സിറ്റുവേഷനിൽ ആയിരിക്കില്ല കിണ്ണൻ.

അല്ലെങ്കിൽ വന്നു കാണാതിരിക്കാൻ കഴിയില്ല.

ഉച്ചക്ക് ഭക്ഷണവും കഴിച്ചു കഴിഞ്ഞു പതിവുപോലെ മയങ്ങി തുടങ്ങിയ മുത്തശ്ശിയെ ഒന്ന് നോക്കിയിട്ട് സീത പതിയെ പുറത്തേക്കിറങ്ങി.

ഉച്ച വെയിലിന്റെ കാഠിന്യം കൊണ്ടുള്ളൊരു ആലസ്യഭാവമാണ് അന്തരീക്ഷത്തിന്.

ചുറ്റും ഒന്ന് നോക്കിയിട്ടാണ് സീത പുറകുവശത്തെ കുളകടവിലേക്കുള്ള വഴിയിലേക്ക് കയറിയത്.

മുന്നിൽ നടന്നിട്ട് വഴി മാടിയൊതുക്കി കൊടുക്കാൻ ആരുമില്ലാഞ്ഞിട്ടാണ്, കാട്ടു ചെടികൾ അവളിൽ ഉരഞ്ഞു വേദനിപ്പിച്ചത്.

കഷ്ടിച്ചു ഒരാൾക്ക് നടക്കാവുന്ന വഴിയിൽ കൂടി സീത ധൃതിയിൽ നടന്നു.

ഹരിയെന്താണ് പറഞ്ഞിയിട്ടുണ്ടാവുക എന്ന ചോദ്യം അവളെ വേവലാതിപെടുത്തുന്നുണ്ട്.

അതോർത്തപ്പോൾ അറിയാതെ തന്നെ കാലുകൾക്ക് വീണ്ടും ധൃതി കൂടി.

വള്ളി പടർപ്പുകൾ വകഞ്ഞു മാറ്റി അവൾ ചെല്ലുന്നതും കാത്ത് കുളപടവിലിരിക്കുന്നവനെ കണ്ടതും ഹൃദയം അത് വരെയും പരിതപിച്ചിരുന്നതൊക്കെയും മറന്നു പോയിരുന്നു.

ശാന്തമായ ഹൃദയതാളത്തിൽ സീത അവനരികിൽ പോയിരുന്നു.

ഒന്ന് നോക്കിയതല്ലാതെ കണ്ണൻ മിണ്ടുന്നില്ല.
അത് വരെയും അനുഭവിച്ച ശാന്തത വീണ്ടും ഓടി പോയിരുന്നു.

"എന്താ.. എന്താ കണ്ണേട്ടാ?"

ഒട്ടും സുഖകരമല്ലാത്തൊരു അവസ്ഥയിലാണ് അവന്റെ മുഖമെന്നതും അവളിലെ ആധി കൂട്ടി.

"ഒന്നുമില്ല.."
മുറികിയ ഉത്തരം.

സീതക്ക് ശ്വാസം മുട്ടി തുടങ്ങി.

"ഹരി... ഹരി എന്ത് പറഞ്ഞു?"
ഉള്ളിലെ പേടിയെ തീർത്തും അവഗണിച്ചു കൊണ്ടാണ് സീതയുടെ ചോദ്യം.

"എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?"
കണ്ണൻ തിരിച്ചു ചോദിച്ചു.

"എന്റെ മനസ്സിലൊരു ഉത്തരമുണ്ട്. പക്ഷേ ഹരി കണ്ണേട്ടനോട് നേരിട്ട് പറഞ്ഞത് പറയാതെ ഞാനത് പറയില്ല "

നിശ്ചയദാർഢ്യം നിറഞ്ഞ അവളുടെ വാക്കുകൾ.
ഒരുവേള, അവനിൽ മിന്നി മാഞ്ഞ ചിരിയൊതുക്കാൻ കണ്ണൻ പാടുപ്പെട്ടു.

സീത അത് കണ്ടതുമില്ല.

"നമ്മൾ ഉദ്ദേശിച്ചത് പോലൊന്നുമല്ല സീതാ ലക്ഷ്മി,നിന്റെ ഹരി "
നിരാശയിൽ പറയുന്നവനെ സീത ചുഴിഞ്ഞു നോക്കി.

"കണ്ണേട്ടൻ എന്താണ് എന്നോട് പറഞ്ഞതിൽ കൂടുതൽ ഹരിയെ കുറിച്ച് മനസ്സിലാക്കി വെച്ചിരുന്നത് എന്നെനിക്കറിയില്ല. പക്ഷേ എനിക്കറിയാവുന്ന ഹരിക്ക് രണ്ടു മുഖമില്ല. മനസ്സിലൊന്നും നാവിലൊന്നും പ്രകടിപ്പിച്ചു മനുഷ്യനെ വട്ടാക്കാനും അറിയില്ല "

സീത കടുപ്പത്തിൽ പറഞ്ഞത് കേട്ടിട്ട്.. കണ്ണൻ അവളെ സൂക്ഷിച്ചു നോക്കി.

"ഹരിക്ക് പറ്റിയ കൂട്ടുകാരി തന്നെ "
അവന്റെ ചുണ്ടിൽ വിരിഞ്ഞ മനോഹരമായ ചിരിയിലേക്ക് സീത തുറിച്ചു നോക്കി.

കണ്ണൻ കാലുകൾ പടവിലേക്ക് മടക്കി വെച്ചിട്ട് അവൾക്ക് നേരെ തിരിഞ്ഞിരുന്നു.

"ഹരിയെന്ന സുഹൃത്തിനെ നീ ഒരിക്കലും വിട്ട് കളയരുത് ലച്ചു. അവനെ പോലെ.. ഇത്രയും സിമ്പിളായിട്ട് സ്നേഹിക്കാൻ കഴിയുന്ന വളരെ കുറച്ചു പേരെ ഈ ലോകത്ത് അവശേഷിക്കുന്നുള്ളു."

സീതയുടെ കൈ എടുത്തു നെഞ്ചിൽ ചേർത്ത് വെച്ച് കണ്ണനത് പറയുബോൾ അവളുടെ മുഖം തെളിഞ്ഞു.

"കൂട്ടുകാരിയെ എനിക്ക് തന്നേക്കുമോ എന്ന് ഞാൻ ചോദിച്ചു. അവൾക്കിഷ്ടമാണെങ്കിൽ.. പാതി വഴിയിൽ നീ അവളെ ഉപേക്ഷിച്ചു പോവില്ലെന്ന് അത്രത്തോളം ഉറപ്പുണ്ടെങ്കിൽ.. അവൾക്കൊരു നല്ല ജീവിതം കിട്ടുന്നതിൽ എനിക്കെത്ര സന്തോഷമുണ്ടന്ന് പറഞ്ഞ.. ഹരിയുടെ സൗഹൃദമാവാൻ കഴിഞ്ഞതാണോ സീതാ ലക്ഷ്മി നിന്റെ സൗഭാഗ്യം?"

കണ്ണൻ പറഞ്ഞതത്രയും നേരെയിറങ്ങിയത് ഹൃദയത്തിലേക്കായിരുന്നു.. സീതക്ക് വീർപ്പു മുട്ടും പോലെ തോന്നി.

കണ്ണന്റെ കണ്ണുകൾ അവളുടെ ഭാവങ്ങളെ ഒപ്പിയെടുക്കുകയാണ്.

നേർത്തൊരു ചിരിയോടെ സീത അവനെ നോക്കി.

"ഇതല്ലാത്തൊരു ഉത്തരം ഹരിക്കുണ്ടാവുമെന്ന് നീ കരുതിയിരുന്നോ ലച്ചു?"

സീത ഇല്ലെന്ന് തലയാട്ടി.

കണ്ണൻ ചിരിയോടെ അവളുടെ കവിളിൽ തട്ടി.

"ഞാൻ അർജുന്റെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു. പക്ഷേ ആ വാക്കുകൾക്കിടയിൽ നിന്നും ശ്രീ നിലയയത്തിലെ കിരൺ വർമ സീതാ ലക്ഷ്മിയെ അത്രത്തോളം ഇഷ്ടപെടുന്നുണ്ടോ എന്നൊരു ചോദ്യം കൊണ്ട് അവനെന്നെ തളർത്തി കളഞ്ഞു "
കണ്ണൻ പറഞ്ഞത് കേട്ടപ്പോൾ സീതയൊന്നു ചിരിക്കുക മാത്രം ചെയ്തു.

"നിരഞ്ജന.. പറഞ്ഞത് മുഴുവനും ഹരിയോട് പറഞ്ഞോ?"
സീതയുടെ ശബ്ദം നേർത്തു.

"ഏറെക്കുറെയെല്ലാം ഹരിക്കറിയാം. നിന്നോട്  മുന്നേ അവനൊന്നും പറഞ്ഞില്ലെന്നു മാത്രം. അർജുനെ രക്ഷപെടുത്തിയെടുക്കാൻ ഹരി നമ്മളെക്കാൾ മുന്നേ ശ്രമിച്ചു തുടങ്ങി എന്നാണ് എനിക്ക് മനസ്സിലായത്."

കണ്ണൻ സീതയെ നോക്കി.

ഹരിയുടെ പ്ലാൻ മുഴുവനും കണ്ണൻ സീതയെ പറഞ്ഞു കേൾപ്പിച്ചു.

കടുത്ത മുഖത്തോടെ കുനിഞ്ഞിരിക്കുന്നവളെ അവൻ വേദനയോടെ നോക്കി.

"നീയിങ്ങനെ ടെൻഷനടിക്കാൻ മാത്രം ഒന്നുമില്ലെന്റെ ലച്ചു. ഹരിയുടെ ഫ്രണ്ട് അൽത്താഫ് അർജുന്റെ കോളേജിൽ മാഷാണ്. നാളെ തന്നെ ഞാനും ഹരിയും അയാളെ പോയി മീറ്റ് ചെയ്യുന്നുണ്ട്. വൈകുന്ന ഓരോ നിമിഷവും തിരിച്ചു കൊണ്ട് വരാനുള്ള പ്രയാസമാവും "
സീതയെ തന്നരികിലേക്ക് വലിച്ചു നീക്കി കൊണ്ട് കണ്ണൻ പറഞ്ഞു.

" വന്നപ്പോൾ ഞാൻ അൽപ്പം ബിൽഡപ്പ് ഇട്ടിരുന്നത് കണ്ടിട്ട് നീ പേടിച്ചോ ലച്ചു? "
കണ്ണൻ കുസൃതിയോടെ അവളോട് ചോദിച്ചു.

അതിനെ കുറിച്ച് സീത തത്കാലം മറന്നു പോയതായിരുന്നു.
വീണ്ടും അവന്റെ ആ ചോദ്യം.. അവളുടെ ചുണ്ടുകൾ കൂർത്തു.

"അതെന്തിനായിരുന്നു..അത്രേം ബിൽഡപ്പ്?"

അവൾ കണ്ണുരുട്ടി.

"ഒരു രസം "
അവൻ കണ്ണിറുക്കി.

സീത അവനെ നോക്കി പല്ല് കടിച്ചു.

കണ്ണൻ ഒന്ന് ഇളിച്ചു കാണിച്ചു.

"പക്ഷേ ഞാൻ വിചാരിച്ചത് പോലെ അത് ഏറ്റില്ല. നിനക്കവനെയും അവന് നിന്നെയും ഒടുക്കത്തെ വിശ്വാസമല്ലേ?"
കണ്ണൻ ചിരിയോടെ അവളുടെ കൈയിൽ തലോടി.

സീത ഒന്നും പറയാതെ അവനെ നോക്കി.

"മ്മ്. എന്തേ?"
അവളുടെ നോട്ടം കണ്ടിട്ട് കണ്ണൻ ചോദിച്ചു.

"ഹരിയെന്ന സുഹൃത്തിനെ മാത്രമല്ല. കിരൺ വർമയെന്ന ഈ കള്ള ഡോക്ടറെയും എനിക്ക് വിശ്വാസമാണ് "

സീതയുടെ കയ്യിൽ കണ്ണന്റെ കൈ മുറുകി.

പരസ്പരം ഒന്നും മിണ്ടാതെ അവരാ കുളത്തിലെ ആഴപരപ്പിലേക്ക് മിഴികളെ മേയാൻ വിട്ടിരുന്നു.

"സത്യത്തിൽ... സീതാ ലക്ഷ്മിയെങ്ങനെ ഇത്രേം ട്രാജഡിയായൊരു സ്റ്റോറിയായി പോയി?"
തികച്ചും ഫോർമലായൊരു അന്വേഷണം.

അവനെല്ലാം അറിയാൻ ആഗ്രഹിക്കുന്നുവെന്ന് സീതക്ക് മനസ്സിലായി.

"അവളെ നീ.. അവളിൽ നിന്ന് തന്നെ അറിയണം. അവളെക്കാൾ അതത്ര പെർഫെക്ട് ആയിട്ട് പറഞ്ഞു തരാൻ മറ്റാർക്കും കഴിയില്ല "
ഹരിയുടെ വാക്കുകളായിരുന്നു കണ്ണന്റെ മനസ്സിൽ മുഴുവനും.

"കണ്ണേട്ടനത് അറിയണോ?"
അവനെ നോക്കാതെയാണ് സീത ചോദിച്ചത്.

"സീതാ ലക്ഷ്മിയെ മുഴുവനുമറിയാൻ എനികീ ആയുസ്സ് മുഴുവനും മതിയാവില്ലെന്നറിയാം. പക്ഷേ.. കുറച്ചെങ്കിലും... എനിക്കറിയാൻ ആഗ്രഹമുണ്ട് "

കണ്ണന്റെ സ്വരം വളരെ നേർത്തു.

"നോവുന്ന കഥയാണ്. കണ്ണേട്ടനോടത് പറയണം എന്നെനിക്കും ഉണ്ടായിരുന്നു. എല്ലാം... എല്ലാം അറിഞ്ഞിട്ടും പിന്നേയും വേണമെന്ന് തോന്നിയാൽ മാത്രം സീതാ ലക്ഷ്മിയെ ചേർത്ത് വെച്ചാൽ മതിയല്ലോ?"

വരണ്ടൊരു ചിരിയുണ്ട് അവളിൽ.

"നിനക്ക് വേദനിക്കുമെങ്കിൽ...."

കണ്ണൻ വീണ്ടും അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു.

"വേദന..."

അവളൊരു ദീർഘശ്വാസത്തോടെ അവനെ തല ചെരിച്ചു നോക്കി.

"വേദനയൊക്കെ കഴിഞ്ഞു പോയി. ഇപ്പോൾ ഓർക്കുമ്പോൾ ഒരു മരവിപ്പാണ് കണ്ണേട്ടാ.."

അവളുടെ സ്വരം പതിഞ്ഞു.

അമ്മയും അച്ഛനും തമ്മിലുള്ള വഴക്ക് കേട്ടുറങ്ങിയ കുട്ടിയായിമാറി അവൾ പലപ്പോഴും അവന് മുന്നിൽ പറഞ്ഞു തുടങ്ങിയപ്പോൾ 

സ്വന്തം അമ്മ തങ്ങളെയും അച്ഛനെയും ഉപേക്ഷിച്ചു മുരുകന്റെ കൂടെയിറങ്ങി പോയന്ന് രാവിലെ എഴുന്നേറ്റു വരുമ്പോൾ മുതൽ തോന്നിയ അരക്ഷിതവസ്ഥയിൽ പലപ്പോഴും അവൾ വിറങ്ങലിച്ചു നിന്നു...

കുടിച്ചു കൂത്താടി വന്നിരുന്ന അച്ഛന്റെ പോക്കറ്റിൽ നിന്നും മോഷ്ടിച്ചു കിട്ടിയ കാശുമായി കടയിലേക്കോടിയിരുന്ന കുഞ്ഞു സീതയിൽ ആളി കത്തിയ വിശപ്പിനെ കണ്ടു കണ്ണൻ ആ നിമിഷവും.

യാതൊരു തെറ്റും ചെയ്യാഞ്ഞിട്ടും, നാട്ടുകാർക്കും കുടുംബങ്ങൾക്കുമിടയിൽ ചൂളി ചുരുങ്ങി നിൽക്കുന്ന ആ പെൺകുട്ടിയുടെ നിസ്സഹായവസ്‌ഥയിൽ അവനും വേദനിച്ചു.

ഒടുവിൽ എല്ലാത്തിനും മുകളിൽ പൊരുതി നിൽക്കാനുള്ളൊരു മനസ്സോടെ സീതാ ലക്ഷ്മിയുടെ ഉള്ളുറപ്പിനെയവൻ തൊട്ടറിഞ്ഞു.

ദൈവത്തിന്റെ തീരാത്ത ക്രൂരത പോലെ.. നിത്യരോഗിയായി മാറിയ അച്ഛനെ കുറിച്ചവൾ പുച്ഛത്തോടെയാണ് ഓർമപെടുത്തിയത്.

ചിരിയോടെയുള്ള സീത ലക്ഷ്മിയെ ആ വാക്കുകൾക്കിടയിൽ തിരിഞ്ഞു നോക്കിയ കണ്ണൻ, തീർത്തും പരാജയത്തോടെ തിരിച്ചിറങ്ങി.

"എന്ത് തോന്നുന്നു..?"

നേർത്തൊരു മുഖത്തോടെ സീതയവനെ തല ചരിച്ചു നോക്കി.

കണ്ണനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു.

"വേണ്ടായിരുന്നു എന്ന് തോന്നുന്നുവെങ്കിൽ, ഇപ്പോഴും വൈകിട്ടില്ല. ശ്രീ നിലയത്തിലെ മിടുക്കൻ ഡോക്ടർക്ക് ഇപ്പോഴും മറന്നു കളയാൻ പാകത്തിനുള്ള സ്നേഹമുള്ളു. അത്രേം ഞാൻ തന്നിട്ടുള്ളൂ. യാതൊരു പരാതിയുമില്ലാതെ ഞാനിറങ്ങി പോവും."

ഉറപ്പോടെ സീത പറഞ്ഞു.

"ദേഷ്യമോ പകയോ ഒന്നും തന്നെ തോന്നില്ല. ഈ തന്ന സ്നേഹം മാത്രം മതിയാവും എനിക്ക് ഇനി ജീവിക്കാൻ.. അഴിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ മുറുകി കൊണ്ടിരിക്കുന്ന ഒരു കുരുക്കാണ് ഞാൻ... കണ്ണേട്ടൻ..."

"അത്രയേ ഒള്ളോ ഞാൻ...? ഞാനിറങ്ങി പോയാലും.. നിനക്ക് വേദന തോന്നില്ലേ?"

ഇനിയും ഒന്നും കേൾക്കാൻ വയ്യെന്നത് പോലെ കണ്ണൻ അവളെ വലിച്ചു നെഞ്ചിൽ ചേർത്ത് പിടിച്ചു.

"പറഞ്ഞു താ.. ലച്ചു. ഇനി എന്നിൽ നിന്നും അകന്ന് പോവാൻ നിനക്ക് കഴിയുമോ?"

വീണ്ടും കണ്ണന്റെ സ്വരം..

സീതയവനെ ഇറുക്കി പിടിച്ചു.

"എനിക്കിപ്പഴാ ഈ സ്ട്രോങ്ങ്‌ സീത ലക്ഷ്മിയെ കൂടുതലിഷ്ടമായത് "
കണ്ണൻ അവളുടെ കവിളിൽ കൈ ചേർത്ത് വെച്ചു.

കണ്ണന്റെ കൈകളുടെ മുറുക്കം കൂടുന്നതും കണ്ണിലേക്കൊരു പുതിയ ഭാവമിരച്ചെത്തുന്നതും സീത വെപ്രാളത്തോടെയറിഞ്ഞു.

"എന്റെയാണ്. എന്റെമാത്രമാണ്."
അവന്റെ ഹസ്കി വോയിസ്‌..
സീതയുടെ ഉള്ളിലൂടെ ഒരു തരിപ്പ് പാഞ്ഞു കയറി.

കണ്ണേട്ടാ... "

അവന്റെ കണ്ണുകൾ തന്റെ ചുണ്ടുകളിലാണെന്ന് തിരിച്ചറിഞ്ഞതും സീത ദുർബലമായോന്ന് കുതറി.
പക്ഷേ അവൻ കൂടുതൽ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

സീതയുടെ പിടച്ചിൽ അവൻ ഏറ്റെടുത്തു.

അംഗീകരിക്കാനും പ്രതിരോധിക്കാനും കഴിയാത്ത വിധം സീതയവന്റ കണ്ണുകളിൽ കുരുങ്ങി പോയിരുന്നു.

ഒടുവിൽ... ഒരു ശലഭം പറന്നിറങ്ങുന്നത്രയും മൃദുവായി കണ്ണന്റെ ചുണ്ടുകൾ വിറക്കുന്ന അവളുടെ ചുണ്ടുകളിൽ പതിഞ്ഞ നിമിഷം.. സീതയുടെ കണ്ണുകൾ അടഞ്ഞു പോയി.

കൈകൾ അവനിൽ കൂടുതൽ മുറുകി.

അവളെ വേദനിപ്പിക്കില്ലെന്ന വാശിയുള്ളത് പോലെ.. അവൻ അങ്ങേയറ്റം ആസ്വദിച്ചു കൊണ്ടാ ചുംബനം തുടരുമ്പോൾ സീതയ്ക്ക് ശ്വാസം മുട്ടി തുടങ്ങി.

എന്നിട്ടും വിട്ട് കളയാതെ അവനവളെ കൂടുതൽ കൂടുതൽ ചേർത്ത് പിടിച്ചു.

അവകാശം സ്ഥാപിക്കുകയല്ല..
അവളിലെ ആത്മാവിനാഴങ്ങളിലേക്ക് അവന്റെ പ്രണയത്തെ ചേർത്ത് വെക്കുകയാണ്.

ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടാണ് സീതയവനെ തള്ളി മാറ്റിയത്.

ചെമ്പരത്തി പൂവ് പോലെ കണ്മുന്നിൽ ചുവന്നിരിക്കുന്നവളെ കണ്ണൻ പ്രണയത്തോടെ നോക്കി.

പക്ഷേ അവനെ നോക്കാൻ കഴിയാതെ സീത കിതപ്പോടെ തിരിഞ്ഞിരുന്നു.

"ദേഷ്യമുണ്ടായിട്ടാണോ തിരിഞ്ഞിരിക്കുന്നത്?"
കണ്ണൻ അവളെ വീണ്ടും പുണർന്നു കൊണ്ട് ചോദിച്ചു.

തോളിൽ അമർന്ന അവന്റെ താടി രോമങ്ങൾ അവളെ ഇക്കിളിയാക്കി.

സീത കഴുത്തു വെട്ടിച്ചു കൊണ്ട് അവനെ നോക്കി.

"പറ.. ഞാൻ തെറ്റ് ചെയ്‌തോ നിന്നോട്?"
കിതപ്പടങ്ങാത്ത അവന്റെ ചോദ്യം.

സീത ഇല്ലെന്ന് തലയാട്ടി.
ആ ചുംബനത്തിൽ നിറഞ്ഞു നിന്നതത്രയും അവന്റെയുള്ളിലെ പ്രണയമായിരുന്നു എന്നവൾക്ക് ഉറപ്പായിരുന്നു.

"ഹരിയോട് പറഞ്ഞത് പോലെ തന്നെ... എന്റെ മരണം കൊണ്ടല്ലാതെ നിന്നെയെനിക് ഉപേക്ഷിച്ചു കളയാനാവില്ല ലച്ചു "
കാതിൽ വീണ്ടും അവന്റെ പ്രണയമന്ത്രം.

സീതയുടെ കൈകൾ ചുരിദാർ ഷാളിൽ മുറുകി.

"മുത്തശ്ശി എഴുന്നേൽക്കും "

ഏറെനേരത്തെ മൗനത്തിന് ശേഷം സീത കണ്ണനെ നോക്കി.

അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചിരുന്ന അവന്റെ കൈകൾ പതിയെ അയഞ്ഞു.

"ഇന്ന് മിത്തു പോകുവാണ്. വൈകുന്നേരം ഞാനാണ് എയർപോർട്ടിൽ കൊണ്ട് വിടുന്നത് "
അവൾക്കൊപ്പം എഴുന്നേറ്റ് കൊണ്ട് കണ്ണൻ പറഞ്ഞു.

സീത വെറുതെ മൂളി.

കണ്ണൻ അവളുടെ കൈ വിരലിൽ കോർത്തു പിടിച്ചു.

"വിട്ട് പോവാൻ തോന്നുന്നില്ല "
അവളുടെ നോട്ടം കണ്ടിട്ട് കണ്ണൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

അപ്പോഴും സീത ഒന്നും മിണ്ടാതെ ചിരിച്ചു.

"എന്താണ്.. ഒരു മൗനം "
വീണ്ടും കണ്ണൻ അവളെ അവനിലേക്ക് വലിച്ചു ചേർത്തു.

സീത തല കുനിച്ചു.

"എന്റെയാണെന്ന് എനിക്കുറപ്പുണ്ട്.  ഞാനത് ആസ്വദിച്ചാണ് ചെയ്തതും "

സീത ചിരിയോടെ അവനെ നോക്കി.

"എനിക്കും "
അത് പറയുമ്പോൾ അവളുടെ മുഖം വീണ്ടും ചുവന്നു പോയി.

കണ്ണൻ ചിരിയോടെ അവളുടെ മൂക്കിൽ പിടിച്ചുലച്ചു.

"പോവാം.. "

എപ്പോഴുത്തെയും പോലെ അവൾക്ക് മുന്നിലെ തടസ്സങ്ങളെ മാടിയൊതുക്കി കണ്ണനാണ് മുന്നിൽ നടന്നത്.

അവന്റെ നിഴൽ പറ്റി അവളും..

                          ❣️❣️❣️❣️❣️

"പോയിട്ട് ഇനിയെപ്പഴാ മോൻ വരുന്നത്? "

മുത്തശ്ശി വാത്സല്യത്തോടെ മിത്തുവിന്റെ കവിളിൽ തലോടി.

"ഉടനെ വരേണ്ടി വരും മുത്തശ്ശി "
അത് പറഞ്ഞിട്ട് അവൻ കണ്ണനെയാണ് നോക്കിയത്.

അവനാവട്ടെ അതൊന്നും തന്നെ അറിയാതെ സീതയുടെ നേരെ നോക്കിയിട്ട് ഒരു കള്ളച്ചിരിയോടെ നിൽപ്പുണ്ട്.

സീത അവന്റെ നോട്ടം നേരിടാൻ വയ്യെന്നത് പോലെ തിരിഞ്ഞു നിന്നു.

മിത്തു യാത്ര പറയാൻ വന്നതാണ് മുത്തശ്ശിയുടെ മുറിയിൽ.

"പോയിട്ട് വരാം ട്ടോ "മിത്തു ചിരിയോടെ പറഞ്ഞിട്ട് മുത്തശ്ശിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

അവരും അവന്റെ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ചുണ്ട് ചേർത്തു.

"നന്നായി വരും "
തലയിൽ കൈ ചേർത്ത് വെച്ചിട്ട് അനുഗ്രഹം കൂടി കൊടുത്തിട്ടാണ് മുത്തശ്ശി അവനെ യാത്രയാക്കിയത്.

"പോട്ടെ... സ്ട്രോങ്ങ്‌ സീത ലക്ഷ്മി "
ചിരിയോടെ അവൻ യാത്ര ചോദിക്കുമ്പോൾ സീത ചിരിച്ചു കൊണ്ട് തന്നെ തലയാട്ടി കാണിച്ചു.
ഇറങ്ങി പോവും മുന്നേ വീണ്ടും കണ്ണന്റെ കണ്ണുകൾ അവളെ തേടിയെത്തി. സീത കണ്ണുരുട്ടി കൊണ്ട് വേഗം തിരിഞ്ഞു നിന്നിരുന്നു.

                             ❣️❣️❣️❣️❣️

വൈകുന്നേരം വീട്ടിലേക്കുള്ള യാത്രയിൽ സീത വീണ്ടുമാ നിർവൃതിയുടെ ലഹരിയിലായിരുന്നു.

അവന്റെ ഓർമയിൽ പോലും ഹൃദയം തുള്ളി വിറക്കുന്നു.
അനാവശ്യമായൊരു വാക്ക് പറഞ്ഞാൽ കൂടി ഉടവാളെടുത്തു ഉറഞ്ഞു തുള്ളുന്ന സീതാ ലക്ഷ്മിയാണോ ഇന്നവന്റെ നെഞ്ചിൽ ചേർന്ന് നിന്നിട്ടാ ചുംബനം അത്രയുമാഴത്തിൽ സ്വീകരിച്ചത് എന്നയോർമ പോലും അവൾക്ക് അതിശയമായിരുന്നു.

സ്നേഹം കൊണ്ടാണ് കീഴടക്കിയത്.
അത് കൊണ്ട് തന്നെയാണ് സീത തോറ്റു കൊടുത്തതും.

എന്റേയാണെന്നൊരു തോന്നൽ ഉള്ളിന്റെയുള്ളിൽ ശക്തിപ്രാപിച്ചു വരുന്നുണ്ട്.
വീണ്ടും വീണ്ടും സീതാ ലക്ഷ്മി ചുവന്നു തുടുത്തുകൊണ്ടേയിരുന്നു...

കണ്മുന്നിൽ വിഴുങ്ങാൻ നിൽക്കുന്ന പ്രശ്നങ്ങളെ അവൾ മറന്നു..

ജീവിതത്തിലെ ദുരന്തങ്ങളെയവൾ മറന്നു..
ഓർമകളെല്ലാം അവനിൽ നിക്ഷിപ്തമാണ്.

നേരിടാൻ കാത്തിരിക്കുന്ന അഗ്നിപരീക്ഷണങ്ങളെ കുറിച്ചൊന്നുമറിയാതെ സീതാലക്ഷ്മി പ്രണയിക്കയാണ്.

ജീവിതത്തിൽ വീണ്ടും സ്വപ്നം കാണാൻ ഒരുങ്ങുകയാണ്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story