സ്വന്തം ❣️ ഭാഗം 56

swantham

രചന: ജിഫ്‌ന നിസാർ

"എനിക്ക്... എനിക്കെന്റെ ചേച്ചിയുടെ കാര്യത്തിൽ പേടിയുണ്ട് സാറേ."
അർജുൻ കണ്ണനെ നോക്കി.

"നീ കണ്ണേട്ടാന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. മനസ്സിലായോ?"
അൽപ്പം ഗൗരവത്തിൽ തന്നെ കണ്ണൻ പറഞ്ഞു.
അർജുൻ തലയാട്ടി സമ്മതിച്ചു.

"ഇനി പറ. എന്റെ കയ്യിൽ നിന്റെ ചേച്ചിയുടെ ലൈഫ് ഭദ്രമാവില്ലന്നാണോ അർജുന്റെ പേടി?"
കണ്ണൻ ശാന്തമായി ചോദിച്ചു.

"അല്ല "
അർജുൻ തിടുക്കത്തിൽ പറഞ്ഞു.

"പിന്നെന്താ?"

ഹരി അവരുടെ അരികിലേക്ക് വന്നിട്ട് ചോദിച്ചു.

"ശ്രീ നിലയത്തിലെ കിരൺ വർമയെ മോഹിക്കാൻ എന്റെ ചേച്ചിക്ക് അർഹതയില്ലെന്നാണ് എനിക്ക് കിട്ടിയ ഓരോ അടിക്ക് പിറകിലും അവന്മാർ വിളിച്ചലറിയത്.."
അർജുന്റെ മുഖം കടുത്തു.

കണ്ണനും ഹരിയും പരസ്പരം നോക്കി.

"ഇന്നിപ്പോ എന്നെ ഉപദ്രവിച്ചവർ നാളെ എന്റെ ചേച്ചിയുടെ നേരെ തിരിഞ്ഞാലോ?"
അർജുൻ കണ്ണനെ നോക്കി.

കണ്ണന്റെ കൈകൾ തോളിൽ മുറുകുന്നത് സീതയറിഞ്ഞു.

"ഞാൻ പറഞ്ഞല്ലോ.. സാറേ..."

കണ്ണന്റെ കൂർത്ത നോട്ടത്തിൽ അർജുൻ പറയാൻ വന്നത് വിഴുങ്ങി.

"കണ്ണേട്ടൻ.."
അർജുൻ പെട്ടന്ന് തന്നെ തിരുത്തിയപ്പോൾ കണ്ണൻ ചിരിച്ചു.

"ഞങ്ങൾക്ക് ആരുമില്ലെന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിയാം. ഹരിയെട്ടനല്ലാതെ ആരും ഇക്കാലത്തിനിടെ സ്നേഹത്തോടെ ഒരു വാക്ക് പറയാൻ പോലും മിനക്കെടാറില്ല. എല്ലാവർക്കും ഞങ്ങളോട് പുച്ഛമാണ്. അച്ഛനും അമ്മയും ചെയ്ത തെറ്റിനാണ് ഇക്കാലം വരെയും ഞാനും എന്റെ ചേച്ചിമാരും ഇങ്ങനെ..."

വീണ്ടും അർജുന്റെ മുഖം വലിഞ്ഞു മുറുകി.

കണ്ണൻ അവനെ ഒന്ന് കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു.

"ശ്രീ നിലയത്തിലുള്ളവർക്ക് കണ്ണേട്ടനെ വെച്ചിട്ട് വേറൊന്തോ പ്ലാൻ ഉണ്ടായിരിക്കും. അത് നടക്കാത്ത ദേഷ്യം ഇനിയും ചേച്ചിയോട് തീർക്കില്ലേ?എനിക്ക്.. എനിക്ക് പേടിയുണ്ട് കണ്ണേട്ടാ "

അർജുന്റെ സ്വരം വിറച്ചു.

"നിനക്കെന്നെ വിശ്വാസമുണ്ടോ അർജുൻ?"
കണ്ണന്റെ ചോദ്യം കേട്ടിട്ട് അർജുൻ അവനെ മുഖം ഉയർത്തി നോക്കി.

ഉണ്ടന്നോ ഇല്ലെന്നോ പറയാനാവാത്തൊരു സംശയം അവന്റെ കണ്ണിൽ കണ്ണൻ കണ്ടു പിടിച്ചിരുന്നു.

"ഈ ഹരിയെ നീ എത്രത്തോളം വിശ്വാസിക്കുന്നുണ്ട് എന്നെനിക്കറിയില്ല. അത്രത്തോളം വേണമെന്ന് വാശിയില്ല. പക്ഷേ എന്റെ മനസ്സിലും അങ്ങനൊരു ആഗ്രഹമുണ്ട് "
കണ്ണൻ ചിരിയോടെ പറഞ്ഞു.

"നിനക്കൊരു ഏട്ടന്റെ സ്നേഹം വേണ്ടായിരിക്കും. പക്ഷേ എനിക്കൊരു അനിയനെ വേണം. കാരണം.. എനിക്കും ആരുമില്ല... നിന്റെയീ ചേച്ചിയല്ലാതെ "

ചിരിച്ചു കൊണ്ടാണ് കണ്ണൻ പറയുന്നത്.

ഹരി അവന്റെ നേരെ കൂർപ്പിച്ചു നോക്കി.

"ഞാൻ പിന്നെ നിന്റെ ആരാടാ?"

"നീ... നീ.."

കണ്ണൻ ഒരു നിമിഷം വാക്കുകൾ കിട്ടാതെ വലഞ്ഞു.

"എത്ര കാലം കൊണ്ടൊരാളെ അറിയാം എന്നതല്ല, അറിഞ്ഞിടത്തോളം അയാളെ എത്രത്തോളം മനസ്സിലാക്കി എന്നതാണ് ഒരു ബന്ധത്തിന്റെ ആഴം അളക്കുന്നതിനുള്ള മാനദണ്ഡം എന്നെന്നെ പഠിപ്പിച്ച നിന്നെ ഞാൻ, എന്ത് പേരിട്ടു വിളിക്കണം എന്നെനിക്കറിയില്ല ഹരി. സത്യം"

ഹരിയും ഒന്നും പറയാനില്ലാതെ കണ്ണന്റെ തോളിൽ തട്ടി.

"എനിക്ക് ജീവനുള്ളടത്തോളം കാലം.. സീതാ ലക്ഷ്മിക്കൊരു പോറൽ പോലും ഏൽക്കില്ലെന്ന് ഞാൻ നിനക്ക് വാക്ക് തരാം. നീ വിശ്വസിക്കുമെങ്കിൽ "

വീണ്ടും കണ്ണന്റെ സ്വരം കടുത്തു.
അർജുന്റെ കണ്ണുകൾ ഹരിയിലേക്ക് തെന്നി മാറി.

ചെറിയ ചിരിയോടെ നിൽക്കുന്ന ഹരിയുടെ ചിത്രം അർജുന് അൽപ്പം ആശ്വാസം പകർന്നു.

"പകരം.. നീ കാരണം ഇനി നിന്റെയീ രണ്ടു ചേച്ചിമാരും വേദനിക്കേണ്ടി വരില്ലെന്ന് നീയും ഞങ്ങൾക്ക് വാക്ക് തരണം. അല്ലേ ഹരി?"
കണ്ണൻ ചോദിക്കുമ്പോൾ ഹരി ചിരിയോടെ തലയാട്ടി.

അർജുന്റെ മുഖം വിളറി.

"എന്തേ.. സഖാവിന് എതിർപ്പ് വല്ലതുമുണ്ടോ?"

ഹരി അർജുന്റെ തോളിൽ പിടിച്ചു കൊണ്ട് ചിരിയോടെ ചോദിച്ചു.

"ഞാനും.. ദേ ഇവനുമുണ്ട് നിന്റെ കൂടെ.."

ഹരി അവനിൽ ധൈര്യം പകർന്നു.

അർജുൻ സമ്മതമെന്ന് തലയാട്ടി കാണിക്കുമ്പോഴും അവന്റെ മുഖത്തൊരു ആശങ്ക വിട്ടൊഴിയാതെ കിടപ്പുണ്ടായിരുന്നു.

"എങ്കിൽ കയറിയിരിക്ക്. നേരം ഒത്തിരിയായി. വീട്ടിൽ പോവാം "
കണ്ണൻ തന്നെയാണ് അർജുന് മുന്നിലെ ഡോർ തുറന്നു കൊടുത്തത്.

"പോട്ടെടാ കണ്ണാ "

ഹരിയും യാത്ര പറഞ്ഞിട്ട് കാറിന്റെ മുന്നിലേക്ക് കയറിയിരുന്നു.
പാർവതി കണ്ണനെ നോക്കി നേർത്തൊരു മന്ദഹാസത്തോടെ തല കുലുക്കി.
അവനും ചിരിയോടെ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.

പിറകിലെ ഡോർ തുറന്നു പാർവതി കയറിയതിന് ശേഷമാണ് കണ്ണൻ സീതയെ നോക്കിയത്.

ആ മുഖം നിറഞ്ഞു നിൽക്കുന്നതത്രയും തന്നോടുള്ള സ്നേഹമാണെന്നുള്ള ഓർമയിൽ കണ്ണന് ഉള്ള് നിറഞ്ഞു.
"നിനക്കെന്നെ കെട്ടിപിടിച്ചു യാത്ര പറയാൻ തോന്നുന്നുണ്ടോ ലച്ചു?"

വളരെ പതിയെ അവളുടെ കാതോരം അത് ചോദിക്കുമ്പോൾ ഉള്ളിലെ വികാരം അവനെങ്ങനെയറിഞ്ഞു എന്നൊരു പരിഭ്രമം സീതയുടെ മുഖത്ത് പ്രതിഫലിച്ചു.

കണ്ണൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് ഒന്ന് ചുറ്റും നോക്കി.

"നാളെ നേരത്തെ വാ.. ഞാൻ കാത്തിരിക്കും"
അവൻ കണ്ണിറുക്കി പറഞ്ഞു കൊണ്ട് അവൾക്ക് വേണ്ടി ഡോർ തുറന്നു കൊടുത്തു.

"അവിടെ പോയി വഴക്കുണ്ടാക്കാൻ നിക്കരുത് "
കയറും മുന്നേ സീത ഓർമിപ്പിച്ചു.
ഇല്ലെന്ന് അവൻ കണ്ണടച്ച് കാണിച്ചത് അവൾക്കത്ര വിശ്വാസമായിട്ടില്ലെന്നു ആ കൂർത്ത കണ്ണുകൾ അവന് മുന്നിൽ വെളിവാക്കി കൊടുത്തു.

"പോയിട്ട് നിന്നെയും സ്വപ്നം കണ്ടിട്ട് സുഖമായി കിടന്നുറങ്ങിക്കോളാം "
അവൻ ചിരിച്ചു കൊണ്ടവളുടെ കവിളിൽ തട്ടി.

സീത ചമ്മലോടെ കാറിന് നേരെ നോക്കി.

അവരെല്ലാം കേട്ടിട്ടുണ്ടാവുമോ എന്നൊരു വേവലാതി അവൾക്കുണ്ടായിരുന്നു.

കണ്ണൻ പക്ഷേ കൂളായി നിൽപ്പുണ്ട്.

അവനെ നോക്കി കൊണ്ട് തന്നെയാണ് കാറിലേക്ക് കയറിയത്.

ഡോർ അടച്ചു കൊണ്ട് കണ്ണൻ കുനിഞ്ഞിട്ട് ഹരി നോക്കി.
"ഒക്കെടാ.. ബൈ "
ഹരി ചിരിയോടെ കൈ ഉയർത്തി കാണിച്ചു.

കണ്ണനും ബൈ പറഞ്ഞിട്ട് മാറി നിന്ന് കൊടുത്തു.

വന്നപ്പോഴുള്ള ഹൃദയവേദനകളെ മുഴുവനും അവിടെ ഉപേക്ഷിച്ചു കൊണ്ട് സീത മടങ്ങുന്നതും നോക്കി കണ്ണൻ നിർവൃതിയോടെ നിന്നു പോയി.

അർജുന്റെ വാക്കുകൾ വീണ്ടും അവന്റെ കാതിലേക്ക് ഒഴുകിയെത്തി.

അതുവരെയുമുണ്ടായിരുന്ന ശാന്തത മാറി.. പകരമവിടെ ഏതൊക്കെയോ കണക്ക് കൂട്ടലുകൾ നടന്നു കൊണ്ടിരിക്കുന്നു..

                          ❣️❣️❣️❣️❣️

നെഞ്ചിൽ നീറുന്ന പ്രശ്നങ്ങളൊക്കെയും ഓടിയൊളിച്ചൊരു ആശ്വാസത്തോടെ സീത സീറ്റിലേക്ക് ചാരി.
തൊട്ടപ്പുറം ഓരോ നിമിഷവും ഹൃദയവേദന പേറി പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കിയിരിക്കുന്ന പാർവതിയെ കണ്ടിട്ടും സീത അവളോടൊന്നും പറയാനോ ചോദിക്കാനോ പോയില്ല.

ചോദിക്കാതെ തന്നെ അവൾക്കറിയാം ആ മനസ്സിലെ സംഘർഷങ്ങളുടെ ഭാരം.

അതവളെ എത്രത്തോളം ശ്വാസം മുട്ടിക്കുന്നുണ്ട് എന്നതും.

കാരണം ഹരി അവൾക്ക് മുന്നിൽ കുടഞ്ഞിട്ടത് കേവലം കുറച്ചു വാക്കുകൾ മാത്രമല്ലായിരുന്നുവല്ലോ?

അവന്റെ സ്നേഹത്തിനു മുന്നിൽ അവൾ പകച്ചുപോയി.

നിലയില്ലാത്ത കയത്തിൽ വീണത് പോലെ.. വെള്ളം കുടിച്ചും ശ്വാസം മുട്ടിയും കൈ കാലിട്ടടിച്ചും ഒടുവിൽ അവൾ അവന്റെ സ്നേഹത്തിൽ തന്നെ നീന്തിതുടിക്കണം.നിവർന്നു നിൽക്കാൻ പഠിക്കണം. ജീവിതത്തിന്റെ നിറങ്ങളൊന്നും നഷ്ടം വന്നിട്ടില്ലെന്ന് അവളറിയണം 

അതിനായുള്ള കാത്തിരിപ്പിലാണ്.ഹരിയെ പോലെ തന്നെ.

കാരണം ഹരിയോളം അവളെ സ്നേഹിക്കാൻ ഈ ഭൂമിയിലിനിയാരാണ്?

സീത പാർവതിയുടെ തോളിലേക്ക് ചാഞ്ഞു.

ചിന്തകൾക്കിടയിലും പാർവതിയുടെ കൈകൾ അവളെ ചേർത്ത് പിടിച്ചു.. എപ്പോഴത്തെയും പോലെ തന്നെ..
                        ❣️❣️❣️❣️

രണ്ടു മണിയായിരുന്നു വീട്ടിലേക്ക് എത്തുമ്പോൾ. എന്നിട്ടും ഉമ്മറത്തു കസേരയിൽ തന്നെ കൈമൾ മാഷ് കാത്തിരിക്കുന്നുണ്ട്.

സീതയും പാർവതിയും സങ്കടത്തോടെ പരസ്പരം നോക്കി.

അകത്തു കയറി കിടക്കാൻ സ്ഥലമില്ലാഞ്ഞിട്ടാവും ആ ഇരിപ്പെന്നു രണ്ടുപേർക്കും മനസ്സിലായി.

"ആ.. എന്താ മക്കളെ അവിടെ തന്നെ നിന്ന് കളഞ്ഞത്?"

മാഷ് ചിരിച്ചു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു.

"ഈ ഉമ്മറത്തിങ്ങനെ കാറ്റും കൊണ്ടിരിക്കാൻ എന്ത് സുഖമാണ് "

അവരുടെയുള്ളിലെ അരക്ഷിതാവസ്ഥക്ക് മുകളിൽ മാഷിന്റെ വാക്കുകൾ തഴുകി തലോടി.

"ഡോക്ടർ എന്ത് പറഞ്ഞെടാ മോനെ?"
അർജുൻറെ കൈ പിടിച്ചു കയറ്റി കൊണ്ട് മാഷ് ചോദിച്ചു.

"കുഴപ്പമില്ല മാഷേ.. ഇപ്പൊ വേദനക്ക് നല്ല ആശ്വാസമുണ്ട് "
ഹരിയെ ഒന്ന് നോക്കിയിട്ടാണ് അർജുൻ മറുപടി പറഞ്ഞത്.

"അമ്മ ഉറങ്ങിയോ അച്ഛാ?"
തിണ്ണയിൽ ഇരുന്നു കൊണ്ട് ഹരി ചോദിച്ചു.

"ഉണ്ടാവില്ല. ഇവിടെ എന്റെ കൂടെ ഇരിപ്പുണ്ടായിരുന്നു. ഇടക്ക് മോളുണർന്ന് ചിണുങ്ങിയപ്പോൾ എഴുന്നേറ്റു പോയതാ "
അത് കേട്ടതും പാർവതി ധൃതിയിൽ അകത്തേക്ക് ചെന്നു.

"ഞാൻ.. ഞാനിത്തിരി കട്ടനിടാം."
സീത ഹരിയോടായി പറഞ്ഞു.

"ആഹാ.. അതൊരു ഐഡിയയാണ്. മോള് വേഗം ചെല്ല് "
അവനും പ്രോത്സാഹനം കൊടുത്തു.

സീത ചിരിയോടെ തലയാട്ടി കൊണ്ട് അകത്തേക്ക് പോയി.

"ഇനി ഇവിടെ ഒടിഞ്ഞു മടങ്ങിയിരിക്കാതെ അകത്തു പോയി കിടക്കെട. സമയം ഒത്തിരിയായി "
തിണ്ണയിലേക്ക് ഇരിക്കാൻ തുടങ്ങുന്ന അർജുനെ നോക്കി ഹരി പറഞ്ഞു.

അവനും അത് ആഗ്രഹിക്കുന്നുണ്ടായിരുന്നു. പക്ഷേ മാഷും ഹരിയും അവിടങ്ങനെയിരിക്കുമ്പോൾ അകത്തേക്ക് കയറി പോവാനൊരു മടി..

"ചെല്ല് മോനെ. നല്ല ക്ഷീണം കാണും "
മാഷും കൂടി പറഞ്ഞതൊടെ അർജുൻ അതനുസരിച്ചു.

ഹാളിൽ അവന് കിടക്കാനുള്ള പായ കൂടി വിരിച്ചു വെച്ചിട്ടാണ് സീത അടുക്കളയിലേക്ക് പോയത്.

പാർവതി ചെല്ലുമ്പോൾ ലല്ലുവിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് വരദ കിടപ്പുണ്ട്.
ആ കാഴ്ച അവളെ ശ്വാസം മുട്ടിച്ചു.
കാരണമറിയാതൊരു ഭീതി മനസ്സിൽ ചിറകടിച്ചു.

ഹരിയുടെ ഇഷ്ടം അറിയേണ്ടായിരുന്നു എന്ന് ഇന്നേരം വരെയും തോന്നിയതിനു കണക്കില്ല.

കാരണം അതറിഞ്ഞത് മുതൽ നഷ്ടപെട്ടു പോയതാണ് മനസ്സിന്റെ നിയന്ത്രണം.

എത്രയൊക്കെ വേണ്ടന്ന് ശഠിച്ചാലും, അവൻ ജീവന് തുല്യം സ്നേഹിച്ചിരുന്നു എന്ന അറിവിന്‌ മുമ്പിൽ ഹൃദയം പിന്നി കീറുന്നു.

അറിഞ്ഞില്ലല്ലോ... എന്നോടൊന്നും പറഞ്ഞില്ലാലോ എന്നുള്ള പരിഭവത്താൽ കൊഞ്ചുന്ന ഹൃദയത്തെ ശാസന കൊണ്ട് അടക്കം വെക്കാൻ കഴിയാത്ത നിസ്സഹായത.

കൊതിച്ച സ്നേഹം കിട്ടാത്ത ഇച്ഛാഭംഗം നിറഞ്ഞ മനസ്സിനെ അവൾ പലപ്പോഴും കണ്ടില്ലെന്ന് നടിച്ചു.

ഇനി ഒരിക്കലും... ഒരിക്കലും തനിക്കവനെ തന്നിലേക്ക് ചേർത്ത് വെക്കാനാവില്ലെന്നുള്ള നഷ്ടബോധം ഉള്ളിൽ വിങ്ങി.

ഹരിയുടെ സൗഹൃദത്തിന് കളങ്കമേറ്റന്ന് ഇപ്പോഴും തോന്നുന്നില്ല.

അവൻ അവന്റെ ആത്മാർത്ഥ സുഹൃത്തിനെ പ്രണയിച്ചിട്ടില്ല.

പ്രാണനായവളെ സുഹൃത്തായി പരിഗണിക്കുക കൂടിയാണ് ചെയ്തത്.
അതിലെവിടെയാണ് തെറ്റ്.
മനസ്സപ്പോഴും ഹരിക്ക് വേണ്ടിയാണ് വാദിക്കുന്നത്.

പക്ഷേ ഇനി അവന്റെ സ്നേഹം സ്വീകരിച്ചാൽ അതായിരിക്കാം അവനോട് ചെയ്യുന്ന ഏറ്റവും വലിയൊരു അനീതി.

എട്ടു മാസത്തെ ദാമ്പത്യമായിരുന്നുവെങ്കിലും ഒരുത്തന്റെ ഭാര്യയായവൾ.. അയാളുടെ കുഞ്ഞിന്റെ അമ്മയാണ്.

ഗിരീഷേട്ടൻ തന്നെ സ്നേഹിച്ചിരുന്നോ?
ഒത്തിരി ഒത്തിരി ആലോചിച്ചു നോക്കിയിട്ടുണ്ട് അങ്ങനൊരു ചോദ്യം.ആ കൂടെ ആയിരുന്നപ്പോഴും മറ്റൊരുത്തിയിൽ ആകൃഷ്ടയായി തന്നെ കറിവേപ്പില പോലെ ഉപേക്ഷിച്ചു കളഞ്ഞതിനു ശേഷവും.

ഉത്തരം പക്ഷേ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.

അയാൾ സ്നേഹിച്ചിരുന്നു.
പാർവതിയുടെ ശരീരത്തെ.

അതിനുമപ്പുറം ഒരു ചുംബനം നൽക്കാനോ ചേർത്തൊന്ന് പിടിക്കാനോ ശ്രമിക്കാത്തവനോട് അതിനൊന്നും വേണ്ടി ഒരിക്കലും യാചിക്കാൻ ശ്രമിച്ചിട്ടില്ല.
കാരണം... കിട്ടുന്നതിൽ കൂടുതൽ മോഹിക്കാൻ അർഹതയില്ലെന്ന് അവഗണനയുടെ കൈപ്പുനീർ ഒരുപാട് അനുഭവിച്ചിട്ടുള്ളത് കൊണ്ട് ഹൃദയം പലപ്പോഴും ഓർമപെടുത്തി തന്നിരുന്നു.

ജീവിച്ചിരുന്നോ? സന്തോഷിച്ചിരുന്നോ?

ആ ചോദ്യം എപ്പോഴത്തെയും പോലെ അവളിൽ ഒരു പുച്ഛമാണ് നിറച്ചത്.

ഒന്നറിയാം.. നന്നായി അഭിനയിച്ചിരുന്നു.

അവളിലേക്കാണ്.... അങ്ങനെ ഒരുത്തിയിലേക്കാണ്..ഹരി അവന്റെ സ്നേഹം ചേർത്ത് വെക്കാൻ ശ്രമിക്കുന്നത്.

മനസ്സെല്ലാം മരവിച്ചു പോയതിലേക്കാണ് അവനവന്റെ പ്രണയം തുന്നി ചേർക്കാൻ തിടുക്കപെടുന്നത്.

അവന്റെ നല്ലൊരു ജീവിതം ഹോമിച്ചു കളയാൻ പാടില്ലെന്ന് അവനത് പറഞ്ഞ നിമിഷം തന്നെ ഉള്ള് കൊണ്ട് ഉറപ്പിച്ചതാണ്.
അതിന്റെ പേരിൽ ഇനിയുമൊരു പഴി കേൾക്കാൻ വയ്യ.

അവന്റെ ഇഷ്ടം ഒരിക്കലും ആരും അംഗീകരിച്ചു കൊടുക്കില്ലെന്ന് നൂറുവട്ടം ഉറപ്പാണ്.പിന്നെയെന്തിന് അറിഞ്ഞു കൊണ്ട് വെറുതെ വേദനിക്കാൻ മനസ്സിനെ എറിഞ്ഞു കൊടുക്കണം.

എല്ലാം ഹരിയുടെ വീട്ടിൽ അറിയുമ്പോൾ ഇത്തിരിയെങ്കിലും സ്നേഹം കാണിക്കുന്ന അവരും കൂടി ശത്രുക്കൾ ആയേക്കും.മറ്റൊന്നും സംഭവിക്കാൻ പോണില്ല.

അവൾക്ക് വീണ്ടും ശ്വാസം മുട്ടി.

തളർച്ചയോടെ ചുവരിൽ ചാരി.

"ആഹാ.. മോളെപ്പോ വന്നു?"
വരദ മുന്നിൽ വന്നു നിന്നിട്ട് ചോദിക്കുമ്പോഴാണ് പാർവതി വീണ്ടും സ്വബോധത്തിലേക്ക് തിരികെ വന്നത്.

"എന്താ പാറു. എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ?ഡോക്ടർ എന്ത് പറഞ്ഞു? "
വരദ തുടരെ തുടരെ ചോദ്യങ്ങൾ കൊണ്ടവളെ മൂടിയിട്ടും ഒരക്ഷരം മിണ്ടാതെ പാർവതിയവരെ തുറിച്ചു നോക്കി.

"വയ്യേ മോളെ നിനക്ക്?"

അലിവോടെ അവർ പാറുവിന്റെ കവിളിൽ തൊട്ടു.

ആ സ്പർശം കൂടി ഏറ്റതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു.

"എന്തിനാ മോളെ നീയിപ്പോ കരയുന്നേ?"
വരദ വേവലാതിയോടെ ചോദിച്ചു.

"അജൂ... അവന് കുഴപ്പമൊന്നുമില്ലെന്ന് ഹരി വിളിച്ചു പറഞ്ഞിരുന്നു.. പിന്നെന്തായിപ്പോ നിന്റെ സങ്കടം?"
വരദ അവളെ ചേർത്ത് പിടിച്ചു.

"ഞാൻ.. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. അറിഞ്ഞു കൊണ്ട് ചെയ്യുകയുമില്ല. എന്നെ വെറുക്കരുത്"

അവർക്ക് മുന്നിൽ കൈ കൂപ്പി നിറഞ്ഞ കണ്ണോടെ നിൽക്കുമ്പോൾ അതെന്തിനെന്ന് വരദ അവളോട് ചോദിച്ചില്ല.

പാർവതിക്കും അറിയില്ലായിരുന്നു.. അപ്പൊഴെന്തിനാണ് അങ്ങനെ ചെയ്തതെന്ന്.

                      ❣️❣️❣️❣️❣️

സീത എല്ലാവർക്കും ചായയിട്ട് കൊടുത്തു.

അത് കൂടി കഴിഞ്ഞിട്ടാണ് അവർ പോവാനിറങ്ങിയത്.
"അമ്മയിനി പോയിട്ട് പിന്നെ വരാം കേട്ടോ. വിഷമിക്കരുത്. എല്ലാം ശെരിയാവും "

പാർവതിയുടെ കയ്യിൽ പിടിച്ചു കൊണ്ട് വരദ യാത്ര പറഞ്ഞു.
കൈമൾ മാഷും ഹരിയും പരസ്പരം നോക്കിയൊന്നു ചിരിച്ചു.

"പോട്ടെടി മോളെ "
സീതയെ കൂടെ ചേർത്ത് പിടിച്ചിട്ടാണ് അവർ മുറ്റത്തേക്കിറങ്ങിയത്.

"ഇനി വാ പൊളിച്ചു നിൽക്കാതെ പോയി കിടക്കെടി. നാളെ നേരത്തെ വരാം എന്നൊരുത്തന് വാക്കും കൊടുത്തു വന്നതല്ലേ? ഇപ്പൊ തന്നെ മണി മൂന്നായി "സീതയുടെ തലക്കൊരു മേട്ടം കൊടുത്തു കൊണ്ട് ഹരി പതിയെ അവൾക്ക് കേൾക്കാൻ വേണ്ടി മാത്രം പറഞ്ഞു.

അവൾ ചമ്മലോടെ ചിരിച്ചു കൊണ്ട് അകത്തേക്ക് വലിഞ്ഞു.

കൈമൾ മാഷ് മൊബൈൽ ടോർച് തെളിയിച്ചു കൊണ്ട് മുന്നിൽ ഇറങ്ങി പോയിരുന്നു.
ആ കൂടെ വരദയും.

ഹരി അടുത്തേക്ക് വരുന്നതറിഞ്ഞു കൊണ്ട് പാർവതി ഒന്ന് കൂടെ ചുവരിലേക്ക് പറ്റി കൂടി.
വേദനയോടെ അത് നോക്കി ഹരി അവിടെ തന്നെ നിന്നു.

"നിനക്കെന്നോട് ദേഷ്യമാണോ പാറു?"
അങ്ങേയറ്റം വേദന നിറഞ്ഞ ആ ചോദ്യം.

അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.ഇല്ലെന്ന് തലയാട്ടി.
വെറുക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല എന്നവളുടെ ഹൃദയം അലമുറയിട്ടു.

"എനിക്കത്ര ഇഷ്ടമുണ്ടായിട്ടാ.. ഇനിയും ഇനിയും നിന്നോടത് പറഞ്ഞില്ലെങ്കിൽ ഞാൻ... എനിക്കറിയില്ല പാറു നിന്നോടെന്തു പറയണമെന്ന് "

രണ്ടു കൈകൾ കൊണ്ടും ഹരി മുടിയിൽ കൊരുത്തു വലിച്ചു.

"എന്നെ നോക്കാതിരിക്കല്ലേ.. എന്നോട് മിണ്ടാതിരിക്കല്ലേ.. ഞാൻ.. ഞാനെന്നെ തന്നെ വെറുത്തു പോകും പാറു "
ഹരിയുടെ വേദന ആ വാക്കുകൾ വ്യക്തമാക്കി കൊടുത്തിരുന്നു.

"എനിക്കറിയാം.. നന്നായിട്ടറിയാം പാറു നിനക്ക് സമയം വേണമെന്ന്. കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ഇനി ഒരിക്കലും.. ഒരിക്കലും ആ ഇഷ്ടം പറഞ്ഞിട്ട് നിന്റെ മുന്നിൽ ഞാൻ വരില്ല. നിന്റെ മനസ്സോരുങ്ങും വരെയും. അത് പോരെ..?വിശ്വാസമില്ലേ നിനക്കെന്നെ?"

ഹരി പറയുന്നതിനിടെ പാർവതിയുടെ കയ്യിൽ പിടിച്ചു.

ആ ശരീരത്തിന്റെ വിറയൽ അവനറിയാൻ കഴിഞ്ഞിരുന്നു.

ശബ്ദമില്ലെങ്കിലും അവൾ ഉള്ളുലഞ്ഞു കരയുകയാണ് എന്നവന് തോന്നി.

ചേർത്തൊന്ന് നിർത്താൻ ഒരുപാട് ആഗ്രഹിക്കുന്നുവെങ്കിലും.. ഈ നിമിഷം അതവളോട് ചെയ്യുന്ന ഏറ്റവും വലിയൊരു ദ്രോഹമാവും എന്നവന് ഉറപ്പുള്ളത് കൊണ്ട് ഹരി അതിന് മുതിർന്നില്ല.

"കരയേണ്ട.. ഞാൻ ഉണ്ടാവും. ഇത് വരെയും എങ്ങനെയായിരുന്നു നിനക്ക് ഞാൻ, അത് പോലെ തന്നെ ഇനിയും നിന്റെ കൂടെയുണ്ടാവും. എനിക്ക് മനസ്സിലാവും നിന്റെ മനസ്.. ഈ വേദന എല്ലാം. "

ഉള്ളിൽ അവനെ പറഞ്ഞു തിരുത്താൻ അവൾ കരുതി വെച്ച വാക്കുകളൊക്കെയും എവിടെയോ പോയി ഒളിച്ചിരിക്കുന്നു..

"അത് പോലെ... ഒരിക്കൽ നിനക്കെന്നെയും മനസ്സിലാവും "
കുഞ്ഞൊരു ചിരിയോടെ.. കണ്ണിൽ പ്രതീക്ഷയുടെ ജ്വലിക്കുന്ന പൂക്കളുമായി ഹരിയത് പറയുമ്പോൾ പാർവതി വീണ്ടും തളർന്നു പോയിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story