സ്വന്തം ❣️ ഭാഗം 6

swantham

രചന: ജിഫ്‌ന നിസാർ

"എന്നാലുമെന്റെ കണ്ണാ...."

അത്ഭുതത്തോടെ ആദി കണ്ണനെ നോക്കിയപ്പോൾ അതിനേക്കാൾ കിളിപാറിയ അവസ്ഥയിലാണ് സിദ്ധു ഇരിക്കുന്നത്.

"ഇത്രയൊക്കെ ഒപ്പിച്ച് വെച്ചിട്ടും, പിറ്റേന്ന് നേരം വെളുക്കുംമുന്നേ നീ വീണ്ടും ഓടിപ്പോയത് എന്തിനാണെന്നാ എനിക്കിനിയും മനസ്സിലാവാത്തത്?"

ആദിയുടെ സംശയങ്ങൾ തീരുന്നില്ല..

കണ്ണനപ്പോഴും ചിരിയോടെ രണ്ടാളെയും നോക്കിയിരിക്കുന്നുണ്ട്.

"മറ്റൊന്നും കൊണ്ടല്ല. എനിക്കായിരുന്നു പ്രണയമുണ്ടായിരുന്നത്. ഞാനായിരുന്നു മോഹിച്ചത്. സീതയെ സംബന്ധിച്ച് അവൾക്കൊരിക്കലും പൊറുക്കാനും ക്ഷമിക്കാനും പറ്റാത്തതായ ഒരു കാര്യമാണ് നടന്നത്. അന്നേരത്തെ ടെൻഷനിലും വെപ്രാളത്തിലും നിന്ന് തന്നതാണേലും എനിക്കുറപ്പുണ്ടായിരുന്നു,അവളൊരിക്കലും ഇതൊന്നുമംഗീകരിച്ച് തരില്ലെന്ന്. അവളെ, അവളറിയാതെതന്നെ മനസ്സിലാക്കിയവനാണല്ലോ ഞാൻ?  എനിക്ക് തോന്നി.. ആ ഷോക്കിൽ നിന്നും വിട്ടു മാറിയാൽ സീതാ ലക്ഷ്മി ആദ്യം ചെയ്യുന്ന കാര്യം, ആ മാല ഊരി എന്നെ ഏല്പിച്ച് മടങ്ങുക എന്നതായിരിക്കും"കണ്ണൻ പറഞ്ഞു.

ആദിയുടെയും സിദ്ധുവിന്റെയും കണ്ണുകൾ കൂടുതൽ മിഴിഞ്ഞു വന്നിരുന്നു.

"ഞാനിവിടെ ഉണ്ടങ്കിലല്ലേ അവൾക്കത് എന്നെ ഏല്പിക്കാനാവൂ?  ഞാനല്ലെങ്കിൽ പിന്നെ മുത്തശ്ശി... ഇതിലേതെങ്കിലും ഒരു ഓപ്ഷനേ അവൾ തിരഞ്ഞെടുക്കൂ എന്നെനിക്ക് തോന്നി. മുത്തശ്ശിയോട് ചെറിയ രീതിയിൽ കാര്യമവതരിപ്പിച്ചു. അന്ന് മടങ്ങും മുന്നേ"

കണ്ണൻ വീണ്ടും രണ്ടാളെയും മാറിമാറി നോക്കി.

ഏതോ ക്രൈം ത്രില്ലർ സ്റ്റോറി കേൾക്കാൻ ഇരിക്കുന്ന ഭാവത്തിലാണ് രണ്ടുപേരും ഇരിക്കുന്നത്.

കണ്ണന് ചിരി വരുന്നുണ്ട് ആ കാഴ്ച കണ്ടപ്പോൾ...

"ആ മാല അവളെന്നെ തിരികെ ഏല്പിച്ചാൽ പിന്നീടൊരിക്കലും എന്റെ പ്രണയം അവിടെ സ്വീകരിക്കപ്പെടില്ല. അവളോട് തോന്നുന്ന സിമ്പതിയായിട്ട് മാത്രമേ അവൾക്കത് മനസ്സിലാകൂ. ഞാനിവിടെയില്ലെങ്കിൽ അവളാ മാല, ഞാൻ തിരികെ വരുന്നത് വരെയും സൂക്ഷിച്ചുകൊണ്ട് നടക്കും. ചതിക്കാൻ കൂട്ട് നിന്നവരോടുള്ള ദേഷ്യംകൊണ്ട് അതൊരിക്കലും അവരെ അവളേല്പിക്കില്ല" കണ്ണൻ ചിരിയോടെ പറഞ്ഞു.

"എടാ.. നിനക്കിത്രേം ബുദ്ധിയുണ്ടായിരുന്നോടാ? തിരിച്ചറിഞ്ഞില്ലല്ലോടാ അത്"

സിദ്ധു കണ്ണനെ നോക്കി വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു.

"ഇതൊക്കെയെന്ത്...."

കണ്ണൻ നിസ്സാരമാക്കിക്കൊണ്ട് ഒന്നുകൂടെ കയറിയിരുന്നിട്ട് വീണ്ടും കാൽ വിറപ്പിച്ചു.

"അതേലോ.... ഇതൊക്കെയെന്ത്.... ഇനിയാണ് കണ്ണൻമോൻ ശരിക്കും വിയർക്കാൻ പോണത്. സീതാ ലക്ഷ്മി ചവിട്ടി പുറത്താക്കുന്ന ആ നല്ല നാളുകൾ ഓൺ ദി വേയാണ് ഡോക്ടറേ" ആദി അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.

കണ്ണനത് പുച്ഛിച്ചു തള്ളി.

"നീ ഡോക്ടർ ആവേണ്ടവനായിരുന്നില്ല കണ്ണാ"

സിദ്ധു താടിയിൽ കൈ ചേർത്തുകൊണ്ട് കണ്ണനെ നോക്കി നെടുവീർപ്പോടെ പറഞ്ഞു.

"അതെന്താടാ സിദ്ധു അങ്ങനെ?" കണ്ണന്റെ നെറ്റി ചുളിഞ്ഞു.

"ഒരു ഡോക്ടർക്ക് ഇത്രയും ബുദ്ധി... ആഡംബരമല്ലേ എന്നൊരു തോന്നൽ"

സിദ്ധു പറയുന്നത് കേട്ട് കണ്ണൻ പൊട്ടിച്ചിരിച്ചു.

"കാണിച്ച് തരാടാ. നിന്റെ ഈ ഇളി. ഇവിടെയാ മുത്തശ്ശി മിനിറ്റിന് മിനിറ്റിന് പറയുന്നൊര് ഡയലോഗുണ്ടല്ലോ.. എന്താ ആദി അത്?" സിദ്ധു ആദിയെ നോക്കി ചോദിച്ചു.

"നിങ്ങൾക്ക് ഇങ്ങനെ ഉഴപ്പിനടക്കാതെ എന്റെ കണ്ണനെ കണ്ടു പഠിച്ചൂടേടാ ചെക്കമാരെ...."
ആദി മുത്തശ്ശി പറയുന്ന പോലെ ഭാവാഭിനയത്തോടെ പറഞ്ഞു.

വീണ്ടും കണ്ണന്റെ ചിരി അവിടെ മുഴങ്ങി.

ആദിയും സിദ്ധുവും സന്തോഷത്തോടെയാണ് അവന്റെ നേരെ നോക്കിയത്.

"മുത്തശ്ശിയോട് നിങ്ങളെന്ത് വേണമെങ്കിലും പറഞ്ഞോ. നോ പ്രോബ്ലം. പക്ഷേ, ഇവിടുത്തെ ആർത്തിപ്പണ്ടാരങ്ങളോട് ഇതൊന്നും പോയി പറഞ്ഞേക്കല്ലേ. എന്നെയിപ്പോഴും എങ്ങനെ ചവിട്ടി പുറത്ത് ചാടിക്കാം എന്നുതന്നെയാണ് ഇപ്പോഴുമവരുടെ ആലോചന" ചിരിയോടെ തന്നെയാണ് കണ്ണൻ അതും പറയുന്നത്.

അവനത് പറഞ്ഞപ്പോൾ ആദിയുടെയും സിദ്ധിവിന്റെയും മുഖം മാറിപ്പോയി.

                    ❣️❣️❣️❣️

"ഇനിയിവിടെ അടങ്ങി ഇരിക്കണം. ഞാൻ പോയിട്ട് കഴിക്കാനുള്ളത് എടുത്തിട്ട് വരാം"

കുളി കഴിഞ്ഞുവന്ന മുത്തശ്ശിയോട് സീത പറഞ്ഞു.

"ഓ..ഉത്തരവ്" അവർ വാ പൊത്തി, ഒന്ന് കുനിഞ്ഞുകൊണ്ടവളെ നോക്കി.

സീതയുടെ കണ്ണുകൾ കൂർത്തു. ഒന്നും പറയാതെ, ചാരിവച്ച വാതിൽ തുറന്ന് അവൾ പുറത്തേക്ക് പോയി..

അടുക്കളയിൽ, രാവിലെ സ്ഥിരമായി ഉണ്ടാവുന്ന തിരക്കുകളാണ്.

എട്ടു മണിയാവുന്നേയുള്ളൂ..

രാവിലെ വീട്ടിൽ നിന്നൊന്നും കഴിക്കാതെ വന്നതുകൊണ്ടായിരിക്കും, ഭക്ഷണങ്ങളുടെ സമ്മിശ്ര ഗന്ധം സീതയുടെ ഉള്ളിലെ വിശപ്പിനെ കുത്തിയെഴുന്നേൽപ്പിച്ചുകൊണ്ട് വരുന്നുണ്ട്.

അവിടെയുള്ള ആരെയും നോക്കാതെ, റാക്കിൽ നിന്നൊരു പാത്രം വലിച്ചെടുത്ത് അതിലേക്ക് മൂന്ന് ദോശയും കറിയും വലിയൊരു കപ്പിൽ ചായയും പകർന്നെടുത്തുകൊണ്ട് സീത തിരിഞ്ഞു നടന്നു.

അവളാരെയും നോക്കിയില്ലങ്കിലും, അവിടെയുള്ള പലരും അവളെ നോക്കി ദേഷ്യത്തോടെ പല്ല് കടിക്കുന്നുണ്ടായിരുന്നു. അവൾക്കാകട്ടെ നോക്കാതെ തന്നെ അതെല്ലാം അറിയാനും കഴിഞ്ഞിരുന്നു.

ഹാളിൽ നിന്നും തിരിയുംമുന്നേ ഒരു ചൂളം വിളി കേട്ടാണ് സീത തിരിഞ്ഞു നോക്കിയത്.

ടേബിളിൽ നിന്നാണ് അതിന്റെ ഉത്ഭവസ്ഥാനം എന്നവൾക്ക് മനസ്സിലായി.

അവിടെ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന ഭാവത്തിലിരിക്കുന്ന ഒരുവന്റെ കുറുമ്പിലേക്ക് നോക്കിയിരിക്കുന്ന ആദിയും സിദ്ധുവും.

സീത അവരെ നോക്കിയൊന്ന് കണ്ണുരുട്ടി.

ആദിയും സിദ്ധുവും കണ്ണനെയും സീതയെയും മാറിമാറി നോക്കുന്നുണ്ട്.

സീതയുടെ കണ്ണിൽ ദേഷ്യമാണ്. പക്ഷേ, കണ്ണൻ ചൂളമടിച്ചുകൊണ്ട് ഏതോ പാട്ടിന്റെ വരികൾക്കൊപ്പം മേശയിൽ കൈകൊണ്ട് പതിയെ തട്ടുന്നുണ്ട്.

അവനവളെ ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞതും സീത നോട്ടം മതിയാക്കി, പല്ല് കടിച്ചുകൊണ്ട് അകത്തേക്ക് പോയി.

"സമ്മതിച്ചു.. ഒടുക്കത്തെ ധൈര്യം തന്നെ. നിന്നിലെനിക്ക് വിശ്വാസമുണ്ടെടാ മോനെ"
ആദി കണ്ണന്റെ തോളിൽ തട്ടി.

കണ്ണൻ ചിരിച്ചുകൊണ്ട് അവൾ പോയ വഴിയേ നോക്കി.

                       ❣️❣️❣️❣️❣️

"ഇതെന്താ... പോയ പോലെയല്ലല്ലോ തിരികെ വന്നത്? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ മോളെ?"

മുന്നിലേക്ക് ഭക്ഷണമെടുത്തു വയ്ക്കുന്നവൾക്ക് വല്ലാത്ത കടുപ്പമുണ്ടെന്ന് തോന്നിയിട്ടാണ് മുത്തശ്ശി സീതയോടങ്ങനെ ചോദിച്ചത്.

"പിന്നേ.. പറയാനിങ്ങ് വരട്ടെ. ഞാൻ നിന്ന് കൊടുക്കുവല്ലേ?"

സീത പുച്ഛത്തോടെ പറഞ്ഞു. മുത്തശ്ശി അവളുടെ വീർത്ത് കെട്ടിയ മുഖം കണ്ട് ചിരിച്ചു.

"നീ കഴിച്ചോ?"

ദോശ മുറിക്കുന്ന സീതയോട് മുത്തശ്ശി ചോദിക്കുമ്പോൾ അവൾ പതിയെ മൂളി.

"സത്യം പറഞ്ഞോ? നേരത്തെ ഓടിപ്പിടഞ്ഞ് വരാനുള്ളത് കൊണ്ട് കഴിച്ചിട്ടുണ്ടാവില്ലല്ലേ?" സീതയുടെ കയ്യിൽ പിടിച്ചുകൊണ്ട് മുത്തശ്ശി ചോദിച്ചു.

അവളൊരു നിമിഷം തല ഉയർത്തി അവരെ നോക്കി.

"എനിക്ക് വേണ്ടാഞ്ഞിട്ടാ മുത്തശ്ശീ"

സീത ചെറിയൊരു ചിരിയോടെ മറുപടി പറഞ്ഞു.

"അതൊന്നും പറഞ്ഞാൽ പറ്റൂല. നീ പോയിട്ട് നിനക്കുകൂടി ഉള്ളത് എടുത്തിട്ട് വാ. നമ്മുക്ക് ഒരുമിച്ച് കഴിക്കാം മോളെ"

അവരത്രയും സ്നേഹത്തോടെ പറഞ്ഞത് നിരസിക്കാൻ സീതയ്ക്ക് തോന്നിയില്ല.

അവൾ വീണ്ടും അടുക്കളയിലേക്ക് നടന്നു.

                     ❣️❣️❣️❣️❣️

"ഓ.. കിരണെപ്പൊ വന്നു?"

മഹേഷിന്റെ ചോദ്യമാണ്. കണ്ണൻ തിരിഞ്ഞു നോക്കി.

ബന്ധം നോക്കുകയാണെങ്കിൽ ആദിയെയും സിദ്ധുവിനെയും പോലെത്തന്നെ. അമ്മാവന്റെ മകൻ. പക്ഷേ, മഹേഷിന്റെ മനസ്സിൽ അവന് അവകാശപ്പെട്ടതെന്തോ തട്ടിയെടുക്കാൻ വന്നവനോടുള്ള മനോഭാവമാണ്.

ഇവനെപ്പോലെത്തന്നെയാണ് ജിതേഷും. അവനും തമ്മിൽ കാണുമ്പോൾ ഒരു ചിരിക്കപ്പുറം വളർന്ന ബന്ധമില്ല.

പെൺപടകളിലുമുണ്ട് ഇങ്ങനെ രണ്ടു ചേരിതിരിവ്.

കൂടപ്പിറപ്പിനോടുള്ള സ്നേഹം ഒരുവശത്ത് ഏറ്റു വാങ്ങുമ്പോൾ.. മറുവശം ശത്രുതയുടെ തുറിച്ചു നോട്ടമാണ്.

"ഞാനിന്നലെ രാത്രി" മഹേഷിന്റെ ചോദ്യത്തിന് അതേ താല്പര്യമില്ലായ്മയിൽതന്നെ കണ്ണൻ ഉത്തരം കൊടുത്തു.

ഓരോരുത്തരായി ആ വലിയ മേശക്ക് ചുറ്റും വന്നുചേർന്ന് തുടങ്ങി.

തനിക്കെതിരെ നീളുന്ന അസ്വസ്ഥതകളുടെ കണ്ണുകൾക്ക് ആശ്വാസം പകരാൻ വേണ്ടിയാണ് കണ്ണൻ പെട്ടന്ന് കഴിച്ച് എഴുന്നേറ്റ് പോയതും.

                    ❣️❣️❣️❣️❣️❣️

മനസ്സിലെ ഭാരങ്ങളും തലേന്നത്തെ ഉറക്ക ക്ഷീണവുംകൊണ്ട് ഉച്ച തിരിഞ്ഞത് മുതൽ സീതയ്ക്ക് നല്ല തല വേദന തോന്നി.

മുത്തശ്ശി ഉച്ചമയക്കത്തിലാണ്.

കയ്യിലുണ്ടായിരുന്ന ഫോൺ ഓഫ് ചെയ്തു മേശയിൽ വച്ചുകൊണ്ട് അവളും ആ മേശയുടെ ഒരരുകിൽ തല ചേർത്തുവച്ചു കിടന്നു.

ഉറക്കെയാരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്ന് നോക്കിയത്.
തൊട്ടുമുന്നിൽ മുത്തശ്ശിയുടെ കണ്ണനെ കണ്ടപ്പോൾ സീത ചാടിയെഴുന്നേറ്റു.

അവന്റെ തുറിച്ചു നോട്ടം കണ്ടപ്പോൾ സീതയുടെ നെറ്റി ചുളിഞ്ഞു പോയി.

എന്താണാവോ കാരണം.?

എന്താണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവനോട് നേർക്കുനേർ നിന്നിട്ട് മിണ്ടാനാവുന്നില്ല.

"ഇങ്ങനെ കൂർക്കം വലിച്ചുറങ്ങാനാണോ ദുർഗാലക്ഷ്മി നീ ശമ്പളം വാങ്ങുന്നത്?"

ഗൗരവം നിറഞ്ഞ കണ്ണന്റെ ചോദ്യം.

ഞാൻ പിന്നെ ഒന്നും ചെയ്യാനില്ലാതെ തല കുത്തി നിൽക്കണോ എന്ന് ചോദിക്കാൻ വന്നത് അവൾ വളരെ കഷ്ടപ്പെട്ട് വിഴുങ്ങി.

ആ ചോദ്യം അവളുടെ മുഖത്തുനിന്നും കണ്ണൻ തിരഞ്ഞ് പിടിച്ചിരുന്നു.

"മുത്തശ്ശി ഉറങ്ങി.." കിടക്കയിലേക്ക് ചൂണ്ടി, പറയാൻ വന്നത് സീത പാതിയിൽ നിർത്തി.

മുത്തശ്ശി ചിരിച്ചുകൊണ്ട് അവളെ നോക്കിയിരിക്കുന്നു. 

'ഓഹോ.. മുത്തശ്ശിയും മുത്തശ്ശീടെ കിണ്ണനും മനുഷ്യനെ ചുറ്റിക്കാൻ ഇറങ്ങിയതാണ്'

സീതയുടെ മുഖം ചുവന്നു.

നുള്ളിപ്പെറുക്കി പറഞ്ഞ്, നിമിഷങ്ങൾകൊണ്ട് ദേഷ്യത്താൽ ചുവന്ന് പോയ സീതയുടെ മുഖം ഗൗരവത്തോടെ നോക്കുകയാണ് കണ്ണൻ.

അവന് അവളോട് ആ നിമിഷം വാത്സല്യമാണ് തോന്നിയത്.

ആരോ പറ്റിച്ചു പോയതിന് പിണങ്ങി നിൽക്കുന്ന ചെറിയൊരു പെൺകുട്ടി.

"വടി പോലിരിക്കുന്ന ആ സാധനമാണോ ദുർഗാലക്ഷ്മി നീ ഉറങ്ങിയെന്ന് പറഞ്ഞത്? കഷ്ടം!"

കണ്ണൻ വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻതന്നെ ശ്രമിക്കുകയാണ്.

"കിണ്ണനിപ്പൊ എന്താ വേണ്ടേ? ഞാനും അത് പോലെയിരിക്കണോ?"

കണ്ണനെ നോക്കി സീത പെട്ടന്ന് ചോദിച്ചു.

"എന്തോന്ന്?"

അവൾ പറഞ്ഞത് വളരെ വ്യക്തമായിട്ട് കേട്ടിരുന്നുവെങ്കിലും കണ്ണൻ വീണ്ടും നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.

രണ്ടുപേരുടെയും ഭാവം കണ്ട്, മുത്തശ്ശി കിടക്കയിലിരുന്ന് ചിരിക്കുന്നുണ്ട്. 

"ഞാനെന്താ ചെയ്യേണ്ടതെന്ന്?" സീത ഇപ്രാവശ്യം, ചോദ്യം അൽപ്പം വെട്ടിച്ചുരുക്കി.

"അത് അവിടെ നിക്കട്ടെ. ആദ്യം നീ എന്താ എന്നെ വിളിച്ചത്?. അത് പറ "

കണ്ണൻ വീണ്ടും അവളുടെ അരികിലേക്ക് നീങ്ങി നിന്നിട്ട് ചോദിച്ചു.

അൽപ്പം പോലും അനങ്ങാതെ, സീത നെഞ്ചിൽ കൈ കെട്ടി അവന്റെ നേരെ നോക്കി നിന്നു.

"ഇയാൾക്ക് എന്നെ തോന്നുന്നത് വിളിക്കാമെങ്കിൽ.. അതെനിക്കുമാവാം" ഒട്ടും പതറാത്ത സീതയുടെ മറുപടി.

കണ്ണന്റെ മുഖം തെളിഞ്ഞു.

'വിചാരിച്ചതിനേക്കാൾ മിടുക്കിയാണല്ലോ സീതാ ലക്ഷ്മീ നീ '

മനസ്സ് കൊണ്ടവൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു.

"ഒന്ന് നിർത്തെന്റെ കണ്ണാ നീ. വന്നു കയറിയപ്പോൾ മുതൽ തുടങ്ങിയതല്ലേ ന്റെ മോളെ ഇട്ട് വട്ട് പിടിപ്പിക്കുന്നത്. ഇനി അടി മേടിക്കും നീ"

കിടക്കയിലിരുന്ന മുത്തശ്ശി പറഞ്ഞത് കേട്ട് സീത പുരികമുയർത്തി കണ്ണനെ നോക്കി.

അവളുടെ മുഖത്തുള്ള വിജയച്ചിരി.

"നിനക്കുള്ളത് ഞാൻ തരാം ട്ടോ ദുർഗാലക്ഷ്മി. ഇപ്പൊ പോയിട്ട് ഇച്ചിരി ധൃതിയുള്ളതാ"

കണ്ണൻ കണ്ണുരുട്ടി പറഞ്ഞത് സീത പുച്ഛിച്ചുകൊണ്ട് നേരിട്ടു.

"പോയിട്ട് വരാട്ടോ മുത്തശ്ശി"

സീതയെ ഒന്നുകൂടി കനപ്പിച്ചു നോക്കിക്കൊണ്ട് കണ്ണൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story