സ്വന്തം ❣️ ഭാഗം 64

swantham

രചന: ജിഫ്‌ന നിസാർ

ഒരുക്കങ്ങളെല്ലാം തീർന്നിട്ടും അന്ന് ശ്രീ നിലയത്തിലേക്ക് പോവാനെ തോന്നുന്നില്ല.

പ്രിയപ്പെട്ടതെന്തോ നഷ്ടപെട്ടത് പോലൊരു മന്ദത

"ഞാൻ കാത്തിരിപ്പുണ്ട്.. പെട്ടന്ന് വാ സീത ലക്ഷ്മി"യെന്ന് പറഞ്ഞു കൊതിപ്പിക്കാൻ അവനവിടെയില്ല.

കുസൃതികളും കുറുമ്പുകളുമായി നിഴൽ പോലെ നടന്നു സുരക്ഷയൊരുക്കുന്ന തണൽ ഇന്നിതിരി ദൂരെയാണ്.

ശ്രീ നിലയത്തിലെ അവനരികിലേക്ക് ഓടിയെത്താനുള്ള ധൃതിയിന്നില്ല...മനസിനും കാലുകൾക്കും.

കലങ്ങി മറിഞ്ഞു കിടക്കുന്ന ഹൃദയതാളം പോലും വിരഹവേദനയുടെ നേർത്ത സംഗീതം പോലെ വേദനിപ്പിച്ചു രസിക്കുന്നു.

വേർപിരിഞ്ഞ ഓരോ നിമിഷം തൊട്ടും നിരന്തരം അവൻ ഓർമകൾ കൊണ്ട് വേട്ടയാടുന്നു..

കിരൺ വർമയെന്ന മനുഷ്യൻ അവളിലേക്ക് കടന്ന് വന്നതിലെ പൂർണതയറിഞ്ഞത്.. വേർപാടിനു ശേഷമുള്ള ശൂന്യതയിലാണ്.

സീത സുധാകരന്റെ മുറിയിലേക്ക് ചെന്നു.

"പോവാനായോ?"
തെളിഞ്ഞ ചിരിയോടെ അയാൾ സീതയെ നോക്കി.

അച്ഛൻ പതിവില്ലാതെ.. അസുഖങ്ങളുടെ ആലസ്യമില്ലാതെയിരിക്കുന്നത് കണ്ട് സീതക്ക് ആശ്വാസം തോന്നി.

"മ്മ്.."
അവളും ചിരിയോടെ മൂളി.

"നല്ലോണം വൈകാൻ നിക്കണ്ട.. തിരിച്ചു പോരാൻ.ഒറ്റയ്ക്ക് വരുന്നതല്ലേ? കുറച്ചു കൂടി നേരത്തെ വിടാൻ പറയണം അവരോട്"

സീതയെ നോക്കി അയാൾ ഓർമിപ്പിച്ചു.
അവൾക്ക് അമ്പരപ്പ് തോന്നി.
ഇന്നോളം ഇങ്ങനൊരു വാക്ക് പോലും പറഞ്ഞു കേട്ടിട്ടില്ല.

താൻ വരുമ്പോൾ മൗനം കൂട്ട് പിടിച്ചു കിടക്കുന്നയാളാണ്.

അവൾക്ക് സങ്കടം വന്നു.

"അച്ഛന്റെ അടുത്തൊന്നു വന്നിരിക്കുവോ നീ?"

അയാൾ ആവിശ്യപെട്ടു.

അവളുടെ ഹൃദയം വീണ്ടും വീണ്ടും വേദനിച്ചു.. രക്തം പൊടിഞ്ഞു.

സീത അയാൾക്ക് അരികിലിരുന്നു.

"എന്നോട് വെറുപ്പായിരിക്കും. എനിക്കറിയാം എല്ലാം എന്റെ തെറ്റാണ്. ആവുന്ന പ്രായത്തിൽ ഞാൻ നന്നായി ആഘോഷിച്ചു നടന്നു. അന്നും ഇന്നും എന്നെ കൊണ്ട് ദുരിതത്തിലായത് നിങ്ങൾ മക്കളാണ് "

അയാളുടെ സ്വരത്തിൽ പതിവില്ലാതെ പ്രസന്നത.

സീതയ്ക്ക് വീർപ്പു മുട്ടി.

"നിങ്ങളുടെ അമ്മയെ ഒരു മനുഷ്യസ്ത്രീ ആയിട്ട് കൂടി പരിഗണിചിട്ടില്ല ഞാൻ. അത് കൊണ്ടായിരിക്കും അവള്.. നിങ്ങളെ കൂടി മറന്നു കൊണ്ട്...അതിൽ മാത്രമാണ് എനിക്കവളോട് ദേഷ്യം. തെറ്റ് ചെയ്തത് ഞാനല്ലേ?"

സുധാകരൻ സീതയെ നോക്കി.

"എന്റെ മോള് മിടുക്കിയാണ്. അച്ഛനെ ശപിക്കരുത്."
പെട്ടന്ന് അയാൾ അവളുടെ കയ്യിൽ അമർത്തി പിടിച്ചു.

"എന്തിനായിപ്പോ ഇങ്ങനൊക്കെ പറയുന്നേ?"
സീതയുടെ സ്വരം ഇടറി.

"ഒന്നുല്ല. എന്റെ നെഞ്ചിലെ ഏറ്റവും വലിയൊരു ഭാരമാണ്. അതൊന്ന് ഇറക്കി വെക്കണമെന്ന് തോന്നി "
അയാൾ ശ്വാസം മുട്ടുന്നത് പോലെ പിടഞ്ഞു.

സീത വെപ്രാളത്തോടെ എഴുന്നേറ്റു.അയാളിറക്കി വെച്ച ഭാരമത്രയും അവളുടെ നെഞ്ച് ഏറ്റടുത്തു കഴിഞ്ഞിരുന്നു.

"പേടിക്കേണ്ട. എനിക്കൊന്നുല്ല. മോള് പോയിട്ട് വാ "
വീണ്ടും അയാളുടെ കൈകൾ സീതയുടെ കയ്യിൽ തൊട്ടു.

ശാന്തത നിറഞ്ഞ ആ മുഖം. സീതയുടെ മനസ്സ് പക്ഷേ വീണ്ടും കലുഷിതമായി.

"വെള്ളം വേണോ? "

അവൾ ചോദിച്ചു.

"വേണ്ട."
അയാൾ കിടക്കയിലേക്ക് പതിയെ കിടന്നു.

ഒരു നിമിഷം അത് നോക്കി നിന്നിട്ട് സീത പുറത്തേക്ക് നടന്നു.

വാതിലിനിപ്പുറം പാർവതി നിറഞ്ഞ കണ്ണോടെ നിൽപ്പുണ്ടായിരുന്നു.

അത് കണ്ടിട്ടും ഒന്നും മിണ്ടാതെ അവളിറങ്ങി പോയി..

                       ❣️❣️❣️❣️❣️

"അപ്പൊ ഇന്ന് തന്നെ ജോയിൻ ചെയ്യുവല്ലേ?"

വാസുദേവൻ കണ്ണനെ നോക്കി.

അവൻ പതിയെ തലയാട്ടി കൊണ്ട് എഴുന്നേറ്റു.

"കിരൺ.. ആർ യൂ ഒക്കെ?"
അയാൾ കണ്ണന്റെ നേരെ നോക്കി.
"യാ  ഐആം ഒക്കെ സർ "
ചെറിയൊരു ചിരിയോടെ അവൻ പറഞ്ഞു.
എന്നിട്ട് പുറത്തേക്കിറങ്ങി.

ഓഫീസിന് മുന്നിലെ കസേരയിൽ മിത്തു ഇരിപ്പുണ്ട്.

"നീ പോയില്ലേ? ഓഫീസിൽ എത്താൻ വൈകില്ലേ മിത്തു?"
അവനെ കണ്ട് കണ്ണൻ ചോദിച്ചു.

"ഇല്ല.. ഞാൻ ലേറ്റാവുമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്. ലേറ്റ് ആയാലും എന്നെ അവിടെ കണ്ടാൽ മതി ആ പിശാചിന് "
മിത്തു കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു.

"എന്തായി. എന്ത് പറഞ്ഞു എംഡി?"
മിത്തു ആകാംഷയോടെ എഴുന്നേറ്റു കൊണ്ട് കണ്ണനെ നോക്കി.

"എന്താവാൻ.. ഇന്ന് തന്നെ ജോയിൻ ചെയ്യാൻ. പകരം ഒരാളെ കിട്ടുന്നത് വരെയും. കിട്ടിയ ആ നിമിഷം ലീവ് തുടരാം ന്ന്"
നിരാശയിൽ നെറ്റിയിൽ ഉഴിഞ്ഞു കൊണ്ട് കണ്ണൻ പറഞ്ഞു.

"ഹാ.. ഡോണ്ട് വറി മാൻ. നമ്മുക്ക് നോക്കാടാ. ഒട്ടും പറ്റുന്നില്ലെങ്കിൽ പോട്ടെ പുല്ലെന്നും പറഞ്ഞു കൊണ്ട് ഇറങ്ങി പോയേക്കാം."
മിത്തു അവന്റെ പുറത്ത് തട്ടി.

"അതെനിക്കും തോന്നാഞ്ഞിട്ടല്ല. പക്ഷേ എന്നെ വിശ്വാസമുള്ള ഒരു മാനേജ്മെന്റ് ഉണ്ട്. അവരെ ചതിക്കാൻ വയ്യെന്നുള്ള ഒറ്റ കാരണം കൊണ്ടാണ്. ആ എഗ്രിമെന്റിന് അൽപ്പം വാല്യു കൊടുക്കുന്നത് കൊണ്ടാണ്"

കണ്ണൻ ദീർഘനിശ്വാസത്തോടെ പറഞ്ഞു.

"ഇന്ന് തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞത് നന്നായി. ഇല്ലെങ്കിൽ ഫ്ലാറ്റിൽ പോയിരുന്നു സെന്റിയടിച്ച് നിനക്ക് വട്ടായി പോകുമായിരുന്നു "
മിത്തു കളിയായ് പറഞ്ഞു.

കണ്ണൻ ചിരിയോടെ അവനെ നോക്കി.

"എങ്കിൽ ഞാൻ പോട്ടെയിനി?"
മിത്തു കണ്ണനെ നോക്കി.

"പോയിട്ട് വാ "
കണ്ണൻ പറഞ്ഞു.

തിരികെ തന്റെ കൻസൽറ്റിങ് റൂമിലേക്ക് നടക്കുമ്പോൾ മനസ്സൊന്നു ശാന്തമക്കാൻ കണ്ണൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

പരിചിതമുഖങ്ങൾ അവനെ കണ്ട് സൗഹൃദത്തോടെ ചിരിച്ചപ്പോൾ ഹോസ്പിറ്റലിൽ തന്നെ അവന്റെ ആരാധികമാർ തിളങ്ങുന്ന മുഖത്തോടെ.. ആശ്വാസത്തോടെ അവനെ എതിരേറ്റു.

എല്ലാവരോടും നനുത്തൊരു ചിരിയോടെ ഗുഡ്മോർണിംഗ് പറഞ്ഞിട്ട് കണ്ണൻ മുറിയിലേക്ക് കയറി.

കസേരയിൽ ഒരു നിമിഷം കണ്ണടച്ചിരുന്നു.

മനസപ്പോഴേക്കും ഓടി ശ്രീ നിലയത്തിൽ എത്തിയിരുന്നു.

അവന് വീണ്ടും ശ്വാസം മുട്ടി.

അവടെ നടക്കുന്നതോരോന്നും അവന്റെ മനസ്സിൽ മികവോടെ തെളിഞ്ഞു നിന്നിരുന്നു.

വേദനയൊളിപ്പിച്ച കണ്ണോടെ അവന്റെ പ്രിയപ്പെട്ടവളുടെ മുഖം.

കണ്ണൻ ഫോൺ എടുത്തു കൊണ്ടണ്ടവളുടെ നമ്പർ കോളിലിട്ടു.

ഒന്നോ രണ്ടോ ബെല്ലിന് ശേഷം അത് നിലച്ചു.

മറുവശം അവളുണ്ടെന്ന് ഉറപ്പാണ്.
മിണ്ടുന്നില്ലെങ്കിലും ആ വേദനിക്കുന്ന മനസ്സ് അവനറിയാം.

"ലച്ചു..."
ഹൃദയവേദനയോടെ കണ്ണൻ വിളിച്ചു.

നേർത്തൊരു മൂളൽ മാത്രമാണ് ഉത്തരം.

"വല്ലതും പറയന്റെ പെണ്ണേ. ആ ശബ്ദമെങ്കിലും കേൾക്കണമെനിക്.. ഇല്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തു പോകും"
കസേരയിലേക്ക് ചാരി കണ്ണൻ മിഴികൾ ഇറുക്കിയടച്ചു.

"അപ്പൊ... അപ്പൊ പിന്നെ എനിക്കാരാ കണ്ണേട്ടാ.ഞാൻ.. ഞാൻ പിന്നെങ്ങനാ ജീവിച്ചിരിക്കേണ്ടത് "
സീതയുടെ പരിഭവം നിറഞ്ഞ സ്വരം.

അവന് നെഞ്ച് വേദനിച്ചു.

"എനിക്.. എനിക്ക് പറ്റുന്നില്ലെടി "
അവന്റെ ശബ്ദം നേർത്തു.

"കണ്ണേട്ടന് പറ്റും.. നമ്മുക്ക് വേണ്ടിയല്ലേ?"

"മ്മ് "

"ഹോസ്പിറ്റലിൽ പോയോ?"

"മ്മ്.. ഞാനിന്ന് ജോയിൻ ചെയ്തു."

"ശ്രദ്ധിക്കണം... മനുഷ്യരുടെ ജീവനാണ് കണ്ണേട്ടന്റെ കയ്യിൽ വിശ്വസിച്ചു ഏല്പിച്ചു തരുന്നത് "

"പക്ഷേ.. എന്റെ ജീവൻ ഞാനവിടെ ഉപേക്ഷിച്ചല്ലേ പോന്നത്...?"

സീതയുടെ നെഞ്ചിൽ ഒരു കരച്ചിൽ പിടഞ്ഞു.

"നീയിന്ന് പോകുന്നില്ലേ?"

കണ്ണൻ ചോദിച്ചു.

"ഉവ്വ്.. ഞാനിറങ്ങി. പോയി കൊണ്ടിരിക്കുന്നു"

"സൂക്ഷിക്കണം. മുത്തശ്ശിയുടെ കൂടെ തന്നെ ഇരിക്കണം. "

അവൻ വീണ്ടും ഓർമിപ്പിച്ചു.

"മ്മ് "

"ഒട്ടും പറ്റുന്നില്ലെങ്കിൽ എന്നോട് പറയാൻ മടിക്കരുത്."

"പറയാം "

വീണ്ടും നെഞ്ച് കനക്കുന്ന മൗനം.

"ഇന്നെന്നെ കാത്തിരിക്കാൻ ശ്രീ നിലയത്തിൽ ആരുമില്ല കണ്ണേട്ടാ. എനിക്കങ്ങോട്ട് പോവാനെ തോന്നുന്നില്ല."
സീതയുടെ ശബ്ദമടഞ്ഞു.

"ഐ മിസ് യൂ ലച്ചു "
അവന്റെ ആർദ്രമായ സ്വരം.

ഇരു ദിക്കിലുമിരുന്നു കൊണ്ട് അവർ മനസ്സ് കൊണ്ട് കെട്ടിപിടിച്ചു..

ഒരു പുതപ്പിനുള്ളിലെന്നത് പോലെ തമ്മിൽ ചേർത്തു നിർത്തി ആശ്വാസം പകർന്നു..

നോവുകൾക്ക് മീതെ സ്നേഹചുംബനങ്ങൾ കൊണ്ട് മരുന്ന് പുരട്ടി..

പിടയുന്ന ഹൃദയത്തെ പ്രണയത്തിന്റെ മാന്ത്രികത കൊണ്ട് വരുത്തിയിലാക്കി.

നീ എനിക്കും ഞാൻ നിനക്കും എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഓർമപെടുത്തി.

ആർദ്രമായ നോട്ടങ്ങൾ കൊണ്ട് കാത്തിരിക്കാൻ പ്രേരിപ്പിച്ചു..

തിരികെ വരുവോളം എന്റെ ജീവൻ നിന്നിലാണെന്ന് പരസ്പരം ഓർമപ്പെടുത്തി..

ഇനിയുള്ള രാത്രിയിലൊക്കെയും സ്വപ്നങ്ങളിൽ നിറഞ്ഞു കൊള്ളാമെന്നു വാക്ക് കൊടുത്തു..

ജീവിതത്തിലെ മനോഹരനിമിഷങ്ങളൊക്കെയും തമ്മിൽ ചേരുന്നതാണെന്ന് ചുണ്ടുകൾ കൊണ്ട് അടയാളപെടുത്തി..

മനസ്സുകൾ കൊണ്ട് പ്രണയിക്കാൻ അകലങ്ങലെങ്ങനെ തടസ്സങ്ങൾ സൃഷ്ടികുമെന്നു വെറുതെ പറഞ്ഞു ചിരിച്ചു.

"ലച്ചു...."

ഇടയിലെപ്പഴോ കണ്ണൻ വീണ്ടും വിളിച്ചു.

"മ്മ്.."

"എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി. വെച്ചോട്ടെ?"

"ഇനിയെപ്പഴാ വിളിക്കാ?"

കണ്ണൻ ചിരിക്കുന്നത് കേട്ടു.
തന്നെ കളിയാക്കിയതാവും.

സീതയുടെ മുഖം വീർത്തു.

"അതിനെന്തിനാ ന്റെ ദുർഗാ ലക്ഷ്മി നീ മുഖം വീർപ്പിച്ചു പിടിക്കുന്നത്. നിനക്കെപ്പോ വേണേലും എന്നെ വിളിക്കാലോ.. നിന്റെ സ്വന്തമല്ലേ ഞാൻ"

അവന്റെ ആർദ്രമായ സ്വരം.

അവൾക്കുള്ളം വിങ്ങി.

"ഞാൻ മുഖം വീർപ്പിച്ചെന്ന് എങ്ങനെ മനസ്സിലായി "
സീത ചിരിയോടെ ചോദിച്ചു.

"എന്റെ ഉള്ളിലിങ്ങനെ നിറഞ്ഞു നിൽപ്പല്ലേ.. ഒരു ദുർഗാ ലക്ഷ്മി.. എന്റെ.. എന്റെ മാത്രം ദുർഗാ ലക്ഷ്മി "

സീതയുടെ ഉള്ളം നിറഞ്ഞു..

"എനിക്ക്.. എനിക്ക് കാണാൻ തോന്നുന്നു "
സീതയുടെ കൈകൾ ഫോണിൽ മുറുകി..

"എനിക്കും "

"എപ്പഴാ വരുന്നത് "

"വരും... കൊതിയോടെ കാത്തിരിക്കാൻ എന്റെ പെണ്ണുണ്ടല്ലോ.. വരാതിരിക്കാനാവില്ല. ഉടനെ വരും.."

സീതയൊന്നു വെറുതെ മൂളി.

"കുറച്ചു നാളുകൾക്ക് ശേഷം ഇന്ന് ചാർജടുക്കുവല്ലേ.. നിറയെ തിരക്കുകൾ ഉണ്ടാവും. പക്ഷേ ഫോൺ കയ്യിൽ വെക്കണം. ഞാൻ വിളിച്ചാൽ കേൾക്കാവുന്ന ദൂരെ..."
അവനോർമ്മിപ്പിച്ചു.

തിരക്കുകൾക്കിടയിലും നിന്നെ ഞാൻ ഓർക്കുമെന്ന് പറയാതെ പറയുന്നവൻ. അവൾക്കുള്ളം മുറിഞ്ഞു... രക്തം കിനിഞ്ഞു.

എത്ര ശ്രമിച്ചിട്ടും പുറത്തേക്ക് തെറിച്ച കരച്ചിൽ ചീളുകൾ കൊണ്ട് മുറിഞ്ഞത് മുഴുവനും അവന്റെ മനസാണ്.

"കരയല്ലേ.. ഞാനും തളർന്നു പോകും.. എനിക്കിവിടെ പിടിച്ചു നിൽക്കാനാവില്ല.. പ്ലീസ്.. പ്ലീസ് "കണ്ണന്റെ സ്വരം വളരെ നേർത്തു...

പിന്നൊന്നും പറയാതെ അവൻ ഫോൺ കട്ട് ചെയ്തു.
ഇത് പോലൊരു കരച്ചിലിന്റെ പെരുമഴ ചങ്കിലിട്ടു പിടയുന്നുണ്ടാവും. സീത ഓർത്തു.

ഫോൺ വെച്ചു കഴിഞ്ഞും നീറുന്നു..

പിടയുന്നു...

പ്രണയമേ.. നിനക്കിത്ര തീവ്രതയോ..?

ഭാരമേറുന്ന കാലുകൾ സീത പ്രയാസപെട്ടു കൊണ്ട് വലിച്ചു നടന്നു.

                         ❣️❣️❣️❣️

"എന്താണ്... എന്നെ കാണുമ്പോൾ ഒരു ഒളിച്ചു കളി.. മ്മ്?"
ഭിത്തിയോട് ചേർത്ത് നിർത്തി അർജുൻ നിരഞ്ജനയെ ലോക്ക് ചെയ്തു.

അവളൊരു നിമിഷം അവനെ നോക്കി നിന്നും.

വീണ്ടും മുഖത്തേക്ക് ഗൗരവം വലിച്ചു കയറ്റി.

"അജു മാറിക്കേ.. എനിക്ക് പോണം "

അവൾ മുഖം തിരിച്ചു.

"പോവാലോ.. പക്ഷേ എനിക്കുത്തരം വേണം നിമ്മി. രണ്ടൂസം ആയിട്ട് ഞാൻ കാണുന്നുണ്ട്.. എന്നിൽ നിന്നും ഒഴിഞ്ഞു മാറിയിട്ട് എന്നെ ഒളിഞ്ഞു നോക്കുന്നത്.."
അവന്റെ മുഖം നിറഞ്ഞ ചിരിയിലേക്ക് നിരഞ്ജന സ്വയം മറന്ന് നോക്കി നിന്നു.

"എത്രയൊക്കെ ദേഷ്യം നീ അഭിനയിച്ചാലും.. ദേ.. ഈ രണ്ട് കണ്ണുകളിൽ അർജുനിങ്ങനെ തെളിഞ്ഞു നിൽക്കുവാണ് പെണ്ണെ.. പിന്നെയെങ്ങനെ എനിക്ക് മാറി പോവാനാവും"

അജു അവൽക്കരികിലേക്ക് ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു.

നിരഞ്ജനയുടെ കണ്ണ് നിറഞ്ഞു..

"ഇല്ല.. എനിക്കിഷ്ടമല്ല"

അവൾ വാശിയോടെ പറഞ്ഞു.

"അതേ ഇഷ്ടമില്ലാഞ്ഞിട്ടാണല്ലോ ഈ താന്തോന്നി അനിയനെ നന്നാക്കിയെടുക്കാനുള്ള വക്കാലത്തുമായി സീതേച്ചിയെ പോയി കണ്ടത്. ഞാനില്ലാതെ നിനക്ക് വയ്യെന്ന് കരഞ്ഞു പറഞ്ഞത്. ല്ലേ "

അർജുൻ കുസൃതിയോടെ ചോദിച്ചു.

നിരഞ്ജന വിതുമ്പി കൊണ്ട് മുഖം താഴ്ത്തി.

"നമ്മുക്ക് ജീവിക്കണ്ടേ നിമ്മി.. നീയും ഞാനും ആഗ്രഹിച്ചത് പോലെ..?"

അർജുൻ അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു.

നിമ്മി നിറഞ്ഞ കണ്ണോടെ അവനെ നോക്കി തലയാട്ടി.

"തിരിച്ചു വന്നിരിക്കാണ്.. തിരഞ്ഞു വന്നിരിക്കുകയാണ് ഞാൻ.. ആ പഴയ അർജുനെ. നീ സ്നേഹിച്ച.. സ്വപ്നം കണ്ട ആ പഴയ അർജുനിലേക്ക് മടങ്ങാൻ ഒരുങ്ങി വന്നിരിക്കുകയാണ്.. ചെന്നു കയറി കൊടുത്തയിടങ്ങളിൽ നിന്നും എനിക്കെതിരെ പ്രതീക്ഷിക്കാത്ത അറ്റാക്ക് ഉണ്ടാവും. എനിക്കുറപ്പുണ്ട്. പക്ഷേ നീ കൂടെയുണ്ടെങ്കിൽ എനിക്ക് പിടിച്ചു നിൽക്കാനാവും. അവർക്കെതിരെ പൊരുതി നിൽക്കാനാവും "

അർജുന്റെ വാക്കുകൾ കടുത്തു.

"എനിക്ക് പേടിയുണ്ട് അജു "
പിണക്കം മറന്നത് പോലെ നിമ്മിയുടെ കൈകൾ അർജുന്റെ കയ്യിൽ മുറുകി.

"എനിക്ക് വിശ്വാസമുണ്ട്. തെറ്റിൽ നിന്ന് തിരിഞ്ഞു നടക്കുകയല്ലേ ചെയ്തത്. എന്റെ ചേച്ചിമാരുടെ പ്രാർത്ഥനയിൽ.. നിന്റെ പ്രണയത്തിൽ.. ഈ വിശ്വാസം മാത്രം മതി എനിക്കെന്നെ തിരിച്ചു പിടിക്കാൻ "
അർജുൻ അവളുടെ കയ്യിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.

നിമിഷനേരം കൊണ്ട് നിമ്മി ചുവന്നു പോയി.

അവൾ അവനിലേക്ക് പതുങ്ങി.

"ഒരുമ്മ തന്നപ്പോഴേക്കും എന്നിലേക്ക് പതുങ്ങിയ നീയാണോ നിമ്മി എന്നെ വേണ്ടന്ന് പറഞ്ഞിട്ട് പോയിരുന്നത്. എന്നോട് മിണ്ടാതെ നടന്നത്. മ്മ്?

അർജുൻ അവളെ നെഞ്ചിൽ ചേർത്ത് വെച്ച് കൊണ്ട് ചോദിച്ചു.

അവളൊന്നും മിണ്ടാതെ അവനെ നോക്കി.

"അതും സ്നേഹമായിരുന്നു ല്ലേ.. എനിക്കറിയാം.."

അർജുൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.

                       ❣️❣️❣️❣️

വിരസത നിറഞ്ഞ പകലിനന്ന് ഒച്ചിനെ പോലെ ഒട്ടും സ്പീഡില്ലായിരുന്നു.

എന്തെല്ലാം ചെയ്തിട്ടും സമയം പിന്നേയും ബാക്കിയാവുന്നു.

സീതയുടെ വിങ്ങുന്ന മനസ്സറിഞ്ഞു കൊണ്ട് മുത്തശ്ശി ഒരു വാക്ക് കൊണ്ട് പോലും അവളെ ശല്യപെടുത്തിയിരുന്നില്ല.
കണ്ണന്റെ അഭാവം അവരുടെ മുഖത്തും കാർമേഘം പോലെ മൂടി കിടന്നു.

ഉള്ളിൽ അലറി വിളിക്കുന്ന നോവിന്റെ ആഴത്തെ കുറിച്ച് എന്നിട്ടും രണ്ടു പേരും പരസ്പരം പങ്ക് വെച്ചില്ല.

മുത്തശ്ശിയന്ന് കൂടുതൽ ക്ഷീണിതയെ പോലെ കട്ടിലിൽ ഒതുങ്ങി കൂടിയപ്പോൾ.. അകത്തിരുന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയ ഏതോ നിമിഷം സീത മുറിക്ക് പുറത്തേക്ക് നടന്നു.

ഫോൺ കയ്യിലെടുക്കാൻ മറന്നില്ല.

ജീവശ്വാസം പോലെയൊരുവൻ വിളിച്ചേക്കും..

ഉരുളൻ തൂണിൽ ചാരി കമുങ്ങിൻ തോട്ടത്തിലേക്ക് നോക്കി നിൽക്കുമ്പോൾ ഓർമകളിൽ വീണ്ടും കണ്ണൻ കുറുമ്പ് കാണിച്ചു കൊണ്ട് വേദനിപ്പിക്കാനെത്തി.

വീണ്ടും വീണ്ടും ഹൃദയം വേദനിച്ചു.

ഒന്ന് കണ്ടെങ്കിലെന്ന് ഉള്ളിൽ അലറി വിളിച്ചു.

ഒന്നുറക്കെ കരയണമെന്ന തോന്നൽ ശക്തമായ നിമിഷം അവളിറങ്ങി നടന്നു.

കാട്ട് പൊന്തകൾ ദേഹത്തുരസി വേദനിപ്പിച്ചിട്ടും മനസ്സിലെ മുറിവിൽ നിന്നാണ് രക്തമൊഴുകിയതത്രയും.

അവനേറെ പ്രിയപ്പെട്ട കുളപടവിലേക്ക് കുഴഞ്ഞിരിക്കുമ്പോൾ മനസിനൊപ്പം കണ്ണുകൾ കൂടി നിറഞ്ഞു തൂവി.

അവിടെ പങ്കിട്ട  കുറേയേറെ നല്ല നിമിഷങ്ങൾ കണ്മുന്നിൽ തെളിഞ്ഞു നിന്നു.

ഉള്ളിലെ നോവത്രയും കരഞ്ഞു തീർക്കുമ്പോൾ.. അരികിൽ അവനുണ്ടെന്ന് തോന്നി.

കാറ്റല്ല... തലോടുന്നത് പ്രിയപ്പെട്ടവനാണ്.

ചാഞ്ഞു കിടക്കുന്നത് കൽപടവിലല്ല.. അവന്റെ നെഞ്ചിലാണ്.

അവൾക്ക് പിന്നെയും ശ്വാസം മുട്ടി.

"അവൻ പോയതിന്റെ ഷോ ആയിരിക്കും.. മോളിവിടെ കാണിച്ചു കൂട്ടുന്നത്. അല്ലേ?"

പിറകിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്തൊരു ചോദ്യം.
സീത ഞെട്ടി തിരിഞ്ഞു.

കഴുകൻ കണ്ണോടെ അവൾക്ക് മുന്നിൽ റിമി.

അവൾക്ക് പിറകെ... കാർത്തിക്ക്.. മനോജ്‌.. ജിബിൻ.

സീത വേഗം മുഖം തുടച്ചു..

"സൂക്ഷിക്കണേ..."
കാതിൽ കണ്ണന്റെ വാക്കുകൾ മുഴങ്ങി.

അപ്പോൾ മാത്രം അവളുടെ ഹൃദയം പിടഞ്ഞു.

സീത പതിയെ എഴുന്നേറ്റു.

"സീതാ ലക്ഷ്മി പേടിച്ചു.. കണ്ടോടാ?"
റിമി പരിഹാസത്തോടെ പിറകിൽ നിൽക്കുന്നവരെ നോക്കി.

"നീയെന്തു കരുതി.. അവനെന്നും നിന്നെ കെട്ടിപിടിച്ചു കൊണ്ട് ഇവിടിരിക്കുമെന്നോ?"

അതും പറഞ്ഞിട്ട് റിമി പൊട്ടി ചിരിച്ചു.

റിമി സീതയുടെ അരികിലേക്ക് നീങ്ങി നിന്നു.

അവളുടെ മുഖത്തു നിറയുന്ന പകയിലേക്ക് കാർത്തിക്കും മനോജും ജിബിനും ആത്മസംതൃപ്തിയോടെ നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story