സ്വന്തം ❣️ ഭാഗം 54

swantham

രചന: ജിഫ്‌ന നിസാർ

"പ്രശ്നമാണോ ഹരി?"
കണ്ണന്റെ ആകുലത നിറഞ്ഞ ചോദ്യം!

അർജുന്റെ കാര്യം കണ്ണനോട് വിളിച്ചു പറഞ്ഞതാണ് ഹരി.

"പ്രശ്നം... പ്രശ്നമാണോ എന്ന് ചോദിച്ചാൽ ഇത്തിരി പ്രശ്നം തന്നെയാണ് കണ്ണാ. ഒന്നാമത് നാട്ടിലുള്ള അവരുടെ ചീത്ത ഇമേജ്. അതിനിടയിൽ കൂടി നീയുമായിട്ടുള്ള ബന്ധം വളച്ചൊടിച്ചാണ് അർജുന്റെ കാതിൽ എത്തിയിട്ടുള്ളത്. അവനത് വെള്ളം തൊടാതെ വിഴുങ്ങിയിട്ടുമുണ്ട്.അവന്  ഈ സംഭവത്തിൽ ഇനിയെത്ര എക്പ്ലനേഷൻ കൊടുത്താലും അവനറിഞ്ഞതിൽ നിന്നും മാറ്റി ചിന്തിക്കാൻ സമയമെടുക്കും.. അത് വരെയും ..."ഹരി പാതിയിൽ നിർത്തി.

കണ്ണനും മൗനത്തിലാണ്.

"ഹാ... താൻ ടെൻഷനാവാതെടോ. സീതയോട് പറഞ്ഞത് തന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്.പ്രണയത്തിൽ ഇത്തിരി തല്ലും പിടിയുമില്ലെങ്കിൽ ഒരു ത്രിൽ ഉണ്ടാവില്ലല്ലോ? ഡോണ്ട് വറി ഡോക്ടറെ."
ഹരി ചിരിയോടെ പറഞ്ഞു.

"സീതാ.... അവളുടെ അവസ്ഥയെന്താ ഹരി?"
കണ്ണന്റെ വേദന നിറഞ്ഞ ശബ്ദം.

"ആ പെണ്ണിനെയിപ്പോ ഇത്തിരിയൊക്കെ നിനക്കും അറിയില്ലേ കണ്ണാ? സീതാ ലക്ഷ്മി സ്ട്രോങ്ങാണ് മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞു നടക്കുമെങ്കിലും ... അതൊരു പാവമാണെടാ. സ്നേഹിക്കുന്നവർക്ക് അവളെ മുറുവേൽപ്പിക്കാൻ വളരെ എളുപ്പമാണ്."
ഹരിയുടെ സ്വരത്തിൽ സീതയോടുള്ള സ്നേഹം മുഴച്ചു നിന്നിരുന്നു.

"അവൾ സ്ട്രോങ്ങോക്കെ ‌ തന്നെയാണ്. പക്ഷേ സ്നേഹത്തിന്റെ കാര്യത്തിൽ സ്ട്രോങ്ങ്‌ ആയിട്ടൊരു തീരുമാനമെടുക്കാൻ ഇനിയും പെണ്ണിന് ധൈര്യം പോരാ "

ഹരി പറഞ്ഞത് കേട്ടിട്ട് കണ്ണനും ചിരിച്ചു.

"എനിക്കൊന്ന് പോയിട്ട് ആശ്വാസിപ്പിക്കാൻ കൂടി കഴിയുന്നില്ലല്ലോ."
കണ്ണന്റെ ഇച്ഛാഭംഗം നിറഞ്ഞ സ്വരം.

"നല്ല കാര്യമായി. താനിപ്പോ അങ്ങോട്ട്‌ കയറി ചെന്നാൽ സീത തന്നെ കഴുത്തിനു പിടിച്ചു പുറത്താക്കും."
ഹരി ചിരിയോടെ ഓർമപ്പെടുത്തി.

"അല്ലേടാ ഹരി .. എന്നാലും.. ഞാൻ കാരണമാണല്ലോ.. ഇങ്ങനെല്ലാം എന്നോർക്കുമ്പോൾ.."
കണ്ണന്റെ സ്വരത്തിൽ നിറഞ്ഞു നിന്നതത്രയും വേദനയാണ്.

അവൻ കാരണം സീത വേദനിക്കേണ്ടി വന്നല്ലോ എന്നുള്ള കുറ്റബോധം.

"എന്റെ പൊന്ന് കണ്ണാ.. ഇങ്ങനെയാണെങ്കിൽ ഒന്നും നടക്കില്ല കേട്ടോ. എടാ . നീ കാരണമൊന്നുമല്ല. ഇനി ആണെങ്കിൽ തന്നെ എല്ലാം എന്നെങ്കിലും എല്ലാവരും അറിയേണ്ടത് തന്നെയല്ലേ? വീട്ടിൽ സമ്മതിച്ചു തരില്ലെന്ന് ഉറപ്പുള്ള ഒരാളെ നെഞ്ചിലേറ്റുമ്പോൾ.. കാമുകൻമാരെങ്കിലും കുറച്ചു തന്റേടം കാണിച്ചേ മതിയാവൂ. കാരണം നേരിടാൻ ചങ്കുറപ്പുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാണ് മോനെ ഈ പ്രണയമെന്ന് പറയുന്നത്. ചിലപ്പോൾ രണ്ടടിയൊക്കെ കിട്ടിയെന്നും വരും.സഹിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഡോക്ടർ സാർ മുന്നോട്ടു പോയ മതി. ഇല്ലെങ്കിൽ സീതാ ലക്ഷ്മിക്ക് നല്ല ചങ്കുറപ്പുള്ള ചെക്കൻമാരെ തിരയും ഞാൻ "

ഹരി പറയുന്നത് കേട്ടിട്ട് കണ്ണനും ചിരി വന്നിരുന്നു.

"ചതിക്കല്ലേടാ ഹരി. നീ പറഞ്ഞ ആ ദുർഗാ ലക്ഷ്മി കണ്ണും പൂട്ടി എന്നെ വിട്ട് കളയും "

കണ്ണനും ചിരിച്ചു കൊണ്ട് പറഞ്ഞു.

"അല്ലേടാ... ഇതിപ്പോ എനിക്കാണ് അടി കിട്ടിയിരുന്നതെങ്കിൽ ഞാൻ സഹിച്ചേനെ.. പക്ഷേ... എനിക്ക് വേണ്ടി "
കണ്ണന്റെ സങ്കടം തീരുന്നില്ല.

"അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല മോനെ. അടിയും ഇടിയുമൊക്കെ കഴിഞ്ഞു. ഇനി ബാക്കിയുള്ളത് നേരിടാൻ ഒരുങ്ങിയിരുന്നോ. കാരണം നിന്റെ കുടുംബത്തിലുള്ളവർക്ക് നിന്നോടും മുടിഞ്ഞ സ്നേഹമാണല്ലോ? അതിന്റ സമ്മാനമല്ലേ അർജുൻ ഏറ്റു വാങ്ങിയത് "

കണ്ണൻ ഒന്നും മിണ്ടിയില്ല.

"സമയമായില്ലെന്ന ഒരൊറ്റ കാരണം മുന്നിൽ കണ്ടിട്ട് നമ്മൾ മാറി നിൽക്കുമ്പോൾ, ജീവിതത്തിൽ നികത്താനാവാത്ത നഷ്ടം വരുമെന്ന് അനുഭവങ്ങൾ കൊണ്ട് പഠിച്ചവനാണ് ഞാൻ. അതറിയാമോ നിനക്ക്?"
ഹരിയുടെ നേർത്ത ചിരി കേട്ടിരുന്നു കണ്ണൻ.

"ഉള്ളിൽ പാർവതിയോട് ആളി കത്തുന്ന ഇഷ്ടമുണ്ടായിട്ടും ആദ്യം കരുതി പഠനം കഴിഞ്ഞിട്ട് വേണം അത് പാറുവിനെ അറിയിക്കാനെന്ന്. കാരണം എന്റെ മനസ്സിലപ്പോഴും സമയമായിട്ടില്ല എന്നൊരു തോന്നലാണ്. പഠനം കഴിഞ്ഞപ്പോൾ ഞാൻ കരുതി.. അവൾക് സംരക്ഷണം കൊടുക്കാൻ ഒരു ജോലി നേടിയിട്ട് അവൾക്ക് മുന്നിൽ അഭിമാനത്തോടെ പോയി നിന്നിട്ടെന്റെ ഇഷ്ടം പറയണമെന്ന്. ഒടുവിൽ എനിക്ക് സമയമായെന്ന് തോന്നിയപോഴേക്കും അവളെ എനിക്ക് നഷ്ടപെട്ടിരുന്നു "

ഹരിയുടെ വാക്കുകൾക്ക് നഷ്ടബോധത്തിന്റെ കല്ലിപ്പ് നല്ലത് പോലെയുണ്ടായിരുന്നു..

കണ്ണനത് മനസ്സിലായി. പക്ഷേ ഒന്നും മിണ്ടിയില്ല.

"ഇന്നിപ്പോൾ എന്റെ ഇഷ്ടം പറയാനൊരു അവസരം കിട്ടിയപ്പോൾ.. സമയമോ നാളോ ജാതകമോ മുഹൂർത്തമോ.. പറയാൻ പറ്റുന്ന സിറ്റുവേഷൻ ആണോ എന്നൊന്നും ഞാൻ നോക്കിയിട്ടില്ല കണ്ണാ. ഒരിക്കൽ കൂടി അവളെ നഷ്ടപെടരുത് എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ. അതിനപ്പുറമുള്ളതെല്ലാം ഞാൻ മനഃപൂർവം മറന്നു കളഞ്ഞു."

കഴിഞ്ഞ കുറേ കാലമായിട്ട് അവൻ അനുഭവിക്കുന്ന ശ്വാസം മുട്ടൽ ആ നിമിഷം അവസാനിച്ചിരുന്നു എന്ന് കണ്ണന് മനസ്സിലായി.

ഇനി എന്ത് സംഭവിക്കും എന്ന പേടിയോടെയല്ല.. ഇനി എന്ത് സംഭവിച്ചാലും നേരിടാൻ പാകത്തിന് ഇച്ഛാശക്തിയാണ് ഉള്ളിൽ വേണ്ടതെന്നു ഹരി വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു പിടിച്ചിട്ടുണ്ടെന്ന് കണ്ണന് തോന്നി.

"എന്നാലും അതാരായിരിക്കും ഹരി? അതിനെ കുറിച്ച് വല്ലതും അർജുൻ പറഞ്ഞോ?"
കണ്ണന്റെ ചോദ്യം ഗൗരവത്തോടെയാണ്.

"അതാരായാലും നമ്മൾ കണ്ടു പിടിക്കും. പക്ഷേ നീയിപ്പോൾ നേരിട്ടൊന്നും അവരോട് പറയാൻ പോവരുത്.അത് കൂടുതൽ അപകടമാണ്. ആളെ അർജുൻ പറഞ്ഞിട്ടില്ല. പക്ഷേ.. അത് നമ്മൾ പറയിപ്പിക്കുമല്ലോ?"
ഹരി അവനെ ഓർമപെടുത്തി.

കണ്ണൻ ഒന്നും മിണ്ടിയില്ല.

"വെറുതെ ഓരോന്നും ആലോചിച്ചു ടെൻഷനാവാതെ നീ ധൈര്യമായിട്ടിരിക്ക് കണ്ണാ. എല്ലാം നല്ല രീതിയിൽ അവസാനിക്കാനുള്ള ഒരു ആരംഭം മാത്രമായി കണ്ടാൽ മതി ഇതൊക്കെ."

ഹരി അവനെ ആശ്വാസിപ്പിച്ചു.

"ഞാൻ ഒക്കെയാണെടാ "

"ഞാൻ വിളിക്കാം നിന്നെ. ഏതായാലും ഹോസ്പിറ്റലിൽ പോവാൻ അവിടുന്ന് വിളി വരും. അത്രയും വേദനയുണ്ട് അർജുന്. ഇപ്പൊ ഒരു ആവേശത്തിൽ പോവേണ്ടന്ന് പറഞ്ഞാലും.. അത്രയൊന്നും സഹിക്കാൻ അവന് പറ്റില്ല."
ഹരി പറഞ്ഞു.

"ഒക്കെ ഹരി..എന്തുണ്ടായാലും വിളിക്ക് "

അതും പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തു കൊണ്ട് കണ്ണൻ കിടക്കയിലേക്ക് കമിഴ്ന്നു കിടന്നു.

ഹൃദയം നീറുന്നത് പോലെ.
ഹൃദയവേദന സഹിച്ചു കിടക്കുന്ന ആ ഒരുവളിലേക്ക് പാഞ്ഞു ചെല്ലാൻ കൊതിക്കുന്ന മനം.

എന്റെ ജീവനാണ് ഇവളെന്ന്  അവളെ ക്രൂശിക്കുന്നവരോട് ഉറക്കെ വിളിച്ചു പറയാൻ തുടി കൊട്ടുന്നു... ഓരോ നിമിഷവും.

                      ❣️❣️❣️❣️❣️

അകത്തു നിന്നും അർജുന്റെ ഞരങ്ങലിന്റെ ശബ്ദം..

അസഹനീയമായ വേദന കടിച്ചു പിടിച്ചു കൊണ്ടവൻ കരച്ചിൽ അമർത്തുന്നു.
രാത്രി വളരുന്തോറും ശരീരത്തിലെ വേദനകളും വളരുന്നുണ്ടെന്ന് തോന്നിയവന്... ആ നിമിഷം.

ഉമ്മറത്തെ വെറും നിലത്ത് പാർവതി തളർന്നിരിപ്പുണ്ട്.
ഹരിയുടെ വാക്കുകൾ അവളെ ഒന്നാകെ പിടിച്ചു കുലുക്കിയിട്ടിണ്ടെന്ന് വ്യക്തമാണ്.

ഒരിക്കലും സങ്കല്പിച്ചു പോലും നോക്കിയിട്ടില്ലാത്തൊരു കാര്യം.. അതാണ് കണ്മുന്നിൽ ഒരു സ്ഫോടനം പോലെ ചിന്നി ചിതറി അരങ്ങേറിയിട്ട് പോയത്.

മരവിച്ച അവളുടെ ശരീരത്തിലേക്ക് വീണ്ടും ഒരു വിറയൽ പാഞ്ഞു കയറി.

ഹരി പറഞ്ഞതിന്റെ പൊരുൾ ഓർക്കുമ്പോൾ വീണ്ടും വീണ്ടും പാർവതി ഞെട്ടി വിറച്ചു..
കരയാൻ കൂടി കഴിയാത്ത വിധം നിസ്സഹായമാണ്..

വല്യേച്ചി...
അകത്തു നിന്നും അർജുന്റെ ദയനീയസ്വരം.

പാർവതി പിടഞ്ഞെഴുന്നേറ്റു.

"അജു... നീ ഞാൻ പറയുന്നതൊന്നു കേൾക്. നമ്മക്ക് ഹോസ്പിറ്റലിൽ പോവാം. നിനക്കൊട്ടും വയ്യ "
സീതയുടെ ശബ്ദം..

അർജുൻ ഹാളിലെ മേശയിലേക്ക് തല കുനിച്ചിരിപ്പുണ്ട്.

വേദന കൊണ്ടാവാം.. അവന്റെ കണ്ണുകൾ നിറഞ്ഞു തൂവുന്നു.

എന്നിട്ടും അവൻ വെറുപ്പോടെ സീതയുടെ കൈ തട്ടി മാറ്റുന്നത് പാറു നിസംഗതയോടെ കണ്ടു.

"നീ ഒന്ന് പറയെടി ചേച്ചി. ഇനിയും ഈ വേദന സഹിക്കാൻ അവന് കഴിയില്ല."
സീത പാർവതിയെ നോക്കി.

"നീ.. നീ ഹരിയെ.."

പാർവതി പിടച്ചിലോടെ പറയാൻ വന്നത് നിർത്തി.

വീണ്ടും അവൾക്കുള്ളിൽ ചോര പൊടിഞ്ഞു.

"നീയിതൊന്ന് നോക്ക്. മുറിവുകൾ എല്ലാം നീര് വെച്ച് തുടങ്ങി.. ഇനിം ഹോസ്പിറ്റലിൽ പോവാതിരുന്നാൽ അപകടമാണ്. പക്ഷേ ഇവൻ.."
സീത വീണ്ടും നിസ്സഹായതയോടെ പറഞ്ഞു.

"അവൻ വരും. നീ.. നീയൊരു വണ്ടി വിളിക്ക് സീതേ "

മുഖം അമർത്തി തുടച്ച് കൊണ്ട് പാർവതി അർജുന്റെ അരികിലെത്തി.

"ഞാൻ വരില്ല"
തളർന്ന ശബ്ദത്തിലും അർജുൻ വീറോടെ പറഞ്ഞു.

"നീ വരും. നിന്നെ വളർത്തി വലുതാക്കിയത് ഞാനും ഇവളും ചേർന്നാണെങ്കിൽ നിന്നെ കൊണ്ട് പോയിരിക്കും. ഇങ്ങനെ വേദനിക്കാൻ ഇട്ട് കൊടുക്കണമായിരുന്നുവെങ്കിൽ, അമ്മ ഉപേക്ഷിച്ചു പോയ ഉടനെ തന്നെ ഞങ്ങൾക്കത് ചെയ്യാമായിരുന്നു. ചെയ്തില്ലല്ലോ? ഇനിയുമങ്ങോട്ട് ചെയ്യാൻ ഉദ്ദേശിച്ചിട്ടുമില്ല "
പാർവതി ഉറപ്പോടെ തന്നെ പറഞ്ഞു.

"നീ ചെന്നു വണ്ടി വിളിക്കെടി"

പാർവതി സീതയെ നോക്കി കണ്ണുരുട്ടി.

"ഹരിയെ വിളിക്കാം "

സീത വേഗം അകത്തേക്ക് കയറി.

"വേറെ... വേറെ വണ്ടി കിട്ടില്ലേ സീതേ?"

പതറി കൊണ്ട് പാർവതി ചോദിച്ചു.
പാർവതി ചോദിച്ചത് കേട്ടിട്ട് സീത അവളെ പകച്ചു നോക്കി.

"അല്ല.. ഹരിയെ ബുദ്ധിമുട്ടിക്കണ്ടല്ലോ?"
പാർവതി ആ നോട്ടം കണ്ടിട്ട് പറഞ്ഞു.

"സമയം പതിനൊന്നു മണിയായി ചേച്ചി "
ആ നേരത്ത് അവർ വിളിച്ചാൽ വരുന്ന വണ്ടികളൊന്നും തന്നെയില്ലെന്ന് കൂടി അർഥമുണ്ടായിരുന്നു സീതയുടെ വാക്കുകൾക്ക്.

പാർവതി പിന്നൊന്നും പറഞ്ഞില്ല.

തന്റെ ഗതികേട് ഓർത്തിട്ട് നീറാനല്ലാതെ പാർവതിക്ക് പിന്നെയൊന്നും ചെയ്യാനില്ലായിരുന്നു.

സീത ഹരിയെ വിളിച്ചു. പത്തു മിനിറ്റ് കൊണ്ട് അവൻ കാറുമായി വന്നപ്പോഴേക്കും പാർവതി അർജുനെ മുറ്റത്തേക്ക് പിടിച്ചു നടത്തിയിരുന്നു.

ഹരിയെ കണ്ടതോടെ തുള്ളി വിറക്കുന്ന ഹൃദയത്തെയവൾ മനഃപൂർവം അവഗണിച്ചു.

തീർത്തും അവശയായിട്ടും അർജുൻ സീത തൊടുമ്പോൾ ചീറി കൊണ്ടവളെ നോക്കി.

ഹരി കയറി വരുമ്പോൾ എത്ര പിടിച്ചു നിന്നിട്ടും പാർവതി വിറക്കുന്നുണ്ട്.
അവനെയവൾ മുഖമുയർത്തിയ നോക്കുന്നത് കൂടിയില്ല.

ഹരിക്കൊപ്പം കൈമാൾ മാഷും.. വരദയും കൂടിയുണ്ടായിരുന്നു.

"നിങ്ങൾ പോയിട്ട് വാ മക്കളെ.. ഞങ്ങൾ ഇവിടെ നിന്ന് കൊള്ളാം."

വരദ പാർവതിയുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
സത്യത്തിൽ അർജുനൊപ്പം സീതയെ വിടാനാവില്ല.അവന്റെ തീരാത്ത കലി തന്നെ കാരണം.

വീട്ടിലുള്ളവരെ ഒറ്റയ്ക്ക് നിർത്തി പാർവതിക്കും അവർക്കൊപ്പം പോവാനുമാവില്ല. സീതയെ ഇവിടെ നിർത്തിയാൽ അവൾക്കത് കൂടുതൽ സങ്കടമാവുകയും ചെയ്യും.

വളരെ വലിയൊരു പ്രതിസന്ധി ഒരൊറ്റ വാക്കിലൂടെ വരദ പരിഹാരം നിർദ്ദേശിക്കുമ്പോൾ പാർവതിയുടെ കണ്ണുകൾ നന്ദിയോടെ നിറഞ്ഞു.

ഹരി യാതൊരു ഭാവമാറ്റവുമില്ലാതെ പാർവതിയുടെ അരികിൽ വന്നിട്ട് അർജുനെ താങ്ങി.

വീർപ്പുമുട്ടിയ ഹൃദയമിപ്പോൾ പൊട്ടി വീഴുമെന്ന് പാർവതി നല്ലത് പോലെ പേടിച്ചിരുന്നു.

ഹരി പിടിച്ചപ്പോൾ.. അർജുന്റെ പ്രതിഷേധങ്ങളെല്ലാം ഒതുങ്ങിയിരുന്നു.

"നീ എന്ത് നോക്കി നിൽക്കുവാ ഡി? വന്നു കയറ് "
അർജുനെ ബാക്ക് ഡോർ തുറന്നു അകത്തേക്ക് കയറ്റികൊണ്ട് ഹരി സീതയോട് ചോദിച്ചു.

"ഞാൻ.. വരണോ?"

സീതയുടെ മനസിടിഞ്ഞ ചോദ്യം.
അർജുന്റെ ഉള്ളിലെ വെറുപ്പിന്റെ അലകളെ അവന്റെ പ്രവർത്തികളും വാക്കുകളും അവൾക്ക് മുന്നിൽ വെളിവാക്കി നിർത്തിയിരുന്നു.

"മര്യാദക്ക് വന്നിട്ട് കയറിയിരിക്കെടി. അവളുടെ ഒരു സംശയം "
ഹരി കണ്ണുരുട്ടി.

"ചെല്ല് മോളെ.. സമയം കളയാതെ."
കൈമൾ മാഷ് കൂടി പറഞ്ഞതോടെ സീത പോയി കയറി.

ഹരിക്കൊപ്പം മുന്നിലാണ് അവളും ഇരുന്നത്.

"ലല്ലുമോളെന്ത്യേ ഡി?"
വണ്ടി സ്റ്റാർട് ചെയ്തു കൊണ്ട് ഹരി സീതയോടാണ് ചോദിച്ചത്.

"അവളുറങ്ങി ഹരി "
സീത അവനെ നോക്കി.

"അമ്മാ കുഞ്ഞ് അകത്തുറങ്ങുന്നുണ്ട്. നോക്കിക്കോണേ.. അവൾക്ക് ഇരുട്ട് പേടിയാണ് "
വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ തന്നെ ഹരി വിളിച്ചു പറഞ്ഞു.
സീത ഭാവമാറ്റമേതുമില്ലാതെയിരുന്നപ്പോൾ അത് വരെയും തോന്നാത്ത പേടിയോടെ പാർവതി പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി.

അവളുടെ തോളിലേക്ക് ചാരി അജു അവശതയോടെയിരിക്കുന്നു.

ഹരിയുടെ വാക്കുകൾ ഇപ്പോഴാണ് പേടിപ്പിച്ചു തുടങ്ങിയതെന്ന് അവളോർത്തു.
മുൻപ്.. മുന്നോട്ടുള്ള യാത്രയിൽ അവനും ഊർജം പകരുന്ന അവന്റെ വാക്കുകളും ഒരു കരുത്തായിരുന്നുവെങ്കിൽ.. ഇന്നിപ്പോൾ ആ അവകാശപെടലിനെ അങ്ങേയറ്റം പേടിക്കുന്നു.

കാറിനുള്ളിൽ അതിഭീകരമായൊരു ശൂന്യത ചുറ്റി തിരിയുന്നുണ്ട്.

കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിക്കാൻ പാകത്തിന് ശക്തമായ മൗനം.

തോളിൽ കിടന്ന അർജുൻ ഒന്ന് ഞരങ്ങിയതും പാർവതി മറ്റെല്ലാം മറന്നു കൊണ്ട് അവനിലേക്ക് ചുരുങ്ങി.

മൗനത്തിന്റെ തോടിനുള്ളിൽ ശ്വാസം മുട്ടുന്നവളെ കണ്ടിട്ടും ഹരി ഒന്നും മിണ്ടിയില്ല.
പെട്ടന്നെല്ലാം അംഗീകരിച്ചു തരുമെന്ന് മുൻപും ഒരിക്കലും തോന്നിയിട്ടില്ല.
ഇന്നിപ്പോൾ അവളെയും അവളുടെ അവസ്ഥകളെയും കുറച്ചു കൂടി അറിയാവുന്ന സ്ഥിതിക്ക് ആ തോന്നൽ ഒട്ടുമില്ല.

അവൾക്ക് സമയം വേണ്ടിവരുമെന്ന് നന്നായിയറിയാം.

അവൾ ചിന്തിക്കട്ടെ..സ്നേഹിക്കാൻ മനസ്സോരുങ്ങട്ടെ..

ശ്വാസം മുട്ടി പിടഞ്ഞാലും ഇനിയെങ്കിലും അവളെ മാത്രം സ്നേഹിച്ചവന്റെ മനസ്സൊന്നറിയട്ടെ.

അവളില്ലായ്മ കൊണ്ട് സ്വപ്നങ്ങളൊക്കെയും ഉണങ്ങി വരണ്ടു പോയവന്റെ മനസ്സിൽ.. പ്രണയത്തിന്റെ നനുത്തൊരു ചാറ്റൽമഴയായി അവളൊന്നു ചാറിയാൽ പോലും ... പൂർവ്വാധികം ശക്തിയോടെ.. കരിഞ്ഞുണങ്ങി പോയതെല്ലാം പുതിയ പ്രസരിപ്പോടെ കിളുത്തു വരുമെന്ന് ആരും പറഞ്ഞു കൊടുക്കാതെ തന്നെ മനസ്സിലാക്കട്ടെ.

ഇനിയൊരു ജീവിതമില്ലെന്ന അവളുടെ തപസ്സിൽ.. ഹരിപ്രസാദെന്ന പ്രണയത്തിന്റെ പൂക്കൾ വിരിയട്ടെ..

കാത്തിരിക്കുമല്ലോ..?കാലം നീതിമാനല്ലേ...!ഉയിരോളം സ്നേഹിച്ചു പോയത് അവളെ അറിയിക്കാതിരിക്കില്ല.അതിനൊരു അവസരമൊരുങ്ങാതിരിക്കില്ല 

ഹരിയുടെ ചുണ്ടുകളിലപ്പോഴും ഒരു മന്ദഹാസം തത്തി കളിച്ചു.

അരമണിക്കൂർ കൊണ്ടുതന്നെ ഹോസ്പിറ്റലിൽ എത്തി.

പാർവതി ഡോർ തുറന്നിറങ്ങി.. സീതയും അവളും കൂടി ശ്രമിച്ചിട്ടും അർജുന് പുറത്തേക്കിറങ്ങാൻ ആയിട്ടില്ല.

ചെറുത്തുനിൽപ്പിനുള്ള ശക്തി പോലും ക്ഷയിച്ചു കൊണ്ട് അർജുൻ പാർവതിയുടെ തോളിലേക്ക് ചാഞ്ഞു.

ആരെയോ വിളിച്ചു കൊണ്ടിരുന്ന ഫോൺ ഓഫ് ചെയ്തിട്ട് ഹരി അവരുടെ അരികിലേക്ക് ചെന്നു.

"രണ്ടുപേരുടെയും കലാപരിപാടികൾ അവസാനിച്ചെങ്കിൽ ഒന്നിങ്ങോട്ട് മാറിക്കേയിനി "
ചെറിയൊരു ചിരിയോടെ ഹരി പറഞ്ഞു.

പാർവതിയുടെ കയ്യിൽ നിന്നും യാതൊന്നും സംഭവിക്കാത്ത പോലെ ഹരി അർജുന്റെ തോളിൽ കയ്യിട്ടു പിടിച്ചു.

തൊട്ടടുത്ത നിമിഷം സീതയുടെ അരികിലേക്ക് അവൾക്കെറെ പരിചിതമായൊരു ഗന്ധം നിറഞ്ഞു നിന്നിരുന്നു.
കണ്ണുകൾ കൊണ്ടൊരു ഓട്ട പ്രദക്ഷിണത്തിനൊരുങ്ങും മുന്നേ കണ്ണനും അർജുനെ താങ്ങി.

പകച്ചു നോക്കുന്ന സീതയെ നോക്കി അവനൊന്നു കണ്ണടച്ച് കാണിച്ചു.

ഹരി വിളിച്ചു പറഞ്ഞിരിക്കും..
അവളുടെ കൂർത്ത കണ്ണുകൾ ഹരിയെയും തേടി ചെന്നിരുന്നു.
പക്ഷേ ആ നോട്ടം മുൻകൂട്ടി കണ്ടിരുന്നത് കൊണ്ടായിരിക്കും,  ഹരി അവളെ നോക്കിയതേയില്ല.

കാഷ്വലിറ്റിയിലേക്കാണ് അർജുനെ കൊണ്ട് പോയത്.

അതിനാവശ്വമുള്ളതൊക്കെ ചെയ്തു കൊടുക്കാൻ കണ്ണൻ ഓടി നടക്കുമ്പോൾ അർജുനോട് ചേർന്ന് കൊണ്ട് ഹരിയുണ്ടായിരുന്നു.

പുറത്തെ കസേരയിൽ യാതൊന്നും മിണ്ടാതെ സീതയും പാർവതിയും ഇരുന്നു.

പേരറിയാത്തൊരു തളർച്ചയുടെ ആലസ്യം..

മണിക്കൂറുകൾ കടന്ന് പോകുന്നത് പോലുമറിയാതെ.. അവരാ ശൂന്യതയിൽ സ്വയം മറന്നിരുന്നു.

"ഡ്രിപ് ഇട്ടിട്ടുണ്ട്. അത് കഴിഞ്ഞു വീട്ടിൽ പോവാം. വേറെ കുഴപ്പമൊന്നുമില്ല "
പാർവതിയുടെ അരികിൽ വന്നിരുന്നിട്ടാണ് കണ്ണൻ പറഞ്ഞത്.

ആരെന്നുള്ള ചോദ്യം അവളുടെ കണ്ണുകളിൽ മുഴച്ചു നിൽക്കുന്നത് കണ്ണൻ കണ്ടിരുന്നു.

അവൻ അലിവോടെ അവളെയും പിന്നെ സീതയെയും ഒന്ന് നോക്കി.
ചുവരിലേക്ക് തല ചാരി വെച്ചിട്ട് യാതൊരു അനക്കവുമില്ലാതിരിക്കുന്ന സീതയെ നോക്കുമ്പോൾ അവനുള്ളം വീണ്ടും നീറി.

"ഞാൻ... കിരൺ വർമ. ശ്രീ നിലയത്തിലെ നാരായണി മുത്തശ്ശിയുടെ മകൾ ദേവയാനിയുടെ മകനാണ്. കണ്ണൻ "
കുഞ്ഞൊരു ചിരിയോടെ കണ്ണൻ പറഞ്ഞു.

പാർവതിയുടെ കണ്ണുകൾ ആവിശ്വസനീയതയോടെ അവനെ തഴുകി.
ശേഷം അവൾ സീതയെ തിരിഞ്ഞു നോക്കി.

അവൻ വന്നിരുന്നതൊന്നും അറിയാതിരിക്കുന്ന സീതയുടെ തോളിൽ പാർവതി പതിയെ ഒന്ന് തട്ടി.

ഞെട്ടി കൊണ്ടവൾ പാർവതിയെയും പിന്നെ കണ്ണനെയും നോക്കി.
കണ്ണനിൽ ഉടക്കി പോയവളുടെ മിഴികളിൽ അലയടിക്കുന്ന നോവിന്റെ ആഴിയെ അവനും തിരിച്ചറിഞ്ഞു.

പക്ഷേ പാർവതിയിരിക്കുന്നത് കൊണ്ട് അവനോ... അവൾക്കോ ഒന്നും മിണ്ടാൻ കൂടി വയ്യാതെ ശ്വാസം മുറുകി.

"ഞാൻ സീതയെയും അവളെന്നെയും സ്നേഹിക്കുന്നു പാർവതി. ജീവിതം മുഴുവനും ഒരുമിച്ചു സ്നേഹിക്കാൻ കഴിയാവുന്ന അത്രയും വലിയൊരു സ്നേഹം മനസ്സിൽ സൂക്ഷിച്ചു കൊണ്ട് നടക്കുന്നു. ഒന്നിനും... ആർക്കും വേണ്ടി ഞാൻ സീതാ ലക്ഷ്മിയെ ഉപേക്ഷിച്ചു കളയില്ല "

പാർവതിയുടെ കണ്ണിലെ ചോദ്യങ്ങൾക്കുത്തരമായിട്ടാണ് കണ്ണനങ്ങനെ പറഞ്ഞത്.

ഒന്ന് തലകുലുക്കി എന്നതല്ലാതെ മറ്റൊന്നും പറയാനുള്ള മാനസികവസ്ഥയിലായിരുന്നില്ല പാർവതിയും.

സീതയുടെ നേരെയാണ് കണ്ണന്റെ കണ്ണുകൾ

അവളെയൊന്നു ചേർത്ത് പിടിക്കാനാവാത്ത വിങ്ങലോടെ അവനിരിക്കുമ്പോൾ.. അവനിലേക്ക് ചേർന്നിട്ട് അത് വരെയും അനുഭവിച്ച സങ്കടങ്ങളൊക്കെയും ഒഴുക്കികളയാനുള്ള അടങ്ങാത്ത നീറ്റലോടെ അവളുമിരിപ്പുണ്ട്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story