സ്വന്തം ❣️ ഭാഗം 57

swantham

രചന: ജിഫ്‌ന നിസാർ


നിരന്നു നിൽക്കുന്നവരിലേക്ക് കണ്ണന്റെ കൂർത്ത മിഴികൾ ആഴ്ന്നിറങ്ങി.

ആരും അവനെ നോക്കുന്നില്ല.

"എനിക്കറിയാം. നന്നായി അറിയാം. എന്തിന് വേണ്ടിയാണെന്നുമറിയാം.നിങ്ങളിൽ ആരോ ഒരാൾ.. അർജുനെ ഇതിലേക്ക് വലിച്ചിട്ടത് സീതയെ ഭയപെടുത്താനാണെന്ന് മനസ്സിലാവാതിരിക്കാൻ ഞാൻ പൊട്ടാനൊന്നുമല്ലല്ലോ?"

കണ്ണന്റെ ചുണ്ടുകൾ പരിഹാസത്താൽ കോടി.

"നീ ഒന്ന് തെളിയിച്ചു പറ കിരണേ.ഇതിങ്ങനെ വളഞ്ഞു മൂക്ക് പിടിച്ച ഇപ്പഴെങ്ങാനും തീരുമാനമാകുവോ?"

രാജിയുടെ മുഷിഞ്ഞ സ്വരം.
കണ്ണൻ അവരെ നോക്കി.

"ഇത് പോലെ നിങ്ങളൊക്കെ കുറേ വളഞ്ഞു മൂക്ക് പിടിക്കാൻ നോക്കിയതല്ലേ രാജിയാന്റി. അത് നടക്കാത്തതിന്റെ ചൊരുക്കാണിപ്പോ അർജുന്റെ മെക്കിട്ട് കേറി തീർത്തതെന്ന് ഇവിടെ കൂടി നിൽക്കുന്ന ഓരോ മാന്യന്മാർക്കുമറിയാം "

കണ്ണൻ പരിഹാസത്തോടെ ചുറ്റും നോക്കി.

"എന്താടാ പ്രശ്നം? "

അങ്ങോട്ട്‌ വന്നിട്ട് റിമി കണ്ണന്റെ തോളിൽ തട്ടി കൊണ്ട് ചോതിച്ചു.

"ഒന്നുല്ലെടോ "
അവൻ പക്ഷേ അവളോട് തുറന്നു പറയാതെ ഒഴിഞ്ഞു മാറി.

"ഓ.. റിയലി സോറി. നിങ്ങളുടെ ഫാമിലി പ്രോബ്ലം ആണല്ലോ അല്ലേ? ഞാൻ നീയിവിടെ ഒറ്റക്ക് നിന്ന് പൊരുതുന്നത് കണ്ടപ്പോ അറിയാതെ വന്നതാ. അങ്ങനെ ആരുമില്ലാത്ത ആളല്ലല്ലോ കിരൺ. ഞങ്ങളൊക്കെ ഇല്ലെടാ "
റിമി നല്ല രീതിയിൽ തന്നെ സെന്റിമെന്റലിൽ മുറുക്കി കണ്ണനെ ശ്വാസം മുട്ടുക്കുന്നത് കാർത്തിക്കും മനോജും ജിബിനും നോക്കി നിന്നു.

ഇവൾക്കെങ്ങനെ സാധിക്കുന്നു..
അവനെതിരെ കളിക്കാൻ ഏറ്റവും മുന്നിൽ നിന്നിട്ട്.. അതിനുള്ള ഫണ്ട്‌ മുഴുവനും സ്പോൺസർ ചെയ്തിട്ട് യാതൊരു പേടിയോ കുറ്റബോധമോയില്ലാതെ വീണ്ടും അവന്റെ തോളിൽ ചാരി സ്വന്തബന്ധത്തിന്റെ കെട്ടുറപ്പിനെ കുറിച്ച് വാചാലയാവാൻ..

അവർക്ക് അത്ഭുതമല്ല.. റിമിയുടെ കഴിവിൽ അഭിമാനമാണ് തോന്നിയത്.

അവളൊരിക്കലും നിരാശപെടുത്തില്ലെന്നത് ഒന്ന് കൂടി ഉറപ്പിച്ചു അവരുടെ മനസ്സിൽ.
അത് കൊണ്ട് തന്നെ അവർക്കും യാതൊരു ഭാവമാറ്റവുമില്ല..

"ഏയ്‌.. അങ്ങനൊന്നും അല്ല റിമി. അല്ലെങ്കിലും ഇവരെ പ്രൊട്ടക്ട് ചെയ്തിട്ട് എനിക്കെന്ത് നേടാനാണ്. പക്ഷേ ഇപ്പൊ എനിക്ക് തോന്നുന്നു,നീ അറിയണം.. ഈ കൂടി നിൽക്കുന്നവരുടെ തനി നിറം. നിന്റെ മനസ്സില്ലല്ലേ ഇവര് പുണ്യളൻമാർ "

കണ്ണൻ വീണ്ടും പരിഹസിച്ചു.
റിമിയുടെ മിഴികൾ ചുറ്റും കൂടിയവരെ ഒന്ന് തഴുകി പോയി.
അവൾ ആശ്വാസം പകരും പോലെയാണ് അവർക്കെല്ലാം തോന്നിയത്.

കാരണം തോൽവി ഉറപ്പാക്കി തോറ്റു പിന്മാറാനുറച്ച കളിയിൽ അവളാണ് വീണ്ടും വീര്യം പകർന്നു തന്നത്.
മുന്നിൽ നിന്നിട്ട് വഴി കാണിക്കാം എന്ന് വാക്ക് തന്നത്.

അവൾക്ക് പകരം വേണ്ടത് ഒന്ന് മാത്രം..
അവളാണ് എല്ലാത്തിനും പുറകിലെന്ന് കണ്ണൻ ഒരിക്കലും അറിയരുത്.അതിലൊരു കുഴപ്പവുമില്ല.

"എന്താ കണ്ണൻ... നീ കാര്യം പറ "

റിമി ഒന്നും അറിയാത്ത ഭാവത്തിൽ അക്ഷമയോടെ ചോദിച്ചു.

കണ്ണൻ അവൾക്ക് കാര്യം ചുരുക്കി പറഞ്ഞു കൊടുത്തു.

അവന്റെ വാക്കുകൾക്കൊപ്പം റിമിയുടെ കണ്ണുകൾ പലപ്പോഴും കാർത്തിക്കിന്റെ നേരെ നീണ്ടു.

"ഛേ... നിങ്ങളിത്രേം മനസാക്ഷിയില്ലാത്തവരാണോ?"
എല്ലാം കേട്ട് കഴിഞ്ഞു റിമി അവരുടെ നേരെ ദേഷ്യത്തോടെ ചോദിച്ചു.

"നീ തന്നെ ചോദിക്ക്. കാരണം ഇവർക്കൊക്കെ രൂപകൂട് സ്പോൺസർ ചെയ്തിരുന്നത് നീയാണ്. അപ്പൊ നീ തന്നെയാണ് ഈ ചോദ്യം ചോദിക്കാൻ ഏറ്റവും അർഹിക്കുന്നയാൾ "

കണ്ണൻ അവളെയും പരിഹസിച്ചു.

"അവനൊരു നല്ല കാര്യം ചെയ്യുമ്പോൾ അതിനെ പ്രോത്സാഹനം കൊടുത്തു കൂടെ നിൽക്കുകയല്ലേ നിങ്ങളുടെ കടമ? ആരോരുമില്ലാത്ത ഒരു പട്ടിണി പാവം പെൺകുട്ടിക്ക് അവനൊരു ജീവിതം കൊടുക്കണം എന്ന് തോന്നിയത് എത്ര നല്ല കാര്യമാണ് "
റിമിയുടെ മുഖത്തെ ഗൂഡമായ ചിരി കണ്ടിട്ട് മറ്റുള്ളവരുടെ ചുണ്ടിലും ഒരു പരിഹാസമുണ്ട്.
സാവിത്രിയും ഭാമയും രാജിയും അവളെ ആരാധനയോടെയാണോ നോക്കുന്നത് എന്ന് പോലും തോന്നി കാർത്തിക്കിനും മനോജിന്നും ജിബിനും.

"സീതാ ലക്ഷ്മി ആരുമില്ലാത്തവളോ ആരുടെയെങ്കിലും ഔദാര്യം കൊതിച്ചു ജീവിക്കുന്നവളോ അല്ല റിമി. ഞാനവൾക്ക് ജീവിതം കൊടുക്കുന്നത് അങ്ങനെനൊരു പബ്ലിസിറ്റിക്ക് വേണ്ടിയോ.. സിംപതിയുടെ പുറത്തോ അല്ല. "

കണ്ണന്റെ കടുപ്പമറിയ വാക്കുകൾ.

വലിഞ്ഞു മുറുകിയ മുഖം.

ആ കൂടി നിൽക്കുന്നവോടുള്ള അതേ ദേഷ്യം അവനിപ്പോൾ തന്നോടുമുണ്ടെന്ന് റിമിക്ക് തോന്നി പോയി.
കാര്യം ഒരു അവസരം കിട്ടിയപ്പോൾ സീതാക്കിട്ടൊരു കൊട്ട് കൊടുത്തു. പക്ഷേ അതിപ്പോ അബദ്ധമായെന്ന് അവൾക്ക് മനസ്സിലായി.

ഇനിയിപ്പോ ഇവനെ എന്ത് പറഞ്ഞിട്ട് മെരുക്കും.

അവളെ പറഞ്ഞത് പിടിച്ചിട്ടില്ല. അതിന്റെ ചാടി തുള്ളലാണ്.

റിമി പല്ല് കടിച്ചു.

"ഞാൻ.. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചിട്ടല്ല.."

റിമി ഒരു ന്യായീകരണത്തിന് ശ്രമിച്ചത് കണ്ണൻ കൈ ഉയർത്തി തടഞ്ഞു.

"നീ എന്ത് ഉദ്ദേശിച്ചതാണേലും എനിക്കൊന്നുമില്ല റിമി.അവളെനിക്കും ഞാൻ അവൾക്കും അത്രമേൽ പ്രിയപ്പെട്ടവരാണെന്ന് വീണ്ടും വീണ്ടും പറയാനെനിക്ക് യാതൊരു മടിയുമില്ല. ഞാനും അവളും ജീവനോടെയുണ്ടെങ്കിൽ ഈ ലോകത്തിലെ ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാനുമാവില്ല. അതൊരിക്കലും മറക്കരുത് നിങ്ങൾ "

കണ്ണൻ ചൂണ്ടിയ വിരൽ തുമ്പ് പോലും വിറച്ചു പോയിരുന്നു അത് പറയുമ്പോൾ.
റിമി തന്റെ മുഖത്തേക്ക് ഇരച്ചു കയറുന്ന ദേഷ്യം അവൻ കാണാതിരിക്കാൻ വേഗം തിരിഞ്ഞു നിന്നിരുന്നു.
അവൻ സീതയെ കുറിച്ച് പറയുമ്പോഴൊക്കെയും മനസ്സിലേക്ക് ഒരു കരിന്തേൾ വിഷം ചീറ്റും.

അതവളുടെ മുഖത്തേക്ക് ഇരച്ചു കയറും.

"ആര് ചെയ്തതായാലും കരുതിയിരുന്നോ.അവളെന്റെ പെണ്ണാണ്. അവൾക്ക് വേദനിക്കുമ്പോൾ അതെനിക്കും വേദനിക്കും. പകരം കിട്ടിയിരിക്കും. കണ്ടു പിടിക്കും ഞാൻ. നിങ്ങളിൽ ആരുടെ കൈകളാണ് അർജുന് നേരെ നീണ്ടതെന്ന് "

കണ്ണൻ ദേഷ്യത്തോടെ ചുറ്റും നോക്കി.

ചുറ്റും കൂടിയ മുഖങ്ങളിൽ അൽപ്പം പതർച്ച നിറഞ്ഞു.

റിമി കണ്ണുകൾ ഇറുക്കി അടച്ചിട്ട് മനസിലെ സംഘർഷം ഒതുക്കി.
ചുണ്ടിലേക്ക് ഒരു ചിരിയേ ചേർത്തൊട്ടിച്ചു.

"ഞാനും നിന്റെ കൂടെയുണ്ട് കണ്ണൻ. ഇത്രേം മോശമായി പ്രവർത്തിക്കുന്ന ഇവരെയാണല്ലോ ഞാനും പൊക്കി പിടിച്ചു കൊണ്ട് നടന്നതെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു "
റിമിയുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു.

അത് പക്ഷേ സീതയോടുള്ളതായിരുന്നുവെന്ന് കണ്ണന് മനസ്സിലായില്ല.

"നീ അവളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവളെ തന്നെ സ്വീകരിച്ചാൽ മതിയെടാ കണ്ണൻ. ആരാണ് തടയുന്നതെന്ന് എനിക്കൊന്ന് കാണണം "
റിമി വീണ്ടും പകയോടെ പറഞ്ഞു.

കണ്ണൻ അവളെ ഒന്ന് തുറിച്ചു നോക്കി.
അവനുള്ളിലേക്ക് മിഥുന്റെ വാക്കുകൾ ഓടി വന്നിരുന്നു.

ഈ നിൽക്കുന്ന റിമിക്ക് അങ്ങനൊരു മനസ്സുണ്ടെന്ന് വിശ്വാമാവാത്ത വിധം അവൾ അവന്റെ മുന്നിൽ നിറഞ്ഞാടി.

                      ❣️❣️❣️❣️❣️

നേരത്തെ എഴുന്നേറ്റ് സീതയാണ് അടുക്കളയിൽ കയറിയത്.
ഉറങ്ങാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് മനസ്സിലെ അസ്വസ്ഥതയിൽ ഉരുകുന്ന പാർവതിയുടെ അവസ്ഥ അറിഞ്ഞു കൊണ്ട് തന്നെ സീത അവളെ ഉണർത്തിയില്ല.

ഒരുപാട് നാളുകൾക്ക് ശേഷം അന്നാണ് മനസ്സിൽ ആശങ്കയില്ലാതെ അവൾ എഴുന്നേൽക്കുന്നത് തന്നെ.

കെട്ടി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന കുറെയേറെ പ്രശ്നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കപെട്ടൊരു ആശ്വാസം അവളിൽ നിറഞ്ഞു നിന്നിരുന്നു.

റബ്ബർ മരങ്ങൾ പൊഴിച്ചു കളഞ്ഞ ഇലകൾ നിറഞ്ഞ മുറ്റം മുഴുവനും അടിച്ചു വാരി.. അടുക്കളയിൽ രാവിലത്തേക്ക് വേണ്ടുന്ന ഭക്ഷണമെല്ലാം ഒരുക്കി.
പുറത്തുള്ള വലിയ അടുപ്പിൽ, അച്ഛനും അമ്മമ്മയ്ക്കും കുളിക്കാൻ വെള്ളം തിളപ്പിക്കാൻ വെച്ചു.

എല്ലാം ചെയ്യുമ്പോൾ വല്ലാത്തൊരു ഉത്സാഹം തന്നെ പൊതിഞ്ഞു നിൽപ്പുണ്ടെന്ന് അവൾക്ക് തന്നെ തോന്നി.

ചായയിട്ട് കൊണ്ട് സുധാകരന്റെ മുറിയിൽ ചെല്ലുമ്പോൾ അയാൾ അതിശയത്തോടെ നോക്കുന്നത് കണ്ടിട്ട് സീത പതിയെ ചിരിച്ചു.

കട്ടിലിൽ നിന്നും അയാളെ ചുവരിലേക്ക് തലയിണ ചേർത്ത് വെച്ചിട്ട് ചാരിയിരുത്തി.
ശേഷിച്ച ആ ശരീവും മനസ്സും അവൾക്ക് മുന്നിൽ ഒന്ന് കൂടി ചൂളി ചുരുങ്ങി.

"പാറു..."
മനസ്സിലുള്ളത് ചോദിക്കാൻ പോലും അറച്ചു കൊണ്ട് തനിക് മുന്നിൽ തല താഴ്ത്തി നിൽക്കുന്ന അച്ഛന്റെ രൂപം.

സീതയുടെ ഉള്ളിലേക്ക് വേദനയുടെ ചീളുകൾ അരിച്ചെത്തി.

കർമഫലം എന്നൊന്നുണ്ടെന്ന് പറയുന്നതെത്ര നേരാണ്.

വിശന്നു വലഞ്ഞിട്ട് , വലിച്ചു കുടിച്ച കള്ളിന്റെ പുറത്ത് അസഭ്യം പറഞ്ഞു കിടക്കുന്ന അച്ഛനെ പേടിച്ചു മറഞ്ഞു നിൽക്കുന്നൊരു കുഞ്ഞു പെൺകുട്ടി അവളുടെ ഓർമയിലേക്ക് ഇരച്ചെത്തി.

വേണ്ടന്ന് എത്ര ശഠിച്ചിട്ടും മുഖം ഇരുണ്ടു പോയി.

"ചേച്ചി എഴുന്നേറ്റിട്ടില്ല "
അത് പറയുമ്പോൾ പരമാവധി സ്വരം മയപെടുത്താൻ ശ്രമിച്ചു.

ശ്വാസം കിട്ടാഞ്ഞിട്ടാണ്,സുധാകരൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്.

"വയ്യേ... ഡോക്ടറെ പോയി കാണണോ?"
സീത ജനൽ തുറന്നിട്ട്‌ വിരി വലിച്ചു മാറ്റി കൊണ്ട് ചോദിച്ചു.

"വേണ്ട... ഇതിപ്പോ ഇടയ്ക്കിടെ ഉള്ളതാ. ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാതെ അങ്ങ് പോയ മതി "
സുധാകരൻ തളർന്ന സ്വരത്തിൽ പറഞ്ഞു.

"കടമകൾ ഒരിക്കലും ബുദ്ധിമുട്ടായി തോന്നില്ല. അച്ഛനെ പോലെ ഞങ്ങളത്‌ മറന്നു കളയുകയുമില്ല "
കഴിഞ്ഞകാലത്തിന്റെ കൈപ്പു നീരാണ് ആ സ്വരം നിറയെ.
വീണ്ടും സുധാകരൻ മുഖം കുനിച്ചു.

എപ്പോഴത്തെയും പോലെ പറഞ്ഞു കഴിഞ്ഞാണ് അത് വേണ്ടായിരുന്നു എന്നവൾക്ക് തോന്നിയത്.

"ഇപ്പൊ ചായ കുടിക്ക്. വൈകുന്നേരം ഞാൻ നേരത്തെ വരാം. നമ്മക്ക് ഹോസ്പിറ്റലിൽ പോയി നോക്കാം "

സീത അതും പറഞ്ഞിട്ട് അയാളുടെ കയ്യിലേക്ക് ചായ ഗ്ലാസ്‌ എടുത്തു കൊടുത്തു.
പിന്നൊന്നും പറയാതെ വേഗം മുറിയിൽ നിന്നിറങ്ങി.

ചുരുണ്ടു കൂടി കിടക്കുന്ന അജുവിന്റെ അരികിൽ ചെന്നിട്ടവൾ തട്ടി വിളിച്ചു.

"എഴുന്നേറ്റു ചായ കുടിച്ചേ. ഗുളികയുണ്ട് അതിന് ശേഷം കഴിക്കാൻ "

ഉണർന്ന കഴിഞ്ഞ അവന്റെ മുഖം വേദന കൊണ്ട് ചുളിയുന്നുണ്ട്.

എല്ലാം കൂടി അത് വരെയും മനസ്സിൽ നിറഞ്ഞ ഉന്മേഷം ഇല്ലാതെയാക്കിയിട്ടുണ്ട്.

"എഴുന്നേൽക്കെടാ "

ഒന്നൂടെ പറഞ്ഞു കൊണ്ട് സീത അവനരികിൽ നിന്നും എഴുന്നേറ്റു പാർവതിയുടെ അരികിലേക്ക് ചെന്നു.

ഉണർന്നു കിടപ്പുണ്ട്.
മേലേക്ക് നോക്കി കണ്ണും മിഴിച്ചു കിടക്കുന്ന അവളെ നോക്കി സീത ഒരു നിമിഷം മിണ്ടാതെ നിന്നു.

സീതയുടെ സാന്നിധ്യം അറിഞ്ഞിട്ടാണ് പാർവതി പതിയെ എഴുന്നേറ്റിരുന്നത്.

"എന്തായി.. ആലോചിച്ചു ആലോചിച്ച് വല്ലതും നടക്കുവോ? ഹരിയെ പുകച്ചു ചാടിക്കാൻ ഐഡിയ വല്ലതും കിട്ടിയോ?"

സീത ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ പാറുവിന്റെ കണ്ണ് മിഴിഞ്ഞു.

ഇവൾക്കും അറിയാവോ..?
ആ ചിന്തയിൽ പാറുവിന്റെ മുഖം കുനിഞ്ഞു.

"എനിക്ക് മനസ്സിലാവും ചേച്ചി. പക്ഷേ ഒന്നോർത്തു നോക്ക്.ഒരുപാട് സ്നേഹിച്ചവൾ.. ഇഷ്ടമവളെ അതറിയിക്കും മുന്നേ മറ്റൊരാൾക്ക് അവൾ സ്വന്തമാവുന്നത് നോക്കി നിൽക്കേണ്ടി വന്നൊരുവന്റെ മാനസികാവസ്ഥ. അതെത്ര ഭീകരമായിരിക്കും. അവനെത്ര വേദന സഹിച്ചു കാണും. ആരോടും പറയാനാവാതെ അവന്റെ നെഞ്ചേത്ര പിടഞ്ഞു കാണും.. അവനെത്ര കരഞ്ഞു കാണും ചേച്ചി.."
സീതയുടെ സ്വരം നേർത്തു.

പിടഞ്ഞു കൊണ്ട് പാർവതി അവളെ നോക്കി.

"എന്നിട്ടും അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന ആ ഇഷ്ടത്തിന്റെ അവശേഷിപ്പെന്നത് പോലെ, ഒരു നോട്ടം കൊണ്ട് പോലും അവൻ നിന്നെ ശല്യപെടുത്തിയിട്ടില്ല. എനിക്കുറപ്പുണ്ട് ചേച്ചി. ഉള്ളിലുള്ള ആ ഇഷ്ടം അത് പോലെ അവിടെ കിടന്ന് വിങ്ങിയപ്പോഴും നീ മറ്റൊരുത്തന്റെ ഭാര്യ ആയിരുന്നിട്ടും അതിന്റെ യാതൊരു പരിഭവം പോലും അവൻ നിന്നോട് കാണിച്ചിട്ടില്ല. അതും അവന്റെ സ്നേഹമല്ലേ ചേച്ചി.. ഇതിൽ കൂടുതൽ ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നതെങ്ങനെ.."

പാർവതി സീതയെ തുറിച്ചു നോക്കി.

"അവന്... ഹരിക്ക് മുന്നിൽ നല്ലൊരു ജീവിതമുണ്ട് "

പാർവതി നിഷേധാർത്ഥത്തിൽ തലയാട്ടി.

"അവന്റെ ജീവിതം നിന്നോടുള്ള പ്രണയമാണ്"

സീത വാശി പോലെ പറഞ്ഞു.

"നാട്ടുകാർ... നാട്ടുകാർ കുറ്റപെടുത്തും. ഇത് വരെയും അവർ പറഞ്ഞു നടന്ന കഥകളൊക്കെയും സത്യമായിരുന്നു എന്നവർക്ക് തോന്നും "
പാർവതി ആകുലതയോടെയിരുന്നു പിറുപിറുത്തു.

"ഹരി നിന്നെ ക്ഷണിക്കുന്നത് അവന്റെ വെപ്പാട്ടിയായിട്ടല്ലടി ചേച്ചി. അവന്റെ ജീവിതം പങ്കിടാനാണ്.നാട്ടുകാരുടെ ചിലവിലല്ല അവൻ നിന്നെ പോറ്റാൻ പോകുന്നതും "

സീത പുച്ഛത്തോടെയാണ് പറഞ്ഞത്.

പാർവതി വീണ്ടും മിണ്ടാതെയിരുന്നു.

സീത അവളെയൊന്ന് നോക്കി നെടുവീർപ്പോടെ എഴുന്നേറ്റു.

ശ്രീ നിലയത്തിലേക്ക് പോകാൻ സമയമായിരുന്നു.

അവൾ മാറിയെടുക്കാനുള്ള ഡ്രസ്സ്‌ എടുത്തു.

"ഗിരീഷേട്ടൻ... ഗിരീഷേട്ടൻ ഇപ്പോഴും ജീവനോടെയുണ്ട് "
വിറച്ചു വിറച്ചു കൊണ്ട് പാർവതി പറയുമ്പോൾ സീത ഒരു നിമിഷം സ്റ്റെക്ക് ആയി.

"മതിയായ കാരണമില്ലാതെ നമ്മളിൽ നിന്നും ഇറങ്ങി പോകുന്നവരെ മരിച്ചവരുടെ ലിസ്റ്റിൽ എഴുതി ചേർക്കണം ചേച്ചി "

സീതയുടെ സ്വരം വല്ലാതെ മുറുകി.

"ഗിരീഷിന്റെ ഭാര്യയെ ഹരി സ്വന്തമാക്കാൻ ആഗ്രഹിചിട്ടില്ല "

സീത ഷെൽഫ് അടച്ചു കൊണ്ട് പാർവതിയുടെ അരികിലേക്ക് വന്നു.

"നീ എന്ത് തന്നെ തീരുമാനിച്ചാലും അതിനൊപ്പം നിൽക്കാനാണ് ഹരി എന്നോട് പറഞ്ഞത്. എനിക്കത് അനുസരിച്ചേ മതിയാവൂ. അത് കൊണ്ട് തന്നെ നിന്നെ ഞാനൊരിക്കലും നിർബന്ധിച്ചു ഹരിയോട് ചേർക്കില്ല ചേച്ചി."

സീത ചിരിയോടെ പറഞ്ഞു.

പാർവതി വിളറിയ മുഖത്തോടെ അവളെ നോക്കി.

"പക്ഷേ... പക്ഷേ നീ ആലോചിച്ചു നോക്കണം. നിന്നെ കുറിച്ചല്ല. ഹരിയെ കുറിച്ച്. അവന്റ ജീവിതത്തെ കുറിച്ച്. അവനുള്ളിലെ സ്നേഹത്തെ കുറിച്ച്. കാരണം നീ ഗിരീഷിന്റെ കൂടെ ആയിരുന്നപ്പോൾ പോലും മറ്റൊരാൾ അവന്റെ മനസ്സിലേക്ക് കയറിയിട്ടില്ല. ആ കാരണം കൊണ്ട് അവനൊരു ജീവിതം തിരഞ്ഞെടുക്കാൻ പറ്റിയിട്ടില്ല. അതേ ഹരി.. ഇന്നിപ്പോൾ നീയിങ്ങനെ നിന്റെ ജീവിതം തകർന്ന് കൊണ്ട് കണ്മുന്നിൽ ഉണ്ടാവുമ്പോൾ അവൻ മറ്റൊരു ജീവിതത്തിലേക്ക് മനസ്സോരുങ്ങി പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ?"

സീതയുടെ ചോദ്യം..

കൂർത്ത മുനയുള്ള മുള്ള് പോലെ പാർവതിയുടെ ഉള്ളിലേക്ക് തുളഞ്ഞു കയറി.

"നിന്നെ നിഷ്കരുണം ഉപേക്ഷിച്ചു പോയവനെ ഓർത്തിട്ട് ഉരുകി തീരുന്നതിനു മുന്നേ അയാൾക്ക് അതിനുള്ള അർഹതയുണ്ടോ എന്നൊന്ന് ഓർത്തു നോക്ക് നീ. അയാൾ മറ്റൊരു ജീവിതം സന്തോഷമായി ജീവിച്ചു കൊണ്ടിരിക്കുന്നു. നീ അതോർത്തു വെറുതെ ജീവിതം കളയുന്നു "

സീത മുറിയിൽ നിന്നും ഇറങ്ങി പോയിട്ടും അവളുടെ വാക്കുകൾ പാർവതിക്ക് ചുറ്റും വട്ടമിട്ടു പറന്നു കൊണ്ട് വേദനിപ്പിച്ചു.

വീണ്ടും വീണ്ടും അവളാ കിടക്കയിലേക്ക് ചുരുണ്ടു കൂടി..

                          ❣️❣️❣️❣️

ശ്രീ നിലത്തിലെ രാവിലെത്തെ തിരക്കുകൾ കഴിഞ്ഞത് മുതൽ സീതയുടെ മിഴികൾ കണ്ണന് വേണ്ടി തിരഞ്ഞു.

തന്റെ ജോലികൾക്ക് ശല്യമാവണ്ട എന്ന് കരുതി ഈ നേരത്തൊന്നും അവനങ്ങോട്ട് വരാറില്ലെന്ന് സീത ഓർത്തു.

രാവിലെ നേരത്തെ വരണമെന്ന് പറഞ്ഞേൽപ്പിച്ചവനാണ്.

എവിടെ പോയോ എന്തോ..

ഫോൺ എടുത്തിട്ട് സീത നെറ്റ് ഓൻ ചെയ്തു.

കണ്ണന്റെ മെസ്സേജ് വന്നു കിടപ്പുണ്ട്.
കുളക്കരയിൽ ചെരിഞ്ഞു കിടക്കുന്നൊരു ഫോട്ടോ..

"ഐആം വെയ്റ്റിംഗ് "എന്നൊരു 
ക്യാപ്ഷനോടെ.

ചുണ്ടിലൂറിയ ചിരി അവൾ കടിച്ചു പിടിച്ചു.

ഇടം കണ്ണ് കൊണ്ട് അവൾ മുത്തശ്ശിയെ ഒന്ന് നോക്കി.
കയ്യിലുള്ള ജപമാലയിലാണ് ശ്രദ്ധ.

സീത പതിയെ എഴുന്നേറ്റു.

"ഞാൻ.. ഞാനിപ്പോ വരാം മുത്തശ്ശി "

സീത പതറി കൊണ്ട് പറയുമ്പോൾ മറുതൊന്നും ചോദിക്കാതെ മുത്തശ്ശി ചിരിയോടെ തലയാട്ടി.

ധൃതിയിൽ ഇറങ്ങി പോകുമ്പോഴും സീതയുടെ കണ്ണുകൾ നാല് പാടും ചിതറി തെറിച്ചു.

അവന് മുന്നിലെത്തുമ്പോൾ കിതച്ചു പോയിരുന്നു.

"ഇവിടിരിക്ക്.."

ഒരു നിമിഷം അവളെ നോക്കിയിട്ട് കണ്ണൻ ചിരിയോടെ പറഞ്ഞു.

കൈ പിടിച്ചിട്ട് അവളെ അരിക്കലേക്കിരുത്തി.

"ഓടിയാണോ വന്നത്?"
കണ്ണൻ വീണ്ടും ചോദിക്കുമ്പോൾ സീത ഒന്നും മിണ്ടാതെ ചിരിച്ചു.

കണ്ണനാ ചിരിയിൽ ലയിച്ചു പോയിരുന്നു.

ഒടുവിൽ ആ നോട്ടം നേരിടാനാവാതെ സീത അവന്റെ മുഖം സ്വന്തം കൈകൾ കൊണ്ട് മറച്ചു പിടിച്ചു.

"ഞാനെന്റെ ഭാര്യയെ നോക്കുന്നതിനു നിനക്കെന്തായിത്ര കുശുമ്പ് ?"
കണ്ണൻ കുറുമ്പോടെ ചോദിച്ചു കൊണ്ട് അവളുടെ കൈകൾ എടുത്തു മാറ്റി.

"ഭാര്യയോ?"
വീണ്ടും സീതയുടെ മുഖം കൂർത്തു.

"ഞാൻ ഭർത്താവിന്റെ റോൾ കാണിക്കാഞ്ഞിട്ടാ നിനക്കാ കാര്യത്തിൽ വീണ്ടും വീണ്ടും സംശയം. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. ഇങ്ങനാണേൽ എന്നെ വിട്ടിട്ട് പോവാനും നിനക്കൊരു മടിയുമുണ്ടാവില്ലല്ലോടി ചീതാ ലക്ഷ്മി "

കണ്ണൻ അവളുടെ മൂക്കിൽ പിടിച്ചുലച്ചു കൊണ്ട് പറഞ്ഞു.

സീതയുടെ മുഖം ഇരുണ്ടു കൂടി.

"പിണങ്ങിയോ നീ ദുർഗാ ലക്ഷ്മി?"
അകന്നിരിക്കാൻ ശ്രമിച്ചവളെ കണ്ണൻ അവനരികിലേക്ക് വലിച്ചു നീക്കി.

വീർപ്പിച്ചു പിടിച്ച കവിളിൽ അവൻ പതിയെ കടിച്ചു.

സീത ഞെട്ടി കൊണ്ടവനെ തുറിച്ചു നോക്കി.

അവനപ്പോഴും കള്ളചിരിയാണ്.

വീണ്ടും അവൾ തിരിഞ്ഞിരുന്നു.
ഇപ്രാവശ്യം അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നു.
സീത പൊള്ളിയത് പോലെ ചാടി എഴുന്നേറ്റ് നിന്നിട്ട് അവനെ നോക്കി കണ്ണുരുട്ടി.

"നിന്റെ പിണക്കം തീർക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ് ഭാര്യേ "

വീണ്ടും കണ്ണൻ അവളെ പിടിച്ചു വലിച്ചു അരികിൽ ഇരുത്തി.

"ഞാൻ ഉപേക്ഷിച്ചു പോകുംന്ന് പറഞ്ഞില്ലേ"
സീതയുടെ പരിഭവം.

കണ്ണൻ ചിരിയോടെ അവളെ ഒന്ന് കൂടി ചേർത്തിരുത്തി.

"എനിക്കറിയാം... "

കണ്ണൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

"എന്തറിയാം?"
സീത അവനെ നോക്കി.

"നിനക്കൊരിക്കലും എന്നെ ഉപേക്ഷിച്ചു പോകാനാവിലെന്ന് എനിക്കറിയാം "

സീതയുടെ ചുണ്ടിലും മനോഹരമായൊരു ചിരിയുണ്ടായിരുന്നു.

"അർജുന് ഉള്ളത് പോലൊരു പേടി നിനക്കുണ്ടോ ലച്ചു? എന്റെ കൂടി നിന്റെ ലൈഫ്.."

കണ്ണൻ പാതിയിൽ നിർത്തി.

"ഹരിയുടെ വാക്കുകൾ കടമെടുക്കുകയാണ് ഞാൻ. ഇത്തിരിയെങ്കിലും തല്ലും വഴക്കും എതിർപ്പുമില്ലെങ്കിൽ പ്രണയത്തിൽ ഒരു ത്രില്ല് ഇല്ലല്ലോ കണ്ണേട്ടാ "

സീത ചിരിയോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു.

"നിനക്കിവിടെ ആരെങ്കിലും സംശയമുണ്ടോ?"

അവളെ അടക്കി പിടിച്ചു കൊണ്ട് തന്നെ കണ്ണൻ ചോദിച്ചു.

അവൾക്ക് കാർത്തിക്കിനെ ഓർമ വന്നു.

അവന്റെ വാക്കുകൾ വീണ്ടും ഹൃദയത്തിലിരുന്ന് നീറി.
പക്ഷേ കണ്ണനോട് അത് പറയണോ എന്നായിരുന്നു അവളോർത്തത്.അറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും പോയി ചോദിക്കും.പകരം കൊടുക്കാൻ ശ്രമിക്കും.

കണ്ണേട്ടൻ ഒറ്റക്കാണ്.
അവരെല്ലാം ഒറ്റ കെട്ടും.
എന്ത് ചെയ്യണം എന്നറിയാതെ അവളുടെ ഹൃദയം പിടഞ്ഞു.

"ആളാരാണ്?"

കണ്ണന്റെ ഗൗരവമുള്ള സ്വരം.

സീത ഞെട്ടി കൊണ്ട് അവനെ നോക്കി.

"അങ്ങനെ ഒരാളിലെന്ന് മാത്രം പറയണ്ട. നിന്റെ മുഖം കണ്ടാൽ എനിക്കറിയാം."

സീത കണ്ണുകൾ ഇറുക്കിയടച്ചു.

അവനോട് ചേർന്നിരിക്കുന്ന ഹൃദയം താളം പിഴച്ചു കൊണ്ട് ഒറ്റി കൊടുത്താവും.

കാർത്തിക്കിനെ കുറിച്ചും അവൻ പറഞ്ഞതുമെല്ലാം സീത പറഞ്ഞത് വലിഞ്ഞു മുറുകിയ മുഖത്തോടെ കണ്ണൻ കേട്ടിരുന്നു.

"എന്നിട്ടെന്തേ നീയിത് എന്നോട് പറഞ്ഞില്ല?"
എല്ലാം കേട്ട് കഴിഞ്ഞു കണ്ണൻ ഗൗരവത്തോടെ ചോദിച്ചു.

"അവനുള്ളത് ഞാൻ തന്നെ കൊടുത്തിരുന്നു."
സീത ചിരിയോടെ പറഞ്ഞു.

"ഇനിയിങ്ങനെ എന്തുണ്ടായാലും എന്നോട് പറയണം."

അവൻ ഓർമിപ്പിച്ചു.

അവന്റെ മുഖവും വാക്കുകളും അപ്പോഴും അയഞ്ഞിട്ടില്ല.

"നേരിട്ട് അവരോടൊന്നും ഏറ്റു മുട്ടാൻ നിൽക്കരുത് "
സീത അവന്റെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

"പിന്നെ... എല്ലാം അറിഞ്ഞിട്ടും ഇനിയും ഞാനെല്ലാം സഹിക്കണോ?"
കണ്ണന്റെ സ്വരം ഉയർന്നു.

സീത മുഖം കുനിച്ചു..

"എനിക്ക്... എനിക്കിനി നഷ്ടപെടാൻ വയ്യ കണ്ണേട്ടാ "
അവളുടെ ചിലമ്പിച്ച സ്വരം.

കണ്ണൻ കണ്ണുകൾ ഇറുക്കിയടച്ചു.

"എനിക്കും "

വീണ്ടും സീതയെ പൊതിഞ്ഞു പിടിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story