സ്വന്തം ❣️ ഭാഗം 66

swantham

രചന: ജിഫ്‌ന നിസാർ

"എന്റെ പെണ്ണിന് എന്നെ ഏറ്റവും അത്യാവശ്യമുള്ള സമയത്ത് പോലും അവൾക്കരികിലെത്താനായില്ലല്ലോ.."

കണ്ണൻ അസഹനീയമായ വേദനയോടെ കുനിഞ്ഞിരുന്നു.

അവനെ എന്ത് പറഞ്ഞിട്ട് ആശ്വാസിപ്പിക്കണമെന്നറിയാതെ മിഥുനും വലഞ്ഞു.

"അവളെന്നെ കൊതിക്കുന്നുണ്ടാവും..ഞാൻ അരികിലുണ്ടായിരുന്നെങ്കിലെന്നു മോഹിക്കുന്നുണ്ടാവും.. എന്റെ നെഞ്ചിൽ ചേർന്ന് കരയാൻ ഒരു കണ്ണീർ കടൽ ഒളിപ്പിച്ചു പിടിച്ചു നടക്കുന്നുണ്ടാവും മിത്തു."

കണ്ണൻ മുടിയിൽ പിടിച്ചു വലിച്ചു.

"നീ എന്താ കണ്ണാ കൊച്ചു പിള്ളേരെ പോലെ. മനഃപൂർവമല്ലല്ലോ. എല്ലാം നിനക്കും സീതയ്ക്കും അറിയാം. പിന്നെയും ഇങ്ങനെ തുടങ്ങിയാലോ?"
മിത്തു ശാസനയോടെ കണ്ണനെ നോക്കി.

"ആ പാവം പെണ്ണിനോട് ദൈവത്തിനെന്താവോ ഇത്രേം ദേഷ്യം? ഒരിത്തിരി സന്തോഷം കൊടുത്ത പിന്നെ അവൾക്ക് സഹിക്കാൻ കഴിയാത്ത സങ്കടങ്ങളാണ് തലയിലേക്ക് എടുത്തു വെച്ചു കൊടുക്കുന്നത്. എനിക്ക് പോലും സഹിക്കാൻ പറ്റുന്നില്ല.. അപ്പൊ.. അപ്പൊ അവളുടെ അവസ്ഥയൊ "

അവന്റെ കണ്ണുകൾ കലങ്ങി ചുവന്നു.

"ഇപ്പഴും തളർന്നിരുക്കുന്നുണ്ടാവില്ല അത്.ഓടി പിടഞ്ഞു കൊണ്ട് ഓരോന്നും ചെയ്യുന്നുണ്ടാവും. ചങ്ക് പൊടിഞ്ഞിട്ടും കടിച്ചു പിടിച്ചു സഹിക്കുന്നുണ്ടാവും.. പാവം ."

അവൻ വേദനയോടെ പിറുപിറുത്തു..

"നീ ഒന്ന് സമാധാനപെട് കണ്ണാ.."

മിത്തു അവന്റെ കയ്യിൽ അമർത്തി പിടിച്ചു.

"എങ്ങനെയാണ് മിത്തു എനിക്ക് സമാധാനത്തോടെയിരിക്കാൻ കഴിയുന്നത്. കൂടെ ഉണ്ടാവാം എന്നവൾക് വാക്ക് കൊടുത്തിട്ട്.. അവൾക്കെന്നെ ഏറ്റവും ആവിശ്യമുള്ള സമയത്ത് എനിക്കവളെ ചേർത്ത് പിടിക്കാനായില്ല."

അവന്റെ സങ്കടം തീരുന്നില്ല.

"നിനക്ക് നാട്ടിലേക്ക് പോണോ?"
മിത്തു ചോദിച്ചു.
കണ്ണൻ ഒന്നും മിണ്ടിയില്ല.

ഇപ്പോഴത്തെ അവസ്ഥയിൽ അതൊരിക്കലും നടക്കില്ലെന്നു അവനറിയാം.

വിശ്വാസവഞ്ചന കാണിക്കാനാവില്ല.
മറ്റൊരാൾ വരുന്നത് വരെയും അവിടെത്തന്നെ തുടരും എന്ന് വാക്ക് കൊടുത്തിട്ട്..പെട്ടന്ന് ഒരു പോക്ക്.

അവൻ സോഫയിലേക്ക് ചാരി കിടന്നിട്ട് കണ്ണുകൾ ഇറുക്കി അടച്ചു.

                              ❣️❣️❣️

"ഡീ "
ധൃതിയിൽ എന്തിനോ വേണ്ടി പോവുകയായിരുന്ന സീത ഹരിയുടെ വിളി കേട്ടു തിരിഞ്ഞു നോക്കി.

വാടി കുഴഞ്ഞു പോയിരുന്നു. കലങ്ങി ചുവന്നു കിടക്കുന്ന കണ്ണുകൾ.
എന്നിട്ടും പക്ഷേ അവൾ കരയുന്നില്ല.

അച്ഛനരികിൽ ഇരുന്നുകൊണ്ട് പാർവതി ഉറക്കെ കരയുന്നുണ്ട്.
അതിനരികിൽ ചുവരിൽ ചാരി അർജുൻ തളർന്നു നിൽപ്പുണ്ട്.

ഇവൾ മാത്രം വന്നപ്പോൾ തുടങ്ങിയ ഓട്ടമാണ്.

"എന്താ ഹരി?"
സീത ഹരിയെ നോക്കി.

"മതിയെടി.. എവിടെങ്കിലും പോയെന്നു ഇരുന്നേ നീ. ബാക്കിയിനി ഞാൻ നോക്കികോള്ളാം "

ഹരി അവളെ ചേർത്ത് പിടിച്ചു.

വന്നപ്പോൾ സുധാകരന്റെ ശരീരം തുറിച്ചു നോക്കി ചുവരിൽ ചാരി ഇരുന്നതായിരുന്നു സീത.
പാർവതിയും അർജുനും കരഞ്ഞപ്പോഴും പിടിച്ചു നിന്നവളായിരുന്നു.

ഇടയിലെപ്പോഴോ ആരോ വന്നിട്ട് അവളോടെന്തോ ചോദിക്കുന്നത് കണ്ടു.
അപ്പോൾ തുടങ്ങിയ ഓട്ടമാണ്.

തളർന്നിരിക്കാൻ പോലും അവകാശമില്ലന്നത് പോലെ.

തിങ്ങി കൂടി നിൽക്കുന്നവർ ആ അവസ്ഥയിലും അവളെയും ഹരിയെയും തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

സത്യമോ നുണയോ എന്നറിയാതെ ഇത് വരെയും പാടി നടന്നിരുന്ന ഒരു കഥ കണ്മുന്നിൽ തെളിഞ്ഞു കണ്ടതിന്റെ മനസുഖം പലരിലും പ്രകടമായി തന്നെ ഉണ്ടായിരുന്നു.

സ്വന്തം തന്ത മരിച്ചു കിടക്കുമ്പോൾ പോലും ഇവൾക്കിവനെ വേണമല്ലോ എന്ന് പരിതപിച്ചു പുച്ഛിച്ചവരാരും തന്നെ , തളർന്നു പോയിട്ടും ചായാൻ ഒരു തോളില്ലെന്ന കാരണം കൊണ്ട് മനസ്സ് കല്ലാക്കി കൊണ്ട് നടക്കുന്നവളുടെ നീറുന്ന മനസ്സിനെ കണ്ടതേയില്ല.

"ഇത് അവസാനത്തെ ഓട്ടമല്ലേ ഹരി? ഇനി അച്ഛന് വേണ്ടി എനിക്കോടേണ്ടല്ലോ?"

സീത അവനിലേക്ക് ചേർന്ന് നിന്നു..

ചുറ്റും കൂടി നിൽക്കുന്നവരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ഹരി അവളെ പൊതിഞ്ഞു പിടിച്ചു.

"ഇന്ന് രാവിലെക്കൂടി എന്നോടൊരുപാട് സംസാരിച്ചു ഹരി. പതിവില്ലാതെ ഇത്തിരി സ്നേഹം കാണിച്ചു. ഓർമ ഉറച്ചേ പിന്നെ അച്ഛൻ സ്നേഹത്തോടെ ഒന്ന് നോക്കിയിട്ട് കൂടിയില്ല ഞങ്ങളെ..അപ്പോഴും.. അപ്പഴും ഞാനറിഞ്ഞില്ലടാ..അതവസാനത്തെ സ്നേഹമാണെന്ന്."

അവൾക്കൊരു കരച്ചിൽ തൊണ്ടയിൽ ചുവച്ചു..

ഹരി അവളുടെ പുറത്ത് തട്ടി കൊടുത്തു.

"കുറ്റബോധം പേറിയുള്ള ആ കിടപ്പ്.. അതിനി കാണണ്ടല്ലോ.. പോയിക്കോട്ടെ. അല്ലേടാ..ഇനിയെങ്കിലും സ്വസ്തമായി ഒന്നുറങ്ങികോട്ടെ.."

സീത പിറുപിറുത്തു.ഹരി അവളെ ചേർത്ത് പിടിച്ചു.എന്നിട്ടും അവൾ കരഞ്ഞില്ല..

കാരണം അവൾ സീതാ ലക്ഷ്മിയാണ്..

ചെറിയ കാര്യങ്ങൾ തളർത്തിയാലും.. വളരെ വലിയ കാര്യങ്ങൾ ചങ്കുറപ്പോടെ നേരിടുന്നവൾ..

വെറുമൊരു നേർത്ത ചിരിയാൽ ഒരു കണ്ണീർ കടലിനെ മറച്ചു പിടിക്കാൻ കഴിവുള്ളവൾ..

അത്രമേൽ അറിയാത്തവർക്കെല്ലാം ഒരു കെട്ടുകഥ പോലെ തോന്നുന്നവൾ..

                            ❣️❣️❣️❣️
കരഞ്ഞു വിങ്ങുന്ന മുഖത്തോടെ തനിക്കരികിൽ വരാനാവാതെ നിസ്സഹായയായി നിൽക്കുന്ന നിരഞ്ജനയെ അർജുൻ വേദനയോടെ നോക്കി.

കോളേജിൽ നിന്നും വന്നവർക്കൊപ്പം വന്നതാവും.

കണ്ണുകൾ കൊണ്ട് തഴുകി തലോടി ആശ്വാസിപ്പിക്കാൻ ശ്രമിക്കുന്നവൾ.. അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു..

                          ❣️❣️❣️❣️

കത്തി ആളുന്ന ആ ചിതയിലേക്ക് നോക്കുമ്പോഴൊക്കെയും.. കള്ള് കുടിച്ച് വന്നിട്ട് അസഭ്യം പറയുന്ന അച്ഛനെ ഓർത്തു സീത.

അച്ഛന്റെ പോക്കറ്റിൽ നിന്നും കാശെടുക്കാൻ അച്ഛനുറങ്ങുന്നതും കാത്തിരുന്ന മൂന്നു കുട്ടികളെ കണ്മുന്നിൽ കണ്ടവളുടെ ചങ്ക് പിടഞ്ഞു.

അപ്പോഴും നിലക്കാത്ത കരച്ചിലോടെ പാർവതി അവളെ ചുറ്റി പിടിച്ചിരിപ്പുണ്ട്.

ജനലിലൂടെ തെക്കേ തൊടിയിലേക്ക് കണ്ണ് നട്ട് മരവിച്ചത് പോലെ അവളിരുന്നു.

ലല്ലുമോൾ വരദയുടെ കൂടെയാണ്.

ഈറനെടുത്തു നിൽക്കുന്ന അർജുനെ ചേർത്ത് പിടിച്ചു കൊണ്ട് ഹരി നിൽപ്പുണ്ട്.

ചിതയിലേക്ക് തീ കൊളുത്തിയതോടെ തന്നെ ആളുകൾ പിരിഞ്ഞു പോയി തുടങ്ങിയിരിക്കുന്നു.

ചേച്ചിക്കും അനിയത്തിക്കും ഇനി കൂടുതൽ സൗകര്യമായല്ലോ എന്ന അടക്കം പറച്ചിലിനുമപ്പുറം അവരോടുള്ള ഇത്തിരി കരുണപോലും ആരുടേയും കണ്ണിൽ പോലും കാണാൻ കഴിഞ്ഞില്ല.

നാട്ടുകാരെല്ലാം പിരിഞ്ഞു പോയി..

സുധാകരന്റെ മുറിയിൽ.. ചുവരിൽ ചാരി ഒരു പ്രതിമ പോലെയിരിക്കുന്നവൾക്കരികിലേക്ക് ഹരി വന്നു.

പാർവതി അവനെ കണ്ടതും ഒന്ന് കൂടി ചുരുങ്ങിപോയി.
ഹൃദയം പൊടിയുന്ന വേദനയമർത്തി ഹരി സീതയുടെ അരികിലിരുന്നു.

പാറുവിന്റെ നേർത്ത തേങ്ങൽ മാത്രം മുറിയിൽ മുഴങ്ങി..

"ഡീ"

ഹരി സീതയുടെ തോളിൽ തട്ടി വിളിച്ചു.

അവൾ അവന്റെ നേരെ മിഴികൾ നീട്ടി.

"തീർന്നു.. ല്ലേ ഹരി. ഒരായുസ്സിന്റെ കണക്ക് മുഴുവനും ഇത്തിരി ചാരമായി. അല്ലേ?"
അവളുടെ മുഖത്തൊരു വിളറിയ ചിരി ഉണ്ടായിരുന്നു.

"കുഞ്ഞിലേ വേരുറച്ചു പോയതാ അച്ഛനോടുള്ള ദേഷ്യം. ഞാനെത്ര ശ്രമിച്ചിട്ടും എനിക്കത് മാറ്റാൻ കഴിഞ്ഞിട്ടില്ല. ആ പേരിൽ എനിക്ക് മുന്നിൽ തലയുയർത്തി നോക്കാൻ കൂടി പേടിയായിരുന്നു അച്ഛന്. ഇനി.. ഇനി അതൊന്നും വേണ്ടല്ലോ? എനിക്കൊന്നും കാണേണ്ടല്ലോ?"

സീത വീണ്ടും നീറുന്ന ചിതയിലേക്ക് കണ്ണുകൾ പായിച്ചു.

"ഞാനും.. ഞാനും കുറേ വേദനിപ്പിച്ചിട്ടുണ്ട് ഹരി. ഒന്നും മനഃപൂർവമായിരുന്നില്ല. ഒറ്റയ്ക്ക് എല്ലാം കൂടി എനിക്ക് പറ്റാണ്ടാവുമ്പോ പറഞ്ഞു പോവണതാ.. അച്ഛന്.. അച്ഛന് എന്നോട് ദേഷ്യമായിരിക്കും. ല്ലെടാ? ഞാൻ കുറച്ചു കൂടി സ്നേഹിക്കണമായിരുന്നു.. ല്ലെടാ?"

സീത അവന്റെ തോളിലേക്ക് ചാരി.

"നീ ഒന്ന് കരയെന്റെ സീതേ "
ഹരിയുടെ സ്വരം വേദനിച്ചു.

"അതെനെനിക്ക് സങ്കടമില്ലല്ലോ ഹരി.. സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ അല്ലേ "
അവൾ അപ്പോഴും ചിരിച്ചു.

പാർവതിയുടെ കരച്ചിൽ അൽപ്പം ഉച്ചത്തിലായി.ഹരി നിസ്സഹാതയോടെ അവളെ നോക്കി.

പെട്ടന്നാണ് അർജുൻ അങ്ങോട്ട്‌ കയറി വന്നത്.

വന്നതും അവൻ സീതയുടെ മടിയിലേക്ക് തല പൂഴ്ത്തി അത് വരെയും പിടിച്ചു നിന്ന കരച്ചിലിന്റെ കെട്ട് പൊട്ടിച്ചു.

ഉലയുന്ന അവന്റെ പുറത്ത് തട്ടി സീത അതേ ഇരിപ്പ് തുടർന്നു.

ഹരിക്കവരോട് എന്ത് പറയണമെന്നറിയില്ലായിരുന്നു.

ആ നോവുകൾക്ക് കൂട്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവാതെ അവനും നീറി.

പോക്കറ്റിൽ നിന്നും ഫോൺ ബെല്ലടിച്ചതും സീത ഹരിയുടെ തോളിൽ നിന്നും അകന്ന് മാറി.

"കണ്ണനാണ്.. ഒരുപാട് പ്രാവശ്യമായി വിളിക്കുന്നു. നിന്റെ ഫോണിൽ കിട്ടുന്നില്ലെന്നു പറഞ്ഞു "

ഹരി അവളെ നോക്കി..

"ഫോൺ... ഫോൺ ബാഗിലെവിടെയോ.."

സീത പതിയെ പറഞ്ഞു.

"സംസാരിക്ക് "ഹരി ഫോൺ സീതയുടെ നേരെ നീട്ടി. അർജുൻ കരഞ്ഞു വിങ്ങിയ മുഖം അമർത്തി തുടച്ചു കൊണ്ട് അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു മാറി.

സീത ഫോണുമായി എഴുന്നേറ്റു പോയി.

"മതിയെടാ.. കരഞ്ഞ പോയവര് തിരിച്ചു വരില്ലല്ലോ. നീ എഴുന്നേറ്റു പോയി കുളിച്ചു വന്നേ. ഇനി നിന്റെ ചേച്ചിമാർക്കുള്ള ആൺതുണ നീയാണ്. നീയാണ് ഇവർക്ക് കൂടി ധൈര്യം കൊടുക്കേണ്ടത്."
ഹരി അർജുനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു

അവൻ തോളുക്കൊണ്ട് മുഖം തുടച്ചു.

"ചെല്ല്.."
ഹരി അവനെ പറഞ്ഞു വിട്ട് കൊണ്ട് എഴുന്നേറ്റു.

കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന പാർവതിയെ അവൻ വേദനയോടെ നോക്കി.
ആ സങ്കടം മുഴുവനും നെഞ്ചിൽ ചേർത്ത് പിടിച്ചു പകുത്തു വാങ്ങണമെന്നുണ്ടായിരുന്നു.

പക്ഷേ അവൾക്കത് ഇഷ്ടമാവില്ലായിരിക്കും.
ഈ അവസരത്തിൽ കൂടുതൽ സങ്കടപെടുത്താൻ വയ്യെന്നത് പോലെ ഹരി പുറത്തേക്ക് നടന്നു..

"ഹരി "

വാതിൽ കടന്നിറങ്ങും മുന്നേ പാറുവിന്റെ വിളി കേട്ട് ഹരി അത്ഭുതത്തോടെ തിരിഞ്ഞു നോക്കി.

നേർക്ക് നേർ വല്ലതും പറഞ്ഞിട്ട് ദിവസങ്ങളായി.
അവളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു.

"എന്നെയിങ്ങനെ.. അവഗണിക്കല്ലേ ഹരി. എനിക്കും.. എനിക്കും ആരുമില്ലല്ലോടാ "
കരച്ചിൽ ഉലച്ചു കളഞ്ഞ അവളുടെ വാക്കുകൾ.

ഹരിയുടെ ഹൃദയം നെടുകെ പിളർന്നത് പോലെ തോന്നി.

കാറ്റ് പോലെ... അവൾക്കരികിൽ ചെന്ന് നിന്നിട്ട് പാർവതിയെ വലിച്ചവൻ നെഞ്ചിൽ ചേർത്തു.

"ഞാനുള്ളപ്പോ നീ.. നീയെങ്ങനെ തനിച്ചാവും പാറു.. ഏഹ്.. നിനക്കൊരു ബുദ്ധിമുട്ടാവരുതെന്ന് കരുതിയല്ലെടി ഞാൻ... അല്ലാതെ.. ഞാൻ ജീവനോടെയുള്ളപ്പോൾ നിന്നെ അവഗണിക്കാൻ എനിക്കാവുമോ.. എന്റെയല്ലേ.. എനിക്കത്ര ഇഷ്ടമല്ലേ.. അത്ര കൊതിയോടെ നിന്നെ കാത്തിരിക്കുന്നവനല്ലേടി ഞാൻ "

ഹരിയുടെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു.

അവന്റെ സ്വരം ഇടറി തുടങ്ങിയിരുന്നു.

പാർവതിയവന്റെ നെഞ്ചിൽ മുഖമിട്ടുരച്ചു.. കണ്ണുനീർ കൊണ്ടവന്റെ ഷർട്ട് നനഞ്ഞു കുതിർന്നിരുന്നു.

ഹരിയുടെ ചുണ്ടുകൾ അവളുടെ നെറുകയിൽ ഇടവേളകളില്ലാതെ പതിഞ്ഞു കൊണ്ടേയിരുന്നു.

ലല്ലുവിനെ ഏല്പിക്കാൻ പാർവതിയെ തിരഞ്ഞിറങ്ങിയ വരദ ചെല്ലുമ്പോൾ ഹരിയുടെ നെഞ്ചിൽ പതുങ്ങി നിൽക്കുന്ന പാർവതിയെ കണ്ടു.

പതുക്കെ അവർക്കൊരു ശല്യമാവാതെ അവർ തിരിച്ചിറങ്ങി പോന്നു.

                           ❣️❣️❣️❣️
"സോറി.. സോറി ലച്ചു "

കണ്ണന്റെ നേർത്ത സ്വരം.

"എനിക്കൊരു പ്രശ്നവുമില്ല കണ്ണേട്ടാ. അതോർത്തു കൊണ്ട് വെറുതെ ടെൻഷനാവല്ലേ.. എനിക്കറിയാം."

ഇടറിയ സ്വരത്തിൽ അവളത് പറയുമ്പോൾ ഹൃദയവേദനയോടെ കണ്ണൻ മിഴികൾ അടച്ചു.

"നീ വിളിച്ചാൽ.. ഇതെല്ലാം ഉപേക്ഷിച്ചു കൊണ്ടായാലും ഞാൻ വരും ലച്ചു.നിന്നെക്കാൾ വലുതായി എനിക്കീ ലോകത്തിലൊന്നുമില്ലെന്ന് തെളിയിക്കാൻ മാത്രമല്ല.. നീ അല്ലാതെ എന്നെ സ്നേഹിക്കാൻ ആരുമില്ലെന്ന് ഓർമപെടുത്താൻ കൂടി.."

കണ്ണന്റെ സ്വരം അവളെ ഉലയിച്ചു കളഞ്ഞു.
ഇടനെഞ്ചിൽ ഒരു കരച്ചിൽ ചിറകടിച്ചു പറന്നുയരാൻ വെമ്പി.

"എനിക്കറിയാം.. എനിക്കറിയാം കണ്ണേട്ടാ "

അവൾ പതിയെ പറഞ്ഞു.

"എനിക്കെന്തോരും കൊതിയുണ്ടന്നറിയോ ലച്ചു.. നിന്നെയൊന്നു ചേർത്ത് പിടിക്കാൻ.പക്ഷേ.. പക്ഷേ "
കണ്ണന്റെ വാക്കുകൾ മുറിഞ്ഞു.

"നീയൊന്നു കരയെന്റെ ലച്ചു.. അല്ലങ്കിലാ ഹൃദയം പൊട്ടി പോകുമെടി "

അവളുടെ വീർപ്പു മുട്ടൽ തൊട്ടറിഞ്ഞത് പോലെ കണ്ണനത് പറഞ്ഞതും.. സീതയൊരു പേമാരിയായി മാറിയിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story