സ്വന്തം ❣️ ഭാഗം 69

രചന: ജിഫ്‌ന നിസാർ

റിമിയുടെ മുഖത്തെ വിജയച്ചിരി.

ഈ നാടകം അവളുടെ സംവിധാനം തന്നെയെന്ന് സീത ഉറപ്പിച്ചു.

"തനിക്കെന്താടാ ഇവിടെ കാര്യം?"
യാതൊരു പേടിയുമില്ലാതെ മുന്നിലേക്ക് കയറി നിന്ന സീതയെ ഗിരീഷ് ഒരാക്കി ചിരിയോടെ നോക്കി.

"ഇവിടെന്റെ ഭാര്യയും മകളുമുണ്ട്. അവരെ എനിക്ക് തോന്നുമ്പോൾ കാണാം.. അതിനായ് വരാം.അത്രത്ര ചെറിയ കാര്യമല്ലല്ലോ മോളെ?"

അവന്റെ മട്ടും ഭാവവും കാണുമ്പോൾ സീതയ്ക്ക് അടിമുടി പെരുത്ത് കയറുന്നുണ്ട്.

"നാല് വർഷത്തിനു ശേഷമാണോ നിനക്കാ വെളിപാട് ഉണ്ടായത്?"
അവളുടെ കല്ലിച്ച മുഖത്തേക്ക് റിമി പരിഹാസത്തോടെ നോക്കി.

"ഇതൊക്കെ ഞാനെന്തിനാടി നിന്നോട് പറയരുത്.? മാറങ്ങോട്ട്. ഗിരീഷ് അവരെ കാണാൻ വന്നിട്ടുണ്ടങ്കിൽ കണ്ടിട്ട് തന്നെ പോകൂ. അത് തടയാൻ നീ വളർന്നിട്ടില്ല "

ഗിരീഷ് അവളെ പിടിച്ചൊന്ന് തള്ളി.

"ഇതെന്റെ വീടാണ്. അവിടെ വന്നിട്ട് പോക്രിത്തരം കാണിച്ചിട്ട് ഈസിയായി പോകാമെന്നു നീയും വിചാരിക്കണ്ട "
അവന്റെ നേരെ നോക്കി സീത വീര്യത്തോടെ പറഞ്ഞു.

റിമിയുടെയും കാർത്തിക്കിന്റെയും പരിഹാസചിരി അവളെ ഭ്രാന്ത് പിടിപ്പിക്കാൻ ധാരാളമായിരുന്നു.

"നീ ഒരു ചുക്കും ചെയ്യില്ലടി. ഇതെന്റെ ഭാര്യക്ക് കൂടി അവകാശമുള്ള വീടാണ്.അവരിപ്പോഴും എന്റെയാണ്."
ഗിരീഷ് നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു.

"ആ ഓർമ ഉണ്ടായത് കൊണ്ടാണോ നീ യാതൊരു മനസാക്ഷി കുത്തും ഇല്ലാത്തെ ഒരു പൂച്ചയെ ഉപേക്ഷിച്ചു കളയുന്ന ലാഘവത്തോടെ അവരെ കൈവിട്ടു കളഞ്ഞത് "

സീത വെല്ലുവിളി പോലെ അവനെ നോക്കി..

ഗിരീഷ് സീതയെ ഒന്ന് അടിമുടി നോക്കി.

"ഡീ.. പാർവതി. എന്റെ കൊച്ചിനേം കൊണ്ട് ഇറങ്ങി വാടി "

അകത്തേക്ക് നോക്കി അവൻ അലറി.

ഇവന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും തോറ്റു കൊടുക്കാൻ മനസ്സില്ലാത്തത് പോലെ സീത അവന് മുന്നിൽ നിന്നും അനങ്ങിയില്ല.

"ഞാൻ അങ്ങോട്ട്‌ കയറി വന്നു ഇറക്കി കൊണ്ട് വരണോ.. നീ ഇങ്ങോട്ട് വരണോ.. അറിയാലോ നിനക്കെന്നെ.. മറന്നിട്ടില്ലല്ലോ നിനക്ക് കിട്ടിയതൊന്നും "

വീണ്ടും ഗിരീഷിന്റെ അട്ടഹാസം.

ഉറക്കെ പറയുന്നതിനൊപ്പം അവജ്ഞയോടെ അവൻ സീതയെ നോക്കി.

വല്ലാത്തൊരു ലഹരിയോടെ അവളിലെ നിസ്സഹായാവസ്ഥ കണ്ടു നിന്ന് രസിക്കുകയാണ് റിമി.

കാർത്തിക്കിന്റെ കണ്ണുകൾ അവളുടെ ഉടലാഴങ്ങളിലെ ആഴമളക്കുന്ന തിരക്കിലും.

"പാർവതി.. ഇറങ്ങി വാടി.."
വീണ്ടും വീണ്ടും ഗിരീഷ് വിളിക്കുന്നുണ്ട്.

ഒടുവിൽ വിറയലോടെ ലല്ലു മോളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പാർവതി ഇറങ്ങി വന്നു.
പ്രേതത്തെ കണ്ടത് പോലെ അവളുടെ മുഖം വിളറി വെളുത്തു പോയിരുന്നു.

വിറയാലോട് കൂടി അവൾ വേച്ചു കൊണ്ടവർക്ക് മുന്നിൽ വന്നു നിന്നു.

ഗിരീഷ് തല ചെരിച്ചു കൊണ്ട് സീതയെ നോക്കി.

എന്നിട്ട് പാർവതിയുടെ അരികിലേക്ക് ചെന്നു.
ലല്ലുവിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൾ ചുവരിലേക്ക് ചുരുങ്ങി..

"നീയങ്ങ് കൊഴുത്തു പോയല്ലോ ടി "
അവൻ താടി ഉഴിഞ്ഞു കൊണ്ട് പറയുന്നത് കേട്ട് സീത കണ്ണുകൾ ഇറുക്കിയടച്ചു.

അവനെ കൂടുതൽ പ്രകോപിപ്പിച്ചാൽ പാർവതിയെയും കുഞ്ഞിനേയും ഉപദ്രവിച്ചാലോ എന്നൊരു ഭയം അവളെ പിടിച്ചുലച്ചു.

ജനിച്ചിട്ട് ഇന്ന് വരെയും ഒരു നോക്ക് പോലും കാണാത്ത സ്വന്തം കുഞ്ഞിന് നേരെ അപ്പോഴും അവന്റെ കണ്ണുകൾ ചെന്നെത്തിയില്ല..
കഴുകൻ കണ്ണുകളോടെ പാർവതിയുടെ വിറക്കുന്ന ചുണ്ടിലാണ് അവന്റെ ശ്രദ്ധയത്രയും.

ആ നോട്ടത്തിൽ അവൾ വീണ്ടും വീണ്ടും ചുവരിലേക്ക് പതുങ്ങുന്നുണ്ട്.

"നിന്നോടുള്ള കൊതി തീർഞ്ഞിട്ടൊന്നും വിട്ട് കളഞ്ഞതല്ലല്ലോ ഞാൻ. ഒരു മാസം പിന്നിടുമ്പോഴേക്കും അവളുടെ ഒരു ഒടുക്കത്തെ ഗർഭം.. ഛർദി.. ക്ഷീണം. മനുഷ്യൻ നേരെ ചൊവ്വേ ഒന്ന് കണ്ടിട്ട് കൂടി ഇല്ലായിരുന്നു "
പാർവതിയെ നോക്കി ഗിരീഷ് മുരളുമ്പോൾ കഴിഞ്ഞു പോയ കുറേ കറുത്ത ദിനങ്ങളും.. അന്നേറ്റ മുറിവുകളും പാറുവിനെ വീണ്ടും വേദനിപ്പിച്ചു.

അവൾ കുടുങ്ങി... വിയർത്തു.
ഒരിക്കൽ കൂടി ആ വേദന സഹിക്കുന്നതിലും നല്ലത് മരണമാണെന്ന് ഉള്ള് കൊണ്ട് തേങ്ങി.

ഒറ്റയടിക്ക് അവനെ കൊ.. ന്ന് കളയാനുള്ള ദേഷ്യം ഉള്ളിൽ നുരഞ്ഞു പൊന്തിയിട്ടും വിരൽ പോലും ഉയർത്താൻ കഴിയാത്ത വിധം അവളാ മുന്നിൽ കുഴഞ്ഞിരുന്നു.

അവളുടെ നെഞ്ചിൽ പേടിയോടെ ലല്ലുവും.

അർജുൻ രാവിലെ ആരെയോ കാണാൻ ഇറങ്ങി പോയിട്ട് വന്നിട്ടില്ല എന്നതും അവളുടെ ഭയത്തിന്റെ ആഴം കൂട്ടി.

ഗിരിഷിനെ ഒന്ന് നോക്കിയിട്ട് റിമി സീതയുടെ മുന്നിൽ പോയി നിന്നു.

"പേടിച്ചു പോയോ.. സ്ട്രോങ്ങ്‌ സീതാ ലക്ഷ്മി?"
അവളുടെ പക നിറഞ്ഞ കണ്ണുകൾ.

സീത കണ്ണുകൾ വലിച്ചു തുറന്നു.

"ഗിരീഷിന്റെ ഭാര്യയാണ് നിന്റെ ചേച്ചി ഇപ്പോഴും. ഞാൻ ഒന്ന് മൂളിയാൽ ഈ നിമിഷം അയാൾ അവളെയും കുഞ്ഞിനേയും കൊണ്ട് പോകും. തടയാൻ നിനക്കെന്തു അവകാശമാണ് സീതാ ലക്ഷ്മി. നിയമം പോലും അവനൊപ്പം നില്കും. കാരണം നിയമപരമായി അവനാണ് അവളിൽ അവകാശം "

സീതയുടെ കാതിനരികിൽ റിമി വിഷം ചീറ്റി. സീത അവളെ തുറിച്ചു നോക്കി.

"ഞാനത് ചെയ്യണോ?"
വീണ്ടും റിമി അവൾക്ക് മുന്നിൽ കൈ കെട്ടി നിന്നു.

സീത ഒന്നും മിണ്ടിയില്ല.

"നീ എന്നെ കൊണ്ടത് ചെയ്യിക്കരുത് സീതാ ലക്ഷ്മി. നിന്നോട് ഞാൻ പറഞ്ഞതാ. എനിക്കെതിരെ കളിക്കാൻ നിൽക്കരുത്. നീ തോറ്റു പോകും എന്ന് "
റിമി പുച്ഛത്തോടെ ചിരിച്ചു.

"നിനക്കെന്ത് വേണം?"
സീത അവളുടെ കണ്ണിലേക്കു നോക്കി.

"എനിക്കവനെ വേണം. എന്റെ കണ്ണനെ "

റിമി അവളെ നോക്കി.

സീതയുടെ ഹൃദയം വിറച്ചു.

അവൻ.. അവനെന്റെയല്ലേ എന്ന് ഹൃദയം അലറി വിളിച്ചു.

"വേറൊന്നും വേണ്ട. നീ തന്നെ അവനെ വേണ്ടന്ന് പറയണം. സീതാ ലക്ഷ്മിയിലേക്ക് അവനിറങ്ങി വരാൻ നീ ഒരു അവസരം കൊടുക്കരുത്.വെറുപ്പോടെ വേണം അവനിനി നിന്നെ ഓർക്കാൻ. അതിനുള്ള വഴി ഞാൻ പറഞ്ഞു തരും.. നീ അനുസരിക്കും "
റിമി കുറച്ചു കൂടി അവളുടെ അരികിലേക്ക് നിന്നു.

"ഇത് വരെയും ഞാൻ കളിച്ചതൊക്ക ഒരു ട്രയൽ മാത്രം. ഇനിയും നീയും അവനും കൂടി ഈ പ്രണയം തുടരാൻ തന്നെയാണ് തീരുമാനമെങ്കിൽ.. ഓർത്തോ തീർത്തു കളയും ഞാൻ "
റിമിയുടെ വാക്കുകൾക്ക് പകയുടെ കനം.

സീതയുടെ ഉള്ളം വിറച്ചു തുടങ്ങി.
എങ്കിലും അവൾക്ക് മുന്നിൽ പതറില്ലെന്നു വാശിയുള്ളത് പോലെ കൈ കെട്ടി അനങ്ങാതെ നിന്നു.

"നിന്നെയല്ല... അവനെ. നിന്റെ പ്രാണനാഥൻ.. പിന്നീയീ ഭൂമിയിൽ ഉണ്ടാവില്ല. എനിക്കില്ലങ്കിൽ പിന്നെ ആർക്കും വേണ്ട.. സമ്മതിച്ചു തരില്ല ഞാൻ "

റിമി ക്രൂരത നിറഞ്ഞ ചിരിയോടെ സീതയെ നോക്കി.

"നീ ആലോചിക്.. നന്നായി ആലോചിക്ക്. എനിക്ക് നഷ്ടങ്ങളൊന്നും തന്നെയില്ല. ഏതായാലും അവനെ ഞാൻ നിനക്കൊപ്പം ജീവിക്കാൻ വിടില്ല.പക്ഷേ.. നീ കാരണം കണ്ണൻ.. അവന് ജീവൻ പോലും നഷ്ടപെടും. അത് വേണോ? അത് സഹിക്കാൻ ആവുമോ നിനക്ക്?"

വീണ്ടും റിമി ചിരിച്ചു.

വളരെ പതിയെ ആണ് അവളത് പറയുന്നത്.

"ഈ കാര്യം നിനക്ക് അവനെ അറിയിക്കാം എന്നൊരു തോന്നൽ ഉണ്ടെങ്കിൽ.. മറക്കണ്ട.. അവനിപ്പോയുള്ളത് റിമിയുടെ തട്ടകത്തിലാ. എന്റെ ഒരു വാക്കിനു കാതോർത്തു കൊണ്ട് അവന് ചുറ്റും മരണം പതിയിരിക്കുന്നുണ്ട്.അവൻ പോലും അറിയാതെ.."

സീത വിറച്ചു കൊണ്ട് ചുവരിൽ ചാരി.

കള്ളച്ചിരിയോടെ ഒരുവൻ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നു.

"നിന്റെ ഒരു വാക്കിൻ തുമ്പിലാണ് കണ്ണന്റെ ജീവൻ."
റിമി അവളെ കൂടുതൽ തളർത്തി.

"നിന്റെ പ്രണയം തുടരണോ.. അതോ പ്രാണനാഥന്റെ ജീവൻ വേണോ..? തീരുമാനം നിന്റെയാണ് "

റിമി അവളുടെ നേരെ കൈ വിരൽ ചൂണ്ടി.
വിറച്ചു കൊണ്ട് ഇരിക്കുന്ന പാർവതി പോലും കേൾക്കാതെ അത്രയും പതിയെയാണ് റിമി വിഷം ചീറ്റുന്നത്.

"ഞാൻ പറഞ്ഞില്ലേ.. ഞാനാണ് ഇതിന് പിന്നിൽ എന്ന് നിനക്കവനെ അറിയിക്കാം. പക്ഷേ... പിന്നീടൊരിക്കലും അവനെ നീ കാണില്ല. കാരണം അവനീ ഭൂമിയിൽ തന്നെ ഉണ്ടാവില്ല."
റിമി അവളുടെ അരികിലേക്ക് നീങ്ങി നിന്നു.

"നാളെ ഞാൻ വീണ്ടും വരും. അപ്പോഴേനിക്ക് നിന്റെ തീരുമാനം അറിയണം. നിനക്ക് സമ്മതം അല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. നിന്റെയീ ചേച്ചി പിന്നെ ഗിരീഷ് പറയുന്നത് കേൾക്കുന്ന വെറുമൊരു കളിപ്പാവയാവും.. നിന്റെ പുന്നാര അനിയൻ ഒരുത്തനില്ലേ... അവനുള്ള പണി ഒരുങ്ങുന്നുണ്ട്.. എല്ലാം.. എല്ലാം നിന്റെയൊരു വാക്കിന് വേണ്ടി കാത്ത് നിൽപ്പാണ്."

സീത വീണു പോയേക്കും എന്നവൾ പേടിച്ചു..

കൂടുതൽ കൂടുതൽ ചുവരിൽ ചാരി.

"അപ്പൊ.. പോട്ടെ.... സ്ട്രോങ്ങ്‌ സീത ലക്ഷ്മി "
റിമി സീതയുടെ മരവിച്ച കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.

"വാ ഗിരീഷ്.. നമ്മുക്കിനി നാളെ വരാം.. "

അവൾ തിരിഞ്ഞു നിന്നിട്ട് പറഞ്ഞത് കേട്ട് ഗിരീഷ് അനുസരണയോടെ തലയാട്ടി.

അവൾ എണ്ണി കൊടുത്ത നോട്ടുകൾ അവന്റെ പോക്കറ്റിൽ സ്വസ്ഥം...

                       ❣️❣️❣️❣️

"കുഴപ്പമില്ല കണ്ണാ.. നീ സമാധാനമായിട്ട് ഇരിക്ക്. ഞാനുണ്ടല്ലോ ഇവിടെ. ഞാൻ നോക്കിക്കോളാം "

ഹരി കണ്ണനെ ആശ്വാസിപ്പിക്കുന്ന തിരക്കിലാണ്.

"ഏതായാലും നീ ഫോണ് ഓഫ് ചെയ്യൂ.. അവളെന്തെങ്കിലും അത്യാവശ്യം ആയത് കൊണ്ടാവാം ഫോൺ എടുക്കാത്തത്. അല്ലെങ്കിൽ നീ വിളിച്ച എടുക്കാതിരിക്കുവോ? ഞാൻ ഒരു പതിനഞ്ചു മിനിറ്റ് കൊണ്ട് അവിടെ എത്തും. എത്തിയിട്ട് നിന്നെ വിളിക്കാം. ഒക്കെ.."
ഒരു നിമിഷം കൂടി കണ്ണന്റെ മറുപടിക്ക് കാത്ത് നിന്നിട്ട് ഹരി ഫോൺ ഓഫ് ചെയ്തു.

സീതയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നു പറഞ്ഞു ഹരിയെ വിളിച്ചതാണ് കണ്ണൻ.

ഹരി വേഗം പോവാനിറങ്ങി.

അപ്പോഴേക്കും വരദ അവർക്കുള്ള ഭക്ഷണം ഒരു കവറിലാക്കി ഹാളിലെ മേശയിൽ കൊണ്ട് വെച്ചു.

"പെട്ടന്ന് പോ ഹരി. അതുങ്ങള് വിശന്നിരിപ്പാവും "
സാരി തുമ്പിൽ കൈ തുടച്ചു കൊണ്ട് ഹരിയെ നോക്കി വരദ പറഞ്ഞു.

"കഴിഞ്ഞു.. പോവാണ് "
ഹരി അങ്ങോട്ട്‌ വന്നു പറഞ്ഞു.

"ഞാൻ പോയിട്ട് വരുമ്പോഴേക്കും ഭദ്രയോട് റെഡിയായി നിൽക്കാൻ പറ അമ്മേ. ഞാൻ ആക്കി കൊടുത്തോളം അവളെ "
ഹരി മേശയിൽ നിന്നും കവറെടുക്കുന്നതിനിടെ പറഞ്ഞു.

"നീ ഓടി പിടഞ്ഞു വരുവൊന്നും വേണ്ട.. അവൾക്ക് വൈകിട്ട് പോയാലും മതിയാവും"

വരദ പറഞ്ഞു.

ഒന്ന് തലയാട്ടി കൊണ്ട് ഹരി പുറത്തേക്ക് നടന്നു.

                          ❣️❣️❣️❣️

ഹരിയും അർജുനും ഒരുമിച്ചാണ് ചെന്നിറങ്ങിയത്.
വഴിയിൽ നിന്നും കിട്ടിയതാണ് അർജുനെ.

"രണ്ടും വീണ്ടും കരഞ്ഞിരിപ്പുണ്ടാവും "
വീട്ടിലേക്ക് ചെല്ലുമ്പോൾ അകത്തെ മൂകത കണ്ടിട്ട് ഹരിയാണ് പറഞ്ഞത്.

ചെരുപ്പ് അഴിച്ചു കൊണ്ട് അകത്തേക്ക് നോക്കിയ ഹരിയുടെയും അർജുന്റെയും നെറ്റി ചുളിഞ്ഞു.

വെറും നിലത്ത് വിറച്ചു കൊണ്ട് പാർവതിയും ലല്ലു മോളും..കുറച്ചു മാറി മരവിച്ചത് പോലെ സീതയും.

"ചേച്ചി..."

അർജുൻ ഒരു കുതിപ്പിന് അകത്തെത്തി.

ശബ്ദം കേട്ടതും ലല്ലു മോൾ വീണ്ടും ഉറക്കെ കരയാൻ തുടങ്ങി..

കയിലുള്ള കവർ തിണ്ണയിലേക്ക് വെച്ചിട്ട് ഹരി അവളെ വാരി എടുത്തു കൊണ്ട് നെഞ്ചിൽ ചേർത്ത് പിടിച്ചു.

ആ കുഞ്ഞു ഹൃദയം വല്ലാതെ മിടിക്കുന്നത് അവനറിയാൻ കഴിഞ്ഞു.

"എന്താ.. എന്ത് പറ്റി "
കുഞ്ഞിനെ ഒന്ന് കൂടി പൊതിഞ്ഞു പിടിച്ചു ആ പുറത്ത് തട്ടി കൊണ്ട് ഹരി പാറുവിനെയും സീതയെയും മാറി മാറി നോക്കി.

രണ്ടാളും മിണ്ടുന്നില്ല.
പാറു കരച്ചിലാണ്.

സീത എങ്ങോട്ടോ തുറിച്ചു നോക്കിയിരിക്കുന്നു.

"വല്യേച്ചി... എന്താ ഉണ്ടായേ?"
അർജുൻ പാറുവിനെ പിടിച്ചു കുലുക്കി..

അവൾ പേടിയോടെ വീണ്ടും ചുവരിലേക്ക് പറ്റി ചേർന്നു..

"മര്യാദക്ക് വാ തുറന്നു പറയുന്നുണ്ടോ? "
അവളുടെ ആ അവസ്ഥ കണ്ടിട്ട് ഹൃദയം നൊന്ത് ഹരി അക്ഷമയോടെ ഉറക്കെ ചോദിച്ചു.
അവൻ ഒറ്റ കൈ കൊണ്ട് സീതയെ വലിച്ചു പൊക്കി തിണ്ണയിൽ ഇരുത്തി.

"എന്താ ഇവിടയുണ്ടായേ...?"
അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം.

സീത ഒന്നവനെ തുറിച്ചു നോക്കി.

"പറയെടി..?"
അവന്റെ ശബ്ദം ഉയരുന്നതിനനുസരിച്ചു ലല്ലു വിറച്ചു കൊണ്ടവന്റെ കഴുത്തിലേക്ക് ഇറുക്കി പിടിക്കുന്നുണ്ട്..

"ഗിരീഷ് വന്നിരുന്നു "

കല്ലിച്ച സീതയുടെ സ്വരം.

ഹരിയുടെ ഹൃദയം പിടഞ്ഞു.
അറിയാതെ അവന്റെ കണ്ണുകൾ പാർവതിയിൽ എത്തി.

"എന്തിന്?"
അർജുൻ താഴെ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു.

"അവന് അവന്റെ ഭാര്യയെയും കുഞ്ഞിനേയും വേണമെന്ന് "
ഹരിയെ നോക്കാതെ പരുക്കമായി സീത പറഞ്ഞു..

നെഞ്ച് കീറിയൊരു ഈർച്ച വാൾ കടന്ന് പോയത് പോലെ ഹരി ഒന്ന് പുളഞ്ഞു.

അവൻ പാർവതിയുടെ മുന്നിൽ പോയി നിന്നു.

ആ കരച്ചിൽ തോർന്നിട്ടില്ല..

"വാ.. എണീക്ക്.."
ഹരി അവൾക്ക് നേരെ കൈ നീട്ടി.

പാർവതി അവനെ നോക്കി അനങ്ങാതെ ഇരുന്നു.

"വാ.. പാറു "
ഹരി വീണ്ടും പറഞ്ഞു..

"അയാള്.. അയാള് എന്നേം മോളേം കൊന്ന് കളയും ഹരി... എനിക്ക്.. എനിക്ക് പേടിയാവുന്നു "

പാർവതി കരഞ്ഞു കൊണ്ട് പറഞ്ഞു.

ഹരി ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു..

പിന്നെ ഒരൊറ്റ വലിക്ക് പാറുവിനെ എഴുന്നേൽപ്പിച്ചു നെഞ്ചിൽ ചേർത്ത് പിടിച്ചു.

"ഹരി ജീവനോടെ ഈ ലോകത്ത് ഉണ്ടെങ്കിൽ..  ഹരിയുടെ പെണ്ണിനേം കുഞ്ഞിനേം ആരും ഒന്നും ചെയ്യില്ല.ആ പേടിയും നിനക്ക് വേണ്ട.."

അവന്റെ കൈകളും വാക്കുകളും മുറുകി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story