സ്വന്തം ❣️ ഭാഗം 58

swantham

രചന: ജിഫ്‌ന നിസാർ

"മോള് വരാനായില്ലേ?"
പാർവതി നീട്ടിയ ചായ വാങ്ങിച്ചു കൊണ്ട് ഹരി ചോദിച്ചു.

പതിയെ ഒരു മൂളലാണ് മറുപടി.
ഹരിക്കറിയാം തന്റെ അരികിൽ അവളെത്ര വീർപ്പുമുട്ടിയാണ് നിൽക്കുന്നതെന്ന്.

ഓടി മാറി പോവാനെളുപ്പമാണ്.. പക്ഷേ ആ അവസ്ഥയെ അവൾ അതിജീവിച്ചു പഠിക്കണം.

അവൻ നേർത്തൊരു ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു.

"അച്ഛനിന്ന് ഇച്ചിരി കൂടുതലുണ്ടോ പാറു?"
യാതൊരു അസ്വാഭാവികതയുമില്ലാതെ അവൻ ചോദിക്കുമ്പോൾ അവളെതോ ഓർമയുടെ ചുഴിയിൽ പെട്ടു പോയിരുന്നു.

ഉത്തരം കിട്ടാഞ്ഞിട്ടാണ് ഹരി തിരിഞ്ഞു നോക്കിയത്.

"പാറു.."
ഹരി ഒന്നൂടെ വിളിച്ചു നോക്കി.
ഞെട്ടി കൊണ്ട് നോക്കുമ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ഹരി.
വീണ്ടും അവൾക്ക് വെപ്രാളം.

ഹരിയാ ഓരോ ഭാവങ്ങളും മനസറിഞ്ഞു കൊണ്ടാണ് ആസ്വദിക്കുന്നത്.
അവൾ സമ്മതിച്ചാലും ഇല്ലെങ്കിലും എന്റെതെന്ന ചിന്ത മനസ്സിൽ വേരുറച്ചു പോയി.

"ഈ ലോകത്തൊന്നുമല്ലേ?"
കുടിച്ചു തീർത്ത ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ ചോദിച്ചു.

അവളൊരു വിളറിയ ചിരിയോടെ അവനെ നോക്കി.

"ഞാൻ ഇറങ്ങട്ടെ. ടൗണിൽ ഒന്ന് പോവാനുണ്ട് "
ഹരി യാത്ര പറഞ്ഞു കൊണ്ട് മുറ്റത്തേക്കിറങ്ങി.

ഹരി... വെപ്രാളത്തോടെ ഒന്ന് അകത്തേക്ക് നോക്കിയിട്ട് പാർവതി വിളിക്കുമ്പോൾ ഹരിയുടെ നെറ്റി ചുളിഞ്ഞു.

"എന്താ പാറു?"

"എനിക്ക്... എനിക്ക് നിന്നോട് സംസാരിക്കാൻ..."
അവൾ വല്ലാതെ വിക്കുന്നു. കണ്ണുകൾ ഇടയ്ക്കിടെ അകത്തേക്ക് പാളുന്നു.
അകത്ത് അർജുൻ കിടക്കുന്നുണ്ട്.

അവൾക്ക് പറയാനുള്ളത് അവനറിയരുത് എന്നാഗ്രഹിക്കുന്നത് പോലെ.

വാ "
ഹരി ചിരിയോടെ വിളിച്ചിട്ട് മുന്നോട്ട് നടന്നു.

കയ്യിലുള്ള ഗ്ലാസ്‌ തിണ്ണയിൽ വെച്ചിട്ട് പാർവതി ഒരു നിമിഷം കൂടി ശങ്കിച്ചു നിന്നതിനു ശേഷമാണ് അവനൊപ്പം ഇറങ്ങി നടന്നത്.

റോഡരികിൽ നിർത്തിയിരുന്ന ഹരിയുടെ ബൈക്കിൽ ചാരി അവൾ സ്റ്റെപ്പിറങ്ങി വരുന്നതും നോക്കി അവനിരുന്നു.

ആ നോട്ടത്തിന് മുന്നിൽ വീണ്ടും പാർവതി വിറച്ചു പോയി.

പറയെന്ന് ആവിശ്യപെടാതെ ഹരി അവളെ നോക്കിയിരുന്നു.

"ഹരി.."

പാർവതി വിറയലോടെ വിളിച്ചു.

"മ്മ്.."
അവളിൽ നിന്നും നോട്ടം മാറ്റാതെ തന്നെ അവനൊന്നു മൂളി.

"എനിക്ക്.. എനിക്ക് ശ്വാസം മുട്ടുന്നു ഹരി "
പാർവതിയുടെ കണ്ണ് നിറഞ്ഞു.

"എനിക്കും "
അത് കാണാൻ വയ്യെന്നത് പോലെ ഹരി നോട്ടം മാറ്റി.

"നീ.. നീയെല്ലാം മറക്കണം ഹരി. എനിക്കീ പ്രഷർ സഹിക്കാൻ വയ്യ. ഞാൻ മരിച്ചു പോകും. എന്റെ മോൾക്ക്... എന്റെ മോൾക്ക് ആരും ഇല്ലാണ്ടാവും ഹരി "

പാർവതി അവനെ നോക്കാതെ പറഞ്ഞു.

നേർത്തൊരു ചിരിയോടെ നിന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല.പക്ഷേ ഞാനും ഒറ്റക്കായി പോവുമെന്നവന്റെ ഹൃദയം പരിഭവം പറഞ്ഞു.

"നിനക്ക് മുന്നിൽ നല്ലൊരു ജീവിതമുണ്ട് ഹരി. എന്നോ കണ്ടു മറന്നൊരു സ്വപ്നം പോലെ.. മറന്നു കളഞ്ഞേക്ക്. ഞാൻ.. ഞാൻ ഒരാളുടെ ഭാര്യയായിരുന്നു. ഇപ്പോഴും നിയമപരമായി ഗിരീഷേട്ടൻ എന്നെ ഉപേക്ഷിച്ചു കളഞ്ഞിട്ടില്ല. എനിക്കൊരു മകളില്ലേ ഹരി? എന്തിനാ നീ നിന്റെ ജീവിതം വെറുതെ നശിപ്പിക്കുന്നത്?"
പാർവതി അവന്റെ മുന്നിൽ വന്നു നിന്നു.

"ഞാനെന്റെ ജീവനോളം നിന്നെ സ്നേഹിക്കുന്നത് കൊണ്ട്. എന്നോ കണ്ട് മറന്നൊരു സ്വപ്നമല്ല എനിക്കെന്റെ പ്രണയം. ഞാനിന്നും എന്റെയുള്ളിൽ നിധി പോലെ സൂക്ഷിച്ചു കൊണ്ട് നടക്കുന്നതാണ്"
അവൾക്കുള്ള ഉത്തരം പറയുമ്പോൾ ഹരിയുടെ മുഖത്തുള്ള ചിരിയിലേക്ക് പാർവതി പകച്ചുനോക്കി.

"മറന്നു കളയാൻ പറഞ്ഞില്ലേ നീ? ഞാൻ... ഞാനും ഒരുപാട് ശ്രമിച്ചതാണ്. നീ ഗിരീഷിന്റെ സ്വന്തമായത് മുതൽ. പക്ഷേ.. പക്ഷേ ഞാനും തോറ്റു പോയെടി "
അവൻ വേദനയോടെ ചിരിച്ചു.

"ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് നീ എനിക്ക് മുന്നിൽ വന്നു നിൽക്കുന്ന അതേ അവസ്ഥയിൽ ഞാനും നിന്നിട്ടുണ്ട്. എന്റെ മനസാക്ഷിയുടെ മുന്നിൽ. വിട്ട് കളഞ്ഞല്ലോ എന്ന കുറ്റബോധം പേറി ആരും അറിയാതെ ഞാൻ.."

കണ്ണുകൾ അടച്ചു പിടിച്ചിട്ട് അവനൊന്ന് ശ്വാസമെടുത്തു.

"ഗിരിഷിനൊപ്പം നീ സന്തോഷത്തോടെ ജീവിക്കുയായിരുന്നുവെങ്കിൽ ഞാനിപ്പോഴും ഇതൊന്നും ആരോടും പറയില്ലായിരുന്നു. എന്റെ ഇഷ്ടം എന്നോടൊപ്പം അവസാനിച്ചു പോയേനെ.ഒരിക്കലും നിന്റെ ജീവിതം നശിച്ചു കാണാൻ വെറുതെ പോലും ഞാൻ ആഗ്രഹിചിട്ടില്ല. എവിടെ... ആർക്ക് സ്വന്തമായിരുന്നാലും സന്തോഷമായിരിക്കണേ എന്ന് മാത്രം കൊതിച്ചിട്ടുള്ളു. എനിക്ക്.. എനിക്കത്രക്ക് ഇഷ്ടമാണ് പാറു"

ഹരിയുടെ സ്വരം ആർദ്രമായി.

"നീയിപ്പോഴും ഗിരീഷിനെ കാത്തിരിക്കുന്നുണ്ടോ?"

ഒട്ടും പ്രതീക്ഷിക്കാത്ത ഹരിയുടെ ചോദ്യം.

പാർവതി അവനെ തുറിച്ചു നോക്കി.

നീ എന്തിനാ ആ ചോദ്യമിപ്പോൾ ചോദിച്ചതെന്ന പരിഭവം അവളുടെ കണ്ണുകളിൽ ഒളിച്ചിരുന്നു.

പാർവതി കൂടുതൽ വിറച്ചു.

"എനിക്കുത്തരം വേണം പാറു "
ശാന്തമായി ഹരി പറഞ്ഞു.
പാർവതി ഇല്ലെന്ന് തലയാട്ടി.

കണ്ണുനീർ കവിളിലേക്ക് പടർന്നു.
ഒരു തിരസ്കാരത്തിന്റെ ഓർമ അവളിൽ ചുറ്റി വരിഞ്ഞു.

ഹരി എഴുന്നേറ്റു കൊണ്ട് അവളെ ബൈക്കിൽ ചാരി നിർത്തി.

"സ്നേഹിക്കുന്നവരെയാണ് പാറു കാത്തിരിക്കേണ്ടത്. ആശിക്കുന്നവർക്കൊപ്പമാണ് ജീവിക്കേണ്ടത്."
അവൻ മൃദുവായി പറഞ്ഞു.

പാർവതി ഒന്നും പറയാനില്ലാതെ അവനെ നോക്കി.

"എന്നെ സ്വീകരിക്കൂ എന്ന് നിലവിളിച്ചില്ലല്ലോ ഞാൻ. കാത്തിരിക്കും. എന്റെ ആയുസ്സ് തീരുവോളം നിനക്കായ് ഹരി കാത്തിരിക്കും"

പാർവതിയുടെ കണ്ണിലേക്കു ഹരിയുടെ നോട്ടം തുളച്ചു കയറി.

അവൾ പിടച്ചിലോടെ തല താഴ്ത്തി പിടിച്ചു.

"ഗിരീഷിന്റെ ഭാര്യയെ ഞാൻ മോഹിച്ചിട്ടില്ല. നീയും അവനും തമ്മിൽ വെറുമൊരു സൗന്ദര്യപിണക്കമായിരുന്നുവെങ്കിൽ.. ഞാൻ നേരിട്ട് പോയി അവനോട് സംസാരിക്കുമായിരുന്നു. നിനക്ക് വേണ്ടി. ഇതിപ്പോ അങ്ങനെയാണോ പാറു. ചതിച്ചതല്ലേ നിന്നെ. ന്യായമായൊരു കാരണം പോലുമില്ലാതെ ഉപേക്ഷിച്ചു കളഞ്ഞവനല്ലേ..?"
ഹരിയുടെ സ്വരം കടുത്തു.

പാർവതി കുനിഞ്ഞു നിന്ന് കൊണ്ട് കരഞ്ഞു.

"എനിക്ക്.. എനിക്ക് പേടിയാണ് ഹരി "
പാർവതിയുടെ സ്വരം നേർത്തു.

"എന്നെയോ?"
ഹരി യുടെ ചോദ്യത്തിന് അവളുത്തരം പറഞ്ഞില്ല.

"നാട്ടുകാരെയും വീട്ടുകാരെയും ഓർത്താണോ നിനക്ക് പേടി?"

വീണ്ടും ഹരിയുടെ സ്വരം നേർത്തു.

അപ്പോഴും അവളൊന്നും മിണ്ടിയില്ല.

"ഇവരെയൊക്കെ നിനക്ക് മനസ്സിലാവും.. പക്ഷേ... പക്ഷേ ഹരിയെ മാത്രം നിനക്കറിയില്ല.. നിനക്ക് മനസ്സിലാവില്ല.അല്ലേ?"
അവൻ വേദനയോടെ ചിരിച്ചു.

"പ്രണയത്തിന്റെ ഏറ്റവും തീവ്രമായ ലഹരിയറിഞ്ഞവർ ഒരുപക്ഷെ വിവാഹത്തിലൂടെ ഒന്നിച്ചവരായിരിക്കില്ല പാറു. ജീവനിൽ പതിഞ്ഞു പോയ പ്രണയം നഷ്ടപെട്ടവർക്ക് പറഞ്ഞു തരാനാവും.. അതിന്റെ നോവും നീറലും. ഞാൻ.. ഞാനത് അനുഭവിച്ചതാണ്. ആരുമറിയാതെ വർഷങ്ങളോളം ആ സങ്കടകടലിൽ മുങ്ങി പിടഞ്ഞവനാണ്."

ഹരിയും ശ്വാസം കിട്ടാത്ത പോലെ പിടഞ്ഞു അവൾക് മുന്നിൽ.

"തിരിച്ചു കിട്ടില്ലെന്ന്‌ ഞാനുറപ്പിച്ച എന്റെ പ്രാണൻ കൂടിയാണ് നീ. ഇനിയും ഞാൻ ഉപേക്ഷിച്ചു കളയണമെന്നാണോ? ഹരി മരിക്കണമതിന് "
അവന്റെ ശബ്ദത്തിൽ വാശി നിറഞ്ഞു.

പാർവതി വീണ്ടും അവനെ തുറിച്ചു നോക്കി.

"പേടിക്കണ്ട... ഞാനും എന്റെ പ്രണയവും നിനക്കൊരിക്കലും ഒരു ശല്യമാവില്ല "
ഹരി കണ്ണടച്ച് കാണിച്ചു.

"നിനക്കൊരു കൂട്ട് വേണ്ടായിരിക്കും. പക്ഷേ... എന്റെ കുഞ്ഞിനൊരു അച്ഛന്റെ സ്നേഹം വേണം. അത് തടയാൻ നിനക്കർഹതയുണ്ടോ?"

പാർവതിയുടെ ഹൃദയം വിറച്ചു.

എന്റെ കുഞ്ഞ്..

ജന്മം കൊടുത്തവൻ ഒരു നോക്ക് കാണാൻ പോലും വന്നിട്ടില്ല.

ഒരു കഷ്ണം മിടായി പോലും കൊടുത്തിട്ടില്ല.

പക്ഷേ ഒരിക്കൽ സ്നേഹിച്ചുവെന്ന കാരണം കൊണ്ട് തന്റെ കുഞ്ഞിനെ പോകും സ്വന്തമായി കാണുന്നവൻ.

എത്ര കാലം ഓടിയോളിക്കും..ഇവനിൽ നിന്നും.

അതവളെ കൂടുതൽ പേടിപ്പിച്ചു.

"ലല്ലു വരാറായി. അല്ലേ?"

ഹരി വാച്ചിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.

പാർവതിയും അപ്പോഴാണ് അതോർത്തത്.

അവൾ നിർജീവമായി തലയാട്ടി കാണിച്ചു.

"വാ.. റോഡിലിറങ്ങി നിൽക്കാം "
അവളുടെ മറുപടി കാത്ത് നിൽക്കാതെ ഹരി ഇടവഴി കടന്ന് റോഡിലേക്കിറങ്ങി.
വിറയലൊതുങ്ങാതെ പിറകെ പാർവതിയും.

കൃത്യ നേരത്താണ് അവരെത്തിയത്.

ബസ്സിൽ നിന്നിറങ്ങി വന്ന ലല്ലു മോൾ ഹരി കണ്ടതും ഓടി പിടഞ്ഞു കൊണ്ട് അവന്റെ കൈകളിൽ ചാടി കയറി.
ബസ് കണ്ടാക്ട്ർ അത് കണ്ടു ചിരിയോടെ അവളുടെ ബാഗ് പാർവതിയുടെ കയ്യിൽ ഏല്പിച്ചു.
ലല്ലു ഹരിയുടെ ഒക്കത്തിരുന്ന് കൊണ്ട് കൂട്ടുകാരെ അഭിമാനത്തോടെ നോക്കുന്നത് കണ്ട് പാർവതിയുടെ നെഞ്ച് പിടഞ്ഞു.

ഹരിയും ലല്ലുവും ഒരുമിച്ചു റ്റാറ്റ കൊടുത്താണ് അവളുടെ കൂട്ടുകാരെ യാത്രയാക്കിയത്.

അതെല്ലാം കണ്ടു പിറകിൽ നിന്നവൾ കൂടുതൽ കൂടുതൽ തളർന്നു പോവുകയാണ്.

ആ സ്നേഹത്തിന് മുന്നിൽ..

                         ❣️❣️❣️❣️

"താനിതെവിടെ പോയതാടോ സീതാ ലക്ഷ്മി? ഞാൻ വന്നിട്ട് പത്തു മിനിറ്റ് നേരമായല്ലോ?"

മുത്തശ്ശിയുടെ മുറിയിലേക്ക് കയറി ചെന്ന സീതയെ നേരിട്ടത് റിമിയുടെ ചോദ്യമാണ്.

ഒരു നിമിഷം അവൾ പകച്ചുപോയി.

"ഞാൻ.. എനിക്ക് പുറത്തൊന്നു.."

"പുറത്ത് മുഴുവനും ചുറ്റിയടിച്ച് കാണാനാണോ, അതോ ഈ വയ്യാത്ത മുത്തശ്ശിയെ നോക്കാനാണോ തനിക്കിവിടെ സാലറി തരുന്നത്?"സീതയെ പറയാൻ അനുവദിച്ചു കൊടുക്കില്ലെന്ന വാശിയുള്ളത് പോലെ റിമി അവളുടെ നേരെ ചാടി.

"സീത എന്നോട് പറഞ്ഞിട്ടാണ് കുട്ടി പോയത്"

റിമിയുടെ പ്രവർത്തികളോടുള്ള ദേഷ്യം മുത്തശ്ശിയുടെ സ്വരത്തിൽ കല്ലിച്ചു കിടന്നു.

"സമ്മതിച്ചു കൊടുത്താലും അങ്ങനങ്ങ് പോവാൻ പാടുണ്ടോ മുത്തശ്ശി?  വാങ്ങുന്ന ശമ്പളത്തിനു വേണ്ട ആത്മാർത്ഥ കാണിക്കണ്ടെ. തരുന്ന ഫ്രീഡം മിസ്യൂസ് ചെയ്യാൻ പാടുണ്ടോ?"
മുൻ വൈരാഗ്യം തീർക്കുന്നത് പോലെ റിമിയുടെ ചോദ്യങ്ങൾ സീതയുടെ നേരെ പാഞ്ഞു.

"റിമിയല്ലല്ലോ എനിക്ക് ശബളം തരുന്നത്?"
സീതയുടെ വലിഞ്ഞു മുറികിയ സ്വരം.
റിമി പതറി പോയി.

"എന്ന് വെച്ചാൽ..?"
റിമിയുടെ കണ്ണിൽ പക നീറി.

"താനിവിടുത്തെ ഗസ്റ്റല്ലേ? ആ നിലയ്ക്ക് നിന്നാൽ മതി ന്ന് "

കണ്ണന്റെ ഫ്രണ്ട് ആണ് അവളെന്നുള്ള ചെറിയൊരു ശങ്ക സീതയുടെ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് സ്വരം പരമാവധി മയപെടുത്തി കൊണ്ടവൾ ചോദിച്ചത്, റിമിക്ക് അടി കിട്ടിയത് പോലെയായിരുന്നു.

അവളുടെ പല്ലുകൾ ഞെരിഞ്ഞു.

റിമി എഴുന്നേറ്റു കൊണ്ട് സീതയുടെ അരികിലേക്ക് ചെന്നു.

"ശ്രീ നിലയത്തിലെ കൊച്ചു മോനെ മോഹിച്ചു കൊണ്ടാണോ നിനക്കിത്രേം അഹങ്കാരം?"

റിമിയുടെ കണ്ണിലൊളിപ്പിച്ച പക സീതയുടെ ഉള്ളിൽ പിടി മുറുക്കി.
മനസ്സിൽ തോന്നിയ കാര്യങ്ങൾ സത്യമാവുകയാണോ എന്നൊരു ഉൾവിളി അവളിൽ ശക്തമായി.

"ഒരിക്കലുമല്ല. ഞാനെന്റെ ജോലി നന്നായി ചെയ്യുന്നു എന്ന ആത്മ വിശ്വാസം കൊണ്ട് "
സീതയും അവൾക്ക് മുന്നിൽ തലയുയർത്തി നിന്നു.

റിമിയുടെ മുഖം ഇരുണ്ടു.
മനസ്സിൽ കണ്ണന്റെ വാക്കുകൾ ഓർമ വന്നു.
സീതയുടെ കഴുത്തു ഞരിക്കാനും കിരൺ വർമ എന്റെയാണെന്ന് വിളിച്ചു പറയാനും ഉള്ളിൽ തോന്നിയ ത്വര വളരെ പണിപ്പെട്ടു കൊണ്ടാണ് അവളമർത്തി പിടിച്ചത്.

സീത അവളെ സൂക്ഷ്മമായി നോക്കുന്നുണ്ട്.

ആദ്യകാഴ്ചയിൽ തന്നെ റിമിയെ കുറിച്ച് മനസ്സൊരു മുന്നറിയിപ്പ് തന്നത് അവളുടെ ഉള്ളിൽ കിടന്നു നീറി.

സത്യമാണ്.
റിമി മരിയ വെറുമൊരു സന്ദർഷക മാത്രമല്ലായിരുന്നു ശ്രീ നിലയത്തിൽ.

അവൾ കണ്ണേട്ടനെ തേടി വന്നതാണ്.
സീതയുടെ ഉള്ളം വിറച്ചു.

മിഥുനൊപ്പം അവൾ പോയില്ലെന്ന് കൂടി കേട്ടതോടെ ഉള്ളിലെ സംശയം ബലപെട്ടിരുന്നു.
എന്നിട്ടും അങ്ങനെയല്ലെന്ന് തന്നെ വിശ്വസിക്കാൻ കൂടുതലിഷ്ടമായത് കൊണ്ടാണ് മനസ്സിലേക്ക് അത് എടുത്തു വെക്കാഞ്ഞത്.

ഇന്നിപ്പോൾ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളിലത്രയും കല്ലിച്ചു കിടക്കുന്നത് അവൾക്കുള്ളിൽ മുറിവേറ്റ പ്രണയമായിരിക്കും.

പിന്നൊന്നും പറയാൻ നിൽക്കാതെ വെട്ടി തിരിഞ്ഞു കൊണ്ട് റിമിയിറങ്ങി പോയി.
ചുറ്റും ശത്രുക്കളുടെ എണ്ണം കൂടുന്നു.

അതിനൊപ്പം കണ്ണേട്ടനോടുള്ള പ്രണയവും മത്സരത്തിലാണ്.

സീത തളർച്ചയോടെ കിടക്കയിലെക്കിരുന്നു.

റിമി പറഞ്ഞ വാക്കുകൾ സീതയെ വേദനിപ്പിച്ചിരിക്കാം എന്ന് കരുതി മുത്തശ്ശി അവളെ ആശ്വാസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

എന്നിട്ടും തണുക്കാത്ത മനസ്സോടെ സീത അതേയിരിപ്പ് തുടർന്നു..

                          ❣️❣️❣️❣️

"ഹരി "
ചിരിച്ചു കൊണ്ട് ഹരി ആദിക്കും സിദ്ധുവിനും നേരെ കൈ നീട്ടി.

"കേട്ടിട്ടുണ്ട്. സീത പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് "
ആദി ചിരിയോടെ പറഞ്ഞു.

"ഇരിക്ക് ഹരി "

പിന്നിലെ നീളൻ വരാന്തയിലെ തിണ്ണയിലേക്ക് കൈ നീട്ടി കണ്ണൻ പറഞ്ഞു.

കണ്ണൻ വിളിച്ചിട്ട് വന്നതാണ് ഹരി.

കൂട്ടത്തിൽ സിദ്ധുവും ആദിയും കൂടിയുണ്ട്.

"സീതയറിഞ്ഞോ.. എന്നോട് വരാൻ പറഞ്ഞത്?"
ഇരിക്കുന്നതിനിടെ ഹരി ചിരിയോടെ കണ്ണനെ നോക്കി.

"ഞാൻ പറഞ്ഞിട്ടില്ല "
കണ്ണൻ കണ്ണിറുക്കി കാണിച്ചു.

മൂന്നു പേരും അവനെ നോക്കി ചിരിച്ചു.

"അപ്പൊ വിളിപ്പിച്ച കാര്യം പറയ് നീ"
ഹരി കണ്ണന് നേരെ തിരിഞ്ഞിരുന്നു.

കണ്ണനൊന്നു ആദിയെ നോക്കി.

"എന്താടാ. വീണ്ടും.."

ഹരി ചോദിച്ചു.

"ഇല്ലെടാ. പക്ഷേ കഴിഞ്ഞു പോയ പ്രശ്നത്തിന്റെ പിറകെയാണ് ഞാൻ. ദേ ഇവരും "
കണ്ണൻ ആദിക്കും സിദ്ധുവിനും നേരെ കൈ ചൂണ്ടി.

"വളച്ചു കെട്ടാതെ കാര്യം പറയടാ നീ "
ഹരി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

"അർജുന് നേരെയുള്ള അറ്റാക്ക്. അതിനെ കുറിച്ച് അന്വേഷിച്ചു വരാൻ ഞാൻ ഇവരോട് പറഞ്ഞിരുന്നു. എനിക്കിവിടെ പരിചയം കുറവാണ്. പക്ഷേ ഇവർക്ക് അറിയാമല്ലോ? ഇവിടെ ഉള്ളവർ ഒപ്പിച്ച പണിയാണെന്ന് അറിഞ്ഞിട്ടും അതങ്ങനെ വിട്ട് കളയാൻ ആവില്ലല്ലോ? അർജുൻ പറഞ്ഞത് പോലെ ഇന്നത് വിട്ട് കളഞ്ഞാൽ നാളെ സീതയുടെ നേരെ തിരിയില്ലെന്ന് പറയാൻ ആവില്ല. അപ്പൊ അതിനൊരു തിരിച്ചടി കൊടുത്തു ഒതുക്കെണ്ടത് അത്യാവശ്യമല്ലേ?"
കണ്ണന്റെ മുഖത്തും ഗൗരവം നിറഞ്ഞു.

"ആരാണ് ആള്?"
ഹരിയുടെ ചോദ്യം കടുത്തു.

"കാർത്തിക്ക് ആണ് പിന്നിൽ. പക്ഷേ അവൻ നേരിട്ടുള്ള ഇടപാട് അല്ലെന്നാണ് കിട്ടിയ ഇൻഫർമേഷൻ. പുറത്ത് നിന്നുള്ള ടീമിന്റെ കൊട്ടേഷനാണ്."

സിദ്ധു പറഞ്ഞു.
ഹരിയും കണ്ണനും പരസ്പരം നോക്കി.

"അവൻ..."
ഹരിയുടെ ചോദ്യം കണ്ണന് നേരെ ആയിരുന്നു.

"പെങ്ങൾക്ക് വേണ്ടിയാവും. ആര്യക്ക് വേണ്ടി രാജിയാന്റി എന്റെ അമ്മയുള്ള കാലം തന്നെ ഒരു ചരട് വലി നടന്നിരുന്നു "
കണ്ണൻ പറഞ്ഞു കൊടുത്തു.
ഹരി ഒന്ന് അമർത്തി മൂളി.

"നീ അവനോട് സംസാരിച്ചോ?"
കണ്ണനെ നോക്കി ഹരി ചോദിച്ചു.

"എനിക്കൊരു ചെറിയ സംശയം ഉണ്ടായിരുന്നു. ഇന്നിപ്പോൾ സീതയും പറഞ്ഞു, അവൻ അവളെയും നേരിട്ട് ഭീക്ഷണി പെടുത്തിയിരുന്നു എന്ന്. അന്നവന് വേണ്ട മറുപടി അവൾ തന്നെ കൊടുത്തത് കൊണ്ട് പിന്നെ അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല."
കണ്ണൻ പറഞ്ഞു.

"വിട്ട് കൊടുക്കരുത് കണ്ണാ. അവനല്ലെങ്കിലും ഒരു എല്ല് കൂടുതലാ "
ആദി പറഞ്ഞു.

"എടുത്തു ചാടി ഒന്നും ചെയ്യരുത് ആദി. കാരണം സീത ഇവിടെ ഉള്ളതാ. ഏത് നേരവും അവൾക്ക് തുണയായി ഇവിടെ നിൽക്കാൻ നമ്മളിൽ ആർക്കും പറ്റിയെന്നു വരില്ല. അവരെ പോലെ തന്നെ നേരിട്ട് ഇടപെടാതെ വേണം നമ്മൾക്കും കളിക്കാൻ."

ഹരി ഓർമപെടുത്തി.
"കണ്ണന് വേണ്ടി എന്തും ചെയ്യാൻ ഞങ്ങൾ റെഡിയാണ് ഹരി "
സിദ്ധു ആവേശത്തിൽ പറഞ്ഞത് കേട്ട് ഹരി കണ്ണനെ നോക്കി.

വളരെ പെട്ടന്ന് തന്നെ അവർക്കിടയിൽ ഒരു സൗഹൃദം രൂപപെട്ടു വന്നിരുന്നു.

പിന്നെയും ഏറെ നേരം സംസാരിച്ചു കഴിഞ്ഞാണ് ഹരി പോവാൻ എഴുന്നേറ്റത്.

"മുത്തശ്ശിയെ കൂടി കാണട്ടെ കണ്ണാ. സീത പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത് വരെയും ആളെ ഞാൻ കണ്ടിട്ടില്ല "

ഹരി പറഞ്ഞു.

"വാ "
കണ്ണനാണ് ചാടി എഴുന്നേറ്റു കൊണ്ട് മുന്നിൽ നടന്നത്.

അവന്റെ ആവേശം കണ്ടിട്ട് ആദിയും സിദ്ധുവും ഹരിയും പരസ്പരം നോക്കി ചിരിച്ചു.

                       ❣️❣️❣️❣️

കണ്ണനൊപ്പം മുറിയിലേക്ക് കയറി വന്ന ഹരിയെ കണ്ട് സീത ഞെട്ടി.

"എന്റെ കൂട്ടുകാരനാണ് മുത്തശ്ശി. ഹരി "
നീയെന്താ ഇവിടെയെന്ന് സീത ചോദിക്കും മുന്നേ കണ്ണൻ ഹരിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

സീതയുടെ മുഖത്തേക്ക് കുശുമ്പ് ഇരച്ചു കയറുന്നത് കണ്ണൻ കള്ളചിരിയോടെ കണ്ടു.
"വല്ല കാര്യവുമുണ്ടോടാ. ആ ഭദ്രകാളിയുടെ നോട്ടം കണ്ടോ നീ. മിക്കവാറും എന്നെയും നിന്നെയും വലിച്ചു കീറും "

സീതയുടെ നോട്ടം കണ്ടിട്ട് ഹരി കണ്ണന്റെ ചെവിയിൽ പതിയെ പറഞ്ഞു.

"എന്നെയല്ല. നിന്നെ. നിന്റെ കൂടെയാണ് അവൾ ഇനി പോരുന്നത് "

കണ്ണൻ ഹരിയെ നോക്കി പുരികം പൊക്കി.

"അത് ശെരി. അപ്പൊ മോൻ മനഃപൂർവം ആണല്ലേ?"
ഹരി പല്ല് കടിച്ചു.

കണ്ണൻ ഗൗരവതോടെ തല കുലുക്കി.

"എന്താ ചെങ്ങാതിമാര് പരസ്പരം പറയുന്നത്. ഏഹ് "

മുത്തശ്ശി ചിരിയോടെ ചോദിച്ചു.

"ഒന്നുല്ല മുത്തശ്ശി. ഒരു ഭദ്രകാളി അവതാരത്തെ കുറിച്ച് പറഞ്ഞു പോയതാ "
സീതയെ ഒളി കണ്ണിട്ട് നോക്കി കൊണ്ട് ഹരി മുത്തശ്ശിയുടെ കൈ പിടിച്ചു കൊണ്ട് അരികിൽ ഇരുന്നു.

അവർ സംസാരികാണുന്നതെല്ലാം കേട്ട് നിൽക്കുമ്പോഴും സീതയുടെ പരിഭവം തീർന്നിട്ടില്ല.
വീർത്തു കെട്ടിയ മുഖത്തോടെ അവൾ മേശയിൽ ചാരി നിന്നു.

മുത്തശ്ശി ഹരിയുടെ വിശേഷം ചോദിക്കുന്ന തിരക്കിലാണ്.

സീത കണ്ണനെ നോക്കി.
അവൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉമ്മ കൊടുക്കുന്നത് പോലെ ആക്ഷൻ കാണിച്ചു.
അവളുടെ മുഖം ഒന്ന്ക്കൂടി വീർത്തു വന്നത് കണ്ട് കണ്ണൻ ചിരിയമർത്തി.

പെട്ടന്നാണ് ആര്യയും അവൾക്ക് പിറകിൽ രാജിയും അങ്ങോട്ട്‌ കയറി വന്നത്.
എല്ലാവരും അങ്ങോട്ട്‌ നോക്കിയപ്പോൾ ആര്യ ചൂളി ചുരുങ്ങി രാജിക്ക് പിന്നിൽ ഒളിക്കാൻ തുടങ്ങി.

"ആ.. നാണിക്കാതെ അങ്ങോട്ട്‌ കൊടുക്ക് മോളെ. നിന്റെ കണ്ണേട്ടന്റെ കൂട്ടുകാരൻ അല്ലേ?"
രാജി അവളെ പിടിച്ചു മുന്നിലേക്ക് തന്നെ നിർത്തി.
കണ്ണന്റെ കണ്ണുകൾ സീതയുടെ നേരെ പാളി.

അവൾ യാതൊരു കൂസലും കൂടാതെ നിൽക്കുന്നുണ്ട്.

അവന് ആശ്വാസം തോന്നി.പിന്നെയത് ഹരിയുടെ നേരെയായി.
അവന്റെ കണ്ണിലുള്ള സംശയം കണ്ടിട്ട് കണ്ണൻ അതേയെന്ന് തലയാട്ടി.

ആര്യ കയ്യിലുള്ള വെള്ളം ഹരിയുടെ നേരെ നീട്ടി.അവനത് വാങ്ങി താങ്ക്സ് പറഞ്ഞു.
അവൾ വിറക്കുന്നുണ്ടെന്ന് ഹരിക്ക് മനസിലായി.രാജി നിർബന്ധിച്ചു കൊണ്ട് വന്നതാവും. അവനോർത്തു.

"കണ്ണേട്ടന് കൊടുക്ക് മോളെ "
വീണ്ടും രാജിയുടെ സ്വരം.

"എനിക്ക് വേണ്ട "
ആര്യ അനങ്ങും മുന്നേ തന്നെ കണ്ണൻ ദേഷ്യതോടെ പറഞ്ഞു.

"ആ.. അതെന്ത് പറച്ചിലാ മോനെ. നിന്റെ കൂട്ടുകാരൻ വന്നെന്ന് ആദി പറഞ്ഞത് കേട്ട് സന്തോഷതോടെ എന്റെ മോള് ഉണ്ടാക്കി കൊണ്ട് വന്നിട്ട്.."

രാജി ആര്യയെ തലോടി.
ഹരിയും സീതയുടെ നേരെയാണ് നോക്കിയത്.

അവൻ നോക്കുന്നത് കണ്ടിട്ട് സീത ഒന്ന് കണ്ണടച്ച് കാണിച്ചു.

ഹരി ചിരിയോടെ തലയാട്ടി.

"വാങ്ങിച്ചു കുടിക്ക് മോനെ. എന്റെ കുഞ്ഞിനെ സങ്കടപെടുത്താതെ "
രാജി വീണ്ടും കണ്ണനെ നോക്കി.

"നിനക്കെന്താ രാജി പറഞ്ഞ മനസ്സിലാവില്ല? അവന് വേണ്ടന്ന് പറഞ്ഞിട്ടും പിന്നെയും നീ നിർബന്ധിച്ചു കൊടുക്കുന്നത് എന്തിനാ?"
മുത്തശ്ശി ദേഷ്യത്തോടെ ചോദിച്ചു.

രാജി ഒന്ന് വിളറി.
ആര്യ കൂടുതൽ രാജിയോട് ചേർന്ന് നിന്നു.

"അതല്ല..."

"ഇത്തിരിയെങ്കിലും നാണം ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു രാജിയാന്റി "
കണ്ണൻ പുച്ഛത്തോടെ പറഞ്ഞു.

"എന്റെ മോളിത്തിരി വെള്ളം കൊണ്ട് തന്നതാണോടാ ഇപ്പൊ നിനക്ക് മാനകേട്?"
രാജി അവന് നേരെ ചീറി.

"അല്ല. നിങ്ങളുടെ കുരുട്ട് ബുദ്ധിയാണ് "
കണ്ണനും വിട്ട് കൊടുത്തില്ല.

"നീ.. ജയിച്ചെന്ന് കരുതേണ്ടടി "
രാജി ഞൊടിയിട കൊണ്ട് സീതയുടെ നേരെ വെട്ടിതിരിഞ്ഞു.

"തോൽപ്പിക്കാമെന്ന് നിങ്ങളും കരുതേണ്ട. "
ഹരി അവിടെ ഇരുന്നു കൊണ്ട് തന്നെ വിളിച്ചു പറഞ്ഞത് കേട്ട് രാജിയുടെ കണ്ണുകൾ ചുരുങ്ങി.

"ഓഹോ.. അപ്പൊ നിനക്കിതൊരു തൊഴിലാണ്. അല്ലേ.?"
രാജിയുടെ മുഖത്തു പുച്ഛം നിറഞ്ഞു.

"അത്രേം നാണം കേട്ട രീതിയിൽ അതപതിച്ചു പോകാൻ അവളുടെ പേര് രാജിയെന്നല്ല. സീതയാണ്. സീത ലക്ഷ്മി "
കണ്ണൻ സീതയുടെ അരികിലേക്ക് നിന്ന് കൊണ്ട് പറഞ്ഞു.

"കാണിച്ചു തരാം ഞാൻ "
അവർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് ഉറപ്പായതും രാജി വെല്ലുവിളി പോലെ പറഞ്ഞു.

"അത് തന്നെ എനിക്കും പറയാനുള്ളത്. വിടില്ല ഞാൻ. ഒന്നിനെയും."
കണ്ണനും വാശിയോടെ പറഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story