സ്വന്തം ❣️ ഭാഗം 7

swantham

രചന: ജിഫ്‌ന നിസാർ

ഹാളിൽ അക്ഷമരായിരിക്കുന്നവരെ, മുത്തശ്ശിയുടെ മുറിയിൽ നിന്നിറങ്ങി വന്നപ്പോൾതന്നെ കണ്ണൻ കണ്ടിരുന്നു.

ഒരു വിചാരണയ്ക്കുള്ള വകുപ്പുണ്ടാവും എന്നതാണ് ആ ഇരുത്തം കണ്ടപ്പോൾ അവന് മനസ്സിലായത്.

അതറിയാമായിരുന്നിട്ടും അവർക്ക് നേരെ നേർത്തൊരു പുഞ്ചിരി നീട്ടിയിട്ട് കണ്ണൻ പുറത്തേക്ക് നടന്നു.

"കിരണൊന്നു നിന്നേ അവിടെ"

മഹേഷിന്റെതാണ് ആജ്ഞ.

കണ്ണൻ അതേ ചിരിയോടെതന്നെ അവരെ തിരിഞ്ഞു നോക്കി.

ഒരുവിധപ്പെട്ട എല്ലാവർക്കും ഇപ്പോൾ ഇവിടെ വന്നിരിക്കാൻ സമയമുണ്ടോ എന്നാണ് അത്രയുമാളുകളെ ഒരുമിച്ച് കണ്ടപ്പോൾ കണ്ണന് തോന്നിയത്.

അവരുടെ ഭാഷയിൽതന്നെ പറയുമ്പോൾ നിന്നുതിരിയാൻ സമയമില്ലാത്ത വിധം തിരക്കുള്ളവരാണ്.

"അച്ഛനും ചെറിയച്ഛനുമൊന്നും ഇവിടെ കാറ്റ് കൊള്ളാൻ വന്നിരുന്നതല്ല"

മഹേഷിന്റെ ശബ്ദത്തിൽ ദേഷ്യമാണ്.

"അതിനാണെന്ന് ഞാനും പറഞ്ഞില്ലല്ലോ മഹീ"

ശാന്തമായിരുന്നു കണ്ണന്റെ വാക്കുകൾ.

"നിന്നോട് സംസാരിക്കാൻ വന്നിരുന്നതാണ് ഇവരെല്ലാം. എന്നിട്ടും നിനക്കെന്താ അവരോട് മിണ്ടാനൊരു മടി"

ജിതേഷ് കൂടി മഹിക്ക് പിന്തുണയുമായി വന്നു.

"എന്റെ വിശേഷമറിയാനും എന്നെ സ്നേഹിക്കാനും എന്തായാലും നിങ്ങളിത്ര പേര് നിരന്നിരിക്കില്ലെന്ന് എനിക്കുമറിയാം. പിന്നെ, എന്തെങ്കിലുമുണ്ടെങ്കിൽ അതിവര് പറയാതെ ഞാനെങ്ങനെ അറിയാനാണ് ജിത്തൂ. എന്നോട് സംസാരിക്കാനുണ്ടെങ്കിൽ അത് എന്നോടല്ലേ പറയേണ്ടത്"

കണ്ണൻ ചിരിച്ചുകൊണ്ടാണ് ചോദിക്കുന്നത്.

അതായിരുന്നു അവരുടെ ദേഷ്യവും. ഇത്രയൊക്കെ ദേഷ്യത്തോടെ പറഞ്ഞിട്ടും പരമാവധി അവഗണിച്ചിട്ടും അവന് ചിരിക്കാൻ കഴിയുന്നു. ശാന്തത വിടാതെ സംസാരിക്കാൻ കഴിയുന്നു. അതവന്റെ വിജയമാണല്ലോ.

"എന്താ നിന്റെ ഉദ്ദേശം?"

രവിവർമ്മയുടേതാണ് ചോദ്യം.

അവിടെയും അനന്തിരവനോടുള്ള സ്നേഹത്തിന്റെ ചെറിയൊരു കണിക പോലുമില്ല.

"എനിക്ക് ചോദ്യം മനസ്സിലായില്ല അമ്മാവാ" കണ്ണനും തിരിച്ചു ചോദിച്ചു.

"നീ എന്താ പൊട്ടനാണോടാ?" വീണ്ടും മഹിയുടെ പരിഹാസത്തോടെയുള്ള ചോദ്യം.

"എനിക്കാ ചോദ്യം മനസ്സിലായില്ല എന്നത് സത്യമാണ് മഹീ. പിന്നെ, അനാവശ്യമായി ദേഷ്യപെടുന്നവരും പകകൊണ്ട് നടക്കുന്നവരും കൂടി പൊട്ടന്മാരാണ്"

ഇപ്രാവശ്യം കണ്ണന്റെ മുഖം മാറിത്തുടങ്ങി. പതിവുചിരി മാഞ്ഞ്, പകരമവിടെ ഗൗരവമായി മാറി.

"ബാംഗ്ലൂരിൽ ഉണ്ടായിരുന്ന ജോലിയും രാജിവെച്ചിട്ട് ഇവിടെ വരാൻ മാത്രം എന്താണ് നിന്റെ ഉദ്ദേശമെന്നാണ് രവി ചോദിച്ചത്"

രവിമാമയുടെ ചോദ്യം പ്രതാപ് വർമ്മയെന്ന വല്യമ്മാമ ഏറ്റെടുത്ത് കഴിഞ്ഞെന്ന് കണ്ണന് മനസ്സിലായി.

അവൻ അവിടെ ചുറ്റുമൊന്ന് കണ്ണോടിച്ചു.

തറവാട്ടിലെ ഏറെക്കുറെ എല്ലാവരുമുണ്ട് ആ സഭയിൽ.

പ്രതാപ് വർമ്മ.. കണ്ണന്റെ വല്യമ്മാവൻ. അയാളുടെ ഭാര്യ സാവിത്രി. പിന്നെ ആദിയും സ്വാതിയും..

രവിവർമ്മ രണ്ടാമത്തെയാളാണ്. ഭാര്യ ഭാമ. അവരുടെ മക്കളാണ്  മഹേഷ്‌ വർമ്മ, സിദ്ധാർഥ് വർമ്മ, മാനസ 

അതിൽ മാനസ മാത്രമേ അവിടെയില്ലാത്തതൊള്ളൂ.

പിന്നെയുള്ളത് സുധീഷ് വർമ്മ. അയാളുടെ ഭാര്യ രാധിക. മക്കളാണ് ജിതേഷ്.. ഹർഷ.. വർഷ.

കൂട്ടത്തിൽ ജിതേഷിനെ മാറ്റിനിർത്തിയാൽ ഇത്തിരി മനസ്സാക്ഷിയുള്ളതും  കണ്ണനോട് അൽപ്പമെങ്കിലും സ്നേഹമുള്ളതും സുധീഷിന്റെ കുടുംബത്തിനാണ്.

"നിനക്കൊന്നും പറയാനില്ലേ?"

വീണ്ടും രവിമാമയുടെ കനപ്പിച്ച ചോദ്യം. കണ്ണൻ ചുവരിൽ ചാരി നിന്നു.

"പറയാനുണ്ട് നിങ്ങളോടെനിക്ക്.. ഒരുപാട് പറയാനുണ്ട്. പക്ഷേ എന്റെ പപ്പ പറഞ്ഞിട്ടുണ്ട് അർഹതയുള്ളത് തരാത്തവരോട് കെഞ്ചരുതെന്ന്"

കണ്ണൻ വീണ്ടും ചിരിച്ചു.

"ഇതാണോടോ ചെറിയച്ഛൻ ചോദിച്ചതിനുള്ള ഉത്തരം?" വീണ്ടും മഹേഷിന്റെ ദേഷ്യം.

"നീ ഒന്നടങ്ങി നിൽക്ക് മഹീ. കണ്ണൻ പറയും" ആദിയുടെ സ്വരമുയർന്നു.

അവന് മേൽ ദേഷ്യത്തിന്റെ കുറെയേറെ കണ്ണുകൾ ഒരുമിച്ച് പതിഞ്ഞു.

"എന്റെ ഉദ്ദേശം എന്താണെന്നതല്ലേ നിങ്ങളുടെ ചോദ്യം? ആദ്യം ഞാനതിനുള്ള ഉത്തരം തരാം" വീണ്ടും കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"യാതൊരു ഉദ്ദേശത്തോടെയുമല്ലായിരുന്നു ഞാൻ കഴിഞ്ഞത്തവണ ഇവിടെ വന്നിറങ്ങിയത്. ഒരുപാട് ഒറ്റപ്പെടൽ ഫീൽ ചെയ്ത ഏതോ ഒരു നിമിഷം, അമ്മയുടെ കുടുംബക്കാരെ തേടിയിറങ്ങിവന്ന എനിക്ക് നിങ്ങൾ രാജകീയ സ്വീകരണമായിരുന്നല്ലോ തന്നത്. ഓർമ്മയില്ലേയത്? നിങ്ങള് മറന്നാലും ഞാനത് മറക്കാൻ പാടില്ലല്ലോ"

അവന്റെ സ്വരത്തിൽ പരിഹാസമായിരുന്നു.

ചുറ്റുമുള്ളവരുടെ മുഖം ഒന്നുക്കൂടി വലിഞ്ഞു മുറുകി.

"അത് കഴിഞ്ഞു. ഇനിയെനിക്ക് പറയാനുള്ളത് ഈ വരവിനെ കുറിച്ചാണ്. ഈ തറവാട്ടിൽ എന്റെമ്മയ്ക്ക് കൂടി അവകാശമുണ്ടെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും എന്റെ പപ്പ ഒരിക്കലുമത് ചോദിച്ചു വന്നിട്ടില്ല. അമ്മയെ വിട്ടിട്ടുമില്ല. എന്നോട് അത് ചോദിച്ചു വാങ്ങണം എന്ന് പറഞ്ഞിട്ടുമില്ല"

കണ്ണന്റെ കണ്ണുകൾ ചുറ്റും ഒന്നുകൂടി ഓടിത്തീർത്തു.

കേൾക്കാൻ പേടിയുള്ളതെന്തോ കേൾക്കാനിരിക്കുന്നവരുടെ വിളറിയ മുഖം.
അവന് വീണ്ടും ചിരി വന്നു.

"പക്ഷേ ഇപ്പോൾ വന്നത് തീർച്ചയായും എന്റെ അമ്മയുടെ അവകാശം ചോദിച്ചു മേടിക്കാൻ തന്നെയാണ്. എനിക്ക് വേണ്ടതെല്ലാം എന്റെ പപ്പ ഒരുക്കിത്തന്നിട്ടുണ്ട്. പോരാത്തതിന് നല്ല അന്തസ്സുള്ളൊരു ജോലിയും എനിക്കുണ്ട്. ഞാനത് രാജി വെച്ചിട്ടാണ് വന്നതെന്ന് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്. പക്ഷേ, കിട്ടാനുള്ളത് വാങ്ങിച്ചിട്ടേ ഇനി ഒരു മടക്കമൊള്ളൂ. എനിക്ക് വേണ്ടിയിട്ടല്ല. എന്നാലും ഞാനത് പിടിച്ചു വാങ്ങും. അതിനുവേണ്ടി ഈ കിരൺ എന്തും ചെയ്യും"

കണ്ണന്റെ സ്വരം പതിവിലും കടുത്തു പോയിരുന്നു അത് പറഞ്ഞപ്പോൾ.

"നീയൊരു ചുക്കും ചെയ്യില്ല. വന്നത് പോലെത്തന്നെ നീ തിരിച്ചു പോകും. ഇല്ലെങ്കിൽ ഓടിക്കും നിന്നെ"

പ്രതാപ് വർമ്മയുടെ സ്വരം തീ പിടിച്ചത് പോലെയായിരുന്നു അത് പറയുമ്പോൾ.

"ഞാൻ ചോദിക്കുന്നത് നിങ്ങളുടെ ഔദാര്യമല്ലല്ലോ വല്ല്യമ്മാമേ. എന്റമ്മയുടെ അവകാശമാണ്. സ്വന്തം കൂടപ്പിറപ്പിന്റെ മകനെ...അതായത് ഈ എന്നെ, ആ സഹോദരിയും ഭർത്താവും ജീവനോടെയില്ലാഞ്ഞിട്ട് കൂടിയും ചേർത്ത് പിടിക്കാൻ മനസ്സ് കാണിക്കാത്ത നിങ്ങളൊന്നും ആ ഓഹരി അർഹിക്കുന്നില്ല. നിങ്ങൾക്കത് വിട്ട് നൽകിയാൽ എന്റമ്മയുടെ ആത്മാവ് പോലും എന്നോട് പൊറുക്കില്ല"

കണ്ണന്റെ മുഖവും ചുവന്ന് പോയിരുന്നു.

സങ്കടവും ദേഷ്യവും അവനെ ഒരുപോലെ പൊള്ളിച്ചു.

"നീ ആരെയാ വെല്ലുവിളിക്കുന്നത് എന്നറിയാവോടാ നിനക്ക്.. അഹങ്കാരി.."

വിശേഷണം നൽകിയത് സാവിത്രിയമ്മായിയാണ്.

"ശെരിക്കുമറിയാം അമ്മായി. ഈ വല്ല്യമ്മാമയും അമ്മായിയും കൂടെ ചേർന്നല്ലേ കഴിഞ്ഞ വരവിൽ എനിക്കാ സർപ്രൈസ് ഒരുക്കിയത്. അതിനുള്ള നന്ദിയായി കണ്ടാൽ മാത്രം മതി"

കണ്ണൻ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.

"നീ എങ്ങോട്ടാടാ ഈ തുള്ളിപ്പോണത്. നീ ഒറ്റയ്ക്കാണ്. അതോർമ്മ വേണം"

ജിതേഷിന്റെ ക്രൂരത നിറഞ്ഞ ചിരി.

കണ്ണനും ചിരിച്ചു.

"അവനൊറ്റക്കല്ല. ഞാനും ആദിയുമൊക്കെ കണ്ണനൊപ്പമാണ്. പിന്നെ മുത്തശ്ശിയും. അവന്റെ ഭാഗത്താണ് ന്യായം"

സിദ്ധു കണ്ണന്റെ അരികിൽ പോയി നിന്നിട്ട് പറഞ്ഞു.

"അത് നീ തീരുമാനിച്ചാൽ മതിയോടാ" ഭാമ സിദ്ധുവിന്റെ കയ്യിൽ നല്ലൊരു അടിക്കൊടുത്തു കൊണ്ട് കണ്ണുരുട്ടി.

"ഈ കാര്യം എനിക്ക് തീരുമാനിക്കാവുന്നതേ ഒള്ളൂ" സിദ്ധു നിസ്സാരമായി പറഞ്ഞു.

അവനെയും ആദിയെയും തുറിച്ചു നോക്കുന്ന കണ്ണുകളെ അവർ പുച്ഛത്തോടെ നേരിട്ടു.

"ഞാൻ പോവാൻ വന്നവനാണ് സിദ്ധു. എനിക്ക് വേണ്ടി നിങ്ങൾ തമ്മിൽ തല്ലി പിരിയരുത്. ചുറ്റുമുണ്ടാവുമ്പോൾ ഒരു വിലയുമുണ്ടാവില്ല ബന്ധങ്ങൾക്ക്. തിരിച്ചു കിട്ടാത്ത വിധം സ്വന്തമെന്ന് കരുതുന്നവർ നഷ്ടപെടണം സിദ്ധു.. അപ്പോഴറിയാം നമ്മൾക്ക് അവർ എത്രമാത്രം ആശ്വാസമായിരുന്നുവെന്ന്. അത് ശെരിക്കുമറിയാവുന്നത് കൊണ്ട് തന്നെ പറയുന്നു.. എനിക്ക് വേണ്ടി ദയവ് ചെയ്ത് നീ ഇവരോട് ഇടയാൻ നിൽക്കരുത്. പ്ലീസ്"

ആരും മിണ്ടുന്നില്ല. ചെയ്യുന്നതിലെ തെറ്റുകൾ അവർക്കെല്ലാമറിയാം. പക്ഷേ കിട്ടാനുള്ള ലക്ഷങ്ങളുടെ കണക്കെടുപ്പിൽ ആ നന്മയെ കുഴിച്ചു മൂടുകയാണ്.

"അപ്പൊ പറഞ്ഞു വന്നത്.. ഞാനെന്ത് ഉദ്ദേശം വെച്ചാണോ വന്നത് അത് നേടിയിട്ട് തന്നെയേ തിരിച്ചു പോകൂ. അപ്പൊ അതിനൊരു തീരുമാനമായില്ലേ. ഇനിയുമുണ്ടാവും നിറയെ ചോദ്യങ്ങൾ. തത്കാലം എനിക്ക് സമയമില്ല. ഞാനും നിങ്ങളും ഇവടെത്തന്നെയുണ്ടല്ലോ. അപ്പൊ വിചാരണ ഇനി വേറൊരു ദിവസത്തേക്കായി നീട്ടി വെച്ചതറിയിക്കുന്നു. എല്ലാവർക്കും പിരിഞ്ഞു പോകാം"

കണ്ണൻ അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.

പിറകിൽ നിന്നും കേൾക്കുന്ന മുറുമുറുപ്പുകൾ അവന്റെ ചുണ്ടിൽ ചിരിയാണ് നൽകിയത്.

"കണ്ണാ.... " പുറകിൽ നിന്നും വിളിച്ചുകൊണ്ട് ആദി ഓടി വന്നു.

"എന്താടാ" കണ്ണൻ അവനോട് ചോദിച്ചു.

"പുറത്ത് പോവുകയല്ലേ നീ?. ഇതാ എന്റെ വണ്ടിയെടുത്തോ"

ആദി കൈയ്യിലുള്ള കീ കണ്ണന് നേരെ നീട്ടി.

"വേണ്ടടാ. റോഡിലിറങ്ങിയാൽ ഓട്ടോ കിട്ടും. ഞാനൊരു വണ്ടി നോക്കാനാ പോവുന്നതും"

കണ്ണൻ ചിരിച്ചു കൊണ്ട് അത് നിരസിച്ചു.

"അവരുടെ കൂട്ടത്തിലേക്ക് നീ എന്നെയും സിദ്ധുവിനെയും കൂടി ചേർത്തെഴുതരുത്. അപേക്ഷയാണ്"

ആദി കണ്ണന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

"ഏയ്.. ഇതത് കൊണ്ടന്നുമല്ലടാ. പറഞ്ഞത് സത്യമാണ്. ഇനി അതും വിശ്വാസമില്ലെങ്കിൽ നീ കൂടെ വാ. ഞാൻ തനിച്ചു പോവണ്ടല്ലോ"

കണ്ണൻ ആദിയുടെ തോളിൽ തട്ടി.

"സിദ്ധു.. വാ "

ഒന്നാലോചിച്ചു പോലും നോക്കാതെ ആദി സിദ്ധുവിനെയും വിളിച്ചുകൊണ്ട് കണ്ണനൊപ്പമിറങ്ങി.

                       ❣️❣️❣️❣️

"അവന് കുറുമ്പ് പറയാനും കുസൃതി കാണിക്കാനുമൊന്നും ആരുമില്ലല്ലോ സീതേ"

വീണ്ടും മുത്തശ്ശി കണ്ണന് വേണ്ടിയാണ് വാദിക്കുന്നത്.

സീതയുടെ കണ്ണുകൾ കൂർത്തു.

"അവനാരുമില്ലെന്ന് കരുതി എന്റെ നെഞ്ചിലേക്കാണോ പാഞ്ഞു കയറേണ്ടത്"

സീതയുടെ ദേഷ്യം പോയിട്ടില്ല.

"അവനുള്ളിൽ വലിയൊരു മുറിവുണ്ട് മോളേ. അതിന്റെ നീറ്റൽ പുറമെ കാണിക്കാതെക്കൊണ്ട് നടക്കുകയാണ് എന്റെ കുട്ടി"

മുത്തശ്ശിക്ക് വീണ്ടും സങ്കടം. സീതയൊന്നും മിണ്ടിയില്ല.

ഒറ്റരാത്രികൊണ്ട് ഒറ്റക്കായിപ്പോയവനാണ്. ഈ കളിയും ചിരിയുമൊക്കെയുണ്ടന്നേ ഒള്ളൂ. ഉള്ളിൽ അവനൊരു സങ്കടം എപ്പോഴും മൂടി വെച്ചിട്ടുണ്ട്. നിനക്കറിയോ അത്?"

മുത്തശ്ശി വീണ്ടും സീതയെ നോക്കി.

ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റു വരുമ്പോൾ മുറ്റത്ത് മുഴുവനും വെറുപ്പ് നിറഞ്ഞ മുഖത്തോടെ നാട്ടുകാർ. അവരുടെ സംസാരത്തിൽ നിന്നാണ് അമ്മ ഒളിച്ചോടിപോയതാണ് എന്നറിഞ്ഞത്.

ഒറ്റ രാത്രികൊണ്ട് മുന്നിലെ ജീവിതം കറുത്ത് പോയവൾക്ക് ആ സങ്കടം മനസ്സിലാവുമായിരുന്നു.

അന്ന് വൈകുന്നേരം തിരിച്ചു പോകും വരെയും പിന്നെ അവനെ കണ്ടിട്ടില്ല.

                 ❣️❣️❣️❣️❣️

"ദേ ചിറ്റ വന്നു"

ഹരിയുടെ മടിയിലിരുന്നാണ് ലല്ലു കൈ ചൂണ്ടി കാണിക്കുന്നത്.അതുവരെയും ഉണ്ടായിരുന്ന മാനസിക സംഘർഷം തന്നിൽനിന്നും പതിയെ വിട്ട് മാറുന്നത് സീതയറിഞ്ഞു.

ചിരിച്ചുകൊണ്ടാണ് അവളും കയറിച്ചെന്നത്.

ഉമ്മറത്തെ വെറും നിലത്ത് ലല്ലുവിനെയും മടിയിൽ വച്ച് ഹരി ഇരിക്കുന്നു. കുറച്ചു മാറി ചുവരിൽ ചാരി പാർവതിയും.

"നീ എപ്പൊ വന്നു ഹരി?" സീത അവനെ നോക്കി ചോദിച്ചു.

"ഇത്തിരി നേരമായെടി. ഞങ്ങളോരോന്നും പറഞ്ഞിരുന്നു പോയി"

ഹരി പാർവ്വതിയെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.

"ഓ.. അതെനിക്ക് പറയാതെതന്നെ മനസ്സിലായി. രണ്ടാളും നല്ലോണം പഴയകാര്യങ്ങൾ അയവിറക്കിക്കാണുമെന്ന്" സീത പുച്ഛത്തോടെ പറഞ്ഞു.

പാർവ്വതി, കരഞ്ഞുചുവന്ന മുഖം ഒന്നുകൂടി അമർത്തിത്തുടച്ചു.

"അങ്ങനെ തുടച്ചുകളയാൻ പാകത്തിനുള്ള വേദനകളല്ല ചേച്ചീ നിനക്കാ വൃത്തികെട്ടവൻ തന്നിട്ടുള്ളത്. പിന്നെയും അതോർത്ത് കരയാൻ നിനക്ക് നാണമില്ലേടി"

അതുവരെയുമുണ്ടായിരുന്ന ചിരിയപ്പോൾ സീതയിൽ ഇല്ലായിരുന്നു.

"നീ നിന്റെ ഗീരീഷേട്ടനെ ചതിച്ച് പോന്നതായിരുന്നില്ല. അയാളുടെ കുഞ്ഞിന് ജന്മം കൊടുക്കാനായിരുന്നു. അത് പോലും മറന്ന് പോയൊരാൾക്ക് വേണ്ടി ഇനിയുമിങ്ങനെ കരഞ്ഞിരിക്ക് നീ. ദേ അത് കേട്ടിരിക്കാൻ ഇവനും. എന്നാണ് നിനക്കൊക്കെ ഇനിയൊന്ന് വെളിവ് വെക്കുന്നത്?"

സീത ഹരിയുടെ തോളിൽ ഒരടി കൊടുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

ഹരി തോളുഴിഞ്ഞുകൊണ്ട് പാർവ്വതിയെ നോക്കി.

"ആ ദേഷ്യം കാര്യമാക്കേണ്ട. അത് നമ്മളോടല്ല"

അവൻ ചിരിച്ചു കണ്ണടച്ച് കാണിച്ചു.

"എനിക്കറിയാം ഹരി. അവളും കുറേ സഹിക്കുന്നുണ്ട്. ആരുമറിയാതെ എല്ലാം ചങ്കിൽകൊണ്ട് നടക്കാനേ അവൾക്കറിയൂ. പണ്ട് മുതലേ അവളങ്ങനെയാണ്"

പാർവ്വതിയുടെ വാക്കിൽ അനിയത്തിയോടുള്ള സ്നേഹമായിരുന്നു നിറഞ്ഞ് നിന്നത്.

"ഞാനവൾക്ക് ചായ കൊടുക്കട്ടെ" പാർവ്വതി അത് പറഞ്ഞിട്ട് വേഗം അകത്തേക്ക് പോയി.

മടിയിലിരുന്നിട്ട് അവന്റെ ഫോണിൽ നോക്കുന്ന ലല്ലുവിനെ നോക്കിയിരുന്നു ഹരി.
അവൾ ഫോണിൽ ലയിച്ചിരിപ്പാണ്.

"നീ അകത്തേക്ക് കയറിയിരിക്ക് ഹരീ"

കൈയ്യിലൊരു ഗ്ലാസ്‌ ചായയുമായി വന്ന് സീത പറഞ്ഞത് കേട്ട് അവൻ തല ചരിച്ചുനോക്കി.

"അതിന്റെയാവിശ്യമില്ല. ഞാൻ ഇവിടിരിക്കാടി"

ഹരി പറഞ്ഞപ്പോൾ സീതയും അവനരികിൽ പോയിരുന്നു.

"നിനക്കിനി ചായ വേണോ ടാ? നീ കുടിച്ചെന്ന് ചേച്ചി പറഞ്ഞു" സീത ചോദിച്ചു.

ഹരി വേണ്ടന്ന് തലയാട്ടി കാണിച്ചുകൊണ്ട് അവളെത്തന്നെ സൂക്ഷിച്ചു നോക്കി.

"എന്താടാ?" ഹരിയുടെ നോട്ടം കണ്ടിട്ട് സീത ചോദിച്ചു.

"നിന്റെ കലിപ്പൊക്കെ പോയോ? ഇന്നവിടെ ആരെക്കടിച്ചു പറിച്ചുള്ള വരവാണ് നീ?"

ഹരി ചിരിച്ചുകൊണ്ട് ചോദിക്കുമ്പോൾ സീതയുടെ മുഖത്തും ചെറിയൊരു ചിരിയുണ്ടായി.

"നീ എന്തിനാടി എപ്പോഴുമിങ്ങനെ ദേഷ്യം കാണിച്ചു നടക്കുന്നത്? നിനക്ക് ചിരിക്കാനറിയില്ലേ. ഇങ്ങനെ ബലം പിടിച്ചുനടന്നാൽ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നുള്ള വല്ല തോന്നലുമുണ്ടോ നിനക്കിനി"

ഹരി, ലല്ലു മോളെ ഒന്നുയർത്തി നേരെ ഇരുത്തിക്കൊണ്ട് സീതയെ നോക്കി.

"ഈ ജന്മം എന്റെ പ്രശ്നങ്ങളൊന്നും തീരില്ലെന്നറിയാം ഹരി. പിന്നെ ബലം പിടിച്ചു നടക്കുന്നത് മറ്റൊന്നും കൊണ്ടല്ല. എനിക്ക് തന്നെ ഒരുറപ്പ് കിട്ടാനാ. സെന്റിയായ സീതാലക്ഷ്മി ഭയങ്കര ബോറാണ് ചെങ്ങായി"

സീത ഹരിയെ നോക്കി പറഞ്ഞു.

"പോടീ അവിടുന്ന്. അവളുടെയൊരു കണ്ടു പിടുത്തം. അല്ലെങ്കിലും നീ മാറാനൊന്നും പോവണ്ടടി. നിനക്കീ കൂതറ സ്വഭാവം തന്നെയാണ് ചേരുന്നത്"

ഹരി അവളുടെ തലയിലൊന്ന് തട്ടിക്കൊണ്ട് പറഞ്ഞു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story