സ്വന്തം ❣️ ഭാഗം 53

swantham

രചന: ജിഫ്‌ന നിസാർ

പ്രേമിച്ചു പ്രേമിച്ചു നീയാ പെണ്ണിനെ കൊലക്ക് കൊടുക്കരുത് കണ്ണാ "
മിത്തു കണ്ണനെ നോക്കി പറഞ്ഞു.
കാറിൽ നിന്നും അവന്റെ ലാഗേജ്‌ പുറത്തേക്ക് വലിച്ചെടുക്കുന്ന കണ്ണൻ ആ പറഞ്ഞത് കേട്ട് കണ്ണിറുക്കി ചിരിച്ചു.

"ഇളിക്കല്ലേ.. ഒടുവിൽ കിടന്നു കാറി പൊളിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാ ഇപ്പൊ ഈ പറഞ്ഞു തരുന്നത്. അവളില്ലാത്ത ഒരു ജീവിതം നിനക്കിനി ചിന്തിക്കാൻ കൂടി വയ്യെന്ന് എനിക്കറിയാം "
മിത്തു അവന്റെ തോളിൽ തട്ടി.

"ഞാൻ ശ്രദ്ധിക്കുന്നുണ്ടെടാ മിത്തു "
ചിരിയോടെ പറഞ്ഞിട്ട്, കണ്ണൻ കാറിന്റെ ഡോറച്ചു കൊണ്ട് തിരിഞ്ഞു.

"ഉവ്വാ.. നീ കുറേ ശ്രദ്ധിക്കുന്നുണ്ട്. അതെനിക്കും നന്നായി ബോധ്യമായല്ലോ.?ശ്രദ്ധ കൂടി പോയത് കൊണ്ടായിരിക്കും, ഇന്ന് ഉച്ചക്കാ പെണ്ണിനെ ഒറ്റയ്ക്ക് കുളകടവിലേക്ക് വിളിച്ചോണ്ട് പോയത്. ല്ലേ?"
മിഥുന്റെ കൂർത്ത നോട്ടത്തിൽ കണ്ണൻ ചമ്മി കൊണ്ട് നോട്ടം മാറ്റി.

ആ ഓർമയിൽ തന്നെ അവനുള്ളം തുടിച്ചു.
നെഞ്ചിൽ ചാരി ഒരു പ്രാവിനെ പോലെ കുറുകി കൊണ്ടിപ്പോഴും സീതാ ലക്ഷ്മി നിൽക്കുന്നുണ്ടെന്ന് തോന്നി.

"എന്തേ.. കള്ളകാമുകനിപ്പോൾ ശ്രദ്ധയെ കുറിച്ചൊന്നും പറയാനില്ലേ?"
മിഥുൻ അവന്റെ തോളിൽ ഇടിച്ചു കൊണ്ട് ചിരിച്ചു.

"എനിക്ക് മനസിലാവും കണ്ണാ.. നിന്നെയും അവളെയും. ഈ സ്നേഹത്തിലും സന്തോഷത്തിലും നിങ്ങളെയെന്നും കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ഇത് തന്നെ പറയുന്നത്. നിനക്കെന്നോട് ദേഷ്യമൊന്നും തോന്നരുത് "

മിത്തുവിനെ ഇറുകെ കെട്ടിപിടിച്ചു കൊണ്ടാണ്, തനിക്കതിൽ പരിഭവമൊന്നുമില്ലെന്ന് കണ്ണൻ തെളിയിച്ചത്.

മിഥുനും നിറഞ്ഞ ചിരിയോടെ അവനെ തിരികെ പുണർന്നു.

"റിമി ഇവിടെ നിൽക്കുമ്പോൾ എനിക്ക് പോവാനൊട്ടും താല്പര്യമില്ല. പിന്നെ പോയല്ലേ പറ്റൂ. നിനക്കറിയില്ലേ എന്റെ അവസ്ഥകളൊക്കെയും?"
കണ്ണനിൽ നിന്നും അകന്ന് മാറാതെ തന്നെ മിഥുൻ പറഞ്ഞു.

"ടെൻഷനാവാതെ പോയി വാടാ മിത്തു. ഇവിടുത്തെ പ്രശ്നങ്ങളൊന്നൊതുക്കിയിട്ട് ഞാനും ഉടനെ തന്നെ വരും. അവളെയിനി എന്നിലേക്ക് ചേർക്കാൻ ഒട്ടും കാത്തിരിക്കാൻ വയ്യെനിക്ക് "

കണ്ണൻ പറഞ്ഞു.
മിഥുൻ ചിരിച്ചു കൊണ്ട് തല കുലുക്കി.

"എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ "

"പോടാ "കണ്ണന്റെ ചിരിയിലും ഒരു കള്ളത്തരമുണ്ടായിരുന്നു അത് പറയുമ്പോൾ.

"ശരിയെന്ന. പോട്ടെ..."

ബാഗ് വലിച്ചെടുത് കൊണ്ട് മിഥുൻ ഒരിക്കൽ കൂടി യാത്ര പറഞ്ഞു.

കണ്ണൻ ചിരിയോടെ കണ്ണടച്ച് കാണിച്ചു.

                             ❣️❣️❣️❣️
തിരികെയുള്ള യാത്രയിൽ കണ്ണൻ തനിച്ചായിരുന്നു.

അന്തി ചുവപ്പ് പടർന്നു കിടക്കുന്ന അന്തരീക്ഷം..

കാറിൽ ഒഴുകി നടക്കുന്ന നേർത്ത പ്രണയസംഗീതം..

അവനുള്ളിൽ വീണ്ടും മഞ്ഞു കണം പെയ്തിറങ്ങിയ പോലെ, കഴിഞ്ഞു പോയ സ്വപ്നനിമിഷങ്ങളുടെ ഓർമകൾ.

തുടിക്കാൻ മറന്നെന്ന പോലെ ഹൃദയം നിശ്ചലമായി.

ഒരു പഞ്ഞികെട്ട് പോലെ നെഞ്ചിൽ ചേർന്ന് നിന്നവളുടെ പിടച്ചിലും ശ്വാസവും.

അവനവളെ വിളിക്കണമെന്ന തോന്നൽ അസഹ്യമായി.

ബ്ലൂടൂത് കണക്ട് ചെയ്തു.. സീതയുടെ നമ്പർ കോളിലിട്ട് കാത്തിരിക്കുമ്പോൾ ഹൃദയം വീണ്ടും കാതോർക്കുന്നു, സ്വന്തം അവകാശിയുടെ സ്വരമറിയാൻ.
അതിനുള്ളിൽ അവളൊളിപ്പിച്ചു പിടിച്ച പ്രണയത്തിന്റെ വീര്യമറിയാൻ...

പക്ഷേ ബെല്ലടിച്ചു തീർന്നതല്ലാതെ സീത അതെടുത്തില്ല.

നിരാശയിൽ കണ്ണന്റെ മുഖം മങ്ങി.

കാർ ഒരരികിൽ പാർക്ക് ചെയ്തതിനു ശേഷം  അവനൊരിക്കൽ കൂടി വിളിച്ചു നോക്കി.
പക്ഷേ അത് പാതിയിൽ നിലച്ചു.
തൊട്ടടുത്ത നിമിഷം മെസ്സേജ് ടൂൺ.

അവൻ ധൃതിയിൽ അതെടുത്തു നോക്കി.

"ചേച്ചിയുണ്ട് അരികിൽ. വിളിക്കല്ലേ "

സീതയുടെ കൂർത്ത നോട്ടം കണ്ണൻ മനസ്സിൽ കണ്ടു.
അത് വായിച്ചിട്ട് അവൻ ചിരിച്ചു പോയി.

"എനിക്ക് നിന്നെ കാണാൻ തോന്നുന്നു "

കണ്ണൻ തിരിച്ചു ടൈപ്പ് ചെയ്തു.

"അതിപ്പോയെന്തേ പെട്ടന്ന് അങ്ങനൊരു കൊതി?"

"എനിക്കറിയില്ല "

"പക്ഷേ എനിക്കറിയാം "
സീതയുടെ കള്ളച്ചിരി അവനുള്ളിൽ തെളിഞ്ഞു.

"എനിക്കുള്ളിൽ ഒരു സ്ഫോടനത്തിന് തിരി കൊളുത്തിയിട്ടാണ് പെണ്ണേ നീ പോയത് "

"ഞാനല്ല.. കണ്ണേട്ടനാണ്..."

പാതിയിൽ നിർത്തിയ അവളുടെ വരികൾ.
കണ്ണൻ ഊറി ചിരിച്ചു.

"അതേ.. ഞാനാണ്.. കാരണം നീ എന്റെയാണ്. എന്റെ മാത്രം "

തിരികെ ആ വരികൾ ടൈപ്പ് ചെയ്യുമ്പോൾ ഉള്ളിലെ പ്രണയം ആ വരികളിലേക്ക് പടരുന്നത് പോലെ കണ്ണന് തോന്നി.

"വിളിക്കാൻ വയ്യാഞ്ഞിട്ടാ കണ്ണേട്ടാ. ഞാനും ചേച്ചിയും മോളും ഉമ്മറത്തിരിപ്പാണ്. പെട്ടന്ന് എനിക്കിവിടെ നിന്നും എഴുന്നേറ്റു പോവാനാവില്ല."

സീത അവളുടെ അവസ്ഥ അവനെ അറിയിച്ചു.

"നോ പ്രോബ്ലം..ഫ്രീ ആകുമ്പോൾ വിളിക്ക്. ഞാൻ കാത്തിരിക്കും "

"മിഥുനേട്ടൻ പോയോ?"

"യെസ്.. ഞാൻ  തിരിച്ചു വന്നു കൊണ്ടിരിക്കുന്നു."

"വണ്ടി ഓടിച്ചു കൊണ്ടാണോ ചാറ്റിംഗ്?"
സീത കണ്ണുരുട്ടിയാവും എഴുതി വിടുന്നത്.
അവൻ ചിരിച്ചു പോയി.

"അല്ലേടി.. ഞാനിവിടെ പാർക്ക് ചെയ്തിട്ടുണ്ട്."

"സൂക്ഷിച്ചോടിക്കണേ.."
സീതയുടെ ഓർമപെടുത്തൽ.

കണ്ണന്റെ മനസ്സ് തണുത്തു.

"ഒക്കെ.. ബൈ.."
അവൻ തന്നെയാണ് അവസാനിപ്പിച്ചതും.

ഫോണിൽ നിന്നും മിഴികൾ പറിച്ചു മാറ്റി സീത പാർവതിയെ ഒന്ന് പാളി നോക്കി.

ലല്ലു മോളോട് എന്തോ പറയുകയാണവൾ. സീതക്കൊരു ആശ്വാസം തോന്നി.

വീണ്ടും അവളുടെ കണ്ണുകൾ കണ്ണന്റെ അക്ഷരങ്ങളെ തൊട്ട് തലോടി.

നേർത്തൊരു ചിരിയോടെ പാർവതിയവളെ വീണ്ടും നോക്കുന്നതറിയാതെ..

                         ❣️❣️❣️❣️❣️

വിളക് കൊളുത്തി ഉമ്മറത്തേക്കിറങ്ങിയ സീത, മുന്നിലെ കാഴ്ചകളിൽ വിറച്ചു പോയി.

മുഖത്തും ദേഹത്തും നിറയെ ചോരയൊലിപ്പിച്ച് കൊണ്ട് അർജുൻ.
അവനെ താങ്ങി പിടിച്ചു കൊണ്ട് വരുന്നത് ഹരിയാണ്.

ഒരു നിമിഷത്തെ പകപ്പിന് ശേഷം സീതയുടെ കാലുകൾക്ക് ജീവൻ വെച്ചു.

കൈയിലുള്ള വിളക്ക് തിണ്ണയിലേക്ക് വെച്ചിട്ട് അവൾ അവനരികിലേക്ക് ഓടി.

"അയ്യോ... മോനെ.. എന്താ പറ്റിയെ നിനക്ക്?"
സീത തൊടും മുന്നേ അർജുൻ ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ അവളെ പിടിച്ചൊരു തള്ള് കൊടുത്തു.

വീഴും മുന്നേ മറു കൈ കൊണ്ട് ഹരി അവളെ താങ്ങി.
ഹരി അർജുനെ രൂക്ഷമായി നോക്കി.
അവനത് പുച്ഛത്തോടെ തള്ളി.

എന്നിട്ട് അവശതയോടെ ഉമ്മറത്തെ വെറും നിലത്തേക്കിരുന്നു.

അപ്പോഴും യാതൊന്നും മനസ്സിലാവാതെ സീത അവനെയും ഹരിയെയും മാറി മാറി മാറി നോക്കി.

"എന്താ ഹരി.. എന്താ ഉണ്ടായേ?"
സീത ഹരിയുടെ കയ്യിൽ പിടി മുറുക്കി.

അവളുടെ സ്വരം ഇടറി പോയിരുന്നു.
സീതാ ലക്ഷ്മിയെന്ന അമ്മയാണപ്പോൾ തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് തോന്നി ഹരിക്ക്.
സ്വന്തം കുഞ്ഞിന് മുറിവേറ്റ പിടച്ചിൽ അവനാ മിഴികളിൽ കണ്ടിരുന്നു.

"ഒന്ന് പറഞ്ഞു താ ഹരി എനിക്ക് "
സീതയുടെ ശബ്ദം കുറച്ചു കൂടി ഉറക്കെയായി.

"എനിക്കും കൃത്യമായി അറിയില്ലെടി. എന്റെ ഒരു ഫ്രണ്ട് വിളിച്ചു പറഞ്ഞിട്ടാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്. ചെല്ലുമ്പോൾ ദേ ഈ അവസ്ഥയിൽ അവനിരിക്കുന്നു. എന്താ കാര്യമെന്ന് ഞാനും ചോദിച്ചു. പക്ഷേ എത്ര ചോദിച്ചിട്ടും അവനൊന്നും പറയുന്നില്ല.വീട്ടിൽ പോണം എന്ന് മാത്രം പറഞ്ഞു.ഹോസ്പിറ്റലിൽ പോകാമെന്ന് ആവുന്നതും ഞാൻ പറഞ്ഞതാ. പക്ഷേ അവന് വാശി.. ഇങ്ങോട്ട് തന്നെ വരണമെന്ന് "
ഹരി പറഞ്ഞു നിർത്തുമ്പോൾ.. സീത ഭീതിയോടെ അർജുനെ നോക്കി.

അവൻ ചെന്ന് ചാടിയ കെണിയിൽ നിന്നും കിട്ടിയ സമ്മാനമാണോ ഇതെന്ന് അവൾക്ക് നല്ല ഭയമുണ്ടായിരുന്നു.

"അജു... വാ എണീക്ക്.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം "
സീത വീണ്ടും അവന്റെ കയ്യിൽ പിടിച്ചു.

കടുത്ത മുഖത്തോടെ.. അങ്ങേയറ്റം വെറുപ്പോടെ തന്നെ അവനാ കൈകളെ തട്ടിയെറിഞ്ഞു.

"അയ്യോ... മോനെ..."
നിലവിളിയോടെ പാർവതിയുടെ അർജുനെ പിടിച്ചു നോക്കി.
ഉമ്മറത്തെ സംസാരം കേട്ടിട്ട് വന്നതാണ് അവളും.

"എന്താടാ പറ്റിയത്?"
പാർവതി അവന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.

"ജോലിക്കൊന്നും പറഞ്ഞു പോയിട്ട് ശ്രീ നിലയത്തിലെ കൊച്ചു തമ്പുരാനേ മോഹിച്ചു. എന്റെ പുന്നാര ചേച്ചി. അതിനവന്റെ വീട്ടുകാരുടെ സമ്മാനം "
കത്തുന്ന കണ്ണോടെ സീതയെ നോക്കിയിട്ട് അർജുൻ പറഞ്ഞത് കേട്ട് ശ്വാസം നിലച്ചത് പോലെ സീത കുഴഞ്ഞു പോയി.

ഹരിയുടെ കണ്ണിലും അവിശ്വസനീയം..
പാർവതി ഒന്നും മാനസ്സിലാവാതെ രണ്ടാളെയും മാറി മാറി നോക്കുന്നുണ്ട്.

"എന്താ.. നിഷേധിക്കാൻ തോന്നുന്നുണ്ടോ നിങ്ങൾക്ക്? എന്റെ തെറ്റിനെ കുറിച്ച് പറയാൻ നല്ല സാമർധ്യമാണല്ലോ? ഇപ്പൊ ഒന്നും പറയാനില്ലേ സീതേച്ചിക്ക്?"
അവന്റെ കൂർത്ത ചോദ്യത്തിന് മുന്നിൽ സീത തളർന്നു പോയി.

"അർജുൻ, നീ കാര്യമറിയാതെ വെറുതെ ഓരോന്നു വിളിച്ചു പറയരുത് "

സീതയുടെ നേരെ നോക്കിയിട്ടാണ് ഹരിയങ്ങനെ പറഞ്ഞത്.

"ഹരിയേട്ടൻ ഇതിൽ ഇടപെടേണ്ട. ഇത് ഞാനും എന്റെ ചേച്ചിമാരും തമ്മിലാണ്."

അവന്റെ മുഖം വലിഞ്ഞു മുറുകി.

"എന്നും കരുതി നീ വിളിച്ചു പറയുന്ന അനാവശ്യങ്ങളെല്ലാം കേട്ട് ഞാൻ മിണ്ടാതെ നിൽക്കണോടാ? സത്യം എന്താണെന്ന് കൂടി അറിയാതെ.."

ഹരി പറഞ്ഞു തീരുന്നതിനു മുന്നേ അർജുൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

"നിങ്ങളല്ലെങ്കിലും എപ്പോഴും വല്യേച്ചിയുടെയും സീതേച്ചിയുടേം കൂടെയല്ലേ ഹരിയേട്ടാ നിന്നിട്ടുള്ളു.സീതേച്ചി എന്ത് ചെയ്താലും നിങ്ങൾക്കതു ന്യായമാണ്. വല്യേച്ചി ഗിരീഷേട്ടനുമായി തെറ്റി പിരിഞ്ഞു വന്നപ്പോഴും നിങ്ങൾ കൊടുത്ത ധൈര്യം എനിക്കിന്നും ഓർമയുണ്ട്. അന്നത് ചെയ്തില്ലായിരുന്നുവെങ്കിൽ എന്റെ ചേച്ചിയിങ്ങനെ നീറേണ്ടി വരുമായിരുന്നോ?ഭാര്യഭർത്താക്കന്മാർക്കിടയ്ലെ സൗന്ദര്യപിണക്കമായി തീർന്നു പോയേനെ അത്. പക്ഷേ.. നിങ്ങളും.. സീതേച്ചിയും.. സപ്പോർട്ട് ചെയ്തിട്ടാണ്...വല്യേച്ചിയുടെ ജീവിതം.."

നല്ല വേദനയുണ്ട് എന്നവന്റെ മുഖം ചുളിയുന്നതിൽ നിന്നും മനസ്സിലാവുന്നുണ്ട്.

എന്നിട്ടും വാശിയോട ഓരോന്നും വിളിച്ചു പറയുന്നവനെ മൂന്നു പേരും പകച്ചു നോക്കി.

"എന്തൊക്കെയാ ന്റെ മോനെ നീ പറയുന്നത്?"
പാർവതി അവനെ തലോടി.
ഹരി അവൻ പറഞ്ഞു പോയ വാക്കുകളുടെ ആഴത്തിൽ മുങ്ങി പോയിരുന്നു.

"എനിക്ക് വയ്യ വല്യേച്ചി.സഹിക്കാൻ വയ്യ.എന്തിനാ നിങ്ങളെന്നെ വളർത്തി വലുതാക്കിയേ? കൊന്ന് കളഞ്ഞൂടായിരുന്നോ? അമ്മ പോയതോടെ.. ആ നാറ്റം സഹിച്ചു ഞാൻ കുറേ കാലം.തെമ്മാടിയുടെ മകനെന്ന് എന്റെ മുഖത്തു നോക്കി വിളിച്ചവരുണ്ട്.. നിങ്ങളെ പോലെ... അല്ലെങ്കിൽ അകത്തിരിക്കുന്ന നിങ്ങളെക്കാൾ ഞാനും അനുഭവിച്ചിട്ടും എന്റെ സങ്കടം ആരും അറിഞ്ഞിട്ടില്ല.പറഞ്ഞിട്ടില്ല ഞാൻ.നിങ്ങളുടെ സങ്കടം കൂടി സഹിക്കാൻ എനിക്ക് വയ്യായിരുന്നു "

അർജുൻ മുടിയിഴകൾ വലിച്ചു പറിച്ചു കൊണ്ട് കുനിഞ്ഞിരുന്നു.

അവൻ ചവച്ചു തുപ്പിയ വാക്കുകളുടെ ഭാരം അവരെ മൂവരെയും തളർത്തി കളഞ്ഞിരിക്കുന്നു.

"പിഴച്ചു പോയ അമ്മയെ കുറിച്ചോർത്തു എനിക്ക് വേദന തോന്നിയിട്ടില്ല. അമ്മയുണ്ടെങ്കിൽ കിട്ടുമായിരുന്ന സ്നേഹം അതിനേക്കാൾ കൂടുതൽ അനുഭവിച്ചു തന്നെയാണ് ഞാനും വളർന്നത്. നിങ്ങളെന്നെ വർത്തിയതും.പക്ഷേ.. നിങ്ങളുടെ പേരിലും ഞാൻ.... ഹരിയേട്ടൻ ഇവിടെ വരുന്നതിനെ കുറിച്ചിട്ട് എന്തെല്ലാം കഥകളുണ്ടന്നോ പുറത്ത്? എന്നെ കാണുമ്പോൾ ഒരു പുച്ഛചിരിയോടെ എത്ര പേര് പറഞ്ഞിട്ടുണ്ടന്നോ? എനിക്കിത് സഹിക്കാൻ വയ്യ. "

അർജുന്റെ കണ്ണുകൾ വീണ്ടും സീതയുടെ നേരെ തിരിഞ്ഞു.

"ഇതൊന്നും പോരാഞ്ഞിട്ടാണ്.. ശ്രീ നിലയത്തിലെ കൊച്ചു മോനോടൊപ്പം എന്റെ ചേച്ചിയുടെ അഴിഞ്ഞാട്ടകഥകൾ കൂടി കേൾക്കേണ്ടി വരുന്നത്. "
അവന്റെ സ്വരത്തിൽ പോലും തീ ചൂട്.

പാർവതിയുടെ കണ്ണുകൾ കൂടി തനിക് നേരെ നീണ്ടു വരുന്നത് സീത തളർച്ചയോടെ അറിഞ്ഞു.

താൻ കൂടി കാരണമാണ് പാർവതിക്ക് ജീവിതം നഷ്ടപെട്ടതെന്ന അർജുന്റെ വെളിപ്പെടുത്തൽ.. ഹരിയുടെയും ചേതനയറ്റ് പോയിരുന്നു.
അവനും തളർന്നത് പോലെ ഉമ്മറത്തെ തൂണിലേക്ക് ചാരി.

"ഇതിനിടക്ക് നീറുന്ന എന്നെ കുറിച്ച് ആരും ഓർത്തിട്ടില്ല. ഇന്ന് എന്റെ കൂട്ടുകാരുടെ ഇടയിലിട്ട് കിട്ടിയ അടികളൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. പക്ഷേ.. പക്ഷേ.. എന്റെ ചേച്ചി ശ്രീ നിലയത്തിലെ കൊച്ചു മോന്റെ കൂടെ കിടന്ന കഥകള് എന്റെ കൂട്ടുകാർ അടക്കം കേട്ട് നിന്ന് രസിച്ചു. എനിക്ക്... എനിക്കെത്ര വേദനിച്ചു എന്നറിയുമോ നിങ്ങൾക്ക്? എന്ത് ചെയ്തിട്ടാ... എന്നോടിങ്ങനെ..."

അകവും പുറവും ഒരു പോലെ അനുഭവിക്കുന്ന വേദന കൊണ്ട് അർജുൻ കരഞ്ഞു പോകുന്നുണ്ട്.

പാർവതി തലോടാൻ നീട്ടുന്ന കൈകളെ എന്നിട്ടുമവൻ വാശിയോടെ തട്ടി മാറ്റുന്നു.

"അങ്ങനൊന്നും അല്ല അർജുൻ. ഒക്കെ നിന്റെ തെറ്റദ്ധാരണ മാത്രമാണ്. ശെരിക്കും..
"
ഹരി വല്ല വിധേനയും പറയാൻ ശ്രമിച്ചത് അർജുൻ കൈ ഉയർത്തി തടഞ്ഞു.

"ആരും ഒന്നും പറയേണ്ട ഹരിയേട്ടാ. ഇതിങ്ങനെയൊക്കെയേ വരൂ. എന്തായാലും പിഴച്ച അമ്മയുടെ മക്കളല്ലേ?"
ആത്മനിന്ദയോടെയുള്ള അർജുന്റെ വാക്കുകൾ.. ഈർച്ച വാൾ പോലെ സീതയുടെ ഹൃദയം മുറിച്ചു.

"അജു..."
അവളോരു വിങ്ങലോടെ വിളിച്ചു.

അവൻ സീതയുടെ നേരെ ഒന്ന് പുച്ഛത്തോടെ നോക്കിയിട്ട് എഴുന്നേറ്റു.

വേദന കൊണ്ടവന്റെ മുഖം ചുളിയുന്നു.

"ഇതൊക്കെ നമ്മൾക്ക് പിന്നെ സംസാരിക്കാം അർജുൻ. ഇപ്പൊ നീ വാ നമ്മക്ക് ഹോസ്പിറ്റലിൽ പോവാം. നിനക്കൊട്ടും വയ്യ "
ഹരി വന്നവനെ പിടിച്ചു.
വീണ്ടും അവനാ കൈകൾ തട്ടി മാറ്റി.

"ഞാൻ എങ്ങോട്ടും വരുന്നില്ല. ഇവിടെ കിടന്നു വേദനിച്ചു ചാവട്ടെ. നാളെ നാട്ടിലിറങ്ങി മറ്റുള്ളവരുടെ പരിഹാസ ചിരി ഏറ്റു വാങ്ങുന്നതിലും നല്ലത്... ഇനി അതാണ്‌. എനിക്ക് എങ്ങോട്ടും പോവണ്ട. അതും കാത്ത് ആരും നിൽക്കുകയും വേണ്ട "

വേദന കടിച്ചു പിടിച്ചു കൊണ്ടവൻ അകത്തേക്ക് തന്നെ മെല്ലെ നടന്നു കയറി.

"ഹരി... അവനൊട്ടും വയ്യ "
പാർവതി കരഞ്ഞു കൊണ്ട് ഹരിയെ നോക്കി.

"വയ്യ. അതെനിക്കുമറിയാം. പക്ഷേ അവൻ ബോധമില്ലാതെ കിടക്കുവായിരുന്നുവെങ്കിൽ പൊക്കി എടുത്തു കൊണ്ട് പോയേനെ ഞാൻ. ഇതിപ്പോ..."

ഹരി അവളെ നോക്കി.

സീതയെ ഒന്ന് കൂടി നോക്കിയിട്ട് പാർവതി ധൃതിയിൽ അർജുൻ പോയ വഴിയേ തന്നെ പോയി.

ഹരിയുടെ കണ്ണുകൾ... മരവിച്ചത് പോലെയിരിക്കുന്ന സീതയുടെ നേരെയായിരുന്നു.

അവൻ അവൾക്കരികിൽ ചെന്നിരുന്നു.

അവളോടെന്ത് പറയണം എന്നവനും അറിയില്ലായിരുന്നു.
മുന്നിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നു.
ആ മനസ്സെത്ര മാത്രം വേദനിക്കുന്നുണ്ട് എന്നറിയാവുന്നത് പോലെ ഹരിയുടെ കൈകൾ അവളെ ചേർത്ത് പിടിച്ചു.

"പ്രണയത്തിലിത്തിരി ട്രാജഡിയൊക്കെ വേണം പെണ്ണേ. ഇല്ലെങ്കിൽ ഒരു ത്രിൽ ഉണ്ടാവില്ല "

കണ്ണിറുക്കി പറഞ്ഞവനെ സീത തുറിച്ചു നോക്കി.

"ഇപ്പൊ അവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. ആ ചൂടൊന്നു ആറി തണുക്കട്ടെ. ശ്രീ നിലയത്തിലെ കൊച്ചു തമ്പുരാൻ തന്നെ നേരിട്ട് വന്നിട്ട് അവനോട് പറയും.. ഈ സീതാ ലക്ഷ്മിയെ അവൻ കൂടെ കിടത്താനല്ല.. ജീവൻ പകുത്തു കൊടുക്കാനാണ് സ്നേഹിച്ചതെന്ന്. അന്നീ പറഞ്ഞതിനൊക്കെ ആ പഹയൻ നിന്നോട് മാപ്പ് പറഞ്ഞോളും. അത് പോരെ?"

ഹരി പറഞ്ഞത് കേട്ട് സീതയുടെ ചൊടിയിൽ ഒരു ചെറിയ ചിരി മിന്നി മാഞ്ഞു.

"നീ അവന് മുന്നിലേക്ക് പോവണ്ട. കുറച്ചു കൂടി കഴിയുമ്പോൾ.. ഈ വേദന സഹിക്കാൻ പറ്റാത്ത അവസ്ഥ വരും കുട്ടി സഖാവിന്. അപ്പൊ വാശി താനേ പത്തി മടക്കും. ആ സമയം എന്നെ വിളിക്ക്. ഞാൻ വണ്ടിയുമായി വരാം...ഹോസ്പിറ്റലിൽ പോകാൻ.നമ്മളിതെത്ര കണ്ടിരിക്കുന്നു "
ഹരി നിസാരമായി പറഞ്ഞുക്കൊണ്ട് അവളുടെ കവിളിൽ തട്ടി.

സീത ഒന്നും പറയാതെ അവന്റെ നേരെ തന്നെ നോക്കി.

"അനാവശ്യചിന്തകളൊന്നും ഈ മനസ്സിലിട്ട് കൊണ്ട് നടക്കേണ്ട. ഇതൊക്കെ കലങ്ങി തെളിയും. ഇപ്പൊ സമാധാനമായി പോയി ഒന്ന് കിടക്ക് നീ. ഒരാളെ സ്നേഹിക്കുന്നത് അത്ര വലിയൊരു തെറ്റൊന്നുമല്ല. അർജുന് കിട്ടിയ അറിവ് പൂർണ്ണമല്ല. അതിന്റെ പ്രശ്നമാണ്. അല്ലെങ്കിൽ തന്നെ പ്രേമിക്കരുത് എന്ന് പറയാൻ അവനെന്താ അവകാശം..? നിരഞ്ജന അർജുന്റെ അമ്മായിയുടെ മോളോന്നുമല്ലല്ലോ? അവളെ അവനും നല്ല വെടിപ്പായി പ്രേമിച്ചു നടക്കുന്നില്ലേ?അപ്പൊ അതൊക്കെ വിട് നീ.ബാ...എഴുന്നേൽക്.."

അത് പറഞ്ഞിട്ട് എഴുന്നേൽക്കുന്നതിനോടൊപ്പം ഹരി അവളെയും വലിച്ചു പൊക്കി.

"ചെല്ല്... പാർവതി ചോദിച്ചാൽ ഉള്ളത് പോലെ പറഞ്ഞേക്കണം. എന്നായാലും ശ്രീ നിലയത്തിലെ കൊച്ചു തമ്പുരാന്റെ കൈ പിടിക്കേണ്ടതല്ലേ?"
അവൻ കണ്ണിറുക്കി കാണിച്ചു.

മങ്ങിയ ഒരു ചിരിയോടെ അവനെ നോക്കിയിട്ട് സീത അകത്തേക്ക് കയറി.

അതേ നിമിഷം പാർവതി പുറത്തേക്കിറങ്ങി വന്നു.

അവളെ കണ്ടപ്പോൾ സീത തല താഴ്ത്തി കൊണ്ട് അകത്തേക്ക് കയറുന്നത് ഹരി വേദനയോടെ നോക്കി.

"എന്താ... ഹരി ഇതൊക്കെ? "

സീത പോയ വഴിയേ നോക്കി പാർവതി ചോദിച്ചു.

"അർജുൻ അറിഞ്ഞതും പറഞ്ഞതും മുഴുവനും സത്യമല്ല പാറു. ശ്രീ നിലയത്തിലെ കിരൺ വർമ സീതാ ലക്ഷ്മിയെ സ്നേഹിക്കുന്നത് കൂടെ കിടത്താനല്ലെന്നു മാത്രം നീയിപ്പോ മനസ്സിലാക്ക് "
ഹരിയുടെ സ്വരം കടുത്തു.

പാർവതി അവനെ സംശയത്തോടെ നോക്കി.

"ഹോസ്പിറ്റലിൽ പോണം എന്നവന് തോന്നുകയാണെങ്കിൽ വിളിക്ക്. ഞാൻ വണ്ടിയുമായി വരാം."
അതും പറഞ്ഞിട്ട്... ഹരി പോവാനിറങ്ങി.

"ഹരി.. അവൻ.. അപ്പോഴത്തെ ദേഷ്യംകൊണ്ട് അങ്ങനൊക്കെ പറഞ്ഞതാണ്..."
പാർവതി പതറി കൊണ്ടാണത് പറയുന്നത്.

ഹരിയിൽ ഒരു വിളറിയ ചിരി ഉണ്ടായിരുന്നു.

"നീ കാരണം എനിക്കെന്റെ ജീവിതം നഷ്ടം വന്നിട്ടില്ല. പക്ഷേ ജീവിക്കാൻ ഒരു തോന്നൽ വരാൻ നീ എന്നെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നുണ്ട്. അജു പറഞ്ഞത് പോലെ.. നീ എന്നോട് തെറ്റ് ചെയ്തിട്ടില്ല ഹരി "

ഹരി അവളുടെ നേരെ നോക്കി..

ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു.

"നിന്നോട് ഞാൻ തെറ്റ് ചെയ്തിട്ടുണ്ട് പാറു "

അവന്റെ സ്വരം വളരെ നേർത്തു.

പാർവതിയുടെ നെറ്റി ചുളിഞ്ഞു.

"എടാ... അവൻ.."
അവളപ്പോഴും അർജുൻ പറഞ്ഞ വാക്കുകളുടെ ചുഴിയിലാണ്.

"അർജുൻ പറഞ്ഞത് പോലെയല്ല.. ഒരു പാട് വർഷം... എന്റെ പ്രാണനെ പോലെ നിന്നെ ഞാൻ സ്നേഹിച്ചിട്ടും അത് നിന്നെ അറിയിച്ചില്ല എന്നൊരു തെറ്റ്... ആരൊക്കെ എതിർത്താലും പ്രാണൻ പോലെ സ്നേഹിച്ച നിന്നെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടു നിന്നു എന്നത് വേറൊരു തെറ്റ് "

കലങ്ങി ചുവന്നു പോയ അവന്റെ കണ്ണുകളും... അവനിൽ നിന്നൂർന്നു വീണ വാക്കുകളും..

പാർവതിയുടെ കാലുകൾ തളർച്ച ബാധിച്ചത് പോലെ നിന്നാടി കുഴഞ്ഞു.

"വിട്ട് കളയരുതായിരുന്നു ഞാൻ.. ഒന്നിനും വേണ്ടി മാറ്റി നിർത്താൻ പാടില്ലായിരുന്നു. തെറ്റാണ്.. ഹരി പ്രസാദ് ഈ ജീവിതത്തിൽ ചെയ്തു പോയ വളരെ വലിയൊരു തെറ്റ് "

ഹരിയുടെ വാക്കുകൾ ഇടറി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story