സ്വന്തം ❣️ ഭാഗം 60

swantham

രചന: ജിഫ്‌ന നിസാർ

പതിവിലും നേരത്തെ എഴുന്നേറ്റ സീത കുറച്ചു നേരം അതേ കിടപ്പ് തുടർന്നു.പിന്നെ പതിയെ എഴുന്നേറ്റിരുന്നു.

പാർവതി എഴുന്നേറ്റു പോയിരുന്നു.

അഴിഞ്ഞു കിടന്ന മുടി വാരി പിടിച്ചു കെട്ടി സീത മുഖം അമർത്തി തുടച്ചു.

ലല്ലുമോൾ സുഖമായി ഉറങ്ങുന്നുണ്ട്.

സീത അവളെ ഒന്ന് കൂടി പുതപ്പിച്ചു കൊടുത്തു.
പാർവതി എഴുന്നേറ്റ് പോയപ്പോൾ അവൾക്കരികിൽ വെച്ച് കൊടുത്ത തലയിണയിൽ കെട്ടിപിടിച്ചു പിടിച്ചു കൊണ്ടാണ് പെണ്ണിന്റെ കിടപ്പ്.

പെട്ടന്നെന്തോ ഓർത്തത് പോലെ സീത ഫോൺ എടുത്തു.
നെറ്റ് ഓൺ ചെയ്തു കൊണ്ട് കണ്ണന്റെ മെസ്സേജ് വല്ലതും ഉണ്ടോ എന്ന് ധൃതിപിടിച്ചു നോക്കി.

ഇന്നലെ കണ്ണിലുറക്കം വരും വരെയും കാത്തിരുന്നിട്ടും ഒന്നും മിണ്ടിയിട്ടില്ല.
അരികിൽ ചേച്ചി ഉണ്ടെന്ന് അറിയുന്നത് കൊണ്ട് തന്നെ മെസ്സേജ് മാത്രം അയക്കും.

താൻ അങ്ങോട്ട് അയച്ച ഗുഡ് നൈറ്റ്‌ മെസ്സേജിന് താഴെ ശൂന്യമായി കിടക്കുന്നു.
അവനാ മെസ്സേജ് കണ്ടിട്ടുണ്ട്.

പക്ഷേ ഒന്നും മിണ്ടാതെ പോയിരിക്കുന്നു.

സീതയുടെ നെഞ്ച് കനച്ചു.
എന്ത് പറ്റിയെന്ന ആധി അവളെ വെപ്രാളപെടുത്തി.

പതിവില്ലാത്തതാണ്. എത്ര തിരക്കിനിടയിൽ പോലും തന്നെ മറന്നു കളയാത്തവൻ.

അവൾക്ക് ശ്വാസം മുട്ടി.

സീത പിടഞ്ഞെഴുന്നേറ്റു.

മുറി വീട്ടിറങ്ങും മുന്നേ തന്നെ കേട്ടിരുന്നു, സുധാകരൻ വലിയ ശബ്ദത്തിൽ ശ്വാസമെടുക്കുന്നത്.
ഇടയ്ക്കിടെ ഉയരുന്ന ഉച്ചത്തിലുള്ള ചുമ.
അവൾക്ക് വീണ്ടും ശ്വാസം മുട്ടി.

പുറത്തേക്കിറങ്ങി വൃത്തിയായി വന്നപ്പോഴും പാർവതി സുധാകരന്റെ മുറിയിലാണ്.

ഒരു ഗ്ലാസ്‌ ചായ കുടിക്കാൻ എടുക്കുന്നതിനിടെ വലിയ ശബ്ദത്തിൽ വീണ്ടും സുധാകരൻ ചുമച്ചു തളരുന്നു.

ഇപ്പുറത്തെ മുറിയിൽ കിടന്നു കൊണ്ട് അമ്മമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നു.

സീത കയ്യിലെടുത്ത ചായ ഗ്ലാസ്‌ തിരികെ വെച്ച് കൊണ്ട് വേഗം അകത്തേക്ക് നടന്നു.

അർജുനും പാർവതിയും മുറിയിലുണ്ട്.

തളർന്നു തൂങ്ങി ചുവരിൽ ചാരിയിരിക്കുന്ന അച്ഛനെ സീത വേദനയോടെ നോക്കി.

"എനിക്ക്... എനിക്ക് പേടിയാവുന്നു സീതേ "
പാർവതിയുടെ സ്വരം ചിലമ്പി.

ഒന്നും പറയാതെ സീത അവളുടെ കയ്യിൽ അമർത്തി പിടിച്ചു.
"എനിക്കും.."
അവളുടെ ഉള്ളം മന്ത്രിച്ചു.

"ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ സീതേച്ചി?"
അർജുനും പേടിയോടെ ചോദിച്ചു.

അത് കേട്ടയുടൻ വേണ്ടന്ന് ആ അവശതയിലും സുധാകരൻ.. വിളിച്ചു പറഞ്ഞു.

"ഇവിടാരും എംബിബിസ് എടുത്തിട്ടില്ല. ഹോസ്പിറ്റലിൽ പോവാതെ മരുന്ന് കുറിച്ച് തരാൻ "
സീതക്കത് കണ്ടിട്ട് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.

"നീ റെഡിയാവ് അജു. ചേച്ചി ഇവിടെ നിൽക്കട്ടെ. മോൾക്ക് സ്കൂളിൽ പോവണ്ടതല്ലേ?"
സീത തിരിഞ്ഞു.

"മോളെ...."
സുധാകരന്റെ തളർന്ന സ്വരം.

ഓർമയുറച്ചതിൽ പിന്നെ അത്രയും വാത്സല്യത്തോടെ സ്നേഹത്തോടെ ആ വിളി കേട്ടിട്ടില്ല.
സീതയുടെ ഹൃദയം വിറച്ചു പോയി.

കണ്ണ് നിറയാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.

"എനിക്കെങ്ങും പോവണ്ട. ഇത് ഇടയ്ക്കിടെ ഉള്ളതാ.. കുറച്ചു കഴിയുബോൾ മാറും. ആവുന്ന കാലത്ത് നിങ്ങളെയിട്ട് നരകിപ്പിച്ചു. ഇനിയും അച്ഛനെ കൊണ്ട് അത് തന്നെ ചെയ്യിപ്പിക്കല്ലേ.."
അപേക്ഷിക്കുന്നു...

വലിയൊരു ചുമയോടെ അയാളത് പറഞ്ഞു നിർത്തിയതും സീത തളർച്ചയോടെ ഭിത്തിയിൽ ചാരി.

പാർവതി സുധാകരന്റെ നെഞ്ച് തടവി കൊടുത്തു.

"പേടിക്കേണ്ട.. ഇത്തിരി കിടന്നാ ഇതങ് മാറിക്കോളും."
വീണ്ടും അയാൾ ആശ്വാസിപ്പിക്കുന്നത് പോലെ സീതയെ നോക്കി.
വീണ്ടും വീണ്ടും അവൾക്ക് ശ്വാസം വിലങ്ങി.

                              ❣️❣️❣️

അന്ന് പതിവിലും വൈകിയിട്ടാണ് സീത ശ്രീ നിലയത്തിലേക്ക് പോവാനിറങ്ങിയത്.

പാർവതി സുധാകരന്റെ കൂടെ ആയിരുന്നത് കൊണ്ട് തന്നെ സീത അടുക്കളയിൽ കയറി.
അത്യാവശ്യം വേണ്ടുന്നതെല്ലാം ധൃതി പിടിച്ചു ഒരുക്കിയെടുത്തു.
ലല്ലു മോളെ വിളിച്ചുണർത്തി പല്ല് തേപ്പിച്ചതും ചായ കൊടുത്തതുമെല്ലാം അർജുനാണ്.

അവനും ഇന്ന് മുതൽ കേളേജിൽ പോയി തുടങ്ങാൻ കരുതിയിരുന്നു.

മുറിവുകളെല്ലാം വാടി തുടങ്ങി. ഇനിയും വെറുതെ ക്ലാസ് കളയേണ്ടതില്ലെന്ന് അവന്റെ തന്നെ തീരുമാനമാണെന്നത് സീതക്കും പാർവതിക്കും ആശ്വാസമാണ് നൽകിയത്.

സീത ഓടി പിടഞ്ഞു കുളിച്ചു വരുമ്പോഴേക്കും ലല്ലു മോളെ പാർവതി റെഡിയാക്കി നിർത്തിയിരുന്നു.

നിന്ന നിൽപ്പിൽ ഒരു ഗ്ലാസ്‌ ചായയും വലിച്ചു കുടിച്ചു കൊണ്ട് സീത പോവാനിറങ്ങി.

ഇറങ്ങും മുന്നേ അവളൊരിക്കൽ കൂടി അച്ഛന്റെ മുറിയിലേക്ക് ചെന്നു.

ശാന്തമായി ഉറങ്ങുന്നു.

എന്നിട്ടും തൊണ്ടയിൽ ഒരു കരച്ചിൽ കനത്തു.
എന്തിനെന്നറിയാതൊരു നോവ് നെഞ്ചിൽ നെടുകെ കീറി മുറിച്ചു കൊണ്ട് പാഞ്ഞു പോവുന്നു..

ആ നെറ്റിയിൽ പതിയെ ഒന്ന് തടവിയിട്ട് സീത തിരിച്ചിറങ്ങി.

"എന്തുണ്ടങ്കിലും വിളിക്കണേ ചേച്ചി."
പോവും മുന്നേ പാർവതിയെ ഓർമപെടുത്തി.

ഉള്ളിൽ ഊറി കൂടിയ പേടിയത്രയും പാർവതിയുടെ മുഖത്തു തെളിഞ്ഞു കാണുന്നുണ്ട്.

ഒരു നിമിഷം കൂടി നിന്നിട്ട് സീത ലല്ലുവിന്റെ കൈ പിടിച്ചു കൊണ്ട് ഇറങ്ങി..
കൂടെ നടക്കുമ്പോൾ ലല്ലു എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
ഒരു മൂളൽ പോലും ഉത്തരം കിട്ടാഞ്ഞിട്ടാവും ലല്ലു പിന്നെ ഒന്നും മിണ്ടാതെ അവൾക്കൊപ്പം ധൃതിയിൽ നടന്നു.

റോഡിലിറങ്ങി ചെന്നിട്ടും ലല്ലുവിന്റെ ബസ് വന്നിട്ടില്ല. സീത വാച്ചിലേക്കും ബസ് വരുന്ന സൈഡിലേക്കും മാറി മാറി നോക്കുന്നുണ്ട്.

സ്കൂൾ കുട്ടികളും അവരെ കൊണ്ട് പോകാനുള്ള വാഹനങ്ങളും പിന്നെ ജോലിക്ക് പോവാനിറങ്ങിയവരുമായി അത്യാവശ്യം തിരക്കുണ്ട് റോഡിൽ.
സീത ആരെയും ശ്രദ്ധിക്കാതെ അതേ നിൽപ്പ് തുടർന്നു.

സീത മുള്ളിൽ നിൽക്കുന്നത് പോലൊരു അവസ്ഥയിലായിരുന്നു.

ദേ.. ചിറ്റേ.. ഹരി അങ്കിൾ "ലല്ലു മോൾ ആവേശത്തിൽ പറയുന്നത് കേട്ടിട്ടാണ് സീത തിരിഞ്ഞു നോക്കിയത്.

"അച്ഛന് എങ്ങനെയുണ്ടെടി?"
വന്നയുടൻ ലല്ലുവിനെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചിട്ടാണ് ഹരി സീതയോട് ചോദിച്ചത്.

"ഇന്നലെ തന്നെ ഒട്ടും വയ്യായിരുന്നു."
ഹരി വീണ്ടും സീതയെ നോക്കി.

"ഇന്നത്രേം വയ്യെടാ ഹരി "
അവളുടെ സ്വരം നേർത്തു.

"ഹോസ്പിറ്റലിൽ വിളിച്ചിട്ട് വരുന്നുമില്ല "
അവൾ സങ്കടത്തോടെ അവനെ നോക്കി.

"സങ്കടപെടേണ്ട. ഒട്ടും വയ്യെന്ന് തോന്നിയ വൈകുന്നേരം നമ്മക്ക് തൂക്കിയെടുത്ത് കൊണ്ട് പോവാം. അതിനിപ്പോ നിന്റെ അച്ഛന്റെ സമ്മതമൊന്നും വേണ്ട "
ഹരി അവളെ നോക്കി കണ്ണടച്ച് കാണിച്ചു.

"ഇന്നെന്തേ.. ന്റെ ലല്ലു മോളുടെ ബസ് നേരം വൈകിയോ "
ചോദ്യത്തോടൊപ്പം തന്നെ ഹരി ലല്ലുവിനെ പൊക്കിയെടുത്തു ബൈക്കിന്റെ മുന്നിലിരുത്തി.

അവൾ ചിരിയോടെ രണ്ടു കൈകൾ കൊണ്ടും ഹാൻഡിൽ പിടിച്ചു തിരിച്ചു കൊണ്ട് ഗമയോടെയിരുന്നു.

"ബസ് കാണുന്നില്ല..എനിക്കങ്ങെങ്കിൽ പോവാനും ടൈമായി "
സീത വീണ്ടും വാച്ചിലേക്ക് നോക്കി.

"ഒരു കാര്യം ചെയ്യൂ.. നീ വിട്ടോ. കുഞ്ഞിനെ ഞാൻ കയറ്റിവിട്ടോളാം "
ഹരി സീതയുടെ കയ്യിൽ നിന്നും ലല്ലുവിന്റെ ബാഗ് വാങ്ങി.

"നമ്മുക്കിതിൽ പോയാലോ അങ്കിളെ?"
ലല്ലു മോൾ തല ചെരിച്ചു കൊണ്ട് ഹരിയെ നോക്കി.
"അതൊന്നും വേണ്ട.. ബസ് ഇപ്പൊ വരും "
സീത കണ്ണുരുട്ടി.

"ബസ്സിൽ വേണമെങ്കിൽ നീ കയറി പോയിക്കോ. ഇന്ന് ഞാനും എന്റെ മോളും ബൈക്കിലാണ് പോവുന്നത്. അല്ലേ?"

ഹരി സീതയെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
അത് കണ്ടിട്ട് ലല്ലു കൈ കൊട്ടി ചിരിച്ചു.
അവളുടെ കാണിച്ചു കൂട്ടൽ കണ്ടിട്ട് സീതയ്ക്കും ചിരി വന്നിരുന്നു.

"പോട്ടെ ടി "
ചിരിയോടെ ഹരി ബൈക്ക് സ്റ്റാർട് ചെയ്തു.
ഒന്ന് തലയാട്ടി കൊണ്ട് സീത ചിരിയോടെ കൈ വീശി.

അവരുടെ പോക്ക് ഹൃദയത്തിലൊരു തണുപ്പ് നൽകുന്നുണ്ട്.

സീത വരമ്പിലേക്കിറങ്ങി.

വീണ്ടും ധൃതിയോടെ നടന്നു.

മനസ്സിലേക്ക് വീണ്ടും കണ്ണനെ കുറിച്ച് ഓർമ വന്നു.
അവളുടെ ഹൃദയത്തിലെ തണുപ്പ് മാറി.. പകരമവിടം ചുട്ടുപഴുത്തു തുടങ്ങി.

ബാഗിൽ കിടന്നു ഫോൺ ബെല്ലടിച്ചത് കേട്ടപ്പോൾ മനസൊന്നു തുള്ളി.
കണ്ണനാവും എന്നുറപ്പിച്ചു കൊണ്ട് തന്നെയാണ് ഫോൺ എടുത്തത്.

നല്ലത് നാലെണ്ണം പറയണം കിണ്ണനോട് എന്നൊരു പരിഭവത്തോടെ ധൃതിയിൽ ഫോൺ ചെവിയിൽ ചേർത്ത് വെച്ചു.

"ഹലോ ചേച്ചി.. ഞാൻ നിമ്മിയാണ്.."

സീത ഒരു നിമിഷം കണ്ണടച്ച് പിടിച്ചു നിന്നു പോയി.

"കേൾക്കുന്നില്ലേ ചേച്ചി?"
വീണ്ടും നിരഞ്ജനയുടെ ശബ്ദം.

"ആഹാ.. പറ മോളെ. കേൾക്കുന്നുണ്ട് "

സീത വീണ്ടും നടന്നു കൊണ്ട് പറഞ്ഞു.

"ചേച്ചി... അർജുൻ.. അവനെങ്ങനെയുണ്ട്.?"
കാതിൽ അവളുടെ വേദന നിറഞ്ഞ സ്വരം.

അർജുൻ രണ്ടു ദിവസം ലീവ് ആയിരുന്നപ്പോൾ അവൾ വിളിച്ചിരുന്നു.
മറ്റെന്തെങ്കിലും കെണിയിൽ പെട്ടതാണ് എന്ന് പേടിച്ചു വിളിച്ചവളോട് സീതയാണ് പറഞ്ഞത്.

അടി കിട്ടിയതാണ് എന്നല്ല.. ഒരു ചെറിയ അപകടം.
അതാണ്‌ നിരഞ്ജനയോട് പറഞ്ഞത്.

അന്ന് മുതൽ നിരന്തരം ഓരോ മണിക്കൂർ ഇടവേളയിൽ അവൾക്ക് അർജുന്റെ വിശേഷമറിയണം.
മെസ്സേജായിട്ടാണ് ചോദ്യം മുഴുവനും.

സീതക്ക് ചിരി വരും അവളുടെ വെപ്രാളം കാണുമ്പോൾ..

എങ്കിലും ക്ഷമയോടെ അവൾക്ക് അറിയേണ്ടതെല്ലാം പറഞ്ഞു കൊടുക്കും.

"ചേച്ചി..."
വീണ്ടും അക്ഷമയോടെയുള്ള വിളി.

"നിന്റെ അർജുൻ ഇന്നങ്ങോട്ട് പോന്നിട്ടുണ്ട്. ഇനി വേണ്ട വിവരങ്ങൾ സ്വയം ചോദിച്ചു വാങ്ങിക്കോ ട്ടോ "
സീത ചിരിയോടെ പറഞ്ഞു.

"വയ്ക്കട്ടെ ചേച്ചി.."
നിരഞ്ജനയുടെ നനഞ്ഞ സ്വരം.
അർജുനെ ഫേസ് ചെയ്യേണ്ടത് ഓർത്തു കാണും.

അവനിൽ നിന്നും അൽപ്പം മാറി നിൽക്കാൻ തീരുമാനമെടുത്തതും അവൾ തന്നെയാണ്.

"ടെൻഷൻ ആവണ്ട.. ഒക്കെ ശെരിയാവും. നിന്റെ സ്നേഹം അവനറിയുക തന്നെ ചെയ്യും നിമ്മി "
സീത അലിവോടെ പറഞ്ഞു.
ഒന്ന് മൂളിയതല്ലാതെ നിരഞ്ജന ഒന്നും പറഞ്ഞില്ല.

                           ❣️❣️❣️❣️

ശ്രീ നിലയത്തിലെത്തുമ്പോൾ കിതച്ചു പോയിരുന്നു.
എന്നിട്ടും കണ്ണുകൾ ആർത്തിയോടെ നാല് പാടും പ്രാണനെ തേടിയലഞ്ഞു.

ഒന്ന് കണ്ടാൽ തീരുന്നതേയുള്ളു ഈ ഭാരമെന്ന് ഹൃദയം അലമുറയിട്ടു.

ഒന്ന് നോക്കിയാൽ തീരുമല്ലോ ഈ ദാഹമെന്ന് കണ്ണുകൾ പരിതപിച്ചു.

മുത്തശ്ശി കാത്തിരിക്കുന്നു എന്നോർമയിൽ ഭാരമെറിയ കാലുകൾ വലിച്ചു വെച്ച് കൊണ്ട് സീത അകത്തേക്ക് നടന്നു.

മുത്തശ്ശിയിലും ഒരു മങ്ങൽ ഉള്ളത് പോലെ സീതയ്ക്ക് തോന്നി.

"കണ്ണനെ കണ്ടോ മോളെ നീയ്?"

കയ്യിൽ കുഴമ്പ് തേച്ചു പിടിപ്പിക്കുന്ന സീതയെ നോക്കി മുത്തശ്ശി ചോദിച്ചു.
അവളുടെ നെറ്റി ചുളിഞ്ഞു.

"ഇല്ല.. എന്തേ?ഉയരുന്ന ഹൃദയമിടിപ്പോടെ സീത ചോദിച്ചു.
"ഒന്നുമില്ല.. നീ വന്നോയെന്ന് രണ്ടു പ്രാവശ്യം വന്നു നോക്കിയിട്ട് പോണത് കണ്ടു "

മുത്തശ്ശി പറഞ്ഞത് കേട്ടിട്ട് വീണ്ടും സീതയുടെ ഹൃദയം പിടച്ചു.

ഓടി പോയി നോക്കുവാൻ മനം കൊതിക്കുന്നുണ്ട്.
പക്ഷേ മുത്തശ്ശിയെ ഇങ്ങനെയിട്ട് പോവാൻ വയ്യ.

"ഇനി മതി മോളെ. ഞാൻ വേഗം കുളിച്ചിട്ട് വരാം "

അവളുടെ അവസ്ഥ മനസിലായത് പോലെ മുത്തശ്ശി പറഞ്ഞു.

സീത മറുതൊന്നും പറയാതെ തലയാട്ടി.

"കണ്ണേട്ടൻ എന്നിട്ടും എന്താവോ ഒന്ന് വിളിക്കാഞ്ഞത്?"
ആ ചോദ്യമവളെ ഓരോ നിമിഷവും പേടിപ്പിച്ചു.

മുത്തശ്ശി കുളിച്ചിറങ്ങി വന്നതും സീതയവർക്ക് കഴിക്കാൻ ഉള്ളതെടുത്തു കൊടുത്തു.

"മോള് പോയി കണ്ണനെവിടെയെന്ന് നോക്ക്. ഞാൻ കഴിച്ചോളാം "

മുത്തശ്ശി സീതയോട് അലിവോടെ പറഞ്ഞു.

അവരെ ഒരു നിമിഷം നോക്കി നിന്നിട്ടാണ് സീത പുറത്തേക്ക് നടന്നത്.

കുളകടവിൽ പോയിട്ടുണ്ടാവില്ല.
അങ്ങനെയെങ്കിൽ അങ്ങോട്ട്‌ വരണമെന്ന് പറഞ്ഞിട്ട് ഒരു മെസ്സേജെങ്കിലും ഉണ്ടാവുമായിരുന്നു.

അവൾ അവന്റെ മുറിയുടെ നേരെ നടന്നു.

അടഞ്ഞു കിടക്കുന്ന മുറിയുടെ മുന്നിൽ ഹൃദയമിടിപ്പോടെ സീത നിന്നു.

ഇടവും വലവും ഒന്ന് നോക്കിയിട്ടാണ് സീത വാതിൽ തുറന്നത്.

കട്ടിലിൽ മുഖം കുനിച്ചിരിപ്പുണ്ട്. ഇത് വരെയും തേടി കൊണ്ടിരുന്നവൻ.
അവൾ ഒന്ന് ശ്വാസമെടുത്തു.

ജീവൻ തിരിച്ചു കിട്ടിയത് പോലൊരു ആശ്വാസം തോന്നി.

വാതിൽ തുറന്നതറിഞ്ഞ കണ്ണൻ മുഖം ഉയർത്തി നോക്കി.

സീതയെ കണ്ടതും കാറ്റ് പോലെ പാഞ്ഞു വന്നവൻ അവളെ ഇറുകെ പിടിച്ചു.

സീത ഉലഞ്ഞു പോയിരുന്നു, പെട്ടന്നുള്ള അവന്റെയാ പ്രവർത്തിയിൽ.

ശ്വാസം പോലും വിടാതെ ഒരേ നിൽപ്പ്.

"കണ്ണേട്ടാ..."അൽപ്പം കഴിഞ്ഞു 
സീത പതിയെ വിളിച്ചു നോക്കി.

കണ്ണൻ പതിയെ അവളിൽ നിന്നും വിട്ട് മാറി.

"എന്താ.. എന്ത് പറ്റി?"

അലങ്കോലമായ മുടിയിഴകൾ. സങ്കടം നിഴലിക്കുന്ന കണ്ണുകൾ.
അവൾക്കുള്ളം വേദനിച്ചു.

തുറന്നു കിടക്കുന്ന വാതിൽ അടച്ചു കൊണ്ട് കണ്ണനെ അവളെയും കൊണ്ട് കിടക്കയിൽ ഇരുന്നു.

"എന്തെങ്കിലും ഒന്ന് പറയുവോ.. ഇന്നലെ രാത്രി മുതൽ ഞാൻ കിടന്നു പിടയുവാ. എന്ത് പറ്റിയെന്നറിയാതെ.എന്താ നിങ്ങൾക്ക് പറ്റിയത്?"
സീത അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു.

"ഞാൻ.. എനിക്കിന്ന് വൈകുന്നേരം അത്യാവശ്യമായി ഒന്ന് ബാംഗ്ലൂരിൽ പോണം"
സീതയുടെ കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് കണ്ണൻ പറഞ്ഞു.

സീത ഒന്ന് വിറച്ചു പോയി.

വല്ലാത്തൊരു പേടി ഹൃദയം അടക്കി ഭരിക്കാൻ തയ്യാറെടുക്കുന്നത് അവളറിഞ്ഞു.

"ഞാൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്നും വിളിച്ചിരുന്നു. ഇന്നലെ രാത്രി. എനിക്ക് പകരം ഒരാളെ നിർത്തിയിട്ടാണ് ഞാൻ ലീവെടുത്തു പോന്നത്. അയാൾക്കൊരു അപകടം. ഞാൻ ചെല്ലാതെ ഇപ്പൊ വേറെ വഴിയില്ല. മാറ്റാരെയെങ്കിലും സെറ്റായി കിട്ടുന്നത് വരെയും എനിക്കവിടെ നിന്നെ മതിയാവൂ "
അങ്ങേയറ്റം സങ്കടത്തോടെയാണ് കണ്ണൻ പറയുന്നത്.

സീത ശ്വാസം പിടിച്ചിരുന്നു.

"എനിക്ക്.. എനിക്ക് മുന്നിൽ വേറൊരു ഓപ്‌ഷൻ ഇല്ലാഞ്ഞിട്ടാ ലച്ചു. അല്ലെങ്കിൽ നിന്നെ ഈ അവസ്ഥയിൽ വിട്ടിട്ട് ഞാൻ പോകുവോ? ഇന്നേരം വരെയും മറ്റെരെങ്കിലും എനിക്ക് പകരം കിട്ടുമോ എന്നറിയാനുള്ള അന്വേഷണത്തിലായിരുന്നു ഞാൻ. പക്ഷേ.."

അവന്റെ സ്വരം തളർന്നു തൂങ്ങി.

"ഒറ്റയടി വെച്ച് തരും ഞാൻ.. ഇതിനാണോ..?"
സീത കണ്ണുരുട്ടി.

ഉള്ളിലെ പിടച്ചിൽ അവൾ മനഃപൂർവം മറച്ചു വെച്ചു.

കണ്ണൻ തല താഴ്ത്തി.

"ജോലിയല്ലേ കണ്ണേട്ടാ ഏറ്റവും ഇമ്പോര്ടന്റ്റ്‌?"
കുഞ്ഞു കുട്ടികളെ പോലെ പിണങ്ങിയിരിക്കുന്നവന്റെ താടിയിൽ പിടിച്ചുയർത്തി കൊണ്ട് സീത ചോദിച്ചു.

"എനിക്ക് ഇമ്പോര്ടന്റ്റ്‌ നീയാണ് "
അവൻ വാശി പോലെ പറഞ്ഞു.

"ഒരു ജോലി കിട്ടാൻ എത്ര പേര് കൊതിച്ചു നടക്കുന്നുണ്ട്. അപ്പോഴാണ് "
സീത അവന്റെ നേരെ നോക്കി.

"എനിക്ക്... എനിക്കെന്തോ പോലെ. ശ്വാസം മുട്ടുന്നു "കണ്ണൻ പറഞ്ഞു.
അതേ അവസ്ഥതന്നെയാണ് അവളിലും.
പക്ഷേ സീതയത് മുഖത്തു പോലും കാണിച്ചില്ല.

"കൂടെ ഉണ്ടാവാം എന്ന് വാക്ക് തന്നിട്ട്.. ഇപ്പൊ നിനക്കേറ്റവും കൂടുതൽ സുരക്ഷ നൽകേണ്ട സമയത്തു തന്നെ.. എഗ്രിമെന്റ് ഉണ്ടായത് കൊണ്ടാണ്.. ഇല്ലെങ്കിൽ പോട്ടെന്നു വെച്ചേനെ ഞാൻ "
കണ്ണൻ അവളെ പിടിച്ചു നെഞ്ചിൽ ചേർത്ത് കൊണ്ട് പറഞ്ഞു.

വിറച്ചു തുള്ളുന്ന ആ മനസിലെ സങ്കടം സീതയുടെ ഉള്ളൂലച്ചു കളഞ്ഞിരുന്നു.

"എനിക്ക് മനസ്സിലാവും കണ്ണേട്ടാ.. ഒന്നും പേടിക്കേണ്ട.. ധൈര്യമായിട്ട് പോയിട്ട് വരൂ. ഞാൻ.. ഞാനിവിടെ കാത്തിരിക്കുമല്ലോ?"
സീത ഒന്ന് കൂടി അവനിലേക്ക് പതുങ്ങി.

ഹൃദയം അനാവശ്യമായൊരു ഭയത്തെ പേറുന്നു..

തിരിച്ചു വരില്ലേ എന്നൊരു പേടി അവളുടെ കണ്ണിലും... തിരികെ വരുമ്പോൾ നീ കാത്തിരിക്കാൻ ഉണ്ടാവില്ലേ എന്നൊരു പേടി അവന്റെ കണ്ണിലും മിന്നുന്നുണ്ടായിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story