സ്വന്തം ❣️ ഭാഗം 65

swantham

രചന: ജിഫ്‌ന നിസാർ

"മനസ്സിലായില്ല "

കണ്മുന്നിൽ റിമി നിറഞ്ഞാടുന്ന സ്വപ്നനടകം പകൽ പോലെ വ്യക്തമായിയറിഞ്ഞിട്ടും അവർക്ക് മുന്നിൽ നെഞ്ചിൽ കൈകെട്ടി നിന്നിട്ട് സീത പറയുമ്പോൾ അവളുടെ കണ്ണുകൾക്ക് വല്ലാത്ത തീക്ഷണതയുണ്ടായിരുന്നു.

നിന്നെ സുഹൃത്തായി ഹൃദയത്തിലേറ്റി, സ്വന്തം വീട്ടിലൊരിടം നൽകിയവനെ നീ ചതിക്കുന്നോ എന്നൊരു ദാർഷ്ട്യമുണ്ടായിരുന്നു സീതയുടെ നോട്ടത്തിൽ.

സൗഹൃദത്തിൽ മായം കലർത്തി സ്വാർത്ഥതയുടെ മുഖമൂടിയണിഞ്ഞ ഒരു പ്രണയത്തെ നീ എന്തിന് വളർത്തിയെടുത്തു   എന്നൊരു ചോദ്യമുണ്ടായിരുന്നു അവളുടെ ഹൃദയത്തിൽ.

"കണ്ടോടാ... സീതാ ലക്ഷ്മി സ്ട്രോങ്ങാണ് "
റിമി അവളുടെ നിൽപ്പ് കണ്ടിട്ട് പരിഹാസത്തോടെ കാർത്തിയെ നോക്കി.

അവരുടെ കണ്ണുകൾ അവളുടെ ദേഹത്ത് ഇഴഞ്ഞു നടക്കുന്ന പുഴുക്കളെ പോലെ സീതയെ അസ്വസ്ഥയാക്കി.

"പക്ഷേ... അതെന്നോട് വേണ്ട. നിനക്കറിയില്ല എന്നെ "
റിമിയുടെ മുഖം നിമിഷങ്ങൾ കൊണ്ട് മാറുന്നു.

ചിരിയും പകയും അവിടെ മാറി മാറി നിറഞ്ഞാടുന്നു.

"എനിക്ക് മാത്രമല്ല. നിന്നെയറിയാമെന്ന് വീമ്പ് പറയുന്ന ഒരുവിധപെട്ടവർക്കൊന്നും അറിയില്ലായിരിക്കും, നിന്റെ വൃത്തികെട്ട മനസ്സ് ഒളിപ്പിച്ചു പിടിച്ചു നീ മുഖത്ത് തേച്ചു പിടിപ്പിച്ചു നടക്കുന്ന കൊലച്ചിരിയെ."
സീത പരിഹാസത്തോടെ റിമിയെ നോക്കി.

"ദേ... നിന്റെ വാലായി നീ കൊണ്ട് നടക്കുന്ന ഇവർക്ക് പോലും ഇപ്പോഴുമറിയില്ല... നിന്റെ ശരിക്കുമുള്ള മുഖം.ഉദ്ദേശം."

കാർത്തിക്കിനെയും മനോജിനെയും ജിബിനെയും ചൂണ്ടി കാണിച്ചു കൊണ്ട് സീത പറഞ്ഞു.

റിമിയുടെ മുഖം വിളറി പോയി.

"നീയങ്ങു വല്ലാതെ നെഗളിക്കാതെടി പെണ്ണേ.."
കാർത്തിക്ക് സീതയുടെ അരികിലേക്ക് വന്നു.

"അത് പറയാൻ നിനക്കെന്ത് അവകാശം? ഞാൻ നിന്റെ ചിലവിലല്ലല്ലോ കഴിയുന്നത്?"
സീത ഗൗരവത്തോടെ പറഞ്ഞു.

"ഓഓഓ.. നിന്റെയീ പവർ കാണുമ്പോഴാ എനിക്ക് നിന്നെയങ്ങു കടിച്ചു തിന്നാൻ തോന്നുന്നത് "
കാർത്തിക്ക് ഒരു വഷളൻ ചിരിയോടെ താടി ഉഴിഞ്ഞു.

ജിബിനും മനോജും ഉറക്കെ ചിരിച്ചു കൊണ്ട് അവന്റെ തമാശ ആസ്വദിക്കുമ്പോൾ റിമി പകയോടെ അവന് മുന്നിൽ മുഖം തിരിച്ചു നിൽക്കുന്ന സീതയെ നോക്കി.

"ഹാ.. നീ ഒന്നടങ്ങു കാർത്തി. എല്ലാത്തിനും നമ്മൾ അവസരമുണ്ടാക്കി തരുമല്ലോ?"

റിമി കാർത്തിയുടെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു.

"അല്ലെങ്കിൽ തന്നെ സീതാദേവി പതിവ്രത കളിച്ചിട്ട് എന്ത് കാര്യം.. കിരൺ അവന് വേണ്ടതെല്ലാം ഊറ്റിയെടുത്ത് സ്ഥലം വിട്ടതല്ലേ?"
കാർത്തിക്ക് വീണ്ടും സീതയെ കണ്ണുകൾ കൊണ്ട് തലോടി.

"അവന്റെ പേര് കാർത്തിക്കെന്നല്ല. അത് കിരൺ വർമയാണ് "
സീത ദേഷ്യത്തോടെ പറഞ്ഞു.

"അവനെത് കൊമ്പത്തെ വർമയായാലും നിനക്കെന്താ.? എന്താടി..?"

റിമി  സീതയെ പിടിച്ചു തള്ളി.

അത് പ്രതീക്ഷിച്ചിരുന്നത് പോലെ സീത വീഴാതെ ബാലൻസ് ചെയ്തു നിന്നു.

"അത് ചോദിക്കാൻ നീയാരാ?"
റിമിയുടെ നേരെ അവളുടെ നോട്ടം കൂർത്തു.

"അവനെന്റെ ഫ്രണ്ടാണ് "
കാർത്ഥിക്കിന് മുന്നിൽ നിന്ന് അങ്ങനെ പറയാനേ അവൾക്കാവുമായിരുന്നുള്ളു.

"അല്ലാതെ റിമി മരിയ കണ്ണേട്ടന്റെ ഭാര്യയൊന്നുമല്ലല്ലോ"?

സീതയുടെ ചോദ്യം റിമിയെ ഒന്ന് കൂടി ദേഷ്യതിലാഴ്ത്തി.

"അവനെന്റെയാണെന്ന് പറയാൻ അവളുടെ നാവ് തരിച്ചു.

ഉള്ളം വിറച്ചു.

"ആഹാ.. നിങ്ങളിപ്പഴേ വഴക്ക് തുടങ്ങിയാലോ.. ആദ്യം നമ്മൾക്ക് പറയാനുള്ളത് പറയണം.. അതിനല്ലേ ഇപ്പൊ വന്നത്?"
പോര് കോഴികളെ പോലെ ചിറഞ്ഞു നിൽക്കുന്ന റിമിയെയും സീതയെയും നോക്കി മനോജ്‌ പറഞ്ഞു.

"പറയാനുള്ളത് പെട്ടന്ന് പറഞ്ഞോ.. എനിക്ക് പോവണം "
സീത അപ്പോഴും ഭാവഭേദമൊന്നുമില്ലാതെ പറഞ്ഞു.

റിമി അവളുടെ കൂസലില്ലാത്ത ഭാവത്തിലേക്ക് തുറിച്ചു നോക്കി.

"എന്ത് കണ്ടിട്ടാ ഈ അഹങ്കാരം നിനക്ക്. നീയെനിക്ക് പറ്റിയ ഒരു ഇരയെ അല്ല. ബാംഗ്ലൂർ സിറ്റിയിൽ പയറ്റി തെളിഞ്ഞ എനിക്കാണോ ഒരു പട്ടികാട്ടുക്കാരി സീതാ ലക്ഷ്മി "

ഉള്ളിലെ അമർഷം പുച്ഛമായി റിമി വാരി വിതറി.

"നീ നിന്റെ പരകായ പ്രവേശനത്തിന്റെ മഹത്വം ദേ ഇവരോട് പറഞ്ഞു പുളകം കൊണ്ടോ.. തത്കാലം എനിക്കത് കേൾക്കാൻ താല്പര്യമില്ല.. സമയവുമില്ല "
സീത അവളെ മാറി കടന്ന് പോവാൻ തിരിഞ്ഞു.

"അങ്ങനങ്ങു പോയാലോ.. സീതാ ലക്ഷ്മി മാത്രം മിടുക്കിയായ പോരല്ലോ "കാർത്തിക്ക് സീതയുടെ മുന്നിലേക്ക് കയറി നിന്നു.

"ഞങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ട് പോയ മതി നീ "
റിമി നേരെ വന്നു.

"പറഞ്ഞോ..?

സീത അപ്പോഴും അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് പതറാതെ നിന്നു.

"ഒരിക്കൽ കാർത്തി നിന്നോട് ആവിശ്വപെട്ടത് തന്നെ. അന്നത് നീ അനുസരിക്കാൻ കൂട്ടാക്കിയില്ല. അതിനുള്ള സമ്മാനം നിന്റെ അനിയന് കൊടുത്തിരുന്നു ഞങ്ങൾ. മറന്നിട്ടില്ലല്ലോ?"

റിമി ചിരിയോടെ അവളെ നോക്കി.

സീതയുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.

"ഇന്ന്... ഒരിക്കൽ കൂടി നിനക്ക് മുന്നിലേക്ക് അതേ ആവിശ്യം ഞങ്ങൾ നീട്ടി വെക്കുന്നു. നിനക്കത് സ്വീകരിക്കാം.. അല്ലെങ്കിൽ തള്ളി കളയാം "

റിമി സീതയ്ക്ക് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

"സ്വീകരിച്ചാൽ.. യാതൊരു പ്രശ്നവുമില്ല. ഞങ്ങൾക്ക് ഞങ്ങളുടെ വഴി.. നിനക്ക് നിന്റെ വഴി.പക്ഷേ ഞങ്ങളുടെ ആവിശ്യം ഉപേക്ഷിക്കാനാണ് നിന്റെ തീരുമാനമെങ്കിൽ.."

റിമി അവളെ തുറിച്ചു നോക്കി.

"ഇനി ഒരു ഓർമപെടുത്തലുണ്ടാവില്ല. നശിപ്പിച്ചു കളയും. നിന്റെ പ്രിയപ്പെട്ടതെല്ലാം. യാതൊരു തെളിവുമില്ലാതെ ഓരോന്നായി കണ്മുന്നിൽ നഷ്ടപെടുന്നത് നോക്കി നീ നിൽക്കേണ്ടി വരും."

റിമിയുടെ മുഖത്തൊരു ക്രൂരത നിറഞ്ഞ ചിരി നിറഞ്ഞു നിന്നിരുന്നു.

സീതയുടെ നെഞ്ചിടിപ്പേറി.
എന്നിട്ടും അവർക്ക് മുന്നിൽ അവൾ പതറിയില്ല.

"ഇപ്പോഴും നിങ്ങളുടെ ആവിശ്യമെന്താണ് എന്ന് പറഞ്ഞിട്ടില്ല "

ഹൃദയമാണ് വിറക്കുന്നത്..
കാരണം ഉപേക്ഷിക്കാൻ ഇവരെന്താവും ആവിശ്യപെടുന്നതെന്ന് കേൾക്കുന്നതിനു മുന്നേ തന്നെ നന്നായി അറിയാമത് .

"നീ കിരണിന്റെ വഴിയിൽ നിന്നും മാറി തരണം. അവനെ ഞങ്ങൾക്ക് വിട്ട് തരണം."
കാർത്തി അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു.

സീതയുടെ ഉള്ളിലെ മുറിവുകൾ ഒന്നിച്ചു വിങ്ങി..

രക്തം കിനിഞ്ഞു..

കണ്മുന്നിൽ കള്ളചിരിയോടെയൊരുവൻ ഉത്തരമറിയാനായി കാത്തിരിക്കുന്നു.

"കിരൺ വർമയെ ഞാനെവിടെയും കെട്ടിയിട്ടിട്ടില്ല."
സീത ശാന്തമായി പറഞ്ഞു.

"അല്ലെങ്കിലും അവനെ നിനക്കമർത്താൻ കഴിയുമെന്ന് എനിക്കിത് വരെയും തോന്നിയിട്ടില്ല. നിന്നെക്കാൾ മുന്തിയയിനം സുന്ദരികൾ മുന്നിൽ വന്നു നിന്ന് നേരിട്ട് പ്രപ്പോസൽ നടത്തിയിട്ടു കൂടി പിടി കൊടുക്കാത്ത അവനാണ് നിന്നെ സ്നേഹിക്കുന്നതെന്ന് നീ തെറ്റിദ്ധരിച്ചു വെച്ചേക്കുന്നത്.."

റിമി അത് പറഞ്ഞിട്ട് ഉറക്കെ ചിരിച്ചു.

അത് തന്നെയാണ് എന്റെ കണ്ണേട്ടന്റെ ഭംഗിയെന്ന് സീത സ്വയം പറഞ്ഞു.

സൂക്ഷിക്കണം ലച്ചു... ഞാമില്ലാത്തതാണ് "

ഹൃദയത്തിലൊരു ഓർമപെടുത്തൽ വന്നു നിറഞ്ഞു.

ശരിയാണ്.. മാളത്തിലൊളിച്ചിരുന്ന വിഷപാമ്പുകൾ ഒരു അവസരം കിട്ടിയത് പോലെ തനിക്ക് നേരെ വിഷപല്ലുകളുമായി ഓടിയടുത്തിരിക്കുന്നു.

അവൾക്ക് കണ്ണനെ കാണാനുള്ള മോഹം അതിശക്തമായി.

ജീവിതത്തിൽ ചില നിമിഷങ്ങളുണ്ട്.. വല്ലപ്പോഴും മാത്രം സംഭവിച്ചു പോകുന്നവ...

അത്രയും പ്രിയപ്പെട്ടയൊരാളെ അത്രമേൽ കൊതിച്ചു പോകുന്ന നിമിഷം.

ഒന്നടുത്തു വന്നിരുന്നു കൊണ്ട് ചേർത്ത് പിടിച്ചാൽ മാത്രം മതിയാവും ഉള്ളിലുള്ള ഒരായിരം സങ്കടങ്ങൾ ആവിയായി പോവാൻ..

നെറുകയിൽ ഒന്ന് ഉമ്മ വെച്ചാൽ മതിയാവും ഉള്ളിൽ ആളി പടരുന്ന തീ ശമിപ്പിക്കുവാൻ..

നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിട്ട് ഞാനില്ലേ എന്നൊരോറ്റ ചോദ്യം മതിയാവും... നിർവൃതിയോടെ മറ്റെല്ലാ വേദനകളും മറന്നിട്ടു സ്വസ്ഥമായിരിക്കാൻ..

കാരണം അവർ കൂട്ടിരിക്കുന്നത് മുറിവുകൾക്കാണ്..

അതുങ്ങാനാണ്..

"ഡീ..."
റിമൂയുടെ വിളിയിലാണ് ഞെട്ടിയത്.

"പറഞ്ഞത് മനസ്സിലായോ നിനക്ക്?"
വീണ്ടും റിമിയുടെ കടുത്ത ചോദ്യം.

"ഇല്ല "
സീത ഒട്ടും പതറാതെ അവളുടെ കണ്ണിലേക്കു നോക്കി.

"നീയെന്താ ആളെ കളിയാക്കുന്നോടി?"

അവൾക്ക് നേരെ കുതിച്ചു ചാടാനൊരുങ്ങിയ റിമിയെ കാർത്തിക്ക് അടക്കി പിടിച്ചു.

കിട്ടിയ അവസരം പോലെ അവനവളെ ദേഹത്തു വെച്ചമർത്തി.

"ആ.. താനാദ്യം ഇച്ചിരി ക്ഷമയോടെ നിൽക്ക്. ഞങ്ങളോട് എടുത്തു ചാടരുത് എന്നൊക്കെ വല്ല്യ വീരവാദം പറഞ്ഞത് കൊണ്ടായില്ലല്ലോ?"
റിമി കാർത്തിക്കിനെ തുറിച്ചു നോക്കി.

ദേഷ്യം കൊണ്ടവളുടെ ശ്വാസം മുരളിച്ച പോലാണ്.

"നിനക്ക് കിട്ടിയതൊന്നും പോരാ. അല്ലേടി?"
ജിബിൻ അവൾക്ക് മുന്നിൽ വന്നു നിന്നിട്ട് പല്ല് കടിച്ചു.

"അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നതുപോലെ നീയൊക്കെ എന്റെ അനിയന് മേൽ കുതിരകേറിയത് ഞാൻ മനഃപൂർവം മറന്നു കളഞ്ഞതൊന്നുമല്ല. ഇവിടെ വന്നിട്ട് ഏറ്റു പറച്ചില് നടത്തുന്നതിന് മുൻപ് തന്നെ എനിക്കറിയാം നീയൊക്കെ തന്നെ ആണ് അതിന് പിന്നിലെന്ന് "

സീത അവരെ പുച്ഛത്തോടെ നോക്കി.

"കിരൺ വർമയെ മോഹിക്കാൻ നിനക്കെന്ത് യോഗ്യത..? അതിനെ കുറിച്ചൊന്നും പറയാനില്ലേ ധീരവനിതക്ക്?"

റിമി കാർത്തിയുടെ പിടിയിൽ നിന്നും കുതറി മാറി കൊണ്ട് ചോദിച്ചു.

"അയാളെന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നതാ എനിക്കുള്ള യോഗ്യത "
വീറോടെ അവരോടത് പറയുമ്പോൾ നിർവൃതിയുടെ ചിരിയോടെ അരികിൽ വന്നിട്ടൊരുവൻ ചേർത്ത് പിടിക്കുന്നുണ്ടെന്ന് തോന്നി സീതയ്ക്ക്.

റിമിയുടെ കണ്ണിലേക്കു വീണ്ടും ദേഷ്യം ഇരച്ചു കയറി.

"ഞാൻ കണ്ണേട്ടനേയും കണ്ണേട്ടൻ എന്നെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്. നിങ്ങളോട് ചോദിച്ചിട്ടല്ല ഞങ്ങളാ ഇഷ്ടം ഹൃദയത്തിലേറ്റിയത്.. അത് മറന്ന് കളയണമെന്നും.. തമ്മിൽ വേർപിരിഞ്ഞു പോകണമെന്നും പറയാൻ നിങ്ങൾക്കാർക്കും യാതൊരു യോഗ്യതയുമില്ല "

ഒട്ടും പതറാതെ അവർക്ക് മുന്നിൽ പിടിച്ചു നിൽക്കുമ്പോഴും ഉള്ളിൽ ഭയം തിക്ക് മുട്ടുന്നുണ്ട്.

എന്തും ചെയ്യാൻ മടിയുള്ളാത്തവരാണെന്ന് ഹൃദയം ഓർമിപ്പിച്ചു തരുന്നുണ്ട്.

"കണ്ണേട്ടൻ എന്നെ വേണ്ടന്ന് പറയുന്നത് വരെയും.. ഞാൻ സ്നേഹിക്കും.. കാത്തിരിക്കും "സീത ഉറപ്പോടെ പറഞ്ഞു.

"ഉറപ്പാണോ..? കണ്ണനെ മറക്കില്ലെന്ന തീരുമാനത്തിൽ തന്നെ നീ ഉറച്ചു നിൽക്കുന്നുണ്ടോ?"
റിമി അവൽക്കരികിലേക്ക് നീങ്ങി നിന്നിട്ട് ഒന്ന് കൂടി ചോദിച്ചു.

"ഒരു കാര്യം. ഒറ്റ പ്രാവശ്യം പറയാനാണ് എനിക്കിഷ്ടം "
സീതയുടെ അവളെ കണ്ണടക്കാതെ നോക്കി.

"ഇതിന്... ഇപ്പോ എനിക്ക് മുന്നിൽ നിവർന്നു നിന്ന് ഈ പറഞ്ഞതിന് നീ അനുഭവിക്കും."

റിമി വിരൽ ഞൊടിച്ചു കൊണ്ടവളെ നോക്കി ചിരിച്ചു.

സീത അതിനൊന്നും ഉത്തരം പറഞ്ഞില്ല.

"നീ എനിക്ക് മുന്നിൽ വരും. ഞാൻ പറയുന്നതെന്തും അനുസരിക്കാമെന്ന് എനിക്ക് വാക്ക് തരും. ഏറിയ ഒരാഴ്ച.. അതിന് മുന്നേ നീ ഇപ്പൊ പറഞ്ഞ ആ ആത്മാർത്ഥ പ്രണയമുണ്ടല്ലോ..? അത് ഞാൻ പൊളിച്ചു മടക്കി കയ്യിൽ തന്നിരിക്കും. റിമിയാ പറയുന്നത്. കരുതിയിരുന്നോ? നിന്നെയവൻ വെറുക്കും.. പുഴുത്ത പട്ടിയെ പോലെ അറപ്പോടെ നോക്കും.."

കിതച്ചു കൊണ്ട് റിമി പറയുന്നത്തേക്കൊയും ഹൃദയത്തെ പിടിച്ചു കുലുക്കിയിട്ടും സീത ചിരി മായാതെ നിന്നു.

"ഇവർക്ക് പിന്നിൽ നീ കൂടിയുണ്ടെന്ന് കണ്ണേട്ടൻ അറിഞ്ഞാലോ? അതിനെ കുറിച്ച് എന്താ റിമി മരിയയുടെ അഭിപ്രായം. മ്മ്?"

റിമിക്ക് മാത്രം കേൾക്കാൻ കഴിയുന്ന ശബ്ദത്തിൽ സീത ചോദിച്ചു.

ഒരുനിമിഷം റിമി നിശ്ചലമായി.

"അതിനെ കുറിച്ച് ഞാനിപ്പോ പേടിക്കുന്നില്ല. അവനെന്റെയാണ് "
അവളും പല്ല് കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.

"പക്ഷേ.. നീ ഇനി കരുതിയിരുന്നോ..റിമിയിനി കളത്തിലിറങ്ങി കളിക്കാൻ തുടങ്ങുകയാണ്.അവന് വേണ്ടി ഞാനെന്തും ചെയ്യും.. എന്തും."

റിമി വീണ്ടും വിരൽ ചൂണ്ടി പറഞ്ഞു.

സീതയത് പുച്ഛിച്ചു തള്ളി.

"അപ്പൊ പറയാനുള്ളത് തീർന്നില്ലേ? ഇനി എനിക്ക് പോകാമല്ലോ . അല്ലേ? "

സീത അവരെയെല്ലാം ഒന്ന് കൂടി നോക്കിയിട്ട് തിരിഞ്ഞു നടന്നു.

                           ❣️❣️❣️❣️

മുറിയിലെത്തുമ്പോൾ സീത കിതച്ചു പോയിരുന്നു.

ഹൃദയം അതിശക്തമായി മിടിച്ചു. കണ്ണേട്ടനോട് പറഞ്ഞേ പറ്റൂ.
ഇനിയും ഇവരോട് ഒറ്റയ്ക്കു പിടിച്ചു നിൽക്കാനാവില്ല.

അവൾക്കുള്ളം വിറച്ചു.

"എന്തേ മോളെ.. മുഖമൊക്കെ വല്ലാണ്ട്.. പേടിച്ചത് പോലെ?"

മുത്തശ്ശിയുടെ സ്വരമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.

"ഒന്നുല്ല "

നേർത്തൊരു ചിരിയോടെ പറഞ്ഞു.

എന്നിട്ടവരെ കൈ പിടിച്ചു കൊണ്ട് എഴുന്നേൽപ്പിച്ചു.

ഒറ്റ ദിവസം കൊണ്ട് ഒരുപാട് അവശയായത് പോലെ മുത്തശ്ശി കിതച്ചു..

അവർക്കുള്ള പരിചരണത്തിലേക്ക് നീങ്ങിയപ്പോഴും മനസ്സിൽ റിമിയുടെ വാക്കുകൾ കല്ലിച്ചു കിടന്നു.

ചായയെടുക്കാൻ അടുക്കളയിലേക്ക് നടക്കുന്നവൾക്ക് നേരെ ഹരി ധൃതിയിൽ നടന്നു വരുന്നത് കണ്ടു.

ഒട്ടും പ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ടപ്പോൾ അവളുടെ ഉള്ള് പിടച്ചു.

എന്തിനാവോ..?
അതും ഈ നേരത്ത്..!

ഹരി.. "
മുത്തശ്ശിയുടെ മുറിയിലേക്ക് പോവാൻ നിന്നവൻ സീത വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി.

"എന്താടാ..? നീ ഇപ്പോഴെന്തായിവിടെ?"
അവൾ അവനരികിലേക്ക് വന്നു നിന്നിട്ട് ചോദിച്ചു.

"അതൊക്കെ പറയാം.. നീ ആദ്യം വന്നേ "
അവൻ അവളുടെ കൈ പിടിച്ചു കൊണ്ട് മുത്തശ്ശിയുടെ മുറിയിലേക്ക് ധൃതിയിൽ നടന്നു.

ടെൻഷൻ നിറഞ്ഞ അവന്റെ മുഖത്തേക്ക് സീത വീണ്ടും വീണ്ടും നോക്കി.

"നീ കാര്യം പറ ഹരി "
അവൾ വീണ്ടും ആവിശ്യപെട്ടിട്ടും അവനൊന്നും മിണ്ടിയില്ല.

അവൻ കൈ പിടിച്ചു കൊണ്ട് പോകുന്നത് നോക്കി സാവിത്രി മുഖം കടുപ്പിക്കുന്നത് സീത കണ്ടിരുന്നു. ആകാരണമായൊരു ഭയം അവളെ ഭരിക്കാൻ തുടങ്ങിയിരുന്നു.. അത്ര സമയം കൊണ്ട് തന്നെ.

ഹരിയുടെ മുഖത്തേക്ക് കൂടെ കൂടെ നോക്കുന്നുണ്ട്.

മുത്തശ്ശിയുടെ മുറിയുടെ വാതിൽക്കൽ എത്തിയതും ഹരി നിന്നു.

"പോയി നിന്റെ ബാഗ് എടുത്തു വാ.. നമ്മൾ വീട്ടിലേക്ക് പോകുന്നു. ഇനി ഇവിടെ ആരോടെങ്കിലും പറയേണ്ടതുണ്ടോ?"
ഹരി അവളെ നോക്കി ചോദിച്ചു.

"എന്താ ഹരി.. എന്തിനായിപ്പോ വീട്ടിലേക്ക് പോകുന്നത്? ആദ്യം നീ കാര്യം പറ?"
സീത വിറയലോടെ ആവിശ്യപെട്ടു.

അതേ നിമിഷം അവന്റെ ഫോൺ ബെല്ലടിച്ചു.

"കണ്ണനാണ്.. സംസാരിക്"
അവൾക്ക് നേരെ ഫോൺ നീട്ടിയിട്ട് ഹരി മുത്തശ്ശിയുടെ അരികിലേക്ക് കയറി പോയി.

വിറക്കുന്ന കയ്യോടെ സീത കോൾ ബട്ടൺ പ്രസ് ചെയ്തു.

"ലച്ചു..."

കാതിൽ കുളിർതെന്നൽ പോലെയവന്റെ സ്വരം.

സീതയുടെ നെഞ്ച് വിങ്ങി.

റിമിയും അവളുടെ വാക്കുകളും അവൾക്കുള്ളിലിരുന്ന് വീർപ്പു മുട്ടി.

"ടെൻഷനാവല്ലേ.. കണ്ണേട്ടൻ നിന്റെ കൂടെ തന്നെയുണ്ട്. ഒട്ടും പറ്റുന്നില്ലന്ന് തോന്നിയ ഇതെല്ലാം ഉപേക്ഷിച്ചു കൊണ്ടായാലും നിനക്കരികിലേക്ക് ഞാൻ ഓടിയെത്തും.. "

കണ്ണൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി സീതയ്ക്ക്.

ഇതെന്തിനായിപ്പോ ഇങ്ങനൊക്കെ പറയുന്നതാവോ.?

"ഹരിയുടെ കൂടെ പോ.. അവൻ നിന്നെ കൊണ്ട് പോവാൻ വന്നതാ. വേണ്ടാത്തതോന്നും ഓർത്തിട്ട് ടെൻഷനാവരുന്നത്. ഒരു വിളിക്കപ്പുറം നിന്റെ ഹൃദയത്തോട് ചേർന്ന് കണ്ണേട്ടനുണ്ട്.. നിന്റെ ഹരിയുണ്ട്. നീ ഒറ്റയ്കാണെന്ന് തോന്നുകയെ വേണ്ട. എന്റെ സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ ആണെന്നുള്ള ഒറ്റ ധൈര്യത്തിലാണ് നിന്റെ കണ്ണേട്ടനിവിടെ പിടിച്ചു നിൽക്കുന്നത്. അതോർമ വേണം "

കണ്ണൻ വീണ്ടും വീണ്ടും അവളെ ശ്വാസം മുട്ടിച്ചു.

ഫോൺ ഹരിക്ക് കൊടുക്ക് ലച്ചു "

അവൻ ആവിശ്യപെട്ടു.

താനൊന്നും പറഞ്ഞില്ലല്ലോ എന്നവൾ ഓർത്തു.

ഒരക്ഷരം പോലും മിണ്ടാനാവാതെ ലോക്കിട്ടത് പോലെ നാവ്.

പക്ഷേ ഹൃദയം ഒരായിരം കാര്യങ്ങൾ അവനെ അറിയിക്കാൻ മുറവിളി കൂട്ടുന്നു.

അവൾക്ക് വീണ്ടും തളർച്ച തോന്നി.മുറിയിലേക്ക് ചെല്ലുമ്പോൾ ഹരിയുടെ തോളിൽ ചാരിയിരിക്കുന്ന മുത്തശ്ശി.

അതേ വിറയലോടെ തന്നെ ഫോൺ ഹരിക്ക് നീട്ടി.

"കട്ട് ചെയ്‌തോ? "
അവളൊന്നും പറയാതെ ഹരിയെ തുറിച്ചു നോക്കി.

അവൻ അവളെ ഒന്ന് നോക്കിയിട്ട് ഫോൺ കാതോട് ചേർത്ത് വെച്ചിട്ട് മുറിയിൽ നിന്നും ഇറങ്ങി പോയി.

"മോള് പോവാൻ റെഡിയായിക്കോ "
മുത്തശ്ശി അലിവോടെ പറഞ്ഞു.

സീതയുടെ ഹൃദയത്തിലൊരു അപായമണി മുഴങ്ങി തുടങ്ങിയിരുന്നു.

മരവിച്ചത് പോലെ.. അവൾ പോയി ബാഗ് എടുത്തു. മേശയുടെ പുറത്തുണ്ടായിരുന്ന ഫോൺ എടുത്തിട്ട് ബാഗിലേക്ക് വെച്ചു.

വീണ്ടും മുത്തശ്ശിയെ നോക്കി.

ഇവിടെ വാ.. "
അവളുടെ നോട്ടം കണ്ടിട്ട് അവർ കൈമാടി വിളിച്ചു.

സീത സ്വപ്നത്തിലെന്നത് പോലെ അവരുടെ അരികിൽ പോയി ഇരുന്നു.

"ഒന്നുല്ല... പേടിക്കേണ്ട ട്ടൊ "
അലിവോടെ അവളുടെ തലയിൽ തലോടി.

സീത വാതിലിന് നേരെ തുറിച്ചു നോക്കി കൊണ്ടിരിന്നു.

"പോവാം.."
ഹരി വന്നിട്ട് വീണ്ടും അവളെ നോക്കി.

ഒരക്ഷരം മിണ്ടാതെ സീത എഴുന്നേറ്റു പോയി ബാഗ് എടുത്തു തോളിൽ തൂക്കി.

"പോയിട്ട് വാ മോനെ "
മുത്തശ്ശി ഹരിയെ നോക്കി പറഞ്ഞു.

പെട്ടന്നാണ് പ്രധാപ് വർമ്മയും വാല് പോലെ ഒരു ഇരയെ കിട്ടിയ സംതൃപ്തി നിറഞ്ഞ മുഖത്തോടെ സാവിത്രിയും ഭാമയും അങ്ങോട്ട്‌ കയറി വന്നത്.

"നീ എവിടെ പോകുന്നു?"

ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് അയാളുടെ നോട്ടം ബാഗുമായി നിൽക്കുന്ന സീതയുടെ നേരെ തറച്ചു.

"അവൾക്ക് വീട്ടിൽ പോവേണ്ട ഒരു അത്യാവശ്യം. ഹരി അവളെ കൊണ്ട് പോവാൻ വന്നതാ "
മുത്തശ്ശിയാണ് ഉത്തരം കൊടുത്തത്.

"അങ്ങനെ തോന്നുമ്പോ കയറി വരാനും പോവാനും... ഇത് "

"സത്രമൊന്നും അല്ലല്ലോ എന്നല്ലേ?"
ഹരി അയാൾക്ക് മുന്നിലേക്ക് കയറി നിന്നു.

"ഇനി ഇത് എന്ത് തന്നെയായാലും ഇപ്പൊ.. ഈ നിമിഷം സീതയെ ഞാൻ കൊണ്ട് പോകും. അവൾ വരികയും ചെയ്യും."
അവന്റെ സ്വരം കടുത്തു.

"അതല്ലങ്കിലും അവളെ ആര് വിളിച്ചാലും കൂടെ പോകുമല്ലോ?"
പ്രധാപിന്റെ പിറകിൽ നിന്നും സാവിത്രി പുച്ഛത്തോടെ സീതയെ നോക്കി.
ഇതൊന്നും തന്നെ ബാധിക്കുന്ന പോലല്ല അവളുടെ നിൽപ്പ്.

"ആർക്ക് വേണം നിന്റെ സർട്ടിഫിക്കറ്റ്. ആദ്യം സ്വയം നന്നായി കാണിക്ക് സാവിത്രി.എന്നിട്ട് മതി സീതയുടെ നേരെ "
മുത്തശ്ശി അവശതയിലും സീതയ്ക്ക് വേണ്ടി വിളിച്ചു പറഞ്ഞു.

"അമ്മയൊന്ന് മിണ്ടാതെയിരിക്കുന്നുണ്ടോ? ഇമ്മാതിരി തോന്നിവാസം ഇവിടെ നടക്കില്ല "
ഭാമ അവർക്ക് നേരെ ചാടി.

"എന്നെ അടക്കി നിർത്താൻ മാത്രം തത്കാലം നീ ആയിട്ടില്ല ഭാമേ.. ഈ വീടിപ്പോഴും എന്റെ പേരിലാണ്. അത് മറന്നു പോവണ്ട "
മുത്തശ്ശി അൽപ്പം ഉറക്കെ പറഞ്ഞു.

"ഹരി.."
അവർ വിളിച്ചത് കേട്ടപ്പോൾ ഹരി തിരിഞ്ഞു നോക്കി.

"നീ അവളേം വിളിച്ചു കൊണ്ട് പോ.. സമയം കളയാതെ. ഇവിടാരും ഒന്നും പറയില്ല "
ആക്ജ പോലെ അവരത് പറയുമ്പോൾ.. ഹരി ഒന്ന് കൂടി അവരെ തുറിച്ചു നോക്കിയിട്ട് സീതയുടെ കൈയ്യിൽ പിടിച്ചു.

വാ..

അവൻ പിടിച്ചത് കൊണ്ട് മാത്രം അവൾ കൂടെ ചെന്നു.

വാതിൽ കടന്നിറങ്ങി പോകുമ്പോൾ... അവരെയൊന്നു നോക്കിയത് കൂടിയില്ല.

വിറക്കുന്ന കയ്യും കാലും..
തളരുന്നു മെയ്യും മനസ്സും..

അവൾ ഒരാശ്രയം പോലെ ഹരിയുടെ തോളിൽ ചാഞ്ഞു കിടന്നു.അവൻ ഇടയ്ക്കിടെ അവൾ ചുറ്റി പിടിച്ച കയ്യിൽ തലോടി..

വണ്ടി ഓടിക്കുന്നതിനിടയിലും ഹരിക്ക് ഫോൺ വന്നു കൊണ്ടിരിക്കുന്നു.

ഒടുവിൽ വീടിന്റെ അടുത്തെത്തുന്നതിന് മുന്നേ അവിടെ തിങ്ങി കൂടിയ ആളുകൾക്കിടയിൽ കൂടി ഹരി അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു.

രാവിലെ ചിരിയോടെ തന്നെ യാത്രയാക്കിയ അച്ഛന്റെ മുഖം സീതയുടെ ഉള്ളിൽ അപ്പോഴും ജ്വലിക്കുന്നുണ്ടായിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story