സ്വന്തം ❣️ ഭാഗം 68

രചന: ജിഫ്‌ന നിസാർ

"വെറുതെ കുത്തി ഇരുന്നു കരയാതെ രണ്ടാളും പോയി കുളിച്ചു ഫ്രഷ് ആയിട്ട് വരുമ്പോഴേക്കും ഞാനെത്തി കൊള്ളാം "എന്ന് പറഞ്ഞേൽപ്പിച്ചു കൊണ്ടാണ് ഹരിയും വരദയും പോവാനിറങ്ങിയത്.

അവനിറങ്ങിയതിന് തൊട്ട് പിന്നിൽ ശ്രീ നിലയത്തിലെ കാർ വന്നിട്ട് താഴെ നിർത്തിയത് കണ്ടിട്ട് സീതയാണ് ആദ്യം എഴുന്നേറ്റത്.

പാർവതി ലല്ലുവിനെയും കൊണ്ട് കുളിക്കാൻ പോയതാണ്.
അർജുൻ അകത്തും.

ആദിക്കും സിദ്ധിവിനുമൊപ്പം സുധിഷ് കൂടി വന്നിരുന്നു.

ബാക്കി പ്രജകൾ.. വെറുമൊരു വേലക്കാരിയുടെ സങ്കടം അന്വേഷിച്ചു വരാൻ മാത്രം ഹൃദയവിശാലതയുള്ളവർ അല്ലായിരുന്നുവല്ലോ!

സീതയൊരു വിളറിയ ചിരിയോടെ അവരെ അകത്തേക്കു വിളിച്ചു.

"സോറി സീതേ.. നാട്ടിൽ ഉണ്ടായിരുന്നില്ല. എത്താൻ വൈകി. കണ്ണൻ വിളിച്ചു പറഞ്ഞിരുന്നു."
ആദി വിഷമത്തോടെ അവൾക്ക് അരികിൽ വന്നു നിന്നിട്ട് പറഞ്ഞു.

ചുവരിൽ ചാരി നിൽകുകയായിരുന്ന സീത വെറുതെയൊന്നു ചിരിക്കുക മാത്രം ചെയ്തു.

അവളൊടെന്ത് പറയണം എന്നവർക്കും അറിയില്ലായിരുന്നു.

അത്രത്തോളം മൗനമായൊരു സീതയെ അവരാരും തന്നെ കണ്ടു പരിചയവും ഇല്ലായിരുന്നു.

മുറിപ്പെടുമെന്ന് ഉറപ്പുള്ള സംസാരത്തെക്കാൾ നല്ലത് മൗനം തന്നെയാണ് എന്നവർക്കും തോന്നി.

'എന്താവിശ്വമുണ്ടെങ്കിലും വിളിക്കാൻ മടിക്കരുത്. ഞങ്ങളെല്ലാം കൂടെ തന്നെയുണ്ടെന്ന് സുധീഷ് പറയുമ്പോൾ.. ഹൃദയത്തിലൊരു തണുപ്പ് പടരുന്നത് സീതയറിഞ്ഞു.
ഉമ്മറത്താരോ സംസാരിക്കുന്നത് കേട്ട് അങ്ങോട്ട് വന്ന അർജുനോടും ഒന്നോ രണ്ടോ വാക്കിൽ വിശേഷങ്ങൾ പങ്ക് വെച്ചതിനു ശേഷം അവർ പോവാനിറങ്ങി.

"മുത്തശ്ശി.."

സീതയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.

"നല്ല വിഷമണ്ട്.. നിന്റെ കാര്യത്തിൽ. നിനക്കറിയാമല്ലോ.. ഇങ്ങോട്ട് വരണമെന്ന് നിന്നേ കാണണമെന്നും നല്ല ആഗ്രഹമുണ്ടെങ്കിലും അതിന് പറ്റിയൊരു അവസ്ഥയിൽ അല്ലല്ലോ "
സുധീഷ് ചെറിയൊരു ചിരിയോടെ പറഞ്ഞു.

"ഒന്ന് ശ്രദ്ധിക്കണം കേട്ടോ ആദി... സിദ്ധു "

സീത സങ്കടത്തോടെ അവരുടെ നേരെ നോക്കി.

"നീ പേടിക്കണ്ട ടി ഏട്ടത്തി. ആകാര്യം ഞങ്ങൾ ഏറ്റു."
സിദ്ധു ചിരിയോടെ പറഞ്ഞു.

'ഇനി മുത്തശ്ശിയുടെ കാര്യവും പറഞ്ഞിട്ട് നാളെ രാവിലെ തന്നെ അങ്ങോട്ട് ഓടി വന്നേക്കണ്ട. നിനക്കിപ്പോ റസ്റ്റ്‌ അത്യാവശ്യമാണ് "
ആദി കൂടി ഓർമിപ്പിച്ചു.

സീത അതിനുത്തരമൊന്നും പറഞ്ഞില്ല.

"കണ്ണൻ തരാൻ പറഞ്ഞതാണ്. ഇവിടെ ഒരുപാട് ആവിശ്യങ്ങൾ ഉണ്ടാവും എന്നവനും അറിയാമല്ലോ?"

ആദി സീതയുടെ കയ്യിലേക്ക് ഒരു നോട്ട് കെട്ട് വെച്ച് കൊടുത്തു.

'ഇതൊന്നും വേണ്ടായിരുന്നു ആദി.. എന്റെ കയ്യിൽ.. "
സീത വല്ലായ്മയോടെ പറഞ്ഞു.

"അതൊക്കെ നിന്റെ ചെക്കൻ വിളിക്കുമ്പോ നേരിട്ടങ്ങു പറഞ്ഞേക്ക് നീ. അതാവും കൂടുതൽ നല്ലത്. അല്ലെങ്കിൽ തന്നെ അവനവിടെ വാലിൽ തീ പിടിച്ചത് പോലെ നടപ്പാ. ഇനി ഞാൻ ഇത് കൂടി പറഞ്ഞിട്ട് വേണം എന്നെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കാൻ.."

ആദി കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു.

സീത ഒന്നും പറയാനില്ലാത്തത് പോലെ അവനെ നോക്കി.

"അവൻ വരും.. ഉടനെ തന്നെ വരും. നിന്റെയീ അവസ്ഥയിൽ ഒറ്റക്കാക്കേണ്ടി വന്നുവല്ലോ എന്ന സങ്കടം കൊണ്ട് ഉരുകി തീരുവാണ് ആ പാവം അവിടെ "
സിദ്ധു സീതയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

അതികം വൈകാതെ തന്നെ അവരും യാത്ര പറഞ്ഞിറങ്ങി.

അർജുനെ ഒന്ന് നോക്കിയിട്ട് സീത അകത്തേക്ക് നടന്നു.

ഒച്ചയും അനക്കവും ഒന്നുമില്ലാത്തൊരു ശൂന്യതയെ പേറി അകത്തളങ്ങൾക്ക് ഒരു ശമാശാന മൂകത..

ശ്വാസം മുട്ടിക്കുന്ന മടുപ്പ്.

കിടപ്പിലായിരുന്നുവെങ്കിലും.. അച്ഛനും അമ്മമ്മയും കൂടി രംഗം ഒഴിഞ്ഞു പോയപ്പോഴുണ്ടായ വിടവ് വളരെ വലുതായിരുന്നു.

സീത ഒരു നെടുവീർപ്പോടെ മുറിയിലേക്ക് ചെന്നു.
കിടക്കവിരിയെല്ലാം മാറ്റി വൃത്തിയാക്കി വെച്ചിട്ടുണ്ട് വരദ.

പോകും മുന്നേ അവിടെയെല്ലാം തൂത്തു വാരിയിട്ടാണ് പോയത്.

ചുവരിലെ ആണിയിൽ കുരുക്കിയിട്ട ബാഗ് വലിച്ചെടുത് കൊണ്ട് സീത കയ്യിലെ കാശ് അതിലേക്ക് തിരുകി.
ഫോൺ എടുത്തു നോക്കുമ്പോൾ അതിലേക്ക് ഒരുപാട് പേര് വിളിച്ചിട്ട് എടുക്കാത്തതിന്റെ അടയാളപെട്ടന്നോണം ദേഷ്യം പിടിച്ചത് പോലെ ചുവന്നു പോയ പേരുകളും നമ്പറുകളും..

അച്ഛന്റെ കാര്യം അറിഞ്ഞിട്ട് വിളിച്ചതാവും.

നെടുവീർപ്പോടെ വീണ്ടും അവളുടെ കണ്ണുകൾ കത്തി തീർന്ന ചിതയിലേക്ക് പാഞ്ഞു.

വീണ്ടും നെഞ്ചിൽ നിന്നൊരു നോവിന്റെ കിളി ചിറകുകൾ വിടർത്തി പറക്കാനൊരുങ്ങി.

അതറിഞ്ഞത് പോലെ കൈയിലിരുന്ന ഫോൺ പാടി തുടങ്ങി.

കണ്ണനാണ്..

താനിവിടെ പിടയുന്നത് അത്രേം അകലെ ഇരുന്നു കൊണ്ടവൻ അറിയുന്നുണ്ടാവണം.

കാരണം തമ്മിൽ കൊരുത്തിട്ടത് ഹൃദയങ്ങൾ തമ്മിലല്ലേ.

ധൃതി പിടിച്ചു കൊണ്ട് ഫോൺ അറ്റന്റ് ചെയ്ത് കഴിഞ്ഞാണ് അത് വീഡിയോ കോൾ ആയിരുന്നു എന്നത് പോലും അറിഞ്ഞത്.

ഫോണിന്റെ സ്ക്രീനിൽ ആ മുഖം കണ്ടപ്പോൾ പെടുന്നനെ ഹൃദയം തുടിച്ചു.

അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു.

അവനിൽ ചേർത്ത് നിൽക്കാൻ കൊതിക്കുന്ന മനം..

ലച്ചു...

ആർദ്രമായി വിളിക്കുന്നു.
തന്റെ നോവുകളത്രയും ആ മിഴികൾ ഏറ്റെടുത്തത് പോലെ.

"എനിക്ക്.. എനിക്ക് നിന്റടുത്തേക്ക് ഓടി വരാൻ തോന്നുന്നു. ഈ സങ്കടം കാണുമ്പോൾ "

കണ്ണന്റെ പതിഞ്ഞ സ്വരം..

സീതയുടെ കണ്ണുനീർ കവിളിലേക്ക് കുതിച്ചു ചാടി..

"എനിക്കും... കാണാൻ തോന്നുന്നു.. ആ നെഞ്ചിൽ ചേരാൻ തോന്നുന്നു "

അവൾ പതിയെ പറഞ്ഞത് കേൾക്കെ കണ്ണൻ മിഴികൾ ഇറുക്കി അടച്ചു കളഞ്ഞിരുന്നു..ഒന്നും ചെയ്യാനാവാതെ പ്രിയപ്പെട്ടവർ കണ്മുന്നിൽ സങ്കടം കൊണ്ട് പിടയുന്നത് കണ്ടു നിൽക്കുന്നതിന് ഭയങ്കര വേദനയാണെന്ന് അവനാ നിമിഷം അറിഞ്ഞു.

"ഞാൻ.. ഞാനൊരു നല്ല മകളെ അല്ലായിരുന്നു. അല്ലേ കണ്ണേട്ടാ?"
ഹൃദയം പിടച്ചു കൊണ്ടവളുടെ ചോദ്യം.

നിറഞ്ഞു നിൽക്കുന്ന കണ്ണുകളിൽ അവനൊരു നിമിഷം നോട്ടം കൊരുത്തു.

"അച്ഛൻ.. അച്ഛൻ തെറ്റ് ചെയ്തിട്ടുണ്ട്.പക്ഷേ.. പക്ഷേ എനിക്കതോർക്കുമ്പോ എപ്പോഴും ദേഷ്യമായിരുന്നു. അത് കൊണ്ട് എന്ത് പറഞ്ഞു തുടങ്ങിയാലും ഞാനൊടുവിൽ... അച്ഛനത് കേൾക്കുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്കറിഞ്ഞിട്ടും.. പിന്നെയും പിന്നെയും.. അത് തന്നെ ഞാൻ ചെയ്തു.."

സീത ആഞ്ഞു ശ്വാസം എടുക്കുന്നുണ്ട്.

"ഇപ്പൊ.. കുറ്റബോധം പേറിയുള്ള ആ കിടപ്പ്.. ആ നോട്ടം. അതെന്നെ കൊല്ലുന്നത് പോലെ. ഞാനും അച്ഛനും തമ്മിൽ വല്ല്യ വെത്യാസമൊന്നും ഇല്ലാത്തത് പോലെ ആയില്ലേ..?"

സീത വീണ്ടും വിളറിയ ചിരിയോടെ പറഞ്ഞു.

"സങ്കടപെടാൻ വേണ്ടി മാത്രം ഇങ്ങനൊന്നും ആലോചിച്ചു കൂട്ടല്ലേ ന്റെ പെണ്ണെ.. നോവുന്നത് എനിക്കാണ് "

കണ്ണന്റെ സ്വരം നേർത്തു.

"ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല മകളാണ് എന്റേയീ ദുർഗാ ലക്ഷ്മി. ദേഷ്യം ഉണ്ടെന്നിരിക്കെ തന്നെ നീ നിന്റെ കടമകളൊന്നും തന്നെ മറന്നില്ല. ആ അച്ഛൻ അഭിമാനത്തോടെ ഓർത്തു കാണും.. നിന്നിലെ മകളെ. കാരണം.. നീ എത്ര ബുദ്ധിമുട്ടിയാലും.. യാതൊരു കുറവും വരാതെ തന്നെ ആ അച്ഛനെ വേണ്ടവിധം പരിചരിച്ചിട്ടുണ്ട്.. പിന്നെയും എന്തിനാ ഈ സങ്കടം "

കണ്ണൻ ചെറിയൊരു ചിരിയോടെ പറഞ്ഞു.

"ഞാനും എന്റെ ഫ്രണ്ട്സും പിന്നെ ഇവിടുത്തെ ഹോസ്പിറ്റലിലെ മാനേജ്‌മെന്റും മുഴുവനും അന്വേഷിച്ചു നോക്കുന്നുണ്ട്. എനിക്ക് പകരം ചാർജടുക്കാൻ പറ്റിയൊരു ആളെ കിട്ടിയ അടുത്ത നിമിഷം കണ്ണേട്ടൻ നിന്റെ അരികിലുണ്ടാവും."

സീത ചിരിയോടെ അവനെ നോക്കി..

"എല്ലാവരും പോയോ?"
കണ്ണൻ ചോദിച്ചു.

"മ്മ്.."

"ഹരി എവിടെ?"

"വീട്ടിൽ പോയി.. ഭക്ഷണമെടുത്തിട്ട് വരാം എന്ന് പറഞ്ഞു."

"സമയം പോലെ മുത്തശ്ശിയെ ഒന്ന് വിളിക്കണേ നീ. ഇന്ന് ആൾക്ക് ഒട്ടും വയ്യെന്ന് പറഞ്ഞു ആദി വിളിച്ചപ്പോ."

കണ്ണൻ പറഞ്ഞത് കേട്ട് സീതയുടെ കണ്ണിൽ വീണ്ടും സങ്കടം നിറഞ്ഞു.

"എന്നും കരുതി നാളെ തന്നെ അങ്ങോട്ട്‌ ഓടേണ്ട. അവിടെ ഒരാളെ സെറ്റാക്കാൻ പറഞ്ഞിട്ടുണ്ട് ഞാൻ. എനിക്കറിയാം.. മുത്തശ്ശിക്ക് നിന്നെ ഓർത്തുള്ള സങ്കടം തന്നെ ആവും. നീ ഒന്ന് വിളിച്ചാ ഇത്തിരി ആശ്വാസം കിട്ടും."

കണ്ണൻ പറഞ്ഞു.

"ഞാൻ.. ഞാൻ വിളിച്ചോളാം കണ്ണേട്ടാ "

അവനൊന്നു മൂളി.

അതിനിടയിൽ അവനെ ആരോ വിളിക്കുന്നത് പോലെ തോന്നി സീതയ്ക്ക്.
അവളുടെ നെറ്റി ചുളിഞ്ഞു.

"ടീ ബ്രേക്ക് ആയിരുന്നു. ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്. ഇത് വരെയും ഫ്രീ ആയിട്ടില്ല "
അവളുടെ മനസറിഞ്ഞത് പോലെ കണ്ണൻ പറഞ്ഞു.

"ഞാൻ... ഞാൻ കട്ട് ചെയ്യണോ?"
സീത ചോദിച്ചു.

വേണ്ടന്ന് അവൻ തലയാട്ടി കാണിച്ചു.

അവന്റെ ടേബിളിൽ അവൾക്ക് കാണാവുന്ന ഒരിടത്ത് ഫോൺ വെച്ചിട്ട് അവൻ വീണ്ടും റെഡിയായി.

അരികിലേക്ക് വരുന്ന രോഗിയോട് വളരെ അലിവോടെ... ആർദ്രതയോടെ പെരുമാറുന്ന അവനിലെ ഡോക്ടറെ അവൾ സ്നേഹത്തോടെ നോക്കി.

എത്ര കാര്യമായിട്ടാണ് അവൻ അവരോട് ഓരോന്നു സംസാരിക്കുന്നത്.

മനസ്സിലെ സംഘർഷവും... പകലത്തെ അലച്ചിലും കൊണ്ട് തളർന്ന അവളെ ഉറക്കം പിടി കൂടാൻ തുടങ്ങിയിരുന്നു.

കട്ടിലിലേക്ക് കിടന്നിട്ട് അവളാ ഫോണിലേക്ക് തന്നെ നോക്കി.

ഹൃദയം നിറയുന്നൊരു താരാട്ട് പോലെ പ്രിയപെട്ടവന്റെ സ്വരം.

ഇടയ്ക്കിടെ അവളെ നോക്കി കണ്ണടച്ച് കാണിക്കുന്നുണ്ട്.ആ കാഴ്ചകൾ കണ്ടു കൊണ്ട് തന്നെയാണ് അവളുറങ്ങി പോയത്.

                          ❣️❣️❣️❣️

"കിടന്നോട്ടെ.. വിളിക്കണ്ട പാറു "
സീതയെ വിളിച്ചുണർത്താൻ തുനിഞ്ഞ പാർവതി പിറകെ വന്നു കൊണ്ട് ഹരി പറഞ്ഞത് കേട്ട് കൈ പിൻവലിച്ചു.

വരദയും കൈമൾ മാഷും കൂടി വന്നിട്ടുണ്ട് അവനൊപ്പം.

അവർക്കുള്ള ഭക്ഷണവുമായി വന്നതാണ്.

"നീ അജുനേം മോളെയും വിളിച്ചിട്ട് വന്നു കഴിക്ക്. അവളുണരുമ്പോൾ കഴിച്ചോളും. ക്ഷീണം കൊണ്ട് ഉറങ്ങി പോയതാവും. ഇന്നേരം വരെയും കിടന്നു ഓടുകയായിരുന്നില്ലേ?"

ഹരി സീതയെ അലിവോടെ ഒന്ന് നോക്കിയിട്ടാണ് പറഞ്ഞത്.

പാർവതി ഒന്നും പറഞ്ഞതുമില്ല.. അവനോടുന്നും മിണ്ടിയതുമില്ല.

ഹരിക്ക് അവളുടെയാ ശ്വാസം മുട്ടൽ മനസിലായിരുന്നു.
അത് കൊണ്ട് തന്നെ തന്റെ ഒരു നോട്ടം കൊണ്ട് പോലും അവൾക്കൊരു ബുദ്ധിമുട്ടുണ്ടാവരുത് എന്നോർത്ത് കൊണ്ട് അവൻ തിരിഞ്ഞു നടന്നു.

                         ❣️❣️❣️❣️

ഉറക്കമില്ലാത്തൊരു രാത്രി സമ്മാനിച്ച എല്ലാ ചടപ്പോടും കൂടിയാണ് സീത പിറ്റേന്ന് എഴുന്നേറ്റത് തന്നെ.

പാറു തട്ടി വിളിച്ചു കൊണ്ട് ഉണർത്തുമ്പോൾ സമയം രാത്രി പത്തു മണിയോളം ആയിട്ടുണ്ട്.

ക്ഷീണം കൊണ്ട് വീണ്ടും അടഞ്ഞു പോകുന്ന കണ്ണുകളെ വളരെ ബദ്ധപെട്ടാണ് വലിച്ചു തുറന്നത്.

"എഴുന്നേറ്റ് വന്നേ. ഇനി വല്ലതും കഴിച്ചിട്ട് കിടന്നോ. സമയം കുറേ ആയി "

പിന്നെയും ചുരുണ്ടു കൂടാൻ തുടങ്ങിയതും അവൾ വലിച്ചെഴുന്നേൽപ്പിച്ചു.

കുളിച്ചു വന്നിട്ട് ഭക്ഷണത്തിന് മുന്നിൽ വന്നിരിക്കുമ്പോൾ വീണ്ടും മനസ്സൊരു വിങ്ങലുമായി ഒപ്പം കൂടിയിരുന്നു.

തിരിച്ചു കിട്ടാത്താവിധമൊരു ശൂന്യത ഒന്നാകെ പൊതിയും പോലെ.

ഹരി വഴക്ക് പറയാൻ തുടങ്ങിയതോടെ അവന് വേണ്ടിയെന്നോണം ഇത്തിരി വാരി കഴിച്ചു.

പിന്നെയും ഏറെ നേരം കഴിഞ്ഞാണ് ഹരിയും വരദയും കൈമൾ മാഷും കൂടി പോവാനിറങ്ങിയത്.

നിർബന്ധിച്ചു പറഞ്ഞയച്ചു എന്ന് വേണം പറയാൻ.

കൂട്ടിനാളുണ്ടങ്കിലും ഇല്ലെങ്കിലും വേദനിക്കുന്ന ഹൃദയവുമായി ഇരിക്കേണ്ടി വരുമെന്ന് ഉറപ്പുണ്ടായിരുന്നു.

അച്ഛന്റെ മുറിയിൽ കയറി വീണ്ടും കട്ടിലിൽ ചുരുണ്ടു കൂടി.

നഷ്ടപെടുമ്പോൾ മാത്രം വിലയുണ്ടാവുന്ന ബന്ധങ്ങളിലെ കുസൃതിയോർത്ത് വെറുതെ വിങ്ങി.

ഒടുവിൽ പാർവതിയും അർജുനും കൂടി അവിടെ വന്നു കിടന്നു.

കുഞ്ഞു നാളിൽ.. അമ്മ പോയതിൽ പിന്നെ.. അച്ഛനെ പേടിച്ചു ഒരു മുറിയിൽ കെട്ടിപിടിച്ചു കിടന്നതോർമ വന്നു.

നീറി തുടങ്ങിയ മിഴികൾ..

പക്ഷേ അതിനേക്കാൾ ആഴത്തിൽ ആ ഓർമകൾ പാറുവിനെയും അർജുനെയും പിടി മുറുക്കി തുടങ്ങിയിരുന്നു.

വാവിട്ട് കരയാൻ തുടങ്ങിയ അവർക്ക് വേണ്ടി.. വീണ്ടും സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ ആണെന്ന് തെളിയിച്ചു കൊടുക്കേണ്ടി വന്നു.

ലല്ലു മോൾ മാത്രം അന്നുറങ്ങി..

അകലെ നീറി അമരുന്നൊരു ചിത പോലെ.... അവരും..

കിഴക്കുദിക്കും മുന്നേ എഴുന്നേറ്റു..

ആദ്യം ചെന്നു നോക്കിയതും കത്തി തീർന്ന ആ ചാരത്തിന് മുന്നിലാണ്.

ഓടി കിതച്ചു വന്നിരുന്ന പാറുവാണ് ഓർമകളിൽ നിന്നും തട്ടി ഉണർത്തിയത്.

ഭയം നിറഞ്ഞ അവളുടെ മുഖം.
ലല്ലുവിനെ പൊതിഞ്ഞു പിടിക്കുന്ന കൈകൾ വിറക്കുന്നു.

"എന്തേച്ചി..?"
ചോദിച്ചു കൊണ്ട് എഴുന്നേറ്റു.

ഒരക്ഷരം പറയാതെ അവൾ തുറിച്ചു നോക്കുന്നു.

ലല്ലുമോളെ കൂടുതൽ അടക്കി പിടിക്കുന്നു.

കുഞ്ഞിന് വേദനിക്കുന്നത് പോലെ അതിന്റെ മുഖം ചുളിയുന്നുണ്ട്.

കോളിങ് ബെൽ അടിക്കുന്നത് കേട്ടിട്ട് സീതയുടെ മുഖം ചുളിഞ്ഞു.

പാറുവിനെ ഒന്ന് കൂടി നോക്കി കൊണ്ട് അവൾ വേഗം ഉമ്മറത്തേക്ക് നടന്നു.

തുറന്നു കിടക്കുന്ന വാതിൽ കടന്ന് കയറി വരുന്നു.. റിമി.

അവൾക്ക് പിറകെ കാർത്തിക്കും.

ഇവരെ കണ്ടു ഇവളെന്തിന് പേടിക്കുന്നു എന്നോർക്കുന്നതിനു മുന്നേ അവൾക്ക് മുന്നിലേക്ക് വല്ലാത്തൊരു ശൗര്യത്തോടെ..അധികാരത്തോടെ അവൻ കയറി നിന്നു..

ഗിരീഷ്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story