സ്വന്തം ❣️ ഭാഗം 67

swantham

രചന: ജിഫ്‌ന നിസാർ

ലല്ലുമോളുടെ വിളി കേട്ടാണ് പാറു ഹരിയിൽ നിന്നും അകന്ന് മാറിയത്.

അവൾക്ക് ഹരിയുടെ നേരെ നോക്കാനൊരു ജാള്യത തോന്നുന്നുണ്ട്.

അവനാവട്ടെ ഹൃദയം നിറഞ്ഞൊരു ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്നു.

"ശ്.."ലല്ലു മോൾ താഴെ നിന്നും തോണ്ടി വിളിച്ചപ്പോൾ ഹരി ഞെട്ടി കൊണ്ടവളെ നോക്കി.

ചുണ്ട് കൂർപ്പിച്ചു കൊണ്ട് നിൽക്കുന്ന ലല്ലുവിനെ ഹരി വാരി എടുത്തു. അവളുടെ കവിളിൽ ചുണ്ട് ചേർത്തു.

"എന്താടാ "
അവൻ കൊഞ്ചലോടെ കുഞ്ഞിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.

"അങ്കിളിനോട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു"

ലല്ലു അവന്റെ കവിളിൽ കൈ ചെർത്ത് വെച്ചു കൊണ്ട് പറഞ്ഞു.

"ആര്?"

"അ..ച്ഛമ്മ "
ലല്ലു അൽപ്പം സങ്കോചത്തോടെയാണ് പറയുന്നത്.

ഹരി.. ഒന്നിങ്ങു വന്നേ.. "
പുറത്ത് നിന്നും വരദയുടെ ശബ്ദം കേട്ടിട്ട് ഹരി പാറുവിനെ ഒന്ന് നോക്കി..

"ആര്.. ആര് വിളിച്ചെന്നാ മോള് പറഞ്ഞത് "
അവൻ കേൾക്കാനുള്ള കൊതിയോടെ വീണ്ടും ചോദിച്ചു.

"അച്ഛമ്മ "
അവന്റെ നോട്ടം കണ്ടിട്ട് അൽപ്പം നാണത്തോടെയാണ് ലല്ലു അത് പറഞ്ഞത്.

"അങ്ങനെ... അങ്ങനെ വിളിക്കാൻ പറഞ്ഞു എന്നോട് "

ലല്ലു വീണ്ടും പറഞ്ഞു.
ഹരിയുടെ ചുണ്ടുകൾ വീണ്ടും അവളുടെ കവിളിൽ പതിഞ്ഞു.

"മതി.. എന്റെ മോള് അങ്ങനെ വിളിച്ചാ മതി ട്ടോ.. അച്ഛമ്മ തന്നെയാണ് "

അത് പറയുമ്പോൾ നിറഞ്ഞ കണ്ണുകൾ ഹരി തോല് കൊണ്ട് തുടച്ചു.

ചുവരിൽ ചാരി നിസംഗതയോടെ നിൽക്കുന്ന പാറുവിലേക്ക് അവന്റെ കണ്ണുകൾ പാറി വീണു.

"മതി... കരഞ്ഞത്. നിന്നെകൊണ്ടാവും പോലെ നിന്റെ അച്ഛനെ നീ പരിചരിച്ചു.. ആ അച്ഛന്റെ മനസ്സ് നിറഞ്ഞു കാണും. ഇനിയും കരഞ്ഞിട്ട് അസുഖം വരുത്തി വെക്കല്ലേ പാറു നീ "
ഹരി അവൾക്ക് മുന്നിൽ പോയി നിന്നു.

"ചെല്ല്.. പോയെന്നു കുളിച്ചിട്ട് വാ. അപ്പോഴേക്കും ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം "

പാറു അവനെ നോക്കാതെ തലയാട്ടി.

"പുറത്തുണ്ടാവും.."
അവളോടത് കൂടി പറഞ്ഞിട്ട് ഹരി ലല്ലു മോളെയും കൊണ്ട് പുറത്തേക്ക് നടന്നു.

                         ❣️❣️❣️❣️❣️

ലച്ചു...

വീണ്ടും വീണ്ടും വിളിക്കുന്നവന്റെ പിടയുന്ന മനസ്സറിഞ്ഞത് പോലെ സീത പതിയെ മൂളി..

"ഞാൻ.. ഞാൻ വരണോ പെണ്ണേ.. നിനക്ക്.. ഒട്ടും വയ്യേ..?"
കണ്ണൻ വീണ്ടും ആധിയോടെ ചോദിച്ചു.

"കുഴപ്പമില്ല കണ്ണേട്ടാ.. ഞാൻ ഒക്കെയാണ് "
അടഞ്ഞു പോയ ശബ്ദത്തിൽ സീത പറഞ്ഞു.

"ഞാനിവിടെ നിൽക്കുന്നുണ്ടന്നെയുള്ളൂ.."
അവൻ സങ്കടത്തോടെ പറഞ്ഞു.

"പോയെന്നു കുളിച്ചിട്ട് വല്ലതും കഴിച്ച് ഇത്തിരി നേരം കിടക് നീ. ഞാനിനി പിന്നെ വിളിച്ചോളാം "

കണ്ണൻ പറഞ്ഞു.

വെറുതെയൊന്നു മൂളി കൊണ്ട് സീത ഫോൺ മാറ്റി പിടിച്ചു.

ഭാരം തൂങ്ങുന്ന മനസ്സും ശരീരവും..

അവളാ ചുവരിലേക്ക് ചാരിയിരുന്നു.

മുറ്റത്തു കെട്ടിയ പന്തൽ അഴിച്ചു മാറ്റുന്നവർക്കൊപ്പം ഹരിയും കൂടിയിട്ടുണ്ട്.

നിരന്നു കിടക്കുന്ന കസേരകൾ പൊറുക്കിയെടുത്ത് അടുക്കി വെക്കുന്നതിനിടെ ആരോ വന്നിട്ട് അവനെന്നോടെന്തോ ചോദിക്കുന്നതും ഹരി പോക്കറ്റിൽ നിന്നും കാശ് എടുത്തു കൊടുക്കുന്നതുമെല്ലാം സീത കാണുന്നുണ്ട്.

പന്തൽ പണിക്കാരുടെ വാടകയാവും.

അതെല്ലാം പൊറുക്കി കൂട്ടി വണ്ടിയിൽ കയറ്റി വിട്ടിട്ടാണ് ഹരി അകത്തേക്ക് കയറിയത്.

സീത അവന്റെ ഫോണുമായി ഉമ്മറത്തേക്ക് ചെന്നു.

"കഴിഞ്ഞോ.. കരച്ചിലൊക്കെ?"
അവൾ നീട്ടിയ ഫോൺ വാങ്ങുന്നതിനിടെ ഹരി ചോദിച്ചു.
സീത പതിയെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

"കൂട്ടിലടച്ച വെരുകിനെ പോലെയാണ് അവിടെ കണ്ണന്റെ അവസ്ഥ "

ഫോൺ പോക്കറ്റിൽ ഇട്ട് കൊണ്ട് ഹരി പറഞ്ഞു.
സീതയുടെ ചിരി മാഞ്ഞു അത് കേട്ടപ്പോൾ..

"അവൻ വരും ടി "
ഹരി അവളുടെ തലയിൽ കൊട്ടി..

സീത വിളറിയ ചിരിയോടെ അവനെ നോക്കി.

"മതിയിനി തൂങ്ങി പിടിച്ചിരുന്നത്. എഴുന്നേറ്റു പോയി കുളിച്ചു വാ. ഞാനും അമ്മയും കൂടി വീട്ടിൽ പോയി ഭക്ഷണം കൊണ്ട് വരാം. അവിടെ ഭദ്രയുണ്ട്. അവൾ ഉണ്ടാക്കി വെച്ചിട്ടുണ്ട് "
ഹരി തോളിൽ കിടന്ന തോർത്ത്‌ കൊണ്ട് മുഖം തുടക്കുന്നതിനിടെ പറഞ്ഞു.

സീത പതിയെ ഒന്ന് മൂളി.

"ഞങ്ങളെന്നാ ഇറങ്ങട്ടെയിനി. ആ പട്ടിക്കാട്ടിലേക്ക് എത്തേണ്ടതല്ലേ? ഇപ്പൊ തന്നെ വൈകി "
സുനിലും രേഖയും വല്ലാത്ത ധൃതിയോടെ സീതയുടെ അരികിലേക്ക് ചെന്നിട്ടു പറഞ്ഞു.

അവർക്ക് പിറകെ പാർവതിയും ഇറങ്ങി വന്നിട്ട് ചുവരിൽ ചാരി നിന്നു.വരദ അവർക്കിടയിൽ വരാതെ അകത്തേക്ക് കയറി പോയി.

ബന്ധുക്കളെന്നു പറയാൻ ആകെ അവശേഷിക്കുന്നവർ.

പോവാനാണ് തിടുക്കം കാണിക്കുന്നത്..
സീത ഒന്നും പറയാതെ തലയാട്ടി.

"അമ്മയെ നോക്കിക്കൊണെ സീതേ.. ഇന്നൊട്ടും വയ്യ "

രേഖ വലിയ കാര്യം പോലെ സീതയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അവളൊന്നും മിണ്ടുന്നില്ല.

"പോയി ന്നാ "
സുനിൽ വീണ്ടും പറഞ്ഞു കൊണ്ട് ഇറങ്ങി.

"ഒന്നവിടെ നിന്നേ.."
പിറകിൽ നിന്നും ഹരിയുടെ മുഴക്കമുള്ള സ്വരം.

സുനിൽ ഞെട്ടി തിരിഞ്ഞു നോക്കി.

രേഖയും നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി.

"എങ്ങോട്ട് പോണ്.. ഇത്രേം ധൃതിയിൽ?"
അവൻ സുനിലിന്റെ മുന്നിൽ പോയി നിന്നു.

"ഞാനെന്റെ വീട്ടില് പോണ്. ന്തേയ്‌?"
അവന്റെ ചോദ്യം ഒട്ടും രസിക്കാത്തത് പോലെ സുനിൽ അൽപ്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.

"ഇതൊക്കെ നിങ്ങടെ ആരാ?"
സീതയെയും പാർവതിയെയും ചൂണ്ടി അവന്റെ സ്വരം വീണ്ടും കടുത്തു.

"ഇതൊക്കെ നീ അറിയുന്നത് എന്തിനാടാ? അല്ല.. ഇതൊക്കെ ചോദിക്കാൻ മാത്രം നീ ആരാ?"
സുനിലിനെ തള്ളി മാറ്റി കൊണ്ട് രേഖ ഹരിയുടെ മുന്നിലേക്ക് വന്നു ചീറി.

"ഒച്ച കുറച്ചു മതി.. നിങ്ങളുടെ പ്രഹസനം.. ഇതൊരു മരണം നടന്ന വീടാണ് "

ചുണ്ടിൽ വിരൽ ചേർത്ത് വെച്ചു കൊണ്ട് ഹരി ദേഷ്യത്തോടെ പറഞ്ഞു.
അവന്റെയാ ഭാവത്തിൽ രേഖ ഞെട്ടി കൊണ്ട് പിന്നിലേക്ക് മാറി.

"ഇപ്പൊ നിങ്ങൾ പറഞ്ഞ ആ പട്ടികാട്ടിലുള്ള വീടിന്റെ ഒറിജിനൽ അവകാശി അകത്തു കിടപ്പുണ്ടല്ലോ.. അതിനെ കൊണ്ട് പോകുന്നില്ലേ?"

ഹരിയുടെ ചോദ്യത്തിന് മുന്നിൽ സുനിൽ വിളറി പോയി.

"അമ്മമ്മയെ സ്നേഹിച്ചു കൊണ്ട് ഇവളല്ലേ വീണ്ടും അതിനെ കെട്ടി വലിച്ചു കൊണ്ട് വന്നത്. വീണ്ടും ഞങ്ങൾ എന്തിന് കൊണ്ട് പോണം? "രേഖ വീണ്ടും ഫോമിലായി.

"പഴം വിഴുങ്ങിയത് പോലെ നിൽക്കാതെ അങ്ങോട്ട്‌ ചോദിക്ക് മനുഷ്യ"

ഹരിയുടെ ചോദ്യത്തിന് മുന്നിൽ പതറി നിൽക്കുന്ന സുനിലിനെ പിടിച്ചു തള്ളി കൊണ്ടാണ് രേഖ ചോദിച്ചത്.

"ആ അമ്മ വിദേശ പര്യടനത്തിന് പോയിടത്തു നിന്നല്ല സീത പിടിച്ചോണ്ട് വന്നത് "

മുണ്ട് മടക്കി കുത്തി കൊണ്ട് ഹരി അവർക്ക് മുന്നിൽ നെഞ്ച് വിരിച്ചു നിന്നു.

രേഖ അവനെ കണ്ണുരുട്ടി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

സുനിൽ അപ്പോഴും പതറി കൊണ്ട് നോട്ടം മാറ്റി കളിക്കുന്നുണ്ട്.

"നാണമുണ്ടോ.. സ്വന്തം അമ്മയല്ലേ. ഒരു അറവ് മാടിനെ പോലെ അനാഥാലയത്തിൽ കൊണ്ട് തള്ളിയത് നിങ്ങളുടെ പെറ്റമ്മയെ ആയിരുന്നു.."
ഹരി പുച്ഛത്തോടെ സുനിലിന്റെ മുന്നിൽ പോയി നിന്ന് കൊണ്ട് ചോദിച്ചു.

"അല്ല.. ഇതൊക്കെ ചോദിക്കാൻ നീ ആരാടാ ചെക്കാ..?"
രേഖ വീണ്ടും അവന് മുന്നിൽ കയറി നിന്നു.

"ഇവളുമ്മാരെ കണ്ടിട്ടാണോ നിന്റെ ചാട്ടം. വെറുതെയല്ല നാട്ടുകാർ പറയുന്നത്. ഇതല്ലേ ഇതിനുള്ളിൽ നടക്കുന്നത് "

സീതയെയും പാറുവിനെയും ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് രേഖ ഹരിയുടെ നേരെ ചുണ്ട് കോട്ടി.

"അങ്ങനെയാണെങ്കിലും നിങ്ങൾക്ക് നഷ്ടമൊന്നുമില്ലല്ലോ?"
കുളിച്ചു കൊണ്ട് തല തുവർത്തി വരുയായിരുന്ന അർജുൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞത് കേട്ടു രേഖ അവനെ വല്ലാത്തൊരു ചിരിയോടെ നോക്കി.

"പോക്കറ്റ് മണി കിട്ടുന്നതിന്റെ നന്ദിയാവും. അല്ലേടാ?"

രേഖ ചുണ്ട് കോട്ടി

"ഇനി ഒരക്ഷരം ഇവര് മിണ്ടിയ..നിങ്ങടെ പല്ല് ഞാൻ അടിച്ചു കൊഴിക്കും "
ഹരിയുടെ വാക്കുകൾ പല്ലിനിടയിൽ കിടന്നു ഞെരിഞ്ഞു.

അവന്റെ മുഖം കണ്ടിട്ട് സുനിലും രേഖയും ഭയത്തോടെ പരസ്പരം നോക്കി.

"സ്ഥലം എസ് ഐ എന്റെ ഫ്രണ്ടാണ്. സ്വന്തം മാതാപിതാക്കളെ സ്വത്തു തട്ടി എടുത്ത ശേഷം ഉപേക്ഷിച്ചു കളഞ്ഞെന്നൊരു കേസ് ഞാൻ വിളിച്ചു പറഞ്ഞ... ബാക്കി ഞാൻ പറഞ്ഞു തരണോ സുനിൽ.. മാ... മേ "
ഹരി പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.

അകത്തു കിടന്നു അഴിയെണ്ണും ഭാര്യേം ഭർത്താവും കൂടി. അത് എന്നെ കൊണ്ട് ചെയ്യിക്കണോ? "
അവൻ വീണ്ടും അവരെ നോക്കി.

"വേണ്ട.. അവിവേകമൊന്നും കാണിക്കരുത്"

സുനിൽ ഹരിയുടെ കയ്യിൽ പിടിച്ചു.

"ഇല്ല.. കാണിക്കുന്നില്ല. പകരം അകത്തു കിടക്കുന്നത് നിങ്ങളുടെ അമ്മയാണ്. ആ അമ്മ നോക്കി വളർത്തിയ മകനായത് കൊണ്ട് തന്നെ ആ അമ്മയെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതാരിലും ചാർത്തി കൊടുത്തു രക്ഷപെട്ടു പോകാം എന്നൊരു വിചാരം ഉണ്ടെങ്കിൽ..."
ഹരി സുനിലിനെ തറച്ചു നോക്കി..

"പോകും.. നേരെ ജയിലോട്ട്. അത് വേണോ?"
ഹരിയുടെ ചോദ്യം.
സുനിൽ അറിയാതെ തന്നെ വേണ്ടന്ന് തലയാട്ടി.

"എങ്കിൽ... അമ്മയേം വിളിച്ചോണ്ട് പോകാൻ നോക്കിയാട്ടെ.. ആ പട്ടികാട്ടിൽ എത്തേണ്ടതല്ലേ?"
ഹരി കൈ കെട്ടി നിന്നിട്ട് പറഞ്ഞു.

"അല്ല.. അതിപ്പോ.. ഞാൻ ബസ്സിൽ ആണ് വന്നത്. അമ്മയെ എങ്ങനെ.."

സുനിൽ തല ചൊറിഞ്ഞു.
ഹരി അയാളെ സൂക്ഷിച്ചു നോക്കി.

"ഞാൻ.. നാളെ വണ്ടിയുമായി വന്നു കൊണ്ട് പോയിക്കൊള്ളാം "
സുനിൽ ഹരിയെ അനുനയിപ്പിക്കാൻ നോക്കി.

"പറ്റില്ല. ആ പെൺകുട്ടികളുടെ അച്ഛനാണ് മരിച്ചത്. അതിന്റെ സങ്കടത്തിൽ അവർക്കൊപ്പം നിൽക്കുന്നില്ലന്നത് പോട്ടെ.. നിങ്ങളുടെ ഭാരം കൂടി അവരെ ഏല്പിച്ചു മുങ്ങാനുള്ള ഈ ഇടപാട് ഇവിടെ നടക്കിലിനി."
ഹരി പിടി വാശി പോലെ പറഞ്ഞു.

ഒരക്ഷരം മിണ്ടാതെ നിൽക്കുന്ന സീതയെയും പാറുവിനെയും രേഖ ഇടയ്ക്കിടെ തുറിച്ചു നോക്കി പേടിപ്പിക്കുന്നുണ്ട്.

"വണ്ടി ഞാൻ സംഘടിപ്പിച്ചു തരുമല്ലോ?"
ഹരി ചിരിയോടെ തന്നെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തിട്ട് മാറി നിന്ന് ആർക്കോ വിളിച്ചു.

"പത്തു മിനിറ്റ് കൊണ്ട് വണ്ടി വരും "

വിജയചിരിയോടെ അവൻ തിരിഞ്ഞു നിന്ന് പറഞ്ഞു.

"പാറു.. അമ്മമ്മയുടെ ഡ്രസ്സും മരുന്നും എല്ലാം ഒന്നെടുത്തു കൊടുത്തേ. പെട്ടന്ന് വേണം "
ഹരി വിളിച്ചു പറഞ്ഞു.

പാർവതി അകത്തേക്ക് നടന്നു.

"അവൾക്കൊറ്റക്ക് പറ്റില്ല. ഇവിടെ വടി പോലെ നിൽക്കാതെ ഒന്നങ്ങോട്ട് ചെല്ല്."

ഹരി രേഖയേ നോക്കി പറഞ്ഞു.
അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് എന്തോ പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി.

ഹരി സീതയെ നോക്കി കണ്ണടച്ച് കാണിച്ചു.

പത്തു മിനിറ്റിനുള്ളിൽ തന്നെ കല്യാണിയമ്മയെ താങ്ങി പിടിച്ചു കൊണ്ട് പാർവതിയും അർജുനും വന്നു.

അവർക്ക് പിറകെ രണ്ടു കയ്യിലും ഓരോ വലിയ കവറുമായി രേഖയും.
അവരുടെ മുഖം അപ്പോഴും വീർത്തു കെട്ടി കിടക്കുന്നുണ്ട്.

സീത തിണ്ണയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവരുടെ അരികിലേക്ക് ചെന്നു.

"ഉപേക്ഷിച്ചു കളയുകയല്ല. ഞാൻ ഇടയ്ക്കിടെ വരും. ഇവിടൊന്നു സെറ്റായിട്ട് ഇങ്ങോട്ട് വരണം എന്നാണെങ്കിൽ ഞാൻ കൊണ്ട് വന്നോളാം "
സീത അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

കല്യാണിയമ്മയുടെ കൈകൾ അവളുടെ കയ്യിൽ മുറുകി.

"വണ്ടികാളയെ പോലെ ആവരുത്.. നിന്റെ അമ്മയെ പോലെയും. അവളെ ഞാനൊരുപാട് സ്നേഹിച്ചിരുന്നു. അതേ ഇഷ്ടം നിന്നോടുമുണ്ട്. പക്ഷേ.. പക്ഷേ സ്നേഹിക്കാനും പുന്നരിക്കാനും അമ്മമ്മയ്ക്ക് പേടിയായിരുന്നു കുട്ട്യേ. നീയും എന്നെ വേദനിപ്പിക്കുമോ ന്ന്."

അവരുടെ വിറച്ചു കൊണ്ടുള്ള വാക്കുകൾ.

സീതയുടെ ഹൃദയം പിടച്ചു.

"കാരണമില്ലാതെ നിന്നോട് വഴക്ക് കൂടിയതൊക്കെയും നീ തോൽക്കാതിരിക്കാൻ വേണ്ടിയായിരുന്നു. ദേഷ്യം കാണിച്ചത് നിന്നിൽ വാശി നിറക്കാനായിരുന്നു. അമ്മമ്മയോട് വെറുപ്പ് തോന്നരുത് "

നിറഞ്ഞ കണ്ണോടെ അവർ സീതയുടെ കയ്യിൽ പിടിച്ചു.

അപ്പോഴേക്കും താഴെ വണ്ടി എത്തി ഹോൺ അടിച്ചു തുടങ്ങിയിരുന്നു.

"പേടിക്കേണ്ട.. ഇനിയാരും നിങ്ങളെ ഇറക്കി വിടില്ല. ഉപദ്രവിക്കുകയുമില്ല. അതിന് വേണ്ടുന്നതെല്ലാം ഞാൻ ചെയ്തു കൊള്ളാം"

ഹരി കയറി വന്നിട്ട് പറയുമ്പോൾ അവർ തലയാട്ടി.

"വിഷമിക്കരുത്.. ഉപേക്ഷിച്ചു കളയുകയാണ് എന്ന തോന്നലും വേണ്ട. പാറുവിനും സീതയ്ക്കും ഇത്ര തകർന്ന് നിൽക്കുന്ന അവസ്ഥയിൽ നിങ്ങളുടെ കാര്യം കൂടി നോക്കാൻ ബുദ്ധിമുട്ടായിരിക്കും.. അത് കൊണ്ടാണ് ഇങ്ങനൊരു തീരുമാനം. എന്നോട് ദേഷ്യം തോന്നരുത് "
ഹരി അവരുടെ കയ്യിൽ പിടിച്ചു.

"എനിക്കറിയാം മോനെ "
കല്യണിയമ്മ അവന്റെ കവിളിൽ തൊട്ടു.

"പോവാം ഇനി.. "അതൊന്നും ഇഷ്ടപെടാത്തത് പോലെ രേഖ പറഞ്ഞു.

കല്യാണിയമ്മ അയാസപെട്ടു കൊണ്ട് എഴുന്നേറ്റു.

"മര്യാദക്ക് വേണം ഇവരോട് പെരുമാറാൻ. പ്രായം ആയതാണ്. അതിന്റേതായ ധാരാളം പ്രശ്നങ്ങളും കാണും.. അതറിഞ്ഞു പെരുമാറാൻ ശ്രമിക്കണം. ഇല്ലെങ്കിൽ.. ഞാനൊരു വരവ് കൂടി വരും. അത് മറക്കരുത് "
ഹരി ഒന്ന് കൂടി ഓർമിപ്പിച്ചു.

ഒന്ന് മൂളിയിട്ട് രേഖ കല്യാണിയമ്മയുടെ കൈ പിടിച്ചു.

മുണ്ടോന്ന് കൂടി മുറുക്കി കുത്തി കൊണ്ട് ഹരി അവരെ കയ്യിൽ വാരി എടുത്തു  മുറ്റത്തേക്കിറങ്ങി നടന്നു 

അവൻ തന്നെയാണ് താഴെ നിർത്തിയിട്ട കാറിൽ അവരെ കയറ്റി ഇരുത്തി കൊടുത്തതും.

"അവരുടെയല്ല.. നിങ്ങളുടെ അമ്മയാണ്. അതാണ്‌ മറന്നു പോകാൻ പാടില്ലാത്തതും."
വണ്ടി നീങ്ങും മുന്നേ രേഖയെ ചൂണ്ടി അവനൊന്നു കൂടി ഓർമിപ്പിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story