സ്വന്തം ❣️ ഭാഗം 62

swantham

രചന: ജിഫ്‌ന നിസാർ

"പ്ലാൻ നമ്പർ വൺ സക്സസ് "
റിമി നീട്ടിയ കയ്യിലേക്ക് കാർത്തിക്ക് കൈ ചേർത്ത് വെച്ചു.
ജിബിനും മനോജും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് കൈ കൊട്ടി.

"ഇനിയുള്ള കുറച്ചു ദിവസങ്ങൾ വളരെ ഇമ്പോർടന്റ്റ്‌ ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ?"
റിമി മുന്നിലെ സോഫയിലേക്കിരുന്ന് കാൽ കയറ്റി വെച്ച് കൊണ്ട് അവരെ നോക്കി.

"മാക്സിമം ഒന്നോ രണ്ടോ ആഴ്ച. അതിൽ കൂടുതൽ കണ്ണൻ അവിടെ പിടിച്ചു നിൽക്കാൻ യാതൊരു സാധ്യതയുമില്ല. പ്രണയിനി ഇവിടെ തനിച്ചല്ലേ..അവൾക്കൊരുപാട് ശത്രുക്കാളുള്ളതല്ലേ? "

റിമി പല്ല് ഞെരിച്ചു.

"പകരമൊരാളെ കിട്ടിയില്ലെങ്കിൽ ജോലി ഉപേക്ഷിച്ചു കൊണ്ടായാലും അവനിങ്ങോട്ട് വന്നിരിക്കും. അവനെ പോലെ എഫിഷന്റ് ആയൊരു ഡോക്ടർക്ക് വീണ്ടുമൊരു ജോലി എന്നതത്ര വലിയ കാര്യമല്ലെന്നു മറ്റാരെക്കാളും അവനറിയാം "

റിമിയുടെ മുഖം ഗൗരവത്തിലാണ്.

"അവൻ വരുന്നതിനു മുന്നേ നമ്മൾക്ക് ചെയ്യാനുള്ളത് ഭംഗിയായി ചെയ്യണം "
റിമിയുടെ കണ്ണുകൾ തിളങ്ങി.

"ഞങ്ങളെന്തു ചെയ്യണം. പറഞ്ഞാ മതി "
ജിബിൻ അവളെ നോക്കി ആവേശത്തിൽ ചോദിച്ചു.

അവളുടെ കുട്ടിയുടുപ്പുകൾക്കുള്ളിലേക്ക് അവന്റെ നോട്ടം തറഞ്ഞു കയറുന്നുണ്ട്.

"എപ്പോഴും പറയുന്നത് തന്നെയാണ് എനിക്ക് നിങ്ങളോടാദ്യം പറയാനുള്ളത്. ആവേശം കാണിച്ചിട്ടൊടുവിൽ പുലിവാലാകുമെന്നു തോന്നിയാൽ,ആ നിമിഷം ഞാൻ എസ്‌കേപ്പാവും. അതുറപ്പാണ് "
റിമി പുച്ഛത്തോടെ ചിരിച്ചു.

അവളുടെ ആ ഭാവത്തിനോട് അവർക്കത്ര പ്രിയം പോരാ.

അവൾ ഭയങ്കര മിടുക്കിയും ബാക്കിയുള്ളവരൊക്കെ ഏതാണ്ട് മണ്ടൻമാരുമെന്നത് പോലെയാണ് ചില നേരത്തെ പെർഫോമൻസ്.

'ഈ പ്ലാൻ ഒന്ന് കഴിഞ്ഞോട്ടെ.. ശെരിയാക്കി തരാം. ഞങ്ങളുടെ മിടുക്ക് മോള് ശരിക്കും അറിഞ്ഞിട്ടേ തിരിച്ചു പോകു "
മൂവരും ഒരുപോലെ മനസ്സിൽ മൊഴിഞ്ഞു.

"അർജുന്റെ ടീമിനെ കുറിച്ച് അന്വേഷിച്ചു വരാൻ പറഞ്ഞിട്ട് എന്തായി. കാർത്തിയുടെ ഫ്രണ്ട് അവിടെയുണ്ടെന്ന് പറഞ്ഞിരുന്നുവല്ലോ?"
റിമി കാർത്തിക്കിനെ നോക്കി.

'അതൊക്കെ ഒക്കെയാണ്. ചുരുക്കത്തിൽ കാര്യങ്ങൾ എല്ലാമിപ്പോൾ നമ്മൾക്ക് അനുകൂലമാണെന്ന് വേണം കരുതാൻ. "
കാർത്തിക്ക് താടി തടവി.

റിമിയുടെ നെറ്റി ചുളിഞ്ഞു.

"അവനും ആ ടീമുമായി ചെറിയൊരു കശപിശ. അവരും അവനിട്ടൊരു പണി കൊടുക്കാനുള്ള പ്ലാൻ ഉണ്ടെന്ന് തോന്നുന്നു. കൂട്ടത്തിൽ രസം എന്തെന്നാൽ അവന്റെ ചേച്ചി.. അതായത് സാക്ഷാൽ സീതാ ലക്ഷ്മി പറഞ്ഞിട്ടാണ് അർജുൻ അവർക്കെതിരെ തിരിഞ്ഞത് എന്നൊരു തോന്നലും ഉണ്ട്. അപ്പൊ പണി കൊടുക്കുമ്പോ അത് സീതാ ലക്ഷ്മിക്ക് കൂടി ഉൾപെടുത്തുക എന്നതാ അവരുടെ മെയിൻ ഉദ്ദേശം "
കാർത്തിക്ക് ചിരിയോടെ റിമിയെ നോക്കി.

അവളിലും ഒരു ക്രൂരത നിറഞ്ഞ ചിരിയുണ്ടായിരുന്നു.

"അവൾക്കുള്ള പണി അത് കൊണ്ടൊന്നും തീരില്ല. കണ്ണനെ ഒരിക്കലും മോഹിക്കാൻ പാടില്ലായിരുന്നു എന്നതോർത്തു കൊണ്ടവൾ പിടയും "

വാക്കുകൾ റിമിയുടെ പല്ലിനിടയിൽ ഞെരിഞ്ഞമർന്നു.
കണ്ണുകളിൽ പകയാളി.

"ഒറ്റയടിക്ക് കൊല്ലരുത്. അവൾക്കൊരു അവസരം കൂടി കൊടുത്തു നോക്കാം നമ്മുക്ക്. അവനെ മറക്കാൻ. പ്രിയപ്പെട്ടവരുടെ ജീവനും ജീവിതവും മുമ്പിൽ വെച്ചിട്ട് വില പേശിയാൽ ഏതു കൊമ്പത്തെ സീതാ ലക്ഷ്മിയും ഒന്നുലഞ്ഞു പോകും "

അതും പറഞ്ഞിട്ട് റിമി ഉച്ചത്തിൽ ചിരിച്ചു.

"കൂട്ടിലടച്ച വെരുകിനെ പോലെ.. വാലിൽ തീ പിടിച്ച നായയെ പോലെ അവളോടണം. ഓടിയോടി തകർന്ന് വീഴുന്നവൾക്ക് മുന്നിൽ എനിക്ക് പോയി നിൽക്കണം. ഞാനീ വീട്ടിലെ വെറും വിരുന്നുകാരിയല്ലെന്ന് അവളെ അറിയിക്കണം "

റിമി കിതച്ചു കൊണ്ട് പറഞ്ഞു.

മറ്റു മൂന്നു പേരിലും സംതൃപ്തിയുടെ ചിരിയാണ്.

"ഇനിയുള്ള ദിവസങ്ങൾ വിലപ്പെട്ടതാണ്. ഒരു നിമിഷം പോലും പാഴാക്കാതെ ഉപയോഗിച്ചാൽ നമ്മൾ പ്രതീക്ഷിക്കുന്ന റിസൾട് കിട്ടും. റേഡിയല്ലേ?"
റിമി വീണ്ടും വശ്യമായി ചിരിച്ചു കൊണ്ട് അവരെ നോക്കി.

                          ❣️❣️❣️❣️

കണ്ണന്റെ ഗന്ധം..

അവന്റെ ശ്വാസം അവിടെ നിറഞ്ഞു നിൽപ്പുണ്ടെന്ന് തോന്നിയവൾക്ക്.

മുത്തശ്ശിയുടെ മുന്നിലേക്ക് പോവാൻ വയ്യ.
നെഞ്ചിൽ ഒരുപാട് നേരമായി തടവിലിട്ടു കൊണ്ട് നടക്കുന്ന ഒരു നോവിന്റെ പെരുമഴക്കാലം ശ്വാസം മുട്ടിക്കുന്നു.

കണ്ണന്റെ മുറിയിലേക്ക് കയറി വാതിൽ ചേർത്തടച്ചു.
നെഞ്ച് പൊട്ടുന്നത് പോലെ.

അവിടെയോരോയിടത്തും കുസൃതിയോടെ അവന്റെ രൂപം മാത്രം.
കളി പറഞ്ഞും കുസൃതി കാണിച്ചും അവനവിടെ തന്നെ ഉണ്ടെന്ന് തോന്നുന്നു.

വൃത്തിയായി വിരിച്ചിട്ട കിടക്കയിൽ അവൻ ഊരിവെച്ച ഷർട്ട്.

വിറക്കുന്ന കയ്യോടെ സീതയതെടുത്തു കൊണ്ട് നെഞ്ചിൽ ചേർത്ത് വെച്ചു.

അവന്റെ ഗന്ധം.

പിടിച്ചു നിൽക്കാനാവാതെ അവളതിൽ മുഖം പൂഴ്ത്തി.

പോയിട്ട് മിനിട്ടുകൾ ആയിട്ടുള്ളു.
ഒന്ന് കണ്ടെങ്കിലെന്നു ഒരായിരം പ്രാവശ്യം തോന്നി.
കെട്ടിപിടിച്ചു നൂറു ചുംബനങ്ങൾ കൊണ്ട് പൊതിയണം.
നീയില്ലാതെ എനിക്ക് വയ്യെന്ന് അവനോട് കൊഞ്ചി പറയണം.

അവനോട് ചേർന്ന് നിന്നിട്ട് ആ നെഞ്ചിൽ മുഖം ചേർത്ത് വെക്കണം.

എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണെന്ന് വീണ്ടും വീണ്ടും പറയണം.

എന്നെ തനിച്ചാക്കി പോയല്ലോ എന്ന് പറഞ്ഞു പരിഭവം കാണിക്കണം.

ഇഷ്ടത്തിന്റെ അളവ് കൂടുന്തോറും കാണാനുള്ള ആഗ്രഹവും കൂടുമെന്ന് പറയുന്നതെത്ര ശെരിയാണ്.

ഏറെ നേരത്തെ കരച്ചിൽ കാരണം സീതയ്ക്ക് തല വേദനിച്ചു തുടങ്ങി.

എന്നിട്ടും കണ്ണുകൾ ആരോടോ മത്സരത്തിലെന്നത് പോലെ.

വയ്യാത്ത മുത്തശ്ശിയെ കൂടി മറന്നു.

യാത്ര പറഞ്ഞു ഇറങ്ങി പോയവനൊപ്പം തന്റെ മനസ്സ് കൂടി പോയെന്ന് തോന്നി.

ഒരാഴ്ച കൊണ്ട് തിരികെ വരുമെന്ന് വാക്ക് തന്നെങ്കിലും ആ ഒരാഴ്ചയുടെ നീളം അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു.

മുന്നോട്ടുള്ള നിമിഷങ്ങളെ പേടിച്ചു.

ഇതിനേക്കാൾ വലിയ ദുരന്തങ്ങളെ ചങ്കുറപ്പോടെ നേരിടാൻ കഴിഞ്ഞിട്ടില്ലേയെന്ന് സ്വയം ശാസിച്ചു.

അപ്പോഴൊക്കെയും കുസൃതിചിരിയോടെ മുന്നിലൊരുത്തൻ വന്നു നിന്നിട്ട് ആ നോവിന്റെ ആഴം കൂട്ടി.

ചങ്ക് കത്തി പടരുന്നത് നോക്കി അവൻ കുറുമ്പ് കാണിച്ചു.

സ്നേഹമന്ത്രണങ്ങളോരോന്നും കാതിൽ അലയടിച്ചു.

സീതയെയത് തളർത്തി..

ഓടിയോളിക്കാൻ ഒരിടം പോലുമില്ലന്നത് പോലെ അവളാ ചുഴിയിൽ വെന്ത് നീറി.

                          ❣️❣️❣️

"കണ്ണൻ വരും സീതേ "
ആദി സീതയെ അലിവോടെ നോക്കി.
അവനൊരു നേർത്ത ചിരി മാത്രം പകരം കൊടുത്തു.

വൈകുന്നേരം സീതയെ വീട്ടിൽ ആക്കി കൊടുത്തേക്കണം എന്ന് ആദിയോടാണ് കണ്ണൻ ഏല്പിച്ചു പോയിട്ടുള്ളത്.

"സങ്കടപെടേണ്ട. നിനക്ക് വേണ്ടിയിട്ട് അവന് ജീവനുണ്ടെങ്കിൽ ന്റെ കണ്ണൻ വരും മോളെ "
നാരായണി മുത്തശ്ശി സീതയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് വീണ്ടും അവൾക്ക് കണ്ണുകൾ നീറി.

"സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ അല്ലേ?"
മുത്തശ്ശി അവളുടെ കുനിഞ്ഞു നിൽക്കുന്ന മുഖം പിടിച്ചുയർത്തി.

അല്ലെന്ന് അവൾ തലയാട്ടി കാണിച്ചു.

"ആണ്. ഇവിടെയുള്ള ദുഷ്ടൻമാർക്ക് മുന്നിൽ ഈ കണ്ണുനീർ പുരണ്ട മുഖം ഒരിക്കലും നീ കാണിക്കരുത് മോളെ. അവർക്കത് ഉത്സാഹമുണ്ടാക്കും. പഴയ പോലെ ധൈര്യത്തോടെ നിൽക്കുന്ന സീതയെയാണ് എല്ലാവർക്കും ഇഷ്ടം "
മുത്തശ്ശി അവളുടെ നെറുകയിൽ തലോടി.

"വയ്യെങ്കിൽ നാളെ മോള് വരണ്ട. ഞാൻ എന്തെങ്കിലും ചെയ്‌തോളാം "
അവളുടെ വാടി തളർന്ന മുഖം കണ്ടിട്ട് മുത്തശ്ശി അലിവോടെ പറഞ്ഞു.

സീതയുടെ നെഞ്ച് വീണ്ടും വേദനിച്ചു.

"എനിക്കെന്ത് വയ്യായ്ക. ഒന്നുല്ല. അങ്ങനിപ്പോ ഒറ്റയ്ക്ക് എല്ലാം ചെയ്തു സ്റ്റാർ ആവാനും നോക്കണ്ട. ഞാൻ തന്നെ വരും നാളെയും കേട്ടോ "

സീത മുത്തശ്ശിയുടെ കവിളിൽ അവരെ വേദനിപ്പിക്കാതെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

അവരും ചിരിച്ചു കൊണ്ട് തലയാട്ടി.

"പോട്ടെ "
അവൾ അവരുടെ അരികിൽ നിന്നും എഴുന്നേറ്റു കൊണ്ട് യാത്ര ചോദിച്ചു.

"മ്മ്.. സൂക്ഷിച്ചു പോണേ ആദി "
വാതിലിൽ ചാരി നിൽക്കുന്ന ആദിയെ നോക്കി മുത്തശ്ശി ഓർമിപ്പിച്ചു.

അവനൊന്നു തലയാട്ടി കൊണ്ട് അവളെ നോക്കിയിട്ട് പുറത്തേക്ക് നടന്നു.

മൗനം കൊണ്ട് ഓർമകളെ തലോടുന്നവളെ ശല്യം ചെയ്യാതിരിക്കാൻ ആദിയും ശ്രദ്ധിച്ചു.
അവൾക്കുള്ളിലെ വലിയൊരു മുറിവുണ്ട്.

അതൊന്ന് കൂടി വലുതാക്കി ചോര പൊടിയിക്കാൻ അവന് തോന്നിയില്ല.

"ഇറങ്ങു ഏട്ടത്തി . വീടെത്തി "
അവളുടെ വീടിന്റെ മുന്നിൽ എത്തിയിട്ടും എന്തോ ആലോചിച്ചിരിക്കുന്ന സീതയെ നോക്കി ആദി പറഞ്ഞു.

ചുറ്റും ഒന്ന് പകച്ചു നോക്കി കൊണ്ട് സീത വേഗം ഇറങ്ങി.

ചമ്മലോടെ അവനെ നോക്കി ചിരിച്ചു.

"വിഷമിക്കാതെടി.. അവനിങ് വരും "
ആദി അവളുടെ തോളിൽ തട്ടി.

അവളൊരു തെളിച്ചമില്ലാത്ത ചിരിയോടെ അവനെ നോക്കി.

"എന്തുണ്ടങ്കിലും വിളിക്കണം."
അവനോർമിപ്പിച്ചു.
സീത തലയാട്ടി.

ആദി തിരിച്ചു പോയിട്ടും അവളൊരു നിമിഷം കൂടി അവിടെ തന്നെ നിന്നു.

ഭാരം തൂങ്ങിയ മനസ്സോടെ ചെന്നു കയറുമ്പോൾ ഒന്നുറങ്ങണം എന്ന് മാത്രം കൊതിച്ചു.

ഉറക്കിൽ മാത്രം ഇത്തിരി സ്വസ്തത കിട്ടുമെന്ന് മോഹിച്ചു.

അത്രമേൽ ശ്വാസം മുട്ടുന്നു.

എത്രയൊതുക്കിയിട്ടും ഹൃദയമൊരു ഭയത്തെ വീണ്ടും വീണ്ടും വലിച്ചു കൊണ്ട് വരുന്നു.

തിരിച്ചു കിട്ടില്ലെന്നുള്ള ഭയം..

മങ്ങിയ മുഖത്തേക്കൊന്ന് നോക്കിയതല്ലാതെ പാർവതിയും അവളോടൊന്നും ചോദിച്ചില്ല.

ഒരു കണക്കിന് അതൊരു ആശ്വാസം തന്നെയായിരുന്നു.

ചിലപ്പോഴൊക്കെയും കൊടുക്കാനൊരു മറുപടിയില്ലാത്ത അവസ്ഥകളിൽ ചോദ്യങ്ങളെ പേടിക്കും.

ശ്വാസം കിട്ടാത്ത വിധം പിടയുന്നതെന്തിനെന്ന് ചോദിക്കുമ്പോൾ... എന്തുത്തരം കൊടുക്കണം.

ഹൃദയമിടിപ്പ് പോലെ പരസ്പരം സ്വന്തമാണെന്നറിയാം.

അവനുമൊത്തു പങ്ക് വെച്ച നല്ല നിമിഷങ്ങളിലാണ് ജീവിച്ചിരുന്നുവെന്ന് തോന്നിയതെന്ന് പറയാനാവുമോ?

അവൻ നൽകിയ ചുംബനങ്ങളൊക്കെയും സ്വന്തമാണെന്നുള്ള അവകാശത്തിലാണെന്നുമറിയാം.

അതിനെല്ലാമപ്പുറം ആ ഒരുവനിലാണ് ജീവൻ കൊരുത്തിട്ടതെന്ന് പറയാനാവുമോ?

ഒന്നിനും തോന്നുന്നില്ല.

ഓർമകളിൽ കനൽ നിറച്ചു കൊണ്ടവൻ ഹൃദയത്തിൽ തീ കൊളുത്തിയിരിക്കുന്നു.

അവന്റെ സാന്നിധ്യം കൊണ്ട് മാത്രമേ അണഞ്ഞു പോകുമെന്ന് വാശിയുള്ളത് പോലെ അതങ്ങനെ കത്തി പടരുന്നു..

സീത പൊള്ളി.. പിടഞ്ഞു...

                           ❣️❣️❣️❣️

"ഇവനിത് എന്ത് പറ്റി..? സാധാരണ പോയി വരുന്നത് പോലല്ലല്ലോ. ആകെയൊരു മാറ്റം. എന്താ പറ്റിയതെടാ.. അളിയാ?"

എയർപോർട്ടിൽ നിന്നും കാറിലേക്ക് കയറുന്നതിനിടെയാണ് അലൻ പറഞ്ഞത്.
മിത്തു മാത്രം കണ്ണന്റെ നേരെ നോക്കി.

ആ ഹൃദയവേദന അറിയാമെന്നത് പോലെ.

"ഒന്നുല്ലെടാ. യാത്ര ക്ഷീണം "
അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് കണ്ണൻ മുന്നിലെ ഡോർ തുറന്നു കൊണ്ട് കയറി.

മിത്തു അവന്റെ ബാഗ് ഡിക്കിയിൽ വെച്ചതിനു ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

അലനും സബിനും അമീറും പിറകിലാണ് കയറി.

"ഒക്കെയല്ലേ?"
സീറ്റ് ബെൽറ്റ് ഇടുന്നതിനിടെ മിത്തു കണ്ണനോട് പതിയെ ചോദിച്ചു.

"മ്മ് "
അവൻ വെറുതെയൊന്നു മൂളി.
അല്ലെങ്കിലും ഹൃദയമെരിയുന്ന വേദനയെ എങ്ങനെ വർണിക്കാനാണ്.

പിറകിൽ നിന്നും കണ്ണൻ തിരിച്ചു വന്ന സന്തോഷത്തിൽ പാട്ടും കൂത്തുമായി അവരെല്ലാം ആഘോഷിക്കുമ്പോൾ.. സീറ്റിലേക്ക് ചാരി പുറത്തെക്ക് നോക്കിയിരിക്കുന്നവന്റെ കരയുന്ന മനസ്സ് മിത്തു ഒഴികെ മറ്റാരും അറിഞ്ഞില്ല.

കണ്ണന്റെ മാറ്റത്തെ കുറിച്ച് വീണ്ടും അവർ ചോദിക്കുന്നുണ്ട്.
മിത്തു എന്തോ പറഞ്ഞോഴിയുന്നുമുണ്ട്.

ഒന്നിനും വയ്യ..

തിരിഞ്ഞോടാൻ കൊതിക്കുന്ന ഹൃദയം.

പാതിയെ ഓർത്തു പിടയുന്ന പ്രാണൻ.

കണ്ണന് ശ്വാസം മുട്ടി..

പ്രണയമേ.. നിനക്കിത്ര വേദനയോ..?

വിരഹമേ.. നിനക്കിത്ര ചൂടോ..?

ഓരോ നിമിഷവും വെന്തു നീറുന്നു.

ആ വേദനയിൽ പിടയുന്നു.
ചുറ്റുമുള്ളതിലേക്കൊന്നും മനസ്സ് അടുക്കുന്നില്ല.

ഒടുവിൽ ഫ്ലാറ്റിൽ എത്തിയതും കൂടെയുള്ളവരെ തിരിഞ്ഞു പോലും നോക്കാതെ അകത്തേക്ക് നടന്നു.

തന്റെ മൗനം കണ്ടിട്ടാവും എന്തോ പ്രശ്നമുള്ളത് പോലെ അവന്മാർക്കും പിന്നെ അനക്കമില്ല.

രാവിലെ കാണാം എന്ന് യാത്ര പറഞ്ഞു പോയി.

മിത്തു മാത്രം ഹാളിലെ സോഫയിൽ ഇരിക്കുന്നത് കണ്ടിട്ടാണ് കണ്ണൻ അകത്തേക്ക് പോയത്.

വൃത്തിയായി വിരിച്ചിട്ട കിടക്കയിലേക്ക് കുറുകെ കിടക്കുമ്പോൾ.. ആണുങ്ങൾ കരയാൻ പാടില്ലെന്ന എഴുതപെടാത്ത നിയമം അവന് മുന്നിൽ അനാവൃതമായി.

മുറിയിലെ ഇരുട്ടിൽ കണ്ണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

എന്തിനെന്നറിയാതെ ഹൃദയം തുള്ളി വിറച്ചു.

കണ്ണുകൾക്ക് മേലെ കൈ വെച്ച് കിടന്നിട്ട് അവന്റെ നോവുകളത്രയും ഒഴുകിയിറങ്ങി.

ഇത്തിരി നേരം കഴിഞ്ഞു കണ്ണൻ എഴുന്നേറ്റു.
മുഖം അമർത്തി തുടച്ചു..

കുറച്ചു ദിവസങ്ങൾ..
അതിനെ അതിജീവിച്ചേ മതിയാവൂ.

ഉള്ളിലെ സ്നേഹം തിരിച്ചറിയാനുള്ള ഒരു അവസരമായിട്ട് കാണാൻ കഴിയണം.

ഒരു ദീർഘനിശ്വാസത്തോടെ അവനോഴുന്നേറ്റു മുഖം കഴുകി വന്നു.
ഇട്ടിരുന്ന ജാക്കറ്റ് ഊരി കിടക്കയിലെക്കിട്ടു.

ഫോൺ എടുത്തു കൊണ്ട് ഹരിക്കും ആദിക്കും എത്തിയെന്നു മെസ്സേജ് ചെയ്തു.

ആദിയോട് മുത്തശ്ശിയോട് രാവിലെ പറയാനും പറഞ്ഞേൽപ്പിച്ചു.

ശേഷം വീണ്ടും ഹൃദയം പിടഞ്ഞു.

തന്റെ വിളിയും കാത്ത് ഉറങ്ങാതിരിക്കുന്നൊരുവളുടെ ഓർമയിൽ വീണ്ടും വേദനിച്ചു.

ഹൃദയമിടിപ്പ് കൂടി.

ഒന്നോ രണ്ടോ ബെല്ലുകൾക്ക് ശേഷം അടഞ്ഞു പോയ ശബ്ദത്തിൽ കണ്ണേട്ടാന്നുള്ള വിളി.

കണ്ണൻ കണ്ണുകൾ ഇറുക്കിയടച്ചു.

കാത്തിരിക്കുകയാണ് അവളീ വിളിക്ക്.
അവന്റെ മനസ്സ് ആർദ്രമായി.

"ലച്ചു...."
കാറ്റ് പോലെ അവളെ പുൽകാൻ ഹൃദയം വെമ്പി.

ഒരു മൂളൽ പോലുമില്ല.

"ഐ.. മിസ് യൂ "

കണ്ണന്റെ സ്വരം വളരെ നേർത്തു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story