സ്വന്തം ❣️ ഭാഗം 61

swantham

രചന: ജിഫ്‌ന നിസാർ

"കൊള്ളാം... നീ ഇത്രയും സ്ഥിരതയില്ലാത്തവനാണെന്ന് അറിഞ്ഞില്ല "
മുന്നിലിരുന്ന് കൊണ്ട് ജയ്സൻ ചോദിക്കുന്നത് അർജുൻ കേട്ടില്ലെന്ന് നടിച്ചു.

"ഞങ്ങളൊക്കെ വെറും ഊളന്മാരാണെന്ന് ഒരു വിചാരമുണ്ട് നിനക്ക്."

ടോണിയുടെ സ്വരത്തിൽ നിറഞ്ഞു നിന്നതത്രയും അസംതൃപ്തിയാണ്.

ചുറ്റും നിരന്നു നിൽക്കുന്നവർക്കെല്ലാം തന്നെയിപ്പോ പിഴിഞ്ഞ് കൊടുത്താൽ കുടിക്കുമെന്നുള്ള ഭാവം.

അർജുൻ പക്ഷേ ലവലേശം ചഞ്ചലപെട്ടില്ല.
ഇവരുടെ മുന്നിൽ ഇനി അടിയറവ് പറയുന്നത്... സ്വയം ഒരു കുഴി കുത്തി അതിൽ മരണം കാത്ത് ഇറങ്ങി കിടക്കുന്നതിനു തുല്യമാണെന്ന് അവനുറപ്പിച്ചു വെച്ചത്.

നേരിടാൻ ഉള്ളതൊക്കെയും സഹിക്കാൻ തയ്യാറാണ്.
അതിന് വേണ്ടി തന്നെയാണ് ഇവർക്ക് മുന്നിൽ വന്നു നിൽക്കുന്നതും.

"നിന്റെ മൂഡനുസരിച്ചു ഞങ്ങൾ മാറണം എന്നൊക്കെ പറഞ്ഞ അതൊന്നും നടക്കില്ല അർജുൻ. ഒരിക്കൽ ഒഴിഞ്ഞു മാറി പോയ നീ,പിന്നേയും ഒരു അവസരം തേടി വന്നത് ഞങ്ങളാരും പറഞ്ഞിട്ടല്ല. ഇപ്പൊ ചെയ്യാനുള്ള മിഷൻ എല്ലാം ഏകദേശം പൂർത്തിയായി. ഇനിയൊരു ഡേറ്റ് മാത്രം ഫിക്സ് ചെയ്താൽ മതിയാവും. ആ സമയത്ത് നീ ഇങ്ങനെ ചെയ്യുന്നത് ചെറ്റത്തരം എന്നല്ലാതെ എന്താണ് പറയേണ്ടത് "
ടോണി ഉറഞ്ഞു തുള്ളുന്നു.

"ഞങ്ങൾക്ക് ഇനിയും ആളെ കിട്ടും. പക്ഷേ നിനക്കാണ് നഷ്ടം. അതോർത്തോ നീ "
ജയ്സൻ ഓർമിപ്പിച്ചു.

"എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു. ഇതിൽ കൂടുതൽ ഒന്നുമെനിക്ക് പറയാനില്ല."
അർജുൻ അവർക്ക് മുന്നിൽ കൈ കെട്ടി നിന്നു.

"എന്നെ വിട്ടേക്ക്. അതാണ്‌ എനിക്കും നിങ്ങൾക്കും നല്ലത് "

അർജുൻ പറയുമ്പോൾ ടോണി പോരുകോഴിയെ പോലെ അവന് മുന്നിൽ ചിറച്ചു നിന്നു.

"ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടാ.?നീ ഞങ്ങളെ ഭീക്ഷണി പെടുത്താൻ നോക്കുന്നോ?"
അവൻ പുച്ഛത്തോടെ ചോദിച്ചു.

അർജുൻ ഭാവമാറ്റം ഏതുമില്ലാസത്തെ അവനെ നോക്കി.

"അങ്ങനെ നിനക്ക് തോന്നിയെങ്കിൽ.. എന്നെയിനി നിങ്ങളും പേടിക്കണം ടോണി. കാരണം നിങ്ങളുടെ പ്ലാൻ മുഴുവനും ഇപ്പൊ എനിക്കുമറിയാം "
അർജുൻ ചെറിയൊരു ചിരിയോടെ പറയുമ്പോൾ അവരുടെയെല്ലാം കണ്ണിൽ ഞെട്ടലുണ്ടായിരുന്നു.

അർജുൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.

"എനിക്കെതിരെ കളിക്കുമ്പോൾ ഞാനും രക്ഷപെട്ടു പോകാൻ എന്തെങ്കിലും കരുതി വെക്കണ്ടേ?കാരണം എനിക്കിപ്പോ ജീവിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്."
അർജുൻ ടോണിയുടെ തോളിൽ തട്ടി.

ടോണി ആ കൈകൾ തട്ടി കളഞ്ഞു.
അവനെ തുറിച്ചു നോക്കി.

"യാതൊരു പ്രകോപനവുമില്ലാതെ ഞാനീ വിവരങ്ങളൊന്നും തന്നെ പുറത്ത് വിടില്ല. അതോർത്തു പേടിക്കണ്ട."

"അർജുൻ,നാശത്തിലേക്കാ നിന്റെ പോക്ക്"

ജയ്സൻ ഓർമിപ്പിച്ചത് അർജുൻ പുച്ഛത്തോടെ തള്ളി.

"കൂടുതലൊന്നും പറഞ്ഞു വെറുപ്പിക്കുന്നില്ല. എനിക്ക് മുന്നിൽ തടസ്സമായി വരാതിരിക്കാൻ ശ്രദ്ധിക്കുക "

ഒരിക്കൽ കൂടി അവരെയൊന്നു നോക്കിയിട്ട് അർജുൻ തിരിഞ്ഞു നടന്നു.

പകയാളുന്ന മനസ്സോടെ അവരെല്ലാം പുതിയ വഴികൾ അന്വേഷിക്കുന്ന തിരക്കിലാണ്.

                         ❣️❣️❣️❣️

"ഞാൻ.. ഞാൻ തിരികെ വരും "
കണ്ണൻ എത്ര ചേർത്ത് പിടിച്ചിട്ടും മതിയാവാത്ത പോലെ സീതയെ ചുറ്റി വരിഞ്ഞു പിടിച്ചു.

അവളെ കണ്ട നിമിഷം മുതൽ അത് തന്നെ പറയുകയാണ്.

ഉപേക്ഷിച്ചു പോകുകയല്ലെന്നു വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് പോലെ.

സീതക്കും അവന്റെ നെഞ്ചിന്റെ ചൂടിൽ നിന്നും വിട്ട് മാറാൻ തോന്നുന്നില്ല.

"എനിക്കറിയാം കണ്ണേട്ടാ "
അവനുത്തരമായി അവളെയോർത്ത് വേവലാതിപെടുന്ന ആ നെഞ്ചിൽ സീത ചുണ്ട് ചേർത്തു.

"എനിക്കെന്തോ.. ഒരു നെഗറ്റീവ് ഫീൽ ചെയ്യുന്നു ലച്ചു "
ആർദ്രമായ കണ്ണന്റെ സ്വരം.

സീത അവനിൽ നിന്നും അൽപ്പം മാറിയിരുന്നു.

"ഇതെന്താ കൊച്ചു കുട്ടികളെ പോലെ..?"
സീതയവനെ ശാസിച്ചു.

"എനിക്കറിയില്ല.."
അവന്റെ സ്വരം നേർത്തു.

"ജോലിയല്ലേ കണ്ണേട്ടാ.. വിട്ട് കളയാനോക്കുമോ?"
സീത കണ്ണന്റെ കയ്യിൽ അമർത്തി പിടിച്ചു.

"നീ എന്റെ കൂടെ വരുന്നോ?"
അവൻ ചോദിച്ചു.

"എന്നിട്ടോ.?"
ഹൃദയമൊരു കരച്ചിൽ വിഴുങ്ങാൻ ശ്രമിക്കുന്നത് സീത അറിയുന്നുണ്ട്.

പക്ഷേ അവന്റെ മുന്നിലത് കാണിക്കാൻ വയ്യ.

"എന്റെ.. കൂടെയുണ്ടാവുമല്ലോ? എനിക്കെന്നും കാണാമല്ലോ? ഒരുപാട് ശത്രുകൾക്കിയായിട്ടിട്ട് പോയെന്നുള്ള കുറ്റബോധമുണ്ടാവില്ലല്ലോയെനിക്ക്.നിന്നെ ഓർത്തിട്ട്  ഉരുകി തീരേണ്ടി വരില്ലല്ലോ?"
വീണ്ടും സീതയെ പിടിച്ചു വലിച്ചവൻ നെഞ്ചിലേക്കിട്ടു.

പോവരുത് എന്ന് പറയണമെന്നും.. എന്നും ഈ നെഞ്ചിൻ ചൂടിൽ എല്ലാം മറന്നിരിക്കാനും അവൾക്കും അന്നേരം വല്ലാത്ത കൊതി തോന്നി.

"സൂക്ഷിക്കണം."
കണ്ണൻ പറയുമ്പോൾ സീത മൂളി.

"ഒരാഴ്ച വേറെ ആരെങ്കിലും ഏല്പിച്ചാലോ? മുത്തശ്ശിയുടെ കാര്യങ്ങൾ നോക്കാൻ. എനിക്കെന്തോ നിന്നെയിവിടെ വിട്ടിട്ട് പോകുന്നതിനെ പറ്റി ചിന്തിക്കാൻ കൂടി വയ്യ"
കണ്ണന്റെ ചുണ്ടുകൾ സീതയുടെ നെറുകയിൽ പതിഞ്ഞു.

"അതിന്റെയൊന്നും ആവിശ്യമില്ല കണ്ണേട്ടാ. ഞാൻ ഇവിടെ തന്നെ ആയിരുന്നു മുന്നേയും. അന്നും എനിക്കൊരുപാട് ശത്രുക്കളുണ്ടായിരുന്നു."

സീത ചെറിയൊരു ചിരിയോടെ പറഞ്ഞു.

"അന്ന് നീ എന്റെ ആരുമല്ലായിരുന്നു. അത് കൊണ്ട് തന്നെ ഇത്രേം ശത്രുക്കളും ഇല്ലായിരുന്നു "

"വെറുതെ വേണ്ടാത്തതൊന്നും ആലോചിച്ചു ടെൻഷൻ കൂട്ടണ്ട. ധൈര്യമായിട്ട് പോയിട്ട് വായോ. സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ ആണ് മാൻ "
അവൾ ചിരിയോടെ കൈ ഉയർത്തി കാണിച്ചു.

കണ്ണനും ചിരി വന്നിരുന്നു അവളെ നോക്കിയപ്പോൾ.

"ഇവിടാര് എന്ത് പറഞ്ഞാലും നിസ്സാരമായി കാണരുത്. ആദിയോടോ സിദ്ധുവിനോടോ പറയണം."

കണ്ണൻ ഗൗരവത്തോടെ പറഞ്ഞു.

"മ്മ്.."
സീത മൂളി.

"അവരോട് ഞാനും പറഞ്ഞിട്ടുണ്ട് ശ്രദ്ധിക്കാൻ. പക്ഷേ നീ വേണം കൂടുതൽ അലർട്ട് ആയിരിക്കാൻ. ഞാനില്ലന്ന് കരുതി അവരോട് പോയി കൊമ്പ് കോർക്കാൻ നിൽക്കരുത് "

"മ്മ് "

"എന്തോന്ന് കും. എല്ലാം മൂളി കേട്ടിട്ട് ഒടുവിൽ പോയി പുലിവാല് പിടിച്ചിട്ട് കിടന്നു നിലവിളിച്ച ഞാനില്ലയിവിടെ കേൾക്കാൻ. മനസ്സിലായോ?"
കണ്ണൻ അവളുടെ തലക്കൊരു കൊട്ട് കൊടുത്തു.

സീത അവനെ തന്നെ നോക്കിയിരുന്നു ഒരു നിമിഷം.

"എനിക്ക്... എനിക്ക് വിട്ടിട്ട് പോവാൻ തോന്നുന്നില്ലെടി "
കണ്ണൻ അവളുടെ കവിളിൽ കൈ ചേർത്ത് വെച്ചു.

"എനിക്കും "
സീത നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ പെട്ടന്ന് എഴുന്നേറ്റു.

"ഇതൊക്കെ കൊണ്ട് പോവാനുള്ളതാണോ?"
കിടക്കയിൽ അവൻ എടുത്തു വെച്ച ഡ്രസ്സിലേക്ക് വിരൽ ചൂണ്ടി സീത ചോദിച്ചു.

"മ്മ്.."
കണ്ണൻ അവളെ നോക്കി.

സൈഡിൽ കിടന്നു ബാഗ് വലിച്ചെടുത്തു കൊണ്ട് അവൻ സീതയുടെ മുന്നിലേക്കിട്ട് കൊടുത്തു.

അവളോരൊന്നും വൃത്തിയായി അതിലേക്ക് ഒതുക്കി വെച്ചു കൊടുത്തു.

"ഇവിടെല്ലാരും അറിഞ്ഞോ കണ്ണേട്ടാ.. പോകുന്നത്?"

സീത ചോദിച്ചു.

"മ്മ് "

"റിമി.. റിമി വരുന്നുണ്ടോ കൂടെ?"
ഉള്ളിലെ പതർച്ച മുഖത്തു വരാതിരിക്കാൻ ശ്രമിച്ചു കൊണ്ടാണ് സീത ചോദിച്ചത്.

"അവളോട് ഞാനും ചോദിച്ചു, അവൾ വരുന്നില്ലെന്ന് പറഞ്ഞു .  ഞാൻ  നാല് ദിവസം കൊണ്ടിങ്ങു വരുമല്ലോ. അവൾ ഒരാഴ്ച കൂടി ഇവിടുണ്ടാവും "

കണ്ണൻ പറഞ്ഞു.

സീതയുടെ ഉള്ളിൽ വീണ്ടും കാർമേഘങ്ങൾ ഉരുണ്ട് കൂടി.

ഒന്നാമതേ തന്നെയാർത്തു കൊണ്ട് പോവാൻ കണ്ണനൊട്ടും മനസ്സില്ല.
അങ്ങനെയുള്ളവനോട് റിമിയുടെ കാര്യം കൂടി പറയാൻ സീതയ്ക്ക് വയ്യായിരുന്നു.വീണ്ടും ആ മനസ്സ് വേദനിക്കും. അത് കാണാൻ ഒട്ടും വയ്യ.

"എപ്പഴാ.. ഫ്ലൈറ്റ്?"
സീത ഡ്രസ്സ്‌ എടുത്തു വെച്ചു കഴിഞ്ഞു ബാഗ് അടച്ചു കൊണ്ട് ചോദിച്ചു.

"രാത്രി ഏഴിന് "

"അവൻ ചെന്നു ഓരോന്നോർത്തു ഉഴപ്പ് കാണിക്കരുത്. ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. കണ്ണേട്ടന് അറിയാലോ..? ജീവൻ വെച്ചുള്ള കളിയാണ്. ഇത്രേം കാലം ഡോക്ടർ കിരൺ വർമ ഉണ്ടാക്കിയെടുത്ത സൽപ്പേര് നശിപ്പിക്കാൻ ഇട വരുത്തരുത് "
കൈയിൽ തല താങ്ങി കുനിഞ്ഞിരിക്കുന്നവന്റെ തോളിൽ പിടിച്ചു കൊണ്ട് സീത പറഞ്ഞു.

"എന്റെ ജീവനിവിടെ ഉപേക്ഷിച്ച ഞാൻ പോകുന്നത് "
അവന്റെ സ്വരം നേർത്തു.

"ഒന്നും ഉണ്ടാവില്ല.. ധൈര്യമായിരിക്കണം. പെട്ടന്ന് തിരിച്ചു വരണം. ഞാൻ കാത്തിരിക്കും. കിരൺ വർമയുടെ ഭാര്യയായി കാത്തിരിക്കും "
സീത അവന്റെ തോളിലേക്ക് ചാരി.

അവൾക്ക് വീണ്ടും വീണ്ടും ഹൃദയം വേദനിച്ചു.

വിട്ടിട്ട് പോവരുതെന്ന് ഹൃദയം കേഴുന്നത് കണ്ടില്ലെന്ന് നടിക്കാനെ ആവൂ.
അവനേറെ കൊതിച്ചു നേടിയ ജോലിയാണ്.
ഒരുപാട് കഷ്ടപെട്ടിട്ട് കിട്ടിയ അംഗീകരമാണ്.

ഒന്നിനും വേണ്ടി അതില്ലാതെയാക്കാൻ തോന്നിയില്ല.

മുഖം അമർത്തി തുടച്ചു കൊണ്ട് സീത നോക്കുമ്പോൾ അവളെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന കണ്ണൻ.

"എന്തേ?"
അവന്റെ നോട്ടം കണ്ടിട്ട് അവൾ ചോദിച്ചു.

"നീയിപ്പോയെന്താ പറഞ്ഞേ?"
അവൻ കിടക്കയിലേക്ക് കാൽ കയറ്റി വെച്ചിട്ട് അവൾക് നേരെ തിരിഞ്ഞിരുന്നു.

"ഞാനെന്താ പറഞ്ഞത്?"
ഉള്ളിലെ പതർച്ച അവൾ മറച്ചു പിടിച്ചു.

"അതല്ലേ ഞാനും ചോദിച്ചത്? "
അവൻ കണ്ണുരുട്ടി.

സീത മുഖം കുനിച്ചു.

"എന്റെ ആരായി കാത്തിരിക്കുന്നാ പറഞ്ഞത്.?"
സീതയുടെ മുഖം പിടിച്ചുയർത്തി കണ്ണൻ ചോദിച്ചു.

അവൾ കള്ളത്തരം ചെയ്തത് പോലെ കണ്ണിറുക്കി നാവ് കടിച്ചു കൊണ്ടവനെ നോക്കി.

"മിസ്സായി പോയി "
കണ്ണൻ അതേയിരുപ്പിൽ താടിക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
"എന്ത്?"

"അല്ല.. ഒരു ഭർത്താവിന്റെ റോൾ എനിക്കും ചെയ്യാനുണ്ടായിരുന്നു. എല്ലാം മിസ്സായി പോയില്ലേ?"

അവൻ അവളെ നോക്കി ചുണ്ട് ചുളുക്കി.

ഉള്ളിലെ വിഷമങ്ങൾ എല്ലാം മറന്നത് പോലെ സീത ഉറക്കെ ചിരിച്ചു പോയി അവന്റെയാ ഭാവത്തിൽ.

പെട്ടന്ന് തന്നെ കണ്ണൻ അവളെ ചുറ്റി പിടിച്ചു കൊണ്ട് കിടക്കയിലേക്ക് വീണു.

"കണ്ണേട്ടാ.."
സ്വിചിട്ടതു പോലെ അവളുടെ ചിരി നിന്നു. പകരം മുഖത്തു നിറയെ വെപ്രാളം നിറഞ്ഞു.

അവളെഴുന്നേൽക്കും മുന്നേ കണ്ണൻ അവൾക്ക് മേലേക്ക് കൈ കുത്തി നിന്നു.

അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു.

"എനിക്ക് നിന്നെ ഒരുപാട് മിസ് ചെയ്യും"
കണ്ണന്റെ സ്വരം ആർദ്രമായി.

പതിയെ അവൻ സീതയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.

"എനിക്കും "
സീത വിറയലോടെ പറഞ്ഞു.

അവനവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
സീത പിടഞ്ഞു കൊണ്ടവനെ ഇറുക്കി പിടിച്ചു.

"എന്റെയാണ്"

അവൻ വീണ്ടും വീണ്ടും മന്ത്രിച്ചു.

ഒരൊറ്റ മറിച്ചിൽ കൊണ്ട് സീതയവന്റെ നെഞ്ചിലെത്തി.

"പെട്ടന്ന് വരും "
അവളെ തന്നോട് അടക്കി പിടിച്ചു കൊണ്ട് വീണ്ടും അവൻ പറഞ്ഞു.

"ഞാൻ കാത്തിരിക്കും "
അവളും അവനിലേക്ക് ചേർന്ന് കിടന്നു.

                      ❣️❣️❣️❣️

"മോൾക്കിനിയും ഒരു തീരുമാനമെടുക്കാനായില്ലേ?"
വരദ പാറുവിനെ അലിവോടെ നോക്കി.
അവൾ തല കുനിച്ചു.

"എനിക്ക്... ഞാൻ.. എനിക്ക് പഴയതൊന്നും മറക്കാനാവുന്നില്ല. "
അവൾ പതിയെ പറഞ്ഞു.

"അത് തന്നെയാണ് പാറു ഹരിയുടെയും പ്രശ്നം."

"അമ്മയൊന്ന് പറയുവോ ഹരിയോട്? അവനൊരു നല്ല ജീവിതമുള്ളത് വെറുതെ നശിപ്പിച്ചു കളയരുതെന്ന്."
പാർവതിയുടെ സ്വരം വീണ്ടും നേർത്തു പോയി.

"അമ്മയത് ആവിശ്യപെട്ടാലും ഹരിയത് അനുസരിക്കും എന്ന് മോൾക്ക് തോന്നുന്നുണ്ടോ?"
വരദ ചിരിയോടെ അവളെ നോക്കി.

പാർവതിയൊന്നും പറയാതെ നിന്നു.

അവന്റെ ഹൃദയം മുഴുവനും തനിക് മുന്നിൽ യാതൊരു മറയുമില്ലാതെ തുറന്നു കാണിച്ചതാണ്.

മറക്കാൻ പോയിട്ട് അങ്ങനെ അഭിനയിക്കാൻ കൂടി വയ്യെന്ന് മുഖത്തു നോക്കി പറഞ്ഞവനാണ്.

"നിന്റെ ജീവിതം തീർന്ന് പോയെന്നുള്ള ചിന്തയുണ്ടല്ലോ.. അത് ആദ്യം നീ ഒഴിവാക്ക് പാറു. ഹരിയുടെ ജീവിതവും ജീവനും നിന്നിലാണ്. നിന്നെ ഉപേക്ഷിച്ചു കളയുമ്പോഴല്ല.. നിനക്കൊപ്പം ചേരുമ്പോഴാണ് അവനൊരു നല്ല ജീവിതം കിട്ടുന്നത്."
വരദ എഴുന്നേറ്റു വന്നിട്ട് പാറുവിന്റെ കൈ പിടിച്ചു.

"മോള് നന്നായി ആലോചിച്ചു കൊണ്ടൊരു തീരുമാനം എടുക്ക്. എന്റെ മകനോപ്പം നിന്നെയും ലല്ലുമോളെയും സ്വീകരിക്കാൻ ഞങ്ങൾ ഒരുങ്ങിയിരിപ്പാണ് "
വരദ പാറുവിന്റെ കവിളിൽ തലോടി.

അവൾക്ക് ശ്വാസം മുട്ടും പോലെ തോന്നി.

"അമ്മയിനി പിന്നെ വരാം. പോട്ടെ "
അവരുടെ കൂടെ പാർവതിയും മുറ്റത്തേക്കിറങ്ങി.

"ലല്ലു മോള് അമ്മമ്മയുടെ കൂടെ വരുന്നുണ്ടോ?"

മുറ്റത്തിരുന്നു കളിക്കുന്ന ലല്ലു മോളുടെ അരികിൽ ചെന്നിട്ട് വരദ ചോദിച്ചു.

അവൾ സീതയെ നോക്കി.

"ഹരി അങ്കിൾ കാത്തിരിപ്പുണ്ട് "
വീണ്ടും വരദ പറയുമ്പോൾ ആ കുഞ്ഞി കണ്ണുകൾ തിളങ്ങി.

"പൊയ്ക്കോട്ടേ അമ്മേ?"
അവൾ പാറുവിനോട് വിളിച്ചു ചോദിച്ചു.

"ഇന്നിപ്പോ നേരം വൈകി. ഇനി പിന്നൊരിക്കൽ പോവാം "
പാർവതി ചിരിയോടെ അവളെ നോക്കി.

"പിന്നെ വരാം "
ലല്ലു വരദയെ നോക്കി.

"അമ്മമ്മ നോക്കിയിരിക്കും കേട്ടോ "
അവരാ കുഞ്ഞി കവിളിൽ ചുണ്ട് ചേർക്കുന്നത് നോക്കി പാർവതി വിങ്ങലോടെ നിന്ന് പോയി.

                         ❣️❣️❣️❣️

"പോയിട്ട് പെട്ടന്നിങ്ങു വരണം."
മുത്തശ്ശി കണ്ണന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.
കലങ്ങി ചുവന്ന കണ്ണോടെ അവൻ തലയാട്ടി.

പറയാനാറിയാത്തൊരു സങ്കടം ശ്വാസം മുട്ടിക്കുന്നു.

ഒരാഴ്ച കൊണ്ട് തിരികെ വരാമെന്ന് മനസ്സിനെ നിരന്തരം ഓർമിപ്പിച്ചിട്ടും പോവണമെന്ന് തീരുമാനമെടുത്ത നിമിഷം തൊട്ട് കാരണമറിയാത്തൊരു വിങ്ങൽ.

"സങ്കടപെടേണ്ട കണ്ണാ. ധൈര്യമായിട്ട് പോയിട്ട് വാ "

അവന്റെ മനസ്സറിഞ്ഞു കൊണ്ട് മുത്തശ്ശി പറഞ്ഞു.

അവനൊന്നും മിണ്ടാനാവുന്നില്ല.

മേശയുടെ അരികിൽ ചേർന്ന് നിൽക്കുന്ന സീത ശ്വാസം പോലും വിടാനാവാതെ പിടയുന്നതവനും അറിയുന്നുണ്ട്.

"പോട്ടെ "
കണ്ണൻ മുത്തശ്ശിയിൽ നിന്നും വേർപെട്ട് കൊണ്ട് നിവർന്നു.

കണ്ണൻ സീതയെ നോക്കി.

വാ.. അവനാ കൈകൾ പിടിച്ചിട്ട് പുറത്തേക്ക് നടന്നു.

"നിന്നോട് ഞാൻ യാത്ര പറയുന്നില്ല. അതിനെനിക്കാവില്ല.കാരണം എന്റെ മനസ്സിവിടെ നിന്നോടൊപ്പം ചേർത്ത് വെച്ചിട്ടാണ് ഞാൻ പോകുന്നത്."
അവന്റെ കൈകൾ അവളുടെ തോളിൽ മുറുകി.

"സൂക്ഷിക്കണം. നീയില്ലെങ്കിൽ ഞാനും ഉണ്ടാവില്ല. അത്രമാത്രം നീ എന്നിൽ വേരോടിയിരിക്കുന്നു. തിരികെ വരുമ്പോൾ എനിക്കിത് പോലെ തന്നെ വേണം.. എന്റെ ജീവൻ "
അവൻ അവളെ ചുറ്റി പിടിച്ചു.

ഒരക്ഷരം മിണ്ടിയാൽ കരഞ്ഞു പോകുമെന്ന് ഭയമുള്ളത് കൊണ്ട് സീത നേർത്തൊരു ചിരിയോടെ അവനെ നോക്കി.

ഒരിക്കൽ കൂടി നെറ്റിയിൽ ചുണ്ട് ചേർത്തിട്ട് തിരിഞ്ഞു പോലും നോക്കാതെ അവനിറങ്ങി പോകുമ്പോൾ.. അവളാ ചുവരിലേക്ക് ആശ്രയമറ്റതു പോലെ ചാരി .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story