സ്വന്തം ❣️ ഭാഗം 59

swantham

രചന: ജിഫ്‌ന നിസാർ


"നീ എങ്ങനെ സഹിക്കുന്നെടി ഇവിടെയുള്ളതിനെയൊക്കെ?"

ശ്രീ നിലയത്തിൽ നിന്നും പുറത്തിറങ്ങിയ ഉടനെ ഹരി ആദ്യം ചോദിച്ചത് അതാണ്‌.

"ജീവിക്കാൻ വേറെ വഴി ഇല്ലായിരുന്നു സർ. അങ്ങനങ്ങു സഹിച്ചു പഠിച്ചു."
സീത കണ്ണടച്ച് കാണിച്ചു.

"ന്റമ്മോ.. ഇങ്ങനെയുണ്ടോ മനുഷ്യര്."
ഹരിക്ക് ദേഷ്യമാണ് തോന്നിയത്.

സീത എത്രമാത്രം പൊരുതിയിട്ടാവും ഇവർക്ക് മുന്നിൽ പിടിച്ചു നിന്നിട്ടുണ്ടാവുക എന്നോർക്കുമ്പോൾ അവനുള്ളിൽ വേദന തോന്നി.

"എല്ലാം ഒന്നിനൊന്നു മെച്ചമാണ് ഹരി ഇവിടെയുള്ളത്. ആദിയെയും സിദ്ധുവിനെയും പോലെ സ്നേഹിക്കാൻ അറിയാവുന്ന വളരെ കുറച്ചു പേര് മാത്രം.ബാക്കി ഉള്ളതിനെല്ലാം കാശ് പദവി പ്രശസ്തി.. എന്നിങ്ങനെയുള്ളൂ."
സീത ചിരിയോടെ പറഞ്ഞു.

ഹരി ഒന്നമർത്തി മൂളി കൊണ്ട് ബൈക്കിലേക്ക് കയറി.

അവനൊപ്പം സീതയെ കൂടി പറഞ്ഞു വിട്ടത് കണ്ണനാണ്.

അർജുന്റെ വാക്കുകൾ അവനുള്ളിൽ എപ്പോഴും ഒരു ജാഗ്രത നിറച്ചിട്ടുണ്ട്.
തന്റെ അനാസ്ഥ കൊണ്ട്.. ശ്രീ നിലയത്തിലെ കൊച്ചു മകനെ പ്രണയിച്ചു എന്ന കാരണം കൊണ്ട് സീത വേദനിക്കരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു.

"എന്തോർത്തു നില്ക്കാ നീ. കയറെടി "
വണ്ടി സ്റ്റാർട് ചെയ്തിട്ടും കയറാതെ നിൽക്കുന്ന സീതയോട് ഹരി പറഞ്ഞു.

അവളൊന്നും മിണ്ടാതെ കയറിയിരുന്നു.
മനസ്സിൽ നിറയുന്ന അസ്വസ്ഥതയുടെ കാരണം കൂടി അറിയാതെ അവൾക്ക് ശ്വാസം മുട്ടി.

"കണ്ണന്റെയാ ഫ്രണ്ട് ഇല്ലേ സീതേ... റിമി മരിയ.."
ഹരിയെന്തോ പറയാൻ തുടങ്ങി.
റിമിയുടെ പേര് കേട്ടതും സീതയുടെ കൈകൾ ഹരിയുടെ തോളിൽ മുറുകി.

"ഡീ.. നീ കേൾക്കുന്നുണ്ടോ?"
ഹരി പുറകിലേക്ക് തല ചെരിച്ചു കൊണ്ട് ചോദിച്ചു.

"ഉണ്ട്.. നീ പറ "

"അവള്... അവളത്ര ക്ലിയറായിട്ട് എനിക്ക് തോന്നിയില്ല "
ഹരി പറഞ്ഞത് കേട്ട് സീതയുടെ ഹൃദയം തുള്ളി.

തനിക്ക് തോന്നിയത് പോലെ തന്നെ..
റിമിയെ കുറിച്ച് അവനും തോന്നിയിരിക്കുന്നു.

"അതെന്താ ഹരി "
എന്നിട്ടും സീത കാരണമറിയാനുള്ള ആകാംഷയോടെ ചോദിച്ചു.

"ചിലപ്പോൾ എന്റെ തോന്നലായിരിക്കും. പക്ഷേ.. പക്ഷേ.. അവിടെ നിൽക്കുന്ന റിമിക്ക് വേറെ എന്തൊക്കെയോ ഉദ്ദേശം ഉള്ളത് പോലെ. അവളുടെ കണ്ണുകളിൽ മറ്റെന്തോ ഭാവം. നിന്നെ നോക്കുമ്പോൾ "
ഹരി അവന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു.

സീത ശ്വാസം പിടിച്ചിരുന്നു.

"നിന്നെടെങ്ങനെ.. നല്ല രീതിയിൽ തന്നെയാണോ? കൂട്ടുകാരന്റെ പെണ്ണിനോടുള്ള സ്നേഹമുണ്ടോ?"
ഹരി ചിരിയോടെ ചോദിച്ചു.

"റിമി മരിയ ഡോക്ടർ കിരൺ വർമയെ പ്രണയിക്കുന്നുണ്ട് ഹരി. കണ്ണേട്ടന് വേണ്ടിയാണ് അവളിവിടെ വന്നതും തിരിച്ചു പോവാതെ ഇവിടെ തന്നെ സ്റ്റേ ചെയ്യുന്നതും "

സീത പറഞ്ഞത് കേട്ട് ഹരി ബൈക്ക് പെട്ടന്ന് നിർത്തി.

"ഡീ..."
അവൻ ആവിശ്വാസനീയതയോടെ വിളിച്ചു.

"സത്യമാണ് ഹരി "
സീത പറഞ്ഞു.

"നിന്നോട് പറഞ്ഞോ... അവളെങ്ങനെ?"

"ഇല്ല. പക്ഷേ എനിക്കങ്ങനെ തോന്നി. അവളെ ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു. കണ്ണേട്ടൻ അവൾക്കൊരിക്കലും വെറുമൊരു സൗഹൃദം അല്ലെന്ന്. ഇന്നത് പൂർണമായും ഞാനുറപ്പിച്ചു "
സീത ശാന്തമായി പറഞ്ഞു.

"കണ്ണന് അറിയാമോ?"
ഹരിയുടെ സ്വരം നേർത്തു.

"ഇല്ലെന്ന് തോന്നുന്നു. കണ്ണേട്ടന് റിമിയെ അത്ര ഇഷ്ടമല്ലെന്നാണ് എനിക്ക് തോന്നിയത്."
സീത ചിരിയോടെ പറഞ്ഞു.

"നിനക്ക്.. നിനക്ക് പേടിയുണ്ടോടി?"
ഹരി തോളിൽ ചേർത്ത് വെച്ച അവളുടെ കയ്യിൽ പിടിച്ചു.

"സീതാ ലക്ഷ്മി സ്ട്രോങ്ങാണ് മാൻ "
അവൾ അവന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു.

"കാർത്തിക്ക് ഭീക്ഷണി പെടുത്തിയത് പോലെ.. റിമി എന്തെങ്കിലും പറഞ്ഞോ?"

ഹരി ചോദിച്ചു.
കാർത്തിക്കിന്റെ കാര്യം അവനോട് കണ്ണൻ പറഞ്ഞിട്ടുണ്ടെന്ന് സീതക്ക് ഉറപ്പായി.

"ഡീ.. പറ. ഇനി അതും ഒറ്റയ്ക്ക് ഡീൽ ചെയ്തു എന്നും പറഞ്ഞിരിന്നിട്ട് ഒടുവിൽ പുലിവാലാകുമോ?"
ഹരി ചോദിച്ചു.

"അവളൊന്നും പറഞ്ഞിട്ടില്ല ഹരി. പക്ഷേ.. അവൾക്കെന്നോട് നല്ല ദേഷ്യമുണ്ട് "
സീത ചിരിച്ചു.

"ഒരു ശത്രു കൂടി. ല്ലെടി "

അവന്റെയാ ചോദ്യത്തിന് സീത വെറുതെയൊന്നു മൂളി.

ഒരു നെടുവീർപ്പോടെ ഹരി വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്തു.

"അവൾ എന്ത് പറഞ്ഞിട്ട് നിനക്ക് മുന്നിൽ വന്നാലും അത് തുറന്നു പറയണം. കേട്ടോ?"
ഹരി ഓർമിപ്പിച്ചു.

സീത മൂളി.

"കാർത്തിക്കിനെ പൂട്ടാനുള്ള വഴി നോക്കുന്നുണ്ട് "
ഹരി സീതയോട് പറഞ്ഞു.

"സൂക്ഷിക്കണേ ഹരി "
സീതയുടെ കൈകൾ വീണ്ടും ഹരിയുടെ തോളിൽ മുറുകി.

"പേടിക്കണ്ട.."
ഹരി വീണ്ടും അവളുടെ കയ്യിൽ തൊട്ടു..

പത്തു മിനിറ്റ് കൊണ്ട് തന്നെ വീടിന്റെ മുന്നിലെത്തി.

"കയറുന്നില്ലേ നീ?"

ബാഗ് വലിച്ചു തോളിലിട്ടു കൊണ്ട് സീത ചോദിച്ചു.

"മ്മ്ഹ്ഹ് "
ഹരി ഇല്ലെന്ന് തലയാട്ടി.

"അതെന്താടാ നിനക്കൊരു ജാഡ.?"
സീത കൂർപ്പിച്ചു നോക്കി.
ഹരി കള്ളചിരിയോടെ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

"എന്താണ് മോനെ.. ആകെ മൊത്തത്തിൽ നിനക്കൊരു കള്ളലക്ഷണം. പ്രാണസഖി അടിച്ചൊടിച്ചു വിട്ടതാണോയിനി നിന്നെ."
സീത നടുവിന് കൈ കുത്തി നിന്നിട്ട് അവനെ സൂക്ഷിച്ചു നോക്കി.

"അതിനിച്ചിരി പുളിക്കും.. അവളീ ഹരിയുടെ സ്വന്തമാണ്.."

അവൻ നെഞ്ചിൽ പതിയെ ഇടിച്ചു കൊണ്ട് പറഞ്ഞു.

"ഓ.. എന്നാ വന്നൊന്ന് മുഖം കാണിച്ചു പോകാവുന്ന അവസരം വെറുതെ മിസ് ചെയ്യണോ?"
സീത ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.

"വേണ്ടടി.. എന്നെ കാണുമ്പോൾ തന്നെ പാറുവിനിപ്പോ ശ്വാസം മുട്ടുന്നത് പോലെ. പാവം "
ഹരിയുടെ സ്വരം ആർദ്രമായി.

സീത ചിരിയോടെ അവനെ നോക്കി.

"അവൾ ആലോചിച്ചു തീരുമാനം എടുക്കട്ടെ സീതേ. എന്നെ കാണുമ്പോൾ പേടിക്കുന്നതിന് പകരം ആ കണ്ണിൽ പ്രണയം വിരിയട്ടെ.. അതിനുള്ള കാത്തിരിപ്പിലാണ് ഞാനും "
കാലുകൾ രണ്ടും നിലത്ത് കുത്തി കൈ നെഞ്ചിൽ കെട്ടി നിന്നിട്ട് ഹരി ചിരിയോടെ പറഞ്ഞു.

"നിനക്കത്രയും ഉറപ്പുണ്ടോ ടാ "

സംശയം ലവലേശം പോലുമില്ലാതെ ഹരി ചിരിച്ചു കൊണ്ട് തലയാട്ടി.

"എന്റെ ചേച്ചി എത്ര ഭാഗ്യദോഷിയാ ഹരി. അവളെറിയാതെ പോയല്ലോ ഈ സ്നേഹം. അവൾക്കത് നഷ്ടപെട്ടല്ലോ കുറച്ചു കാലം."
സീത ഹരിയുടെ കയ്യിൽ അമർത്തി പിടിച്ചു.

"അന്നുണ്ടായിരുന്ന അതേ സ്നേഹം അതിന്റെ ഇരട്ടിയാക്കി ഞാനും കാത്തിരിപ്പാണ്. എന്റെ പെണ്ണിന് വേണ്ടി.."

ഹരിയുടെ കണ്ണുകൾ വീടിന് നേർക്ക് നീണ്ടു.

                           ❣️❣️❣️❣️

"ഇനി ആദ്യം വേണ്ടത് കണ്ണനെ ഇവിടെ നിന്നും മാറ്റുയകയാണ് ഡാഡി. എന്നിട്ട് വേണം പുതിയ പ്ലാനുമായി കളത്തിലിറങ്ങാൻ. ചക്രവ്യൂഹത്തിൽ പെട്ടത് പോലെ സീതാ ലക്ഷ്മി ഒറ്റപെട്ടു പോകണം. അവിടെ കിടന്നു തീരണം. അതാണ്‌ അവൾക്കുള്ള ശിക്ഷ."
റിമി ഉന്മാദത്തോടെ ചിരിച്ചു.

അവളുടെ കണ്ണുകളിൽ പകയാളി.

"രണ്ടു ദിവസത്തിനുള്ളിൽ കിരണിനെ ഇവിടെ എത്തിക്കാനുള്ള വഴി ഞാൻ സെറ്റാക്കാം. മോള് ബാക്കി പ്ലാൻ ചെയ്യൂ "
മറുവശത്തു നിന്നും അവളുടെ ഡാഡി റിമിക്ക് ധൈര്യം കൊടുത്തു.

റിമിയുടെ ചുണ്ടിൽ ഒരു വിജയചിരി ഉണ്ടായിരുന്നു അപ്പോൾ മുതൽ.
കാടടച്ചു വെടി വെച്ചിടാൻ തീരുമാനിച്ച വേട്ടക്കാരന്റെ ശൗര്യവും.

"അവൾക്കെന്നെ അറിയില്ല "
റിമി ഫോണിൽ കൂടി തന്നെ മുരണ്ടു.

"അറിയാത്തവർക്ക് അറിയിച്ചു കൊടുക്കണം മോളു. അതിനുള്ള ഫ്രീഡം നിനക്ക് ഞാനും ഡാഡിയും തന്നിട്ടുണ്ടല്ലോ? ബാക്കി വരുന്നത് ഞങ്ങൾ നോക്കികൊള്ളാം . നിന്നെ വിഷമിപ്പിച്ചവരെ വെറുതെ വിടരുത്. അത് ഞാനും നിന്റെ ഡാഡിയും തോൽക്കുന്നതിന് തുല്യമാണ് "

മറുവശത്ത് മമ്മയുടെ സ്വരം കൂടി കേട്ടത്തോടെ റിമി ഒന്നുക്കൂടി ഉഷാറായി.

"രണ്ടും കൂടി ഒരുമിച്ച് നിൽക്കുമ്പോൾ ബലം കൂടും. ഇനി എനിക്ക് നേരിടാനുള്ളത് സീതാ ലക്ഷ്മിയെയാണ്. ഇന്നെന്റെ മുന്നിൽ നിവർന്നു നിന്നവൾക്ക് എന്റെ വക ഗിഫ്റ്റ് "
റിമിയുടെ ചിരിക്ക് കൂടുതൽ ക്രൂരതയേറി.

"സൂക്ഷിച്ചു വേണം ഓരോ സ്റ്റെപ്പും മുന്നോട്ടു പോകാൻ "

ഡാഡിയുടെ മുന്നറിയിപ്പ്.

റിമി വിടർന്നു ചിരിച്ചു.

"ഞാൻ പറ്റിയൊരു ടീമിന്റെ ഡീറ്റിയൽ തരാം. മോളു അവരുമായി കൊണ്ടാക്ട് ചെയ്യുന്നതല്ലേ നല്ലത്? അവരാകുമ്പോൾ ചെയ്യുന്ന ജോലി നല്ല വെടിപ്പായി ചെയ്തിട്ട് പോരും. നീ വെറുതെ ടെൻഷനാവണ്ട."

അയാൾ അവളെ ഓർമിപ്പിച്ചു.

"അതൊന്നും വേണ്ട ഡാഡി "
റിമി കുടിലതയോടെ ചിരിച്ചു.

"മോളു... ഡാഡി പറയുന്നതിലും കാര്യമുണ്ടെടാ "
മമ്മിയുടെ വേവലാതി റിമി ചിരിച്ചു തള്ളി.

"അല്ലെങ്കിലും ഈ ചെയ്യുന്നതിനൊന്നും ഞാൻ ഉത്തരം പറയേണ്ടി വരില്ല. അതോർത്തു നിങ്ങൾ രണ്ടാളും വെറുതെ ടെൻഷൻ ആവേണ്ട. ഈ പണിക്കുള്ള കൂലി ഏറ്റുവാങ്ങാൻ ഇവിടെ തന്നെ കുറച്ചു മണ്ടൻമാർ റെഡിയാണ് "

റിമി ഉറക്കെ പൊട്ടിചിരിച്ചു.

"ഇവർക്ക് മുന്നിൽ ഇവരുടെ ആളായി മുന്നിൽ നിന്ന് കൊടുത്തു ചെയ്യിപ്പിക്കുന്നതാണ് എന്റെ റോൾ. സംഗതി നടന്നു കഴിഞ്ഞാൽ എന്റെ ചെക്കനെയും കൊണ്ട് ഞാനങ്ങു പറന്നു വരില്ലേ. തല്ലിക്കാനും കൊല്ലിക്കാനും നടന്നതിനുള്ളത് ഇവിടെ ഇവർക്കും കരുതി വെച്ചിട്ടാവും ഞാൻ വരുന്നത്. വെറുതെ പോലും എന്റെ കണ്ണനെ മോഹിച്ചതിനുള്ള ചെറിയൊരു ശിക്ഷ "

റിമി വികൃതമായി ഒന്ന് ചിരിച്ചു.

എതിരെ അവൾക്ക് നേരെ നടന്നു വരുന്ന മനോജിനെയും ജിബിനെയും കണ്ടപ്പോൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞിട്ട് റിമി പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു ജീൻസിന്റെ പോക്കറ്റിൽ തിരുകി.

"എന്തായി.. പോയ കാര്യം?"
അവർ അടുത്തേക്ക് എത്തും മുന്നേ മുന്നോട്ടു ചെന്നിട്ട് റിമി ആകാംഷയോടെ ചോദിച്ചു.

പരസ്പരം ഒന്ന് നോക്കിയിട്ട് മനോജും ജിബിനും വിരൽ ഉയർത്തി കാണിച്ചു.

"പറ "
റിമിയുടെ കണ്ണിൽ അക്ഷമയാണ്.

"ചെറുപ്പത്തിൽ തന്നെ അവളുടെ അമ്മ..."
മനോജ്‌ ആവേശത്തിൽ പറഞ്ഞു തുടങ്ങിയത് റിമി കൈ ഉയർത്തി തടഞ്ഞു.

"ഇട്ടിട്ട് പോയ കഥയും.. അവളുടെ അച്ഛൻ കുടിച്ചു കൂത്താടിയ കഥയുമൊന്നും അല്ല എനിക്കറിയേണ്ടത്. അതെല്ലാം എനിക്കും അറിയാം "

അവളുടെ സ്വരം കടുത്തു.
മനോജിന്റെയും ജിബിന്റെയും മുഖം വിളറി.
റിമിക്ക് തങ്ങളോടുള്ള പുച്ഛം ഒന്ന് മാറ്റി എടുക്കാനുള്ള അവസരമയാണ് അവരിതിനെ കണ്ടിരുന്നത്.

ഇങ്ങനൊരു ആവിശ്യം അവൾ അറിയിച്ചപ്പോൾ തന്നെ ചാടിയിറങ്ങി പോയതും അത് മനസ്സിൽ വെച്ചിട്ടാണ്.

അവർക്കൊരു ഇച്ഛാഭംഗം തോന്നി.
കാർത്തിക്ക് പോലും കൂടെ വേണ്ടന്ന് വെല്ലുവിളി നടത്തിയിട്ടു പോയതാണ്.
അവൾക്ക് മുന്നിൽ ഹീറോ ആവാൻ.
അതാണിപ്പോൾ യാതൊരു ദാക്ഷണ്യവുമില്ലാതെ തടഞ്ഞത്.

"എനിക്കറിയേണ്ടത് അവനെ കുറിച്ചാണ്. ഇന്നിവിടെ വന്നിട്ട് ഒരുത്തൻ ഷോ കാണിച്ചു പോയെന്ന് രാജിയാന്റി പറഞ്ഞില്ലേ.. അവനെ. അവനാരാണ്? എന്ത് ചെയ്യുന്നു? സീതാ ലക്ഷ്മിയുമായുള്ള ബന്ധം എന്താണ്?"
റിമിയുടെ കടുത്ത മുഖം.

മനോജിനും ജിബിനും ഭയം തോന്നി അവളെ നോക്കാൻ.

"അതിനെ കുറിച്ച് വല്ലതും അറിയാമെങ്കിൽ.. മാത്രം പറ "

റിമി കൈ കെട്ടി നിന്നു.

"ഹരി പ്രസാദ്.. അഗ്രികൾച്ചർ ഓഫീസറാണ്. അച്ഛൻ റിട്ടേയെർഡ് അധ്യാപകൻ. അമ്മയും ഒരു പെങ്ങളുമുണ്ട്. പെങ്ങളുടെ കല്യാണം കഴിഞ്ഞതാണ്. തിരുവനന്തപുരത്ത് നിന്നും ഈ മാസത്തോടെ ഇങ്ങോട്ട് ട്രാൻസ്ഫറായിട്ട് വന്നതാണ് "
മനോജ്‌ അഭിമാനത്തോടെ പറഞ്ഞു.
റിമി ഒന്ന് അമർത്തി മൂളി.

"സീതാ ലക്ഷ്മിയുമായിട്ടുള്ള ബന്ധം..."
അവളുടെ സ്വരത്തിൽ സംതൃപ്തി നിറഞ്ഞു.

"നാട്ടുകാർ പലതും പറയുന്നുണ്ട്. കുറച്ചു കാലമായി അവളുടെ കുടുംബത്തിന്റെ കൂടെയുണ്ട് ഇവൻ. ചേച്ചിയുടെ ആളെന്നും അനിയത്തിയുടെ ആളെന്നും നാട്ടിൽ സംസാരം പലതുമുണ്ട്."

ജിബിൻ ആവേശത്തിൽ പറഞ്ഞു.

റിമിയുടെ ചുണ്ടിൽ ഒരു പുച്ഛചിരി ഉണ്ടായിരുന്നു.

"പക്ഷേ.. അനിയത്തി ഇവിടെ പിടി മുറുക്കിയ സ്ഥിതിക്ക്, ചേച്ചിയുടെ ആളാവാനാണ് കൂടുതൽ സാധ്യത. സീതയുടെ ചേച്ചി പാർവതിയെ ഭർത്താവ് ഉപേക്ഷിച്ചു കളഞ്ഞതാണ്. നാല് വർഷം മുൻപ്. അതിലൊരു  കൊച്ചുമുണ്ട് "

മനോജ്‌ റിമിയെ നോക്കി പറഞ്ഞു.

"ഇവനെ ചെല്ലിയാണോ അവളുടെ ചേച്ചിയെ ഹസ്ബൻഡ് ഉപേക്ഷിച്ചു കളഞ്ഞത്?"
റിമി ചോദിച്ചു.

"അതറിയില്ല. ആവാനും അല്ലാതിരിക്കാനും സാധ്യതയുണ്ട്. കൂടുതൽ അറിയാൻ അവനെ കിട്ടേണ്ടി വരും. ഗിരിഷിനെ. പാർവതിയുടെ ഭർത്താവിനെ..."
മനോജ്‌ പറഞ്ഞു നിർത്തുമ്പോൾ റിമിയുടെ കണ്ണുകൾ വന്യമായി തിളങ്ങി.

                           ❣️❣️❣️❣️

"നിങ്ങളിപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്?"
അകത്തേക്ക് പാളി നോക്കി അർജുൻ വല്ലായ്മയോടെ ചോദിച്ചു.

ഉമ്മറത്തെ തിണ്ണയിൽ അവനെ പുച്ഛത്തോടെ നോക്കി കൊണ്ട് റെജിയും സമീറും ജയ്സനും ഇരിപ്പുണ്ട്.

"അതെന്ത് വർത്താനമാണ് അർജുൻ? കൂട്ടത്തിൽ ഒരുത്തൻ വീണു കിടക്കുമ്പോൾ വന്നു നോക്കേണ്ടത് കൂട്ടുകാരുടെ ഉത്തരവാദിത്തമാണ്. ഞങ്ങൾക്ക് നിന്നോടുള്ള സ്നേഹം നീ ഇപ്പോഴും തിരിച്ചറിയുന്നില്ല "
റെജി ചിരിയോടെ പറഞ്ഞു.

"എനിക്ക് അതിന് മാത്രം പ്രശ്നമൊന്നുമില്ല. ഞാൻ നാളെയോ മറ്റന്നാളോ വരാനിരിക്കുക്കയായിരുന്നു "
അർജുൻ വല്ല്യ താല്പര്യമില്ലാത്ത പോലെ പറഞ്ഞു.

"ഓ... സന്തോഷം.."
ജയ്സൻ ചുണ്ട് കോട്ടി.

അർജുൻ അത് കണ്ടില്ലെന്ന് നടിച്ചു വീർപ്പു മുട്ടലോടെയിരുന്നു.
പുറത്ത് കനം വെച്ച് തുടങ്ങുന്ന ഇരുട്ടിൽ അവന്റെ ആശങ്ക വളർന്നു.

ഇവരിങ്ങനെ പെട്ടന്ന് കയറി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

"വീട്ടിൽ നിന്റെ സുഖവിവരം അന്വേഷിച്ചു വന്നതല്ലേ ടാ ഞങ്ങൾ?ഒരു ഗ്ലാസ്‌ ചായയൊക്ക ആവാം."
അകത്തേക്ക് നീളുന്ന റെജിയുടെ കണ്ണുകൾ. അവരെ കുറിച്ച് ശെരിക്കും അറിയാവുന്ന അർജുൻ ഇരുന്നു ഞെളിയുന്നു പിരി കൊണ്ടു.

"നേരം ഇരുട്ടി. നിങ്ങൾക്ക് പോണ്ടേ?"
അർജുൻ കടുപ്പത്തിൽ ചോദിച്ചു.

"ഇരുട്ടിൽ പേടിക്കാൻ ഞങ്ങൾ അത്ര കൊച്ചു കുട്ടികൾ ഒന്നുമല്ല. ഒരു ചായ കുടിക്കാനൊക്കെ സമയമുണ്ട്. അല്ലേടാ?"
റെജി അർജുനെ നോക്കാതെ സമീറിനെയും ജയ്സനെയും നോക്കി കണ്ണിറുക്കി.

"ഇരിക്ക്.. ഞാൻ ചേച്ചിയെ വിളിക്കാം "
ഒടുവിൽ മറ്റൊരു നിവൃത്തിയും ഇല്ലെന്ന് കണ്ട് അർജുൻ എഴുന്നേറ്റു.

അപ്പോഴും അവർക്കുള്ള ചായയും കൊണ്ട് സീതയിറങ്ങി വന്നിരുന്നു.

അവളുടെ ദേഹത്തു പതിയുന്ന കഴുകൻ കണ്ണുകൾ...

അർജുൻ ദേഷ്യത്തോടെ പല്ല് കടിച്ചു.

"ചേച്ചി എന്ത് ചെയ്യുന്നു?"

റെജി മറ്റുള്ളവരെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് ചോദിച്ചു.

"നീയെന്നെ പെണ്ണ് കാണാൻ വന്നതാണോ?"
സീതയുടെ കടുത്ത മുഖം.. ഗൗരവത്തോടെയുള്ള ചോദ്യം.

റെജിയുടെ മുഖം വിളറി.

"അല്ല... അത് പിന്നെ.. അവനറിയാൻ താല്പര്യമുള്ളത് കൊണ്ട്..."
സമീർ റെജിയെ രക്ഷിക്കാൻ കളത്തിലിറങ്ങാനുള്ള പ്ലാൻ ആയിരുന്നു.

"കൂട്ടുകാരന്റെ അസുഖം അന്വേഷിച്ചു വന്നതല്ലേ? തത്കാലം അതറിഞ്ഞിട്ട് പോവാൻ നോക്ക്. സാമാന്യ മര്യാദയുള്ളത് കൊണ്ട് ഇത്തിരിയെങ്കിലും മാന്യത ഞങ്ങൾ കാണിച്ചു. അതും ഇല്ലാതെയാക്കരുത് "
സീത ഓർമിപ്പിച്ചു.

അവരുടെ മുഖം വിളറി വെളുത്തു.
അർജുന് നേരെ അവന്മാരുടെ മുഖം കൂർത്തു.
അവൻ പക്ഷേ മുഖം ഉയർത്തി നോക്കാതെയിരുന്നു.

പെട്ടന്ന് തന്നെ ചായയും കുടിച്ച് തീർത്തു മൂന്നാളും എഴുന്നേൽക്കുന്നത് വരെയും സീത ചുവരിൽ ചാരി കൈ കെട്ടി നിന്നു.
അവളുടെ നേരെ നോക്കാൻ കൂടി അവർക്കൊരു ഭയം തോന്നി.

"അച്ഛനെ കൂടി കണ്ടിട്ട്..ഇവിടെ വരെയും വന്നതല്ലേ?"
ജയ്സൻ ഒന്ന് കൂടി എറിഞ്ഞു നോക്കാനുള്ള ശ്രമത്തിലാണ്.
"അച്ഛൻ ഇന്ന് രാവിലെ കിടന്നു പോയതല്ല. ഇത്രയും നാൾ ഈ തോന്നൽ എന്തേ ഉണ്ടായില്ല?"
സീതയുടെ വാക്കുകൾ പിന്നെയും കടുത്തു.

"പോവാൻ നോക്ക്.. ഇനി ഈ സന്ദർശനം ഇവിടെ അനുവദിക്കില്ല. അതൂടെ മറക്കണ്ട "

സീത അവരെ നോക്കി യാതൊരു കൂസലുമില്ലാതെ പറഞ്ഞു.
അർജുനെ ഒന്ന് കൂടി തുറിച്ചു നോക്കി മൂന്നാളും ഇറങ്ങി പോയി.

നോവിച്ചു വിട്ട പാമ്പിന്റെ പകയോടെ സീതയുടെ മുഖം അവർക്കുള്ളിൽ അപ്പോഴും ജ്വലിക്കുന്നുണ്ടായിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story